02-11-19

***************
 
ചവിട്ടിയരയ്ക്കപ്പെട്ടവർ..
നസീറ നൗഷാദ്

ചീന്തിയെറിഞ്ഞ
കുഞ്ഞുടുപ്പുകൾ
തച്ചുടച്ച കളിപ്പാട്ടം കണക്കേ
നിശ്ചലമായ കുഞ്ഞുമേനിയെ
നോക്കി വിതുമ്പി...
കുഞ്ഞു കൈയ്യിൽ
നിന്ന് താഴെ വീണ
മിഠായി മധുരം
നുണയാൻ
മത്സരിക്കുന്ന
ഉറുമ്പിൻ കൂട്ടം...
മുറ്റത്തെ മരത്തിൽ
ആട്ടം നിലച്ച
 കളിയൂഞ്ഞാൽ കണക്കേ തൂങ്ങിക്കിടക്കുന്ന
പൈതങ്ങളെ നോക്കി
അവസാന ശ്വാസവുമൂറ്റിയെടുത്ത സംതൃപ്തിയാൽ കിരാതന്മാർ...
രക്തക്കറ പുരണ്ട കൈയാലെ അവർ
നീതി ദേവതയുടെ തുലാസിൽ കയറിയിരുന്ന് വിജയഭേരി മുഴക്കി...
നീതിയുടെ കാവൽ
മാലാഖമാർ 
നീതിയെ കശാപ്പ് ചെയ്യാൻ നാവെന്ന കത്തിയെ നുണയുടെ
അരം കൊണ്ട് രാകി മൂർച്ച കൂട്ടുന്നു...
പകൽ മാന്യന്മാരെ സൽക്കരിക്കാൻ
നീതിയെ
അറുത്തൊരു സദ്യ...
സദ്യയുണ്ട് കൊഴുത്തവർക്ക് വേണ്ടി ഓശാന പാടുന്നവരുടെ ഒച്ചയിൽ ഒരു കുഞ്ഞു നിലവിളി മുങ്ങിത്താഴ്ന്നുവോ...
പിച്ചിച്ചീന്തിയ നിഷ്‌കളങ്കതയെ നോക്കി ആകാശം കണ്ണീർ വാർത്തു...
എന്റെ കണ്ണുനീർ കൊണ്ട് കുഞ്ഞേ നിൻ കളങ്കം കഴുകട്ടെ ഞാൻ...
ആകാശമാണ് ഞാൻ
നിനക്ക് മുന്നേ പീഡനത്തിന്റെ ചാട്ടവാറടിയേറ്റവൾ...
ഓസോൺ എന്ന
എന്റെ കന്യാചർമ്മം ഛേദിക്കപ്പെട്ടവൾ.
വെളുത്തമാലാഖയാ-
മെന്റെ ശുഭ്ര വസ്ത്രം കീറിയെറിഞ്ഞു എന്നിലേറ്റ നഖക്ഷതങ്ങളാൽ ചുട്ടുപൊള്ളിയവൾ...
അപമാനത്തിന്റെ കാർമേഘകരിമ്പടം പുതയ്ക്കേണ്ടി
വന്നവൾ...
***************
 
ഭൂപടത്തിലില്ലാത്തവ
സ്വപ്നാ റാണി.എം

കടലുകൾ
അതിരിടുന്ന രാജ്യത്തിന്
പർവ്വതങ്ങളുടെ
ഔന്നത്യത്തെക്കുറിച്ച്
ഒരുപാട് പറയാനുണ്ട്.
ഭാഷയുടെ താളം തെറ്റിയ
വായനകളിൽ
ഒരിക്കലുമത്
ഒതുക്കിയെടുക്കാനാവില്ല.
തിരമാലകളുടെ
ചുംബനമേറ്റ് കിടക്കുന്ന
മണൽത്തരികൾ
ഉന്നതശൃംഗങ്ങളിൽ
പതിക്കാതെ പോയ
കാൽപ്പാദങ്ങളുടെ
സ്പർശ സുഖത്തിൽ
ഇക്കിളിപ്പെടുന്നുണ്ടാവാം.
ഭൂപടത്തിൽ അടയാളപ്പെടുത്താത്ത
ജനതയുടെ
ജീവിതപാഠങ്ങളിൽ
കടലിരമ്പങ്ങളുടെ
അഗാധതയോ
ഗിരിശിഖരങ്ങളുടെ
ഉത്തുംഗതയോ
കടന്നു വരികയില്ലെന്ന്
എപ്പോഴാണ്
 നാം തിരിച്ചറിയുക ?
വിശപ്പിന്റെ  മതമല്ലാതെ,
വേദനയുടെ ജാതിയല്ലാതെ,
അസ്വതന്ത്രയുടെ വർണ്ണമല്ലാതെ,
അവരുടെ
കൊടും കാടുകളെ
നിബിഢമാക്കാൻ
മറ്റൊരു മരവും വളരുന്നില്ലെന്ന്
ഏതു ഭാഷയിലാണ്
ഇനി പറയേണ്ടത് ?

***************
 
പിറവി..
ലാലൂർ വിനോദ്

പിറവി നേരുന്നില്ല ഞാൻ
പിച്ചിചിന്തിയ നിൻ...
ഉടലുകാണുന്ന മാത്രയിൽ
ആശംസയേകില്ല ഞാൻ
നിന്നുടയാട കിറിപ്പറിഞ്ഞൊരാ 
മേനിതൻ വ്രണം കാൺകെ ..
കടലുകോരി കുടിപ്പിച്ച
കരയുടെ ദാഹംകാൺകെ
സ്വാർത്ഥമാം മഴുവെറിഞ്ഞു
ഞാൻ തീർക്കട്ടെ ഇനി
യൊരു  നവകേരളം...
അധികമാവില്ലയെത്ര
നീകരഞ്ഞാലുമിന്നു നിൻ
മുറിവിലിന്നിറ്റുവീഴും.
രുധിരബിന്ദുക്കൾ കാണവേ ..
എഴുതണം പിടയും പ്രാണൻെറ ..
നോവ്ചാലിച്ചൊരു വാറോല
സമർപ്പിക്കണം നീതിക്കായ്.
കേൾക്കയാണിന്നൊരശരിരി
ദുർബലം ലോലപ്രദേശം..
കാക്കണം അതിരുനാലും
വരും തലമുറയ്ക്കായ്..
ചുറ്റിലും നടുക്കുന്ന ശിലാ
വിസ്ഫോടനങ്ങളിൽ മെല്ലെ.
അലിഞ്ഞുപോയതിൻ മാറ്റൊലി.
ഭൃഗുരാമ പാണികൾ തേടുന്നു..
വീണ്ടുമീ നവയുഗപ്രളയത്തിൽ..
അമ്മേ നിന്നുടെ കരംപിടിച്ചു
പ്രാണൻ തിരിച്ചെടുക്കാൻ  
അതിനായി കുറിക്കുന്നു.
ഞാൻ വീണ്ടുമൊരുവാക്യം
കേരള പിറവി..ആശംസകൾ..
***************
 
സുരക്ഷിതർ
യൂസഫ് നടുവണ്ണൂർ

കാറ്റേറ്റുടയുന്ന
മയിൽപ്പീലികളെക്കുറിച്ച് പറയാൻ
ഒരിടം തേടി നടക്കുമ്പോൾ
വാക്കിൻ മുന തട്ടി
പീലിക്കണ്ണിൽ ചോര പൊടിയുന്നു.
പറന്നു ഞാനൊരു
കരിയിലയാവാതിരിക്കാൻ
സ്വയം കെട്ടിയിടുമ്പോൾ
ആർത്തലച്ചൊരു തിരയെന്നെ
സമുദ്ര സഞ്ചാരം ചെയ്യിക്കുന്നു.
എക്കാലത്തേക്കുമായി
ഒളിപ്പിക്കാനാവാത്തൊരു
കടൽ
എന്റെ നേരമ്പോക്കുകളിൽ പോലും
ആർത്തിരമ്പുന്നില്ല.
നിസ്സഹായതയ്ക്ക്
ഇക്കാലത്ത്
എത്ര പര്യായപദങ്ങളാണ്!
നീന്തലറിയാത്തവൻ
ആഴങ്ങളെ
പ്രണയിക്കുന്നതു പോലെ
ഞാനതിന്റെ
എതിർ പദം തേടുന്നില്ല!
എന്റെ അന്വേഷണങ്ങൾ
ഉച്ചയുറക്കത്തിലെ കയ്യനക്കങ്ങളായ്
നിങ്ങൾക്ക് തോന്നുന്നത്
അപ്പൂപ്പൻ താടികളുടെ
ഭാരത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്
അവയ്ക്ക് പാറാൻ
കാറ്റ് പോലും വേണമെന്നില്ല!
എന്നിലേക്കു മാത്രം നടന്ന്
ഞാൻ തീർത്ത വഴികളുടെ
പെരുക്കങ്ങളിലിപ്പോൾ
തീപ്പെട്ടിക്കൂടിൽ ഞാൻ സൂക്ഷിച്ച
 മിന്നാമിനുങ്ങുകൾ കൺ തുറക്കുന്നുണ്ട്.
നോക്കൂ
പരസ്പരം കാണാനാവാത്തയിരുട്ടിൽ
ഈ കരിമ്പടത്തിനുള്ളിൽ
ഞാനും എന്റെ മിന്നാമിന്നികളും
സുരക്ഷിതരല്ലേ?
***************
 
പാവമാണ് പെണ്ണ്..
സക്കീന ഫൈസൽ

ആണുങ്ങൾ
ആർത്തവത്തെക്കുറിച്ച്
പറയുന്നതു പോലും
അസഹിഷ്ണുതയായിരുന്നു എനിക്ക്‌..
ആ അവസ്ഥയുടെ
ഏഴയലത്തുപോലും
അവരുടെ സാന്ത്വനമോ
സഹതാപമോ സംരക്ഷയോ
എത്തുകയില്ലെന്നതിനാൽ.
നിങ്ങൾ ആർത്തവത്തെക്കുറിച്ചു
പറയാൻ യോഗ്യരല്ലെന്നതിനാൽ..
അറിയാമോ,
അടിവയറ്റിൽനിന്നും
പുകഞ്ഞുയർന്ന്
വയറാകെ കശക്കിയെറിഞ്ഞ്
നാഭിഭിത്തികളിൽ കൊടുങ്കാറ്റായി
സംഹാരതാണ്ഡവമാടുന്നൊരു വേദനയുണ്ട്
ഞങ്ങൾ പെണ്ണുങ്ങൾക്ക്..
മാസാമാസവും..
ഉള്ളിലുള്ളത് മുഴുവൻ പുറത്തേക്കു മറിക്കാൻ പാകത്തിൽ
തേട്ടിതേട്ടി വരുന്നൊരു ഓക്കാനവും കടുത്ത തലവേദനയും അകമ്പടിക്ക്.
ആർത്തുവരുന്ന  കരച്ചിൽച്ചീളുകൾ
പുറത്തേക്കു തെറിക്കാതിരിക്കാൻ
ഉടുത്തിരുന്ന പാവാടത്തുമ്പ്‌
വായിൽ കുത്തിത്തിരുകി
ഇരുകൈ കൊണ്ടും
അടിവയർ അമർത്തിപ്പൊത്തി
പിന്നാമ്പുറത്തെ കക്കൂസ് സ്ളാബിൽ
ട പോലെ ചുരുണ്ടുകൂടി
ഒച്ചയില്ലാതെ വാവിട്ടുകരയുന്ന, 
പേടിച്ചരണ്ട പതിനഞ്ചുകാരിയാണ്
എന്റെ ആദ്യആർത്തവം.
തിളച്ചവെള്ളം നിറച്ചടച്ച കുപ്പി കുപ്പായത്തിനുള്ളിലൂടെ കടത്തി
പാവാടച്ചരടുകൊണ്ട് ചേർത്തുകെട്ടി
കമഴന്നമർന്നു കിടന്ന്
ഒടുവിലെപ്പഴോ തളർന്നുറങ്ങിപ്പോവുന്ന
പകലുകളും പാതിരകളും
മുറതെറ്റാതെ വന്നു,
ദിവസമടുക്കുന്തോറും
ആധിയും പേടിയുമായി.  
പാവാടയിൽ പറ്റിയ
കഴുകിയാൽ പോവാത്ത ചോരക്കറ
ആരും കാണാതൊളിപ്പിക്കാൻ,
വേദനാധിക്യത്താൽ
വിവർണമായ മുഖവും
മയക്കം ബാധിച്ച കണ്ണുകളും
ആരെടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ...
കുന്തിച്ചിരുന്ന് വെണ്ണീറിട്ട് കരിക്കലങ്ങൾ
തേച്ചുമിനുക്കുമ്പോൾ, 
ഇരുകാലുകളും മുട്ടിനുകീഴേ
പാഞ്ഞുവരുന്നൊരു കൊളുത്തിപ്പിടുത്തമുണ്ടല്ലോ...!!
ഒരൊറ്റ ഓർമയിൽ 'റബ്ബേ!!' എന്ന്  പുളഞ്ഞുപോവുകയാണ് ഇപ്പോഴും..
വയസ്സ് 44 കഴിഞ്ഞു.
പത്തുകൊല്ലം മുൻപേ
അതുമെത്തി..
ആർത്തവ വിരാമം.
ഏർളി മെനോപസ് എന്ന ഓമനപ്പേരിൽ..
ആത്മഹത്യയ്‌ക്കും
ഉന്മാദത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ
ജീവിതത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ വർഷങ്ങൾ എടുത്തു...
തുറന്നെഴുത്താണിത്.
കൂട്ടത്തിലെ ആണുങ്ങൾക്കുവേണ്ടി..
ചർമം വരണ്ടുണങ്ങി.. പെട്ടെന്ന് മുടിയിഴകളിൽ നരയോടി..
കൺതടം കുഴിഞ്ഞു..
കടുത്ത വരൾച്ചമാത്രമായി
ശരീരത്തിന്റെ പൊതുവികാരം.
തൈറോയിഡ് സ്രവങ്ങളുടെ അനിയന്ത്രിതഉദ്പാദനം
മേലാകെ ചുട്ടുപൊള്ളുന്ന മരുഭൂമിയാക്കി.
രാത്രി വൈകി വീട്ടിൽ ആളനക്കം ഒടുങ്ങുമ്പോൾ
ഫ്രിഡ്ജിൽ തല പൂഴ്ത്തി
ഉറക്കെയുറക്കെ ആർത്തലച്ചു..
ഒരുചീള് പോലും പുറത്തറിയാതെ..
അന്നുവരെ കൂടെക്കിടന്ന
ആണിനോടായിരുന്നു ഏറ്റവും വെറുപ്പ്..
ആ മണം പോലും
ഓക്കാനമുണ്ടാക്കി.. വെളിച്ചത്തെ ഭയന്നു..
പകലുകളിൽ
കട്ടിലിനടിയിലെ
നേർത്ത മാറാലമണത്തിൽ
മുഖം പൂഴ്ത്തി ഒരളവോളം ആശ്വാസം കണ്ടെത്തി..
വിശ്വസിക്കുമോ,
ഓടിച്ചിരുന്ന സ്‌കൂട്ടി
പാലത്തിന്റെ കൈവരികളിൽ ഇടിച്ചുകയറ്റിയിട്ടുണ്ട് രണ്ടുതവണ.
കൂർത്ത വെള്ളാരംകല്ല്
കൈത്തണ്ടയിൽ പോറി
ഒഴുകിയിറങ്ങുന്ന
ഇളംനിറമുള്ള ചോരയിൽ
ആനന്ദിച്ചിട്ടുണ്ട്.
മരിക്കാനായിരുന്നില്ല.
ജീവിതം മടുത്തിട്ടുമായിരുന്നില്ല.
ചുറ്റും സ്നേഹവും കരുതലും കുറെയെങ്കിലും
കിട്ടിയിട്ടും
ഈ ഭ്രാന്താവേശത്തിൽ
പുകഞ്ഞിരുന്നെങ്കിൽ,
ഇവിടെയുള്ള ആണുങ്ങൾ  ആലോചിക്കൂ
ഒപ്പമുള്ള സ്ത്രീകളെക്കുറിച്ച്..
കൂടെയുള്ളവൻ ക്ഷമാശാലിയാണ്.
വർഷങ്ങളോളം കാമം അടക്കി കാത്തവനാണ്.
എന്നിട്ടും മാസങ്ങൾ കൂടുമ്പോൾ 
കടുത്ത ഇന്ദ്രിയവരൾച്ചയിലും, 
ഇരുട്ടിൽ അവനറിയാതെ  പുതപ്പ് വായിൽ കുത്തിത്തിരുകി
മലർന്നുകിടന്ന്
തുടയിടുക്കിലെയും മുലക്കണ്ണുകളിലെയും
അസഹ്യമായ വേദനയിൽ
ഞെരിഞ്ഞമരുന്ന പെണ്ണ്
ഒരുപക്ഷേ,
നിങ്ങളുടെ കൂടെക്കിടക്കുന്നവളുമാവാം !
ഒരുമണി വറ്റ് ഇറങ്ങാത്ത
വിശപ്പില്ലായ്മയിലും
'വാരിവലിച്ചു തിന്നിട്ടല്ലേ,
ഭക്ഷണം നിയന്ത്രിക്ക്,
മേലനങ്ങി പണിചെയ്യ്.. തടി കുറഞ്ഞോളും' ന്ന് ഉപദേശം കേൾക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങൾ?
ഒരുപക്ഷേ, വൈറ്റമിൻ ഡിയുടെയും
വേദനസഹനക്ഷമതയുടെയും
അപര്യാപ്തതയാവും
അവൾക്കും കാര്യങ്ങൾ ഇത്ര ഭ്രാന്തമാക്കിയത്..
കുറച്ചുകൂടി കരുതൽ കാണിക്കുക !
വീട്ടിലെ സ്ത്രീകളോട്..
ഇഷ്ടമുള്ള സൗഹൃദങ്ങൾ അനുവദിച്ചു കൊടുത്തേക്കുക.
നിങ്ങളെ സ്നേഹമില്ലാഞ്ഞിട്ടല്ല അത്. മനസ്സ് കൈവിട്ടുപോകുമെന്ന്
അത്രയേറെ ഭയന്നിട്ടാണ്.
പാവമാണ് പെണ്ണ് !
***************
 
നിയോഗങ്ങൾ ....
ബീനാ കുമാരി

നീ രാമനാകുന്നു...!
മഹായുദ്ധത്തിൽ തലകളോരോന്ന് അറുത്തെടുത്ത് നീ മുന്നേറി...
പക്ഷേ....
 അറുത്ത തലകളോരോന്നും
വർദ്ധിത വീര്യത്തോടെ
പുനർജനിപ്പിച്ച
രാവണന്റെ കൗശലത്തിനു മുമ്പിൽ ...
നീ അസ്ത പ്രജ്ഞനായി ''.!
 എന്തു ചെയ്യേണ്ടു .. .!
 എന്ന നിസ്സഹായതയിൽ
 ലോകം കീഴ്മേൽ മറിഞ്ഞു ...
ശരീരം തളർന്നു.'' '
 പെട്ടെന്നതാ... ഒരു നിയോഗം പോലെ
 ഒരു ചാപം ...!
ചാപമേന്തിയ രാമൻ ....
 ആ തേജസ് ഒന്നു കാണേണ്ടതായിരുന്നു..!
ശരീരത്തിലും മനസിലും
ഒരേ പോലെ പാഞ്ഞു പോയ
ആ മിന്നൽ പിണരിന്റെ ഉറവിടം
അവൻ കണ്ടെത്തി.....
കാലങ്ങളായി ശിലാ രൂപം പ്രാപിച്ച്
ആ പാദസ്പർശം കൊണ്ട്
മോക്ഷം ലഭിച്ച ഒരു
ഭാവഗാനമായിരുന്നു അത്...!
 കരുണയുടെ അലകൾ
 അതിൽ മാറ്റൊലി ക്കൊണ്ടിരുന്നു:
ദ്രവിച്ചു തീരാറായ ആ വടവൃക്ഷത്തെ
അവൾ അരുമയോടെ
കൈക്കുമ്പിളിൽ കോരിയെടുത്തു ....
 മുറിവുകളിൽ തൈലം പുരട്ടി ....

ജീവിതത്തിന്റെ മുള്ളുകളിൽ
 പതറാതെ നടക്കുന്ന
 അവനെ അവൾ കിനാവു കണ്ടു....!
സ്വപ്നങ്ങളിൽ പോലും
കണ്ടു കിട്ടാതിരുന്ന പുനർജനിയുടെ നിമിഷങ്ങളായിരുന്നു അവനത് ...!
അവൾക്കോ ....
എന്നോ കടം കൊണ്ട
ഒരു നിയോഗത്തിന്റെ ആശ്വാസവും.''

***************
 
മച്ചി
റബീഹ ഷബീർ

പൈതലേ.....
നിന്നെ വാരിപ്പുണരുവാൻ,
മാറോടണയ്ക്കുവാൻ,
ചുംബനം കൊണ്ട്
പുതപ്പുനെയ്യുവാൻ,
താരാട്ടു കൊണ്ടൊരു
തൊട്ടിൽ പണിയുവാൻ
നെഞ്ചിലെ ചൂടിലൊ-
രമ്മയെ തേടുവാൻ,
നിന്നെ ചുമന്നുള്ളൊരാ-
കാലമറിയുവാൻ,
പേറ്റു നോവിൽ നിൻ
മുഖം തിരയുവാൻ,
അമ്മയെന്ന കൊഞ്ചലിൽ
അമൃതൂട്ടുവാൻ,
വഴിപാടു നേർന്നുള്ളൊരീ-
കാത്തിരിപ്പിൽ
അടക്കം പറഞ്ഞു
അവരെന്നെ
'മച്ചി'യെന്ന്!!!
***************
 
നിസ്സാരൻ
വിനോദ്.കെ.ടി
അമ്മക്കയ്യിൽ നിന്നും തെറിച്ച്
അമ്മിക്കല്ലരികെക്കിടന്ന
ചെറുപയർ ഭ്രൂണം
തോടു കീറി
പുത്തൻ വിപ്ലവാവേശത്താൽ
ഇങ്ക്വിലാബ് മുഴക്കി
കൈകളുയർത്തി.
അവസാനത്തെ
വിത്തെടുത്ത് കുത്തി
ഓപ്പോളുണ്ടാക്കിയ
തൂവെളളച്ചോറിന്
നിറം പകരാൻ
രക്തവും മാംസവും നൽകിയ
പുളിങ്കുരുവും
അടുക്കളപ്പുറത്ത്
ഇളം നാമ്പു നീട്ടി ...
ഇന്നലേക്ക്
പതിനഞ്ചു നാൾ മുമ്പ്
നല്ല രീതിയിൽ
അടക്കം ചെയ്ത
മുത്തശ്ശൻ മാത്രം എന്തേ
മുളച്ചു വന്നില്ല.....!!!

***************
 
മാവോയിസ്റ്റ് മജീദ്
ഷൗക്കത്ത് മെയ്തീൻ                 
''സന്ധ്യാ വാർത്ത കണ്ടു കൊണ്ടിരുന്ന  പാത്തുമ്മ , ടെലിവിഷനിലെ  ബ്രേക്കിങ്ങ്  ന്യൂസും,  ഫോട്ടോയും കണ്ട് ഞെട്ടിത്തരിച്ചു പോയി ....
''പടച്ചോനെ   കുട്ടികളുടെ ബാപ്പാനെയല്ലേ  പോലീസ്  അറസ്റ്റ് ചെയ്തോണ്ടു  പോകുന്നത് ...ഹെന്റെ റബ്ബേ ...ബദ് രീങ്ങളേ,
പാത്തുമ്മ  കരഞ്ഞു കൊണ്ട് ചാടി എണീറ്റു... ശരീരം കിടു കിടാ വിറയ്ക്കുന്നുണ്ട് ...
''മാവോയിസ്റ്റ്  മജീദ് അറസ്റ്റിൽ,..''
''തന്റെ കെട്ട്യോന്റെ പേരിനു മുമ്പ് എഴുതി കാണിച്ച ആ വാചകം പെട്ടന്ന് പിടി കിട്ടിയില്ല പാത്തുമ്മാക്ക് ...''
''പാത്തുമ്മ  വെപ്രാളപ്പെട്ട് ഉമ്മറത്തേക്ക് വന്നപ്പോൾ അയൽ വാസികളെല്ലാം ദാ മുറ്റത്ത്,..''
''ഒരു കുറ്റവാളിയെ പോലെ അവരെല്ലാം പാത്തുമ്മാനെ നോക്കി ...
അയൽപക്കത്ത് കളിച്ചു കൊണ്ടിരുന്ന
പാത്തുമ്മാന്റെ മക്കളായ ജമാലും,  ബീവിയും ,  വീട്ടിലേക്ക് ഓടി വന്നു,...
''പാത്തു ..എടി പാത്തു .... അന്റെ കെട്ട്യോൻ  '' മാവോയിസ്റ്റാ '' യിരുന്നു അല്ലേ ...''  അയൽ വാസി  പണിക്കര് സാറിന്റെ ചോദ്യം,...
''പാത്തു കരഞ്ഞു കൊണ്ട് ചോദിച്ചു,
''ആ പറഞ്ഞതെന്താണ് പണിക്കര് സാറെ..?
''അത് പോലീസ് പറഞ്ഞു തരും,...''  ഗൾഫുകാരൻ ഉസ്മാന്റെ  മറുപടി  കേട്ട് പാത്തുവും, മക്കളും നടുങ്ങി,...
''പെട്ടന്ന് ഒരു പോലീസ് ജീപ്പ്  വീടിന്റെ മുറ്റത്തേക്ക് ചീറിപ്പാഞ്ഞു വന്നു നിന്നു,..
''ആളുകൾ ചുറ്റും കൂടി,
പോലീസ് ചാടി ഇറങ്ങി,
പാത്തുമ്മായും മക്കളും പേടിച്ച് കരഞ്ഞു,..
'' വിലങ്ങ് വച്ച്  മജീദിനെ  കണ്ടപ്പോൾ പാത്തുമ്മായും, മക്കളും ഞെട്ടി ...
''നാട്ടുകാർ കൂകീ ...
';മാറി നില്ക്കെടാ ... പോലീസ് അലറി,
വീണ്ടും വാഹനങ്ങൾ ഇരമ്പി പാഞ്ഞ് വന്നു,  അത് ചാനലുകാരായിരുന്നു, ...
''കൂലിപ്പണിക്കാരൻ മജീദ് എങ്ങനെ മാവോയിസ്റ്റായി .,?  കഥകൾ  പലതും  പരന്നു,...
കേരളാ പോലീസിന്റെ  തൊപ്പിയിൽ ഇതാ ഒരു പൊൻ തൂവൽ കൂടി,...
കാമറമാരും,, അവതാരകരും  കഥയില്ലാ കഥകളുടെ കാഴ്ചക്കപ്പുറത്തേക്ക്   കാമറ തിരിക്കാൻ തുടങ്ങി,..
പോലീസുകാർ  ഗമയോടെ  കാമറയുടെ മുന്നിൽ  നിന്നു,...
  പോലീസ് ജീപ്പിനടുത്ത് നിന്ന എസ് ഐ ,  പാത്തുമ്മായോട് പറഞ്ഞു,..
';തെളിവെടുപ്പിന് കൊണ്ടു വന്നതാണ് .. വീട് പരിശോധിക്കണം,.. നിങ്ങളെ ചോദ്യം ചെയ്യണം,...
''സാറെ  എന്താണ് കാര്യം, ? മജീദിക്കാ എന്ത് തെറ്റാണ് ചെയ്തത്,.,?
''പറയാം,.. ടൗണിലെ സൂപ്പർ മാർക്കറ്റിൽ വച്ച്  ഇയാൾ മാവോയിസ്റ്റിന് ഫോൺ ചെയ്തത് അവിടുത്തെ ജീവനക്കാരി കേട്ടു,..അവരുടനെ പോലീസിൽ വിവരമറിയിച്ചു,...ഞങ്ങൾ കൈയ്യോടെ പൊക്കി ... !! ഇയാൾ വിളിച്ച നമ്പർ ഭാര്യയുടേതാണെന്നു തെളിഞ്ഞു,...നിങ്ങളെ ചോദ്യം ചെയ്യണം,..! ഈ ഗ്യാങ്ങിൽ നിങ്ങളെത്ര പേരുണ്ട്,..?
''പാത്തുമ്മാക്ക് കാര്യം പിടി കിട്ടി,
''എന്റെ സാറെ   ,സൂപ്പർ മാർക്കറ്റിൽ  വച്ച് മജീക്കാ എന്നെ വിളിച്ചത് നേരാ ...
''മാവും, ഈസ്റ്റും,'' വാങ്ങി കൊണ്ടു വരാൻ ഞാൻ പറഞ്ഞിരുന്നു,...
മൂപ്പര്  തിരിച്ച് എന്നോട് രണ്ടു വട്ടം ചോദിച്ചു,
''മാവും  ഈസ്റ്റുമാണോ ''  മാവും    ഈസ്റ്റുമാണോ  '' എന്ന് ..
.അതു കേട്ട് ജീവനക്കാരി തെറ്റിദ്ധരിച്ചതാണ് സാറെ,....മജീദാണ് അവസാന വാചകം പറഞ്ഞത്,...!
''എന്നാപ്പിന്നെ നിനക്കിത് നേരത്തെ പറഞ്ഞുകൂടായിരുന്നോ.."
.എസ് ഐ   ദേഷ്യത്തോടെ മജീദിന്റെ വിലങ്ങ് അഴിച്ച് മാറ്റിയപ്പോൾ,
ചാനലുകാർ പുതിയ ബ്രേക്കിങ്ങ്  ന്യൂസ്   കണ്ടെത്തി,
''മാവും, ഈസ്റ്റും, വാങ്ങാൻ പോയ ഒരു പാവം യുവാവിനെ , മാവോയിസ്റ്റാക്കി പോലീസ് പീഡിപ്പിച്ചു,  ...
***************
 
നീ അടുത്തുണ്ടായിരുന്ന കാലം
ഷാജിത് ആനന്ദേശ്വരം
നീ അടുത്തുണ്ടായിരുന്ന കാലം
നിന്നിൽ ഞാനുണ്ടായിരുന്ന കാലം
എന്നിൽ
പൂക്കളും ചിത്രപതംഗങ്ങളും,പിന്നെ
മഴവില്ലുമുണ്ടായിരുന്ന കാലം
അടരുന്ന നിമിഷ ദളങ്ങളെല്ലാം
അടരുവാൻ-
വയ്യെന്ന് കെഞ്ചി പറഞ്ഞ കാലം
തമ്മിൽ,കണ്ണുകളിൽ കണ്ണുകളിൽ
നോക്കിയിരുന്നു നാം
മൗനസമ്മതമേകിയ നഷ്ടകാലം
മനം-കാർ കണ്ട
വർണ്ണ മയൂഖങ്ങൾ പോലവെ
നർത്തനമാടിയ ഇഷ്ട കാലം
ഉണ്ണുമാ നിൻ ചാരെ 
നോക്കിയിരുന്നു ഞാൻ 
ഊട്ടുവാൻ മോഹിച്ച മോഹകാലം.
കാതിൽ,
നിൻ കളിച്ചിരികൾ പൊട്ടിച്ചു കാലം
തേനമൃതൂട്ടിയ വിരുന്നു കാലം
എൻ ഹൃത്തിലായ് നിന്മുദ്ര,-
ത്രിക്കാപ്പ് ചാർത്തിയ
വാടാത്ത കൊഴിയാത്ത വസന്ത കാലം
അന്ന് -
നീയെന്നടുത്തുണ്ടായിരുന്ന കാലം.

***************
 
ഡിഗ്രി കാലത്ത് ഹൃദയം നിറഞ്ഞൊഴുകിയിരുന്ന ഗോട്ടിമാലയിലെ കവി ഒട്ടോ റെനെ കാസ്റ്റിലോയുടെ വരികൾ ഇപ്പോൾ വീണ്ടും ഹൃദയത്തിൽ നിറയുകയാണ്... "ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യർ വരും
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും
കഥകളിലും ഒരിക്കലും
ഇടം കിട്ടിയിട്ടില്ലാത്തവർ..
അവർ വന്നു ചോദിക്കും
യാതനകളിൽ ദരിദ്രന്റെ
ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോൾ
എന്തു ചെയ്യുകയായിരുന്നു.. നിങ്ങൾ ??!!
യാതനകളിൽ ഇവിടെ സ്വപ്നങ്ങൾ കത്തിയെരിയുന്നുവല്ലോ.😌
ആകുലതകളില്ലാത്ത ഒരു നാടിനായി പ്രാർത്ഥിച്ച്, ഇന്നത്തെ നവ സാഹിതി സവിനയം സമർപ്പിക്കുന്നു..
വായിക്കുക...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെക്കുക....
🙏🌹🌹🌹🙏