02-09-19

📚📚📚📚📚📚
നാടൻ പ്രേമം
എസ് കെ.പൊറ്റക്കാട്ട്

മാത്യഭൂമി
പേജ് 80
വില 110


1941ആഗസ്റ്റ്21ന് പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായ നാടൻപ്രേമം അതിനൊരുവർഷംമുമ്പ് എഴുതിത്തീർത്ത് കേരളകൗമുദി ദിനപ്പത്രത്തിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു.

     2003ജൂലൈ19ന് എംടി എഴുതിയ 'ഓർമ്മയുടെചുവരിൽ എസ്.കെ.വരച്ചത്'ൽ,രമണൻ വീട്ടിലെത്തിയനാളിനുസമാനമായ സംഭവമായി നാടൻപ്രേമം എത്തിയത് ഓർക്കുന്നു.ഓപ്പുവിന് മുപ്പത്തിമൂന്നാംവായനയിലും രസംപകർന്നുകൊടുത്ത നോവൽ എംടിയുടെ ഓർമ്മയുടെ ചുവരിൽ മായാത്ത രേഖാചിത്രങ്ങൾ രചിച്ചിരുന്നു.

       അദ്ദേഹത്തിന്റെ നോവൽ അനുഭവം:"നാടൻപ്രേമം തുടങ്ങിയപ്പോൾ വല്ലാത്തൊരനുഭവം.മുക്കത്തെപുഴ,ഗ്രാമം, ചന്ത.പുഴയിൽ തിരുമ്പിക്കുളിക്കാൻവരുന്ന മാളു.മാളുവിനെപ്പോലെയുള്ള ചിലരെ എന്റെ പടിവക്കലെ പുഴയിലും കണ്ടിട്ടുണ്ട്.
       മാളുവിനുചോക്ലേറ്റുകൊടുത്തതൊക്കെ എനിക്ക് ഇഷ്ടമായി.പക്ഷെ, രവീന്ദ്രൻ സിഗരറ്റ് വലിച്ചതിനോട് യോജിപ്പുണ്ടായില്ല.അത് പാടില്ല.ചുമ്പിക്കാൻവേണ്ടിനടത്തുന്ന സൂത്രമാണ് !
       രാത്രിയിലെ പ്രേമപ്രകടനങ്ങളൊന്നും അത്രശരിയാണെന്നു തോന്നിയില്ല.നിഗൂഢ പ്രേമത്തിന്റെ തീക്ഷ്ണതയെപ്പറ്റി അറിയാനുള്ള പ്രായമായിട്ടില്ല എനിക്ക്.എന്നാൽ ഇക്കോരനെ എനിക്കിഷ്ടമായി.ഇക്കോരരന്റെ പാട്ടുകൾ പലവട്ടം ഞാൻ വായിച്ചു. എല്ലാം എനിക്ക് മനഃപാഠമായി.നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് മരക്കാനുറച്ച് ചാടിയ മാളുവെ ഇക്കോരൻ കരക്കെത്തിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്."
         സിനിമാ ക്കഥയുടെ രൂപത്തിൽ എഴുതിയത് പിന്നീടദ്ദേഹം(എസ്.കെ) ചെറുനോവലാക്കുകയായിരുന്നു.
  മലയാള സിനിമയിലെ 'ബാല'കാലത്തിന് അനുയോജ്യമായ കഥയാണിത്.ബോംബെ ജീവിതം നൽകിയ ഇരട്ടിച്ച സ്വനാട്ടുസ്നേഹം നോവലിൽ തൊട്ടറിയാം.പരിണാമഗുപ്തിയെപ്പറ്റി അന്നത്തെ വായനക്കാരുടെ സുഖം ഇപ്പോൾ ലഭിച്ചെന്നുവരില്ല.നിർവ്വഹണത്തിലെ(ക്ലൈമാക്സ്)അദ്ഭുതം ഇന്നിന്റെ വായനയിൽ അല്പം വിരസതപോലും ഉണ്ടാക്കിയേക്കാം. എങ്കിലും പറയുന്നു, വായനക്കാരെ രസിപ്പിക്കാനുള്ള നാടൻപ്രേമത്തിന്റെ കരുത്ത് ഇന്നും നഷ്ടപ്പെട്ടിട്ടില്ല,ഇനി നഷ്ടപ്പെടാനും പോകുന്നില്ല.

രതീഷ്കുമാർ.
🌾🌾🌾🌾🌾🌾