02-07-19


ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം...😊😊🙏🙏
ഇന്ന് ജൂലെെ 2.നമ്മുടെ പ്രിയ സാഹിത്യകാരൻ ശ്രീ.ഒ.വി.വിജയന്റെ ജന്മദിനം.. ഖസാക്കിന്റെ ഇതിഹാസം എന്ന മാസ്റ്റർപീസ് കൃതി പുറത്തിറങ്ങിയിട്ട് 2019 ൽ അമ്പതുവർഷം പൂർത്തിയാകുകയും ചെയ്യുന്നു.ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ കഥാപാത്രങ്ങളെ നമ്മുടെ മനസ്സിൽ ചിത്രങ്ങളിലൂടെ കുടിയിരുത്തിയ ചിത്രകാരന്റെ 31ാം ചരമവാർഷിക ദിനമായിരുന്നു ജൂൺ30...ഒ.വി.വിജയൻ,ഖസാക്കിന്റെ ഇതിഹാസം...ഇതോടൊപ്പം ചേർത്തറിയേണ്ട കലാകാരനെ പരിചയപ്പെടുത്താൻ ഇന്നത്തെ ദിവസം തന്നെ (ജൂലെെ 2) ലഭിച്ചതിൽ അതീവ സന്തോഷത്തോടെ ചിത്രസാഗരത്തിന്റെ പുതിയ അധ്യായത്തിലേക്ക്.....
നമുക്കിന്ന് പരിചയപ്പെടാം അത്തിപ്പറ്റ ശിവരാമൻ നായർ എന്ന ചിത്രകാരനെ🙏
അത്തിപ്പറ്റ ശിവരാമൻ നായർ എന്ന AS
കേരളത്തിലെ അറിയപ്പെടുന്ന രേഖാചിത്രകാരനായിരുന്നു AS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അത്തിപ്പറ്റ ശിവരാമൻ നായർ

       1936 മെയ് 15ന് പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ അത്തിപ്പറ്റ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ തെക്കേടത്ത് അച്യുതൻ നായർ. അമ്മ അത്തിപ്പറ്റ ദേവകി അമ്മ. ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അറിഞ്ഞ കുട്ടിക്കാലം... കാറൽമണ്ണ യുപി, ചെറുപ്പളശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ദാരിദ്ര്യാവസ്ഥയിൽ താങ്ങും തണലുമായി നിന്ന തൃക്കിടീരി മനയിലെ അംഗം വാസുദേവൻ നമ്പൂതിരിയുടെ സഹായത്താൽ എ എസ് ചിത്രകല പഠിക്കാൻ മദിരാശിയിൽ എത്തി. മദിരാശിയിലെ സ്കൂൾ ഓഫ് ആർട്സിൽ ആണ് വാസുദേവൻ നമ്പൂതിരി അദ്ദേഹത്തെ പറഞ്ഞയച്ചത്. ഈ ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്..
         മദിരാശിയിൽ കെ സി എസ് പണിക്കർ ആയിരുന്നു അദ്ദേഹത്തിൻറെ ഗുരു. പഠനവും മറ്റു കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ നടന്നുപോകുന്നതിനായി ചളവറ സ്വദേശിയായ കൃഷ്ണൻനായരുടെ ഹോട്ടലിലെ ജോലിക്കാരനായി അദ്ദേഹം. അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പിന്നീട് കൃഷ്ണൻനായരുടെ ബധിരയും മൂകയുമായ  മകൾ തങ്കത്തിനെ  അദ്ദേഹം വിവാഹം ചെയ്യുകയും സുധ എന്ന മകൾ ജനിക്കുകയും ചെയ്തു.
      കാറൽമണ്ണയിൽ താമസിക്കുന്ന കാലത്ത് കൗമാരത്തിൽ തന്നെ കൈരളി കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എസ് ചിത്രങ്ങൾ വരച്ചത്. പിന്നീട് മദിരാശി പഠനകാലത്ത് അദ്ദേഹത്തിന്റെ സൃഷ്ടികൾ ജയകേരളം മാസികയിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പഠനശേഷം പേശുംപടം എന്ന തമിഴ് സിനിമ മാസികയിൽ ചിത്രകാരനായിരുന്നു .എം വി ദേവൻ മാതൃഭൂമിയിൽ നിന്നും പോയ ഒഴിവിൽ 1961 ൽ എ എസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രകാരനായി ചേർന്നു. അന്നു തൊട്ടു 27 വർഷം അദ്ദേഹം അവിടെ ചിത്രകാരനായി ജോലി നോക്കി .ഇത്രയുംകാലം വായനക്കാരെ ചിത്രങ്ങളിലൂടെ അമ്പരപ്പിച്ച ....ആകർഷിച്ച ...ആ മഹാനായ ചിത്രകാരന്റെ മരണവും മാതൃഭൂമി ഓഫീസിൽ വെച്ചു തന്നെയായിരുന്നു എന്നത് ഒരു വിധിനിയോഗം🙏

AS നെക്കുറിച്ച് കൂടുതൽ അറിയാൻ ഞാനാദ്യം സമീപിച്ചത് നമ്മുടെ പാഠപുസ്തകങ്ങളിലെ ഇല്ലസ്ട്രേറ്ററും പ്രശസ്ത ചിത്രകാരനുമായ രമേശ് രഞ്ജനം മാഷിനെയാണ്.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് പിന്നെ സമീപിച്ചത് AS ന്റെ സഹപ്രവർത്തകനായ മദനൻ സാറിനെയാണ്.തിരൂർ മലയാളത്തിനു വേണ്ടി ഓഡിയോ തരുമോ എന്ന് ഭയാശങ്കളോടെയാണ് ചോദിച്ചത്.ആ ഭയം അസ്ഥാനത്താക്കി ഒന്നിനു പകരം മൂന്ന് ഓഡിയോ അദ്ദേഹം ഇതാ ഇപ്പോൾ അയച്ചുതന്നിരിക്കുന്നു...🙏🙏
1
2
3


ആർട്ടിസ്റ്റ് മദനൻ സർ.മാതൃഭൂമിയിലെ ചീഫ് ആർട്ടിസ്റ്റ്

ഇനി AS നെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കാം..
എ.എസ്‌. എന്ന എ.എസ്‌. നായർ
 (പോൾകല്ലാനോട്‌)
🎨🎨🎨🎨🎨🎨🎨🎨
ചിത്രകാരനായ എ.എസിനെ അറിയാത്തവരുണ്ടെങ്കിൽ അറിയേണ്ടതുണ്ടെന്ന് ഓർക്കാനും വൈകിപ്പോയോ എന്ന സംശയമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇല്ലസ്ട്രേഷനുകളിലൂടെ തന്റെ കാലത്തെന്നപോലെ ഇന്നും അദ്ദേഹം ഓർക്കപ്പെടുന്നുണ്ട്. ആ രചനകൾ വ്യതിരിക്തമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെന്നതുകൊണ്ടാണത്.
രണ്ടുരീതിയിൽ ആ ജീവിതവും സൃഷ്ടികളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നെനിക്കറിയാം. ഒന്ന് മാതൃഭൂമിയിൽ അന്ന് സഹപ്രവർത്തകൻ കൂടിയായി ഉണ്ടായിരുന്ന ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് എഡിറ്റുചെയ്ത ഒരു പുസ്തകത്തിലൂടെ. രണ്ടാമത്തേത് ജ്യോതിപ്രകാശ് സംവിധാനംചെയ്ത ഡോക്യുമെന്ററി സിനിമയിലൂടെ.
പ്രസാദിന്റെ പുസ്തകം ഇന്നെന്റെ കൈയിലില്ല. എന്നാലതിലെ ഉള്ളടക്കത്തെക്കുറിച്ച് മറന്നിട്ടുമില്ല. എ.എസിന്റെ പത്രാധിപരും സുഹൃത്തുമെന്ന നിലയിൽ എം.ടി. വാസുദേവൻനായർ മുതൽ അദ്ദേഹത്താൽ വരയ്ക്കപ്പെട്ട കഥകളും നോവലുകളുമെഴുതിയ മഹാരഥന്മാരും യുവ തലമറുയിലെ എഴുത്തുകാരും അതിലെഴുതിയിട്ടുണ്ട്. തങ്ങളുടെ ആദരപ്രണാമങ്ങൾക്ക് വാചികപ്രകാശനം നടത്തിയിട്ടുമുണ്ട്. ഏറക്കാലം ഒരേ മുറിയിലിരുന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ഇല്ലസ്ട്രേഷൻ നടത്തിയ ആർട്ടിസ്റ്റ് നമ്പൂതിരിയും അതിൽപ്പെടും.
ജ്യോതിപ്രകാശിന്റെ ഡോക്യുമെന്ററിയിലും ഇതിൽപ്പലരും പ്രത്യക്ഷപ്പെട്ട് അനുഭവങ്ങൾ പങ്കിടുന്നുണ്ട്. മകൾ സുധയും മരുമകൻ ജയദേവനും അദ്ദേഹത്തിന്റെ രചനകളുടെ ശേഖരം സൂക്ഷിക്കുന്നുണ്ട് എന്ന ആശ്വാസവുമുണ്ട്. ഡോക്യുമെന്ററിയുടെ പരിമിതസമയത്തിനുള്ളിൽ അതൊക്കെ ദൃശ്യവത്കരിച്ചിട്ടുമുണ്ട്.
വളരെമുമ്പുതന്നെ ദേശീയതലത്തിൽ ഷോർട്ട്ഫിലിമിനും ഡോക്യുമെന്ററിക്കുമെല്ലാം പുരസ്കാരം ലഭിച്ചയാളാണ് ജ്യോതിപ്രകാശ്.
നമ്പൂതിരിയെപ്പോലെ വിദഗ്ധനായ ഒരു കലാകാരനോടൊപ്പം ഒരേ വാരികയിൽ ജോലിചെയ്തിട്ടും എ.എസിന്റെ രചനകൾക്ക് തന്റെ കലയിലെ വ്യത്യസ്തമായ വിനിമയവിശേഷങ്ങൾ​െകാണ്ട് ശ്രദ്ധേയനായിത്തന്നെ നിൽക്കാൻ കഴിഞ്ഞു. വേറിട്ടുതന്നെ നിൽക്കുന്ന ഒരു വിനിമയസന്തുലനമായിരുന്നു അത്.
ജീവിതത്തിലുടനീളം സങ്കടങ്ങളിൽക്കഴിയുമ്പോഴും എ.എസ്, സദാ തന്റെ നർമബോധവും കുസൃതികളും പങ്കിട്ടിരുന്നു. ഇല്ലസ്ട്രേഷൻ എന്ന ഏർപ്പാടിൽത്തന്നെ അദ്ദേഹത്തിന്റെ നിലപാട് വേറിട്ടതായിരുന്നു. അതിന്റെ സർഗാത്മകതയെക്കുറിച്ചൊന്നും അദ്ദേഹം വലിയ അവകാശവാദം പുലർത്തിയില്ല.
എഴുതപ്പെട്ട ഒരു കഥയോ കവിതയോ ഒരു പ്രസിദ്ധീകരണത്തിൽവരുന്നു. അത് വായിപ്പിക്കാനുള്ള പ്രേരണ നൽകുന്ന പണിയായിമാത്രമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെത്തന്നെ മറികടന്ന് അത് വ്യതിരിക്ത മാനം കൈക്കൊണ്ടു. ഒരിക്കൽ എന്നോട് കുസൃതി പറഞ്ഞതിങ്ങനെയാണ്: ആന എന്നൊരു രചനയാണെങ്കിൽ അതിന് കുതിരയുടെ ചിത്രം വരച്ചാലും മതി. ഇതെന്താ ആനയ്ക്കുപകരം കുതിര? വായനക്കാരൻ ജിജ്ഞാസുവാകും. എന്നാലതൊന്നു വായിച്ചുനോക്കാം എന്നു വായനക്കാരനുതോന്നും.
ഞങ്ങൾക്കിടയിലെ ബന്ധത്തിൽ ഇത്തരം ഉടക്കുകൾ വേറെയും പതിവായിരുന്നു. ഉദാഹരണത്തിന് സ്കൂൾ-കോളേജ് കലോത്സവങ്ങൾക്ക് വിധികർത്താക്കളായി പോകുന്ന സന്ദർഭങ്ങൾ. ഞങ്ങളുടെ കൂടെ മദനൻ, സുനിൽ അശോകപുരം, പ്രസാദ് എന്നൊക്കെ പലരുമുണ്ടാവും വിധികൽപ്പിക്കാൻ.
ചിത്രങ്ങൾ നിരത്തിവെക്കുന്നു സംഘാടകർ. അതാകപ്പാടെ ഒന്നു കണ്ടുകൊണ്ടിരിക്കുമ്പോൾ എ.എസ്. കൂട്ടത്തിലെ ഏറ്റവും മോശമായൊരു ചിത്രമെടുത്ത് ചോദിക്കും.
എന്താപ്പൊ ഇതിനൊരു കുഴപ്പം?
മദനനും സുനിലുമൊക്കെ എന്റെ മുഖത്തേക്ക് സംശയദൃഷ്ടിയോടെ നോക്കും. എ.എസിന് എന്തുപറ്റി എന്ന മട്ടിൽ, ചതിച്ചോ എന്ന മട്ടിൽ.
കൂട്ടത്തിൽ സീനിയറായ സുഹൃത്ത് ഞാനാണല്ലോ ഞാൻ പറയും.
അതിന് ഞങ്ങളാരും അതിന് കുഴപ്പമുണ്ടെന്നു പറഞ്ഞില്ലല്ലോ
അതുമതി, പിന്നെയും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഇതുപോലെ കുഴപ്പം പിടിച്ചത്.
കാര്യമിത്രയേയുള്ളൂ, നിരത്തിവെച്ച ചിത്രങ്ങളിൽ മികച്ചവയാണെന്നു തോന്നുന്നതെല്ലാം മുതിർന്നവരുടെ അതിശിക്ഷണംകൊണ്ട് സംഭവിച്ചതാണ്.
സമ്മാനലബ്ധിക്കുവേണ്ടി അമിതമായി പരിശീലിപ്പിക്കപ്പെട്ടവയാണ്. അത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. അതാണീ കുസൃതിയുടെ രഹസ്യം.
അവർ പരിശീലനമെങ്കിലും നടത്തിയിട്ടുണ്ടല്ലോ, അതവഗണിച്ചാൽ വലിയ കോലാഹലമാകും എന്ന ഭയമാണ് ഞങ്ങൾക്ക്; (എന്നാൽ തത്ത്വത്തിൽ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട്.) അദ്ദേഹം ധാരാളം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. അത് ആസ്വദിച്ചിട്ടുള്ളവർക്ക് ഈ വിമത നിലപാട് എളുപ്പത്തിൽ ദഹിക്കും. ഒരുസംഭവം അല്ലെങ്കിൽ പ്രസ്താവന കൊടുക്കുന്നു. പിന്നെ, അദ്ദേഹത്തിന്റെ കമന്റ്. അതായിരുന്നു ആ കാർട്ടൂണുകളുടെ രീതി.
കമന്റിലെ കുതർക്കത്തിൽ ആക്ഷേപഹാസ്യപരമായ ഒരു സത്യമുണ്ടാവും.
അക്കാലത്ത് ജി.എൻ. പിള്ള സാറിനോടൊപ്പവും ചില കാർട്ടൂണുകൾ ചെയ്തത് ശ്രദ്ധേയമായിരുന്നു. എ.എസിന്റെ ശിവരാമൻ എന്ന പേരിലെ രാമനും പിള്ള സാറിന്റെ പേരിലെ നാരായണനും ചേർത്ത് രാമനാരായണ എന്ന പേരിലാണതു പ്രസിദ്ധീകരിച്ചുവന്നത്. മിക്കവാറും പിള്ളസാറിന്റെ തത്ത്വചിന്താപരമായ ആശയം, എ.എസിന്റെ വരയുടെ കുസൃതിയും ദുരൂഹം എന്ന മട്ടിൽ പലരും അതത്രശ്രദ്ധയോടെ ആസ്വദിച്ചില്ല.
പ്രധാനമായും എ.എസിന് രണ്ടുതരം സൗഹൃദക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് തന്റെ നാട്ടുകാരായ (കാറൽ മണ്ണ) സാധാരണക്കാർ. അവർ മിക്കവാറും രോഗവും ചികിത്സയും തേടി കോഴിക്കോട്ടെത്തുന്നവരാണ്.
ശിവരാമനെ കണ്ടാൽമതി എന്ന വിശ്വാസത്തിലെത്തുന്നവരാണ്. മെഡിക്കൽ കോളേജിൽ അന്നു ജോലിചെയ്തിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ മുഖാന്തരം എ.എസ്. കാര്യങ്ങൾ ശരിപ്പെടുത്തിക്കൊടുക്കും. നാട്ടുകാർക്ക് സ്വന്തക്കാരനായിരുന്നു അത്തിപ്പറ്റ ശിവരാമൻ നായർ.

പോൾ കല്ലാനോട് എഴുതിയ വേറൊരു ലേഖനത്തിന്റെ ലിങ്ക്👇👇
https://www.mathrubhumi.com/mobile/kozhikode/nagaram/1.2613720

https://m-malayalam.webdunia.com/article/fine-arts-in-malayalam/%E0%B4%8E-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B0%E0%B5%87%E0%B4%96%E0%B4%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%81%E0%B4%B2%E0%B4%AA%E0%B4%A4%E0%B4%BF-107063000027_1.htm

ഇന്ത്യന്‍ ഇങ്കില്‍ മലയാളിയെ കണ്ടെത്തിയ എ.എസ്
(വി.ആര്‍. സന്തോഷ്)
എവിടെയൊക്കെ കലാകാരൻ കുടുങ്ങുമോ അവിടെയൊക്കെ രേഖകൾ കൊണ്ട് തന്റെ നിലപാട് അറിയിച്ച് മുന്നേറിയ മലയാളത്തിലെ ഏക ചിത്രകാരനായിരുന്നു എ.എസ്. ഒറ്റരേഖയിൽ നടക്കാവുന്ന വിനിമയത്തിന്റെ പരിമിതി എന്തെന്ന് അറിഞ്ഞ് അതിനനുസരിച്ച് മാറി നടന്ന ചിത്രകാരൻ. വക്രീകരിച്ച്, വലയങ്ങൾ തീർത്ത് രേഖകളുടെ ഉള്ള് കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. രേഖകളിൽ നിന്നു വരുന്ന പ്രത്യേക ചലനങ്ങളോ വൈകാരിക നിമിഷങ്ങളോ അദ്ദേഹം എപ്പോഴും കണ്ടെത്തിയിരുന്നു.
കാലിഗ്രാഫിയുടെയും താളെഴുത്തിന്റെയും കലയായി കാണുന്ന രേഖാകലയെ മുമ്പേ നടന്ന കലാകാരന്മാർ ആ രീതിയിൽ കണ്ടപ്പോൾ രേഖാകല പേജിനെ അതിശയിപ്പിക്കുന്ന കലയാണെന്ന് മലയാളിയുടെ കാഴ്ചകളിലും ഭാവനകളിലും വരച്ചിട്ട കലാകാരനാണ് എ.എസ്. നോവെൽ വായിക്കുമ്പോൾ, കഥ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളെ മാത്രമല്ല എ.എസ്.കാണുക. അതെവിടെ നിന്നുണ്ടായി? ഏത് സംസ്കാരം ഉൾക്കൊള്ളുന്നു? അതിന്റെ പശ്ചാത്തലം എന്ത്? എന്നിങ്ങനെ ചിന്തിക്കുന്നതു കാണാം.

എ.എസിന്റെ ചിത്രങ്ങൾ അതുകൊണ്ടു തന്നെ ചിന്തിക്കുന്ന രൂപങ്ങളി മാറുന്നു. മലയാള കഥയ്ക്കോ നോവെലിനോ വരയ്ക്കുമ്പോൾ മലബാറിലെ സ്ത്രീയോ പുരുഷനോ ആണെങ്കിൽ അതിന്റെ രേഖപ്പെടുത്തലുകൾ ആ രൂപങ്ങളുടെ പ്രധാനംശങ്ങളിൽ തെളിയുന്നതു കാണാം. തിരുവിതാംകൂർ ഭാഗങ്ങളിലേതാണെങ്കിൽ ആ രീതിയിലുള്ള ഭാവങ്ങളും കൗശലങ്ങളും പ്രകടമാകും. സി.വി.രാമൻപിള്ളയുടെ കഥാപാത്രങ്ങളിൽ കാണാവുന്ന ഒരു കോയ്മ ആധുനികതയിലേക്ക് എങ്ങനെ പടർന്നുവോ അതുപോലുള്ള ഒന്ന് എ.എസിന്റെ ചിത്രീകരണങ്ങളിലും കാണാം.

അത്തരത്തിൽ കേരളത്തിലെ വൈവിധ്യങ്ങളെ ചിത്രീകരിച്ച് മലയാളികൾ എന്ന സംജ്ഞ രൂപപ്പെടുത്തിയ ചിത്രകാരൻ കൂടിയാണ് എ.എസ്. പക്ഷെ എ.എസിന്റെ ചിത്രീകരണങ്ങളിലെ നരവംശ സ്വഭാവത്തെ ആർക്കും എളുപ്പം പിടികിട്ടിയില്ല എന്നതാണ് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾ ആഘോഷിക്കാതെ പോയതിന് ഒരു കാരണം. മറ്റൊന്ന് പൈങ്കിളി ചിത്രീകരണങ്ങളിലെ സൗന്ദര്യത്തെ അദ്ദേഹം എടുത്തു മാറ്റിയതാണ്. പകരം നാടോടിത്തം കലർന്ന പെണ്ണുങ്ങളേയും ആണുങ്ങളേയും അദ്ദേഹം വരകളിൽ കൂട്ടികൊണ്ടുവന്നു.

ആദ്യകാല എ.എസിൽനിന്ന് അന്ത്യകാല എ.എസിൽ എത്തുമ്പോൾ കലാകാരനെന്ന നിലയിൽ അദ്ദേഹം എത്തിയ ഔന്നത്യം മുൻകാല രേഖാചിത്രകാരന്മാരിൽനിന്ന് ഏറെ മുന്നിലാണ്. നമ്പൂതിരി വരച്ച് വരച്ച് യാന്ത്രികമായപ്പോൾ ദേവൻ തന്റെ വരയുടെ പരിമിതി മനസിലാക്കി നിർത്തുകയായിരുന്നു. സി.എൻ. കരുണാകരൻ ആണെങ്കിൽ വരയിൽനിന്ന് നിറവിന്യാസത്തിൽ വീണ് കരയിലാണോ ജലത്തിലാണോ എന്നറിയാതെ തുഴയുകയായിരുന്നു. ഇവരുടെ പരിമിതിയെ കലാകാരന്റെ ഭാഷയിൽ മാറ്റിയെഴുതുകയായിരുന്നു എ.എസ്.

മൗനിയായിരുന്ന് ബ്രഷോ പെന്നോ ഉപയോഗിച്ച് തന്റെ സങ്കല്പങ്ങളെ വരയ്ക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഡു കൊണ്ട് ഇന്ത്യനിങ്കിന്റെ ഫ്യൂജി കളറിന്റെ ജലലയം അറിഞ്ഞ് ആകാരങ്ങളെ സംസ്കാരങ്ങളുടെ കാഴ്ചകളാക്കി മാറ്റുകയായിരുന്നു. ഏതൊരു മാധ്യമത്തിന്റെയും യാന്ത്രികത അതിന്റെ മാധ്യമത്തെ മാത്രം കണ്ടെത്തലാണ്. മറിച്ച് എ.എസ് ആ മാധ്യമത്തെ മറ്റൊന്നാക്കി പരിവർത്തിപ്പിക്കാനാണ് ശ്രമിച്ചത്. അങ്ങനെ മാധ്യമത്തിന്റെ യാന്ത്രികത ഇല്ലാതാക്കി. അതുപോലെ അഞ്ചോ പത്തോ രേഖകൾ കൊണ്ട് വരച്ചവസാനിപ്പിക്കാവുന്ന രൂപത്തെ ഇരട്ടിയോ അതിലധികമോ വൈകാരിക രേഖകൾ കൊണ്ട് ജീവൻ വെപ്പിച്ചു. ക്രിയേറ്റീവായ ഈ രീതിയാണ് എ.എസിനെ രേഖാചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. രേഖകളുടെ വികാര- വിചാര തലങ്ങൾ എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് നല്ല പോലെ അറിയാവുന്ന കലാകാരനായിരുന്നു എ.എസ്.

ആധുനികത മലയാള സാഹിത്യത്തിൽ വന്നപ്പോൾ അദ്ദേഹം ആധുനിക സാഹിത്യത്തിൽ വന്ന കഥാപാത്രങ്ങളിലെ പ്രാകൃത സ്വത്വത്തെ അന്വേഷിച്ച് ചിത്രീകരിക്കുകയായിരുന്നു. ആധുനിക സമൂഹത്തിലെ കേന്ദ്രീകൃത പുരുഷത്വത്തെ ചിത്രീകരിക്കാതെ പ്രകൃതിയുമായി ചേർത്തുവച്ചു നോക്കുകയായിരുന്നു എ.എസ് ചിത്രീകരണങ്ങളിലൂടെ. മരങ്ങളോ ചെടിപ്പടർപ്പുകളോ സമതലങ്ങൾക്കപ്പുറത്തുള്ള കുന്നുകളോ എ.എസ് കാണാതിരിക്കുന്നില്ല. അങ്ങനെ ആധുനിക മനുഷ്യരുടെ പൊള്ളത്തരങ്ങളെ തന്റെ പ്രാകൃതമായ പ്രകൃതി കൊണ്ട് ചിത്രീകരിച്ച് തങ്ങൾ എത്രമാത്രം പ്രകൃതിയിൽനിന്നകന്നെന്ന് ചിത്രീകരിച്ച കലാകാരനാണ് എ.എസ്.

യാന്ത്രികതയുമായി ബന്ധപ്പെട്ടാണ് യൂറോപ്പിൽ രേഖാചിത്രീകരണം ഉണ്ടായതെങ്കിലും അതിന്റെ ഉളളകങ്ങളെ തിരിച്ചറിഞ്ഞ മനുഷ്യൻ മാത്രമല്ല പ്രകൃതിയുമുണ്ടെന്നു വ്യക്തമാക്കിയ രേഖാചിത്രകാരനാണ് എ.എസ്. ഒ.വി. വിജയന്റെ കഥാപാത്രങ്ങളെ വരയ്ക്കുമ്പോൾ എന്തുകൊണ്ട് കാർട്ടൂണിംഗ് എന്ന കല അദ്ദേഹം ഉപയോഗപ്പെടുത്തുന്നുവെന്ന് നോക്കിയാൽ ഇത്തരത്തിലുള്ള ചിന്തയുടെ അർത്ഥവ്യാപ്തിപിടി കിട്ടും. രവിയിലും അള്ളാപ്പിച്ച മൊല്ലാക്കയിലും കുഞ്ഞുണ്ണിയിലുമുള്ള പരിണാമം കാർട്ടൂണിന്റെതാണ്. അതൊരു ചിന്തയായിരിക്കുമ്പോൾ ശരീരത്തിലും അതിന്റെ സാന്നിധ്യം പ്രസരിക്കുമെന്ന് എ.എസ് കരുതിയിരുന്നു. ഇത് റോസാ ലെക്സംബർഗ് കണ്ടെത്തിയ പോലുള്ള ഒന്നാണ്. എല്ലാ മണ്ണിലും വിപ്ലവത്തിന്റെ ആശയമുണ്ട്. അതു കണ്ടെത്തുകയാണു വേണ്ടത്. ചിത്രീകരണകലയിലും അതുപോലെയാണ് എ.എസ് ചെയ്തത്. മറ്റുള്ളവർ ആകാരത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ അതിനേക്കാളുപരി ആ കഥാപാത്രത്തിന്റെ മണ്ണിൽനിന്ന് ആ കഥാപാത്രത്തെ കണ്ടെത്തുകയായിരുന്നു എ.എസ്.


സി.വി. ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകം എന്ന നോവെലിലെ എ.എസിന്റെ കണ്ടെടുപ്പുകൾ ശ്രദ്ധിച്ചാൽ ഇതിനു സമാനമാണെന്നു വ്യക്തമാകും. സാറയും മറ്റു കഥാപാത്രങ്ങളും ബൈബിളിന്റെ വെളിച്ചത്തിൽ നിന്നുണ്ടായ പോലെ മജ്ജയും മാംസവുമുളളവരായി ചിത്രീകരിക്കുകയാണ് എ.എസ്. അതിന്റെ ആകാര ചിത്രീകരണങ്ങളിലെ വേറിടൽ എ.എസിന്റെ മറ്റ് രേഖാരചനകളിൽനിന്ന് വ്യത്യസ്തമാണ്. ആംഗ്ലോ -സാക്സൺ ചിത്ര-ശില്പങ്ങളിൽ നിന്നുൾക്കൊണ്ട രേഖാവിന്യാസത്തോടൊപ്പം കേരളത്തിലെ കൃസ്ത്യൻ പുരുഷൻമാരുടെയും സ്ത്രീകളുടെയും ശരീരഘടന ഈ ചിത്രീകരണങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്. ഉടലിന്റെ രീതി, ശരീരത്തിന്റെ ഘടന എന്നിങ്ങനെ അനോട്ടമിയിലുള്ള വേറിടൽ ആ നോവെലിലെന്ന പോലെ ചിത്രീകരണത്തിലും കാണാം. അതു കൊണ്ടു തന്നെ ആയുസിന്റെ പുസ്തകത്തിലെ ചിത്രീകരണങ്ങൾ അതിൽ നിന്നു വേറിടുന്ന ചിത്രാഖ്യാനം കൂടിയാണ്. ശരീര ഘടന, നരവംശശാസ്ത്ര പ്രത്യേകതകൾ എല്ലാം എ.എസ് ശ്രദ്ധിക്കുന്നതായി ഇത് വ്യക്തമാക്കുന്നു.

ഇതുപോലെ തന്നെയാണ് കേരളത്തിനു പുറത്തുള്ള സാഹിത്യ കൃതികൾ ചിത്രീകരിക്കുമ്പോഴും എ.എസ് ചെയ്യുന്നത്. ആശാപൂർണ ദേവിയുടെ കൃതികൾ ചിത്രീകരിക്കുമ്പോൾ അതിനു വരുന്ന വംഗല സ്പർശം ബംഗാളി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കും പോലെയാണ്. സ്ത്രീകൾ ചേല മാടി കുത്തുന്നതും പുരുഷന്മാർ കുർത്തയിട്ട് തലയിൽ കെട്ടി നടക്കുന്നതും രേഖാനിർമ്മതിയിൽ നാം അനുഭവിക്കുകയാണു ചെയ്യുക. രബീന്ദ്രനാഥ ടാഗൂറും ജീ ബാനനന്ദദാസും നമുക്ക് പകർന്നു തന്നിട്ടുള്ള സാഹിത്യത്തിന്റെ ഊർജ്ജവും അതിലുപരി അതിന്റെ ആന്തരീകതയിൽ ലയിച്ചിരിക്കുന്ന നാടോടിത്തവും നമ്മെ ഞെട്ടിക്കാറുണ്ട്. ഈ രീതിയിൽ ഉഴുതു മറിച്ച മണ്ണിലൂടെ നടക്കുമ്പോൾ നമ്മുടെ കൈയ്യിൽ പുതുവിത്തുകളാണ് എ.എസ് നൽകുന്നത്. അനായാസം ഈ ചിത്രീകരണങ്ങളിലെത്താം എന്നു കരുതിയാലും ആ കഥാപാത്രങ്ങളിലെ അന്ത:സംഘർഷങ്ങളും ഔന്നത്യങ്ങളും നമ്മെ കുടുക്കിക്കളയും.

ശ്രീകൃഷ്ണ ആലനഹളളിയുടെ കന്നഡ നോവെലായ ഭൂ ജംഗയ്യന്റെ ദശാവതാരങ്ങളിലും അദ്ദേഹം അന്വേഷിക്കുന്നത് സംസ്കാരം തന്നെയാണ്. പക്ഷെ അത് സംഘസംസ്കാരമോ കേരളത്തിന്റെ സംസ്കാരമോ അല്ല. കർണ്ണാടകത്തിന്റെ സംസ്കാരമാണ്. ഒന്നിൽനിന്ന് മറ്റൊരു സംസ്കാരത്തിലേക്ക് മാറാം എന്ന ആലോചന കൂടി ഇതിലെല്ലാം നടക്കുന്നുണ്ട്. എഴുത്തുകാരുടെ രീതി, കഥാപാത്രങ്ങളുടെ ഘടന, പ്രകൃതി എല്ലാറ്റിലും ഈ വേറിടൽ അദ്ദേഹം ചിത്രീകരിക്കുമ്പോൾ കൊണ്ടുവരുന്നു. കേവല സൗന്ദര്യ പ്രയോഗങ്ങളായിട്ടല്ല അതു മാറുന്നത്.

ജരാനര ബാധിച്ച മനുഷ്യൻ മറ്റ് ജീവജാലങ്ങൾക്കു താഴെയാണെന്നു തൈത്തിരിയോപനിഷത്തിൽ പറയുന്നുണ്ട്. അപ്രകാരം മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും തിരിച്ചറിയുന്ന ഒരു മണ്ഡലം എ.എസിന്റെ ചിത്രീകരണങ്ങളിലുണ്ട്. പൗരസ്ത്യ ദർശനങ്ങളുടെ ഒരു വരപ്പു കൂടിയാണിത്. കെ.സി.എസ് പണിക്കർ സ്വത്വത്തിന്റെ തുടർച്ചയില്ലാതെ മറ്റൊന്നിലേക്കു മാറിയ പോലുള്ളതല്ല ഇത്. മറിച്ച് തുടർച്ചകളിലൂടെ മാറ്റങ്ങളിലേക്കു എത്തിച്ചേരുന്ന ഒന്നാണിത്. ഇത് കേരളത്തിൽ ചിത്രീകരണകലയിൽ ഏർപ്പെട്ടിരിക്കുന്ന ആരിലും കാണാനാവില്ല. എ.എസിന്റെ വഴിയും പ്രവർത്തന മേഖലയും അതായതു കൊണ്ടാണ് മാറ്റത്തിനു വിധേയനായത്. ഇതിലൂടെ സംസ്കാരങ്ങളുടെ വരകളാണ് അദ്ദേഹം സൃഷ്ടിച്ചത്.

അപ്രകാരം ചിത്രീകരണങ്ങളിലെ വിന്യാസ രേഖകളുടെ ലയവും ലയമില്ലായ്മയും രൂപപ്പെടുത്തുകയും അനന്തമാക്കുകയും ചെയ്യാറുണ്ട്. ഒന്നും പൂർണമല്ലെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണിത്. കലയുടെ പാഠം ചിന്തിക്കാനുള്ളതാണ്. പലപ്പോഴും ചിത്രീകരണങ്ങളിൽ അദ്ദേഹം ഇതുപയോഗപ്പെടുത്തുന്നു. സംസ്കാരത്തെ തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രവൃത്തിയാണിത്. സംസ്കാരത്തിന്റെ ഉള്ളിൽ പ്രവൃത്തിക്കുന്ന മൂല്യങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളെന്ന നിലയിൽ ഈ രേഖാചിത്രങ്ങളെടുക്കുന്ന ജോലി ഏറെ പണിപ്പെട്ടതാണ്. സംസ്കാരത്തിനുള്ളിലുള്ള വൈവിധ്യങ്ങളെ തെളിച്ചെടുക്കുന്ന പ്രവൃത്തി അതിന്റെ സ്വത്വത്തിലേക്ക് എത്തിചേരലാണ്. അതിന്റെ ആഖ്യാനങ്ങളെ തിരിച്ചറിയലാണ്. എ.എസ്.അങ്ങനെ ആശാപൂർണ ദേവിയിൽ എത്തിച്ചേരാൻ വംഗസംസ്കാരത്തിന്റെ ആഖ്യാനങ്ങളെ തിരിച്ചറിയുന്നു. ഇത് അദ്ദേഹത്തിന്റെ എല്ലാ വരപ്പുകളിലും കാണാം.

ഖണ്ഡേക്കറുടെ യയാതിയിലും ഇതു കാണാം. മഹാഭാരതത്തിൽനിന്നു വ്യത്യസ്തമായി ഖണ്ഡേക്കർ യയാതിയുടെ പരിസരം സൃഷ്ടിക്കുന്നു. ആ പരിസരത്ത് എങ്ങനെ ചിത്രങ്ങളാകാം എന്നതിന് ഏറ്റവും നല്ല ചിത്രാഖ്യാനമാണ് എ.എസിന്റെ യയാതി. ഇതിഹാസത്തിൽനിന്നു മാറിയ യയാതിയെപ്പോലെ തന്നെയാണ് എ.എസിന്റെ യയാതി ചിത്രീകരണവും. നോവെലിന്റെ വേറിടൽ ചിത്രങ്ങളിലും കാണാം. രണ്ട് ഐഡന്റിറ്റികളിൽ നിൽക്കുന്ന നോവെലും രേഖാചിത്രവും കാഴ്ച്ച/വായനകളിലെ വേറിടലുകളെ സൂചിപ്പിക്കുന്നു. എന്നാൽ നമ്പൂതിരി രണ്ടാമൂഴത്തിനു വരച്ച രേഖാചിത്രങ്ങളുമായി ചേർത്തുവച്ചു നോക്കുമ്പോളാണ് ഇതു മനസിലാക്കുക.

നോവെലിന്റെ ചിത്രീകരണമായിട്ടാണ് രണ്ടാമൂഴം തോന്നുക. ചിത്രീകരണത്തിലെ ഭാവന യയാതിയെ വേറിട്ട മണ്ഡലത്തിൽ നിർത്തുംപോലെ രണ്ടാമൂഴത്തെ നിർത്തുന്നില്ല. അത് നോവലിനെ സഹായിക്കുന്ന ചിത്രീകരണം മാത്രമാണ്. നോവെലിലെ എഴുത്തുകളില്ലെങ്കിൽ രണ്ടാമൂഴത്തിലെ ചിത്രീകരണങ്ങൾ നിർജ്ജീവമാണ്. രണ്ടും ചേർന്നുള്ള സഞ്ചാരമാണത്. നമ്പൂതിരി ചിത്രീകരണങ്ങളുടെ പൊതുസ്വഭാവം കൃതിക്കൊപ്പം സഞ്ചരിക്കലാണ്. എ.എസിന്റെ രീതി അതല്ല. സാഹിത്യം അതിന്റെ രീതിയിലും ചിത്രീകരണം മറ്റൊരു രീതിയിലുമാണ് നീങ്ങുക. രണ്ടിനും രണ്ട് ജീവിതങ്ങളാണുള്ളതെന്ന് എ.എസിന്റെ രചനകൾ വിളിച്ചറിയിക്കുന്നു.

യയാതി ഒറ്റയ്ക്ക് പ്രദർശിപ്പിക്കുമ്പോൾ അത് എ.എസിന്റെ യയാതിയായി നമ്മുടെ കാഴ്ചയിലും ചിന്തയിലും എത്തുന്നു. രണ്ടാമൂഴം നേരെ മറിച്ചാണു എത്തുക. അതിനർത്ഥം എം.ടിയെ അനുധാവനം ചെയ്യുന്നുവെന്നാണ്. പരസ്പര പൂരകങ്ങളായിരിക്കുന്ന രീതി ചിത്രകാരന്റെ ഭാവനയെ ഉണർത്തുന്നതല്ല. അത് അതിന്റെ ഭാഗമായിത്തീരുന്ന പ്രവർത്തനം മാത്രമാണ്. രണ്ടാമൂഴത്തിന്റെ കാര്യത്തിൽ നമ്പൂതിരി അതു മാത്രമാണ് ചെയ്തിട്ടുള്ളതും. അതു കൊണ്ട് യയാതിയെപ്പോലെ രണ്ടാമൂഴ ചിത്രീകരണങ്ങളെ കാണാനും കഴിയില്ല.

യയാതിയിൽ എ.എസ് തന്റെ ചിത്രീകരണ മാർഗം കണ്ടെത്തുകയായിരുന്നു. അത് ചിത്രീകരണങ്ങളെ എങ്ങനെ സർഗാത്മകമാക്കാം എന്ന അന്വേഷണം കൂടിയാണ്. എ.എസ് ചിത്രീകരണകലയിൽ തന്റെ ഔന്നത്യം നേടാൻ ഭാവന ഉപയോഗിച്ചതായി കാണാം. ബ്രഷ് സ്ട്രോക്കിലും രേഖാപഥങ്ങളിലും തന്റെ പ്രയോഗസാന്നിധ്യം അദ്ദേഹം അറിയിക്കാറുണ്ട്. കഥാപശ്ചാത്തലം, രൂപ കാഴ്ച, പ്രകൃതി എന്നിങ്ങനെ നോവെലിനെയോ കഥയേയോ സർഗാത്മകമായി ചിത്രീകരിക്കുവാൻ എ.എസ് ശ്രമിക്കാറുണ്ട്. ചിലപ്പോൾ തന്റെ സർഗാത്മക കുസൃതികൾ വരെ അതിനായി ഉപയോഗിച്ചീട്ടുമുണ്ട്. ഇത് പ്രായോഗിക കലയെ മറികടക്കാനുള്ള ശ്രമം എന്ന നിലയിൽ കാണേണ്ടതാണ്.

എഴുത്തും ചിത്രീകരണവും പരസ്പര പൂരകമായി കാണുന്ന കലയെ എത്രകണ്ട് സർഗാത്മക നിർമ്മിതിയാക്കാം എന്നു ചിന്തിച്ച കേരളത്തിലെ ചിത്രീകരണകലയുടെ വക്താവാണ് എ.എസ്. അദ്ദേഹം ആ കലയെ സംസ്കാരങ്ങളുടെ ആഴത്തിലുള്ള ചിത്രീകരണമായിട്ടാണ് കണ്ടത്. അദ്ദേഹത്തിനു മുൻപും പിൻപും ഈ രീതിയിൽ ആരും ശ്രമിച്ചു കണ്ടില്ല. ചെറിയ ശ്രമം ടോം വട്ടക്കുഴിയാണ് നടത്തിയത്. ചിത്രീകരണകലയുടെ പ്രശ്നങ്ങൾ മനസിലാക്കി ടോം അതുപേക്ഷിക്കുകയായിരുന്നുവെന്നു തോന്നുന്നു. മറ്റു പലരും ഈ കലയിൽ പിച്ചവയ്ക്കുന്നുണ്ടെങ്കിലും കളർ ഇലസ്ട്രേഷന്റയും സ്വയം അനുകരണത്തിന്റെയും പാതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഏങ്കോണിപ്പും കുത്തിവരപ്പുമാണ് ചിത്രീകരണ കല എന്ന ബോധത്തിനു പുറകിലും ചിലർ സഞ്ചരിക്കുന്നുണ്ട്.

ജോർജ് ഗ്രൗസ് തന്റെ കാലഘട്ടത്തെ ചിത്രീകരിക്കാൻ നിറങ്ങളും വക്രീകൃത രൂപങ്ങളും ഉപയോഗിച്ചിരുന്നു. അതിന്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണു്. ഹിറ്റ്ലർ ലോകത്തെ എങ്ങനെ കണ്ടുവോ അതിന്റെ അപകടങ്ങളായിരുന്നു ഗ്രൗസ് കൊണ്ടുവന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ചിത്രകാരന്റെ ഭാവന പഴയപടി ആണെങ്കിൽ ഏങ്കോണിപ്പുകളും കുത്തിവരപ്പുമായി ഈ കല അവസാനിച്ചേക്കും. പക്ഷേ മലയാളിയിൽ രേഖാചിത്രീകരണം കലയാക്കിയ എ.എസിനെ എന്നും ഓർക്കും. കാരണം എ.എസ് ഭാവനയിലാണ് ചിത്രീകരണം നിർവ്വഹിച്ചത്. പേജിനും കാലിയോഗ്രാഫിയ്ക്കും വേണ്ടിയായിരുന്നില്ല. അതു കൊണ്ടു തന്നെ സംസ്കാരങ്ങളുടെ വിനിമയങ്ങൾ അദ്ദേഹത്തിന് അന്വേഷിക്കേണ്ടതായി വന്നു. വരകളെ സംസ്കാരങ്ങളുടെ പാഠങ്ങളാക്കേണ്ടി വന്നു. ചിത്രീകരണ കലയുടെ നവീനമായ ഭാഷയിൽ.
ചിത്രങ്ങളിലൂടെ.....👇👇
സെൽഫ് പോർട്രെയ്റ്റ്
ഇന്ത്യൻ ഇങ്കിലെ വിസ്മയം

ലളിതകലാ അക്കാദമിയുടെ പ്രദർശനത്തിൽ നിന്നും...
 ഈ ചിത്രം ഏതു കൃതിയിലേതാണെന്ന് പറയൂ😊😊
പാണ്ഡവപുരത്തിലെ രേഖാചിത്രങ്ങൾ..

ഖസാക്കിന്റെ ഇതിഹാസം...




അഭിസാരിക
ഈ ചിത്രം മദനൻ സർ വരച്ചതാണ്.മദനൻ സാറിന്റെ മുമ്പിലിരുന്ന് വരയ്ക്കുന്ന AS
AS നെക്കുറിച്ച് ആർ.ജെ പ്രസാദ് എഴുതിയ കൃതി _ ചിത്രങ്ങൾ

AS നെക്കുറിച്ച് ജ്യോതിപ്രസാദ് ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്.

എം.പി.നാരായണ പിള്ളയുടെ എന്റെ അമ്മയുടെ രഹസ്യം എന്ന കഥയ്ക്കുവേണ്ടി വരച്ച ചിത്രം

അവഗണന ഒരുപാട് ഏറ്റുവാങ്ങിയ കലാകാരൻ തന്നെയായിരുന്നു ഒരർഥത്തിൽ AS.അദ്ദേഹം വരച്ച ചിത്രങ്ങളേറെയും മകൾ സുധ സൂക്ഷിക്കാൻ ശ്രമിച്ചെങ്കിലും പലതും നാശത്തിന്റെ വക്കിലാണ്. ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ക്കായി അദ്ദേഹം വരച്ച സുന്ദര ചിത്രങ്ങൾ ഏറെക്കുറെ നഷ്ടപ്പെട്ടുകഴിഞ്ഞു.ലളിതകലാഅക്കാദമിയുടെ സഹായസഹകരണത്തോടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.പ്രശസ്തനെങ്കിലും അപ്രശസ്തനായ കലാകാരനെ വരുംതലമുറ അറിയാൻ അക്കാദമി നടത്തുന്ന പ്രദർശനങ്ങളും പ്രവർത്തനങ്ങളും ശ്ലാഘനീയം തന്നെ🤝🙏