02-07-18b

ഗ്രീഷ്മത്തിലെ സമസ്യകൾ
 കഥകൾ
ടി.വി.ചന്ദ്രശേഖരൻ
📚📚📚📚📚📚📚📚📚📚

ലോഗോസ് ബുക്സ്
വില 120
📖📖📖📖📖📖
എടപ്പാൾ തലമുണ്ട വാര്യത്ത് ശ്രീ. ശൂലപാണി വാര്യരുടെ മകൻ.
എം.എസ്.എം.ഹയർ സെക്കന്ററി സ്കൂൾ  പ്രിൻസിപ്പൽ(വിരമിച്ചു)
📗📕📚📕📗

  സമകാല ജീവിതത്തോട് സംവദിക്കുന്ന ഒൻപത് കഥകൾ അടങ്ങുന്ന സമാഹാരമാണ് ഗ്രീഷ്മത്തിലെ സമസ്യകൾ.
       മനുഷ്യാവസ്ഥകളാണ് - അവയോടുള്ള പ്രതികരണങ്ങളാണ് പരിഹാരങ്ങളാണ് ഈ കഥകളത്രയും. ആവർത്തനമില്ലാത്ത ജീവിതാവസ്ഥകൾ. വ്യത്യസ്ത സ്വഭാവക്കാരായ മനുഷ്യർ അത്രത്തോളം വ്യത്യസ്തമായ പ്രശ്നങ്ങൾ, എയിലും കഥാപാത്രങ്ങളുടെ പ്രതികരണങ്ങളിൽ സമാനതയുണ്ടാവുന്നത്, പരോക്ഷമായെങ്കിലും പ്രകടമാവുന്ന രാഷ്ട്രീയം കൊണ്ട് ആവുമെന്നാണ്  ഉമ്മറു കുട്ടി നിരീക്ഷിക്കുന്നത്.
   
 ❤സർക്കസ്
❤ഗ്രീഷ്മത്തിലെ സമസ്യകൾ
❤സുഭദ്ര
❤മേഘമൊട്ടുകൾ
❤കാർമേഘവർണ്ണ ന്റെ മാറിൽ
❤പൗലോസ്ച്ചായൻ
❤ഐ.സി, യു
❤സാവിത്രി
❤ശരശയനം
   എന്നീ ഒൻപത് കഥകളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്.
      എന്നോ കേട്ടു മറന്ന ഒരു സംഭവവും, അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്തിട്ടുള്ള ഒരു സംഭവവും സർക്കസെന്ന കഥ നമ്മുടെ ഓർമ്മകളിൽ എത്തിക്കുന്നു. ലേശം പഴമ തോന്നുന്ന ഈ കഥയുടെ ആഖ്യാനം നിങ്ങളെ അലോസരപ്പെടുത്തിയാൽ വരുന്ന ഒന്നാന്തരം കഥകൾ നിങ്ങൾക്ക് അന്യമായിപ്പോകും. (ഈ കഥ ഒന്നാമതായി കൊടുക്കേണ്ടതില്ലായിരുന്നു എന്ന് തോന്നുന്നു)
    പുസ്തകത്തിന്റെ പേരും കൂടി പേറുന്ന രണ്ടാം കഥ ആഖ്യാന കുശലത കൊണ്ട് ശ്രദ്ധേയമാണ്.പ്രമേയത്തിന് പുതുമ അവകാശപ്പെടാനില്ലെങ്കിലും ,കഥ പുതിയതാണ്. ഇനിയുള്ള കഥകളിലേക്ക് വായന നീട്ടാൻ അനുവാചകനെ പ്രേരിപ്പിക്കുന്ന തരത്തിൽ പുതിയത്!
   ഒരു നല്ല കഥ വായിച്ച സംതൃപ്തിയോടെ അടുത്ത കഥയിലെത്തുന്ന നാം സുഭദ്രയെ ഇഷ്ടപ്പെടും. ഏതോ ഗതകാല സ്മൃതി നമ്മിലുണർത്തുന്ന വൈകാരികത നിറഞ്ഞു നിൽക്കുന്ന കഥ. കാവ്യനീതിയൊക്കെ സാഹിത്യത്തിന് അന്യമാവുന്ന ഇക്കാലത്ത് ഇത്തരം കഥകൾ തരുന്ന സന്തോഷം ചെറുതല്ല.
     മേളപ്പെരുക്കത്തിലെ ജാതീയത വെളിവാക്കുന്ന "കാർമേഘവർണ്ണന്റെ മാറിൽ" പുത്തൻ കഥകളുടെ മേച്ചിൽപുറങ്ങളിലാണ് വിഹരിക്കുന്നത്. കലാലോകത്ത് നടമാടുന്ന ജാതീയത കലയുടെ അടിസ്ഥാനം തന്നെ തകർത്തു കളയുമെന്ന് നമ്മെ നെടുവീർപ്പിടീക്കുന്നത് ഇവിടെ അനുഭവിക്കാം.
     
ചന്ദ്രശേഖരൻ മാഷെ കഥാലോകത്തേക്ക് രണ്ടാമതും കൊണ്ടുവന്ന പാലോസ്ച്ചായൻ എഴുത്തിന്റെയും വിഷയ സ്വീകരണത്തിന്റെയും പുതുവഴികൾ കാട്ടിത്തരുന്നതാണ്. വായനക്കൊരു ചിന്തയുടെ ഇടവേള നൽകാതെ നമുക്ക് ഈ കഥയിൽ നിന്ന് രക്ഷപ്പെടാനാവില്ല. അത്രക്ക് ഹൃദ്യമാണ് ഇതിന്റെ രചനാരീതി.

      ആദ്യ കഥാസമാഹാരം തന്നെ സവിശേഷമായ അനുവാചക ശ്രദ്ധ നേടുന്നതാണെന്നതിൽ കഥാകാരന് അഭിമാനിക്കാം.





















🌾🌾🌾🌾🌾     രതീഷ്