03-06-19b

📚📚📚📚📚
ടുണീഷ്യയിലെ പെണ്ണുങ്ങൾ
ഹബീബ് സാലിമി 

ഗ്രീൻ ബുക്സ്
പേജ് 192 വില
225

  1951 ടുണിഷ്യയിലെ കൈറോവിൽ ജനിച്ച, ടുണീഷ്യൻ അറബി നോവലിസ്റ്റും കഥാലകൃത്തും വിവർത്തനമാണ് ഹബീബ് സാലിമി. അറബ് ബുക്കർ സമ്മാനത്തിനുള്ള 2009( റവാഇഹു മേരീക്ലയർ),2012   (നിസാഉൽ ബസാതീൻ) , വർഷങ്ങളിലെ അന്തിമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ഇദ്ദേഹത്തിൻറെ പ്രസിദ്ധി ലോകവ്യാപകമായി .
10 നോവലും ചെറു കഥകളുമായി വിപുലമാണ് അദ്ദേഹത്തിൻറെ സാഹിത്യലോകം

   അൽജീരിയക്കും ലിബിയക്കും ഇടയിൽ, മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള ഒരു ചെറിയ രാജ്യമാണ് ടുണീഷ്യ.
1906 ഖൈറുദ്ദീൻ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ;സ്വാലിഹ് അൽ-സുവൈസി' യുടെ 'അൽ -ഹൈഫാ വസിറാജുലൈൽ' ആദ്യ ടുണീഷ്യൻ അറബി നോവലായി കരുതപ്പെടുന്നു.  പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ 1965ലെ' അൽ ദഹായ'ആണ്.

ഹബീബ് സാലിമി യുടെ ''നിസാഉൽ ബസാതീൻ'' 2010 ലാണ് പുറത്തിറങ്ങിയത്. 'ബസാതീനിലെ സ്ത്രീകൾ' എന്ന് മലയാളത്തിൽ പറയാം. ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസ് പട്ടണത്തിലുള്ള ബസിതീൻ കോളനിയാണ് കഥയുടെ പശ്ചാത്തലഭൂമി. നോവലിസ്റ്റ് ടുണീഷ്യയിലെ ഒരു അറബിക് അധ്യാപകനാണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോക്ടർ എൻ ഷംനാദും അറബി അധ്യാപകനാണ്.
, ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ. പാരീസിൽ അധ്യാപകനായി ജോലിചെയ്യുന്നു തൗഫീഖ് എന്ന് ടുണീഷ്യൻ കുടിയേറ്റക്കാരൻ ആണ് നോവലിലെ നായകൻ

 മുസ്ലിം രാഷ്ട്രമാണെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചിട്ടുള്ള രാജ്യമാണ് ടുണീഷ്യ ലോകത്ത് ഇങ്ങനെയും ഇസ്ലാമിക രാജ്യങ്ങൾ ഉണ്ടെന്ന- ശരാശരി മലയാളിയെ/ മതവിശ്വാസിയെ- ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ നോവൽ പങ്കുവയ്ക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ടുണീഷ്യയിലെ    സ്ത്രീ അവസ്ഥകളുടെ മാത്രം ചിത്രീകരണമല്ല ഈ നോവലിലുള്ളത് .മുല്ലപ്പൂ വിപ്ലവത്തിന് തൊട്ടു മുമ്പുള്ള കാലത്ത് ടുണീഷ്യയിൽ സംഭവിച്ച സാമൂഹ്യ മാറ്റങ്ങളിലേക്ക് തുറന്നുവച്ച കണ്ണാടിയാണ് ഈ നോവൽ .ടുണീഷ്യയിൽ നടക്കുന്ന മതവൽക്കരണം ചിലരെയൊക്കെ അസ്വസ്ഥരാക്കുന്നുണ്ട്. ചിലർ അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട് .ശരിയത്ത് നിയമത്തിലേക്ക് ടുണീഷ്യയെ എത്തിക്കാൻ ശ്രമിക്കുന്നവരുടെയും അതിൽ സങ്കടപ്പെടുന്ന വരുടെയും കഥയാണ് ഈ നോവൽ .പുരുഷന്മാർ സ്ത്രീകളിൽ മാറ്റം അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് ആണും പെണ്ണും ചേർന്ന ഒരു വിഭാഗം സാംസ്കാരിക മാറ്റത്തിന് ചോര ഒഴുകാൻ തയ്യാറായി നിൽക്കുന്നു. ഇഷ്ടമില്ലെങ്കിലും എതിർക്കാനിവാതെ രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളും പുരുഷന്മാരും മറുഭാഗത്തും. മത വേഷം ധരിക്കാത്ത സ്ത്രീകളെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അതേ ഗൗരവത്തിൽ തന്നെയാണ് ജുമാ മുടക്കുന്ന പുരുഷന്മാരെ ഭീഷണിപ്പെടുത്തുന്നതും. യൂറോപ്പുമായി ജിയോപൊളിറ്റിക്കൽ ആയ സാമീപ്യം ഉള്ളതിനാലും പഴയ ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും സൂക്ഷിക്കുന്നതിനാലും ഇതര ഇസ്ലാമിക് നാടുകളെ പോലെ ടുണീഷ്യക്ക് പെരുമാറാൻ ആകുമായിരുന്നില്ല. വ്യക്തികളുടെ അസ്വസ്ഥത ഒരു സമൂഹത്തെ എങ്ങനെ വിപ്ലവത്തിലേക്ക് നയിക്കുമെന്ന് പിൽക്കാല ടുണീഷ്യ ലോകത്തിനു കാണിച്ചുകൊടുത്തു .ആ സാമൂഹികമാറ്റത്തിന്റെ വിവിധ ഭാവങ്ങൾ ഒരു കോളനിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും- വിശേഷിച്ചും കുട്ടികളുടെയും- പെരുമാറ്റത്തിലൂടെ ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ഈ നോവൽ ചെയ്യുന്നത്.

     കഥാനായകനായ പ്രവാസി അധ്യാപകൻ തൗഫീഖ്, തൗഫീഖിന്റെ ഒരു സഹോദരൻ ഇബ്രാഹിം, ഭാര്യ യുസ്ര , മകൻ വാഇൽ, മൂത്ത സഹോദരനും ഭാര്യയും മകനും, യുസ്രയുടെ അനുജത്തി ലൈല, അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന വിധവയായ നഈമ  ,തൗഫീഖിന്റെ സുഹൃത്ത് നബീൽ, ചില പുരുഷന്മാർ കുറച്ച് വേശ്യാ സ്ത്രീകൾ കുറച്ചു കുട്ടികൾ ഒരു ടാക്സി ഡ്രൈവർ  പോലീസുകാർ എന്നിവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ .ഇതിൽ ഒരു കുടുംബം ഒഴികെ ബാക്കിയെല്ലാവരും ഒരൊറ്റ കോളനിയിൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരാണ് .വഴിവിട്ട ബന്ധങ്ങളോട് തികഞ്ഞ അസഹിഷ്ണുത പുലർത്തുകയും; അതേസമയം വഴിവിട്ട ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ .ഒരു നാടിന്റെ സാംസ്കാരിക മാറ്റത്തെ കൃത്യമായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. ഭക്തിയിലേക്കുള്ള യാത്രയിൽ സ്ത്രീകളും കുട്ടികളും തീവ്രവാദികളായ പുരുഷന്മാരോടൊപ്പം മുൻപിലുണ്ട് .അല്ലെങ്കിൽ ഭക്തി എന്ന ചതിക്കുഴി ഉപയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും എളുപ്പം അന്ധവിശ്വാസങ്ങളിലേക്ക് തള്ളിയിടാമെന്നും; അതുവഴി അന്ധവിശ്വാസങ്ങളുടെ സമഗ്രാധിപത്യം സംഭവിക്കുമെന്നും ഈനോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

രതീഷ് കുമാർ.

🌾🌾🌾🌾🌾🌾