03-06-19

📚📚📚📚📚
കാപ്പി 
ധർമ്മരാജ് മടപ്പള്ളി

 ലോഗോസ്
പേജ് 224
 വില 200
     
          സഞ്ചാരികൾക്ക് അകൃത്രിമ സൗന്ദര്യത്തിന്റെ നിറവാണ് വയനാട്. അവിടുത്തെ തോട്ടം മേഖലയിൽ  പണിയെടുക്കാൻ എത്തി ജീവിതത്തോട് മല്ലടിക്കുന്ന സാധാരണക്കാരന് പക്ഷേ ശമിക്കാത്ത വിശപ്പിന്റെ, ഉള്ളുരുക്കത്തിൻറെ, കണ്ണുനീർത്തുള്ളി  മൂടൽമഞ്ഞ് തീർക്കുന്ന ചാവുമലകളാണവ.ഈഅഭിപ്രായപ്രകടനം ചിലരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം .അതുകൊണ്ട് ഞാൻ ആദ്യമേ പറയട്ടെ അഭിപ്രായമല്ല. കാപ്പി എന്ന നോവൽ തരുന്ന  അനുഭൂതിയാണ്.

    തെറ്റി. കാപ്പിയെ നോവൽ എന്ന് വിളിക്കാൻ പാടില്ല .നിറഞ്ഞ കവിതയാണത്. എഴുത്തുകാരനും പ്രസാധകനും അതിനെ നോവൽ എന്ന് വിളിച്ചതുകൊണ്ട് അനുവാചകർക്കും അങ്ങനെ തെറ്റി വിളിക്കേണ്ടി വരുന്നു എന്ന് മാത്രം. ഈ അക്ഷരങ്ങളിൽ വിരിയുന്ന കവിതയ്ക്ക്  ഉദാഹരണം കൊടുക്കുന്നില്ല .കാരണം ഏതുദാഹരിച്ചാലും ഇതര ഭാഗങ്ങൾ  നമ്മോട് പരിഭവിക്കും .പ്രകൃതിയെ  പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാൻ  അനുവാചകനെ നിർബന്ധിക്കുന്ന ഒരു പാരിസ്ഥിതിക രചനയാണ്  കാപ്പി. അതിനർത്ഥം പരിസ്ഥിതി സംരക്ഷണം മുദ്രാവാക്യം ആക്കിയ അസംഖ്യം രചനകളുടെ കൂടെയുള്ള ഒന്ന് എന്നല്ല.അങ്ങനെ ഒരിക്കലും ചിന്തിക്കരുത്. നഷ്ടപ്പെട്ടുപോകുന്ന  പരിസ്ഥിതിയെക്കുറിച്ച്  അനുവാചക ഹൃദയത്തിൽ  ഒരു നിലവിളി ജനിപ്പിക്കുന്ന രചനയെന്ന് എന്നേ മനസ്സിലാക്കാവൂ. ഈ കൃതിയുടെ കഥാഗാത്രം വളരെ ചെറിയ ഒന്നാണ്.

ജീവിതത്തിൻറെ പ്രാരാബ്ധം സൂര്യകാന്തി എണ്ണ  വിൽപ്പനക്കാരൻ ആക്കി  വയനാട്ടിൽ എത്തിച്ച ആഖ്യാതാവാണ്  കേന്ദ്ര കഥാപാത്രം. രണ്ടു തലമുറ മുമ്പ് ജ്ഞാനസ്നാനപ്പെട്ടെങ്കിലും മരവിക്കാത്ത  വേരുകൾ അലോസരപ്പെടുത്തുന്ന  മർക്കോസ് ചേട്ടൻ ആഖ്യാതാവിൻറെ സഹജീവിയാണ്. പാമ്പുകടിയേറ്റു മരണപ്പെട്ട ഭാര്യയുടെ ഓർമ്മകളിൽ ജീവിതത്തിൻറെ പരുപരുപ്പ് ഉരച്ചു തീർക്കുന്ന ദാമോദരൻ റൈറ്റർ . വിപ്ലവത്തിൻറെ ലാവ  സിരകളിലൂടെ പ്രവഹിക്കുമ്പോഴും തണുത്തുറഞ്ഞ ധ്രുവപ്രദേശം പോലെ ജീവിതത്തോട മത്സരിച്ചഭിനയിക്കുന്ന വെള്ളയപ്പൻ .വിളവെടുപ്പുകാലം ആകുമ്പോൾ  കാപ്പി തോട്ടത്തിന് പുളകമായി എത്തുന്ന കുടക് നാഗങ്ങൾ. അവരോടൊപ്പം എത്തിയ  നാച്ചി എന്ന പ്രണയപ്പൂൺപ്. അവിവാഹിത അമ്മമാരുടെ  മക്കൾക്കണക്കുകളിൽ പോലും  കടന്നു വരാൻ ആവാത്ത വിവാഹിത  അവിഹിത  സന്തതികളുടെ പ്രതിനിധിയായ തേമ്പൊടി. പെണ്ണത്തത്തിൻറെ  വിരാഡ്സ്വരൂപമായ നാഗമ്മ  എന്നിവരാണ്  കഥാപാത്രങ്ങൾ .
ഒരു കാപ്പിത്തോട്ടത്തിൻറെ മരണകാലമാണ് ഈ കൃതിയുടെ കാലം

     ഇനി ഉള്ളതെല്ലാം കവിതയാണ് .നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും കാലത്തിനു വേണ്ടി ചോര ചാറിചുവപ്പിച്ച ഒരുപിടി ആളുകളുടെ ജീവിതം  ഒരു നിലവിളി പോലെ ഉയർന്ന് തേങ്ങലായി പരിണമിക്കുന്ന ജീവിത കാഴ്ചയുടെ ഈ തീരത്തേക്ക് പ്രിയ  അനുവാചകർക്ക് സ്വാഗതം. കവിത തേടി  അലയുന്നവർക്ക് ഇവിടെക്കുറെനേരം അഭിരമിച്ചിരിക്കാതെ തരമില്ല

രതീഷ് കുമാർ.

🌾🌾🌾🌾🌾