02-03-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
******************
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻

ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..👇🏻
ഇതാണ് ഞാൻ
(ആത്മായനം)
ജസീന റഹീം
ഇതിനിടയ്ക്ക് വല്യമാമ ഗൾഫു മതിയാക്കി മധ്യ പ്രദേശിലെ ജോലിയിലേക്ക് മടങ്ങി.. മധ്യ പ്രദേശിൽ കോൺട്രാക്ടറായിരുന്നു മാമ.. എന്റെ കുട്ടിക്കാലം മുതലേ ഞാൻ കത്തെഴുതാൻ നന്നായി ശീലിച്ചിരുന്നു.. മാമ എനിക്ക് ധാരാളം കത്തുകൾ അയച്ചിരുന്നു.. ഇടയ്ക്ക് മറ്റാരുമറിയാതെ മണിയോർഡറും.. ഞാൻ ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്നൊരാൾ പോസ്റ്റുമാനാണ്.. മാമായുടെടെ കത്തുക്കൾക്ക് വിശദമായി നാട്ടിലെ വിശേഷങ്ങൾ എഴുതി നിറച്ച് മറുപടി അയയ്ക്കുക.. സ്കൂളിൽ പോകും വഴി വിളക്കുടി പോസ്റ്റ് ഓഫീസിൽ കയറുക ഇതൊക്കെ ഇഷ്ടത്തോടെ ചെയ്തു.. ഒരിക്കൽ ഒരു നട്ടുച്ചയ്ക്ക് വഴിയിലൂടെ ആരോ സൈക്കിൾ മണി മുഴക്കി പോയപ്പോൾ പോസ്റ്റുമാനാണെന്ന് കരുതി വീട്ടിൽ നിന്ന് ഇറക്കമിറങ്ങിയോടുകയും നെഞ്ചടിച്ച് ...കൈ കുത്തി വീഴുകയും ചെയ്തു.. അന്ന് ഇടത് കൈവെള്ളയിൽ ആഴത്തിൽകല്ലു കുത്തിക്കയറിയ അടയാളം ഇന്നുമവശേഷിക്കുന്നുണ്ട്.. മായാതെ..
       ഇടയ്ക്ക് ഉപ്പുപ്പ എന്നെക്കൊണ്ട് വല്യ മാമായ്ക്ക് കത്തെഴുതിക്കുമായിരുന്നു.. നാട്ടിലെ വിശേഷങ്ങൾ ഉപ്പുപ്പ പറഞ്ഞു തരും പോലെ ഞാൻ കത്തിലെഴുതണം.. എന്നിട്ട് അവസാനം വായിച്ചു കേൾപ്പിക്കണം.. ഉപ്പുപ്പ പറയാത്ത കാര്യങ്ങളും കത്തിലെഴുതി ചേർക്കുക എനിക്കൊരു ഹരമായിരുന്നു... ഒരിക്കൽ കത്തിന്റെ അടിയിൽ എൻ-ബി ഇട്ട് "മോനേ.. കത്ത് മറന്നാലും കാശയക്കാൻ മറക്കല്ലേ..." ന്ന് ഉപ്പുപ്പായ്ക്ക് വേണ്ടി ഞാൻ എഴുതിച്ചേർത്തു... ചിലപ്പോൾ ഉപ്പുപ്പായ്ക്കുള്ള മാമാടെ മണിയോർഡർ എന്റെ പേരിൽ വന്നിരുന്നു.. മണിയോർഡർ ഒപ്പിട്ട് വാങ്ങുന്നതിന് ഉപ്പുപ്പാടെ കയ്യിൽ നിന്ന് കണക്കു പറഞ്ഞ് ഞാൻ കാശ് വാങ്ങി... വല്യമാമായ്ക്ക് എന്നോട് അത്ര സ്നേഹമായിരുന്നു.. അവൾ.. ആ .. കശ്മല വരും വരെ...!!
          വീട്ടിൽ ആൺമക്കളില്ലാഞ്ഞതിനാലും ഇളയതായതിനാലും 'എൽസമ്മ 'യെ പോലെ ഞാൻ വളർന്നു.. പെൺകുട്ടികൾ തറയിൽ നോക്കി മണ്ണിനെ നോവിക്കാതെ നടക്കണമെന്നും പതിയെ  സംസാരിക്കണമെന്നും  ഉമ്മ ഉപദേശിക്കുമ്പോൾ ഞാൻ ആന കരിമ്പിൻക്കാട്ടിൽ കയറിയ പോലെ ..കൈയും കാലും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞ് ഉച്ചത്തിൽ സംസാരിച്ച്.. മതിയാവോളം പൊട്ടിച്ചിരിച്ച് നടന്നു.. കുറ്റപ്പെടുത്തലുകൾക്കു നേരെ ചിറി കോട്ടി..
          ഉമ്മ പശുവിനെ വിറ്റ ശേഷംഞങ്ങൾ അഞ്ചംഗ സംഘത്തിന് കളിക്കാൻ സമയം ധാരാളം കിട്ടിയിരുന്നു.. അത്തരം കാര്യങ്ങളിൽ ഉമ്മ നിയന്ത്രണങ്ങൾ ഒട്ടും ഏർപ്പെടുത്തിയിരുന്നില്ല.. വൈകിട്ട് പ്രാർഥനാ സമയത്ത് കണ്ടില്ലെങ്കിൽ ഉമ്മ ഓടിച്ചിട്ട് അഞ്ചിനെയും അടിച്ചിരുന്നു.. ഒരിക്കൽ ഒരവധിക്കാലത്ത് ഞങ്ങൾടെ ബഹളം സഹിക്കാനാവാതെ കൊട്ടാരക്കരയിലെ മൂത്താപ്പ കലിമായെ അടിക്കാൻ വടിയെടുത്തു.. വടി കണ്ടപ്പോഴേ അവളിറങ്ങി ഓടി.. ഓട്ടത്തിനിടയിൽ അവളുടെ മാമായും കൂടിയായ മൂത്താപ്പായെ  "ഓടരുതമ്മാവാ.. ആളറിയാം..." എന്ന് കളിയാക്കി കൂകി വിളിച്ചാണവളോടിയത്... കർണാടകയിൽ നിന്ന് വന്നതിനാൽ മലയാളം നന്നായി പറയാൻ അറിയാത്ത കലിമായും റെജുവും അടുത്തുള്ള ഭാസ്ക്കരപിള്ളച്ചേട്ടനെ 'പോക്കിറിയാംപിള്ളച്ചേട്ടനെ'ന്നു വിളിച്ചു.. കർണാടകക്കാരി മാമി ഞങ്ങൾടെ ഉമ്മായിൽ നിന്ന് കേരള പാചകം പഠിച്ച് നല്ല പാചകക്കാരിയായി..
          ഇളയ മാമ കേരളപുരത്തുന്നാണ് കല്യാണം കഴിച്ചത്..  കല്യാണം കഴിച്ച് മാമ ഭാര്യയുമായി മദ്രാസിൽ ഹണിമൂൺ പോയ കഥ വളരെ പ്രശസ്തമാണ്.. പണ്ടേ നാടോടിമന്നനായ മാമ വിവാഹശേഷം ഹണിമൂൺ മദ്രാസിലാക്കി.. രണ്ടു പേരും കറങ്ങി നടന്ന് മദ്രാസ് കാണവേ ഇടക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ മാമ ഇറങ്ങി.. രണ്ടു പേരും ബസിൽ രണ്ടിടത്തായി ഇരുന്നതിനാൽ മാമ ഇറങ്ങിയത് മാമി അറിഞ്ഞതുമില്ല... മാമിയാകട്ടെ ബസ് അവസാന സ്റ്റോപ്പിലെത്തി പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഭർത്താവിനെ കാണാതെ അന്തം വിട്ട് കരച്ചിൽ തുടങ്ങി.. കയ്യിൽ കാശില്ല.. തമിഴറിയില്ല.. എല്ലാ ബസിനും ഒരേ നിറം ..മാമി കരച്ചിൽ തുടങ്ങി.. കരച്ചിൽ കണ്ട് തിരക്കിയവരോട് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് മാമി പറഞ്ഞു.. ഒടുവിൽ ഭാര്യയെ തേടി ചെന്നൈ ചുറ്റിയ മാമ ക്ഷീണിതനായി പോലീസ് സ്റ്റേഷനിലെത്തുമ്പോൾ അതാ അവിടെ വനിതാ പോലീസുകാർക്കിടയിൽ കഥാനായിക..!!
         വിളക്കുടി എന്ന ഗ്രാമം എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യം സമൃദ്ധമായ ഒരു ബാല്യകാലമായിരുന്നു.. വീട്ടിലെ സമ്പത്തോ.. സുഭിക്ഷതയോ ആയിരുന്നില്ല ആ സമൃദ്ധി.. കാടും മേടുമിളക്കി മറിച്ച് കൂട്ട് കൂടി നടന്ന കാലം.. വയലുകളിലും റബർ തോട്ടങ്ങളിലും വെറുതെ അലഞ്ഞു നടന്നു.. സ്വന്തമായി വയലില്ലെങ്കിലും  ഞാൻ കണ്ട വയലെല്ലാം എന്റെതായി.. മതി വരുവോളം ചേറിൽ ചവിട്ടി നെന്മണി കൊയ്തു.. പകരമവർ തന്ന കച്ചി തലച്ചുമടാക്കി വീട്ടിലെത്തിച്ചു പശുവിന് തീറ്റയാക്കാൻ.. മദ്രസ വിട്ടു സന്ധ്യകളിൽ മടക്കയാത്രയിൽ കൂട്ടുകാരി ഷഹുബാനത്തിനൊപ്പം അവളുടെ സ്വന്തം ചായക്കടയിലെ ..തണുത്തതെങ്കിലും വിശപ്പ് രുചിയേറ്റിയ ദോശയുടെ മണവും രുചിയും മറക്കാനാവില്ലൊരിക്കലും..
       ഞങ്ങൾ വളരുകയായിരുന്നു .. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഞാൻ വിളക്കുടിയിലെ ഏക ഹൈസ്കൂളായ മന്നം മെമ്മോറിയലിലേക്ക്.. അവിടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഡിവിഷനുകളായിരുന്നു.. എന്റെ എട്ട് സി ഡിവിഷനിൽ നിറയെ കുട്ടികളായിരുന്നു.. രാഖി..ഭുവന.. ഷീന.. മായാദേവി.കെ.കെ.. മഞ്ജു.. ഇങ്ങനെ പഠിപ്പിസ്റ്റുകൾ ഒരു പാടുള്ള ക്ലാസ്സ്.. കലാദേവി ടീച്ചറുടെ മകൾ മായാദേവി.കെ.കെ യായിരുന്നു ക്ലാസ്സിലെ ഏറ്റവും മിടുക്കി.. ഓട്ടൻതുള്ളൽ ..കഥാപ്രസംഗം തുടങ്ങി കലാമത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രതിഭ.. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത ഞാൻ ആദ്യമായി കേൾക്കുന്നത് മായാദേവി കഥാപ്രസംഗ രൂപത്തിൽ അതവതരിപ്പിക്കുമ്പോഴാണ്..എല്ലാ വിഷയങ്ങൾക്ക് ഫസ്റ്റ് തനിക്കു തന്നെ കിട്ടണമെന്ന നിർബന്ധക്കാരിയായിരുന്നു മായ.. ചുരുണ്ട മുടിയും വലിയ കണ്ണുകളുമുള്ള ഇരുനിറക്കാരി രാഖി.. രാഖിയുടെ കോട്ടവട്ടത്തുള്ള വീട്ടിൽ ഒരു വെള്ളിയിലെ നീണ്ട ഉച്ചയിടവേളയിൽ പോയതോർക്കുന്നു.. ഷീന .. ക്ലാസ്സിലെ ഏറ്റവും സുന്ദരി.. നെറ്റിയിലേക്ക് മുടിയൊക്കെ മാമാട്ടിക്കുട്ടി സ്റ്റൈലിൽ വെട്ടിയിട്ട വെളുവെളുത്ത സുന്ദരി.. ഭുവന പൊക്കം കുറഞ്ഞുരുണ്ട നാട്ടിൻ പുറ നന്മ.. പിന്നെ .. അനിത.. ബിന്ദു .. എല്ലാവർക്കും ഇന്നും വയസ് പതിമൂന്നാണെന്റെ മനസിൽ...
       മന്നത്തിലെ എല്ലാവരുടെയും പേടി സ്വപ്നം കണക്കു പഠിപ്പിക്കുന്ന മാധവൻ സാറായിരുന്നു.. അടി കണ്ടുപിടിച്ചതു തന്നെ മാധവൻ സാറാണെന്നായിരുന്നു ഞങ്ങൾടെ വിചാരം.. പല സ്കൂളുകളിൽ പഠിച്ചെങ്കിലും മലയാളം പഠിപ്പിച്ച വരെ മാത്രം ഞാനെന്നുമോർത്തു.. ഊർമിള പഠിപ്പിച്ച സപ്തമി ടീച്ചറിനെയും മലയാളം ഫസ്റ്റ് പഠിപ്പിച്ച വിജയലക്ഷ്മി ടീച്ചറിനെയും എന്റെ റോൾ മോഡലുകളാക്കി.. ഞാൻ പോലുമറിയാതെ ഭാഷയോടൊരു പ്രണയം ഉള്ളിൽ വളരാൻ തുടങ്ങി.. കണക്കൊഴിച്ച് ബാക്കിയെല്ലാ വിഷയങ്ങൾക്കും ഭേദപ്പെട്ട മാർക്ക് കിട്ടി.. കണക്കും ഞാനുമായുള്ള ഒളിച്ചുകളി അന്നുമിന്നും ഒരു പോലെ തുടരുന്നു.. എന്തുകൊണ്ട് കണക്കിന് മാത്രം ഞാൻ പിന്നിലായി എന്നതിന്റെ കാരണമറിയാൻ പത്താം ക്ലാസ് അവധിക്കാലം വരെ കാത്തിരിക്കേണ്ടി വന്നു...
******************

ഇനി കാലിക പ്രസക്തിയുള്ള രണ്ട് കവിതകളാകാം..👇🏻
സ്വസ്ഥം
യൂസഫ് നടുവണ്ണൂർ.
എവിടെയോ കാറ്റിരമ്പുന്നുണ്ട്
അതിർത്തിയിലല്ലെന്റെ തൊടി
ഞാൻ ചെടികളെ പരിചരിച്ച്
അതിന്റെ പൂമണത്തിൽ
ലയിച്ചങ്ങനെ.....
ശല്യപ്പെടുത്തല്ലേ!
എന്റെ തീൻമേശയിലെ
ചോറിന് നല്ല ചോപ്പാണ്.
ഇന്ന് കൂട്ടാൻ
മുളക് കറിയായിരുന്നു!
അറിയാമോ
തീരെ നേരമില്ല
ഹാഷ് ടാഗുകളില്ലെല്ലാം
മിസൈൽ പായിക്കാനുണ്ട്.
******************

മറുപടി
വിനോദ്.കെ.ടി
ഇന്ത്യ
പാക് ബങ്കർ തകർത്തു
പാക് ആക്രമണം
മൂന്ന് സൈനികർ
മരണപ്പെട്ടു.
ഇന്ത്യ തിരിച്ചടിച്ചു.
മുപ്പത് പാക് സൈനികർ
കൊല്ലപ്പെട്ടു.
ഇന്ത്യക്ക്
ഒന്നും പറ്റിയില്ല
പാകിസ്ഥാനും .
മുള്ളുവേലിയ്ക്കരികിൽ
കുടിവെള്ളം
ഇനി യേറ്റവുമടുത്ത്
എവിടെയെന്നോർത്ത്
കുറേ ഗ്രാമീണർ മാത്രം
പിടഞ്ഞു കൊണ്ടേയിരുന്നു.
******************

ഉടൽ
ശ്രുതി.വി.എസ്.വൈലത്തൂർ
പെണ്ണുടലിൽ ധാരാളം
പ്രണയങ്ങൾ ഉണ്ട്...
അംഗ ഛേദം വന്ന
പ്രണയ ഞരമ്പുകൾ
ശിരസ്
തലച്ചോറ് ,കഴുത്ത്
തേഞ്ഞ കൈവിരലുകൾ
വയർ
പ്രണയം പെയ്തൊഴിഞ്ഞ
ചുളിഞ്ഞ
അടിവയർ
നടന്നു തേഞ്ഞ
കാൽപ്പാദങ്ങൾ
പൊട്ടിയ വിരൽ-
നഖങ്ങൾ
പെണ്ണുടലിൽ ധാരാളം
പ്രണയങ്ങൾ ഉണ്ട്
പുറകിൽ നിന്നു നോക്കിയാൽ
തടിച്ച മുടിക്കെട്ട്, നിതംബം
പിന്നിയ ബ്ലൗസിനു താഴെയുള്ള
കരിവാളിച്ച വിടവുകൾ
അങ്ങനെ ,അങ്ങനെ
ഒരിക്കലും,
പെണ്ണുടലിനു പുറകിൽ
പ്രണയം തിളച്ചുമറിഞ്ഞു -
തൂവാറില്ല .
പുറം തിരിഞ്ഞു
നിൽക്കുന്നവളെ
തിരിച്ചുപിടിച്ചാലേ
പ്രണയിക്കാൻ കൊള്ളൂ
എന്നാണ്
പ്രണയ മതം
അതു കൊണ്ട്
മനസിലും
ശരീരത്തിലും
പ്രണയം
പെയ്തിറങ്ങാറേയില്ല
മനസും
ശരീരവും
നനയാതെയാണ്
പെണ്ണുടലുകളിൽ
നിർമിതികളുണ്ടാകുന്നത്,
ജന്മങ്ങൾ ഉണ്ടാകുന്നത്.
******************

ഇനി ഒരു കഥയായാലോ...?👇🏻
 ഗുണപാഠം
 സുഷമ സേതു
       പണിയെല്ലാം ഒതുക്കി ഒന്ന് നടുനിവർക്കാമെന്നു കരുതി മുറിയിലേക്ക് വന്നപ്പോഴാണ് മുൻവശത്തു കതകടച്ചില്ലല്ലോന്നു ഓർത്തത്.ഇന്നവധി ദിവസം ആയതു കൊണ്ടു കുട്ടികൾ വീട്ടിൽ തന്നെയുണ്ട്. കമ്പ്യൂട്ടറിന്റെയോ,ഫോണിന്റെയോ  മുൻപിലിരുന്നാൽ മുറിയിൽ കള്ളൻ വന്നു കേറിയാൽ പോലും അറിയില്ല.
       തിടുക്കപ്പെട്ടു വാതിൽ അടക്കാൻ തുടങ്ങിയപ്പോഴാണ് ഗേറ്റ് കരയുന്ന ശബ്ദം കേട്ടത്.ആരാന്നു കരുതി പുറത്തേക്കു മിഴികൾ പായിക്കുമ്പോൾ കണ്ടു,ഗേറ്റ് തുറന്നു ഒരു വൃദ്ധൻ അകത്തേക്ക് വരുന്നു
      അല്പം കൂനുണ്ട്..പുറത്ത്, വൃദ്ധനു താങ്ങാൻ പറ്റാത്തവിധത്തിലൊരു ഭാണ്ഡം.. അതിന്റെ വലുപ്പം കണ്ടാൽ തോന്നും  അതു ചുമന്നു ചുമന്നു കൂനു വന്നുപോയതാണെന്ന്.കൈയിലുള്ള  വടിയും കുത്തി ഏന്തിവലിഞ്ഞാണു നടപ്പ്.
     മുറ്റത്തു കയറി കഴിഞ്ഞപ്പോൾ വൃദ്ധൻ തലയുയർത്തി നോക്കി. തന്നെ കണ്ടപ്പോൾ കൈകൂപ്പി. പതുക്കെ പറഞ്ഞു.
      കുഞ്ഞേ..!.അല്പം കഞ്ഞിവെള്ളം കിട്ടിയാൽ നന്നായിരുന്നു.ഇതുവരെ ഒന്നും കഴിച്ചില്ല.. !
വിശപ്പിന്റെ കാഠിന്യം മുഖത്തും വിറക്കുന്ന ശരീരത്തിലും വിളിച്ചു പറയുന്നുണ്ട്.
      ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട് പറഞ്ഞു
    പിന്നാമ്പുറത്തേക്കു വരൂ..
       അതും പറഞ്ഞു കതകു ചാരി അടുക്കളയിലേക്ക് നടന്നു.
    താൻ അടുക്കളയിൽ ചെന്നു കഴിഞ്ഞു പിന്നെയും കുറെ സമയം വേണ്ടിവന്നു വൃദ്ധൻ നടന്നു വരാൻ.
     പുറകിൽ വന്നു തണലുള്ള  ഭാഗം നോക്കി ഭാണ്ഡവും വടിയും താഴെ വെച്ചിട്ട് നിലത്തു തന്നെയിരുന്നു.. ആ ഇരുപ്പ് കണ്ടപ്പോൾ ഒരു വിഷമം തോന്നി.
        അടുക്കളയോട് ചേർന്നു നീളത്തിൽ വരാന്ത പണിതിട്ടിട്ടുണ്ട്.അങ്ങോട്ടു നോക്കിയവൾ  പറഞ്ഞു. അവിടെ കേറി ഇരുന്നു കൊള്ളൂ. എന്നിട്ട് ചോദിച്ചു
കൈയിൽ പാത്രം ഉണ്ടോ..?  
  ഇല്ല..!
 വൃദ്ധന്റെ മറുപടി..
എന്തിലാഹാരം കൊടുക്കും.?
ഇവർക്കൊക്കെ നല്ല പാത്രത്തിൽ എങ്ങനെ ആഹാരം കൊടുക്കും. ! വല്ല അസുഖവും വന്നു പോയാൽ.. ഒരു വാഴയില പോലും പറമ്പിലില്ല.. ആകെ ആശങ്കപെട്ടു നിക്കുമ്പോഴാണ്,കളയാൻ വെച്ച കുറെ അഴുക്കു പാത്രത്തിൽ കണ്ണുകളുടക്കിയത്.
അതിൽ നിന്നും അല്പം ഭേദമുള്ളൊരു  പാത്രം തപ്പിയെടുക്കുമ്പോൾ കൈയിൽനിന്നും പാത്രം വഴുതി മുറ്റത്തേക്കു വീണു.
      അതുകുനിഞ്ഞെടുത്തിട്ടു നിവരുമ്പോൾ,  വെറുതെ വീടിന്റെ തെക്കു വശത്തേക്ക് കണ്ണുകൾ ചെന്നത്.കൈ ചുട്ടുപൊള്ളിയത് പോലെ പാത്രം ദൂരെക്കെറിഞ്ഞു
    ആഡംബരത്തിലും, ആരോഗ്യത്തോടെയും ഓടിനടന്ന അമ്മയാണ് ഈ ലോകത്തു സ്വന്തമായൊന്നുമില്ലന്നു തെളിയിച്ചു കൊണ്ടു ആറടി മണ്ണിൽ  പുഴുവരിച്ചു കിടക്കുന്നതു. നിറഞ്ഞു വന്ന കണ്ണുകൾ വേഗം തുടച്ചിട്ട് അടുക്കളയിലേക്കു കയറി. അവിടെ പല രീതിയിൽ അടുക്കി വെച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ഒരു പാത്രം എടുത്തു കഴുകിയിട്ടു വേഗം ആഹാരം വിളമ്പി.
          പെട്ടെന്ന് അമ്മയുടെ വാക്കുകൾ ചെവിയിൽ വന്നലക്കും പോലെ തോന്നി.
   മോളെ.. "ആരെങ്കിലും വിശന്നു കയറി വന്നു ആഹാരം ചോദിച്ചാൽ കൊടുക്കണം.വെറുതെ കൊടുത്താൽ പോരാ. വയർ നിറച്ചു കൊടുക്കണം. പാതിനിറഞ്ഞ വയറും ആയിട്ട് പോകരുത്.മനസ്സ് ശപിക്കും. ആഹാരം കൊടുക്കുന്നയാളിനും,കഴിക്കുന്നയാളിനും ഒരുപോലെ സംതൃപ്തി ഉണ്ടാകണം..അതു മാത്രം പോര. വൃത്തിയായി കൊടുക്കുകയും വേണം.. ."
 അമ്മയങ്ങനെ എന്തെല്ലാം നല്ല പാഠങ്ങൾ പറഞ്ഞു തന്നിരിക്കുന്നു.
നിറഞ്ഞു വന്ന കണ്ണുകൾ ഇടം കൈകൊണ്ടു തുടച്ചിട്ട് ചോറും മറ്റൊരു പാത്രത്തിൽ കറിയും വിളമ്പിയിട്ടു വൃദ്ധന്റെ മുൻപിൽ കൊണ്ടു വച്ചു.
   കുടിക്കാൻ കുറച്ചു വെള്ളം കൂടി അടുത്തു കൊണ്ടു വെച്ചിട്ട് വൃദ്ധൻ   ആർത്തിയോടെ ചോറ് വാരി കഴിക്കുന്നതും നോക്കി,  അല്പം മാറി നിന്നു. മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ.
          കുറെ നേരം ആ നിൽപ്പ് തുടർന്നു. വയർ നിറഞ്ഞ ഭാവം മുഖത്ത് കാണാം.എങ്കിലും അടുത്തു ചെന്നു ചോദിച്ചു...മതിയോ..?
    നന്ദിയോടെ മുഖത്തേക്ക് നോക്കിയിട്ട്  മതിയെന്നുപറഞ്ഞു വൃദ്ധൻ തലയാട്ടി.
          കഴിച്ചു കഴിഞ്ഞു പൈപ്പിന്റെ ചുവട്ടിൽ ചെന്നു വായും മുഖവും കഴുകിയിട്ട് പാത്രം കഴുകി വരാന്തയുടെ ഒരു ഭാഗത്തു കമഴ്ത്തി വെച്ചിട്ട്.അവളെ നോക്കിയൊന്നു തൊഴുതു കാണിച്ചിട്ട് തന്റെ ഭാണ്ഡവും വടിയും എടുത്തു മുന്നോട്ടു നടന്നു.
          അവൾ വേഗം അടുക്കളവാതിൽ അടച്ചിട്ടു മുൻവാതിലിലേക്കു ചെന്നു.
 പതുക്കെ നടന്നു, കൊണ്ടു  ഗേറ്റ്തുറന്നു പുറത്തെ വഴിയിലേക്ക് വൃദ്ധൻ നടന്നു മറയുന്നതും നോക്കി നിക്കുമ്പോഴാണ് ഒരു ഞെട്ടലോടെ അവളോർത്തത്‌ തന്റെ മക്കൾക്ക്‌ താൻ എന്തേലും നല്ല പാഠങ്ങൾ പറഞ്ഞുകൊടുക്കാറുണ്ടോ.?
             ഒരു അധ്യാപികയായ താൻ  മറ്റു കുട്ടികൾക്കു ഉപദേശം കൊടുക്കുന്നു. പക്ഷേ..! തന്റെ മക്കൾ.
     ആകുലതയോടെ അകത്തേക്ക് കയറുമ്പോൾ സ്വയം ഒരു വിശകലനത്തിന് തയ്യാറെടുക്കുകയായിരുന്നു അവളുടെ മനസ്സ്..

******************
സിന്ദൂരം
സുധ മോഹൻ
സിന്ദൂരരേഖയിലെൻ നിശയിൽ ഞാൻ നിന്റെ
സങ്കല്പലോകത്തിലലിഞ്ഞു പോയ്
ഓരോ നിശയിലെൻ ശ്വാസ ജീവനായ്
നിൻ മാറിലായ് ഞാൻ ചേർന്നു നിന്നു
എൻ മെയ്യിലഗ്നിയായ് പടർന്നോരു നീ
മഴയായ്‌ പെയ്തു ഞാൻ പുളകിതയായ്
നീയെന്നിൽ പെയ്തോരു മഴയിലെ
ന്നുദരത്തിലറിയാതൊരു ജീവൻ നാമ്പെടുത്തു
മാസങ്ങളേറെ കഴിഞ്ഞൊരു രാവിലെൻ
വിയർപ്പിന്റെഗന്ധം അസഹ്യമായ്
സങ്കല്പഗോപുരം തീർത്തോരു ജീവിതം
പൂഴിമണലിൽ ചിതറിപ്പോയ്
നീ നടന്നു നീങ്ങിയവഴിയിലെൻ സ്വപ്നങ്ങൾ
തകർന്നോരു മൺകൂന  മാത്രമായ്
സിന്ദൂരരേഖയിലെൻ നിശയിൽ ഞാൻ
നിന്റെ സങ്കല്പ ലോകത്തിലലിഞ്ഞു പോയ്
നിന്റെ സങ്കല്പ ' ലോകത്തിലലിഞ്ഞു പോയ്
******************

കാലം
ദിവ്യ.സി.ആർ
കാലമേ..
എനിക്കെൻെറ ബാല്യം
തിരികെ നൽകാമോ..
കണ്ണുനീരോർമ്മകളിലേ-
ക്കൂളിയിടാനല്ല..
പ്രണയമേ..
നിൻ കൈകൾ കേർത്ത്
സ്വപ്നങ്ങൾ സ്വർണ്ണമായി
പൂക്കുന്ന നാട്ടുവഴികളിലൂടെ
സ്വപ്നാടകയെപോൽ നടക്കാൻ !
നാണത്താൽ കുറുകുന്ന
നാട്ടുപക്ഷിതൻ പാട്ടിൻെറ താളത്തിൽ
നിൻ നെഞ്ചോടു ചേർന്നൊരു താളമായി മാറണം..
പരുക്കമായ നിൻ വിരലുകളെ ഗാഢമായി
പുണർന്നെനിക്ക് നടക്കണം..
ജീവിതയാഥാർത്ഥ്യത്തിലേക്ക്..
നിത്യമായസത്യത്തിലേക്ക്..
******************

ഇനി നടത്തത്തെ പറ്റി ഒരു ഓർമയായാലോ..?👇🏻
നടത്തം
നരേന്ദ്രൻ.എ.എൻ
നടന്നു പോവുന്നവരുടെ എണ്ണം ഇന്ന് കുറവാണ്.നടക്കേണ്ടി വരുന്നവരുണ്ട്. നടക്കാൻ തീരുമാനിച്ചവരും.
നടന്നു പോയിരുന്നവരെക്കുറിച്ചു പറഞ്ഞു തന്നത് എന്റെ അച്ഛനാണ്.ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി അവർ നടന്നു.അന്ന് കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകളും നടന്നു തീർത്ത വഴി ചേർത്തു വച്ചാൽ ബഹിരാകാശത്തെത്താമെന്നും അച്ഛൻ പറഞ്ഞു.
പിന്നീട് അച്ഛൻ പറഞ്ഞു തന്നത്, ദുർബ്ബലനായ ഒരു വൃദ്ധൻ ആയിരക്കണക്കിന് മനുഷ്യരെക്കൂട്ടി ദൂരെ ഒരു കടൽത്തീരത്തേക്കു നടന്നു പോയതാണ്.ഒരു ലേശം ഉപ്പിന്.
പിന്നീട് വായിച്ചത്, കിഴക്കൊരു നാട്ടിൽ ഒരു ബുദ്ധൻ ആയിരക്കണക്കിന് സഖാക്കളെയും കൂട്ടി തെക്കുനിന്നു വടക്കോട്ട് ഒരു നീണ്ട മാർച്ച് നടത്തിയതാണ്.
അതിനു ശേഷം വായിച്ചത്, ഒരു മൂവ്വായിരം വർഷം മുമ്പ് ഒരാൾ മിസ്റയീമിന്റെ തടവറയിൽ നിന്ന് തന്റെ ജനതയെ മോചിപ്പിച്ച് മരുഭൂമിയിലൂടെ നടത്തിക്കൊണ്ടു പോയതാണ്.
'പാതകൾ വിഭിന്നങ്ങ
ളാകിലും പഥികൻമാർ
ആരുമേ നിഴലുകൾ,
പോയതു നീയോ ഞാനോ?"
ഈ വരികൾ ഞാൻ വീണ്ടും കേട്ടത് എന്റെ കൂട്ടുകാരിയുടെ മരണവാർത്തക്കൊപ്പമാണ്.
കടന്നു പോവുന്ന ജാഥയിൽ ഒരാൾ ഇടറി വീണാൽ, മുന്നിൽ നടന്നവൻ കുറ്റക്കാരനാണ്.അവൻ തിരിഞ്ഞു നിന്നു മുന്നറിയിപ്പുകൊടുത്തില്ല.പിറകിൽ വരുന്നവൻ കുറ്റക്കാരനാണ്.അവൻ മുന്നിലെ തടസ്സം ചൂണ്ടിക്കാട്ടിയില്ല...ഓർഫലീസിലെ തന്റെ ജനതയോട് ഖലീൽ ജിബ്രാന്റെ പ്രവാചകൻ ഇങ്ങനെ പറഞ്ഞു.
കുട്ടിക്കാലത്ത് നടക്കാൻ എനിക്ക് വിഷമമായിരുന്നു.സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള ഒരു നാഴിക ദൂരം പോലും എന്നെ കുഴക്കിയിരുന്നു.പിന്നെപ്പിന്നെ ഞാൻ നടക്കാൻ പഠിച്ചു.നടക്കുകയല്ലാതെ വഴിയില്ലാത്തതു കൊണ്ട്, കൈയിൽ പണമില്ലാത്തതു കൊണ്ട്,മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്.
നടക്കാനുള്ള എന്റെ മടിയെക്കുറിച്ചു പറയുമ്പോൾ സഹപ്രവർത്തകനായ നാരായണൻ പറയും."അയാൾ വെറുതെ പറയുന്നതാണ്.ഒരു ചുവന്ന കൊടി മുന്നിൽ പിടിച്ചു നോക്കിൻ.അയാൾ ഭൂമിയുടെ അറ്റം വരെയും നടക്കും!"പരിഹാസമല്ല.ഇത് ഉള്ളറിഞ്ഞ ഒരു സുഹൃത്തിന്റെ സാക്ഷ്യപത്രം മാത്രം...പിഞ്ഞിപ്പോകുമായിരുന്ന എന്റെ മനസ്സിനെ ഞാൻ ചേർത്തു നിർത്തിയത് മുന്നിലെവിടെയോ ഉയർന്നു പറക്കുന്ന ഒരു ചുവന്ന പതാകയെ സാക്ഷിനിർത്തിയാണ്.
******************

വാക്കുകൾ
നിഷ ബിനു
ചിലരിൽ നിന്നും
ചില നേരം വരുന്ന
ചില വാക്കുകളുണ്ട്...
ഒരു അപ്പൂപ്പൻ താടിപോലെ
പറന്നു വരും
പക്ഷേ,
വന്നു വീഴുന്ന
നെഞ്ചിനുള്ളിൽ
പിന്നെയങ്ങോട്ട്
ഒരു കല്ലു കയറ്റിയ ഭാരവും
വീർപ്പുമുട്ടലും ഉണ്ടാക്കും..
******************

തടവറ
ശ്രീല അനിൽ
എനിക്ക് പറയാനുള്ളതെല്ലാം
നിന്നോട് പറയാൻ
വാക്കുകൾ ചിലപ്പോൾ
പോരാതെയാകും,,,,,
ഈ ഇത്തിരി കുഞ്ഞൻ മാർക്ക്
എത്ര ഭാവങ്ങൾ,,,,?
കണ്ണിൽ ചുവന്ന തുടിക്കുന്ന ഹൃദയം
നീയെനിക്കെറിഞ്ഞു തന്നപ്പോൾ
ഹൃദയത്തിനകത്തിരുന്നു,,,
നീ നോക്കുന്നതു ഞാനറിഞ്ഞു,,,
ഇതിനു മറുപടി വാക്കുകൾ കൊണ്ടങ്ങനെ വരയ്ക്കും?
തുടിക്കുമൊരു ഹൃദയമാണ് മറുപടി,,,
മുഖത്ത് നിറച്ച് ഹൃദയമുള്ളവ തിരിച്ചു കിട്ടിയപ്പോഴെന്തോ,,,,
അവയ്ക്കൊരു ഭംഗിയില്ലെന്നു
പറയാതെ പറയാൻ
ഒരു കുസൃതിയെറിഞ്ഞു,,,

മൂക്കില്ലാതെയും
വികാരങ്ങൾ ജീവിക്കുമെന്ന്
ഈ കുഞ്ഞൻമാർ
വിളിച്ചു പറഞ്ഞു,,,

ദേഷ്യത്തിന്,,,
സ്നേഹത്തിന്,,,
പുച്ഛത്തിന്,,,
സങ്കടച്ചിരിക്ക്,,,
കണ്ണീരിന്,,,
സംന്ത്രാസത്തിന്,,,
സ്മൈലികളിൽ,,,
വാക്കുകൾ
മുറിഞ്ഞത് നാം
തിരിച്ചറിയാൻ വൈകിയോ?,,,
ഉമ്മകൾ പോലും,,,
സ്മൈലികൾ കൈമാറിയപ്പോ,,,
വികാരങ്ങളെല്ലാം,,,
ഉള്ളിലൊടുങ്ങി,,,,
നാമങ്ങനെ സ്മൈലികളുടെ തടവറയിൽ,,,,
സന്തോഷത്താൽ നൃത്തം ചെയ്യുന്നു,,,
ഒന്നുമറിയാതുറങ്ങുന്നു,,,,
ആരും കാണാതെ ഓടുന്നു,,,
എല്ലാമെന്തെളുപ്പം?,,,,
ഇവരില്ലാത്ത കാലത്ത് നാമെങ്ങനെ ജീവിച്ചു?
പ്രണയിച്ചു?
ചുംബിച്ചു?,,,,

സ്മൈലികൾ ഇല്ലായിരുന്നെങ്കിൽ
നാമെന്തു ചെയ്തേനേ?


നവ സാഹിതിയുടെ ഇന്നത്തെ ലക്കം ഇവിടെ പൂർണമാകുന്നു...
വായിക്കുക ...
ആസ്വദിക്കുക..
വിലയിരുത്തുക...
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക ...🙏🌹🌹🙏