02-02-19

ഇതാണ് ഞാൻ..
ജസീന റഹീം
സ്വത്വമില്ലാത്തവൾ.. സ്വന്തമായി ഒരു സ്ഥിരം മേൽവിലാസമില്ലാത്തവൾ .. ചിലപ്പോൾ എന്നെക്കുറിച്ചുള്ള എന്റെ സങ്കടങ്ങളിങ്ങനെ .. വീടുകളും പള്ളിക്കൂടങ്ങളും പതിവായി മാറുന്നവൾക്കു മാത്രമുണ്ടാകുന്ന സ്വകാര്യ ദു:ഖങ്ങൾ.. യഥാർഥത്തിൽ ഞാനേതു നാട്ടുകാരിയാണെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്...
      ഓർമ്മകളുറയ്ക്കുമ്പോൾ ഞാൻ കുണ്ടറ കെ.ജി.വി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരിയാണ്.. താമസിച്ചിരുന്നത് ഓലമേഞ്ഞൊരു വാടക വീട്ടിലായിരുന്നു... എന്റെ ഒന്നാം ക്ലാസ്സോർമ്മയിൽ ജ്വലിക്കുന്ന ചില സംഭവങ്ങളുണ്ട്.. ആദ്യത്തേത്.. പാതിരാത്രിയിൽ പതിവായി പായയിൽ അറിയാതെ അപ്പിയിടലും മൂത്രമൊഴിക്കലും നടത്തുക എന്ന എന്റെ രോഗത്തിന് ഒരു ഡോക്ടറെയോ കൗൺസിലറെയോ കാണിച്ച് കൃത്യമായ ചികിത്സ നൽകുന്നതിന് പകരം നേരത്തെ കോരി സൂക്ഷിച്ച വെള്ളം എന്റെ തലയിൽ കമിഴ്ത്തി ബുദ്ധിപരമായ നീക്കത്തിലൂടെ  എന്റെ രോഗത്തെ മാതാ ശ്രീ വേരോടെ പിഴുതെറിഞ്ഞതാണ്.. യഥാർഥത്തിൽ അന്ന് ഞാനത് ബോധപൂർവ്വമല്ലെങ്കിലും ചെയ്തതിന് കാരണങ്ങളുണ്ട്...
     തനിച്ചുള്ള സ്കൂൾ യാത്രയിൽ.. വിജനമായ റോഡിൽ വച്ച് ...ഒരു ഭ്രാന്തൻ കൈ നീട്ടി അടുത്തേക്ക് വിളിച്ചപ്പോൾ അലറിക്കരഞ്ഞോടിയ രംഗം ഇന്നും മായാതെ മനസിലുണ്ട്..
     ക്ലാസ്സിലെ ശക്തന്മാർ ദുർബലരെ ആക്രമിക്കുന്ന പരമ്പരാഗത കീഴ്വഴക്കങ്ങൾ ഇന്നത്തെപ്പോലെ അന്നുമുണ്ട്... സ്വതേ ദുർബലയായിരുന്ന ഞാനും ഒരു 'ഇര'യായി.. എന്റെ ക്ലാസ്സിലെ സഫിയ (യഥാർഥ പേരല്ല) യുടെ നിരന്തര ഭീഷണികൾ കേട്ട് ഇന്നത്തെ പോലെ വഴക്കാളിയല്ലായിരുന്ന വെറും സാധുവായ എനിക്ക് ഒന്നാം ക്ലാസ്സ് മറ്റൊരു 'മാടമ്പള്ളി'യായി.. അവൾടെ ബന്ധുവായ പോലീസിനെ കൊണ്ട് എന്നെ ഇടിപ്പിക്കുമെന്നായിരുന്നു ഭീഷണി.. ഒരു പാവം ഡ്രൈവറുടെ മോൾക്ക് അന്ന് പോലീസെന്നു കേൾക്കുമ്പോഴേ മുട്ടിടിയും ...വാട്ടർ സപ്ലൈ നടത്താനുള്ള തോന്നലുണ്ടാകലും സ്വഭാവികം... വെറുമൊരു പാവമായ എന്നെ എന്തു കണ്ടിട്ടാണ് അവളിങ്ങനെ ഭീഷണിപ്പെടുത്തുന്നതെന്ന് രാത്രികളിൽ ഉറക്കത്തിലും ഉണർന്നിരുന്നു ചിന്തിച്ചപ്പോൾ പേടിച്ച് ഒന്നും രണ്ടും സാധിച്ചിട്ടും ആരും എന്നെ തിരിച്ചറിഞ്ഞില്ല...
     ഒടുവിൽ ഒരു ദിവസം ഞങ്ങൾടെ ക്ലാസ് ടീച്ചർ പത്രോസ് സാർ തകർത്തു പഠിപ്പിക്കവേ  ഞാൻ പെട്ടെന്ന് ചാടിയെണീറ്റ് വല്യ വായിൽ നിലവിളി തുടങ്ങി... അമ്പരന്ന സാർ കാരണം തേടി...സഫിയ എന്ന ലേഡി ജോസ് പ്രകാശിനു നേരെ വിരൽ ചൂണ്ടി ഞാൻ കാറിക്കരഞ്ഞു..." സാറേ.... ആ കൊച്ചെന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് പേടിപ്പിക്ക്യാ..." എന്റെ കരച്ചിലടക്കാൻ സാറെന്ത് ചെയ്തെന്ന് ഓർമയില്ല... പക്ഷേ എന്നെ റാഗ് ചെയ്ത് എന്റെ അഞ്ചു വയസിനെ പേടിപ്പിച്ചപ്പിയിടീച്ച കൂട്ടുകാരിയെ മരണം വരെ മറക്കില്ല... അബോധ മനസ്സിൽ  ഉറച്ചു പോയ ഇത്തരം ചില പേടികളിലൂടെ അരക്ഷിതാവസ്ഥയിൽ കടന്നു പോയ ബാല്യകാലം.. അതു കൊണ്ട് തന്നെയാവാം ക്ലാസ്സുമുറിയിലെ ദുർബലരായ കുഞ്ഞുങ്ങളോട് ഒരു മാനസിക അടുപ്പം അറിയാതെ ഉടലെടുക്കുന്നത് ..
   

* * * * * * * * * * * *

ഒന്നാം ക്ലാസ്സിൽ നിന്ന് നാലാം ക്ലാസിലേക്ക് നേരെ ചെന്നു വീഴുകയായിരുന്നോ ഞാൻ.. കാരണം രണ്ട്, മൂന്ന് ക്ലാസ്സുകളുമായി ബന്ധപ്പെട്ട ഒന്നും.. ഒരധ്യാപകന്റെ പേരോ മുഖമോ.. ഒരനുഭവത്തിന്റെ തീരെ ചെറിയ തുണ്ടു പോലുമോ ...ഓർമകളെത്ര വാരി പുറത്തിട്ട് പരതിയിട്ടും കണ്ടു കിട്ടിയില്ല... അതോ ഇനി ഒന്നാം ക്ലാസ്സിലെ റാഗിംഗിൽ.. തുടർന്നുള്ള രണ്ട് വർഷങ്ങൾ തലയിലാകെ ഇരുട്ട് കയറി ബോധമില്ലാതെയെങ്ങാനും  കിടന്നു പോയോ... എന്തായാലും നാലാം ക്ലാസോർമ്മകൾ സജീവമാണ്...
      തേക്കടി എന്ന വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ച് രാഘവൻ സാർ 'തേക്കടി' എന്ന പാഠം പഠിപ്പിച്ചതും  പാഠം മനപ്പാഠമാക്കി പാടി നടന്നതുമൊക്കെ മനസിലിന്നുമുണ്ട്... അന്നുമിന്നും കണക്കു മാത്രം എന്നോട് പിണങ്ങി ഒരു പാട് ദൂരെ നിന്ന് പേടിപ്പിച്ചു കൊണ്ടിരുന്നു... ഒന്നാം ക്ലാസുമുതലേ മലയാളം നന്നായി വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു .. അതിന്റെ ക്രെഡിറ്റ് മാതാ ശ്രീയ്ക്ക് മാത്രമാണെന്ന് ഈയവസരത്തിൽ അഹങ്കാര പുരസരം അറിയിക്കുന്നു .. പക്ഷേ ഞാൻ കൊണ്ട അടിയ്ക്ക് കണക്കില്ലാത്തതിനാലും അടിയേറെയും കാലിന്റെ വെള്ളയിലായതിനാലും അന്നത്തെ അടിയുടെ വേദന തന്ന അമർഷം മനസിൽ ഉള്ളതിനാലും ക്രെഡിറ്റ് പള്ളിക്കൂടത്തിലെ അടിക്കാതെ പഠിപ്പിച്ച പേരില്ലാസാറൻ മാർക്ക് കൊടുത്ത് ഞാൻ പകരം വീട്ടി...
    ഒന്നു മുതൽ നാല് വരെ ഒപ്പമുണ്ടായിരുന്ന പ്രിയ, അജി, റാണി, ഷാനവാസ് ഇവരൊക്കെയായി (റാണിയൊഴികെ) ഇപ്പോഴും എഫ്.ബി യിലും നേരിട്ടും സൗഹൃദം തുടരുന്നു... അന്ന് ആൺകുട്ടികളും പെൺകുട്ടികളും ബഡാ ദുശ്മൻ ആയിരുന്നു... ഇന്നത്തെ പോലെ വാടാ.. പോടീ വിളികളോ വലിയ അടുപ്പമോ ഇല്ലാതെ അകലം പാലിച്ചിരുന്നു... മാത്രമല്ല  ക്ലാസ്സിൽ സാറില്ലാത്ത നേരങ്ങളിൽ ഞങ്ങൾ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം നടത്തി... അങ്ങോട്ടുമിങ്ങോട്ടും പേപ്പർ ഡൈനാമിറ്റുകൾ ചുരുട്ടിയെറിഞ്ഞും ഡെസ്കുകൾ പീരങ്കികളാക്കി തള്ളി നീക്കി ശത്രുവിനെ ആക്രമിച്ചും ഒടുവിൽ തോൽക്കുമെന്നായപ്പോൾ പരസ്പരം ഡസ്കിൽ തുപ്പൽ സ്പ്രേ നടത്തിയും ഒരു അദൃശ രേഖ പരസ്പരം പണിതിട്ടു...
   നാലാം ക്ലാസാകുന്നതിനു മുന്നേ ഓലയിട്ട വാടക വീട്ടിൽ നിന്ന് സ്വന്തമായി വാങ്ങിയ വസ്തുവിൽ പണിത ഓലപ്പുര യിലേക്ക് ഞങ്ങൾ മാറിയിരുന്നു.. ആയിടയ്ക്കാണ് വാപ്പായുടെ ഒരേയൊരു പെങ്ങൾടെ മകൾ 15 വയസിൽത്തന്നെ പഠനമൊക്കെ തീർത്ത് പുര നിറയാൻ തുടങ്ങി ഞങ്ങൾടെ വീട്ടിൽ കുറച്ചു ദിവസം നിൽക്കാൻ വന്നത് ,.. ഇവർക്ക് ഇടയ്ക്കിടെ മരിച്ചു പോയവർ ചുമ്മാ ദേഹത്ത് വരുന്ന ഒരു സൂക്കേടുണ്ടായിരുന്നു.. പണ്ട് സ്കൂളിലും പല കുട്ടികൾക്കും പെട്ടെന്ന് ബോധക്ഷയം വരികയും അബോധത്തിൽ മരിച്ച അപ്പൂപ്പന്റെ യും അമ്മാവന്റെയുമൊക്കെ ശബ്ദത്തിൽ സംസാരിക്കയും വെള്ളമൊക്കെ വാങ്ങിക്കുടിച്ച് പിന്നേം വരാന്ന് പറഞ്ഞ് പോവുകയും ചെയ്തിരുന്നു... ഇപ്പോൾ അങ്ങു പരലോകത്ത് ജപ്പാൻ കുടിവെള്ളം കിട്ടുന്നതുകൊണ്ടാണോ എന്തോ മരിച്ചവരാരും ആരുടെയും ദേഹത്ത് കയറി വെള്ളം വാങ്ങി കുടിക്കുന്നത് കാണാനില്ല... എന്തായാലും വാപ്പാടെ ഈ മരുമകളിൽ നിന്നാണ്  ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെ വാപ്പുപ്പാടെ ശബ്ദം ഞാൻ ആദ്യമായി കേട്ടത്
* * * * * * * * * * *

ഒരു സന്ധ്യാ സമയം.. ഞങ്ങൾ ( ഞാൻ.. എന്റെ മൂത്തവൾ ജാസ് എന്നു വിളിക്കുന്ന ജാസ്മിൻ.. പിന്നെ വാപ്പാടെ മരുമകൾ )വീടിനകത്ത് മണ്ണെണ്ണ വിളക്കിനരികത്തിരുന്ന് സ്വലാത്ത് ചൊല്ലുകയായിരുന്നു .. പ്രാർഥന മടുപ്പായി തോന്നിയപ്പോൾ ആത്മാവിനെ ഒന്നു ചൂടാക്കാൻ ഒരു പുകയെടുത്താലോന്ന് തോന്നി.. പേപ്പർ ചുരുട്ടി വിളക്കിൽ നിന്ന് തീ പിടിപ്പിച്ച് വലിച്ചു നോക്കി... ചുമച്ച് ചുമച്ച് കണ്ണീന്ന് കുടുകുടാ വെള്ളം വന്നപ്പോൾ കയ്യിലിരുന്ന പേപ്പർ സിഗററ്റ് ഭിത്തി യിലേക്ക് വലിച്ചെറിഞ്ഞ് വീണ്ടും പ്രാർഥനയിൽ മുഴുകി.. അല്പനേരത്തിനുള്ളിൽ വീടിന്റെ ഭിത്തി ...എന്നു വച്ചാൽ ഓല ഭിത്തിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാപ്പാടെ മരുമകൾ മോഹാലസ്യപ്പെട്ടു വീണു... ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ അപ്പോഴേക്കും ധൈര്യം കിട്ടിത്തുടങ്ങിയിരുന്ന ഞാൻ കൂസലില്ലാതെ കുറ്റമെല്ലാം മോഹാലസ്യക്കാരിയുടെ മണ്ടയിൽ വച്ച് നിഷ്ക്കളങ്കയായി നിന്നു... പിന്നെയും പലപ്പോഴും ഇത്തരം പുകവലി പരീക്ഷണങ്ങൾ നടത്തി നോക്കിയെങ്കിലും അതിനെക്കാൾ കൗതുകകരമായ രസങ്ങളിൽപ്പെട്ട് പഴയ താല്പര്യങ്ങളെ മറന്നേ പോയി...
       എന്നെക്കാൾ കൃത്യം ഒരു വയസിന് മൂത്ത ജാസ് പെട്ടെന്നൊരു ദിവസം മദ്രസയിൽ നിന്ന് തിരികെ വന്ന് വെറുതെ കരയാൻ തുടങ്ങി... കാരണം തിരക്കിയ ഉമ്മായോട് അവൾ പൊട്ടിത്തെറിച്ചു.. "എനിക്ക വയ്യ ഈ ഓലപ്പുരയിൽ താമസിക്കാൻ ... എന്റെ കൂട്ടുകാരെല്ലാം കളിയാക്കുന്നു നമ്മുടെ വീട് ചെറ്റമാടമാണെന്ന്..." അന്നുവരെയില്ലാത്ത അഭിമാനബോധമിവൾക്കിതെവിടുന്ന് കിട്ടിയെന്ന് ഞാനതിശയിച്ചു. വെറുമൊരു അഞ്ചാം ക്ലാസ്സുകാരിക്ക് ഇത്രയൊക്കെ അഭിമാനം എവിടെ കിടന്നു...എന്തായാലും അവൾ സങ്കടപ്പെട്ടതിന് ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങൾ പുതുതായി പണിത ഓടിട്ട 4 മുറി വീട്ടിലേക്ക് മാറി...
       വീടു നിൽക്കുന്ന പത്ത് സെന്റ് നിറയെ വാപ്പ ഗ്രാമ്പൂ,, ജാതി,, എന്നിവ വച്ചു പിടിപ്പിച്ചു... എന്നും രാവിലെയും വൈകിട്ടും ഇവറ്റകൾക്ക് വെള്ളമൊഴിക്കാൻ ഉമ്മായെ ചുമതലപ്പെടുത്തി... രാത്രി എത്ര വൈകി വന്നാലും വാപ്പ ജാതിയുടെയും ഗ്രാമ്പുവിന്റെ ചുവട് മാന്തി നനവ് പരിശോധന നടത്തി... ഒരു ദിവസം ഉമ്മ ജോലിത്തിരക്കിൽ വെള്ളമൊഴിക്കാൻ മറന്നു... വാപ്പ പതിവ് പോലെ ചുവട് പരിശോധന കഴിഞ്ഞ് ഉമ്മായെ ചോദ്യം ചെയ്തു.. ഉമ്മയാകട്ടെ അടി പേടിച്ച് വെള്ളമൊഴിച്ചു എന്നു തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു ,.. പിറ്റേന്ന് രാവിലെ വാപ്പ വിവാഹ മോചനത്തിനായി ഉപ്പുപ്പായെ (ഉമ്മാടെ വാപ്പ ) സമീപിച്ചു., എല്ലാവരും കൂടി ഒരു വിധം സമാധാനിപ്പിച്ചു വിട്ടെങ്കിലും ഒരാഴ്ച വാപ്പ വീട്ടിൽ നിന്ന് ജലപാനം പോലും നടത്തിയില്ല...
       അക്കാലത്ത് പഴയ പത്താം ക്ലാസ്സുകാരിയായ ഉമ്മ കുട്ടികളെ പഠിപ്പിക്കുന്ന ആശാട്ടിയായി ..അത്യാവശ്യം പേരും പ്രശസ്തിയുമായി വരവെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ സംഭവമുണ്ടായത് ...

* * * * * * * * * * * * *

പുത്തൻവീട്ടിലേക്ക് മാറിയതോടെ സന്ധ്യകളിൽ ഞങ്ങളെ ചൂഴ്ന്ന് നിന്ന മണ്ണെണ്ണ മണം വിട്ടൊഴിഞ്ഞു.. പനിയുള്ള പ്രഭാതങ്ങളിലെ മൂക്കൊലിപ്പിന്റെ കറുത്ത നിറം മാറി എന്ന മഹാത്ഭുതത്തോടൊപ്പം കറൻറിന്റെ കടന്നു വരവ് ഞങ്ങളുടെ പ0നത്തെയും ഉഷാറാക്കി മാറ്റി.. ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷയില്ലെങ്കിലും ഞാനും ജാസും വെറുതെയങ്ങ് പഠിക്കാൻ തുടങ്ങി... കണക്ക് ഒഴികെ എല്ലാ വിഷയങ്ങളും സന്ധ്യകളിലെ പ്രാർഥനക്ക് ശേഷം അയൽക്കാർ കേൾക്കാൻ ദിക്ക് പൊട്ടുമാറ് ഉറക്കെ വായിച്ചു.. കാരണം  നന്നായി എഴുതുന്നതും വായിക്കുന്നതും ബാലികേറാമല യായിരുന്ന കാലത്ത് ഞങ്ങളുടെ ഭംഗിയായ വായന അയൽക്കാർ ആരാധനയോടെ കേട്ടു.. പഠിക്കുന്ന നല്ല രണ്ട് പെൺകുട്ടികൾ എന്ന പേര് നാട്ടിൽ കിട്ടിയെങ്കിലും അത്യാവശ്യം ബാല്യ സഹജമായ കുസൃതികളിൽ ഞാനും ആമഗ്നയായി..
     ഉമ്മ കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്ന ആശാട്ടിയായി പരിലസിക്കുന്ന കാലമായിരുന്നു അത്.. എന്റെയും ജാസിന്റെയും ആദ്യ ഗുരുവും ഉമ്മ  തന്നെ... മണലിൽ വിരൽ പിടിച്ചുരയ്ക്കുക ... ഓരോ തെറ്റിനും കാൽ വെള്ളയിൽ എണ്ണിയെണ്ണി അടിക്കുക തുടങ്ങിയ ഭീകരമുറകൾ പ്രയോഗിച്ചിരുന്നതിനാൽ ഉമ്മ പഠിക്കാൻ വിളിക്കുമ്പോഴേ ശരീരമാസകലം വിയർത്തു വിറച്ചിരുന്നു... പക്ഷേ ചെന്നില്ലെങ്കിൽ പിന്നെ അതിന് അടി ... പിച്ച്... ഇത്യാദി വേറെ .. എന്നിട്ടും പഠനത്തെ കണക്കൊഴിച്ച് ഞാൻ സ്നേഹിച്ചു... ഉമ്മാടെ ഈ കളരിയിൽ നിന്നൊരു മോചനത്തിനായി മാത്രമായി എന്റെ സന്ധ്യാപ്രാർഥനകൾ... അങ്ങനെ ഒടുവിൽ എന്റെ പ്രാർഥനക്ക് ഫലം കണ്ടു...
       സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായമായതിനാൽ ഉമ്മാടെ കളരിയിലും ഷിഫ്റ്റായിരുന്നു ... പല ബാച്ചുകൾക്ക് രാവിലെയും വൈകിട്ടുമായി പ്രൊഫ.ആരിഫാ ബീവി തകർത്തു പഠിപ്പിച്ചു... ഒരു മധ്യാഹ്നം .. ഭാഗ്യത്തിന് ഞാനും ജാസും വീട്ടിലുണ്ടായിരുന്നില്ല... വാപ്പ ജോലിക്കും പോയിരുന്നു..ഞങ്ങൾ അപ്പോൾ എവിടെ പോയതാണെന്ന് കൃത്യമായ ഓർമയില്ല.. ഉമ്മ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ട് പേർ ചക്ക ഇടാൻ വന്നു.. ഉമ്മ ചക്കയിടലുകാർക്ക് നിർദ്ദേശം കൊടുക്കാൻ പ്ലാവിൻ ചുവട്ടിലേക്ക് പോയി.. അതു വരെ പാടിക്കൊണ്ടിരുന്ന റേഡിയോ അണയ്ക്കാൻ ഉമ്മ മറന്നിരുന്നു... ഉച്ചപ്പരിപാടി കഴിഞ്ഞ് റേഡിയോ സ്വയമുറക്കിത്തിലാണ്ടു..
        പ്ലാവിൻ ചോട്ടിൽ നിന്ന ഉമ്മായ്ക്ക് പെട്ടെന്നാണ് റേഡിയോയിൽ നിന്ന്അന്നുവരെ കേൾക്കാത്ത വികൃതസ്വരങ്ങൾ... ഇരമ്പലും പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നതായി തോന്നിയത് ... ഉമ്മ റേഡിയോ ഓഫാക്കാൻ ഓടി അകത്തു കയറി... സ്വിച്ചണച്ചു.. കൂട്ടത്തിൽ കുട്ടികളെയും കൂടി നോക്കിയപ്പോൾ അപ്പോൾ ആ മുറിയിൽ അടുത്തടുത്തിരുന്ന അഞ്ചാറു പേർ ഒരു പോലെ ഉറങ്ങുന്ന സവിശേഷ രംഗം കണ്ട് ഉമ്മ പൊട്ടിത്തെറിച്ചു.. അഴ കെട്ടിയിരുന്ന കമ്പി പൊട്ടിക്കിടന്നതിൽ പിടിച്ചിരുന്നാണ് ഒരുത്തന്റെ ഉറക്കം ... അവനെ ചാരി ബാക്കിയെല്ലാരും സുഖനിദ്ര.. അയലത്തെ രാധച്ചേച്ചിയുടെയും രവിയണ്ണന്റെയുംമകൻ സജീവായിരുന്നു കമ്പിയിൽ പിടിച്ചിരുന്നത്. അവൻ എന്റെ ക്ലാസ് മേറ്റ് കൂടിയായിരുന്നു.. അഴ പൊട്ടിച്ചിട്ടതും പോരാ അതിൽ പിടിച്ചിരുന്നുറക്കവും ... അഴക്കമ്പി സജീവിൽ നിന്ന് തട്ടിപ്പറിക്കാനായി ഉമ്മ കമ്പിയിൽ പിടുത്തമിട്ടതും ..ഉമ്മ എടുത്തെറിഞ്ഞ പോലെ മുറിയിൽ കിടന്ന കട്ടിലിൽ നടുവടിച്ച്  വീണതും ... കുട്ടികൾ മഹാനിദ്ര വെടിഞ്ഞുണർന്നതും എല്ലാം ഒറ്റ സെക്കന്റിനുള്ളിൽ നടന്നു... കൂട്ട നിലവിളി കേട്ട് ആളുകൾ ഓടി വന്നപ്പോഴേക്കും അഴക്കയർ എങ്ങനെയോ ഇലക്ട്രിക് ബന്ധം വേർപെട്ട് തറയിൽ വീണിരുന്നു...
* * * * * * * * * * * * * * * *

ഉമ്മായ്ക്കും കുട്ടികൾക്കും ഷോക്കേറ്റ സംഭവത്തിനു ശേഷം വീട്ടിലേക്കു പഠിക്കാൻ വരാൻ കുട്ടികൾക്കു മടിയായി... കുട്ടികളുടെ എണ്ണം കുറഞ്ഞ്.. കുറഞ്ഞ് അവസാനം ആരും വരാതായി... പിന്നീടൊരിക്കലും ഉമ്മ  ട്യൂഷൻ പഠിപ്പിക്കുന്നത് കണ്ടിട്ടില്ല.. ഞങ്ങൾ വലിയ ക്ലാസ്സുകളിലായതോടെ ഞങ്ങളെ സംബന്ധിച്ച് ഉമ്മാടെ അറിവിന്റെ ചക്രവാളം ഇടുങ്ങിത്തുടങ്ങിയതിനാൽ ഞങ്ങൾ സ്കൂൾ പഠനം മാത്രമാക്കി.. അടിയിൽ നിന്നും രക്ഷ നേടി...
     സ്കൂൾ പഠനത്തോടൊപ്പം മദ്രസാ പഠനവും വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.. സാധാരണ കുട്ടികൾ സ്കൂളിൽ ഉയർന്ന ക്ലാസിലെത്തിയാലും മദ്രസയിൽ തങ്ങളെക്കാൾ തീരെ ചെറിയ... ചുണ്ടിൽ നിന്ന് പാൽ മണം മാറാത്ത.. കുഞ്ഞുങ്ങൾക്കൊപ്പം അര ക്ലാസിലോ ഒന്നിലോ ഇരുന്ന് പഠിക്കലായിരുന്നു പതിവ്.. എന്നാൽ ഞങ്ങൾടെ സ്കൂൾ ക്ലാസ്സും മദ്രസാ ക്ലാസ്സും ഒപ്പത്തിനൊപ്പം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..
         ആദ്യമായി മദ്രസയിൽ ചേർന്ന ദിവസം ഒരു കരിപുരണ്ട കണ്ണീർ ദിനമായി മാറി.. നാലോ...അഞ്ചോ വയസാണന്ന്..മദ്രസയിൽ എന്നെ ചേർക്കുന്ന കാര്യം വീട്ടിൽ പലതവണ പറഞ്ഞെങ്കിലും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേയല്ലെന്ന മട്ടിൽ സ്കൂളും .. സ്കൂള് വിട്ട് വന്നാൽ സാരി ചുറ്റി കല്ലിനെയും ചെടികളെയും പഠിപ്പിക്കലുമൊക്കെയായി കാട് കേറി നടന്നു...
     ഒരു ദിവസം ഉച്ചയ്ക്ക് ഉണ്ണാൻ വന്ന വാപ്പ പതിവില്ലാതെ എന്നോട് "ബാ.. ഒരുങ്ങ് നമുക്കൊരിടത്ത് പോകാ..." ന്ന് പറഞ്ഞു വിളിച്ചു.. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ സിനിമയ്ക്കാണെന്നായിരുന്നു മറുപടി.. സംശയമേതുമില്ലാതെ ഞാൻ പാവാടയും ഉടുപ്പുമിട്ടൊരുങ്ങി... ഉമ്മ എന്നെ വാലിട്ട് കണ്ണെഴുതിച്ചു.. സംശയത്തിന് പഴുതുകൾ ഇല്ലായിരുന്നു.. കാരണം അന്ന് കുണ്ടറയിലെ പ്രമുഖ തിയേറ്ററുകളായ എസ്.വി ടാക്കീസിലും ന്യൂ തിയറ്ററിലും വാപ്പ ഞങ്ങളെ ഇടക്കൊക്കൊ സിനിമക്കു കൊണ്ടു പോകുമായിരുന്നു.. നന്നായി പഴയ പാട്ടുകൾ പാടിയിരുന്ന വാപ്പ പ്രേംനസീറിന്റെയും ഷീലയുടെയും കടുത്ത ആരാധകനുമായിരുന്നു.. ഒരുങ്ങിയിറങ്ങാൻ നേരം നട്ടുച്ചയായതിനാൽ വെയിലടിക്കാതിരിക്കാൻ ഉമ്മ തലയിലൊരു സ്കാർഫ് കെട്ടിത്തന്നു... അപ്പോഴും അപകടം മണക്കാതെ നിഷ്ക്കളങ്കയായ ഞാൻ വാപ്പാടെ കൈ പിടിച്ച് ഗമയിൽ വീട്ടിൽ നിന്നിറങ്ങി..
       മദ്രസയിൽ മുമ്പ് പോയിട്ടില്ലാത്തതിനാലും വഴി പരിചിതമല്ലാത്തതിനാലും വാപ്പ നയിച്ച വഴിയെ ഞാൻ നടന്നു... എന്നാൽ പ്രധാന വഴിയിൽ നിന്ന് ഏതാനും  കെട്ടിടങ്ങളുള്ള സ്ഥലത്തേക്കു കയറിയപ്പോൾ ഉയർന്നു കേട്ട കുട്ടികൾടെ ശബ്ദം എന്നിൽ സംശയം ജനിപ്പിച്ചു.. നിരനിരയായി കണ്ട ഖബറുകൾ കൂടിയായപ്പോൾ പേടിയും സങ്കടവും കൊണ്ട് "വീട്ടീപ്പോണേ... " ന്ന് ഓരിയിടാൻ തുടങ്ങി.. അപ്പോഴേക്കും ഉസ്താദിന്റെ കൈകളിൽ എന്നെ ഏൽപ്പിച്ച് വാപ്പ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.. തറയിലിരുണ്ടും തലയിലെ തട്ടം ഊരി എറിഞ്ഞും പ്രതിഷേധിച്ചെങ്കിലും എല്ലാം നിഷ്ഫലമാക്കിക്കൊണ്ട് ഞാനും മദ്രസയിലെ അരക്ലാസുകാരിയായി ..
    അന്നെന്നെ വലിച്ചെറിഞ്ഞ മദ്രസയും ജമാഅത്ത് പള്ളിയുമൊക്കെ ഇന്ന് കാലോചിതമായി കെട്ടും മട്ടും ഒട്ടേറെ മാറിയിരിക്കുന്നു... അഞ്ചു വർഷത്തിലേറെയായി..അവിടെയൊരു  ഖബറിൽ വാപ്പ എല്ലാമറിഞ്ഞ് ഉറക്കത്തിലാണ്ടു കിടക്കാൻ തുടങ്ങിയിട്ട്..


* * * * * * * * * * * * *

     എന്റെ തലമുറയിലെ ഏതൊരു കുട്ടിയെയും പോലെ ...മദിപ്പിക്കുന്നചോളമണത്തിന്റെ.. കൂടിച്ചിട്ടും കുടിച്ചിട്ടും തീരാത്ത നെല്ലിക്കാ വെളളത്തിന്റെ.. പൊട്ടിയ സ്ളേറ്റിന്റെ.. പിഞ്ചിയ ബാഗിലെ കീറിയ അറയിൽ സൂക്ഷിച്ച മഷിത്തണ്ടിന്റെ.. പെറ്റുകൂട്ടാൻ മയിൽപ്പീലിക്ക് തീറ്റയായി തെങ്ങോലയിൽ നിന്നും ചുരണ്ടിയെടുത്ത ഓലപ്പൂപ്പലിന്റെ.. മണവും രുചിയും സങ്കടങ്ങളും  നിറഞ്ഞ ബാല്യകാലത്തിലൂടെ ഞാനുമൊഴുകിക്കൊണ്ടിരുന്നു..
    ആർഭാടങ്ങളില്ലെങ്കിലും ഞങ്ങളുടെ കാര്യങ്ങളെല്ലാം ഒരു ബുദ്ധിമുട്ടുമറിയിക്കാതെ വാപ്പ നോക്കിയിരുന്നു.. ഉമ്മ നന്നായി ഭക്ഷണം പാകം ചെയ്തിരുന്നതുകൊണ്ട് ( ഉമ്മ വക്കുന്ന മീൻകറി  ബന്ധുക്കൾക്കിടയിൽ പ്രിയമേറിയ ഒന്നായിരുന്നു)രുചിയുള്ള ഭക്ഷണങ്ങൾ ..പ്രത്യേകിച്ചും ദിവസവുമുള്ള .. നല്ല എരിവും പുളിയുമൊക്കെയുള്ള മീൻകറിയും വല്ലപ്പോഴും വയ്ക്കുന്ന ഇറച്ചിക്കറിയും ഒക്കെയായി വിശപ്പറിയാതെ വളർന്നു.. വിശപ്പറിഞ്ഞില്ലെങ്കിലും ചോറിനും കറികൾക്കും രുചി കുറഞ്ഞ നാളുകളും കാലം കാത്തു വച്ചിരുന്നു..
    ഉമ്മാടെ രണ്ട് ആങ്ങളമാർ ഗൾഫിലായിരുന്നതിനാൽ തുണികൾക്കും ക്ഷാമമുണ്ടായിരുന്നില്ല... ഉമ്മാടെ മൂന്ന് ആങ്ങളമാരിൽ ഏറ്റവും മൂത്തയാളോടായിരുന്നു കൂടുതൽ ഇഷ്ടം.. കാരണം വല്യമാമായ്ക്ക് മക്കളില്ലായിരുന്നു.. മാമ വയസാകുമ്പോൾ മാമാടെ സ്വത്തെല്ലാം എനിയ്ക്ക് തരുമെന്ന് ഞാൻ ഒരുപാട് മോഹിച്ചിരുന്നു... എന്നാൽ ആ മോഹങ്ങളെല്ലാം പിന്നീട് മുരടിപ്പിച്ചു കളഞ്ഞു ഒരു ഭയങ്കരി...
       അന്നൊക്കെ മാമാമാർ ഗൾഫീന്ന് വരുമ്പോൾ അളിയൻമാരെയും പെങ്ങൻമാരെയും മക്കളെയും ഒക്കെ വിളിച്ചു വരുത്തിയിട്ടേ പെട്ടി പൊട്ടിക്കുമായിരുന്നുള്ളൂ.. ഉമ്മ ഇളയ പെങ്ങളായതു കൊണ്ടും ഞങ്ങൾഇളയ പെങ്ങൾടെ മക്കളായതുകൊണ്ടും മാമാമാർ പൊട്ടും പൊടീമൊക്കെ കൂടുതൽ തരികയും ചെയ്തിരുന്നു.. എന്നാലും വല്യമാമായുടെ മേൽ സ്വാതന്ത്ര്യക്കൂടുതൽ ഞങ്ങൾക്കുണ്ടായിരുന്നു... ഒരു കശ്മല കടന്നു വരും വരെ..
       നല്ല ഡ്രസ്സുകളിൽ തന്നെ ഞങ്ങൾ സ്കൂളിൽ പോയി.. പലപ്പോഴും ഇരട്ടകളെ പോലെ ഒരേ തരം ഡ്രസ്സിട്ട് ഞങ്ങൾ ആൺകുട്ടികളുടെ  ശ്രദ്ധാകേന്ദ്രങ്ങളാകുന്നത് ഒളികണ്ണിൽ വീക്ഷിക്കുമ്പോൾ എനിക്ക് 9 വയസ്സേ ഉണ്ടായിരുന്നുള്ളൂ...
     പുതിയ വീട്ടിൽ അധിക കാലം താമസിക്കാൻ ഭാഗ്യമുണ്ടായില്ല.. പറിച്ചു നടലുകൾ... ഇന്നെന്ന പോലെ അന്നും എന്റെ ജീവിതത്തിലെ ശാപമായിരുന്നു.. നാലാം ക്ലാസ് പാതിയോടെ ഞങ്ങൾ കുണ്ടറയോട് യാത്ര പറഞ്ഞു...
(തുടരും)
****************************

ഒറ്റച്ചിലമ്പ്
സ്വപ്നാ റാണി
പെൺമരമെന്ന
ഒറ്റ പ്രയോഗത്തിലാണ്
അവൾ
അടിമുടി പൂത്തുലഞ്ഞത്.
ഇലഞ്ഞിപ്പൂമണം പോലെ
കാറ്റിലൊഴുകിയെത്തി
കാലങ്ങളോളം കാത്തു നില്ക്കുന്ന
ഒരു മണം
അവളെ ചൂഴ്ന്നു നിന്നത്.
വിത്തുകളിലേക്കുള്ള
യാത്രയ്ക്കിടയിൽ
പൂക്കളൊക്കെയും
വാടി വീണു പോയെങ്കിലും
ഒരു നിലയ്ക്കാത്ത വസന്തത്തിന്റെ മറ്റൊലി
അവൾക്കും ചുറ്റും
കാടിന്റെ നിഗൂഢതയൊരുക്കിയത്.
ഒറ്റച്ചിലമ്പിന്റെ നർത്തനത്തിൽ
അവളെരിച്ചു കളഞ്ഞ നഗരം
ഒരിക്കൽക്കൂടി
ഉയിർത്തെഴുന്നേറ്റത്.
****************************

കടൽച്ചിരി
ലാലു.കെ.ആർ
ഒമ്പതിൽ തോറ്റപ്പോഴാണ്
ആദ്യമായവൻ
കടല് കാണാൻ പോയത് .
കടല് നോക്കിയിരുന്നാൽ
വേദന കുറയുമെന്ന് .
ചെന്ന് കണ്ടപ്പഴേ
കടല് ചിരിച്ചു ,
ആർത്താർത്തു ചിരിച്ചു .
അവനും ചിരിച്ചു .
ചിരിച്ചു ചിരിച്ചവൻ
തോറ്റുപോയതൊക്കെ
മറന്നേ പോയി .
കടല് പറഞ്ഞു
തോൽക്കും തോറും
ചിരിക്കണമെന്ന് ,
തോറ്റുതോറ്റു പോയാലും
ഒടുവിൽ ജയിക്കുമെന്ന്
അന്ന് നിന്നെ ഞാൻ
കെട്ടിപ്പുണരുമെന്ന്.
ഒടുവിൽ ,
ഇന്ന് ജയിച്ചവൻ .
ജയിച്ചവനെ
ചുട്ടുകരിച്ചൊരു
കുടത്തിലാക്കി
മകൻ കൊണ്ടു വന്നിട്ടുണ്ട് തലച്ചുമടായ്
കാത്തുനിൽപുണ്ട് കടൽ

കെട്ടിപ്പുണരുവാൻ
****************************

സ്വതന്ത്ര    ജനാധിപത്യ  റിപ്പബ്ലിക്
ശ്രീലാ അനിൽ
എഴുതിവച്ചതു പോയിട്ട്,,,,
പറയുക പോലും ചെയ്യപ്പെടാത്ത നിയമസംഹിതയുമായാണ്,,,,
നീയെന്ന രാജ്യം റിപ്പബ്ലിക്കായത്,,,
സ്വാതന്ത്യം എന്നേ കിട്ടിയിരുന്നു,,,,
പക്ഷേ സ്വന്തം ഹൃദയത്തിൽ നിന്നതിന്
വെളിയിലേക്ക് പറക്കാനായില്ല,,,,,,,
നിയമങ്ങളെത്ര ചുറ്റുമുണ്ടായിരുന്നു,,,
നിന്നെ നിലയ്ക്കു നിർത്താനുള്ളവ,,,,,
അതിൽ നിനക്കായുള്ളവ തിരഞ്ഞാണ്
മടുത്തത്,,,,,,,
നിയമത്തിന്റെ എട്ടുകാലി വലകൾ നിനക്കു മാത്രം
കുരുങ്ങാനുള്ളതാണെന്ന്,,,
നിന്നെ പഠിപ്പിക്കാൻ കാലം കുറച്ചു കാലമെടുത്തു,,,,,
കാരണം ഈയാം പാറ്റകൾകൾക്കും,,,,,
കുഞ്ഞിപ്രാണികൾക്കും,,, മാത്രമുള്ളവയാണവ,,,,,
കിളികൾ എത്ര വേഗമാണ്,,, നിയമക്കുരുക്ക്,,,,
ഒറ്റ ചിറകു കടച്ചിലിൽ
തകർത്തെറിയുന്നത്,,,
വല പൊട്ടിച്ച് കുതറിപ്പറക്കണമെങ്കിൽ ചെറുകിളിയെങ്കിലുമാകണം,,,,
റിപ്പബ്ലിക് ആയതിനു ശേഷമാണ്,,,,
നിന്റെ ജനാധിപത്യം
പൂത്തുലഞ്ഞത്,,,,,
അല്ലങ്കിൽ തന്നെ നിനക്കായുള്ള ഭരണഘടന,,,,
തയ്യാറാക്കപ്പെട്ടത്,,,,
നിന്റെ അറിവോടെയല്ലല്ലോ,,,,,
ഭരിക്കപ്പെടേണ്ടവൾ,,,,
ഭരണഘടനയുടെ ഭാഗമാകണം
എന്ന് വാശി കാട്ടുന്നതും

വിഡ്ഢിത്തമല്ലേ?
****************************

എട്ട് - ബി
വിനോദ്.കെ.ടി
മുന കൂർപ്പിക്കുവാൻ
ഞാനൊരു കട്ടർ ചോദിച്ചപ്പോൾ
മുഖം കൂർപ്പിച്ചെന്നെ
നോക്കിയ പെണ്ണിരുന്നതാണാ -
ബെഞ്ച്.
കഞ്ഞിയും പയറും
ചേർത്തുച്ചക്ക് കഴിച്ച് സാമൂഹ്യശാസ്ത്രസമയങ്ങളിൽ
ഒട്ടും നടിക്കാതെ
ഞാനിരുന്നുറങ്ങിയതാണീ
ബെഞ്ച്.
പങ്കിടുമ്പോൾ പഴുത്ത
കണ്ണിമാങ്ങകൾ
ഞാനേറെക്കഴിച്ച
എട്ട് -ബിയുടെ
പുറംചുമരിൽ
എന്റെ പേരിന്റെ
ആദ്യാക്ഷരം കൂട്ടി
ഏതോ പെണ്ണിന്റെ
പേരെഴുതിയതാരോ?
മഴയെത്തി ചുമർമെല്ലെ
മായ്ക്കാൻ തുടങ്ങുന്ന നേരത്ത്
കാറ്റെത്തി കളിയായ്
പറഞ്ഞതെന്തേ -
എന്തിന്
ചെക്കന്റെ മനസ്സല്ലേ
അങ്ങനെ നിന്നോട്ടെ -

എന്നല്ലേ......
****************************

വീട്ടുകാരി
ഷീലാ റാണി
നേരം നോക്കാനൊന്നു മൊത്തില്ല ,
തിടുക്കത്തിലങ്ങ് കേറിത്താമസം തുടങ്ങുകയാണ്.
മേൽക്കൂരയുണ്ടെങ്കിലും കെട്ടിമേഞ്ഞിട്ടില്ലാത്ത , അടച്ചുറപ്പില്ലാത്ത  മുറികളും ,
ഈർപ്പം കിനിയുന്ന തറയുമുള്ള നിന്റെ കവിതയിലേക്ക്
എന്നത്തേയും പോലെ
ഇനിയും  ഞാൻ
നിന്റെ കവിതക്കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത് നോക്കി വളർത്തിയേക്കാം.
ചായ കുടിച്ചോ, ഊണു കഴിച്ചോ എന്നെല്ലാം നീ എവിടെപ്പോയാലും വിളിച്ചു ചോദിക്കാം .. ..
വൈകുന്നേരങ്ങളിൽ വീട്ടു വരാന്തയിൽ ഒന്നും മിണ്ടാതെ വെറുതെ ഒപ്പമിരിക്കാം ,
തണുപ്പുള്ള രാത്രികളിൽ
ഇടയ്ക്ക് കുടിയ്ക്കാനായി ഇളം ചൂടുള്ള ജീരകവെള്ളം എടുത്തു വയ്ക്കാം .
അല്പം പോലും വിയർപ്പു പുരളാത്ത കിടക്കവിരികൾ  പിന്നെയും പിന്നെയും അലക്കി വെളുപ്പിച്ച് അടുക്കി വയ്ക്കാം ..
നീ പറ ,

കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാൽ  ഇതിനൊക്കെത്തന്നെയല്ലേ ഒരുവന് വീട്ടുകാരിയെ വേണ്ടത് .
****************************

ബസ്സുറക്കം
ഭാനു പ്രകാശ് പഴയന്നൂർ
ബസിൽ
ഇരുന്നുറങ്ങുന്നത്
ഒരു വല്ലാത്ത സുഖമാണ്...
സ്റ്റാൻഡിൽ നിന്നൊരു
സർക്കാർ ലോട്ടറി വാങ്ങി പോക്കറ്റിലിടണം..
ഒന്നാം സമ്മാനം കൊണ്ടു
പൂക്കുന്ന സ്വപ്നങ്ങളുടെ
ചിറകിലേറി പറന്ന് പറന്ന്
മതി കെട്ട് ഉറങ്ങണം...
കാറ്റു കിട്ടുന്നിടത്ത്
അരികു ചേർന്നിരുന്ന്
അതിരുകളില്ലാത്ത ആകാശവും....
അതിരിട്ടു തിരിച്ച ഭൂമിയും
മറന്ന് ഉറങ്ങണം..
ടിക്കറ്റ് ബാക്കി ചില്ലറ
കൊണ്ടു കണ്ടക്ടർ
തോണ്ടരുത്....
മുന്നിലെ സീറ്റിൽ മുഖമിടിച്ചു
മുഴയ്ക്കുമ്പോൾ
മുഖപരിചിതർ കാണരുത്..
കാറ്റടിക്കുന്നു
ഷട്ടറടയ്ക്കാമോയെന്ന്
അപരിചിതനായ സഹയാത്രികൻ
ചോദിക്കരുത്...
അത്താഴക്കൂട്ടിന്
കടലയോ മുട്ടയോ
പുഴുങ്ങേണ്ടതെന്നാരാഞ്ഞ്
അവൾ വിളിക്കരുത്...
തലയ്ക്കു മുകളിലെ
പാട്ടു പെട്ടി
ന്യൂ ജെൻ പാട്ടു പുലമ്പരുത്....
ആന വണ്ടിയിലെ
ആളെ പിടിക്കാൻ ആധി പിടിച്ചു പായുന്ന ഡ്രൈവർ ഇടക്കിടെ എയർ ഹോൺ മുഴക്കരുത്...
 അണികളുടെ
അന്തമില്ലായ്മയ്ക്ക്
ആക്കം കൂട്ടാനുള്ള
അധിക പ്രസംഗങ്ങൾ
സ്റ്റോപ്പുകളിലെവിടെയും കേൾക്കുകയുമരുത്...
എന്നാൽ
ബസിലിരുന്നുറങ്ങുന്നതൊരു
സുഖമാണ് ...
സന്യാസ സുഖം...
****************************

ക്ഷണികം
പ്രണവം രാജേഷ്
ഇനിയുമൊരു വേനലിൽ ഒത്തുകൂടാം എരിയുന്ന പകലിൽ നമുക്കൊത്തു കൂടാം വെറുതെ നുണകൾ പറയാതിരിക്ക നീ 
നിറമറ്റ വെറുവാക്കല്ലല്ലോ ജീവിതം !
കഥകൾ ഒരുപാട് പറഞ്ഞ സന്ധ്യകൾ കിളിമൊഴികളതു കേട്ട് രമിച്ച രാവുകൾ വെറുതെ കുറിക്കാനിരിക്കയല്ല ഞാൻ
വെറു മൊഴികളെൻ ഹൃദയ മൊഴികളല്ലോ !വേനലിൽ തളിരും പൂവുമായ് പടർന്നതും 
പലവുരു ഒരു പാട് കഥകൾ പറഞ്ഞതും വെറു മൊഴികളോ? വർണ്ണ സ്വപ്നങ്ങളോ?
ത്രിസന്ധ്യ നിലാത്തിരി നീട്ടി
തന്നൊരാ നിമിഷങ്ങൾ 
തിരികെട്ടുപോകാതെ കളി പറഞ്ഞിരുന്നതും
ഒരോണ നിലാവിൽ നിറമറ്റ പൂക്കളമായതും
നീറുന്നൊരോർമ്മയായ് നിറയുന്നു സഖീ...
അക്ഷരം കൊണ്ട് തീർക്കുമീ 'അന്യ ലോകം' ദുഃഖമാണെങ്കിലും, ഒരു ക്ഷണിക സുഖം
****************************

ബാക്കി
ദിവ്യ.സി.ആർ
കൈവെള്ളയിൽ പരൽമീനിൻെറ
സ്പന്ദനമറിയണം..
കൈക്കുള്ളിൽ പൊതിഞ്ഞുവച്ച
തുമ്പി തൻ അമ്പരപ്പറിയണം..
ശലഭങ്ങളുടെ പിന്നാലെ നടന്ന് 
വർണ്ണാഭമായ ചിറകിൻ താളമറിയേണം..
മോഹിപ്പിച്ചൊഴുകുന്ന 
പുഴതൻ രാഗങ്ങളറിയണം..
ഇനിയുമിനിയുമറിയുവാ-
നൊത്തിരിയൊത്തിരി ബാക്കി !
****************************

നീയില്ലായിടങ്ങൾ
അനാമിക അനീഷ്
തൊടിയിലെ ആൾക്കൂട്ടം പിരിഞ്ഞിരിക്കുന്നു. ഉയർന്നു പൊങ്ങുന്ന തീ കാണാം തെക്കേ ജനാലയിൽ കൂടി. ഐവർമഠത്തിന്റെ ആൾക്കാർ കുറച്ചു ദൂരെ മാറിയിരിക്കുന്നു. തലയ്ക്കൽ കലമുടച്ചു ചിതയ്ക്ക് തീ കൊളുത്തിയപ്പോഴും അവളുടെ മരണം സംഭവിച്ചു എന്നതുൾക്കൊള്ളാൻ വേണുവിനായില്ല.

മരണാന്തര ചടങ്ങുകൾ എന്തെല്ലാം ഉണ്ടെന്നോ, അതൊക്കെ എന്താണെന്നോ നിശ്ചയമില്ല. നെടുംപുറത്ത് തറവാട്ടിലൊരു മരണം അടുത്തയിടെ നടന്നിട്ടില്ല. കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു പോയതിനാൽ അന്ന് നടന്നതൊന്നും ഓർമയുമില്ല.

ഈറൻ മാറി വരാൻ മുറ്റത്തു നിന്ന് ആരോ, രവിമാമനാണെന്നു തോന്നുന്നു, വിളിച്ചു പറഞ്ഞു.

'വേണുവേട്ടാ, തല നല്ലോണം തുവർത്തൂ, ചുവരലമാരയിൽ അളുക്കിൽ രാസ്നാദി പൊടിയുണ്ട്, ഒരു നുള്ളു തിരുമ്മാൻ മറക്കല്ലേ !' അവൾ ഓഫിസിൽ നിന്നാണെങ്കിൽ പോലും വിളിച്ചു പറയാറുള്ള വാക്കുകൾ...

ഷവർ തുറന്ന് അയാൾ ഒരുപാട് നേരം വെള്ളത്തിന്റെ ഒഴുക്കിൽ നിന്നു. നേരം തെറ്റിയുള്ള കുളി, 'നീർക്കെട്ട് വരു'മെന്നെത്ര പറഞ്ഞാലും അയാൾ അനുസരിക്കാറു തന്നെയില്ലല്ലോ... കിണറ്റിലെ വെള്ളത്തിലെ രാത്രിക്കുളിയുടെ രസം, 'ചൂടുവെള്ളത്തിൽ മാത്രം കുളിക്കുന്ന നിനക്കെങ്ങനെ മനസിലാവാനാണെ'ന്നു പറഞ്ഞു പലവട്ടം അവളെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്.

കുളിമുറി തള്ളി തുറന്നീറൻ മാറി, കണ്ണാടിയിൽ സ്വയമൊന്നു നോക്കി. ചില്ലിൽ അവളുടെ നെറ്റിയിലെ വട്ടപ്പൊട്ടുകൾ... ഇന്നലെ ഒട്ടിച്ചു വെച്ചതടക്കമുണ്ട്... കുളിമുറിയുടെ അഴിയിൽ അവളുടെ സാരിയും ബ്ലൗസും... അവളുടെ മണം... അവൾ.. അവൾ മാത്രമാണ് ചുറ്റും....

അവൾ എരിയുകയാണ് പുറത്ത്... വേണുവിനു വല്ലാതെ പൊള്ളി.

വടക്കേതിൽ നട്ടു വളർത്തിയ ഇലഞ്ഞിയുടെ താഴേയ്ക്ക് മാറിയാണ് ദഹിപ്പിക്കുന്നത്. ഇലഞ്ഞി നിറയെ പൂത്തിട്ടുണ്ട്. വീട് വെച്ച കാലത്തെന്നോ, വാങ്ങി കൊണ്ടുവന്ന് നട്ടതാണത്. പൂക്കൾ വന്നു കാണാൻ അവളൊത്തിരി മോഹിച്ചിരിന്നു. ഇതിപ്പോൾ പൂക്കാൻ തുടങ്ങിയിട്ട് ഏഴെട്ടു കൊല്ലമായിക്കാണും. ചിന്തകൾ ചൂട് പിടിക്കുന്നു.

ഉമ്മറത്ത് ആരൊക്കെയോ വരുകയും പോവുകയും ചെയ്യുന്നുണ്ട്. മകളും ഭർത്താവും ഇന്നു രാവിലെയാണ് അമേരിക്കയിൽ നിന്നും പുറപ്പെട്ടത്, അവർ എത്താനാകുന്നതേയുള്ളൂ. കുഞ്ഞുമക്കളെ കാണാൻ അവൾ വല്ലാതെ മോഹിച്ചിരുന്നു... അത് പൂർത്തിയാക്കാതെയാണ് അവൾ പോകുന്നത്. ആർക്കു വേണ്ടിയും കാത്തിരിക്കരുതെന്നു ഒരിക്കലവൾ പറഞ്ഞിരുന്നു.

അലമാര തുറന്നതും, അടുക്കി വെച്ചിരിക്കുന്ന തുണികളിലേക്കാണ് വേണുവിന്റെ കണ്ണുകളെത്തിയത്. ഓരോ അറയും, ചിട്ടയോടെ, അടുക്കി വെച്ചിട്ടുണ്ട്, അലക്കി, തേച്ചു മടക്കി... ഇവളിതെപ്പോൾ ചെയ്യുന്നുവെന്ന് ഓർത്തയാൾ അത്ഭുതപ്പെട്ടിട്ടുണ്ട്..

കൈയിൽ തടഞ്ഞ ഷർട്ടും മുണ്ടുമുടുത്തു അയാളവിടെ തന്നെയിരുന്നു. വല്ലാത്ത ശൂന്യതയിലേയ്ക്ക് ...ഡ്രസിങ് ടേബിൾ, കണ്മഷിയും, സിന്ദൂരവും, അവളുടെ പെർഫ്യുമും ഒക്കെ അവിടെയിരുന്നു അയാളെ തുറിച്ചു നോക്കുന്നതു പോലെ.... ചുമരിനോട് ചേർന്നയാൾ ചെരിഞ്ഞു കിടന്നു..

അവൾ ഉറങ്ങി പോയ രാത്രിയാണ് കഴിഞ്ഞത്. ഇടതു വശത്തേക്ക് കൈ ചുറ്റി പിടിക്കാനിനി ശൂന്യത മാത്രം.. അവൾ അവശേഷിപ്പിച്ചു പോയ ആ ചുളിവ് പോലും ഇപ്പോഴും കിടക്കയിൽ വേണുവിനു കാണാം.

അസഹ്യമായ വേദന അയാളെ കീഴ്‌പ്പെടുത്തികൊണ്ട് അവളുടെ ഓർമകൾ, ആ വീട്ടിൽ എവിടെ നോക്കിയാലും, എങ്ങോട്ടു തിരിഞ്ഞാലും. വികാരങ്ങളുടെ കെട്ടുകള്‍ മുറിച്ചുമാറ്റുക അത്ര എളുപ്പമാണോ? അവളിവിടെ ഉണ്ടാകുമോ ? തന്നെ നോക്കികൊണ്ട്?

ഒരുപക്ഷേ, അവൾക്ക് താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നതായിരിക്കും അനുഭവപ്പെട്ടിട്ടുണ്ടാവുക. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ജീവനെ മനുഷ്യർക്ക് തിരിച്ചറിയാനാവില്ല, അതുമായി ഇടപെടാനുമാകില്ല. അങ്ങനെയല്ലേ മരണം എന്നത്?

അവളുടെ കഴുത്തിലെ താലിമാലയും, കൈയിൽ അയാളിട്ട മോതിരവും, അവളുടെ കാലിലെ കൊലുസ്സും, അമ്മായി ആവണം, ഡ്രസ്സിങ് ടേബിളിൽ കൊണ്ടുവന്ന് വെച്ച് പോയത്.. അയാളാ താലിമാല വിറയ്ക്കുന്ന കൈ കൊണ്ട്എടുത്തു.

ഇരുപത്തിയെട്ട് കൊല്ലം.....

ഇരുപത്തിയെട്ട് കൊല്ലം മുൻപ്, അവളെ സാഹസികമായി വിളിച്ചിറക്കി കൊണ്ടു വന്നതാണ് താൻ. ഇവിടെ അമ്പലത്തിൽ വെച്ച് താലി കെട്ടി, തന്റെ വലംകൈയിൽ തൂങ്ങി കയറി വന്നത് ഇന്നലത്തേതു പോലെ അയാൾക്ക് തോന്നി.

എല്ലാ ദമ്പതികളെയും പോലെ, പ്രണയിക്കുകയും, സ്നേഹിക്കുകയും, വഴക്കിടുകയും, ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്ത് ഇരുപത്തിയെട്ടു കൊല്ലം കടന്നു പോയിരിക്കുന്നു. 'ഏട്ടനെ ഒറ്റക്കാക്കി പോവാൻ വയ്യ, ഞാനില്ലെങ്കിൽ ഏട്ടന് പിന്നെയാരാണ് ?'എന്ന് ചോദിച്ചവളാണ് തനിക്കു മുൻപേ കടന്നു പോയിരിക്കുന്നത്.

മൂന്ന് മക്കളെങ്കിലും വേണമെന്നൊക്കെ അവൾ പറഞ്ഞിരുന്നുവെങ്കിലും, ആദ്യ ഗർഭത്തിന്റെ സങ്കീർണ്ണതകൾ ഒരു കുഞ്ഞു മതിയെന്നതിലേക്ക് വേണുവിനെ എത്തിക്കുകയായിരുന്നു. 'ഞാനല്ലേ പ്രസവിക്കേണ്ടത്? ഞാൻ റെഡിയാണെന്ന്' പറഞ്ഞവൾ വഴക്കിട്ടിട്ടുണ്ട്. 'നിന്റെ വിഷമങ്ങൾ കണ്ടു നിൽക്കേണ്ടത്, ഞാനല്ലേ' എന്ന മറുപടിയിൽ അവളുടെ വഴക്കയാൾ അലിയിച്ചു കളഞ്ഞിരുന്നു. പ്രസവത്തിന്റെ അന്ന്, 'ഏട്ടന് ഒരു ആൺകുട്ടിയെ തരാനെനിക്ക് പറ്റിയില്ലല്ലോ' എന്ന പരാതിയും, 'നിന്നെ പോലെ ഒരു കുറുമ്പി മകൾ മതിയെനിക്ക്' എന്ന മറുപടിയിൽ അവളുടെ കണ്ണ് നിറഞ്ഞു പോയതും ഇന്നലെ പോലെ....

മകളുടെ വളർച്ചയുടെ കാലഘട്ടങ്ങൾ, പലപ്പോഴും ജോലിയുടെ ഭാഗമായി വേണ്ട വിധം നോക്കാനാവാതിരുന്നപ്പോഴും, അയാളെ അതൊന്നും പറഞ്ഞവൾ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഒടുവിൽ, അവൾക്കിഷ്ടപ്പെട്ടവനെ മകൾ തന്നെ കണ്ടെത്തിയപ്പോഴും, ഒരു പരാതിയും പരിഭവുമില്ലാതെ അതിനു വേണ്ടി വാദിച്ചതുമവൾ തന്നെയായിരുന്നു.

വീണ്ടും അവർ രണ്ടുമായി വീട്ടിൽ, റിട്ടയർമെന്റ് എത്തിയ വർഷം, ഇനിയിപ്പോ ഏട്ടനെ എപ്പോഴും എനിക്ക് കാണാമല്ലോ എന്നൊരു പതിനേഴുകാരി കാമുകിയുടെ കണ്ണുകളിലെ തിളക്കത്തോടു കൂടിയവൾ പറഞ്ഞിരുന്നു...

എന്നിട്ടും ഇടയ്ക്ക് കൂട്ടുകാരുടെ ഒപ്പം പോകുന്നതിനു ചെറിയ കുട്ടികളെ പോലെ അവൾ പിണങ്ങിയിരുന്നു. സമയം കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്നവൾക്കറിയാമായിരുന്നുവോ? ഇപ്പോഴോർക്കുന്നു, ഒപ്പമിരിക്കാമായിരുന്നു കുറെ സമയം കൂടി, പല സൗഹൃദങ്ങൾക്കായി പങ്കിട്ടു കൊടുത്ത സമയം എരിഞ്ഞില്ലാതായവൾക്ക് കൊടുത്തിരുന്നെങ്കിൽ, കുറ്റബോധത്തോടെ അയാൾ, അസഹ്യതയോടെ, നെഞ്ചു തടവി.

ഐവർമഠം മടങ്ങാൻ തയാറെടുക്കുന്നു, ഇനി സഞ്ചയനത്തിന് അവർ വരും, ബാക്കി ചടങ്ങുകൾ -അഗ്നിസംസ്‌കാരം ചെയ്താല്‍ നാലാംദിവസം ചെയ്യേണ്ട കര്‍മ്മം– അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത് പച്ചക്കലത്തിലിട്ട് പാലുള്ള വൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിടും. ഇലഞ്ഞിയുടെ താഴെ തന്നെയാകാം അത് ... അവളുടെ 'നമ്മളിടങ്ങൾ '.

വീട്ടിലുണ്ടായിരുന്ന നേർത്ത കരച്ചിലിന്റെ അലയൊലികൾ അടങ്ങിയിരിക്കുന്നു. മരണമെന്ന യാഥാർഥ്യം ബന്ധുക്കളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു എന്നാണതിനര്‍ത്ഥം. ശരീരം ചാമ്പലാകുന്നതോടു കൂടി ഇത് ജീവിച്ചിരിക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ടാവും, പക്ഷേ അയാൾക്ക് മാത്രം അതുൾക്കൊള്ളാനായിട്ടില്ല.. ഇനിയും....

അതിനോടൊപ്പം തന്നെ തനിച്ചാക്കുകയില്ലെന്നും, 'വയസാൻ കാലത്തു നിങ്ങളെ നോക്കാൻ ഞാനുണ്ടാവു'മെന്ന വാക്കു തെറ്റിച്ചയവളോട് വല്ലാതെ ശണ്ഠ കൂടാൻ അയാൾക്ക് തോന്നി.

അവളുമായുള്ള അഗാധമായ ബന്ധം മുറിച്ചുമാറ്റുവാൻ മരണം കൊണ്ട് സാധ്യമല്ലെന്ന വിധം അയാളുടെ മനസ്സിലേക്ക് അവളുടെ ഓർമകൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... ഒപ്പമയാളുടെ കണ്ണുകളും ...
****************************

എനിക്കൊരു എന്നെ വേണം
റജീന അഷ്റഫ്
എനിക്കൊരു എന്നെ വേണം
ആരും ആരെയും മനസ്സിലാക്കാത്ത ലോകത്ത്
എന്നെ മാത്രമറിയാൻ
 ഒരു ഞാൻ വേണം
ഞാൻ പറയുന്നത്
എന്നെപ്പോലെ മനസ്സിലാക്കാൻ
എന്റൊപ്പം നടക്കാൻ
എനിക്കൊരു എന്നെ വേണം
മഴയെ സ്നേഹിക്കുന്ന
ചിരികൾ സമ്മാനിക്കുന്ന
എനിക്ക് മാത്രം അറിയുന്ന
എന്നെ മാത്രം അറിയുന്ന
മറ്റാരും അവകാശികളില്ലാത്ത
എന്റെ മാത്രം ഞാൻ
ഒരു പാവം ഞാൻ.
****************************

ക്ഷീണിച്ച രാത്രി.
എം.ആർ.രാമചന്ദ്ര ബോസ്
മുകളിൽ സൂര്യൻ ഒരു ചുവന്ന കവിതയായ് മലയുടെ മറുവശത്തേയ്ക്ക് വസ്ത്രവുമായിറങ്ങി.

കടലിന്റെ അടിത്തട്ടിലൊളിച്ചിരുന്ന ഇരുട്ട് കരയിലേയ്ക്കിഴഞ്ഞു കയറി ദിവസത്തിന്റെ തലയിൽ പൂർണ്ണ വിരാമമിട്ടു.

നഗരത്തിൽ കാത്തിരുന്നു മുഷിഞ്ഞ ഹാലജൻ ബൾബുകളുടെ മിനുമിനുത്ത മുഖത്ത് കീടങ്ങൾ മാറി മാറി ചുമ്പിച്ചു.

വൈകി വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി വാതിൽ തള്ളിത്തുറന്ന് മുറിയിൽ കയറി കതകടച്ചു.
മകളോടൊപ്പം അകത്തു കടന്ന എയർ കണ്ടീഷന്റെ മണം ബുദ്ധിപൂർവ്വം അവളുടെ അമ്മയുടെ മൂക്കിൽ നിന്നും ദൂരെ മാറി നിന്നു.

ലോഡ്ജിൽ തൂങ്ങി മരിച്ച യുവാവിനെ മോർച്ചറിയിൽ  നിക്ഷേപിച്ച കൂട്ടുകാർ ടൗണിലെ ബാറിന്റെ മൂലയിൽ ഒതുങ്ങിയിരുന്ന് കഥകളെഴുതി ചുരുട്ടി നിലത്തേയ്ക്കെറിഞ്ഞു കൊണ്ടിരുന്നു.

തട്ടുകടയിലെ ബഞ്ചിൽ ഒരു 'ഖണ്ഡകാവ്യം' ആണുങ്ങളോട് രഹസ്യം പറഞ്ഞ് ഉറക്കെ ഇളകി ചിരിച്ചു.

ദോശയുടേയും ഓംലെറ്റിന്റേയും മണം കടകളിലെ വില്പനക്കാരികളുടെ നാവുകളിൽ തൊട്ടു നക്കി!

മൂർച്ഛ വച്ച ഇരുട്ടിന്റെ ഇടവഴിയിൽ ,ഒരു യുവാവ്  ഖണ്ഡകാവ്യത്തിന്റെ പേജുകൾ ഓരോന്നായി മറിച്ച് മനപ്പാoമാക്കാൻ കിണഞ്ഞു ശ്രമിച്ച കൊണ്ടിരുന്നു.

കാറ്റിൽ താളുകൾ തലങ്ങും വിലങ്ങും മറിഞ്ഞപ്പോൾ അയാൾ ക്ഷീണിച്ചവശനായി ഇടവഴിയിൽ വീണു.

താളുക്കൾക്കിടയിൽ അക്ഷരങ്ങളും വാക്കുകളും ചതഞ്ഞരഞ്ഞ് നിറമില്ലാത്ത ഒരു കവിതയായി രാത്രിയുടെ കറുത്ത കവിളിൽ ഒട്ടിയിരുന്നു.

ചുവന്ന കവിത വീണ്ടും തിരികെയെത്തി വസ്ത്രം താഴേയ്ക്കു വലിച്ചെറിഞ്ഞു.
****************************

രാവ്
ആൻ
ഉറങ്ങാൻ
പട്ടുമെത്തയുള്ളവന്
രാവെന്നും
ആനന്ദമാണ്...
പകൽ നീളം
പണിയുന്നവന്
രാവെന്നും
ആശ്വാസമാണ്...
കെട്ടുറപ്പുള്ളൊരു
കൂരയില്ലാത്തവന്
രാവെളുപ്പോളം
ആധിയാണ്.....
തല ചായ്ക്കാൻ
ഒരു പിടി മണ്ണ് പോലും
ഇല്ലാത്തവന്
രാവെന്നും
കണ്ണീരാണ്....
****************************

അറിയണമെങ്കിൽ
അപ്സര ആലങ്ങാട്ട്
പ്രണയമെന്തെന്നറിയണമെങ്കിൽ കടൽത്തീരത്തുപോകണം
ജീവിതമെന്തെന്നറിയണമെങ്കിൽ ആശുപത്രിയിൽ പോകണം....
ത്യാഗമെന്തെന്നറിയണമെങ്കിൽ
അച്ചന്റെ കയ്യിലെ തഴമ്പിൽ തലോടണം...
സ്വർഗ്ഗമെന്തെന്നറിയണമെങ്കിൽ
അമ്മയുടെ മടിയിലൊന്നു ചായണം...
****************************

മോക്ഷം 
അനാമിക
കവനയത്നങ്ങൾ
രാജസൂയങ്ങളായ്
കടിഞ്ഞാണ- ഴിഞ്ഞശ്വപ്രയാണം  നടത്തവേ....

പുറന്തോടടർന്നു
മണ്ണിൽപതിക്കുവാൻ
കവിത്വമനുമതി
തേടവേ...

മൗനവത്മീകങ്ങ-
ളിലൊളിച്ച
ചെറുനാമ്പുകൾ

കാലമാം  മൂശയിൽ
പാകമായ്,
ലാവയായ്,
സഫലസംഗീത-
മായ്,
സ്വയം പെരുക്ക ലായ്
പേറ്റുനോവാലാർ- ക്കവേ.....

ആർത്തനാദങ്ങൾ
പെരുകുന്നു
തൂലികത്തുമ്പതിൽ

കവിയിവിടെ
ഏകാന്തനാണ് !

ശാന്തിതൻ
ഗിരിനിരപ്പച്ച -
പ്പിലൊരു
പർണ്ണശാലയിൽ
കാലനഭസ്സിൽ
വരച്ചതാം
കുറികൾ
തെളിയവേ.....

കൊത്തി യുടച്ചതാം
ചിന്തകൾ
മൊത്തിക്കുടിച്ച
തേൻചാറാവുന്നു
കവിത

ഒരുകാവ്യവസന്തം
വിടരവേ......
അക്ഷരപുണ്യമായ്
കവിത്വമുണരുന്നു

കവനയത്നങ്ങളോ.....
മോക്ഷപദമിതിലേറുന്നു
****************************

ഇഖാസ് കഥ
മജീദ് മൂത്തേടത്ത്
  നാട്ടുവഴികൾ നടന്നു താണ്ടി നാട്ടറിവുകൾ കോർത്തുവെക്കുന്ന ഒരാൾ കാന്തപുരത്തുണ്ട്. നർമ്മത്തിൽ പൊതിഞ്ഞ സൂചികൊണ്ട്  സൗഹൃദത്തിന്റെ പട്ടു കുപ്പായം തുന്നിച്ചേർക്കുന്ന ഒരാൾ ..
ഇഖാസ്
__ ദേശത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരൻ..
കണ്ടുമുട്ടുന്നവരോടൊക്കെ പഴമ്പുരാണങ്ങൾ പങ്കുവെച്ച് തലമുറകളുടെ അന്തരം ഇല്ലാതാക്കുവാൻ നിയോഗിക്കപ്പെട്ടവൻ.
      ഇഖാസിന്റെ ഓർമ്മകളിലാണ് കാന്തപുരത്തിന്റെ വാമൊഴി ചരിത്രമത്രയും. ദേശസഞ്ചാരത്തിന്നിടയിൽ കൊട്ടിപ്പാടാനുള്ള നാട്ടുവഴക്കങ്ങളാണ് അയാൾക്ക് ചരിത്രം.
' ഭൂതകാലവും വർത്തമാനകാലവും തമ്മിൽ നടത്തുന്ന അവിരാമമായ സംഭാഷണമാണ് ചരിത്രം '    എന്നു ചരിത്രത്തെ നിർവചിച്ചതാരാണ്?
ആരായാലും ഒരു കാര്യം ഉറപ്പ്: ആ ചരിത്രകാരന്റെ ചിന്താമണ്ഡലത്തിൽ എപ്പോഴോ ഇഖാസ് എന്ന പരോപകാരിയും കാന്തപുരം എന്ന ഗ്രാമവും മിന്നിത്തെളിഞ്ഞു കടന്നു പോയിട്ടുണ്ട്.
    തമാശ രൂപത്തിൽ അപൂർവം ചിലപ്പോൾ കാര്യഗൗരവത്തിലും  ഇഖാസ് വിളിച്ചുപറയുന്നതു കേട്ടാൽ നിങ്ങളും അറിയാതെ തറവാട്ടു മുറ്റത്ത് എത്തിപ്പെടും. പൂർവികരെ മുഖാമുഖം കണ്ടുമുട്ടും. പിരിശവും കിറുവവും ഉറഞ്ഞുകിടക്കുന്ന കളിമുറ്റത്തുകൂടി പിച്ചവെക്കും. പാതാളത്തോളം ആഴമുള്ള കിണറ്റിൽ നിന്നും പച്ചവെള്ളം കോരിക്കുടിച്ചതായി അനുഭവപ്പെടും..
     പത്തെൺപതു വർഷത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് ഒരു പട്ടണം മാത്രമെ ഇഖാസ് സന്ദർശിച്ചിട്ടുള്ളൂ ; കോഴിക്കോട് നഗരം ...
വലിയങ്ങാടിയും പാളയം മാർക്കറ്റും മിഠായിത്തെരുവും മാനാഞ്ചിറയും മുതലക്കുളവും മൊയ്തീൻ പള്ളിയും പുതിയറ വിളക്കും ഹലുവാ ബസാറുമൊക്കെ ഇഖാസിന്റ മനനങ്ങളിൽ പതിവായി  കൂറ്റും കുയ്നാടിയും നിറച്ചു പോകാറുണ്ട്.
   മുഖലക്ഷണം നോക്കി കുടുംബ പാരമ്പര്യങ്ങൾ  കണ്ടെത്തലാണ് ഇഖാസിന്റ വിനോദം.
 ' മോച്ചായിത്തം കണ്ടിട്ട്  മൂത്തേടത്ത്കാരനാ... മൂത്തേടത്തബൂന്റെ മോനല്ലേ നിയ്യ് ? അന്റെ ബല്യാപ്പ ചെറുവങ്ങാരി അയമ്മദാജി കത്തറമ്മ ലംശത്തുകാരാനാ ... ഇങ്ങളെ പറമ്പ് അയാള്  നമ്പൂരിമാരോട് ചുളുവിലക്ക്  കൈക്കലാക്കിയതാ.. വെളമ്പിയ ചോറ് തിന്നാൻ സമ്മതിക്കാണ്ടാ  നമ്പൂരിശ്ശന്മാരെ ആടെന്ന് മണ്ടിച്ചത്.. ശാപം കിട്ടിയ പറമ്പാ അത് ... ആർക്കും ഒതകൂല..
നെന്റെ ഉമ്മ പാലങ്ങാട്ടുകാരിയാ
തിരുവനച്ചം കണ്ടി തറുവേയിക്കുട്ടി വൈശ്യരെ മോള്. ആ വൈശ്യര് മാറ്റാത്ത ദീനം ദുന്യാവിലില്ലായ്നും.. നൂറ് തെകഞ്ഞാ മൂപ്പര് മരിച്ചത്.. ' വഴിക്കെവിടെ വെച്ചെങ്കിലും എന്നെ കണ്ടുമുട്ടിയാൽ അങ്ങനെ പോകും ഇഖാസിന്റെ ലക്ഷണം പറച്ചിൽ.
        ജാതി  മത ഭേദമന്യേ ദേശത്തുകാരുടെ മൂന്നു തലമുറകൾക്കപ്പുറത്തുള്ള  കഥകൾ ഇഖാസിന്റെ സഞ്ചിയിലുണ്ട്. അതിൽ തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെയും  മാനിച്ചങ്ങളുടെ അതിജീവനത്തിന്റയും നാട്ടുപോക്കിരികളുടെ സുജായിത്തരത്തിന്റെയും കഥകളുണ്ട്.
കൈയ്യൂക്കുള്ളവരും തന്റേടികളുമായ ഒറ്റയാൻമാരാണ് ഇഖാസിന്റെ ഇതിഹാസ കഥാപാത്രങ്ങൾ:
അമരാട് മലയിൽ നായാട്ടിനുപോയപ്പോൾ നിറതോക്ക് ചാരിപ്പിടിച്ച്   നരിമടയിൽ കിടന്നുററങ്ങിപ്പോയ വെടിക്കാരൻ  കൊല്ലിഹാജി,
മുറിച്ചുകൊണ്ടിരിക്കുമ്പോൾ ദേഹത്തേക്കു വീഴാൻ വന്ന തടിമരം ഒറ്റത്തോളിൽ താങ്ങിനിർത്തിയ വെട്ടുകാരൻ വല്യാത്തൻ,
കാല്നടയായി മക്കത്ത് പോയി ഹജജ്കർമം ചെയ്ത് മടങ്ങിയെത്തിയ നെരോത്തെ മമ്മിമുസ്ലിയാർ,
രണ്ടേര് മൂരികളെ ആത്തിക്കണ്ടത്തിലൂടെ കാളോട്ട് നടത്തിയ ഒറ്റപ്പിലാക്കി കണ്ടൻ,
ആവുപ്പാട് പള്ളിനേർച്ച തുടങ്ങാൻ കൈകാര്യക്കാരനായി നിന്ന കുന്നത്തു ചന്തു നായർ,
ഏഡും പോലീസും പിടിക്കാൻ വന്നപ്പോൾ  മുള്ളുമരത്തിൽ മണ്ടിക്കയറി രക്ഷപ്പെട്ട ഓട്ടക്കള്ളൻ കിട്ടുണ്ണി,
ഇരവഴഞ്ഞിപ്പുഴയിൽ കടത്തുതോണി മറഞ്ഞപ്പോൾ ആളുകളെ രക്ഷപ്പെടുത്തുന്നതിന്നിടയിൽ കയത്തിൽ ആണ്ടു പോയ മൊയ്തീൻ,
വെട്ടാൻവന്ന പോത്തിനെ മന്ത്രം ചൊല്ലി ഓടിച്ച കുട്ടുസ്സ മൊല്ലാക്ക........ ഇഖാസിന്റെ നായക കഥാപാത്രങ്ങളുടെ നിര അങ്ങനെ നീണ്ടുപോകുന്നു.
  ഏത് പ്രദേശത്ത് ചെന്നാലും കാന്തപുരത്തുകാരുടെ പോരിശ  പറയാതെ ഇഖാസിന് നടത്തം ഉറക്കില്ല.
   ഒരു ദിവസം  എളേറ്റിൽ അങ്ങാടിയിലെ ജീവരക്ഷാ മണി വൈദ്യശാലയുടെ കോലായിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇഖാസ്. സൈതൂട്ടി വൈദ്യർ നല്കിയ രാസ്നാദിപ്പൊടി മൂർദ്ദാവിൽ തിരുമ്മി, മരുന്ന് തറച്ചു കൊണ്ടിരിക്കുന്ന ഉണ്യാമൻ വൈദ്യരോട് തമാശകൾ പറഞ്ഞ് അങ്ങനെ .
അപ്പോൾ നിരത്തിന് അക്കരെ കോമളവിലാസം ചായക്കട നടത്തുന്ന കോമപ്പൻ നായർ അങ്ങോട്ട് കയറി വന്നു.
"അസ്സലാമു അലൈക്കും നായരെ  " ഇക്കാസ് ലോഗ്യം പുതുക്കി.
അതാണ് ഇഖാസിന്റെ രീതി.വലിപ്പമോ ചെറുപ്പമോ നോക്കാതെ ജാതിയോ മതമോ നോക്കാതെ സലാം പറയും .തന്റെ ചുറ്റുപാടുമുള്ള എല്ലാവർക്കും എപ്പോഴും രക്ഷയുണ്ടാകട്ടെ എന്നതാണ് അയാളുടെ തേട്ടം.
ഇഖാസിനെ ഒന്നു ചൊടിപ്പിച്ചാലോ? കോമപ്പൻ നായർക്ക് ഒരു കുസൃതി തോന്നി.
" എളേറ്റ്ക്കാർ എളകിയാ കാന്തോരത്തുകാർ കാളും "
കോമപ്പൻ നായർ ആരോടെന്നില്ലാതെ തട്ടി വിട്ടു.
കേൾക്കേണ്ട താമസം,
 ഇഖാസ് ബഞ്ചിൽ നിന്ന് ചാടി എണീറ്റു. കോമപ്പൻ നായരെ കണ്ണുരുട്ടി നോക്കിക്കൊണ്ട് അയാൾ പൊട്ടിത്തെറിച്ചു:
" മിണ്ടാണ്ട് നിക്കി നായരെ നിങ്ങള്.. കാന്തോരത്ത് കാരെ വെല്ലാൻ അതിറ്റാമു ന്ത്യ ഷുജായി ആരാ എളേറ്റില്ള്ളത്?
എടച്ചേര്യ ശേഖരനാനക്ക് ഒക്ക്ണ കൊമ്പുള്ള ആന ഏത് എളേറ്റ്ക്കാരനാ ഉള്ളത്?
കുന്നത്തെ ചന്തു നായരെ മൈലമ്മൂരികൾക്ക് ഒക്ക്ണ മൂരികൾ ഇന്നാട്ടിലെ ഏത് കന്നൂട്ട്കാരനാ ഉള്ളത്?
മാണ്ട മോനെ കളി ഇഖാസിനോട് മാണ്ട.."
കോമപ്പൻ നായർ ചെവി പൊത്തിപ്പിടിച്ച് തോൽവി സമ്മതിച്ചു.
ഇഖാസ് ഒരു സാധുബീഡിയെടുത്ത്  തീ പിടിപ്പിച്ചു.പിന്നെ തലേക്കെട്ടഴിച്ചു കുടഞ്ഞ് വീണ്ടും തലയിൽ വട്ടത്തിൽ കെട്ടി ചന്തത്തലക്കലേക്ക് നടന്നു. മീൻചാപ്പയിലെ പതിവുകാരോട് ലോഗ്യം  പുതുക്കാൻ.
ഒച്ചയനക്കവുമായി ഇഖാസ് നടന്നിട്ടില്ലെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലെ നാട്ടിടവഴികൾ ഉറങ്ങിപ്പോകും.
ഇളംതലമുറയോട് നാട്ടു പെരുമ വിളിച്ചുപറഞ്ഞ് കലഹിക്കുന്ന ഇങ്ങനെ ഒരാൾ ഏതു ദേശത്തും കാണുമോ?
****************************