01-12-18


പ്രണയമേ നീയേകിയത്
'ഏകനായോ,രെനിക്കേകി
പുതുസംഘർഷ ജീവിതം നീ.
വെമ്പുമീ മനവും
ജ്വലിക്കുമെൻ തനുവും
തീക്ഷ്ണമാം ചിന്തയും
എന്നിൽനിന്നെടുത്തു നീ
വഴികളെ ദുർഘടമാക്കവേ,
ശക്തിയുമില്ല ജീവന്,
യുക്തിയുമില്ല തിരിച്ചെത്തുവാൻ.
ഉള്ളറയ്ക്കുള്ളിൽ നീ മാത്രം.
തനു തരും നോവെത്ര ലളിതം
മനമിയലും തേങ്ങലാണതിദുരിതം
ശൂന്യതയിലേക്കലഞ്ഞുവോ
ചിന്തകളൊക്കെയും.
നിൻ കണ്ണുകൾ ഇടയുമ്പോൾ
വാക്കുകൾ ഉതിരുന്നീല,
നീണ്ടിടും നിശബ്ദതയൊന്നു മാത്രം.
എങ്കിലുമെങ്കിലും,
     ഒറ്റയ്ക്കല്ല ഇന്നു ഞാൻ .'
സിദ്ദീഖ് സുബെെർ.

***********************
പേരയ്ക്കാ മണങ്ങൾ
ഞാനെന്റെ പുറന്തോടു പൊട്ടിക്കുന്നതാണ്...
നാട്ടു പേരക്കാ മണമെന്ന് നിങ്ങൾക്ക് തോന്നും .
 വെയിലേറ്റു പുളഞ്ഞും, കാറ്റത്തു
വരണ്ടുമല്ലാതെ പേരയ്ക്കകൾ എങ്ങനെ വിളഞ്ഞ് പഴുക്കാൻ? എങ്ങനെ  മധുരിക്കാൻ ?
സ്വർഗ്ഗം തുറക്കപ്പെടാതെ നക്ഷത്രങ്ങളെങ്ങനെ ഉരുണ്ടു വീഴാൻ ,
അവ ചില്ലയിലെങ്ങനെ പുഞ്ചിരിക്കാൻ ?
തായ്മരം  തൊലി പൊളിക്കുന്ന പോലെ നോവുകളാലിവൾ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നതാണ് ..
മരണം ജീവിതത്തെയെന്ന പോലെ  ഞാനൊന്ന് തിരിഞ്ഞു നോക്കുന്നതാണ് ..
പൊഴിയുന്ന ഇലകൾ പോലെ എന്റെ
ഉന്മത്തമായ ഹൃദയം കണ്ണീർ പൊഴിക്കുന്നതാണ്
 പുന്നക്കായകൾ മാത്രം വളരുന്ന തോട്ടങ്ങളുള്ളവർ ,
ഉടമസ്ഥനില്ലാത്ത മുതലെന്ന പോലെ സുഗന്ധങ്ങളെ  ഒളിച്ചു കടത്തരുത് ..
ഷീലാ റാണി

***********************
നിനക്ക്
എന്റെ മരണവീട്ടിലേക്ക്
നീ വരരുത്
നീ മാത്രം വരരുത് .
വന്നാൽ
എല്ലാ കണ്ണുകളും
നിന്നിലാവും
മരിച്ച എനിക്കരികിൽ
കരഞ്ഞു കുത്തിയിരിക്കുന്ന
എന്റെ ഭാര്യ
നിന്നെക്കണ്ടതും
കോപം കൊണ്ടുവിറച്ച്
ചാടിയെഴുന്നേറ്റ് വരും
ഇറങ്ങിപ്പോകൂ എന്ന്
ഉച്ചത്തിലാക്രോശിക്കും.
എല്ലാം നിശബ്ദമാവും
നിശബ്ദമായൊരിടവേളയിൽ
പച്ച വിറകിലേക്ക് വീഴുന്ന
കോടാലി ശബ്ദം പോലുമൊന്ന്
നിശബ്ദമാവും
എന്നെയൊരു നോക്കു കാണാതെ
എന്റെ തണുത്ത നെറ്റിയിലൊന്ന്
ചുംബിക്കാതെ
നീ പടിയിറങ്ങിപ്പോകും .
നീയിറങ്ങിപ്പോകുമ്പോൾ
ഓർമ്മകൾ
തിരമാലകൾ പോലെ
നിന്റെ നെഞ്ചിൽ വന്നിടിക്കും .
നമ്മളൊരുമിച്ചുറങ്ങിയ
ലോഡ്ജ് മുറി,
നമ്മളൊരുമിച്ചു പോയ
രാത്രിയാത്രകൾ
നേരം വെളുക്കുവോളം
നമ്മളൊരുമിച്ചിരുന്ന
കടൽത്തീരങ്ങൾ ,
ഓർമ്മകളിൽ
നീയൊന്ന് വിതുമ്പും
ഒരിക്കൽ കൂടി
കടൽക്കരയിൽ നിന്ന്
ലോഡ്ജിലേക്ക് നടക്കുന്ന
എന്റെ തോളിൽ നീ
ഒരു കൊച്ചുകുട്ടിയെ പോലെ
ഓർമ്മയില്ലാതെ കിടക്കും
എന്റെ കള്ളുകുടിക്കൂട്ടുകാരാ
എന്റെ മരണവീട്ടിലേക്ക്
നീ വരരുത് .
നീ മാത്രം വരരുത്.
നീയാണാദ്യം
കുടിച്ച് മരിക്കുന്നതെങ്കിൽ
ഞാനും വരില്ല .
ലാലു കെ ആർ

***********************
കാലം
   ചോറ്
   ഒരു മാന്യ പദവും
   കഞ്ഞി " എന്നത്
   അപമാന പദവുമായ്
   ഉത്തരവിറങ്ങുന്ന
   വർത്തമാനകാലത്ത്...
   വറുതിയുടെ നാളുകളിൽ
   പിതൃപരമ്പര --
   നമ്മെ ഊട്ടിവളർത്തിയ
   വിയർപ്പിന്റെ ഉപ്പലിഞ്ഞ
   കഞ്ഞിവെള്ളത്തിന്റെ
   ഭൂതകാലമേ...
   വിസ്മരിക്കാനാവുന്നില്ല
   സ്നേഹത്തോടെ --
   അന്നത്തോടൊപ്പം
   പകർന്ന് കിട്ടിയ
   പൈതൃക നാമമേ...
   ഇനി
   അന്തസ്സിന്
   അനുയോജ്യമല്ലെന്നും
   പഴഞ്ഞനെന്നും പറഞ്ഞ് -
   കോരന്
   കുമ്പിളിൽ
   ചോറ് "
   എന്ന് ഉത്തരവിറങ്ങുന്ന
   ഭാവി കാലമേ...
എടയത്ത് ശശീന്ദ്രൻ .

***********************
സ്ത്രീ പറയാനിരുന്നത്         
അശാന്തിയുടെ തീരങ്ങൾ കടലെടുക്കട്ടെ
ശാന്തിയുടെ തീരങ്ങൾ അഭയമരുളട്ടെ
ഉള്ളിൽ ആർത്തിരമ്പുന്ന അഗ്നിത്തിരകൾ
തൂലികത്തുമ്പിനാൽ മോക്ഷം കൊതിക്കുന്നു
മതി അടിമയെന്ന പേര്
ഒഴുകിയകലട്ടെ അബലയെന്ന വാക്ക്
കറുപ്പിൻ അഗാധമാം ആഴിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കണം
താങ്ങാകണം കരുത്തുറ്റ കൈകളും ഹൃദയവു
നെഞ്ചകം നീറ്റുന്ന അഗ്നി ശൈലങ്ങളെ
വന്യതയേറ്റുന്ന ഘോരതമസ്സിനെ
ഉടൽ മൂടുന്ന അഗ്നിപ്പുതപ്പിനെ
നീക്കുവാൻ ആകുന്ന  കൂട്ടുകാരാ ....
നിനക്കായ്... സ്ത്രീ... കാത്തിരിക്കുന്നു
അഷിബ ഗിരീഷ്

***********************
വിശപ്പ്
വറുതിയിൽപ്പെട്ട്
തീൻമേശയിലെ പാത്രങ്ങൾ
ചിലക്കുകയാണ്
ഞാൻ
പ്രിയപ്പെട്ട എന്തോ ഒന്നിനെ
മറക്കുകയാണ്
വഴിക്ക് വെച്ച്
ആരൊക്കെയോ കൂടെ കൂടുന്നുണ്ട്.....
ഹരിപ്രിയ
 (ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന ചിത്രത്തിന്റെ ക്ലാസ് റൂം സർഗാത്മകാവിഷ്കാരം)

***********************
കവിത
കടൽക്കരയിലെ
മുറിയിലേക്ക്
നമ്മളൊരുമിച്ചൊരു
കവിതയെഴുതാൻ പോകും
പകൽ മുഴുവൻ
പരസ്പരം കൈകോർത്ത്
തിരമാലകൾക്കിടയിൽ
ഉപ്പു തുള്ളികളെ നുണഞ്ഞ് .....
രാത്രി മുറിയിൽ
ഞാനാദ്യം പേന ,
നീ കടലാസ്
വാക്കുകൾ ചുംബിക്കും
വരികൾ കെട്ടിപ്പിടിക്കും
കിതച്ച ഞാൻ പിന്നെ
കടലാസാവും
പേനയായ്
എനിക്ക് മീതെ നീ
നൃത്തം ചെയ്യും
ഓരോ കോശങ്ങളിലും
കുത്തും കോമയും വീഴും
സ്റ്റാൻസകൾക്കിടയിൽ
നിശ്വാസങ്ങളുതിരും
അവസാന കിതപ്പിൽ
നീട്ടിയൊരു വരവരച്ച്
നനഞ്ഞൊട്ടി നമ്മളൊരു
 കവിതയാകും ,
ആരാണെഴുതിയതെന്ന്
എനിക്കും നിനക്കും
പോലുമറിയാതെ
ലാലു കെ ആർ

***********************
ഓർമ്മിക്കാൻ
കാലങ്ങൾക്കപ്പുറം കണ്ടുമുട്ടേണ്ടിയിരുന്നില്ലെന്ന് നീയും ,
പിരിയേണ്ടിയിരുന്നില്ലെന്ന് ഞാനും കരുതിയേക്കാം ..
വേരുകളില്ലായിരുന്നെങ്കിലെന്ന്  മരവും ,
ചിറകുകൾ ഭാരമാണെന്ന് കിളിയും പരസ്പരം പറയുന്ന പോലെ ...
എന്നെങ്കിലും ,
എപ്പോഴെങ്കിലും, നിന്റെ പൊട്ടിച്ചിരിയെക്കുറിച്ച് ഞാനും ,
എന്റെ മുടിത്തുമ്പിനെക്കുറിച്ച്  നീയും വേദനയോടെ ഓർത്തുവെന്നും വരാം.
ഒരു പൂവിൽ നിന്ന് മരം ഒരു പൂക്കാലത്തെ ഓർത്തെടുക്കുന്നത്  പോലെ ..
പ്രഭാത ദീപ്തികളിൽ നിന്ന് പക്ഷികൾ പകലിന്റെ വരവിനെ വായിച്ചെടുക്കുന്നത് പോലെ ...
തണുത്തുറഞ്ഞ
മറവിയിൽ നിന്ന് ,
ഒരു വാക്കിന്റെ മയിൽപ്പീലിക്കെട്ട് ,
കട്ടെടുത്ത ഒരുമ്മയുടെ  കൽക്കണ്ടത്തുണ്ട് ,
നാമും  കണ്ടെടുക്കുമായിരിക്കും ...
വല്ലാതെ നോവുമെങ്കിലും  
ഓർമ്മിക്കാൻ ഒരു സ്നേഹമുണ്ടായിരിക്കുക എന്നത് എത്ര ആനന്ദകരമാണ്
ഷീലാ റാണി

***********************
കഥ
ഭാവോൻമിഷിതൻ !
"ഏതാനും നിമിഷങ്ങൾക്കകം ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലൽ മത്സരം ആരംഭിക്കുകയാണ്."   ഉടൻ നാരായണൻകുട്ടി മാഷ് വേദിയിലേക്ക് കുതിച്ചു.  ഈശ്വരാ കുഴപ്പമൊന്നും വരുത്തല്ലേ!  "നാണുമാഷേ, നമുക്കങ്ങട് തുടങ്ങാം."    "ഓ ശരി"   " എങ്കിൽ മാഷുടെ ഡീറ്റെയിൽസ് എഴുതിത്തരണം"  "ഡീറ്റെയിൽസോ?          "അതെ മാഷേ; അതായത് മാഷക്ക് കിട്ടിയ പുരസ്കാരങ്ങൾ, ജഡ്ജ്മെന്റിലുള്ള മുൻപരിചയം. അങ്ങനെയങ്ങനെയങ്ങനെ.... "  ഈശ്വരാ ചതിച്ചോ, എന്ത് കുന്തമാണെഴുതേണ്ടത്. മുൻപേതോ പഞ്ചായത്ത് കേരളോത്സവത്തിൽ വിധി നിർണയിച്ചതല്ലാതെ ഒന്നുമില്ലല്ലോ. സാരമില്ല, രാമപുരം എൽ പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനാണെന്നെഴുതാം, നല്ല കവിതയെ സ്നേഹിക്കുന്ന ആസ്വാദകനാണെന്നെഴുതാം. ങ് ഹേ, ഇടതും വലതും ഇരിക്കുന്നതാരൊക്കെയാണ് ?! വട്ടത്താടിയുള്ള ഈ ചെറുപ്പക്കാരനെ മുമ്പ് കണ്ടിട്ടില്ലല്ലോ. വലത് ഭാഗത്ത് തസ്ലീമ ടീച്ചറാണ്,ക്രൈസ്റ്റ് കോളേജിലെ മലയാളം വകുപ്പ് മേധാവി . "ഞങ്ങൾ സാഭിമാനം വിധികർത്താക്കളെ പരിചയപ്പെടുത്തട്ടെ..."    മഞ്ഞളിന്റെ നിറമുള്ള സംഘാടകൻ മുരടനക്കിക്കൊണ്ട് തുടർന്നു.  " വിക്ടർ ജോർജ് വെറ്റില :ചെന്നൈ യൂനിവേഴ്സിറ്റിയിലെ മലയാളം വിഭാഗം റീഡർ. ഉത്തരാധുനിക കവിതയിലെ ആധുനികോത്തരത എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. അഞ്ചലോട്ടക്കാരന്റെ അഞ്ചാമത്തെ കുട്ടി- എന്ന നോവലൈറ്റിന് എത്യോപ്യൻ സർക്കാരിന്റെ സാഹിത്യ പുരസ്കാരം.."
 മഞ്ഞൾ തുടരുകയാണ്. ഇത് പോലുള്ള ബഹുവർണ പ്രതിഭകളുടെ നടുവിൽ തന്നെപ്പോലൊരു പഴയ പത്താം ക്ലാസ് കാരനെ പ്രതിഷ്ഠിച്ചതെന്തിനാണ് !  "ജഡ്ജസ് പ്ലീസ് നോട്ട്, വേദിയിൽ കോഡ് നമ്പർ വൺ."        " അങ്കണത്തൈമാവിൽ നിന്നാദ്യത്തെ... "  ഇതേതാണൊരു പയ്യൻ.സോമാലിയനാണോ, മെലിഞ്ഞുണങ്ങിയൊരു നീർക്കോലി പോലുണ്ട്.പിഞ്ഞിത്തുടങ്ങിയ യൂനിഫോം.പക്ഷേ,ആലാപനം അതിസുന്ദരം. മികച്ച ശബ്ദം .വശീകരണ ശേഷിയുള്ള ഭാവം. തൊണ്ണൂറ് മാർക്ക് അധികമാവില്ല. ഇതെന്താ വെറ്റില സാർ അമ്പത്തെട്ടാണല്ലോ കൊടുത്തിട്ടുള്ളത്. തസ്ലിമ എഴുതിയത് കാണാനും കഴിയുന്നില്ല." നെക്സ്റ്റ് നമ്പർ റ്റു " മഞ്ഞൾ തുടരുകയാണ്.പദ്യങ്ങളൊന്നും പ്രാണനുള്ളതല്ല. " വേദിയിൽ കോഡ് നമ്പർ സെവൻ."  ഇതാര് രാജകുമാരിയോ? ആറടി
ഉയരം. പളപളാ മിന്നുന്ന വസ്ത്രങ്ങൾ,പരലു പോലുള്ള പല്ലുകൾ.  "ശ്രീ അവിനാഷ് അത്തിമൺ എഴുതിയ ജൈവാന്തർഭാഗത്തേക്ക് ഒരു ജൈത്രയാത്ര എന്ന കവിതയാണ് ഞാൻ ആലപിക്കുന്നത് "  എന്തായിത്, ശാസ്ത്രീയ സംഗീതമോ;കഥകളിപ്പദമോ, ഈ കുട്ടിയെന്തിനാണ് ഇടത്തൊണ്ട വിറപ്പിക്കുന്നത്!  ശബ്ദം കുഴപ്പമില്ലെങ്കിലും ഭാവം അരോചകരമാണ് .    ഉച്ചാരണത്തിന് കൃത്യതയില്ല. അസ്ഥാനത്താണ് അതിഖരവും ഘോഷവുമൊക്കെ പ്രയോഗിക്കുന്നത്. അമ്പത് മാർക്ക് കൊടുക്കാം. "ഹൈസ്കൂൾ വിഭാഗം പദ്യപാരായണ മത്സരം അവസാനിച്ചിരിക്കുന്നു.   " നാണു മാഷേ, റിസൽട്ട് തീരുമാനിക്കണ്ട?"   തസ്ലീമയുടേതാണ് ചോദ്യം.      "ഓ, അത് മാമ്പഴം തന്നെയല്ലേ?"   "ജൈവാന്തർഭാഗത്തേക്ക് എന്ന കവിതയാണ് ഔട്ട് സ്റ്റാന്റിംഗ് " -- വെറ്റിലയുടെ കരുത്തുറ്റ സ്വരം. മഞ്ഞൾ വീണ്ടും മൈക്ക് കരസ്ഥമാക്കി. " ഹൈസ്കൂൾ വിഭാഗം പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയത് പ്രഹേളിക ജെ എസ് സരസ്വതി വിദ്യാ മന്ദിർ വിത്ത് എ ഗ്രേഡ്  ,രണ്ടാം സ്ഥാനം... "    ഈശ്വരാ... സോമാലിയന് ഒന്നുമില്ലേ; ഇതാണോ വെറ്റിലയുടെ  ഗവേഷണഫലം! എന്തായാലും ചോദിച്ച് നോക്കാം. " വിക്ടർ സാറേ, ഒന്നാമത് പാടിയ ആൺകുട്ടിയുടെ പ്രശ്നമെന്തായിരുന്നു?"     "അത് ഭാവോൻമിഷിതമല്ല; പോരാത്തതിന് പഴഞ്ചൻ പദ്യവും!"
                     അശാന്തമായ മനസ്സോടെ നാണു മാഷ് നടക്കുകയാണ്:                                                                                    '             "വാസന്ത മഹോത്സവ--
              മാണവർക്കെന്നാലവൾ
               ക്കാഹന്ത കണ്ണീരിനാ-
               ലന്ധമാം വർഷ കാലം ."
    എത്ര    ഭാവചാരുതയോടെയാണവൻ ചൊല്ലിയത് .സമയം സന്ധ്യയായിട്ടും മനസ്സിൽ തിരയടങ്ങുന്നില്ല. താൻ പരമാവധി പോയന്റ് കൊടുത്തെന്ന് സമാധാനിക്കാം. കൂമൻകൊല്ലിക്കാവിനടുത്തെത്തിയപ്പോൾ ഒരു പിൻവിളി -- "മാഷേ, ഒന്ന് ചോദിച്ചോട്ടേ..?'' ഇതാര് കാർക്കോടകനോ, അല്ല കുചേലനോ; രണ്ടുമല്ല, നമ്മുടെ സോമാലിയനേേല്ലേ!  "എന്താ മോനേ, നീയിവിടെ?"   "എന്റെ കുടിൽ ഇവിടെയാ മാഷേ, ഞാൻ മാഷെയും കാത്ത് നിൽക്കുകയായിരുന്നു.  "എന്താ കാര്യം?"' കുറ്റബോധത്തോടെ മാഷ് ചോദിച്ചു." പറഞ്ഞ് തരാൻ ആരുമില്ലാത്തോണ്ട് ചോദിക്വാ, എന്താ മാഷേ, എനിക്കൊരു മൂന്നാം സ്ഥാനം പോലും തരാഞ്ഞത്?" മൊട്ടുസൂചി മുറിവിൽ കുത്തിയിറക്കും പോലെ മാഷ് പുളഞ്ഞു. പിന്നെ, സാവധാനം മേൽമുണ്ട് ശരിയാക്കിക്കൊണ്ട് തന്നോടെന്ന പോൽ പറഞ്ഞു -  " ആലാപനം ഭാവോൻമിഷിതം അല്ലായിരുന്നു!"   ° അങ്ങനെ പറഞ്ഞാൽ എന്താ മാഷേ?" കരച്ചിലിന്റെ വക്കിൽ നിന്നാണവൻ ചോദിച്ചത്. " അത് മോൻ ഗവേഷണം നടത്തുമ്പോൾ മനസ്സിലാവും!"  വന്ന വഴിതെറ്റാണെന്ന് തിരിച്ചറിഞ്ഞ നാണു മാഷ്  കാവിൽ നിന്ന്  താഴേക്ക് നടന്നു.
വേണുഗോപാൽ പേരാമ്പ്ര

***********************
ജപ്തി
പ്രാണനാണെനിക്കീ  പ്രണയം
പണയത്തിലാണവൾക്കെങ്കിലും,
പലിശയും
കൂട്ടുപലിശയുമായി
അടയ്ക്കാവുന്നതല്ലിത്
ജപ്തിതൻ വക്കിലാണിന്ന്
ഭയമേതുമില്ലവന്,
പ്രണയമുതലിൻ ഉടമസ്ഥയിനി
നീയല്ലോ പ്രിയേ...
സിദ്ദീഖ് സുബെെർ

***********************
കാട്
കാടിന്റെ ഉള്ളിലേക്കുള്ള
കാൽവെപ്പുകൾ
ഉണർവിന്റേതാണ്
പതഞ്ഞൊഴുകുന്ന
കാട്ടുചോലയിലൂടെ
കാട്ടുപൂക്കളുടെ ജലസമാധി,
ചിലപ്പോൾ നനഞ്ഞു നീന്തുന്ന മയിൽപ്പീലിയുടെ തരളിത മുഖം
ചൂളം വിളികൾ കേട്ട്
തിരിഞ്ഞു നോക്കുമ്പോൾ
ആരേയുംകാണില്ല
എന്നാൽ കാടിനു കാവൽ നിൽക്കുന്ന
തെമ്മാടിമരങ്ങൾ
നെഞ്ഞുന്തിച്ചു നിവർന്നങ്ങനെ നിൽപ്പുണ്ടാവും അതി ഗാഢം കെട്ടിപ്പുണരുന്ന
വള്ളികൾക്കിടയിൽ നിന്നും
മരത്തിന്റെ നിശ്വാസങ്ങളിൽ ലഹരി കിനിയുമ്പോൾ ഒരു
മരമായ് മാറാൻ തോന്നാം
കാട്ടുചൂരിൽ കനച്ചു നിൽക്കുന്ന പഴം കഥകളുടെ പുതഞ്ഞ
ഇലക്കിടക്കകളിലൂടെ
ആവേശത്തോടെ ഓടുന്ന മലയണ്ണാന്
നമ്മളൊരു വട്ടപ്പൂജ്യമായി തോന്നാം
ഏതോ പാഴ്ക്കിനാവിന്റെ നെഞ്ചെരിച്ചിലുമായി, പൊട്ടിയടർന്ന മക്കളെ കാൽക്കീഴിൽ കിടത്തി കണ്ണീരൊഴുക്കുന്ന
അമ്മ മരങ്ങളുടെ
അവശേഷിപ്പുകൾ കാണാം
പെട്ടെന്നു പൊട്ടി വിരിഞ്ഞ പോലെ
ഞെട്ടിത്തരിച്ചു നിൽക്കുന്ന
ഓർമ്മപ്പൂക്കളെ .... ഒറ്റ പ്പൂക്കളെ കാണാം
ഇരട്ട മൂക്കുത്തിയണിഞ്ഞ്
പച്ചപ്പട്ടുടുത്ത്
പൂക്കാരിച്ചെട്ടിച്ചികളെപ്പോലെ കലമ്പുന്ന
കാറ്റിനെ കാണാം,
ഇളം വെയിലിന്റെ
വൈഡൂര്യത്തിലേക്ക്
പൊട്ടിച്ചിതറി പതഞ്ഞു പുണരുന്ന ഇരുളിമയെ കാണാം ....
പിടുത്തമേതും കിട്ടാതെ അന്തിച്ചു നിൽക്കുമ്പോൾ
കൂക്കിവിളിയും അട്ടഹാസവുമായി ഭ്രാന്തൻ മഴ നാലുപാടു നിന്നും ആർത്തലച്ച്
നെഞ്ചിലേക്ക് ....!
ഒത്തിരി നനഞ്ഞിട്ടും
നനയാത്തൊരു മനസ്സുമായി അപ്പോഴും ഞാൻ!
ദേവി.കെ.എസ്

***********************
ശാപത്തിനേറ്റത്
'ശാപ വാക്കുകൾ കേട്ടത്രേ
വളർന്നു നാം.
ബാല്യ കൗമാരങ്ങൾ തൻ
കുസൃതിയേകിയതും ശാപം.
നീതിമാനും അകാരണമായും
ശാപമേൽക്കില്ലെന്ന് നീതിമതം.
ശാപമേറ്റവരിലധികം
പിൻബഞ്ചിലകപ്പെട്ടവർ,
കാലംപകർന്നതോ മുൻനിര.
ശാപംകേട്ടു നരച്ചു വളർന്നവർ,
ശാപവാക്കുരയ്ക്കുന്നു പിന്നെയും.
ശാപത്തിനാൽ ഇടർച്ചയില്ലിന്നാർക്കും,
അർഥലോപം ശാപത്തിനേറ്റുപോൽ.'
സിദ്ദീഖ്സുബെെർ

***********************
പാസ്സ് വേർഡ്
എന്നിലേയ്ക്കുള്ള
എല്ലാ വഴികളുടേയും
പാസ്സ് വേർഡ്
നിന്റെ പേരായിരുന്നു.
നീ
പേരുമാറ്റിയപ്പോൾ
കടക്കാനാവാതെ
അടഞ്ഞവഴികളിൽ
നിൽപ്പുണ്ട്
ഒഴുക്കുനഷ്ടപ്പെട്ട
കുറേ
നനഞ്ഞ ഓർമ്മകൾ
യു. അശോക്

***********************
മൂന്നുകഥകൾ
അസമയം....
 സ്കൂളിൽ ദേശീയഗാനത്തിന് ബെല്ലടിച്ചപ്പോൾ ക്ലാസിലെക്കുട്ടികളെല്ലാം എഴുന്നേറ്റുനിന്നു. ജനഗണമനയുടെ അൻപത്തിരണ്ട് സെക്കന്‍റുകൾക്കിടയിലാണ് മുൻനിരയിലുള്ള ചെറിയ പെൺകുട്ടി
 തലകറങ്ങി താഴെ വീണത്.ഓടിച്ചെന്നവളെ താങ്ങിയെടുത്ത് വെപ്രാളത്തിൽ മറ്റൊരുടീച്ചറോടൊപ്പം ഓട്ടോയിൽ വീട്ടിലെത്തിച്ചപ്പോഴേക്കും സമയം ഒട്ടങ്ങുവൈകി.അതേ ഓട്ടോയിൽ ബസ്റ്റാന്റിലെത്തിയപ്പോ സ്ഥിരം ബസ് സ്ഥലം വിട്ടിരിക്കുന്നു. ഇനി രക്ഷയില്ല
അരമണിക്കൂറോളം കാത്തുനിന്നാലേ അടുത്ത വണ്ടി സ്റ്റാന്റിൽ എത്തൂ. കാത്തുനിൽക്കുകതന്നെ...................ഒരുകണക്കിന് നാട്ടിലേക്കുള്ള വണ്ടിയിൽ വലിഞ്ഞുകയറി ജനലോരത്ത് സീറ്റുപിടിച്ച് നീണ്ടുനിവർന്നിരുന്ന് കണ്ണുകളടച്ച് മുക്കാൽ മണിക്കൂറോളം മയങ്ങി എഴുന്നേററപ്പോഴേക്കും നാടെത്തി.ബസിറങ്ങിയപ്പോൾ ഇരുട്ടുപരന്നിരിക്കുന്നു. നാട്ടിലെ സ്ത്രീജനങ്ങളെല്ലാം വീടണഞ്ഞിട്ടുണ്ട്. ചുറ്റിലും ഉണ്ടായിരുന്ന മാന്യപുരുഷൻമാരുടെ തുറിച്ചുനോട്ടത്തിൽ നിന്നുമാണ് 'അസമയം' ഏതെന്ന് ഞാൻ മനസിലാക്കിയത്.......
         ********
           
അവിശുദ്ധം
ജോലിസ്ഥലത്തേക്കുള്ള ദൂരം പ്രമാണിച്ച് എന്റെ നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോൾ വലിയൊരു ബുദ്ധിമുട്ട് നീങ്ങിക്കിട്ടിയ ആശ്വാസമായിരുന്നു.സ്വന്തമായുള്ളൊരു ശകടമുരുട്ടി ജോലിക്ക് പോയിവരുമ്പോൾ വല്ലാത്തൊരു അഭിമാനവും ആത്മവിശ്വാസവുമാണ്.ദേശിയപാതയേക്കാൾ എന്തുകൊണ്ടും സൌകര്യമുള്ള റോഡ് പാടങ്ങൾക്കും വിശാലമായ തെങ്ങിൻതോപ്പുകൾക്കുമിടയിലൂടെ അങ്ങിനെ നീണ്ടുവിവർന്നു കിടക്കുകയാണ്.ഗ്രാമ്യത കൈമോശം വരാത്ത , വിജനമായ ആ പാതയിലൂടെ ഉള്ള യാത്രകൾ ഞാൻ ആദ്യം നന്നായി അസ്വദിച്ചിരുന്നു. പക്ഷേ ഏകാന്തതയെ പ്രണയിക്കുന്നവളായിട്ടുകൂടി  എനിക്ക് എന്തോ പെട്ടെന്ന് അത് മടുപ്പുളവാക്കാൻ തുടങ്ങിയോ എന്ന ചിന്തയുമായി പോകുമ്പോഴാണ് ഗൃഹാതുരതയുടെ കാലഘട്ടത്തിന്‍റെ ഹിറ്റ് ഗാനവും പേറി ഒരു ജീപ്പ് എന്നെ കടന്നുപോയത്. അതെനിക്കൊരു പുത്തനുണർവേകിയത് പെട്ടെന്നായിരുന്നു. ഏതോ സ്കൂൾ കുട്ടികളെ വീടുകളിലെത്തിക്കാനോടുന്ന വണ്ടി ആയതുകൊണ്ടായിരിക്കണം അതൊരു പതിവായി മാറിയത്. അങ്ങനെ ആ ജീപ്പ് എന്നെ കടന്നുപോകാത്ത ദിനങ്ങൾ സ്കൂൾ അവധിദിനങ്ങൾ മാത്രമായിമാറി. ഒരിക്കൽപോലും ആ വണ്ടി ഓടിക്കുന്നവനാരെന്ന് ഞാൻ മനസുകൊണ്ടുപോലും അന്വേഷിച്ചിരുന്നില്ല. പക്ഷെ ആ വാഹനം  ചിലനിമിഷങ്ങളിലെങ്കിലും അരോചകമാകുന്ന ഏകാന്തതയിലെനിക്കൊരു കൂട്ടായിമാറിത്തുടങ്ങി.  പൊടുന്നനെ ഒരു ദിനം ആ ജീപ്പ് കാണാതെ ആയി. രണ്ടാം നാളിൽ ആണ് വഴിയോരത്തുവച്ച് ഞാനാ വാർത്ത കേട്ടത്. ആ സ്കൂൾ ജീപ്പ് കുട്ടികളെ ആക്കിവരുന്ന വഴി പാലത്തിൽ തട്ടിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചെന്ന്.കവലയിൽ കൂടിനിന്നവരിൽ നിന്നും ആ വാർത്ത കേട്ടപ്പോൾ ഓടിക്കൊണ്ടിരുന്ന വാഹനം നിർത്തി ഞാൻ കാര്യങ്ങള്‍ ചുമ്മാ തിരക്കി.ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഓർത്ത് ഞാനറിയാതെ ഏങ്ങലടിച്ചുപോയി.എന്റെ കണ്ണിൽനിന്നും ഇറ്റുവീണ രണ്ടുതുള്ളി കണ്ണുനീർ എന്തോ വലിയ ആത്മബന്ധത്തിന്റെ സ്മരണയാണെന്ന് തിരിച്ചറിയാനാവാത്ത ആ പ്രദേശവാസികളുടെ കൂരമ്പുതോൽക്കുന്ന ചോദ്യശരങ്ങളിൽ നിന്നുമാണ്  'അവിശുദ്ധ ബന്ധ'മെന്തെന്ന് ഞാൻ മനസിലാക്കുന്നത്.
       ********
സദാചാരം
വിദ്യാലയ കാലഘട്ടങ്ങളില്‍  അല്പം ഉൾവലിഞ്ഞ സ്വഭാവക്കാരി ആയിരുന്ന എനിക്ക് അദ്ധ്യാപന വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴാണ് അൽപ്പമെങ്കിലും ആളുകളുമായി ഇടപഴകാൻ ധൈര്യമുണ്ടായത്.എന്നാൽ സ്വന്തം വ്യക്തിത്വത്തിൽ  വലിയ അഭിമാനം തോന്നിയ കാലഘട്ടമാണ് സംഘടനാപ്രവർത്തനങ്ങളിലേക്ക് ചുവടുറപ്പിച്ച ദിനങ്ങള്‍. പ്രിയസഖാക്കളൊപ്പം തോളുചേർന്നു നിന്ന് പ്രവർത്തിക്കുമ്പോഴൊന്നും സ്ത്രീപുരുഷ അസമത്വങ്ങളെക്കുറിച്ചോർത്ത് ആകുലപ്പെടേണ്ടിവന്നിട്ടുമില്ല. അന്ന് അല്പദൂരം ഓട്ടോയിൽ യാത്ര ചെയ്താണ് ഞാനൊരു സംഘടനാപരിപാടിക്കെത്തിച്ചേർന്നത്. നേരം സന്ധ്യയായപ്പോൾ വനിതാംഗങ്ങൾ തിരികെപ്പോരാൻ ഒരുങ്ങി. വണ്ടികളൊന്നും ലഭ്യമല്ലാതെ വന്നപ്പോൾ വീടെത്താനുള്ള തത്രപ്പാടിലാണ് ഞാനാ സഖാവിന്റെ വണ്ടിക്കുപിറകിൽ കയറിയത്. ഉത്തരവാദിത്വത്തോടെ അവനെന്നെ നാട്ടിലെ കവലയില്‍ കൊണ്ടുവന്നാക്കി.വണ്ടിയിൽ നിന്നും  ധൃതിയിൽ ഇറങ്ങി നടക്കാനൊരുങ്ങുമ്പോൾ മുന്നിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത നാട്ടുകാരനിൽ നിന്നുമാണ് സദാചാരത്തിന്റെ അർത്ഥം ഞാൻ പഠിക്കുന്നത്
ദിവ്യ ഇന്ദീവരം

***********************
കവിത
കൊഴിഞ്ഞു കിടക്കുന്നു ,,
ഒരു പൂവിതൾ
കാറ്റിൽ പാറിവരുന്നു ,,ഒരില
ചാഞ്ഞുപെയ്യുന്നു ,,ഒരു മഴ
ചുണ്ടിൽനാരുകളുമായി ,,
കൂട്ടിനുള്ളിൽ
ഒരുതേൻകിളി
പ്രപഞ്ചത്തിന്റെ ഈ ക്ഷണം
പ്രണയത്തിനു മാത്രം മതിയായത്.
അവയിലൂടെ ഞാൻ കാണുന്നുണ്ട്,,
നിന്നിലേക്കുള്ള എന്റെ അനശ്വര
പ്രണയപഥങ്ങൾ..
പ്രിയനേ..
ഇതുപോരേ നമുക്ക്?
ഒരു ഇലത്തുണ്ട് ,ഒരു പൂവിതൾ,ഒരു തേൻകിളി ,
ഒരു കീറ് മേഘം ,ഒരു പിടി കാറ്റ്, ഒരു കുമ്പിൾ മഴ..
റോജ
***********************
പറയാനാകാത്തത്
പറയാൻ ഏറെയുണ്ടായിരുന്നു ,
കേൾക്കാനും ..
എന്നിട്ടും അവനിന്നും  ഒന്നും പറഞ്ഞില്ല , ഞാനും...
അന്നത്തെപ്പോലെ തന്നെ.....
ആകാംക്ഷ അടക്കാനാവാതെയാവണം വെയിൽ പൊടുന്നനെ വിളർത്തു പോയത് ,
വിസ്മയങ്ങളുടെ പകൽപ്പൂരം കാണാനാവണം കാറ്റും കാത്തു നിന്നത്.
കണ്ണോട് കണ്ണോരം കൊരുത്തു പോയ നോട്ടങ്ങളെ അടർത്തി മാറ്റുവാനായില്ല
ഉടഞ്ഞ് ചിതറിപ്പോയ വാക്കുകളിലൊന്നു പോലും പെറുക്കി കൂട്ടാനുമൊത്തില്ല .
നോക്കി നോക്കിയിരിക്കെ കടലെടുത്തു പോകുന്നു കാലം ,
കാത്തുകാത്തങ്ങിരിക്കെ പ്രളയം പോൽ പായുന്നു പ്രായം ..
എന്നിട്ടുമിനിയും
ഒന്നും പറഞ്ഞില്ല നീ ..
ഞാനും ..
കാലൊച്ച കേൾപ്പിക്കാതെ നമ്മെ  കടന്നു  പോയെത്ര വിരഹ വേനലുകൾ ,
മിഴി നനഞ്ഞ വിഷാദ സന്ധ്യകൾ?
പറയാതെ
അറിയുന്നു നാം
പറയാനാകാത്ത ചിലതുണ്ട് , പറയാതിരിക്കുവോളമത്രേ അവ അത്രമേൽ മനോഹരം ...
ഷീലാ റാണി

***********************
പാബ്ലൊ നെരൂദ
" നിങ്ങള്‍ ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളേയും കുറിച്ചു സംസാരിക്കാത്തത്?
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം."
വിവര്‍ത്തനം: സച്ചിദാനന്ദന്‍

***********************
കെടുതി
കവിത
സുധ മോഹൻ കവിതയ്ക്ക് ജീവൻ നൽകിയത്.. ഷൈമോൾ

***********************
അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.
ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.
ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.
അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.
കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.
പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.
നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.
മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.
വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.
പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.
നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.
ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.
എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.
മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.
വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...
വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...
തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.
ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.
വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.
ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.
നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.
എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

***********************
ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.
പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.
ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.
മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.
വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.
കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?

***********************
കിനാമലരുകൾ
കാലങ്ങൾക്കിപ്പുറം നിന്നെ ഞാൻ കാണുമ്പോൾ
ഇടമുറിയാതെ ഞാൻ
പെയ്തു നിൽക്കും...
നീയെന്നരികിലായ്
അണയുന്ന നേരമെൻ
അകതാരിൽ പൂക്കാലമായി മാറും...
ചിരകാല മോഹമായ്
എന്നിലും നിന്നിലും
പിറവിയെടുത്തൊരാ
പ്രണയകാലം .....
ഒരു നവദീപ്തിയായ്
കല്ലോലമാലയായ്
അലയടിച്ചാർത്തുമിങ്ങെത്തിയേക്കാം ....
നിന്നിലെ പ്രണയത്തെ
അത്രമേൽ അത്രമേൽ ആഴത്തിൽ
ചേർത്തതിനാൽ....
ജയ ടീച്ചർ

***********************
കവിത                                                                      
പാടാ,മനാഥത്വത്തിൻ്റെ
നിരാലംബതകൾ...
ഘോരമായ
നിലവിളികൾ...
ജീവിതമെന്ന മഹാസത്യം.
അതിൻ്റെ വ്രണിത
ഭാഗധേയങ്ങൾ.
തളർന്നതെങ്കിലും
വരണ്ടതെങ്കിലും
ഒരു നുറുങ്ങു പ്രജ്ഞയിലെങ്കിലും
നീട്ടിവിളിച്ചു കൊണ്ടിരിക്കുക.
ചിന്തകൾ ബലിച്ചോറാകുന്ന
നന്ദികേട് മാത്രം.
മറവി പകുത്തു മാറ്റിയ
അകലങ്ങളിൽ
മാഞ്ഞു പോകുന്ന നരത്വം.
എല്ലാമിവിടെയെനിക്കായ്
നീക്കിവെച്ച ജീവരസീതുകൾ.
പാതി ചിതറിയ
പാട്ടിൻ്റെ വരികളിൽ
എവിടെയോ
ഒരു ഗദ്ഗദം പൊട്ടിയമരുന്നുണ്ട്.
മറഞ്ഞു പോയ
നിലാവിലതു കൊരുത്തു
ചേർക്കപ്പെട്ടിരിക്കയാണ്
കൂർത്ത മുള്ളുകൾ
നിറഞ്ഞ ബോധവൃക്ഷത്തിൽ
അതു തരിപ്പായിപ്പടർത്തുന്നു,
കടുവിഷതിക്തഫലങ്ങൾ!
കൂർത്ത കൊക്കുമായി
പറന്നടുക്കുന്നഭ്രാന്തൻ പക്ഷി
ഒടുങ്ങാത്തവേദനയുടെ
ജീവരക്തം നുണയുന്നു.
അനിശ്ചിതത്തിൻ്റെ ബോധ
ക്കൂട്ടിൽ നിന്ന് സ്വപ്നങ്ങളെ
കൊത്തിയെടുക്കുന്നു.
മറ്റൊരിടത്ത്
മുറിവുകളിൽ
കുന്തംതിരുകിയാഹ്ലാദിക്കുവോർ!
കാണാൻ കൊതിച്ച
നിറഭംഗികൾ
ആച്ഛാദനം ചെയ്ത്
അഴുക്ക് ചാലിലിടുവോർ!
എനിക്കിനിയും മോഹമേറെ
സ്വപനം കാണാൻ,
സ്നേഹമയിൽപ്പീലിയിൽ
വാനം കൊതിക്കാൻ,
നിന്നെ ഞാനറിയുന്നെന്നോതാൻ,
വഴികളിലോരം ചേർന്ന്
പൂക്കളോടൊപ്പം
കാത്തിരിക്കാൻ,
ദു:സ്വപ്നങ്ങളുടെ
കൂടകളിലെ ശവനാറിപ്പൂക്കളെ
വലിച്ചെറിഞ്ഞ്,
പുത്ത മരക്കാടുകളിലെ
വർണഭംഗിയിലലിയാൻ.
ആകാശം തൊട്ട്
താഴേക്കിറങ്ങും
മേഘക്കീറുകളിലെ
നനവെൻ കണ്ണിലണിയിക്കാൻ.
അലിവിൻ്റ
തുടി താളങ്ങളിലെ
ശീതള സ്പർശത്തിൽ
പുനർജനിക്കുന്ന ജീവൻ്റെ
സാന്ത്വനമറിയാൻ.
എനിക്കിനിയും മോഹമേറെ...
ഇനിയുമിവിടെ,യൊരു
മുഗ്ധ ജല ശീകരം
ഈ നീചസൗഹൃദ
ക്കടലിൽ തിരയിളക്കുമോ?
ക്രൂരദൃംഷ്ടയുമായടുക്കുന്ന
കാട്ടാളൻ കരാളതയുടെ
നിർവേദാഞ്ജനക്കണ്ണുപൂട്ടി,
കൈകളിലെ വിഷം പുരണ്ട
കുന്തമുപേക്ഷിക്കുമോ?
എന്നെങ്കിലും ചതിക്കഥകളിലെ
ചോരപ്പുകൾ
പുഴ പോൽ ഒഴുകിയുണരുമോ?
അപ്പോളാ പുഴ
തന്നാഴം പുളച്ച
മണൽത്തരികൾ...
അണ്ഡകടാഹങ്ങൾ
കടഞ്ഞെടുത്ത
സത്തക്കുള്ളിലെ
വിഭ്രാത്മകമായ
പരിപൂർണ സത്യങ്ങൾ...
കാലമെ....
ഇനിയും നിന്നിലവശേഷിക്കും നാദ
വർണലയ സുഖരാഗ
വിസ്മയങ്ങൾ കൊണ്ടെന്തിനേയു
മെതിരിടാനെനിക്കു
ശക്തി നീ പടർത്തിയെങ്കിൽ!
നാഡികൾ ഞരമ്പുകൾ
ആവേശത്തിൻ്റെ
മഥനമറിയിക്കാൻ
എൻ്റെ ഹൃദയ വെൺ
ചിത്രങ്ങളെ വിരിയിച്ചെങ്കിൽ!
ഞാൻ
വിശുദ്ധസൗഹൃദങ്ങളെപ്പോൽ
നറു സൗരഭപ്പൂക്കളായെങ്കിൽ!
ഭാസി

***********************
ജാതിയും വിശപ്പും.
എല്ലാവർക്കും ഇല്ലായ്മകളുടെ വേദനകളായിരുന്നു.
വിശപ്പ്,
കൊത്താം കല്ലാടി
മറന്ന കാലം,
എണ്ണയില്ലാത്ത മുടി പൊടിക്കാറ്റ് മണ്ണൂതി മറച്ച കാലം.
പുഴുക്കൾ വെന്തു വീർത്ത ഉപ്പുമാവിന് പൊടിനിയിലയിട്ടിരിക്കുമ്പോൾ
അപമാനം തോന്നിയില്ല,
ചോറ്റുപാത്രം തുറന്നുണ്ണുന്നവരോട്
അസൂയയും തോന്നിയില്ല,
ഇലത്തലയിൽ പുഴുക്കളെ പെറുക്കി വച്ച് തിന്ന ഉപ്പുമാവിന്
ജീവന്റെ വിലയുണ്ടായിരുന്നു.
അടിവസ്ത്രമിടാതെ
സൂചികുത്തിയുടുത്തപാവാടപോലും ഗമയായിരുന്നു.
പടിക്കലെ കുട്ടിയുടെ പഴയിതിടാൻ കിട്ടിയ അഹങ്കാരം.
വിശപ്പ്
അകാല മൃത്യു
ഇല്ലായ്മകൾ
വേദനകൾ
കണ്ണീരിന്റെ നീർച്ചാലുകൾ
എല്ലാം മറികടന്നു.
ഞാവലും പറങ്കിമാവും
കുട്ടികളോട് ചേർന്ന്
വിശപ്പിനെതിരെ
ദൈവത്തോട് യുദ്ധം പ്രഖ്യാപിച്ചു.
മാവുകളും പ്ലാവുകളും
വിശപ്പിനോട് പോരാടി.
തണലിൽ കൃഷണൻ
മുസ്തഫക്ക് കാത്തു വച്ച മാമ്പഴവും
ഫാത്തിമ ലക്ഷ്മിക്കെടുത്തു വച്ച ഞാവൽ പഴവും കൂട്ടുകൂടി.
കാലചക്രം തിരിയുകയാണ്
കോർത്ത കൈകൾ
വേർപ്പെടുകയാണ്
സ്നേഹം ബുദ്ധിക്കും ചതിക്കും
വഴിമാറുകയാണ്.
ഞാൻ നിനക്കും
നീ എനിക്കും ഒരായുധം
കരുതി വയ്ക്കുന്നു.
നമ്മൾ
രണ്ട് ജാതിയാണ്.
കൊന്നു തീർക്കാൻ കൊതിക്കുന്ന വെറും
രണ്ടു മനുഷ്യ ജാതി.
കൃഷ്ണൻ കൃഷ്ണൻ,

***********************
വീഴാം പഴുത്തിലകളായ്
വീഴാം നമുക്ക് പഴുത്തിലകളായി.
കൊടുംവെയിലേറ്റുണങ്ങാം.
കാറ്റിൽ പതുക്കെ നിരങ്ങി നീങ്ങാം.
പുഴയിൽ വീണൊഴുകാം...
എങ്ങോട്ടാണ് യാത്രയെന്നു മാത്രം
ചോദിക്കരുത്..
ചിലപ്പോൾ നിഗൂഡതകൾ
ഒളിപ്പിച്ച സമുദ്രത്തിലേക്കാവാം.
അല്ലെങ്കിൽ അനാഥമാക്കപ്പെട്ട
ശ്മശാന തീരത്താവാം..
അതുമല്ലെങ്കിൽ ഏതോ വൃക്ഷ
ത്തടത്തിൽ വളമായി മാറാം
കൂട്ടിയിട്ടു കത്തിച്ചു കളയാം...!!
എങ്കിലും വീഴാം നമുക്ക്
പഴുത്തിലകളായി മണ്ണിൽ...
ജനിച്ചതെവിടെയെന്നോ
മരിക്കുന്നതെവിടെ നിന്നോ
അറിയാത്തൊരു തീർത്ഥയാത്ര...
തുടരാം... വെറുതെ... വെറുതെ...
എ.ആർ.ആലപ്പുഴ

***********************
കടലിരമ്പും നേരം
പ്രണയത്തെക്കുറിച്ച് പറയാൻ
ഇനി നിനക്കെന്തവകാശം?
എന്നെ പ്രണയിക്കാൻ
നിനക്ക് കൂലി തരുമായിരുന്നു
പണ്ട് കേശവൻ നായർ
സാറാമ്മയ്ക്കെന്ന പോലെ.
മൗനത്തിന്റെ പുറന്തോടിനുള്ളിൽ
നീ ഒളിച്ചുവെച്ച മധുരം
ഞാൻ വെറുതെ നുണഞ്ഞു.
വാക്കിലൊരു കടലൊളിപ്പിച്ച്
കരയിൽ ഞാൻ കാത്തിരിക്കുന്നത്
നീ കണ്ടതേയില്ല.
നിന്റെ നീലാകാശത്തുദിച്ചുയരാൻ
എന്റെ നക്ഷത്രത്തിന്
വെളിച്ചമില്ലാതെ പോയി.
കുളിരുലാവുന്ന രാത്രിയിൽ
എന്റെ നിശാഗന്ധികൾ പൂത്തത്
നിനക്ക് വേണ്ടി മാത്രമായിരുന്നു.
എത്ര വട്ടമിട്ട് പറന്നിട്ടും
പൂവിനെ തൊടാൻ കഴിയാത്ത
വണ്ടു പോലെ എന്റെ പ്രണയം!
സാന്നിധ്യം കൊണ്ടെന്റെ സൂര്യനേയും
സ്വപ്നങ്ങൾ കൊണ്ടെന്റെ നിലാവിനേയും
നീ മറച്ചു പിടിച്ചത്
നിഴൽ പോലും അറിഞ്ഞിരുന്നില്ലല്ലോ!
വരണ്ട ചായങ്ങളാൽ
ഞാൻ വരച്ച വറുതികളുടെ
കെടുചിത്രങ്ങളിൽപ്പോലും
നീ സമൃദ്ധമായി പൂത്തുലഞ്ഞു.
ഞാനൊറ്റയ്ക്കു നടന്ന പാതകളിൽ
നിന്റേയും കാല്പാടുകളുണ്ട്.
ഞാൻ മാത്രമിരുന്ന
കടൽക്കരയിലെ കാറ്റിന്
നിന്റെ നിശ്വാസത്തിന്റെ ഗന്ധമാണ്.
നീയെപ്പോഴെങ്കിലും വന്നാൽ
നിന്നെ അമ്പരപ്പിക്കാനായി
മുറ്റം നിറയെ ഞാൻ
നിനക്കിഷ്ടപ്പെട്ട
വെളുത്ത പൂക്കൾ നട്ടുപിടിപ്പിച്ചു.
കരളിൽ കടലിരമ്പുന്ന
ഈ വെയിൽചായും നേരത്ത്
പ്രണയത്തിന്റെ പക്ഷികൾ
എങ്ങോ ദേശാടനത്തിന് പോയിരിക്കുന്നു.
നിനക്കറിയുമോ
നിന്നെ കാത്ത് കാത്തിരുന്നാണ്
ഞാൻ കവിയായിപ്പോയത്!
യൂസഫ് നടുവണ്ണൂർ

***********************
കാലം
   ചോറ്
   ഒരു മാന്യ പദവും
   കഞ്ഞി " എന്നത്
   അപമാന പദവുമായ്
   ഉത്തരവിറങ്ങുന്ന
   വർത്തമാനകാലത്ത്...
   വറുതിയുടെ നാളുകളിൽ
   പിതൃപരമ്പര --
   നമ്മെ ഊട്ടിവളർത്തിയ
   വിയർപ്പിന്റെ ഉപ്പലിഞ്ഞ
   കഞ്ഞിവെള്ളത്തിന്റെ
   ഭൂതകാലമേ...
   വിസ്മരിക്കാനാവുന്നില്ല
   സ്നേഹത്തോടെ --
   അന്നത്തോടൊപ്പം
   പകർന്ന് കിട്ടിയ
   പൈതൃക നാമമേ...
   ഇനി
   അന്തസ്സിന്
   അനുയോജ്യമല്ലെന്നും
   പഴഞ്ഞനെന്നും പറഞ്ഞ് -
   കോരന്
   കുമ്പിളിൽ
   ചോറ് "
   എന്ന് ഉത്തരവിറങ്ങുന്ന
   ഭാവി കാലമേ...
എടയത്ത് ശശീന്ദ്രൻ

***********************
നവകേരളം
ആദ്യാക്ഷരം
കുന്നിൻ മുകളിൽ
നാരായം കൊണ്ട്
കീറിയ ചാലുകളിൽ
കലങ്ങിമറിയുന്ന
ചുടുചോര
ഭ്രാന്തിളകിയ പുഴ
പട്ടുടുത്ത്
അരമണി കെട്ടി
പള്ളിവാളെടുത്ത്
ഉറഞ്ഞുതുള്ളി
വിത്തുകൾ വാരിയെറിഞ്ഞു
സിരാപടലങ്ങളുടെ
വേരറുത്ത്
ഹൃദയരക്തമേകിയ
പുഴയുടെ മാറിൽ
റീത്തുകളുമായിവന്ന
ലോറികൾ
പ്രളയവഴികളിൽ
മുങ്ങിമരിച്ചു.
രമ ജി.വി

***********************