01-07-19

📚📚📚📚📚
അച്യുതം
എൻ പ്രദീപ് കുമാർ
ലോഗോസ്
പേജ് 160
വില 140

അച്യുതം എൻ പ്രദീപ് കുമാറിന്റെ ആദ്യനോവലാണ്.വായനയിൽ അങ്ങനെതോന്നില്ലെന്നുമാത്രം.നമുക്ക് നേരേ നോവലിലേക്കുകടക്കാം.
അത്യാവശ്യം ചില കഥകൾ ഒക്കെ എഴുതുന്ന പി കെ പി എന്ന പികെ പുഷ്പാംഗദൻ ഒരു ഡിസംബർ മാസം പന്ത്രണ്ടാം തീയതി പി എസ് സി ഇൻറർവ്യൂവിന്  പങ്കെടുക്കാനായി  തങ്ങിയ ലോഡ്ജിലെ മറ്റൊരു അന്തേവാസിയെ- അച്യുതൻ എന്ന മെഡിക്കൽ റെപ്പ്രസെൻസിറ്റീവിനെ_ബാറിൽ വച്ച് കണ്ടുമുട്ടുന്നു. ജീവിതത്തിന് ഒരു ആമുഖം എന്നു പേരിട്ട ;സ്വന്തം ഡയറി കുറിപ്പ് എന്നു കരുതാവുന്ന നോവൽ പുഷ്പാംഗദന് വായിക്കാൻ നൽകുന്നു. ഇത്തരത്തിൽ സവിശേഷമായൊരാഖ്യാനരീതിതന്നെ നോവലിനെ ശ്രദ്ധേയമാക്കുന്നുണ്ട്.ആ നോവലിൽ മറ്റ് രണ്ട് നോവൽ കൂടി ഉൾച്ചേർന്നിട്ടുണ്ട്. ഒന്ന്,അതീവരഹസ്യമായി ജയപ്രകാശ് എഴുതി സൂക്ഷിച്ചിരുന്ന ഒരു പുറം നോവൽ. അയാളുടെ ആത്മഹത്യയുടെ വേരുകൾ ചികഞ്ഞെടുക്കുന്ന ആത്മകഥയാണത്
      ഇരുപത്തിമൂന്നോളം നോവലെഴുതി എന്നാൽ ഒന്നും പ്രസിദ്ധീകരിക്കണമെന്ന് വിചാരിക്കാതെ  തങ്ങളുടെ വായനാ സംഘത്തിൻറെ കൈമാറ്റ വായനക്ക് മാത്രമായി സൂക്ഷിക്കുന്ന മാർത്താണ്ഡൻപിള്ള പറയാതെപോയ വാക്കുകൾ മറ്റൊരു നോവലാണ് .

     തെരുവോരത്തിൻറെ വിജനതയിൽ കണ്ട ഭ്രാന്തയുവതിയെ ബലാൽസംഗംചെയ്ത സന്ദീപ് ഈഴവൻ സ്വയം മറ്റൊരു നോവലാകുന്നു.
സോമകാന്തൻ ഏകനായി അന്വേഷിക്കുന്നത്  വർഷങ്ങൾക്കു മുമ്പ് ഒരുകുപ്പി വെള്ളത്തിനൊപ്പം ഒരു പുഞ്ചിരി സമ്മാനിച്ച പേരറിയാത്ത പെൺകുട്ടിയെയാണ്. ഇങ്ങനെ കുറെ മനുഷ്യരുടെകഥകൾ വെറുതെ പറഞ്ഞുപേക്ഷിച്ചു പോവുകയും,പിന്നീട് അവസരം വരുമ്പോൾ ഒന്നൊഴിയാതെ എല്ലാവരെയും കഥാഗാത്രത്തോട് ഇറുകെ ബന്ധിക്കുകയും ചെയ്യുന്ന രചനാതന്ത്രം സവിശേഷ പരിഗണന അർഹിക്കുന്നു.
മുൻ മാതൃകകൾ ഇല്ലാത്ത നിരവധി പ്രണയങ്ങൾ  ഈ നോവലിലുണ്ട് . അഞ്ചാം ക്ലാസ്സി സ്വന്തം ക്ലാസ്സ് ലീഡർ ആയിരുന്ന താരാകലാനാഥനെ എൽഐസി ഏജൻറ് മിസ്സ് പ്രേമചന്ദ്രൻ ആയി കാണുമ്പോഴാണോ, സന്ദീപിന്റെ  വാക്കുകളിലൂടെ കുലീന വേശ്യയെന്ന്  തിരിച്ചറിയുമ്പോഴാണോ, അരവിന്ദൻ സ്വന്തം പ്രണയം തിരിച്ചറിഞ്ഞത്? അരവിന്ദാക്ഷനും നിഷ യുമായുള്ളപരിചയം പ്രണയമാകാതിരുന്നതും; ഹേമലതയെയുംകുടുംബത്തെയും വളരെയധികം സഹായിച്ചിട്ടും  പ്രണയവഞ്ചന ബാക്കിയായതും, ഉദാഹരണങ്ങൾ മാത്രം.
       ഇങ്ങനെ പറഞ്ഞു പോകുമ്പോൾ ഇതൊരു പൈങ്കിളി കഥയാണെന്ന് തോന്നൽ ഉണ്ടായാൽ  ക്ഷമിക്കണം.
     ഒരു നോവൽ എഴുതേണ്ട നിർബന്ധം സഹിക്കാനാവാതെ വന്നപ്പോൾ, പികെ പുഷ്പാംഗദൻ, തനിക്കു വായിക്കാനായി വർഷങ്ങൾക്ക്മുൻപ് അരവിന്ദൻ ഏൽപ്പിച്ച നോവലിനെ കുറിച്ച് ഓർക്കുന്നു. ഒന്നാം പേജിൽ ജീവിതത്തിന് ഒരു ആമുഖം എന്ന്  എഴുതിയിരുന്ന പേജ് കീറിക്കളഞ്ഞിട്ട് അച്യുതം  എന്ന് എഴുതി വച്ചു .12 കാണ്ഡം ഉള്ള  ഒരുതരം കാവ്യമാണത്രേ അച്യുതം. ആ പറച്ചിലിൽ സത്യമില്ലാതില്ല. സ്വന്തം നോവലിനെ കവിതയെന്നു വിളിക്കുന്നതിലെ ആത്മപ്രശംസ ഒഴിവാക്കാൻ ഈ രചനാതന്ത്രം  സഹായിക്കുന്നുണ്ട്.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾