01-05-19


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആറുമലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തിയിലേക്ക്
ഏവർക്കും
സ്വാഗതം
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸
മലപ്പുറം ഭാഷാഭേദത്തെക്കുറിച്ച് വിശദമായ പഠനം നടത്തി തയ്യാറാക്കിയ ഒരു പുസ്തകമാണ് മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച 'ഭാഷഭേദപഠനം മലപ്പുറം' എന്നത്
     പ്രൊഫസർ എം. ശ്രീനാഥൻ ചീഫ് എഡിറ്ററും ഡോ. സെയ്തലവി. സി, ഡോ. സ്മിത കെ. നായ൪, ഡോ. എം.സന്തോഷ് എഡിറ്റർമാരായും ചേർന്ന് തയ്യാറാക്കിയ ഒരു പഠന ഗവേഷണ ഗ്രന്ഥം കൂടിയാണിത്. സന്തോഷ് കുമാർ പ്രോജക്ട് അസിസ്റ്റന്റായും പ്രവൃത്തിച്ചു.
   മലയാളം സർവ്വകലാശാല ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ മലപ്പുറം ഭാഷാഭേദ സർവ്വേ നടത്താൻ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് ആരംഭിക്കുകയും ചെയ്തു. ഒരു വ൪ഷം മലപ്പുറം ജില്ലയിൽ സ൪വ്വേ നടത്തുകയും ഉച്ചാരണ വൈവിധ്യത്തിന്റെയും പ്രയോഗവൈപുല്യത്തിന്റെയും അടിസ്ഥാന വസ്തുതകളിലേക്ക് ഇറങ്ങിച്ചെല്ലാൻ നല്ലൊരളവിൽ ഈ സ൪വ്വേ ഫലങ്ങൾ കൊണ്ടു സാധിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലൂടെ അനാവൃതമാകുന്ന മലപ്പുറത്തിന്റെ സാംസ്കാരിക-വ്യാവഹാരിക ചരിത്ര ചലനങ്ങൾ മൗലികമാണെന്ന് അവകാശപ്പെടാനാകും. സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
 ആയിരുന്ന ഡോ.കെ.ജയകുമാ൪ തന്റെ പ്രസാധകക്കുറിപ്പിൽ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

മുമ്പെ നടന്ന പല പഠനങ്ങളും ഒരു പ്രദേശത്തിന്റെ ഒരേ സമുദായത്തിന്റെ വാമൊഴിയാൽ ഊന്നുകയാണ് ചെയ്തെങ്കിൽ ഇവിടെ വിവിധ സമുദായങ്ങളുടെ വാമൊഴികൾ പരിശോധിച്ച് നോക്കാനും വ്യാകരണപരമായ ചില സമാനതകൾ കണ്ടെത്താനും കഴിഞ്ഞു എന്നത് പ്രാധാന്യമ൪ഹിക്കുന്ന കാര്യമാണ്. ഡോ.ടി.ബി.വേണുഗോപാലപ്പണിക്കർ എഴുതിയ അവതാരികയിൽ മറ്റു ജില്ലകളിലും ഇത്തരം പഠനം നടത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്നുമുണ്ട്.
🌸🌸🌸🌸🌸🌸🌸🌸🌸🌸
മലയാള ഭാഷാ സമൂഹം: 
••••••••••••••••••••••••••••••••••
    മലയാളികളുടെ മാതൃഭാഷയാണ് മലയാളം. മലയാളത്തോടൊപ്പം ചെറു ന്യൂനപക്ഷ ഭാഷകളും കേരളത്തിലുണ്ട്. മലയാളം കേരളത്തിലെ ഭൂരിപക്ഷ ഭാഷയും കേരളീയ സമൂഹം വൈവിധ്യമുൾക്കൊള്ളുന്ന ഒരു കൂട്ടായ്മയും ആണ്.
        തന്മൊഴികൾ ചേർന്ന് ഭാഷാഭേദവും ഭാഷാഭേദങ്ങൾ ചേർന്ന് ഭാഷയും ഉണ്ടായി എന്നു പറയാം. മലയാളിക്ക് സമാനസ്വത്വം ഉറപ്പുവരുത്തുന്ന മാതൃഭാഷയിൽ ആഭ്യന്തര വൈവിധ്യം ഉണ്ട്. മാനകഭാഷയെ മാത്രം ആശ്രയിച്ചു കൊണ്ട് മലയാള ഭാഷക്ക് അതിജീവിക്കാൻ കഴിയില്ല. ഭാഷയുടെ ആഭ്യന്തര വൈവിധ്യം നഷ്ടപ്പെട്ടാൽ അത് സ൪ഗാത്മകതയെ മുരടി പ്പിക്കുകയും സാംസ്കാരിക ദാരിദ്ര്യത്തിലേക്ക് മലയാളിയെ കൊണ്ടെത്തിക്കുകയും ചെയ്യും.

ഭാഷയും ഭാഷാഭേദങ്ങളും: 
•••••••••••••••••••••••••••••••••••••
     ഒരു ഭാഷകസമൂഹത്തിന്റെ പൊതു മുതലാണ് ഭാഷ. ഇത് ഒരേ സമയം സമൂഹത്തിൽ നിന്ന് ഉടലെടുക്കുന്നതും സമൂഹത്താൽ നിയന്ത്രിക്കപ്പെടുന്നതും ഒപ്പം സമൂഹത്തെ നിയന്ത്രിക്കുന്നതുമായ സംവേദന വ്യവസ്ഥയാണ്. മലയാളി സമൂഹത്തിന്റേതായ എല്ലാ സാമൂഹ്യ ഘടകങ്ങളും ഭാഷയിലും പ്രവ൪ത്തിക്കുന്നുണ്ട്. ഭാഷണപങ്കാളികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, ദേശം, വ൪ഗം, സ്ത്രീ-പുരുഷ ഭേദം എല്ലാം ചേർന്നാണ് ഭാഷയുടെ ആന്തരിക വൈവിധ്യം നി നയിക്കുന്നത്.
  വ്യക്തി ഭാഷയാണ് തന്മൊഴി. ഭാഷോപയോഗത്തിലെ വ്യക്തിപരമായ സവിശേഷതകളാണ് തന്മൊഴിയെ നിർണയിക്കുന്നത്. ഉച്ചാരണം, പദസഞ്ചയം, വാക്യഘടന, വ്യവഹാരം തുടങ്ങി എല്ലാടത്തും ഈ വ്യക്തി നിഷ്ഠമായ സവിശേഷതകൾ ഉണ്ടാകും. ദേശം, വ൪ഗം, ജാതി, മത, സ്ത്രീ പുരുഷ ഭേദങ്ങൾ തുടങ്ങിയതെല്ലാം തന്മൊഴിയെ സ്വാധീനിക്കാറുണ്ട്. ഒരാളുടെ നാട്, സാമൂഹിക പശ്ചാത്തലം, തൊഴിൽ, പ്രായം, സ്ത്രീ പുരുഷ ഭേദം, വിദ്യാഭ്യാസ യോഗ്യത എന്നിവയൊക്കെ തന്മൊഴിയിൽ പ്രകടമാകും. അതേപോലെയുള്ളവരുടെ തന്മൊഴികൾ ചേർന്ന് ഭാഷാഭേദം ഉണ്ടാകുന്നു. ഭാഷ പ്രയോഗത്തിൽ വൈയക്തികമായി കണ്ടു വരുന്ന ശൈലി സവിശേഷതകൾ മാത്രമല്ല വക്താവിന്റെ ദേശപരവും സാമൂഹികവുമായ സ്വത്വവും പ്രകടമാവും.
    ഇന്ത്യയിൽ ആദിവാസി മൊഴികളെ ഭാഷാഭേദങ്ങളായും മുഖ്യധാരാ മൊഴികളെ ഭാഷയായും അംഗീകരിച്ചിട്ടുണ്ട്. വരമൊഴി സ്വന്തമായുള്ളവയെ ഭാഷകളായും വാമൊഴി മാത്രമുള്ളവയെ ഭാഷാഭേദങ്ങളായും വിശേഷിപ്പിക്കുന്ന ശീലവുമുണ്ട്. കേരളത്തിലെ ആദിവാസി മൊഴികൾ മുഖ്യ ഭാഷകളായ മലയാളം, തമിഴ്, കന്നഡ തുടങ്ങിയവയുടെ ഭാഷാഭേദമായി കണക്കാക്കുന്നവരുണ്ട്. എന്നാൽ ആദിവാസി വാമൊഴികൾ മലയാളിക്ക് അനായാസമായി മനസ്സിലാകണമെന്നില്ല, ആദിവാസികൾ മുഖ്യഭാഷയെ ഗ്രഹിക്കുന്നുമുണ്ട്.
     മാനകമായി ഒരു വരമൊഴി കേരളത്തിലാകമാനം പ്രചാരത്തിലുണ്ട്. എന്നാൽ കേരളത്തിലെല്ലായിടത്തും ഒരേ പോലെയല്ല മലയാളം സംസാരിക്കുന്നത്. വാമൊഴിയിൽ പ്രാദേശിക ഭേദം പ്രകടമായി കണ്ടു വരുന്നു. ഇത് ഉച്ചാരണഭിന്നതയായി മാത്രം കണക്കാക്കാവില്ല. പ്രയോഗിക്കുന്ന വാക്കുകളിലും ചില വ്യാകരണാംശങ്ങളിലുമൊക്കെ ഭിന്നത പ്രകടമായി കാണുന്നു. കേരളത്തിലെ ഭാഷാസംസ്കാര മേഖലകൾ തിരിച്ചറിഞ്ഞ് അവ തമ്മിലുള്ള സമാനതയും ഭിന്നതയും കണ്ടെത്തലാണ് പ്രധാനം.

ഭാഷാഭേദ പര്യവേഷണം: 
••••••••••••••••••••••••••••••••••••
       പ്രാദേശികമായ ഭാഷാപ്രകൃതമാണ് പ്രാദേശിക ഭാഷാഭേദത്തിൽ പ്രകടമാവുന്നത്. സാമൂഹിക ഭാഷാഭേദമാവട്ടെ ഭാഷയിലെ സാമൂഹിക വൈവിധ്യത്തെയും ഉൾക്കൊള്ളുന്നു. സംസ്കൃത ഭാഷയുടെ പൂർണമായ സ്വാധീനം നമ്പൂതിരി ഭാഷയുടെ സവിശേഷതയാണ്. വിദ്യാ സമ്പന്നരായ നായർ സമുദായം നമ്പൂതിരിമാരുടെ ഭാഷയോടടുത്തു നിൽക്കുന്നു. എന്നാൽ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ സ്ഥലങ്ങളിൽ സംസ്കൃത ഭാഷയിൽ നിന്നുള്ള അകൽച്ചയും കൂടുന്നതായി കാണാം. പദാന്തത്തിലെ കേന്ദ്ര സ്വരത്തിന്റെ ഉച്ചാരണ വ്യത്യാസമാണ് നായർ ഭാഷാഭേദത്തെ ഈഴവ ഭാഷാഭേദത്തിൽ നിന്ന് ഭിന്നമാക്കുന്ന സവിശേഷത. ദളിത് ഭാഷാഭേദത്തിന്റേതായി തിരിച്ചറിഞ്ഞിരിക്കുന്നത് 'ശ, ഴ, മഹാപ്രാണത്വം ഇവയുടെയും വ്യഞ്ജനസംഹിതകളുടെ അഭാവം' എന്നിവ കൊണ്ടാണ്. ക്രൈസ്തവ ഭാഷാഭേദത്തിന് സിറിയൻ, ലാറ്റിൻ, പോർച്ചുഗീസ് ഭാഷാ പദങ്ങളുടെ സ്വാധീനം. അറബി യുടെയും ഉറുദുവിന്റെയും സ്വാധീനമാണ് മുസ്ലിം ഭാഷാഭേദത്തിന്റെ ഒരു പ്രത്യേകത.
       കേരളത്തിലെ പുഴകളും നദികളും മലനാടും ഇടനാടും തീരദേശവും നിറഞ്ഞ ഭൂപ്രകൃതി തന്നെ മലയാള ഭാഷയെ വ്യത്യസ്ത ജീവിത-അവസ്ഥകളുമായി ബന്ധിപ്പിച്ച്
ഒട്ടേറെ ഭാഷാ വ്യതിയാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഫ്യൂഡൽ സാമൂഹികതയിൽ ശക്തി പൂണ്ട സാമുദായിക ഭാഷാ ഭേദങ്ങളും തൊഴിൽ സമൂഹങ്ങളായി ജീവിക്കുക വഴി തൊഴിൽ ഭാഷാ ഭേദങ്ങളും ആദിവാസി ഭാഷാ ഭേദങ്ങളും മത ന്യൂനപക്ഷങ്ങളുമെല്ലാം ചേർന്ന് സമൃദ്ധമായ ഭാഷാവൈവിധ്യം മലയാള ഭാഷയിലുണ്ട്. ഭാഷയുടെ തദ്ദേശീയ തനിമകൾ ഒരു ഭാഗത്ത് വളരുമ്പോൾ ഇറക്കുമതി സംസ്കൃതി ക്കനുസരിച്ച് ഭാഷയുടെ മാനകീകരണം വ്യക്തമായൊരു ഭാഷാ നയത്തിന്റെ അഭാവം എടുത്തു കാണിക്കുന്നുണ്ട്.

മാനകഭാഷ: 
••••••••••••••••••
         ഭാഷയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ബോധപൂർവ്വം ഒരുക്കുന്നതാണ് മാനകീകരണം. ഔദ്യോഗിക ഭാഷ, വിജ്ഞാന സാഹിത്യ ഭാഷ, മാധ്യമ ഭാഷ, പാഠപുസ്തക ഭാഷ ഇവയിലൊക്കെയുള്ള ഭാഷ ആസൂത്രിത ഭാഷയാണ്. മൊഴിത്തനിമയ്ക്കും ലാളിത്യത്തിനും ഭംഗം വരുത്താതെ വേണം ഭാഷാസൂത്രണം. മാനകരൂപമാണ് മലയാള ഭാഷ എന്ന ധാരണ തെറ്റാണ്. ഒരു തരത്തിൽ ഇത് മറ്റൊരു ഭാഷാഭേദമായി കാണാം. മാനക മലയാളം ആസൂത്രിത വിനിമയ രൂപമായും വാമൊഴി വൈവിധ്യം കേരളത്തിന്റെ സ്വാഭാവികതയായും മലയാളത്തെ സജീവമാക്കി നിർത്തേണ്ടതുണ്ട്. ഭാഷാ സ൪ഗാത്മകതയിലും, ഭാഷാ മനോഭാവത്തിലും വരുന്ന വ്യത്യാസം ഭാഷയുടെ അതിജീവനത്തിനുതന്നെ ഭീഷണിയാണ്.

ഭാഷയുടെ അതിജീവന സാധ്യതകളും ഭാഷാഭേദവും: 
•••••••••••••••••••••••••••••••••••••
     ദ്രാവിഡ പൈതൃകവും സമ്പർക്ക ഭാഷാപൈതൃകവും ആർജ്ജിച്ച ഭാഷയാണ് മലയാളം. സമ്പ൪ക്ക ഭാഷയിൽ സംസ്കൃതം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ പ്രാകൃതം, പേർഷ്യൻ, അറബി തുടങ്ങിയ വിവിധ ഭാഷകളിലെ പദങ്ങൾ മലയാളം കടം കൊണ്ടിട്ടുണ്ട്. സമീപ കാലത്ത് ഇംഗ്ലീഷ് ഭാഷയും മലയാളത്തെ സ്വാധീനിക്കുന്നു. ഇംഗ്ലീഷ് പദങ്ങൾ മലയാള ഭാഷയെ സ്വാധീനിക്കുമ്പോൾ ദ്രാവിഡ പാരമ്പര്യം ക്രമേണ വ്യാകരണ പാരമ്പര്യത്തിൽ ഒതുങ്ങുമോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.
    ദ്രാവിഡ പാരമ്പര്യത്തിന്റെ സാക്ഷിമുദ്രകളായി നിൽക്കുന്ന ഒട്ടനവധി പദങ്ങൾ അനുദിനം വംശനാശ ഭീഷണി നേരിടുന്നുണ്ട്. വേരറുന്ന ഭാഷാഭേദങ്ങൾ മലയാള ഭാഷയുടെ അതിജീവനത്തിനുതന്നെ ഭീഷണിയാകുമെന്നതും ശക്തമായ ഭാഷാഭേദ ഈടുവെയ്പ്പുകൾ ഭാഷയുടെ അതിജീവനത്തെ ഉറപ്പു വരുത്തുമെന്നുള്ളത് ഭാഷാഭേദപഠനങ്ങളുടെ സാധ്യതയായി തിരിച്ചറിയണം. 
    ദ്രാവിഡ വ്യാകരണം നിലനിൽക്കേ സംസ്കൃത/ഇംഗ്ലീഷ് ഭാഷാ ശീലമായി മലയാളം മാറാതിരിക്കാൻ ദ്രാവിഡ പദസഞ്ചയത്തിന്റെ ഉപയോഗം സജീവമാക്കണം. ഒരു ദേശം പിന്നിട്ട ചരിത്രത്തിന്റെ നാൾവഴി രേഖകൾ ഓരോ ഭാഷാഭേദ ത്തിലും ഉള്ളടങ്ങുന്നുണ്ട്. അതു കൊണ്ടു തന്നെ ഭാഷാഭേദപഠനങ്ങൾ ഓരോ പ്രദേശത്തിന്റെയും ചരിത്രരേഖകൾ കൂടിയാണ്. പ്രാദേശികത്തനിമകളെ നശിപ്പിക്കുന്ന ഭാഷാവികാസം ഭാഷയെ അഥവാ ഭാഷകരെത്തന്നെ സംസ്കാരത്തിന് പുറത്താക്കുന്ന പ്രക്രിയയാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണം. മലയാളമണ്ണിലെ വൈവിധ്യമാർന്ന സാമൂഹിക ഭാഷാപ്രവണതകൾ അടയാളപ്പെടുത്തുന്നത് വഴി പുരോഗമനപരമായ ഭാഷാസൂത്രണത്തെ സഹായിക്കുന്ന പ്രക്രിയയായി മാറും.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏