01-04-19b

📚📚📚📚📚
അബീശഗിൻ
ബന്ന്യാമിൻ
ഡിസി ബുക്സ്
പേജ്70
വില 65
" യെരുശലേം പുത്രിമാരേ, ചെറുമാനുകളാണെ, പേട മാനുകളാണെ പ്രണയത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയും അരുത് ". എന്ന ബൈബിൾ വാക്യം വായിച്ചപ്പോൾ എന്താണ് തോന്നിയത്? എന്തുതന്നെയായാലും ബെന്യാമിന്റെ അബീശഗിൻ വായിച്ചുനോക്കൂ. ആ വാക്യത്തിൽ പുതിയ ഒരു അർത്ഥം നാം നുണയാൻ തുടങ്ങും . വളരെചെറിയൊരു നോവലാണ് അബീശഗിൻ. ഒരു നീണ്ട കഥയെന്നു വിളിക്കാവുന്ന അത്രയും ചെറുത് .അത് വായിക്കേണ്ടത് എങ്ങനെയെന്ന് ആദ്യം പറയാം.

 ആദ്യത്തെ രണ്ട് അധ്യായം മാത്രം വായിക്കുക. ഇനി പുസ്തകവും കണ്ണുകളും അടച്ചു വച്ചിട്ട്, വെറുതെയിരിക്കുക. നാമിപ്പോൾ ഗിലയാദ് മലഞ്ചെരുവിലുള്ള അക്രോത്തിലെ മുന്തിരിത്തോട്ടത്തിൽ, മഞ്ഞുവീഴുന്ന പ്രഭാതത്തിൽ, അബീശഗിന്റെ കൂടാരത്തിനു മുമ്പിൽ ,പ്രേമ ലോലുപമായമനസ്സോടെ, "എൻറെ ശൂനേം കാരത്തീ, നീ സർവ്വാംഗസുന്ദരി ,നീ ഇസ്രയേലിലെ ഊനമില്ലാത്ത കുഞ്ഞാട്, നിന്നിൽ ഞാൻ ബദ്ധനായിരിക്കുന്നു." എന്നു വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അബീശഗിനെ ഉറ്റുനോക്കുന്ന ശലോമോൻ രാജകുമാരനായി മാറിയിട്ടുണ്ടാവും. ഉത്തമഗീതത്തിലെ മുന്തിരിച്ചാറൊക്കുന്ന പ്രണയവും ,സദൃശ്യ വാക്യങ്ങളിലെ കൽപ്പനകൾ ആകുന്ന കൽക്കണ്ട തുണ്ടുകളും ആരെയോർത്താണോ ശലോമോൻ രചിച്ചത് ,ആ സുന്ദരിയെ-അബീശഗിനെ- പ്രണയ ലോലമായ കണ്ണുകളോടെ നോക്കിയിരിക്കുന്ന ശലോമോനാവാൻ കഴിയുന്നതേഭാഗ്യം.
വായന ഇവിടെ നിർത്തി കൊള്ളുക. അത്രമേൽ സുന്ദരമായ പ്രണയം വായിച്ചിട്ട് നിങ്ങൾക്ക് തുടർന്നു വായിക്കാതിരിക്കാൻ ആവില്ലല്ലോ. അതാണ് സങ്കടം!

ഇനി നാം കാണുന്നത് അസംഖ്യം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നിട്ടും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട ജീവിക്കേണ്ടിവന്ന ദാവീദിനെ ആണ് .ആ ദാവീദിൽ നന്ന് രാജാധികാരം കൈക്കലാക്കാൻ കുടിലതന്ത്രങ്ങൾ പയറ്റുന്ന അതോനിയാവിനയാണ്. ഊരിയാവെ യുദ്ധമുഖത്ത് വെട്ടിക്കൊല്ലിച്ച് ,ദാവീദാൽ ഗർഭിണിയായ തന്നെ വിവാഹം കഴിച്ച കഥ പറഞ്ഞു ഭീഷണിപ്പെടുത്തി, ദാവീദിൽ നിന്ന് യൗവരാജ്യം സ്വന്തം മകനായ ശലോമോന് വാങ്ങികൊടുത്ത, നാഥാൻ പ്രവാചകനോടൊപ്പം അഭിസരിക്കുന്ന ബത്ശേബയെ ആണ് .രതി പരീക്ഷയിൽ ശലോമോനെ തോൽപ്പിച്ച ശേബാറാണിയെയാണ്. എഴുന്നൂറ് ഭാര്യമാരും മുന്നൂറ് വെപ്പാട്ടികളുമുണ്ടായിട്ടും ആനന്ദകരമായ രതിയോ പ്രണയമോ ആസ്വദിക്കാനാവാതെ ,പാവ രാജാവായി ഭീരുവായി മുപ്പതു സംവൽസരം രാജ്യം ഭരിച്ച ശാലൊമോനെയാണ്.

    ദാവീദിന്റെയും പിന്നീട് ശാലൊമോന്റെയും ആയിരക്കണക്കിന് വെപ്പാട്ടികളിൾ ഒരുവൾ മാത്രമാകുമായിരുന്നു അബീശഗിനെ- രാജാധിപത്യത്തിന്റെ നിസ്സാരത പോലും വ്യക്തമാക്കുന്ന പ്രണയഗോപുരമായി- ഉഡ്ഢയനം ചെയ്യിക്കുകയാണ് ബെന്യാമിൻ ഈ നോവലിലൂടെ.
 ഇസ്രയേലിലെ രാധയായോ വൈശാലിആയോ അവളെ ബെന്യമിൻ കാണുന്നു ;നമ്മളെ കാണിക്കുന്നു.

 രതീഷ് കുമാർ

🌾🌾🌾🌾🌾