01-04-19

📚📚📚📚📚
സഞ്ചാരിയുടെ വഴിയമ്പലങ്ങൾ 
ആലങ്കോട് ലീലാകൃഷ്ണൻ
 ഗ്രീൻ ബുക്സ്
പേജ് 112
വില 135
  കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും നല്ല പ്രഭാഷകൻ ആര് എന്ന ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ ,ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ. ഏതു വിഷയത്തെക്കുറിച്ചും സുന്ദരമായി അദ്ദേഹം സംസാരിക്കും. മണിക്കൂറുകളോളം നമുക്കത് കേട്ടിരിക്കാം. ഭിന്നഭിന്നങ്ങളായ വിഷയങ്ങൾ ഇത്ര സുന്ദരമായി പറയുന്നത് എങ്ങനെ, ഓർത്തുവയ്ക്കുന്നതെങ്ങനെ എന്നൊക്കെ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്.ആവാഗ്വൈഭവം പ്രശാന്തതയിൽ പുളകങ്ങൾ വിരിയിക്കുന്നതിനുകാരണമായ അറിവിന്റെ ഉറവകൾ   അനുഭവിക്കാൻ ഒരു മാർഗ്ഗം പറയട്ടെ . യാത്ര ഗണത്തിൽ പെടുത്താവുന്ന അദ്ദേഹത്തിൻറെ ആദ്യപുസ്തകമായ സഞ്ചാരിയുടെ വഴിയമ്പലങ്ങൾ വായിച്ചുനോക്കുക .എട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വെങ്ങൂനാട്ടിൽ അലയുമ്പോൾ
 കാവേരിയുടെ ഹൃദയ ശ്രീരഗം
ഹംപിയുടെ അവശിഷ്ടങ്ങൾ
 കടത്തനാടിന്റെ കാല സംഗീതം
 ത്രിമൂർത്തി മലയിറങ്ങുന്ന കണ്ണുനീർ തീർത്ഥം
 ആദിഗോത്രങ്ങളുടെ കറുത്തസത്യംതേടി
 പ്രകാശത്തിന്റെനഗരം
 സ്നേഹംകൊണ്ട് ചികിത്സിക്കുന്ന ഒരിടം
 എന്നിവയാണ് ഈ ലേഖനങ്ങൾ .

    പി സുരേന്ദ്രനൊപ്പം കൊല്ലംകോട് നിന്ന് സീതാർകുണ്ടിലേക്ക്  കാട്ടുവഴിയിലൂടെ പോകാൻ ശ്രമിച്ചതും ,വഴിയിൽ കണ്ട- കാവായി മാറിയ- ഒറ്റ ആൽമര കാടും, സീതാർകുണ്ടിലേക്കുള്ള കുത്തനെയുള്ള കാട്ടുവഴിയിൽ യാത്ര ചെയ്യാനാവാതെ നിരാശനായി തിരിച്ചുപോകേണ്ടി വരുന്ന സുരേന്ദ്രന്റെെ സങ്കടവും, മഹാകവി  പി നിത്യകന്യകയെത്തേടി യാത്രചെയ്ത വഴിയിലൂടെയുള്ള സഞ്ചാരവും, ഐവർമഠത്തിൽ ബലിയിടുന്ന സന്യാസിയെ കണ്ട കൗതുകവും, ഫോട്ടോഗ്രാഫർ കണ്ണനൊപ്പം ലക്കിടി പുഴയിലെ നാലാംപിറ സന്ധ്യയുടെ സൗന്ദര്യത്തിൽ മയങ്ങി പുഴയുടെ പുളിനത്തിൽ രാത്രി കഴിച്ചതും ,മറ്റുംമറ്റുമായി അതങ്ങനെ ഒഴുകുന്നു.

      'കാവേരിയുടെഹൃദയശ്രീരംഗം' ശ്രീരംഗനാഥന്റെ നിമ്നോന്നതമായ ജീവിതത്തിൻറെ കഥയാണ്. തഞ്ചാവൂരിൽ നിന്ന് ശ്രീ രംഗത്തേക്കുള്ള യാത്രയും, 1987 ജീർ സ്വാമികൾ പൂർത്തിയാക്കിയ 236 അടി ഉയരവും 13 നിലകളുള്ള രാജഗോപുരത്തിന്റെ കഥയും, ഒട്ടും ചെറുതല്ലാത്ത 21 ഇതര ഗോപുരങ്ങളുടെ കമനീയതയും, ശ്രീരാമകഥ യോളം വേരുകളുള്ള ചോള രാജാവിൻറെ കഥയും, ചന്ദ്ര പുഷ്കരണിയുടെ തീരത്തുവച്ച് വിഭീഷണനിൽ നിന്നും ശ്രീരംഗവിമാനത്തിൽ പൂജിക്കുന്ന വിഷ്ണുവിഗ്രഹം തൻറെ ഭക്തികൊണ്ട് സ്വന്തമാക്കിയ ധർമ്മവർമ്മന്റെ കഥയും, കാവേരി കൊണ്ടുപോയ  ക്ഷേത്രത്തെ വീണ്ടെടുത്ത്  ഹോയ്സാല  രാജാക്കന്മാരെയും,  അത് തകർത്ത മാലിക് കഫൂർ (1311)  മുഹമ്മദ് ബിൻ തുഗ്ലക്  (1323)വഴിയും, പിന്നെയും  പുതു പിറവികൊണ്ട ശ്രീരംഗന്റെ കഥയുമെല്ലാം കേട്ടുകഴിയുമ്പോൾ, അവിടെ ഇനി നേരിട്ടുചെന്ന് കണ്ടാൽ ഈ അക്ഷരങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടില്ലേ എന്ന് പേടി തോന്നും .

   'കടുത്തനാടിൻറെ കാലസംഗീതമാണ്'ഏറ്റവും വലിയ ലേഖനം, ഏറ്റവും ഹൃദ്യവും .കോരപ്പുഴയ്ക്കും മയ്യഴിപ്പുഴക്കും ഇടയിലുള്ള വീരചരിത്രമുറങ്ങുന്ന വടക്കൻ പാട്ടിൻറെ വർത്തമാനശെഷിപ്പിലൂടെ ഒരു യാത്ര. ലോകനാർ കാവിൽ നിന്ന് ലഭിച്ച കൃഷ്ണേട്ടന്റെ വടക്കൻ പാട്ടുകളും ചരിത്രബോധവും നന്നായി രസിപ്പിക്കും .വടക്കൻപാട്ട് കഥകൾ സംഭവ്യതയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാമത്രേ .സംഭവിച്ചത്, ഏറെക്കുറെ സംഭവിച്ചത്, കവികല്പന. തച്ചോളി കഥകൾ സംഭവിച്ചത്, പാലാട്ടുകോമന്റെ കഥകൾ  ഏതാണ്ട് സംഭവിച്ചത്, പുത്തൂരം വീട്ടിലെ കഥകൾ അർദ്ധ സത്യങ്ങളോ കവി ഭാവനകളോ, ആവാം. ലോകമലയാർകാവ് എന്ന ലോകനാർകാവിന്റെ മതമൈത്രിയും,തച്ചോളി ഒതേനനെ മോഹിപ്പിച്ച ചാത്തോത്ത് കുഞ്ചിചീര അവളുടെ മുടിയിൽ അയാളെ ഒളിപ്പിച്ച കാവിലെ ചിറ (ലോകനാർകാവ് വലിയചിറ).
വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരെ തച്ചോളി മേപ്പയിൽ തറവാട് ,ചാപ്പന്റെ കണ്ടാൽ ചേരിവീട് എന്നിവ സന്ദർശിച്ച കഥ സുന്ദരം.
 മലബാർമാന്വലിൽ വില്യംലോഗൻ സാക്ഷ്യപ്പെടുത്തിയ- ഒതേനൻ കുറുക്കു ചാടിയ- വെട്ടുകല്ലിൽ പടുത്ത കിണർ, ഇന്ന് വടകര കാർക്കും അറിയില്ല. ചെമ്മലശ്ശേരി യിലെ പാലാട്ട് കോമൻ വീടും ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെ പായൽ കുളവും പിന്നീടുള്ള യാത്രയിൽ വരുന്നു. ഉണ്ണിയമ്മ ആങ്ങളമാർ കാണാതെ സ്വന്തം മുടിക്കെട്ടിൽ - പെണ്ണിനെ കാണാതെ വളർന്ന  പാലാട്ടു കോമനെ  ഒളിപ്പിച്ച- കുളം ആണത് .
പുറമേരി ക്കടുത്ത കുറ്റിപ്പുറത്തേക്കാണ് അടുത്ത യാത്ര. കടത്തനാട് രാജാവിൻറെ തലസ്ഥാനം കാണാൻ .അതുപക്ഷേ പൊളിച്ചു കളഞ്ഞിരുന്നു. ആ വംശത്തിൽ പുറമേരിയിൽ ഒരു കോവിലകം ഇപ്പോഴുമുണ്ട്. താമരശ്ശേരി ഭഗവതി ക്ഷേത്രത്തിനടുത്ത് പയ്യമ്പള്ളി  ചന്തുവിനെ കുടിവെച്ച സ്ഥാനമുണ്ട് .പൂരാപ്പണത്തെ കളരിയിലേക്കാണ് അടുത്ത യാത്ര. അതിനിടയിൽ കേരളത്തിലെമ്പാമുള്ള കളരികൾ അനുസ്മരിക്കുന്നു. കിഴക്കുപടിഞ്ഞാറ് 42 ചുവടും ,തെക്കുവടക്ക് 21 ചുവടുംഉള്ള നാല്പത്തീരടിത്തറകളിലാണ് കളരികൾ പ്രവർത്തിച്ചിരുന്നത് . (11024cm×5068cm)
കേരളത്തിലെ കളരികളെക്കുറിച്ച് വിദേശസഞ്ചാരികൾ പരാമർശിച്ചിട്ടുണ്ട് .'ഏഴാം വയസ്സിൽ കളരി അഭ്യാസത്തിന് ബാലപാഠം ആയി മെയ് വഴക്കവും, പിന്നീട് ഉറുമി,കുന്തം,വാൾ തുടങ്ങിയവയുടെ പ്രയോഗവും കേരളത്തിലെ നായർ കുട്ടികൾ പഠിക്കുന്നതിനെ പറ്റി 1510ൽ ഡ്വർത്തേ ബാർബോസയും ,ആയുധ പ്രയോഗത്തിൽ ഈ പടയാളികൾ കാണിക്കുന്ന സാമർത്ഥ്യത്തെ 1611ൽ ജോൺസ്റ്റൺ രേഖപ്പെടുത്തിയിരിക്കുന്നു'
ഓസ്ട്രേലിയക്കാരനായ ക്ലൗഡ് സായിപ്പ് പന്തീരാണ്ട് വീശൽ പഠിക്കാൻ വന്ന കഥയും ,കളരി അഭ്യാസത്തിന്റെ മഹത്വവും കരുണൻ ഗുരുക്കൾ വ്യക്തമാക്കുന്നു .രണ്ട് പെൺകുട്ടികളും അടങ്ങുന്ന സ്വന്തം കളരി സംഘത്തിന്റെ അത്ഭുതകരമായ പ്രകടനവും അദ്ദേഹം തൻറെ അതിഥികൾക്ക് കാട്ടിക്കൊടുക്കന്നു.

' ത്രിമൂർത്തികൾ മലയിറങ്ങുന്ന കണ്ണുനീർ തീർത്ഥം' ഭാരതപ്പുഴയുടെ ഉത്ഭവം തേടിയുള്ള യാത്രയാണ്. കാൽനൂറ്റാണ്ടുമുമ്പ് ദുർഗ്ഗമമായിരുന്ന ത്രിമൂർത്തി ക്ഷേത്രം 2011ൽ രണ്ടാം സന്ദർശനത്തിന് എത്തുമ്പോൾ വിനോദ് കേന്ദ്രമായി മാറിയിരിക്കുന്നു. അത്രിയുടെ തപസ്സിന്റെയും ഗംഗാവതരണം ഐതിഹ്യം കഥ കേൾക്കുന്ന കുട്ടിയെപോലെ വായിച്ചുപോകാം ആദിവാസികളെയും അവരുടെ ദൈവത്തെയും കുടിയിറക്കി ആര്യ ദൈവങ്ങളെ കുടിയിരുത്തിയ പുതിയ കാലത്തിന്റെകഥ തെല്ലൊരു ആത്മ രോഷത്തോടെ വിവരിക്കുന്നു; ഒറ്റപ്പെട്ടുപോയ ദേവനെ പൂജ ചെയ്യുന്ന ഒറ്റപ്പെട്ടുപോയ ആദിവാസിയുടെ കഥ സങ്കടത്തോടെയും.

'ആദിഗോത്രങ്ങളുടെ കറുത്തസത്യംതേടി' പ്പോകുന്നത് അട്ടപ്പാടിയുടെ വന മേഖലകളിലേക്കാണ്. ഇരുളരും മുഡുഗരും, താരതമ്യേന അത്ര പാരമ്പര്യമില്ലാത്ത കുറുമ്പരും ,സാംസ്കാരിക സമന്വയത്തിനോ നിത്യ അടിമത്തത്തിനോ പാത്രമാവുന്ന അട്ടപ്പാടി വനമേഖലയിലെ ആദിവാസി പാരമ്പര്യം അന്വേഷിച്ച് നടത്തുന്ന യാത്രയാണിത്. പറയിപെറ്റ പന്തിരുകുലത്തിലെ ഭൂതത്തെയും കൂടി അന്വേഷിക്കുന്നുണ്ട് .
കാളിദാസ സദസ്സിലെ വരരുചി അല്ല പന്തിരുകുലത്തിലെ വരരുചി എന്ന് സ്ഥാപിച്ചുകൊണ്ട് കേസരി എ ബാലകൃഷ്ണപിള്ള നടത്തുന്ന നിരീക്ഷണങ്ങൾ സംഗ്രഹിക്കുന്നു. തിരുമാൽപുരത്ത് ജനിച്ച് കുമാരിലഭട്ടനാണ് കേരളവിക്രമാദിത്യൻ ആയ കുലശേഖരപെരുമാൾ ഒന്നാമന്റെ സദസ്സിലെ നവരത്നങ്ങളിൽ വരരുചിയുടെ സ്ഥാനം അലങ്കരിച്ചിരുന്നത് .കേരളത്തിലെ മീമാംസകർക്കിടയിൽ കുമാരിലഭട്ടന് പരക്കെ സ്വീകാര്യത ഉണ്ടായിരുന്നു .

പ്രകാശ നഗരം
കാശിയിലെ മൂന്നു തലമുറ പഴക്കമുള്ള ഗംഗാ ഹോട്ടലിലെസത്സംഘത്തിൽ അമേരിക്കക്കാരനായ ഗവേഷക പണ്ഡിതൻ യോഗയെക്കുറിച്ചുള്ള പേപ്പർ അവതരിപ്പിക്കുകയാണ് .യോഗ ഹിന്ദുവിന്റേതാണോ എന്നതാണ് വിഷയം. ഒടുവിൽ അദ്ദേഹം അസന്നിഗ്ധമായി തീർപ്പ് കൽപ്പിക്കുന്നു ,യോഗ ഹിന്ദുവിന്റേതല്ല, എല്ലാവരുടേതുമാണ് .യോഗത്തിൽ ഒരു കോണിലിരുന്ന താടി നീട്ടി വളർത്തിയ സാത്വികനായ വൃദ്ധൻ പറഞ്ഞു :"ഹിന്ദുക്കൾ ഒരിക്കലും അവരുടേതാണെന്ന് അവകാശപ്പെട്ടിട്ടില്ല ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾ എന്തിനാണ് ഇത്ര പാടുപെടുന്നത്". ബനാറസ് യൂണിവേഴ്സിറ്റിയിലെ ചിത്രകലാ അധ്യാപകൻ ചെർപ്പുളശ്ശേരിക്കാരൻ സുരേഷ് കെ നായർ വിശദീകരിച്ചുകൊടുത്തു ,അൻപത് വർഷമായി വാരണാസിയിൽ താമസിക്കുന്ന ഇറ്റലിക്കാരൻ ആണ് ആ വൃദ്ധൻ.

' സ്നേഹംകൊണ്ട് ചികിത്സിക്കുന്ന ഒരിടം' ആണ് അവസാന സഞ്ചാരസ്ഥാനം.
മഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ ആനക്കയത്ത് ഇറങ്ങി (പൂങ്കുടിൽപ്പടി) പൂങ്കള പ്പടിയിലേക്ക് പോകാം. മലയാളിയുടെ മഹാ പ്രാന്തന്റെപിൻമുറക്കാരായ പൂങ്കുടിൽ നാറാണത്ത് മനയ്ക്കൽ ഇപ്പോഴും ഭ്രാന്ത് ചികിൽസ നടത്തുന്നുണ്ട് .
ചികിത്സയിൽ ബിരുദമെടുത്തവരല്ല അവർ. കാരണവരായ ചെറിയ വാസുദേവൻ നമ്പൂതിരിയും മറ്റ് കുടുംബാംഗങ്ങളും ഈ ചികിത്സ നടത്തുന്നവരാണ്. ലോകത്തുള്ള മിക്ക മനശാസ്ത്ര പഠനങ്ങളും വായിച്ചറിഞ്ഞ എൻ വി നമ്പൂതിരി പറയുന്നു, സമൂഹത്തിന്റെ സൃഷ്ടിയാണ് മനോരോഗം എന്നമട്ടിൽ ലളിതമായി മനോരോഗത്തെ സമീപിച്ചു കൂട. സമൂഹത്തിൻറെ കാരുണ്യ ശൂന്യത മനോരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്, എന്നാൽ മനോരോഗം ഉണ്ടാവാൻ മുമ്പേതന്നെ സാധ്യതയുള്ള ഒരാൾക്കേ ,ചുറ്റുപാടുകളുടെ സ്നേഹ ശൂന്യത കൊണ്ടോ സംഘർഷം കൊണ്ടോ ,മനോരോഗം ഉണ്ടാവുകയുള്ളൂ. നമ്മുടെ പഴയ നിരീക്ഷണപ്രകാരം ഹീനം മിഥ്യ ആദി എന്ന മൂന്നു ദോഷമുണ്ട് .വലിയ അനുഭവങ്ങളെ ചെറുതാക്കി തോന്നിപ്പിക്കുന്നത് ഹീനം. ഉള്ളതിനെ ഇല്ലാത്തതായോ, ഇല്ലാത്തതിനെ ഉള്ളതായോ തോന്നിപ്പിക്കുന്നത് മിഥ്യ. ചെറിയ അനുഭവങ്ങളെ വലുതായി തോന്നിപ്പിക്കുന്നത് അതി .
മന്ത്രവാദം പോലെയുള്ള പാരമ്പര്യ ചികിത്സാ ക്രമം കേവലയുക്തിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കാവുന്നതല്ലെന്ന്അദ്ദേഹം കരുതുന്നു. ജീവ ധർമ്മത്തിൽ ഊർജ്ജസമ്പാദനത്തേക്കാൾ പ്രത്യുൽപാദനത്തിന് പ്രാധാന്യം കൊടുത്തു എന്നതാണ് ഫ്രോയിഡിയൻ തിയറിയുടെ പ്രധാന ദോഷം. ക്രിസ്റ്റർകൊഡ് വെൽ ന്റെ, മനോരോഗികളിൽ നിന്നല്ല സോഷ്യോളജിയിൽ നിന്നാണ് മനശാസ്ത്രം ഉരുത്തിരിഞ്ഞു വരേണ്ടതെന്ന് ചിന്ത, കുറേക്കൂടി സംഗതമാണെന്ന് അദ്ദേഹം വിചാരിക്കുന്നു.
     ഒരിക്കൽ തൻറെ രണ്ടു കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ചു കൊന്ന മനോരോഗിയായ അമ്മയെ ചികിത്സിക്കേണ്ടി വന്നു .കൊന്നാൽ കുട്ടികൾ സ്വർഗ്ഗത്തിൽ എത്തിച്ചേരും എന്ന് വിചാരിച്ചാണ് അവരതു ചെയ്തത് .രോഗം ഭേദപ്പെട്ടാൽ ചെയ്ത തെറ്റോർത്ത് അവർ എന്തെങ്കിലും കടുംകൈ ചെയ്തേക്കാം .ഇവിടെ ചികിത്സ പ്രഹേളിക ആവുകയാണ്.
. ധനിക കച്ചവടക്കാരൻ, മകൻ ഭാര്യ വീട് കുട്ടികൾ എല്ലാം ഉപേക്ഷിച്ച് ഏതോ തീവ്രവാദ സംഘടനയിൽചേർന്ന് സാമൂഹ്യ ക്ഷേമ പ്രവർത്തനം ചെയ്യുന്നു .വാസ്തവത്തിൽ പണ്ട് ബുദ്ധഭഗവാൻ സംഭവിച്ച ഈ ഭ്രാന്ത് ചികിത്സിക്കേണ്ടതാണോ എന്ന് തിരിച്ചറിയാനും വയ്യ. പാരമ്പര്യം കച്ചവടച്ചരക്കാക്കത്ത പൂങ്കുടിൽ മനയുടെ പുണ്യഭൂമിയിൽ ഈ യാത്രാകുറിപ്പുകൾ അവസാനിക്കുന്നു.

രതീഷ് കുമാർ

🌾🌾🌾🌾🌾