31-07-18

പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ..
  ചിത്രസാഗരം_രണ്ടാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം 🙏🙏
ഫോണിന് ഞാൻ കൊടുക്കുന്ന ജോലി അധികമായതിനാലാകാം ഇടയ്ക്കൊന്ന് പണിമുടക്കി..അതാണേ വെെകിയത്🙏
കഴിഞ്ഞ ഭാഗത്ത് നമ്മൾ ഗുഹാചിത്രങ്ങളെ പരിചയപ്പെട്ടു.അതിനു ശേഷമുള്ള ചിത്രകലയുടെ അവസ്ഥ എന്തായിരുന്നുവെന്ന് നമുക്കാദ്യം കേൾക്കാം..നമ്മുടെ കൂടെ GHSആതവനാട് സ്ക്കൂളിലെ ചിത്രകലാദ്ധ്യാപകനും കേരളത്തിലെ പ്രശസ്ത ചിത്രകാരനും ആയ രാജൻ കാരയാട് മാഷ്
(അഭിമുഖം എന്ന് പറയാനാവില്ല.....ഫോണിന് പ്രശ്നമുള്ളതിനാൽ മാഷിനെ ലെെനിൽ കിട്ടിയ വഴി റെക്കോഡ് ചെയ്തതാണേ)

അതെ...ഗുഹാചിത്രങ്ങളിലൂടെ കൊത്തുചിത്രങ്ങൾ,ചിരട്ടകളുടെയും,ആടയാഭരണങ്ങളുടേയും പുറത്തുള്ള ചിത്രപ്പണികൾ,കളമെഴുത്ത്...ഇങ്ങനെ പോയി ചുമർചിത്രങ്ങളിലെത്തുന്നു നമ്മുടെ ചിത്രകല

ഈ ആഴ്ച നമുക്ക് കൊത്തുചിത്രങ്ങൾ, കളമെഴുത്ത്.. മുതലായവ പരിചയപ്പെടാം.

കൊത്തുചിത്രങ്ങൾ പേരു സൂചിപ്പിക്കുന്നതു പോലെ നവീനശിലായുഗത്തിൽ കല്ലിൽ കൊത്തിയുണ്ടാക്കിയവയാണ്..വയനാടിലെ എടയ്ക്കലിൽ മാത്രമാണ് കേരളത്തിലുള്ള കൊത്തുചിത്രങ്ങൾ ഉള്ളത്..ഇനിയുള്ള ഖനനങ്ങളിൽ ഇനിയും കൊത്തുചിത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉയിർത്തെഴുന്നേൽക്കാം..

കൊത്തുചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വന്ന ഒരു പത്രവാർത്ത പരിചയപ്പെടുത്താം..
വയനാട്ടില്‍ ഒരു നവീനശിലായുഗ മനുഷ്യാവാസകേന്ദ്രംകൂടി കണ്ടെത്തി
 (ശ്രീകാന്ത് കോട്ടക്കല്‍)
(3 Feb 2017)

കോഴിക്കോട്: വയനാട്ടില്‍ ഒരു നവീന ശിലായുഗ മനുഷ്യാവാസകേന്ദ്രംകൂടി കണ്ടെത്തി. എടക്കല്‍ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ മറുഭാഗത്തുള്ള താഴ്വരയില്‍ ജലാശയത്തോടുചേര്‍ന്ന് മലവയലിനും അമ്പുകുത്തി താഴ്വരയ്ക്കുമിടയിലാണ് കൊത്തുചിത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

വയനാടിന്റെ സാംസ്‌കാരികചരിത്രം എഴുതിയ എഴുത്തുകാരനും സ്വതന്ത്ര ഗവേഷകനുമായ ഒ.കെ. ജോണിയാണ് ഇവ കണ്ടെത്തിയത്. എടക്കലിലെയും തൊവരിമലയിലെയും ചിത്രങ്ങള്‍ക്കിടയിലുള്ള കാലത്താവാം ഈ ശിലാകൊത്തുചിത്രീകരണങ്ങള്‍ നടന്നതെന്ന് ജോണി പറയുന്നു. ചിത്രങ്ങള്‍ തമ്മിലുള്ള ദൃശ്യവ്യത്യാസമാണ് ഈ നിഗമനത്തിലേക്കെത്തുന്നതിന് കാരണം. 

ഗുഹകളിലാണ് സാധാരണയായി ശിലായുഗ പരിഷ്‌കൃതിയുടെ അടയാളങ്ങളായ കൊത്തുചിത്രങ്ങള്‍ കാണപ്പെടുക. തൊവരിയിലും ഇപ്പോള്‍ കണ്ടെത്തിയ ഈ തടാകതീര മനുഷ്യസങ്കേതത്തിലും തെളിഞ്ഞ ചിത്രങ്ങളില്‍ മൃഗങ്ങളോ മനുഷ്യരൂപങ്ങളോ ചലിക്കുന്ന രൂപങ്ങളോ ഇല്ല. മറിച്ച് അമൂര്‍ത്തമായ രേഖകളും മാന്ത്രിക ചതുരങ്ങളും പരസ്പരം കെട്ടുപിണയുന്ന വരകളുമാണ് ഉള്ളത്.

മനുഷ്യന്റെ ബോധനിലവാരത്തിന്റെയും പരിഷ്‌കൃതിയുടെയും അനുക്രമ വികാസങ്ങളുടെ രേഖകളായി ഈ മൂന്ന് ശിലാരേഖകളെ എടുക്കാവുന്നതാണെന്നാണ് നിരീക്ഷണം. ബി.സി. 10,000-ത്തിനും 4000-ത്തിനും ഇടയിലുള്ള കാലത്താവണം ഈ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടതെന്നും പറയുന്നു.

പാറപൊട്ടിക്കലിന്റെ പ്രഹരത്താല്‍ മണ്ണും മണലും പുരണ്ട പാറയില്‍നിന്നാണ് ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്. 

കൊത്തുചിത്രങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തിലെ പ്രസക്ത ഭാഗം...👇👇
....എടക്കല്‍ ഗുഹയിലെ കൊത്തുചിത്രങ്ങളും മനുഷരെ മുഖമൂടുപടങ്ങളോടും ഉഷ്ണീഷവിശേഷങ്ങളോടും കൂടി നൃത്തം ചെയ്യുന്ന ഭാവത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രാചീനശിലായുഗചിത്രങ്ങളില്‍ കാണുന്ന ഈ നൃത്തഭാവം മതസംബന്ധിയായ നൃത്തത്തെയാണ് ചിത്രീകരിക്കുന്നതെന്ന് വിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ എടക്കല്‍ കൊത്തുചിത്രങ്ങളും മതസംബന്ധിയായ കോലംതുള്ളലുകളേയും ദൈവംതുള്ളലുകളേയും ചിത്രീകരിക്കുന്നു എന്നു വിചാരിക്കാം. ഈ കൊത്തുചിത്രങ്ങള്‍ പാളയും കുരുത്തോലയും വച്ചുകെട്ടി തുള്ളാറുള്ള വേലന്മാരുടേയും മറ്റും കോലംതുള്ളലുകളെ സ്മരിപ്പിക്കുന്നു. ഒരു തെങ്ങിന്‍മടലോ പനമടലോ ഓലകളഞ്ഞ് പിടിച്ചുകൊണ്ട് മുഖം മൂടിയോടും ഉഷ്ണീഷത്തോടും കൂടി തുള്ളുന്ന ഒരു മനുഷ്യന്റെ ചിത്രവും എടക്കല്‍ ഗുഹയില്‍ കൊത്തിയിട്ടൂണ്ട്”......
*കൊത്തുചിത്രങ്ങളോട് തുടർന്നു വരുന്ന മൺപാത്രങ്ങളുടെയും,ആടയാഭരണങ്ങളുടേയും പുറത്തുള്ള ചിത്രീകരണത്തെക്കുറിച്ച് വേണ്ടത്ര വിവരം എനിക്ക് ലഭിച്ചിട്ടില്ല..കെെവശമുള്ളവർ കൂട്ടിച്ചേർക്കണേ..
 നതീതടസംസ്ക്കാരങ്ങളുടെ തെളിവുകളായി ഇത്തരം ചിത്രപ്പണികളുടെഅവശേഷിപ്പുകൾ കണ്ടുകിട്ടിയിട്ടുണ്ട്

ഇനി കളമെഴുത്ത്
വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ളഅഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ്കളമെഴുത്ത്. ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത്. കളമെഴുത്തും പാട്ട്,മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽതുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്ത് ഒഴിച്ചുകൂടാനാവാത്തതാണ്.കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ,നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത്.

കുലവൃത്തി
♦♦♦♦♦
കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായക്കാർ ഇന്നുംകേരളത്തിലുണ്ട്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും കളം വരയ്ക്കുന്നത്കുറുപ്പന്മാരാണ്. അയ്യപ്പൻ തീയാട്ടിനു കളമെഴുതുന്നവർ തീയ്യാടി നമ്പ്യാർമാരുംഭദ്രകാളി തീയാട്ടിനു കളം വരയ്ക്കുന്നത് തീയാട്ട് ഉണ്ണികളും നാഗക്കളമെഴുതുന്നത്പുള്ളുവന്മാരും കോലംതുള്ളലിനുകണിയാന്മാരും ആണ്. മന്ത്രവാദക്കളമെഴുതുന്നത് വണ്ണാന്മാരാണ്.

പഞ്ചവർണ്ണപ്പൊടികൾ
♦♦♦♦♦♦♦♦♦
പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. വെള്ള, കറുപ്പ്, പച്ച,മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ. ഉമിക്കരി (കറുപ്പ്), അരിപ്പൊടി(വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ),നെന്മേനിവാകയുടെ പൊടി (പച്ച),മഞ്ഞളുംചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ് ഈ നിറങ്ങൾ തയാറാക്കുന്നത്.
ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. മഞ്ഞനിറം സ്വർണ്ണത്തേയും, പച്ചനിറം നാകത്തേയും, ചുവപ്പുനിറം ചെമ്പിനേയും, കറുപ്പ് ഇരുമ്പിനേയും, വെള്ള വെള്ളിനിറത്തേയും പ്രതിനിധീകരിക്കുന്നു.

വരയ്ക്കുന്ന രീതി
♦♦♦♦♦♦♦
ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.





















കളമെഴുത്തിന്റെ കൂടെ ചേർത്തു പറയാവുന്ന ഒന്നാണ് കോലമെഴുത്ത്
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ പ്രചാരമുള്ളതാണ് കോലമെഴുത്ത്. വീട്ടുമുറ്റത്ത് അരിപ്പൊടികൊണ്ട് എല്ലാദിവസവും രാവിലെ കോലമിടുന്നു. സ്ത്രീകളാണ് ഇതു ചെയ്യുന്നത്. ഐശ്വര്യദേവതയെ വരവേല്‍ക്കുകയാണ് കോലമിടലിന്റെ ലക്ഷ്യം. ശ്രീപോതിക്കോലം, നാലുമൂലക്കോലം എന്നിവയാണ് പ്രധാന കോലങ്ങള്‍. ചിത്രരചനയില്‍ അശിക്ഷിതരായ സ്ത്രീകള്‍ മനോഹരമായ ജ്യാമിതീയ രൂപങ്ങള്‍ അനായാസം വീട്ടിനു മുന്നില്‍ വരയ്ക്കുന്നതു കണ്ടാല്‍ ആര്‍ക്കും അദ്ഭുതമുണ്ടാകും.
മുഖത്തെഴുത്തും,ചുമർചിത്രവിശേഷങ്ങളുമായി ഇനി അടുത്തയാഴ്ച
https://youtu.be/Xy3-MVURPfQ

കൊത്തുചിത്രങ്ങൾ, കളമെഴുത്ത്, കോലമെഴുത്ത്...ഇതിനോട് ചേർത്തു പരിചയപ്പെടുത്താവുന്ന ഒന്നാണ്
പദ്മങ്ങൾ
മാന്തിക, താന്തിക കര്‍മങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന കളങ്ങളാണ് പദ്മങ്ങള്‍. പല നിറത്തിലുള്ള പൊടികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പദ്മങ്ങളില്‍ ഉപാസനാമൂര്‍ത്തി കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. വൃത്തം, ത്രികോണം, ചതുഷ്‌കോണം, ഋജുരേഖ തുടങ്ങിയ വ്യത്യസ്ത ആകൃതികളില്‍ പദ്മങ്ങളുണ്ട്.
അരിപ്പൊടികൊണ്ട് വരച്ചശേഷം വര്‍ണ്ണപ്പൊടികള്‍ വിതറിയാണ് പദ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
താന്ത്രികവിധിപ്രകാരം ബ്രാഹ്മണര്‍ നിര്‍മ്മിക്കുന്ന പദ്മങ്ങള്‍ ഇപ്രകാരമാണ്. സ്വസ്തികം, നവകം, നവകം-പഞ്ചഗവ്യം, ചതുശ്ശുദ്ധി, അഷ്ടദളം, മുളയിടുന്ന പദ്മം, അഷ്ടദളം ദ്വാദശനാമം, വാസ്തുബലി, സര്‍പ്പബലി, നവഗ്രഹം, ഭദ്രകം, ശക്തിദണ്ഡകഭദ്രം, ചക്രാബ്ജം, ശിവമഹാകുംഭ സ്വസ്തികഭദ്ര പദ്മം, സ്വസ്തികഭദ്രകം, ഷഡ്ദളം, ശയ്യാവീഥിസ്വസ്തികം, കലശപദ്മങ്ങള്‍




കൊത്തു ചിത്രങ്ങളെ ക്കുറിച്ച് ഒന്നും പറയാനില്ല. നല്ല പഠനം ആയിട്ടുണ്ട്.കളമെഴുത്ത് പാട്ടിൽ വേട്ടക്കൊരു മകൻ പാട്ടിന്റെ പ്രധാനക്ഷേത്രമാണ് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രം. അവിടെ കാറോ ര കുറുപ്പൻമാർ ,കാറോ ര നായൻമ്മാർ എന്ന രണ്ടു വിഭാഗക്കാരാണ് വേഷം കെട്ടിഅവതരിപ്പിക്കുന്നത്.അയ്യപ്പൻ പാട്ടിനുംവേട്ടക്കൊരു മകൻപാട്ടിനും നമ്പൂതിരി മാരുംഅവതരകരായി വരാറുണ്ട്.കളം പാട്ടിനുപയോഗിക്കുന്ന പൊടികൾ തന്നെയാണ് താന്ത്രിക ,മാന്ത്രിക കാര്യങ്ങൾക്കും പത്മത്തിനു പ യോഗിക്കുന്നത്. ഓരോ കള്ളികൾക്കും ഇന്നത് എന്ന് നിഷ്കർഷ ഉണ്ട്. ശ്രീകൃഷ്ണൻ ,ഹനുമാൻ എന്നീ ദേവന്മാർക്ക് ചന്ദനവും വെണ്ണയും ചാർത്തൽ മറ്റൊരു കലാവൈഭവം തന്നെ ,ദേവന്മാരുടെ മനോഹര രൂപമാണ് കരവിരുതിൽ തീർക്കുന്നത്.