4-12

🙏🏻
സര്‍ഗസംവേദനം
അനില്‍
🙏🏻



    ഫൈസൽ ബാവ

കഥ: പേരില്ലാകഥയിലെ യൂദാസ് 
മജീദ്‌ അത്തോളി 

കഥ ഫാന്റസി തലത്തിലൂടെ സഞ്ചരിക്കുന്നു എങ്കിലും മനുഷ്യപക്ഷത്ത്  നിന്ന് കഥപറയാൻ ശ്രമിക്കുന്നു. അതിന്റെ കുഴപ്പവും കഥയിൽ വ്യക്തമാണ്. പാമ്പും മനുഷ്യനും തമ്മിലുള്ള അവിശ്വസനീയമായ ഒരു ബന്ധത്തെയാണല്ലോ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത് അപ്പോൾ മനുഷ്യൻ ശരിയുടെ പക്ഷവും പാമ്പ്‌ ശത്രുപക്ഷവും ആകുന്നു. ഇത് ശരാശരി മനുഷ്യ മനസുകളിൽ തോന്നുന്ന വികാരമാണ്. ആക്രമിക്കുക എന്നത് പാമ്പിന്റെ വർഗ്ഗസ്വഭാവമല്ല. എന്നാൽ മനുഷ്യന്റെ അക്രമസ്വഭാവം കാണാതെ ജന്തുക്കളുടെ രക്ഷാമാർഗ്ഗത്തെ അക്രമമായി കാണുന്ന രീതി സാധാരണമാണ്. അതാണ്‌ ഇവിടെ കഥയിലും കാണുന്നത്. ഉത്തരാധുനികതയുടെ ഓരത്ത് സഞ്ചരിച്ച ഒരു പ്രതീതി കഥ വായിക്കുമ്പോൾ തോന്നുന്നുണ്ട്. ചിലപ്പോൾ അതിനു വിപരീതവും.... വാക്കുകൾ ലളിതമാക്കാൻ ശ്രമിക്കാമായിരുന്നു ഖദ്യോതം' എന്നതിനേക്കാൾ ഭംഗി 'മിന്നാമിനുങ്ങ്' തന്നെയല്ലേ??? 

സമാനമായ ഒരു സംഭവം ബഞ്ചമിൻ ഫ്രാങ്ക്ലിന്റെ ഡയറിക്കുറിപ്പുകളിൽ  വായിച്ചതോര്ക്കുന്നു 
ലാറ്റിനമേരിക്കയിലെ ഒരു  ആദിവാസി ഗോത്ര സമൂഹത്തിൽ കൌമാരത്തിൽ നിന്നും യൌവനത്തിലേക്ക് പ്രവേശിക്കുന്ന പുരുഷന്മാർ കൂടുതൽ പക്വത കൈവരിക്കാൻ വേണ്ടി കൊടും തണുപ്പുള്ള മലമുകളിൽ തപസ്സിരിക്കാൻ പോകാറുണ്ട് അങ്ങനെ പോയ ഒരു യുവാവ് തിരിച്ചു മല ഇറങ്ങുമ്പോൾ ഉഗ്രവിഷമുള്ള ഒരു പാമ്പ്‌ മഞ്ഞിൽ കിടന്നു പിടയുന്നു യുവാവിനെ കണ്ടതോടെ തന്നെ രക്ഷിക്കണം എന്നാവശ്യപ്പെടുന്നതും യുവാവ് അത് ചെയ്യുന്നു എന്നാൽ താഴെ എത്തിയതോടെ പാമ്പ്‌ അയാളെ കൊത്തി. 
നീയെന്നെ ചതിച്ചല്ലോ എന്ന് യുവാവ് ചോദിച്ചപ്പോൾ ഞാനെത്ര വിഷമുള്ള പാമ്പാണെന്ന് നിനക്കറിയാം എന്നിട്ടും നീ അതൊന്നും ആലോചിക്കാതെ എന്നെ എടുത്തു അപ്പോൾ നിങ്ങൾ   തപസ്സിരുന്നിട്ടും പക്വത ഉണ്ടായിട്ടില്ല അത്തരക്കാർ ജീവിചിരുന്നിട്ട് കാര്യമില്ല... എന്ന് പറഞ്ഞു  പാമ്പ്‌ ഇഴഞ്ഞുപോയി 
എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കുരുതെന്ന ബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഈ നാടോടികഥയിലൂടെ ബഞ്ചമിൻ ഫ്രാങ്ക്ലിൻ പറയുന്നു ഇവിടെ ഇതേ ആശയംതന്നെ മജിദ് അത്തോളി മറ്റൊരു തരത്തിൽ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ ചതിക്കുന്ന യൂദാസായി രാജവെമ്പാല ഇഴഞ്ഞു നീങ്ങുന്നു. 

മജീദ്‌ അത്തോളിയിയുടെ 14 കഥകൾ അടങ്ങിയ  ഏക കഥാസമാഹാരമാണ്  'പേരില്ലാകഥയിലെ യൂദാസ്'
ഉണ്മ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഥ: 
"പേരില്ലാകഥയിലെ യൂദാസ് "

മജീദ്‌ അത്തോളി 

വായന തുടങ്ങിയ കാലത്തുള്ള എഴുത്തുകാരുടെ ശൈലിയാണ് എനിക്കിഷ്ടം. കാരണം ഞാനൊരു മധ്യവയസ്കനാണ്. സക്കറിയ സാർ പറഞ്ഞത്‌പോലെ 'മുട്ടത്തുവർക്കി എന്റെ ഭാഷയുടെ ...
'ഹൂറേ' വിളിക്കണമെന്ന് തോന്നി.'

കൂടുതൽ മുഷിപ്പിക്കാതെ ഞാൻ കഥയിലേക്ക് കടക്കാം.

'പേരില്ലാ കഥയിലെ യൂദാസ്' തുടക്കം ഇങ്ങനെ
ഇരുള വീണുമയങ്ങുന്ന ഇടവഴിയിലൂടെ അന്നൊരു സന്ധ്യക്ക് ഒരിടംവരെ പോകേണ്ടിവന്നു. കറുത്തവാവിന്റെ ഭീകരത. കാളകണ്‍കണ്ഠകങ്ങളുടെ ഇണയാകർഷണം. പൃഷ്ടംതിള്ളക്കി  വഴിതേടുന്ന 'ഖദ്യോതം'. ചിവീടുകളുടെ സംഘഗാനം ചുറ്റും.

പരിചിതവഴിയിൽ പാഠങ്ങൾ അമാന്തിച്ചില്ല. ചെന്നെത്തേണ്ട സ്ഥലം കാവിനു പുറത്ത്. കാവിനും കൂത്തമ്പലത്തിനും മദ്ധ്യേയുള്ള ദുർഘടംപിടിച്ച പാത. പൂത്ത മൈലാഞ്ചിയുടെയും പാലപ്പൂവിന്റെയും സമ്മ്രിശ്രഗന്ധം. ചാത്തൻ കോഴിയുടെ നിലവിളി. ചാത്തൻ കുടികൊള്ളും കാവെന്ന ജനസംസാരം. 
സന്ധ്യമയങ്ങിയാൽ 'കസായി' പോയിട്ട് ആരാച്ചാർവരെ നടക്കാൻ ഭയക്കുന്ന പാത. (സമൂഹത്തിൽ ഇവര ക്രൂരരാണല്ലോ? മനസ്സു മരവിച്ചങ്ങനെ ആക്ഷേപവുംപേറി ജീവിക്കാൻ വിധിക്കപെട്ടവർ; പാവങ്ങൾ)

നിരീശരവാദിയെന്ന മേൽവിലാസം അണിഞ്ഞത്കൊണ്ട് അറച്ചുനില്ക്കാനും വയ്യ. മറ്റവരുടെ കൈയ്യിലെന്തിനു വടികൊടുക്കണം? അങ്ങനെ ...അങ്ങനെ ഉറച്ച കാലടികളോടെ (ഉൾക്കിടിലത്തോടെ) നെഞ്ചുംവിരിച്ച് നടക്കുകയായിരുന്നു ഈ ഞാൻ.

"ശ്ശൂ, ഒന്ന് നിൽക്കണേ." പിന്നിലൊരു പതിഞ്ഞ ശബ്ദം. (ശ്വാസം നിലച്ചുവോ?) സധൈര്യം വരണ്ടുപോയ ചങ്കിലേക്ക് ഉമിനീര് സ്വരൂപിച്ചിറക്കി, തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു. (ഇങ്ങനത്തെ ചുറ്റുപാടിൽ, അസമയങ്ങളിൽ തിരിഞ്ഞുനോക്കരുതെന്ന് പ്രമാണം. മുത്തശ്ശിക്കതഥ)

"ആര്? എന്ത് വേണം?"
"ചുണ്ണാമ്പുണ്ടോ കുറച്ചെടുക്കാൻ?" എന്ന മൊഴിയുമായി സുന്ദരി എന്ന ചിന്തയാൽ നിന്നിരുന്ന എന്റെ കർണ്ണങ്ങളിലേക്ക് ഒഴുകിയെത്തിയത് പക്ഷെ ഇങ്ങനെ...

"ഞാനും വരട്ടെയോ കൂടെ?"

ഇതെന്തേ രമണനോട്  ചോദിച്ചത്പോലെ? അപ്പോൾ ചുണ്ണാമ്പ്  പ്രശ്നമല്ല. ആശ്വാസമായി.

രണ്ടും കൽപിച് തിരിഞ്ഞു നോക്കി ആരെയും കാണുന്നില്ല. വീണ്ടുമെന്തേ  ശബ്ദം!

"ശ്ശൂ..."
ശബ്ദം കേട്ട ദിക്കിലേക്ക് കണ്ണുകൾപാഞ്ഞു. കണ്ണും കാതുമായുള്ള വിനിമയ ബന്ധം. അവ്യക്തമായതെന്തോ പാറയിടുക്കിനരുകിൽ, ഇരുട്ടിൽതിളങ്ങുന്നു. പൊന്നരഞ്ഞാണം പോലെ.

നിശ്ശബ്ദതയിലെന്റെ ശബ്ദത്തിന് മാറ്റൊലി.

"ആരാണ്? എന്തുവേണം?" 

"ഞാൻ ... ഞാൻ തന്നെ. ഇതേ ഇവിടേക്ക്. എന്റെ തിളങ്ങുന്ന സൌന്ദര്യം കാണുന്നില്ലേ? ഞാൻ... ഞാനാണ്, രാജവെമ്പാല."

"രാജവെമ്പാലയോ? അങ്ങനെയും ഒരു പേരോ?
"സര്പ്പരാജാവിനെ കേട്ടറിവും ഇല്ലെന്നോ? താങ്കളും കളവു പറയുകയാണോ?"

ഞാൻ കണ്ടു. നല്ല സ്വര്ണ്ണവർണ്ണം. പത്തരമാറ്റിന്റെ പ്രഭ. രാജവെമ്പാലക്ക്  സ്വർണ്ണ നിറം. ഞാനിതുവരെ കേട്ടിട്ടുകൂടെയില്ല. ആരാലും വിശ്വസിക്ക്യോ? അവിശ്വാസത്തിൽ ഞാൻ ചോദിച്ചു.
"എന്തെ, വിശ്വസിക്കാതിരിക്കാൻ? നിങ്ങൾ മനുഷ്യർക്കിടയിലുമില്ലെ മൃഗങ്ങൾ?" ഉത്തരം മുട്ടിക്കുന്ന ചോദ്യം.
"സമ്മതിച്ചു. അതിരിക്കട്ടെ നിനക്കെന്തു വേണം?"

 രാജവെമ്പാല നടന്നടുത്തെത്തി. (നടക്കുകയോ? ഇഴയുകയല്ലെ ശരി?)
ഇപ്പോൾ മുഖവും ഉടലുമെല്ലാം വ്യക്തമായികാണാം. ഇരുട്ടിലും കണ്ണുകളിലെ റെറ്റിന സുസജ്ജമാവുകയായിരുന്നു. 

"കേൾക്കുക, ദയവുചെയ്ത് കേള്ക്കുക."

രാജവെമ്പാല ഒരു കഥ പറയാനുള്ള തിടുക്കത്തിലെന്നു തോന്നി. സ്വദേശത്തെ ജീവിത ഭാരം താങ്ങാനാവാതെയാണ് ഞാനീ ദേശത്തെത്തിയത്. ഉറ്റവർ പറഞ്ഞു ഇവിടം സ്വർഗമാനെന്ന്. ഞാനോ അത് വിശ്വസിക്കുകയും മയിലുകൾ താണ്ടി ഇവിടെയെത്തി. ഞാനൊരു ഒറ്റയാനാണെന്നോർക്കണം.

"ഒറ്റയാനെ ഒട്ടും വിശ്വസിക്കരുത്. അവനൊറ്റും, ശ്രദ്ധിക്കണമെന്നാ പുരാണം." ഞാനിടക്ക് കയറി.

"ശരിയായിരിക്കാം. പക്ഷെ താങ്കൾ പേടിക്കേണ്ട. ഞാൻ താങ്കളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ദിനമേറെയായി. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. ഞാൻ തേടിയിരുന്ന വ്യക്തിത്വം. താങ്കളെ ഞാൻ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ പുറകില നിന്നും വിളിച്ചത്." 

"ഞാനതിനു തന്റെ വർഗ്ഗമല്ലല്ലോ?" ഞാന്നിടക്കുകയറി. 

"ഇടക്കിടക്ക് തടസ്സം ഉന്നയിക്കാതെ ദയവുചെയ്ത് ഞാൻ പറയുന്നതൊന്ന് കേള്ക്കാമോ" അവൻ അക്ഷമനായി 

"ഓ..കെ... " ഞാൻ കാത്ത് കൂർപ്പിച്ചു.

"എവിടെയാ നിരത്തിയത്?" രാജവെമ്പാല ചോദിച്ചു.
ഒറ്റയാനെന്ന്. വല്ലാത്ത മറവിയാണല്ലോ?"

"ഞാനങ്ങനെയാ. തലയുള്ളിടത്ത് വാലെത്തുമ്പൊഴെക്കും  കഴിഞ്ഞതെല്ലാം മറന്നിരിക്കും. ങാ, അങ്ങനെ ഞാൻ ഇവിടെയെത്തി. ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടിയല്ല. എന്റെ ചാർച്ചക്കാർ ഇവിടെയുമുണ്ട്. അതുകൊണ്ടാവുമോ? ഒരു ജീവിതം വേണ്ടേ? കുടുംബം വേണ്ടേ? അതിനു വല്ല തൊഴിലും." 

"തൊഴിലോ? ഞാനെന്താ പാമ്പാട്ടിയോ? "
ദേഷ്യം സഹിക്കാനാവാതെ ഇടങ്കോലിടേണ്ടി വന്നു.

"തൊഴിലോക്കെ പിന്നീട്, തല്‍ക്കാലം നിങ്ങളുമായുള്ള സൗഹൃദം. എതിര് പറയരുത്. ഞാനും വരട്ടെയോ കൂടെ?"

മാരണമായല്ലോ. ഇതെന്ത് കഥ! ചിന്തിച്ച് തലപുണ്ണായി. മനുഷ്യനും ഇഴവര്‍ഗ്ഗവുമായി കൂട്ടുകൂടുകയോ? ഇവനെ കൂടക്കൂട്ടിയാലത്തെ സ്ഥിതി! കൊടും വിഷം പേറിനടക്കുന്നവന്‍, ഒടുവില്‍ നീലച്ച്, മരവിച്ചു... രോമകൂപങ്ങള്‍തോറും ചുവന്ന പുള്ളികളുമായി. പേര് വിരലില്‍നിന്നും ഒരു വിറയല്‍ മുകളിലേക്ക്. 

"എന്തേ ആലോചന? എന്നെ ഇഷ്ടമായില്ലേ? എന്റെ കണ്ണുകളിലേക്ക് നോക്കൂ." അവന്റെ സ്വരം ആര്‍ദ്രമായിരുന്നു.

നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് ദയനീയമായിരുന്നു ആ വാക്കുകള്‍. 

തിളങ്ങുന്ന കണ്ണുകളെങ്കിലും കറുപ്പാര്ന്ന കണ്‍തടംങ്ങള്‍. വിടര്‍ന്ന കണ്ണുകളില്‍ യാചനാഭാവം. നിഷ്കളങ്കമായ മുഖഭാവം. ചുണ്ടുകളില്‍ മന്ദസ്മിതം. അഴകാര്‍ന്ന ദേഹം. ഒത്തൊരുമിച്ചൊരു കൊച്ചു സുന്ദരന്‍.

മനസ്സ് കീഴടങ്ങുന്നുവോ? ഒരു മായാലോകത്ത് അകപ്പെട്ടപോലെ. ഒരു 'ഹിപ്നോട്ടൈസ്' വിദഗ്ദ്ധനെപ്പോലെ എന്റെ മനസ്സുവായിച്ചാവാം അവനെന്നിലേക്ക് ഇഴഞ്ഞടുത്തു. പാടങ്ങളില്‍ മുത്തമിട്ടു. ചുടുശ്വാസങ്ങള്‍ മുഖത്തേല്‍പ്പിച്ചു. 

"ആട്ടെ ഞാനോന്നചിക്കട്ടെ." സാവകാശം പറഞ്ഞു. 

"എന്താലോചിക്കാന്‍?" കണ്ണീരോടെ അവന്‍ തുടര്‍ന്നു: 

"ഞാനെന്നും അങ്ങയോട് നന്ദിയുള്ളവനായിരിക്കും." 
ചിന്താശക്തി നശിച്ചവനെപോലെ ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. 

"ആട്ടെ പോന്നോളൂ" 

അപ്പോഴേക്കും അവന്‍ എന്നില്‍ വല്ലാതെ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു.  

അങ്ങനെ രാജവേമ്പാലയുമായി ഞാന്‍ കൂട്ടുകൂടി. 'വിചിത്ര സൗഹൃദം'.   വരുന്നത് വഴിയില്‍ തങ്ങില്ലെന്ന പ്രമാണം. വരുന്നിടത്ത് വെച്ച് കാണാമെന്ന ചങ്കുറപ്പ്. എന്നെ പിന്തുടര്‍ന്ന്‍ അവനും വീട്ടിലെത്തി. ഞങ്ങള്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറി. ആത്മമിത്രങ്ങളായി. 

"സ്നേഹിതാ വിശക്കുന്നുവോ?" ആതിഥ്യമര്യാദയോടെ ഞാന്‍ ചോദിച്ചു. 

"താങ്കള്‍ക്ക് വിശക്കുന്നെങ്കില്...!" ബുധിപൂർവമായ മറുപടി. 

ഞങ്ങൾ അത്താഴവുംകഴിഞ്ഞ് കിടന്നു. ചുടുനിശ്വാസങ്ങൾ അപ്പോഴും. വർഷങ്ങൾ അക്കങ്ങളായി. ഞങ്ങളുടെ സൗഹൃദം ജനസഞ്ചയത്തിനൊരു അത്ഭുതമായിരുന്നു. വിട്ടുമാറാനാവാത്ത ഒരു ബന്ധനമായി അത് വളര്ന്നു. 
കാലങ്ങള പോഴിയുന്നതിനിടയിൽ സ്നേഹിതന്റെ സ്വഭാവങ്ങളിൽ വ്യതിചലനങ്ങൾ! വർഗ്ഗസ്വഭാവം മറനീങ്ങി പത്തിവിടർത്തി. ശീൽക്കാരം പുറപ്പെടുവിച്ചു. ഞാൻ ഭയന്ന് സംശയദൃക്കായി. ഞൊടിയിടയിൽ ഭാവമാറ്റം. സ്നേഹ സമീപനം. നെഞ്ചിലിഴഞ്ഞു. ഞാൻ ആശ്വസിച്ചു. മനുഷ്യ വർഗ്ഗം ഉപദേശിച്ചു:

"സൂക്ഷിച്ചോളൂ ഇതൊന്നും നിലനില്ക്കില്ല. പാമ്പുകളുമായുള്ള സൗഹൃദം നിര്‍ത്തുന്നതാണ് ഉചിതം. ഒരിക്കല്‍ ചാതിക്കപ്പെടാതിരിക്കില്ല." 

എല്ലാം പുച്ഛത്തോടെ തള്ളി. സ്നേഹം കണ്ണുകള്‍ 
ക്കു മുന്നില്‍ മറതീര്‍ത്തു. വിവേകത്തെ വികാരം കീഴടക്കരുതെന്നാണ്. പാലുകൊടുത്ത കൈക്ക് തന്നെ...! ഈ ചൊല്ലും ഓര്‍മ്മയിലെത്ത്തിയില്ല.

ഒടുവില്‍ വര്ഗ്ഗസ്വത്വം സടകുടഞ്ഞെഴുനേറ്റു. ഈ ഒരവസരത്തിനായി കാത്തിരുന്നപോലെ. പലപ്പോഴും കണ്ടിരുന്നതില്‍നിന്നും ബീഭത്സമായി പത്തിവിടര്‍ത്തിയാടുന്ന ദേഹം. കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കതയ്ക്ക് രൌദ്രഭാവം. ഇടതടവില്ലാതെ സീല്‍ക്കാര ശബ്ദങ്ങള്‍. ഇതെത്ര കണ്ടെതാണെന്ന ഭാവമായിരുന്നെനിക്ക്. പക്ഷെ ഇപ്പോള്‍...!...

എന്റെ ശരീരം നീലിക്കുന്നത് ഞാനറിയുന്നു. രോമകൂപങ്ങൾതോറും ചുവന്ന പൊട്ടുകൾ. മയക്കം ബാധിച്ച കണ്ണുകളിൽ സോന്മാദംനീങ്ങുന്ന സ്വർണ്ണവർണ്ണരൂപം. അകന്നകന്ന് അകലെ ഒരു വളപ്പൊട്ടുപൊലെ. വിഷം പൂർണ്ണമായും എന്നിലിറക്കാതെ കൂർത്ത വിഷപല്ലുകളുമായി  മറ്റെയരേയോ തിരഞ്ഞ് ക്രൂരമായൊരാനന്ദത്തൊടെ രാജവെമ്പാല...! മരണവും കാത്ത് ഞാൻ. ചുറ്റിലും ആർത്തട്ടഹസിക്കുന്ന മനുഷ്യർ. പ്രതിക്കൂട്ടിൽ ഞാൻ മാത്രം. അവനെ കുറ്റം പറയുന്നതെന്തിന്? അവൻ അവന്റെ ധര്മ്മം ചെയ്തു. സംഭാവിക്കേണ്ടതും അങ്ങനെ തന്നെ, അല്ലെ?

ഒരു അവസാനമില്ലാത്ത കഥ എഴുതിയതിനു പ്രിയ വായനക്കാരാ, നിങ്ങൾക്കെന്നെ പ്രതിക്കൂട്ടിൽ കയറ്റാം. തുറുങ്കിലടക്കാം. പക്ഷെ  വൈകിപ്പോയില്ലേ? ഇപ്പോൾ വേണ്ടത് ഒരു പെട്ടിയല്ലേ? ശവപ്പെട്ടി...!