31-10-17

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
പ്രജിത
🎉🎉🎉🎉🎉🎉🎉

ഇടിയും മഴയും കാരണം അൽപം വെെകി .ക്ഷമിക്കുമല്ലോ...
സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയംഇന്ന് അമ്പതാം എപ്പിസോഡിലേയ്ക്ക് കടക്കുകയാണല്ലോ.സാഹിത്യവും,സംഗീതവും,നൃത്തവും ഒത്തിണങ്ങിയ തിരുവാതിരക്കളിഎന്ന കലാരൂപമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇന്ന് എന്റെ കൂടെ നിങ്ങൾക്കേവർക്കും സുപരിചിതരായ അദ്ധ്യാപകസുഹൃത്തുക്കളും ഈ പംക്തിയുടെ അവതരണത്തിൽ പങ്കെടുക്കുന്നു. ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.....

തിരുവാതിരക്കളി ആമുഖം_ലത ടീച്ചർ(GBHSS തിരൂർ)

തിരുവാതിര എന്ന പേരിനു പിന്നിൽ... ലതടീച്ചർ(GBHSSതിരൂർ)

എെതിഹ്യത്തിലൂടെ... സുധടീച്ചർ( GHSS പാങ്ങ്)

ചടങ്ങുകൾ, എട്ടങ്ങാടി, ദശപുഷ്പമാഹാത്മ്യം, തിരുവാതിരക്കളിയും സ്ത്രീജനാരോഗ്യവും_ കല ടീച്ചർ(GBHSS തിരൂർ)

തിരുവാതിരക്കളി പ്രത്യേകതകൾ_ സീതാദേവി(GHSS മീനടത്തൂർ)

തിരുവാതിര പാട്ടുകൾ_ രജനിടീച്ചർ(PCNGHSS മൂക്കുതല)

സിനിമയിലെ ആതിരപ്പാട്ടുകൾ_ വാസുദേവൻമാഷ്(കൂട്ടായി ഹെെസ്ക്കൂൾ)


തിരുവാതിരക്കളി ഇന്നത്തെ അവസ്ഥ  രവീന്ദ്രൻ മാഷ്( GHSS പുലാമന്തോൾ)
തിരുവാതിരക്കളി ആമുഖം
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ്തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലുംകൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.

പെൺകുട്ടികളുടെ പ്രായപൂർത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെപൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെപുത്തൻ തിരുവാതിരയെന്നും പറയുന്നു
പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.,
തിരുവാതിരയുമായി ബന്ധമുള്ളതുകൊണ്ടാണ് തിരുവാതിരക്കളിക്ക് ആ പേരു വന്നത്. കൈകൊട്ടിക്കളി എന്നും പറയാറുണ്ട്. ധനുമാസത്തില്‍ ശുക്ലപക്ഷത്തില്‍ പൗര്‍ണമി ദിവസം തിരുവാതിരനാള്‍ അന്ന് കേരളീയര്‍, വിശേഷിച്ചും സ്ത്രീകള്‍ ഭക്തിയോടെ ആഘോഷിക്കുന്ന ഉത്സവമാണ്  ആതിര. തീവ്രതപസ്സിലായിരുന്ന പാര്‍വ്വതിക്കു മുന്നില്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വിവാഹവാഗ്ദാനം നല്‍കിയത് തിരുവാതിരനാളിലാണ്. അതിന്റെ ആഘോഷമേളങ്ങളിലൊന്നാണ് തിരുവാതിരക്കളി.


എെതിഹ്യത്തിലൂടെ... 
പാർവതി ശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുമാണ് വിശ്വസിക്കുന്നു.

ചടങ്ങുകൾ, എട്ടങ്ങാടി, ദശപുഷ്പമാഹാത്മ്യം, തിരുവാതിരക്കളിയും സ്ത്രീജനാരോഗ്യവും
പ്രിയ കൂട്ടരേ, കണ്ണ് പ്രശ്നമായതിനാൽ ആശയങ്ങൾ ഓഡിയോ ആക്കട്ടെ🙏🏼

തിരുവാതിരയും സ്ത്രീകളുടെ ആരോഗ്യവും

ദശപുഷ്പം - പാട്ട് രീതിയിൽ

തിരുവാതിരക്കളി പ്രത്യേകതകൾ
ലാസ്യമാണ് തിരുവാതിരക്കളിയുടെ പ്രധാനഭാവം. തിരുവാതിരക്കളിക്ക് പ്രത്യേകമായി തയ്യാറാക്കിയ അരങ്ങുണ്ടാവും. വീട്ടുമുറ്റത്താണെങ്കിലും ഈ പതിവു തെറ്റിക്കാറില്ല. വേഷത്തിനും പ്രത്യേകതയുണ്ട്. അണിയുന്ന ആഭരണങ്ങളും ഇന്നതായിരിക്കണമെന്നുണ്ട്. അരങ്ങായാലും വീട്ടുമുറ്റമായാലും നടുവില്‍ വലിയ നിലവിളക്ക് കൊളുത്തിവയ്ക്കും. തുണികൊണ്ടോ നൂലുകൊണ്ടോ വലിയ തിരിയുണ്ടാക്കി നല്ലെണ്ണ നനച്ചാണ് തിരി കത്തിക്കുന്നത്. ദീപത്തിനടുത്ത് നിറപറയും അഷ്ടമംഗല്യവും ഉണ്ടാവും. രണ്ടുപേര്‍ പാടിക്കളിക്കും. മറ്റുള്ളവര്‍ ഏറ്റുപാടും. സൂക്ഷ്മമായി പറഞ്ഞാല്‍ കളിക്കുന്നവരൊക്കെത്തന്നെ പാടുകയും ചെയ്യും. വാദ്യഘോഷങ്ങള്‍ നിര്‍ബന്ധമില്ല. ചിലയിടങ്ങളില്‍ കുഴിത്താളം ഉപയോഗിക്കുന്നു.

മുണ്ടും നേര്യതുമാണ് വേഷം. ആദ്യകാലങ്ങളില്‍ പുളിയിലക്കരയില്‍ കസവുചുറ്റിയുള്ള ഒന്നരമുണ്ടും  നേര്യതുമായിരുന്നു ധരിച്ചിരുന്നത്. ഇപ്പോള്‍ വേഷത്തില്‍ വൈവിധ്യമുണ്ട്. കസവുമുണ്ടിന് ഇണങ്ങുന്ന ബ്ലൗസ് ധരിക്കുന്നു. മുലക്കച്ചയായി നേര്യതുകെട്ടിയും കളിക്കാറുണ്ട്. തലമുടി പുറകില്‍ സാധാരണ രീതിയില്‍ കെട്ടി ദശപുഷ്പങ്ങള്‍, മുല്ലപ്പൂവ് എന്നിവ ചൂടുന്നു. കറുക, കൃഷ്ണക്രാന്തി, തിരുതാളി, പൂവാംകുരുന്നില, കയ്യൂന്നി(കൈതോന്നി), മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവി എന്നിവയാണു ദശപുഷ്പങ്ങള്‍. വട കൊണ്ട് മുടി മുഴുവന്‍ മുകളിലേക്കുയര്‍ത്തി ചരിച്ചുകെട്ടിയും വയ്ക്കാറുണ്ട്. കാതില്‍ തോടയും കഴുത്തില്‍ നാഗപടത്താലി, പാലയ്ക്കാമാല എന്നിവയിലേതെങ്കിലുമോ ധരിക്കും. പവന്‍മാല, ചുവന്ന കല്ലില്‍ ഗുരുവായൂരപ്പന്റെ രൂപം കൊത്തിയ ലോക്കറ്റുള്ള മണിമാല, ചുട്ടിയും പതക്കവും എന്നീ ആഭരണങ്ങളും അണിയും. ചുണ്ടുചുവപ്പിച്ചു വയ്ക്കും. വാലിട്ടു കണ്ണെഴുതും.

ഹിന്ദുസ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര നാളില്‍ അവതരിപ്പിക്കുന്ന നൃത്തമാണ് തിരുവാതിര. ദീര്‍ഘസുമംഗലിയായിരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. പുരാണ പ്രകാരം ശിവന്റെ കോപാഗ്നിക്കിരയായി ഭസ്മമായിപോയ കാമദേവനെ പുനരുജീവിപ്പിച്ചത് ഈ നൃത്തമാണെന്നും അതിനാല്‍ തിരുവാതിര സ്ത്രീശക്തിയുടെയും ദാമ്പത്യ വിശ്വസ്തതയുടെയും ആഘോഷമാണെന്നും കരുതപ്പെടുന്നു.


സൈ്ത്രണ സൗന്ദര്യത്തിന്റെയും ലാസ്യഭാവത്തിന്റെയും പൂര്‍ണതയാണ് നിലവിളക്കിനു ചുറ്റുമായി നിന്ന് സ്ത്രീകളുടെ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിയുടെ പ്രത്യേകത. വട്ടത്തില്‍ നിന്ന് കൈകൊട്ടി പാട്ടുപാടി താളാത്മകമായി ചുവടുകള്‍ വയ്ക്കുന്നു. ഇന്ന് കാലഭേദമന്യേ ഈ ജനപ്രിയനൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്. 

തിരുവാതിര പാട്ടുകൾ

💦ഇനി തിരുവാതിര പാട്ടുകളിലേയ്ക്ക്..💦



Vijanebhatha - Thiruvathirapattukal

സംസ്കൃതഭാഷാപണ്ഡിതനും ജ്യോതിശാസ്ത്രവിദ്വാനുമായിരുന്ന മച്ചാട്ട് ഇളയത് രചിച്ച പാട്ടുകളാണ് തിരുവാതിരക്കളിയില്‍ കൂടുതലും ആടിക്കളിക്കുന്നത്. ഗംഗയുണര്‍ത്തുപാട്ട്, കളംതുടിപ്പാട്ട്, സ്തുതികള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, താലോലംപാട്ട്, പൂമൂടല്‍പാട്ട്, തുമ്പിതുള്ളല്‍പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുമ്മിപ്പാട്ട് എന്നിങ്ങനെ തിരുവാതിരയുടെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനേകതരം തിരുവാതിരപ്പാട്ടു കളുണ്ട്. സീത, പാര്‍വതി, ശകുന്തള, രുഗ്മിണി, സത്യഭാമ, ശീലാവതി എന്നീ പുരാണ കഥാപാത്രങ്ങളുടെ ചരിതങ്ങളാണു പാട്ടിനുവിഷയം. കുഞ്ചന്‍നമ്പ്യാര്‍ മുതല്‍ വെണ്മണി നമ്പൂതിരിപ്പാടുവരെ തിരുവാതിരപ്പാട്ടുസാഹിത്യം രചിച്ചിട്ടുണ്ട്. രുഗ്മിണീസ്വയംവരം പത്തുവൃത്തം (കുഞ്ചന്‍നമ്പ്യാര്‍), നൈഷധം തിരുവാതിരപ്പാട്ട് (രാമപുരത്തുവാര്യര്‍) നളചരിതം തിരുവാതിരപ്പാട്ട് (ഇരട്ടക്കുളങ്ങര രാമവാര്യര്‍) എന്നിവ പ്രസിദ്ധങ്ങളാണ്. കോട്ടൂര്‍ നമ്പീശന്റെ സുഭദ്രാഹരണം, കുചേലവൃത്തം, അമ്പാടി കുഞ്ഞുകൃഷ്ണ പൊതുവാളിന്റെ പാത്രചരിതം, അരൂര്‍ മാധവനടിതിരിയുടെ സുഭദ്രാഹരണം, ഇരയിമ്മന്‍ തമ്പിയുടെ സുഭദ്രാഹരണം, പന്ത്രണ്ടുവൃത്തം, പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ അഷ്ടപദി, അ
രിപ്പാട്ടു കൊച്ചുഗോവിഞ്ഞുത്തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവയും പ്രസിദ്ധങ്ങളാന്ദവാര്യരുടെ ശാകുന്തളം, കൊടുങ്ങല്ലൂര്‍ എളയതമ്പുരാന്റെ അഹല്യാമോക്ഷം, ഇന്ദുമതീസ്വയംവരം, നളചരിതം എന്നീ പാട്ടുകള്‍, കുട്ടിക്കുയ തിരുവാതിരപ്പാട്ടുകളാണ്. വെണ്മണി നമ്പൂതിരിപ്പാടിന്റെ 'ഓമനക്കുട്ടന്‍ ഗോവിന്ദന്‍' എന്ന ഗാനവും ഈ ശാഖയിലെ  വലിയ ഗാനരചന തന്നെ.

സിനിമയിലെ ആതിരപ്പാട്ടുകൾ
സിനിമയും തിരുവാതിരയുടെ വളർച്ചയ്ക്കും ജനകീയതയക്കും സ്വീകാര്യതയക്കും സഹായിച്ചു'

പാർവണേന്ദുമുഖി... പാർവതി... 
ഗിരീശ്വരന്റെ ചിന്തയിൽ
മുഴുകി വലഞ്ഞൂ 
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം 
ശൈലപുത്രിയ്‌ക്കുള്ളിൽ
തെളിഞ്ഞു

സർപ്പനായകഭൂഷയേന്തും 
സാംബശിവനുടെ ചാരുഗളത്തിൽ

വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ 
വരണമാലികയുമമ്പൊടു ചാർത്തി

(പാർവണേന്ദു...)

കാമ്യദർശനദേവി പിന്നെ 
കാമഹരനുടെ പുണ്യശരീരം

പാതിയുമഴകിൽ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കി

(പാർവണേന്ദു...)


കെെതപ്പൂ മണമെന്തേ....


തിരുവാതിരക്കളി ഇന്നത്തെ അവസ്ഥ 
തിരുവാതിര ..... ഇന്ന് ...
കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ തിരുവാതിരക്ക്/ കൈകൊട്ടിക്കളിക്ക് അതിന്റെ ഗതകാല പ്രൗഢി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിൽ സന്ദേഹമില്ല. .. 
ഒരു ആഘോഷം അയൽപക്ക ബന്ധത്തെ എത്രത്തോളം സുദൃഢമാക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പഴയ കാലത്തെ തറവാട്ടുവീടുകളിൽ ഒത്തുചേർന്നുള്ള തിരുവാതിരക്കളികൾ ..... ആബാലവൃദ്ധം ജനങ്ങളും ഈ അവസരത്തിൽ ഒത്തുചേർന്നിരുന്നു' .. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം... പിന്നെ ചില ക്ലബ്ബ് വാർഷികങ്ങളിൽ ... കലാമേളകളിൽ ...'
ദൃശ്യമാധ്യമങ്ങളിൽ വമ്പൻ സ്ക്രീനിൽ HDവ്യക്തതയോടെ തിരുവാതിരക്കളി കാണാനവസരമുള്ളപ്പോൾ പിന്നെയെന്തിന് മറ്റൊരു ശ്രമം എന്ന മനോനിലയിലേക്ക് പുതിയ തലമുറ മാത്രമല്ല .. പഴയ തലമുറയും എത്തിച്ചേർന്നു എന്ന് വേണം കരുതാൻ .... എല്ലാ വിധ രംഗസജ്ജീകരണങ്ങളോടെ ടിവിയിൽ കാണുന്ന കണ്ണഞ്ചിപ്പിക്കുന്ന തിരുവാതിരയോട് ഒപ്പമെത്താൻ നമ്മുടെ ശ്രമങ്ങൾക്കാവുമോ എന്ന ചിന്തയും ഒരു കാരണമാവില്ലേ എന്നും സംശയിക്കുന്നു ' .മണിക്കൂറുകളോളം തിരുവാതിരപ്പാട്ടുകൾ കാണാതെ പഠിച്ച് ചൊല്ലിക്കളിക്കുന്ന മുത്തശ്ശിമാർ അന്യം നിന്നു പോയിത്തുടങ്ങിയിരിക്കുന്നു '..
ഒരു പക്ഷേ സ്കൂൾ കലോത്സവങ്ങളാണ് ഈ കലാരൂപത്തെ നിലനിർത്തിപ്പോരുന്നതെന്ന് പറയാതെ വയ്യ .അതീവ സംഗീത വും പക്കവാദ്യമേളക്കൊഴുപ്പും കൊണ്ട് തിരുവാതിര വേറൊന്നായിക്കഴിഞ്ഞു... കൈ കൊട്ടൽ ആംഗ്യത്തിന് വഴിമാറി ... ലാസ്യം നടത്തത്തിൽ മാത്രമായി ....' പുതിയ രൂപത്തിലായാലും10 മിനിട്ട് മത്സരമെങ്കിലും കലോത്സവം തിരുവാതിരയെ നിലനിൽ നിർത്തുന്നുവല്ലോ എന്ന് ആശ്വസിക്കാം ....


ഓണം .. വിഷു പോലെയാണ് തിരുവാതിര എന്ന് പറയുമ്പോഴും ഫലത്തിൽ അങ്ങനെയല്ലെന്ന് പറയേണ്ടി വരും .... എന്തിന് .. സ്കൂൾ .. ഓഫീസ് അവധിപോലും ഈ ആഘോഷത്തിന് ലഭിക്കുന്നില്ല ... കലണ്ടറിൽ ഓണവും വിഷുവും ശിവരാത്രിയുമൊക്കെ ചുവന്ന അക്കത്തിൽ തിളങ്ങുമ്പോൾ തിരുവാതിര കറുപ്പിൽ മുങ്ങുന്നു.

സൂര്യനുദിക്കും മുമ്പ് മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ മുങ്ങിത്തുടിക്കുന്ന അംഗനമാരെവിടെ ....?മുങ്ങിക്കുളിക്കാനും കൈകൊട്ടി... ആടിത്തിമർക്കാനും കുളങ്ങളെവിടെ ...? അയൽപക്കങ്ങളെ സ്വീകരിച്ചാനയിക്കുന്ന തറവാട്ടു
വീടുകളെവിടെ ... ?പ്രായം മറന്നും തിരുവാതിരപ്പാട്ടുകൾ പാടുന്ന മുത്തശ്ശിമാരെവിടെ...? എല്ലാം വിസ്മൃതിയിലേക്ക് .... തത്ക്കാലം കൂവ വിര കിയതും .. പുഴുക്കും കഴിച്ച് HD സ്ക്രീനിന് മുന്നിൽ തിരുവാതിര ക്കൊരുങ്ങാം ... ആൻഡ്രോയ്ഡ് യുഗത്തിൽ ഇടക്കൊന്ന് ടിവി സ്ക്രീനിലേക്ക് എത്തി നോക്കാം ..... മനോഹാരിതയുടെ ഉത്സവമായ തിരുവാതിരയുടെ .....ആ ഗതകാല പ്രൗഢി എന്നെങ്കിലും തിരിച്ചു വരും  എന്ന് ആശിക്കാം ......🙏🙏🙏

നൂറാം വയസ്സിലും തിരുവാതിര


സ്വാതി തിരുനാളിനുശേഷം ഏറെക്കാലം മോഹിനിയാട്ടം പോലുള്ള ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്ത്രീകള്‍ രംഗത്തവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും കേരളത്തിലെ വനിതകളുടെ തനതു സംഘനൃത്തമായിരുന്ന കൈകൊട്ടിക്കളി പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു.സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യം പ്രധാനംചെയ്യുന്ന കലാരൂപം എന്ന വിശ്വാസത്തിന്റെ പിന്‍ബലംകൂടി കൈകൊട്ടിക്കളിക്കുണ്ടായിരുന്നു.സ്ത്രീകള്‍ ചെറുസംഘങ്ങളായിതിരിഞ്ഞാണ് ഇതഭ്യസിച്ചിരുന്നത്. തിരുവാതിരക്കളി,കുമ്മികളി എന്നീ പേരുകളിലറിയപ്പെട്ടിരുന്നതും ചെറിയ ദേശാന്തര വ്യത്യാസങ്ങളോടുകൂടിയ കൈകൊട്ടിക്കളിതന്നെയാണ്.പുരാതനകാലത്ത് തിരുവാതിരനാളില്‍തുടങ്ങി അടുത്തമാസം തിരുവാതിരവരെ 28 ദിവസം നീളുന്നതായിരുന്നു തിരുവാതിരക്കളി.ആദ്യതിരുവാതിരയ്ക്കുമുന്‍പുള്ള മകംനാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്നപഥ്യഭക്ഷണത്തോടെയാണ് തിരുവാതിരയുടെ തുടക്കം.ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. എന്നാല്‍ ചിലയിടങ്ങളില്‍ ധനുമാസത്തിലെ തിരുവോണംനാളില്‍ തുടങ്ങി തിരുവാതിര നാളില്‍ അവസാനിക്കുന്ന 11ദിവസം നീളുന്ന ഒരുകലാരൂപമായും ഇതവതരിപ്പിച്ചിരുന്നു.

തിരുവാതിരക്കളിക്കാരുടെ സംഘത്തിന് ഒരു നായിക ഉണ്ടായിരിക്കും അവള്‍ ചൊല്ലുന്ന വരികള്‍ മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയാണ് പതിവ്‍.ലാസ്യരസപ്രധാനമായിരിക്കും വരികള്‍. തിരുവാതിരക്കളിപ്പാട്ടുകള്‍ക്ക് വന്ദനശ്ലോകം,കുമ്മി,മംഗളം എന്നീ മൂന്നു ഭാഗങ്ങള്‍ നിര്‍ബന്ധമാണ്.. കളിക്കാര്‍, ഒന്നരയും കസവുകരയുളള കോടിക്കളര്‍ വേഷ്ടിയും മുണ്ടും ധരിച്ച് കത്തിച്ചുവെച്ച നിലവിളക്കിനും നിറപറയ്ക്കും ചുറ്റുമായി വട്ടത്തില്‍ നിന്ന് പരസ്പരം താളത്തില്‍ കയ്യടിച്ചുകളിക്കുന്നു.വാലിട്ടു കണ്ണെഴുതി ,കുങ്കുമവും ,ചന്ദനക്കുറിയുംതൊട്ട് മുടികെട്ടിവെച്ച് മുല്ലപ്പൂവും ദശപുഷ്പവും( കൃഷ്ണക്രാന്തി,ചെറൂള, മുയല്‍ചെവിയന്‍,ഉഴിഞ്ഞ,മുക്കുറ്റി, തിരുതാളി,കറുക,കയ്യുണ്ണി,നിലപ്പന,പൂവാംകുറുന്നില എന്നീ 10 ഔഷധഗുണമുള്ള കേരളീയനാട്ടുചെടിയുടെ ഇലകള്‍)ചൂടി ആഭരണങ്ങളണിഞ്ഞ് കന്യകമാരെന്നോ,സുമംഗലികളായ മധ്യയവയസ്ക്കരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ കൈകൊട്ടിക്കളിയില്‍ഒത്തുചേര്‍ന്നു. സാധാരണയായി വാര്യങ്ങളും ഇല്ലങ്ങളുമായിരുന്നൂ തിരുവാതിരക്കളിയുടെ അരങ്ങുകള്‍.അതുകൊണ്ടുതന്നെ ഈ കലാരൂപം വലിയൊരു കാലയളവുവരെ ഉന്നതകുലജാതരായ സ്ത്രീകള്‍ക്കിടയിലൊതുങ്ങിനിന്നു.പൊതുവേദികളിലവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് ജാതീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുപലകലാരൂപങ്ങളെയുമെന്നപോലെ കൈകൊട്ടിക്കളിയും ജനകീയമായത്‍.ലളിതതമായ ചുവടുകളാണ് തിരുവാതിരക്കളിയുടെ പ്രത്യേകത അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങളില്ലാതെത്തന്നെ പെട്ടന്നുകടന്നുവരുന്നഒരാള്‍ക്കും ഇതില്‍ പങ്കുചേരാം.ഓണം , തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി അവതരിക്കപ്പെട്ടിരുന്നത്. കൂടാതെ നമ്പൂതിരി ഇല്ലങ്ങളില്‍ കല്ല്യാണങ്ങളിലും ഇതവതരിപ്പിച്ചിരുന്നു.പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാര്‍ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടൊ ആണ്‍കുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികള്‍ കളിയില്‍ പങ്കെടുക്കുകയില്ലെങ്കിലും അവര്‍ പിന്നീട് കളിയാശാന്മാരായിത്തീരും. ഹാര്‍മോണിയം ഉപയോഗിച്ച് ശ്രുതിയിട്ടു പാടിയിരുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടിവെച്ചുകളി എന്നും ഇതറിയപ്പെട്ടിരുന്നു.
തിരുവാതിരകളിയുടെ ശാസ്ത്രീയമായ ഒരു വിശകലനം  ആയാലോ?
ആരോഗ്യമുള്ള ഒരു തലമുറയേ വാർത്തെടുക്കുന്നതിനായി ബുദ്ധിമാന്മാരായ പൂർവ്വീകർ അമ്മാമാർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു ശാരീരികാരോഗ്യപദ്ധതിയാണ് തിരുവാതിര. ഒരു വ്യായാമക്രമം എന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനത്തിന്റെ മടുപ്പ് ഒഴിവാക്കുവാനും ആസ്വദിച്ച് ചെയ്യുവാനും വേണ്ടിയാണ് മതസംകൽ‌പ്പങ്ങളുമായി ഇതിനെ സംയോജിപ്പിച്ച് സൌന്ദര്യവൽക്കരിച്ചത് .പരമശിവന്റെ തിരുനാളായ തിരുവാതിരയിൽ അവസാനിയ്ക്കുന്ന ഒരു വൃതമായി ഇതിനെ രൂപപ്പെടുത്തുകയും പാർവ്വതീപരമേശ്വരന്മാർക്ക് പ്രീയംകരമായ ഈ വൃതം അനുഷ്ഠിയ്ക്കുന്ന യുവതികൾക്ക് നല്ല ഭർത്താവിനേയും ദീർഘദാമ്പത്യത്തേയും ലഭിയ്ക്കുമെന്ന ഫലസിദ്ധി പ്രവചിയ്ക്കുകയും ചെയ്തതോടെ ഈ വൃതം മലയാളമങ്കമാരുടെ പ്രീയംകരമായ ആചാരമായി മാറി .എന്നാൽ പിൽക്കാലത്ത് ഈ ആചാരവും നഷ്ടപ്രായമായി .ഇന്ന് ആധുനീക കേരളീയ സമൂഹം നേരിടുന്ന രോഗാതുരമായ അവസ്ഥയ്ക്ക് ഒരളവ് വരെ പരിഹാരം കാണാൻ ഈ വൃതത്തിന് സാധിയ്ക്കുമെന്നതിന് സംശയമില്ല.
പുതിയതലമുറയുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം രോഗപ്രതിരോധ ശേഷിയുടെ കുറവാണ് .പല ശിശുക്കളും ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരുന്നത് തന്നെ നിരവധി മാരകരോഗങ്ങളുമായാണ് . രോഗമില്ലാതെ ജനിയ്ക്കുന്ന കുഞ്ഞുങ്ങളാവട്ടെ അവരുടെ ജീവിതകാലഘട്ടത്തിൽ വിവിധരോഗങ്ങൾക്ക് എളുപ്പം വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു. ഭ്രൂണാവസ്ഥമുതലുള്ള രോഗപ്രതിരോധശേഷിക്കുറവാണിതിന് കാരണം. അമ്മയുടെ ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവും ശാരീരിക ക്ഷമതക്കുറവും ഇതിനൊരു കാരണമാണ് .കൌമാരകാലം മുതൽ തന്നെ പെൺകുട്ടികൾ സ്വന്തം ശരീരത്തിന്റെ പ്രത്യേകിച്ച് ഗർഭധാരണകേന്ദ്രമായ ഉദരഭാഗത്തിന്റെ പേശികൾക്ക് ബലം നൽകുന്നതായ വ്യായാമങ്ങൾ അനുഷ്ഠിയ്ക്കേണ്ടതാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോൾ അരക്കെട്ടിന് ബലം നൽകുന്ന തിരുവാതിരക്കളി എന്ന കലാരൂപം ആവിഷ്കരിച്ച് മതവിശ്വാസവുമായി കോർത്തിണക്കി പെൺകുട്ടികളുടെ ജീവിതത്തിൽ ചേർത്തുവച്ച പൂർവ്വീകരുടെ ബുദ്ധിയും മഹത്വവും നാം മനസ്സിലാക്കേണ്ടതാണ്.
തിരുവാതിര എന്ന നൃത്തരൂപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് അരക്കെട്ടിന്റെ ചലനങ്ങൾക്ക് മുന് തൂക്കം നൽകുന്ന ഒരു നടനമാണ് എന്നതത്രേ. കാലുകളകത്തിവച്ച് അതിദ്രുതതാളത്തിലല്ലാതെ ഒരുയോഗാസനത്തിന്റെ സൌമ്യവേഗതയിലാണ് തിരുവാതിര കളിയ്ക്കുന്നത് .അമിതമായ ആയാസം ഗർഭാശയഭിത്തികൾക്കുണ്ടാവാതിരിയ്ക്കാനാണ് ഈ നൃത്തം ഇങ്ങനെ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത് .ഒരു പ്രത്യേകതാളത്തിൽ ഇരിയ്ക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് തിരുവാതിരക്കളിയുടെ മാത്രം ഒരു പ്രത്യേകതയാണ്. ഉദരപേശികളുടെ ബലക്കുറവ് നിമിത്തം ഗർഭപാത്രം മുന്നോട്ട് തള്ളിവരുന്ന അവസ്ഥ ഒട്ടും ഉണ്ടാവാത്തത് നർത്തകികളിലാണ് എന്നത് ഒരു വാസ്തവവുമാണ് . അധുനിക സ്ത്രീ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ലക്ഷക്കണക്കായ മരുന്ന് കമ്പനിക്കാരുടെ ചാകരയുമായ സിസേറിയൻ എന്ന് ദുരന്തത്തെ തിരുവാതിര എങ്ങിനെ പ്രതിരോധിയ്ക്കുന്നു എന്നത് ഇനി വിവരിയ്ക്കാം.

ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിക്കുക. തുടര്‍ന്ന് വിദ്യാദേവതയായ സരസ്വതിയെ വന്ദിക്കുന്ന ശ്ലോകം പാടി കളിക്കുന്നു. ശിവസ്തുതി, ശ്രീകൃഷ്ണസ്തുതി, ശ്രീരാമസ്തുതി എന്നിവയാണ് തുടര്‍ന്ന്. പ്രധാനപ്പെട്ട കഥകളിപ്പദങ്ങള്‍ പിന്നീടു പാടിക്കളിക്കും. നളചരിതം, ബാണയുദ്ധം എന്നിവയിലെ പദങ്ങളാവും കളിക്കുക. ശാകുന്തളം കഥയെ ആസ്പദമാക്കി വിദ്വാന്‍ മച്ചാട്ട് ഇളയത് രചിച്ച പദങ്ങള്‍, സ്വന്തമായി രചിച്ചവയുണ്ടെങ്കില്‍ അത് എന്നിവ പാടിയാണു പിന്നീടു കളിക്കുന്നത്. വഞ്ചിപ്പാട്ട്, കുമ്മി എന്നിവയിലൂടെ കടന്ന് വിഘ്നങ്ങളൊന്നുമില്ലാതെ കല അവതരിപ്പിക്കാന്‍ സഹായിച്ച ഭഗവാനെ വണങ്ങി മംഗളം പാടി കളി അവസാനിപ്പിക്കും.