31-01


ജോർജ്ജ് സോണ്ടേഴ്സ് 

അമേരിക്കൻ എഴുത്തുകാരൻ, നോവലുകൾ, ചെറുകഥകൾ ,ലേഖനങ്ങൾതുടങ്ങി വ്യത്യസ്ത രചനകൾ. 2017 ലെ മാൻ ബുക്കർ സമ്മാനം നേടിയ എബ്രഹാം ലിങ്കണ നെക്കുറിച്ചുള്ള പുസ്തകമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.


ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’: ആഖ്യാനത്തിന്‍റെ സൗന്ദര്യശാസ്ത്രം മാറ്റിയെഴുതിയ നോവൽ

ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാന്‍ സോണ്ടേഴ്സ് കാട്ടിയ ധൈര്യമാണ് ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിനെ വ്യത്യസ്തമാ ക്കുന്നത്. വരും ദശകങ്ങളിലായിരിക്കും ഈ പുസ്തകം ചർച്ച ചെയ്യപ്പെടുകയെന്നും അധ്യാ പകനും നിരൂപകനും വിവർത്തകനുമായ ലേഖകൻ
2017 മാന്‍ ബുക്കര്‍ സമ്മാനം ജോര്‍ജ് സോണ്ടേഴ്സിന്രെ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ (‘Lincoln in the Bardo’, Bloomsbury, 2017) കരസ്ഥമാക്കിയത് അധികമാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. ബ്രിട്ടീഷ്‌ സാഹിത്യവും കോമണ്‍വെല്‍ത്ത് എന്നറിയപ്പെടുന്ന പഴയ ബ്രിട്ടീഷ്‌ കോളനികളിലെ ആംഗലേയ സാഹിത്യവും മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ സമ്മാനപ്പട്ടികയില്‍ മറ്റൊരു അമേരിക്കന്‍ എഴുത്തുകാരന്‍ കൂടി ഇടം നേടിയിരിക്കുന്നു. വെറും നാല് വര്‍ഷമേ ആയിട്ടുള്ളൂ അമേരിക്കന്‍ എഴുത്തുകാരെ മാന്‍ ബുക്കറിന് പരിഗണിക്കാന്‍ തുടങ്ങിയിട്ട്. അത്തരം ഒരു തീരുമാനത്തെ എതിര്‍ത്ത ബ്രിട്ടീഷ്‌ എഴുത്തുകാരുടെയും വായനക്കാരുടെയും ആശങ്ക ശരിവെച്ച് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അമേരിക്ക ഈ പുരസ്ക്കാരത്തില്‍ ആധിപത്യം ഉറപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിയുടെ ആയിരുന്നു ബുക്കര്‍ നേടിയത്. വമ്പന്‍ അമേരിക്കന്‍ പ്രസാധകര്‍ ബുക്കര്‍ കയ്യേറുമോ എന്ന ബ്രിട്ടീഷ്‌ ആശങ്കയില്‍ കഴമ്പില്ലാതില്ല. പക്ഷെ ഈ രണ്ടു പുസ്തകങ്ങളും ബുക്കര്‍ അല്ലെങ്കില്‍ മറ്റു പല പുരസ്ക്കാരങ്ങളും അര്‍ഹിക്കുന്നവ തന്നെയാണ്.

ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ വരും ദശകങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു പുസ്തകമാണ്. നോവല്‍ ആഖ്യാനത്തിന്‍റെ സൗന്ദര്യശാസ്ത്രം മാറ്റിയെഴുതപ്പെടുന്നു ഇതില്‍. 166 ആഖ്യാതാക്കളിലൂടെ ഒരു കഥാലോകം നിര്‍മ്മിക്കുന്നു സോണ്ടേഴ്സ്. 1862 ല്‍ നടന്ന ഒരു സംഭവമാണ് ഇതില്‍ കഥാവസ്തുവാക്കിയിരിക്കുന്നത്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ തന്‍റെ പതിനൊന്നുവയസ്സുകാരനായ മകന്‍ വില്ലിയുടെ മരണത്തിനും സംസ്ക്കാരത്തിനും ശേഷം രാത്രിയില്‍ സെമിത്തേരിയില്‍ പോയിരുന്നു എന്നതും അവന്‍റെ ശവപ്പെട്ടി കല്ലറ തുറന്ന് പുറത്തെടുത്തിരുന്നു എന്നതുമാണ്‌ ഈ നോവലിന്‍റെ കേന്ദ്രബിന്ദു. ലിങ്കണ്‍ വില്ലിയുടെ ശവശരീരവുമായി സംവദിച്ചതിനെ ഒരു ആധുനിക പിയേത്ത-മുഹൂര്‍ത്തമായാണ് സോണ്ടേഴ്സ് കാണുന്നത്. നോവലിൽ അമേരിക്കന്‍ സിവില്‍ വാറിന്രെ പശ്ചാത്തലം ഒരു പ്രധാന വിഷയമാണ്. പക്ഷെ ഇതിലെല്ലാമുപരി ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാന്‍ സോണ്ടേഴ്സ് കാട്ടിയ ധൈര്യമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

രോഗബാധ ഇളയ രണ്ടു മക്കൾക്കും ഒരുമിച്ചായിരുന്നു. ടാഡിന്റെ രോഗം സുഖപ്പെട്ടെങ്കിലും വില്ലിയുടെ അവസ്ഥ ദയനീയം. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ നിരനിരയായി അടുക്കിവച്ചിരുന്ന പുസ്തകങ്ങൾ തട്ടിമറിച്ചിട്ടുകളിക്കുന്ന വില്ലിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ പോലും തട്ടിമറിച്ചിട്ടാലും ലിങ്കൺ എന്ന അച്ഛൻ കുട്ടികളെ വിലക്കിയിരുന്നില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന് അവരെ. ഒരിക്കലും അടങ്ങിയിരിക്കാത്ത കുസൃതിയിൽ മുമ്പനായ ബാലൻ. വില്ലിയുടെ അസുഖം മൂർഛിച്ചു. മറ്റെല്ലാ ജോലികളും മാറ്റിവച്ച് ലിങ്കണും ഭാര്യയും മകനൊപ്പം കൂട്ടിരുന്നു ആശുപത്രിയിൽ സദാസമയവും. പക്ഷേ കണ്ണിമ ചിമ്മാതെ കാവലിരുന്നിട്ടും അന്നു രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ച ചികിൽസ കൊടുത്തിട്ടും വില്ലിയെ രക്ഷിക്കാനായില്ല. 1862 ഫെബ്രുവരി 20 ന് വെളുപ്പിന് അഞ്ചുമണിക്ക് അമേരിക്കയെ ദുഃഖത്തിലാഴ്ത്തി വില്ലി അന്ത്യശ്വാസം വലിച്ചു.

എന്റെ പാവം കുട്ടി. അവൻ ഈ ഭൂമിക്കു വളരെ വേണ്ടപ്പെട്ടവനായിരുന്നു. എന്നിട്ടും ദൈവം തിരിച്ചുവിളിച്ചിരിക്കുന്നു. എത്ര നന്നായി ഞങ്ങൾ അവനെ സ്നേഹിച്ചു. സ്വർഗത്തിൽ അവൻ സന്തുഷ്ടനായിരിക്കും എന്നെനിക്കറിയാം. എങ്കിലും അവന്റെ വേർപാട് കഠിനമാണ്. വളരെ വളരെ കഠിനം: വില്ലിയെ ഓർത്ത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കരുത്തനായ പ്രസിഡന്റ് വിങ്ങിക്കരഞ്ഞു. ലോകത്തിലെ ഏറ്റവും നിരായുധനായ മനുഷ്യനായിരുന്നു അപ്പോൾ ലിങ്കൺ. ഏറ്റവും നിസ്സഹായൻ. ആർക്കും ദയ തോന്നുന്ന ദുഃഖിതനായ മനുഷ്യൻ.
മരണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ലിങ്കൺ ദുഃഖത്തിൽനിന്നു മോചിതനായില്ല. പലപ്പോഴും മുറിയടച്ചിരുന്ന് അദ്ദേഹം തേങ്ങിക്കരഞ്ഞു. വൈറ്റ് ഹൗസിലുള്ളവർ തകർന്ന ഹൃദയവുമായി ആ കരച്ചിൽ കേട്ടു. വില്ലിയുടെ അമ്മ മേരി ലിങ്കണും ആകെ തകർന്നുപോയി. ഒരുപക്ഷേ ലിങ്കണേക്കാളധികം. അവരെ ആർക്കും അശ്വസിപ്പിക്കാനായില്ല. മൂന്നാഴ്ചയോളം അവർ കിടക്കയിൽത്തന്നെ ചെലവിട്ടു. മകന്റെ സംസ്കാരത്തിലും മേരി പങ്കെടുത്തില്ല. എഴുന്നേറ്റുനിൽക്കാൻപോലും കരുത്തില്ലായിരുന്നു അന്നു മേരിക്ക്. ദിവസങ്ങൾ കഴിഞ്ഞിട്ടും മേരി എഴുന്നേൽക്കാതായപ്പോൾ ലിങ്കൺ ഒരു നഴ്സിനെ ഭാര്യയെ ശുശ്രൂഷിക്കാൻ നിയോഗിച്ചു.

ജോർജ് ടൗണിൽ ഓക് ഹിൽ സെമിത്തേരിയിൽ വില്ലിയുടെ സംസ്കാരം. ലിങ്കന്റെ മരണശേഷം അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയ അതേ സെമിത്തേരിയിലേക്ക് വില്ലിയേയും കൊണ്ടുവന്നു. ഇല്ലിനോയി സ്പ്രിങ് ഫീൽഡിലെ ഓക്റിഡ്ജ് സെമിത്തേരിയിൽ. അവിടെ പിതാവിനും സഹോദരൻ എഡ്ഡിക്കുമടുത്ത് വില്ലിയും ഉറങ്ങുന്നു. പിന്നീട് മേരിയും ടാഡും അവരുടെകൂടെച്ചേർന്നു – ലിങ്കൺ ശവകുടീരത്തിൽ.

ഓരോ അമേരിക്കക്കാരനും എന്നെങ്കിലും കേട്ടിട്ടുണ്ടാകും വില്ലിയുടെ അകാലമരണത്തിന്റെ കഥയും പ്രസിഡന്റ് ലിങ്കൺ അനുഭവിച്ച അഗാധമായ വേദനയും. ജോർജ് സാൻഡേഴ്സും കേട്ടിട്ടുണ്ട് ആ കഥ. മനസ്സിനെ മഥിച്ച ആ കഥ പതിവുപോലെ ഒരു കഥയായി എഴുതാൻ സാൻഡേഴ്സിനു കഴിഞ്ഞില്ല. അതിന്റെ പേരിൽ ലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. കാരണം പോൾ ബീറ്റിക്കു ശേഷം വീണ്ടുമൊരു അമേരിക്കക്കാരൻ ബുക്കർ പുരസ്കാരത്തിനർഹനായിരിക്കുന്നു. കാലത്തിനു മായ്ക്കാനാവാത്ത ലിങ്കന്റെ വേദനയിലൂടെ.

ബാർഡോ’ ഒരു പ്രത്യേക സമയകാലത്തെ കുറിക്കുന്നു. മരണത്തിനും പുനർജൻമത്തിനുമിടയിലുള്ള കാലം. വില്ലി ആ കാലത്തിലൂടെ കടന്നുപോകുമ്പോൾ, മനസ്സുകൊണ്ട് ലിങ്കൺ മകനെ പിന്തുടരുമ്പോൾ, ഉദാത്തമായ വായനാനുഭവം പ്രദാനം ചെയ്ത് ലിങ്കൺ ഇൻ ദ് ബാർഡോ തുടങ്ങുകയായി.