30-10-17a1

📚📚📚📚📚📚📚📚📚📚📚

പുസ്തക പരിചയം

ആൺമഴയോർമകൾ
ഒരു കൂട്ടം ആൺമനസ്സുകൾ മഴ നനയുന്ന  ഓർമപ്പുസ്തകം
☂☂☂☂☂☂☂☂☂☂☂ 

എഡിറ്റർ: ടി.കെ. ഹാരിസ്
പ്രസാ : ഒലിവ് പബ്ലിക്കേഷൻസ്,  കോഴിക്കോട്. 
വില : 275/-

ടി. കെ. ഹാരിസ്.

വയനാട് മാനന്തവാടിയിൽ ജനനം. ഒന്നു വീതം രണ്ടു നേരം, തീപ്പെട്ടിക്കവിതകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.  ആൺമഴയോർമകൾ (എഡിറ്റർ). 
വിലാസം :
ടി. കെ. ഏജൻസീസ്, തലശ്ശേരി റോഡ്, മാനന്തവാടി. 

☂☂☂☂☂☂☂☂☂☂☂

ആൺമഴയോർമകൾ

മഴയെക്കുറിച്ച് പറയാനും എഴുതാനും നമുക്ക്  ഇഷ്ടമാണ്. ഒരിക്കലും തോരാത്ത വേദനയായി പെയ്യുന്ന പ്രണയമോ ഓർമ്മകളോ നമ്മുടെ മനസ്സുകളിൽ  ഉണ്ടാവാം.

സി. രാധാകൃഷ്ണൻ മുതൽ വി. സി. ഇക്ബാൽ വരെയുള്ള ഏതാണ്ട്  എഴുപത്തിയൊന്നോളം ആൺ മഴയോർമകൾ ഈ പുസ്തകത്തിലുണ്ട്. 

സി. രാധാകൃഷ്ണന്, നിറഞ്ഞപുഴയും കടത്തുതോണിയും ഓലക്കുടയും ശീലക്കുടയും പുത്തരി നിറയുമാണ് ഓർമ്മയെങ്കിൽ.....

ഹാരിസ് നെന്മേനിയുടെ മഴയോർമ, രാത്രിയിൽ ഭക്ഷണം ചോദിച്ചു കയറി വന്ന അപരിചിതനായ ആദിവാസിയാണ്. മഴയിൽ കുതിർന്നിരുന്നു കഴിച്ചതിന്റെ ബാക്കി ചോറ് കവറിലാക്കി ഷർട്ടിനകത്തിട്ട് ആശുപത്രിയിലായ കുഞ്ഞിനു കൊടുക്കാൻ  മഴയത്തിറങ്ങുന്ന അയാളാണ് മഴയോർമ.

കാശ്മീരിലെ സൈനിക സേവനത്തിനിടയിൽ ഭീകരന്റെ വെടിയേറ്റ് തന്റെ മേലേക്ക് മറിഞ്ഞുവീണ രന്താവാ സാഹിബിന്റെ ശരീരത്തിൽ നിന്നും തെറിച്ചു തന്റെ കയ്യിലേക്ക് വീണ മാംസക്കഷണവും ചോരയും മഴയിൽ കുതിർന്നു വീഴുന്നതാണ് രാജീവ്. ജീ.  ഇടവയുടെ മഴയോർമ്മ.

യു. കെ. കുമാരന് അമ്മ പറയുന്ന കഥകളാണ് മഴയോർമ്മ... ചെവിയിൽ പതുക്കെ അമരുന്ന  ചുണ്ടുകളിലൂടെ, പുറത്തെ കൊച്ചു കൊച്ചു മഴയാരവങ്ങൾക്ക് മേലെയായി ആ കഥകൾ  പാറിപെയ്യുന്നു.

മനോഹരമായ സിനിമകൾ തന്ന സംവിധായകൻ കമലിന് മഴ,  ഇല്ലിക്കൂട്ടിലെ കളിക്കിടയിൽ കാലിലുമ്മ വെച്ച് വിഷം തീണ്ടിയ ഓർമ്മയാണ്. വിഷഹാരിയുടെ അടുത്തേക്ക് പണിക്കാർ എടുത്തുകൊണ്ടോടുമ്പോൾ തളർന്നടഞ്ഞ കൺപീലികളിലേക്ക് അരുമയായ് വീണ തേൻതുളളികളാണ്. 

1947 ലെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വെളുത്ത കുതിരപ്പുറത്ത്  ഖദർ തൊപ്പിയും കുപ്പായവുമിട്ട്  കൊയിലാണ്ടി ബജാറിലൂടെ ഉച്ചത്തിൽ ഭാരത് മാതാ കി ജയ്  വിളിച്ചുപോയ ചേരിക്കുന്നുമ്മൽ ചാത്തുക്കുട്ടിയും അപ്പോൾ  സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ പെയ്ത മഴയുമായിരുന്നു. അതാണ്  യു. എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമ മുറ്റിയ മഴയോർമ.

മഴയെക്കുറിച്ചെഴുതിയ കവിത വായിച്ച് സഖിയായവളോടൊത്തുള്ള  ജീവിതോർമകൾ വി. ആർ. സുധീഷ്  പറയുന്നു.  

പെരുമഴയത്ത് പാടവരമ്പിലൂടെ കുട ചൂടി നടക്കുന്നതും, വരമ്പിലിരിക്കുന്ന തവളകളെ വയലിലേക്ക്  പ്ലം എന്നു ചാടിക്കുന്നതും.... അങ്ങനെ നടക്കുമ്പോൾ മനസ്സിലുണരുന്ന സംഗീതം മഴയുടെ സംഗീതവുമായി ചേർന്ന്  അദൃശ്യ തരംഗങ്ങളായി അന്തരീക്ഷത്തിൽ ലയിച്ചുമായുന്നതാണ് റഹ്മാൻ കിടങ്ങയത്തിന്റെ മഴയോർമ. 

മഴയുടെ പേരിലുള്ള ക്ലീഷേകൾ തകരേണ്ടതുണ്ടെന്ന് ആഗ്രഹിച്ചു കൊണ്ടു തന്നെ മഴയ്ക്കു മലയാള സാഹിത്യത്തിലെ സ്ഥാനം ഓർത്തെടുക്കുകയാണ് ഡോ. സി. ഗണേഷ്.  

രാത്രിയിൽ പെരുവഴിയിൽ മഴനനഞ്ഞ്  വിറയ്ക്കുന്ന  പിതാവിന്റെ  നൊമ്പരമാണ്  സാദിർ തലപ്പുഴയുടെ മഴയോർമ. 

അങ്ങനെ  ഒരുപാട് ആൺമഴയോർമകൾ ഈ പുസ്തകത്തിൽ ശ്രീ. ടി. കെ ഹാരിസ് 
ചേർത്തുവെച്ചിരിക്കുന്നു. 

കുറിപ്പ്  : 
 മഴ ഓരോരുത്തർക്കും വ്യത്യസ്തമാണ്. ചാറിയും, പാറിയും ചീറിയും ചാഞ്ഞും ചരിഞ്ഞും അലറിയും പെയ്യുന്ന മഴ. 

ആൺമഴയോർമകൾ.
വളരെ നല്ല  ഓർമപുസ്തകമാണിത്.

അനേകം മഴയോർമകളിലൂടെ ഈ പുസ്തകം നമ്മെ കൈ പിടിച്ചു  നടത്തും.... ഞാനും നടന്നു.... 

കണ്ണിൽ തന്നെ പെയ്യണേ മഴയേ... കണ്ണുനീരാരും കാണരുതേ എന്ന പ്രാർത്ഥനയോടെ നിന്ന ഒരു പ്രണയമഴക്കാലം മനസ്സിൽ  ഇരമ്പുന്നു...... 

☘☘☘☘☘☘☘☘☘☘☘

തയ്യാറാക്കിയത് : 
കുരുവിള ജോൺ 
9495161182

☂☂☂☂☂☂☂☂☂☂☂