30-06-18

പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ..നവസാഹിതി അവതാരക സ്വപ്നടീച്ചർ യാത്രയിലായതിനാൽ ടീച്ചർ എനിക്കയച്ചുതന്ന നവസാഹിതീപോസ്റ്റുകൾ  ടീച്ചർക്കു വേണ്ടി ഞാനിടുന്നു... പ്രജിത

നിലാവിൽ
മഴനിലാവുദിച്ച രാത്രി ...
മരങ്ങൾക്കിടയിലൂടെ ,
തണുപ്പുമിരുളും കൈകോർക്കും നിഴലിടങ്ങളിലേക്കൊരു
മഞ്ഞമഴ ഇറ്റു വീഴുന്നു ..
കാറ്റുലയ്ക്കുന്ന പൂവിൽ നിന്നടർന്നു വീണ ഇരുപരാഗങ്ങൾ പോലെ നാം തൊട്ടു തൊട്ടിരിക്കവേ ,
കവിഞ്ഞൊഴുകുന്നു സുരഭിയാം രാവും ..
ആരാണു മുഗ്ദ്ധരീ നമ്മളോ ,
രാത്രിയോ ?
അങ്ങുമിന്നുന്നുണ്ടാകാശച്ചെരുവിലായ് ഒരു കൊച്ചു താരകം ,
ശ്രാന്തമെങ്കിലും വിറയാർന്ന്, തപിക്കുമേതോ  കാമുക ഹൃദയം പോൽ.
ദൂരെയാക്കുന്നിന്റെ
ഇളമഞ്ഞ് ഞ്ഞൊറിയിട്ട  നിശാവസ്ത്ര മുലയ്ക്കുന്നു രാക്കാറ്റുകൾ ,
നിലാവിന്റെ പ്രളയം , മുങ്ങിത്താഴുന്നൊരു നീല നൗക പോൽ താഴ്വര .
വാടിയ ചെമ്പകപ്പൂക്കൾ പോൽ ഈറൻ  നിലാവ് പൊഴിയവേ ,
ഏതോ മോഹനരാഗം പാടി രാക്കുയിലുകൾ മതിമറന്നീടവേ ...
ഒരിക്കൽക്കൂടി നീയടുത്തിരിക്കൂ ...
കാത്തു വച്ചൊരു പാട്ടിന്റെ
മാധുര്യം വിളമ്പിത്തരൂ ...
കഥകളിനിയും ബാക്കിയില്ലേ ചൊല്ലുവാൻ ,
ഒരുമിച്ചു പാടുവാൻ കവിതകളിനിയും   ഏറെയില്ലേ ..
ഗന്ധർവ്വ യാമമിതു  കഴിയും മുൻപേ , പാതിരാപ്പുഴ നീന്തി പുലരിയിങ്ങെത്തും മുൻപേ ...
ഉയിരുകൾ അരണിയെന്ന പോലുരഞ്ഞു കത്തട്ടെ. ,
ഇരുചന്ദ്രകാന്തക്കല്ലുകൾ പോലെ  അലിഞ്ഞില്ലാതെയാവട്ടെ നമ്മളീ നിലാവിൽ.
ഷീലാ റാണി

ചിത്രം
അത്രമേൽ മുഷിഞ്ഞ ഒരാൾ
കളർ ചോക്ക് കൊണ്ട്
മതിലിൽ ചിത്രം വരയ്ക്കുന്നു
ഇടവഴി, പൊന്ത, വേലി, തെങ്ങ്
വീട്, പറക്കുന്ന പക്ഷി, കൈത്തോട്
കുനുകുനാ കുറുവരകൾ ഉരയലുകൾ
ഒരുപാട് കണ്ണുകളിൽ അദ്ഭുതം
കൂറുന്നു
പണി, പോയ വഴി, മറന്ന്
ചിലർ പലരായി
വര കണ്ടു നിൽക്കുന്നു
വര കഴിയുന്നു
അദ്ഭുതം
സെൽഫിയാവുന്നു
പലനിറം വിയർപ്പിൽ കറുപ്പ്
ചാലിച്ച കൈവെള്ള നീളുന്നു
അഞ്ചിനും പത്തിനും
കൈകൂപ്പുന്നു
കഴിയുന്നില്ല...
ടൗണിലേക്കുള്ള ബസിൽ
കമ്പിയിൽ നരച്ച
കാലൻ കുട പോലെ
അയാൾ തൂങ്ങി നിൽക്കുന്നു
ഇവനെയൊക്കെ ആരാ
ബസിൽ കയറ്റിയതെന്ന്
ഒരു മാന്യൻ മുറുമുറുക്കുന്നു
കഞ്ചാവാണെന്ന് അടുത്തവൻ
ഉറപ്പിക്കുന്നു
കള്ളനെന്ന് പട്ട് സാരി
ഉരയുന്നു
കണ്ടക്ടർ ടിക്കറ്റ് ടിക്കറ്റ്
എന്ന് പറഞ്ഞ് നടക്കുന്നു
അയാൾക്കിറങ്ങേണ്ടതായ
സ്റ്റോപ്പെത്തുമ്പോൾ
വിറങ്ങലിച്ച താടി തടവി
അയാൾ ഇറങ്ങിപ്പോകുന്നു
കഴിയുന്നില്ല...
അയാളിറങ്ങിക്കഴിഞ്ഞ്
അടുത്തടുത്തിരുന്ന്
യാത്രചെയ്യുന്ന രണ്ടു പേർ
അയാളേപ്പറ്റി തന്നെ സംസാരിക്കുന്നു
അതിൽ തല മൂത്തയാൾ
നോക്കി കൊണ്ടിരുന്ന
തേൻ കിളികൾ എന്ന
ഗ്രൂപ്പിൽ നിന്നിറങ്ങി
പടറ്റിക്കാവ് ശ്രീ ഭഗവതി
ഭക്തർ എന്ന ഗ്രൂപ്പ്
നോക്കിക്കൊണ്ട്
സമൂഹം മദ്യം മൂല്യച്യുതി
എന്നെന്തെല്ലാമോ പറയുന്നു
മുന്നിലെ സീറ്റിലെ പെൺകുട്ടി
കാമുകൻ പോസ്റ്റ് ചെയ്ത
സെൽഫി വിത്ത് ആൻ ഇൻ ബോൺ
ആർട്ടിസ്റ്റ് എന്ന പ്രൊ പിക്കിലെ
അയാളല്ലെ?
എന്ന് ഓർക്കുമ്പോഴേക്കും
ഇറങ്ങാനുള്ള ബെല്ലടിക്കുന്നു
കഴിയുന്നില്ല...
സുനിലൻകായലരികത്ത് 

നാടുകടത്തൽ
ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു
അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അദ്ഭുതപ്പെടുന്നു.
ഇലകൊഴിച്ച്‌ മരങ്ങളും
പടം പൊഴിച്ച്‌ പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.
ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുച്ഛഭാവം നിറയുന്നു
ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു
അവളുടെ സാവധാനതകൊണ്ട്‌
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല
നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
അവളെ പുറന്തള്ളുന്നു
അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു
ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.
ഇസബെൽ ഫ്ലോറ

കളിവള്ളം പോലെ
ഒരു സംഘം ഉറുമ്പുകള്‍ ഒരു തുമ്പിച്ചിറക്
കളിവള്ളംപോലെ കൊണ്ടുപോകുന്നു എന്നൊരു
ജാപ്പാനീസ് കവിത ഞാന്‍ മുമ്പ് വായിച്ചിരുന്നു.
ഒരിക്കല്‍ ഒരു കുന്നിന്റെ മുകളിലേക്ക് കയറുമ്പോള്‍
അതേ കവിത ഓര്‍ക്കുമ്പോള്‍ ആകാശത്ത്
ഒരു തടിയന്‍ മേഘവും ഉണ്ടായിരുന്നു. ഒരു വലിയ
വഞ്ചിപോലെത്തന്നെ.
കാറ്റില്‍ അത് ഉലയുന്നു എന്നും തോന്നി.
ഇന്ന് രാവിലെ
കൊലചെയ്യപ്പെട്ട യുവാവിന്റെ ശവമഞ്ചവുമായി
ഇളംചിറകുകളുരയുന്ന ഒച്ചയില്‍ ദൈവത്തെ വിളിച്ച്
അവന്റെ അതേ പ്രായമുള്ള യുവാക്കള്‍
ഈ ഉച്ചയ്ക്ക്
പള്ളിപ്പറമ്പിലേക്ക് നീങ്ങുമ്പോള്‍
അതേ കവിത വീണ്ടും ഓര്‍മ്മ വരുന്നു.
കുന്നിന്റെ മുകളില്‍ നിന്നും അലമുറയിട്ട് ആരോ
താഴേയ്ക്ക് ഇറങ്ങുന്നുമുണ്ടായിരുന്നു.
ഞാനൊരു കവിയായിരുന്നു.
കളിവള്ളം പോലെ നീങ്ങുന്ന തുമ്പിച്ചിറക് കാണാന്‍
കണ്ണട മാറ്റി കുനിഞ്ഞു നിന്ന ആള്‍
കവിതയില്‍ വായിച്ചപോലെത്തന്നെ എന്ന്
അത്ഭുതപ്പെട്ട ആള്‍
കവിതയോര്‍ത്ത് കുന്നിന്റെ മുകളിലേക്ക് കയറിയ ആള്‍
കാറ്റില്‍ ഉലയുന്ന മേഘം കണ്ട ആള്‍
ഇപ്പോള്‍,
കുന്നിറങ്ങുന്ന നിലവിളിയില്‍
കനം കുറഞ്ഞ ഒരു കഷണം ചിറകോ
ഒരു കഷണം വഞ്ചിയോ പോലെ
തൊട്ടുമുമ്പ് കുടുങ്ങിയ ഒരു കൊലപാതകം
പിടിവിടുവിച്ച്
കുന്നിന്റെ പടവില്‍ നില്‍ക്കുന്നു, താഴേക്ക് നോക്കുന്നു.
അങ്ങനെയാകുമോ അതും ഓര്‍ത്തിരിക്കുക!
ഒരു സംഘം ഉറുമ്പുകള്‍ ഒരു തുമ്പിച്ചിറക്
കളിവള്ളംപോലെ കൊണ്ടുപോകുന്നുവെന്ന്...
കരുണാകരൻ

വീട് വരയ്ക്കുമ്പോൾ ...'.....
"വീട് വരച്ച് പഠിപ്പിച്ച് കൊടുക്കണം" ടീച്ചർ ചുവന്ന മഷികൊണ്ട് എഴുതിയത് കണ്ട് അമ്മ അപ്പൂനോട് അവൻ വരച്ച വീട് കാണിച്ചുതരാൻ പറഞ്ഞു..വീട് സാമാന്യം ഭേദപ്പെട്ട വീടാണ് പക്ഷേ അതല്ല കൊറച്ച് എക്സ്ട്രാ ഫിറ്റിംഗ് വീടിനുണ്ട് അതാണ് ടീച്ചർക്ക് ഇഷ്ടപ്പെടാഞ്ഞത്..വീടിന് രണ്ട് ചിറകും വീടിനു താഴെ കൊറച്ച് മുളളൊ പുല്ലോ പോലെ എന്തൊക്കെയോ.. ചോദ്യോത്തര പക്തി ആരംഭിക്കുന്നു..
അമ്മ-എന്താ അപ്പൂ ഈ വീടിനു താഴെ???
അപ്പു-അത് മുളളാണ്
അമ്മ-വീടിനെന്തിനാ കുഞ്ഞേ മുളള്
അപ്പു-അയ്യോ ഈ അമ്മേടെ കാര്യം വീട് വീഴാതെ നിക്കണ്ടേ അതിനാ മുളളിൽ കുത്തി നിർത്തണേ
അമ്മ(ദീർഘനിശ്വാസം രണ്ടെണ്ണം)-ശരി അപ്പോ ഈ ചിറകോ??
അപ്പു- വീടിന് മുളളില് നിന്ന് മടുക്കുമ്പോ പറന്ന് കളിക്കാൻ
അമ്മ-ആഹാ മിടുക്കൻ എന്നാ ടീച്ചറോട് പറയാരുന്നില്ലേ ഇതൊക്കെ
അപ്പു-ടീച്ചറ് എന്നോടൊന്നും ചോദിച്ചില്ലമ്മേ
ടീച്ചർ ചുവന്ന മഷികൊണ്ട് തിരുത്താൻ ശ്രമിച്ചത് അവന്റ്റെ കൈവിരലിൽ തീർത്ത സ്വർഗമായിരുന്നു എന്നവർ ഒരിക്കലും ആലോചിച്ച് കാണില്ല...
അഞ്ജു ടി. സജി

തോറ്റുപോയ ഇടങ്ങൾ
ഒരു  നട്ടുച്ച  വെയിലത്താണ്
നീയെന്റെ കൈപിടിച്ചത്
ഞാൻ  കാണാത്ത
ഭൂമിയറകളിലേക്ക്
കണ്ണുപൊത്തിയെന്നെ
കൊണ്ടുപോയത്...
ഒരുപുഴ  നീന്തിക്കടന്നാണ്‌
പനിക്കുന്ന പകലുകളെ
നീയെനിക്ക് സമ്മാനിച്ചത്
അന്നാണ്...
നീ  നുണയാൻ മോഹിച്ച
വീഞ്ഞത്രയും
എന്റെ  ചുണ്ടിലൊളിപ്പിച്ചിട്ടുണ്ടെന്ന്
ചെവിക്കുപിന്നിൽ നീ
നനഞ്ഞ  അക്ഷരങ്ങളാൽ
കോറിയിട്ടത്....
നീ വരച്ചിട്ട അടയാളങ്ങളിൽ നിന്നാണ്
ഞാനെന്നെ  കണ്ടെടുത്തത്...
കാടിനെ  കാറ്റു
ചുംബിക്കൂമ്പാഴാണു
കാട്ടാറിന്റെ ചിരിയെന്നു
നീയെന്റെ  പദസരങ്ങളിലുമ്മവെച്ചത്..
എന്റെ മൂക്കുത്തിക്കല്ലിൽ
നിന്റെ ചിത്രം
തെളിയുമ്പോഴാണ്
കാറ്റ് എന്നെ ചുമന്ന്
കാട്ടിലേക്ക്
കൊണ്ടുപോവുന്നത്..
നീ കൊത്തിവെച്ച
ശില്പങ്ങൾ ഇപ്പോഴും
എന്റെയുടലിൽ
പിടക്കുന്നതുകൊണ്ടാണ്
ഞാനെന്നും  നിന്റെ
പാദസ്പന്ദനം
കാത്തുകഴിയുന്ന
അഹല്യയായത്...
നിന്നെ ഉരച്ചാണ്
ഞാനെന്റെ ഉടലിനെ
തീ പിടിപ്പിച്ചത്...
ആ തീയിൽ വെന്താണ്
ഞാനിപ്പോഴും
മരിച്ചുകൊണ്ടിരിക്കുന്നത്..
റൂബി നിലമ്പൂർ

അച്ഛൻ
മരണം വരെ......
നമ്മളൊന്നിച്ചായിരിക്കണം.
അച്ഛനെപ്പോഴും
അമ്മയോട്  പറയുമായിരുന്നു.
വീട് ഭാഗം വെയ്ക്കുമ്പോൾ
അച്ഛനെയും ,അമ്മയെയും
ഭാഗിക്കണമെന്ന്
അനിയനാണ് പറഞ്ഞത്.
വാർദ്ധക്യത്തിലൊറ്റപ്പെടൽ
അച്ഛന് ........
താങ്ങാവുന്നതിനപ്പു്റമായിരുന്നു.
ദാഹമോ,വിശപ്പോയില്ലാതെ
വാത്മീകം പോൽമൂക വേദനയിൽ
തകർന്നമനസ്സുമായ്......
അച്ഛനെപ്പോഴും
ചിന്തയിലായിരുന്നു.
മക്കളുടെ തണൽ
മുൾമരത്തണലാണെന്നും,
കാൽ കാശിനു ഗതിയില്ലാത്തവൻ
അണഞ്ഞ വിളക്ക്
പോലെയാണെന്നും
അച്ഛൻ......
പറയാറുണ്ടായിരുന്നു.
ഓർമ്മകളിൽ നിന്ന്........
കയ്പുരുചിച്ചതുകൊണ്ടാവാം
മറവി അച്ഛനെ പിടികൂടിയത്.
സങ്കടങ്ങളുടേയുംവേദനകളുടേയും
തടാകത്തിൽ മറവി
 അച്ഛനിന്നൊരു
മധുരമായ മറുമരുന്നാണ് .
സന്ധ്യ ദേവദാസ്

ഉപേക്ഷിക്കപ്പെട്ടവളുടെ  വീട്ടിൽ ...............                                                        
ജീവനെക്കാളേറെ സ്നേഹിച്ചിട്ട് ഉപേക്ഷിക്കപ്പെട്ടവളുടെ വീട്ടിലേക്കുള്ള വഴിയിൽ  എപ്പോഴും ഒരു മഴക്കാലം കാത്തു നിൽക്കുന്നുണ്ടാവും ,       പടിക്കലെ പാട്ടു മറന്ന ഒറ്റമൈന എന്തിനെന്നറിയാതെ അവളുടെ പേരുരുവിട്ട്  ചിറകിട്ടടിയ്ക്കും .                                                                      
അണയാൻ തുടങ്ങുന്ന നെയ് വിളക്കുകൾ പോലെയുള്ള മിഴികളുമായ് മരണം പോലെ തണുത്ത ഉൾ മുറിയിൽ അവളിരിപ്പുണ്ടാവും,  ഉലഞ്ഞ മുടിയും സ്ഥാനം തെറ്റിപ്പോയ ഉടുപുടവയും അവൾ മറ്റെവിടെയോ ആണെന്ന് വിളിച്ചറിയിക്കും.                                                                                  
സ്നേഹനഷ്ടങ്ങളുടെ വാർഷിക വലയങ്ങൾ അവളുടെ മിനുത്ത കവിൾത്തടത്തിൽ കറുത്ത ചിത്രങ്ങൾ വരച്ചുവയ്ക്കും ...   മൗനം മുദ്രവച്ച വിളറിയ ചുണ്ടുകളിൽ ഉമ്മകളുണങ്ങിപ്പിടിച്ചിരിക്കും'                                                                    കാറ്റടങ്ങാത്തൊരു കടലിനെ അവൾ ഇടനെഞ്ചിൽ ചങ്ങലയ്ക്കിട്ടുണ്ടാവും , ഓരോ നെഞ്ചിടിപ്പിലുമവൾ എന്തിനെന്നറിയാതെ നടുങ്ങിത്തെറിക്കും ..                                            
അവളുടെ ശരീരത്തിന് വാടിയ ചെമ്പകപ്പൂവിന്റെ മണമായിരിക്കും മെല്ലെ മെല്ലെ വയ്ക്കുന്ന കാലടിയോരോന്നിലും വയലറ്റ് കണ്ണാന്തളിപ്പൂവുകൾ  പൊട്ടി    വിടരും .....                                    
ഒരിക്കലും ഉച്ചരിക്കപ്പെടാത്ത പ്രിയപ്പെട്ട ഒരു പേരിന്റെ മധുരത്തിൽ , മഴ തോർന്നിട്ടും പെയ്യുന്ന മരം പോലെ ഓർമ്മകളിൽ  അവളെന്നും ചോർന്നൊലിച്ചു കൊണ്ടേയിരിക്കും                                                              
ഷീലാറാണി

ഓരോ നിമിഷവും നദി .,,,,,,,
എത്രയോ പ്രണയ
ചിത്രങ്ങളാണ് വരയ്ക്കുന്നത്....
 തീരത്ത്...
ചെറുതലോടലുകൾ കൊണ്ട്...
 ചിലപ്പോൾ... ഇറുകി പുണർന്ന്.....
 കാറ്റ് ഓളപ്പരപ്പിൽ.. ചുംബനങ്ങൾ
 കൊണ്ട് താളം പിടിക്കാറില്ലേ?....
 ആ താളത്തിനൊത്ത്... തിരകളാൽ
 കുണുങ്ങി
അവൾ ഒഴുകാറുമില്ലേ....
നാണത്താൽ കൂമ്പി....
അത് മറയ്ക്കാൻ... ചെറിയ കളിപ്പാട്ടോടെ...
ആർദ്രയായ്
അവൾ
ഒഴുകി നീങ്ങാറില്ലേ?....
ആകളാരവങ്ങളിൽ
മുഗ്ദ്ധരായ്...
നാമങ്ങനെ
മുഴുകാറു മില്ലേ....
ചിലപ്പോൾ
അവൾ മഴയുടെ
സ്നേഹപ്പെയ്ത്തിൽ
നിറഞ്ഞ്
മദിച്ച്
ചിരിച്ചൊഴുകുമ്പോൾ
തീരത്തെ
ശക്തമായ്
ചേർത്തണയ്ക്കുകയല്ലേ....
അതവളുടെ
അവകാശമല്ലേ...
പുഴയുടെ
മഴയുടെ
കാറ്റിന്റെ
പ്രണയം
എത്ര മനോഹര
ചിത്രങ്ങളായാണ് വരയ്ക്കപ്പെടുന്നത്...
ശ്രീലാ അനിൽ

എല്ലാ ചെടികളും പൂക്കാറുണ്ട്.....
ചിലത് എപ്പോഴും പൂക്കും നിത്യകല്യാണിയെപ്പോലെ ....
ചിലവ കൃത്യമായ ഇടവേളകളിൽ ...
ചിലവ കാലം തെറ്റി ....
എങ്കിലും പൂക്കാതിരിക്കാനാവില്ലല്ലോ ...
പ്രണയം വന്നുവിളിക്കുന്പോഴാവണം ഓരോചെടിയും പൂക്കുന്നത് ...!!
അവയിൽ ചിലത് ഒറ്റപ്പൂക്കൾ ....
ചിലത് പ്രണയോന്മാദം പൂണ്ടപോലെ കുലകളിൽ തിങ്ങിനിറഞ്ഞങ്ങനെ ....
പ്രണയംകൊണ്ട് ആർദ്രമായ് ത്തീർന്ന ചെടിയുടെ മനസ്സാണ് പൂക്കൾ ...
അതുകൊണ്ടല്ലേ പൂക്കൾക്ക് ഇത്ര മൃദുലത ...!!
പൂക്കൾ പലതരം ...അവയ് ക്ക്
പല നിറങ്ങൾ ..!!.
കടും നിറമുള്ളവ...ഇളം നിറമുള്ളവ...
പല മണങ്ങൾ ...!!
നേർത്തതും മദിപ്പിക്കുന്ന ഗന്ധമാർന്നതും ...
ഇതുപോലുള്ള ഏതോ പൂവായിരിക്കണം നീയും ഞാനും..
പറയൂ പ്രിയനേ ...
ഇതിൽ ഏതാണ് നീ  ...?
ഏതാണ് ഞാൻ ...?❤
ജോയ്സ് റോജ.

ജലമായിരുന്നു ഞാൻ ...
നിറമില്ലാത്ത ഒന്ന് ..
നീയെന്ന ചായക്കൂട്ടുമായ് എന്നെ ചേർത്തുവെച്ചത് ആരാണ്?
നിന്നിൽ പടരുന്നുണ്ട് ഞാൻ
ഓരോരോ തുള്ളികളായി...
 ഒതുക്കി നിർത്താനാവാത്ത വിധം നിന്നിൽ  ഞാൻ വ്യാപിക്കുന്നുണ്ട് ..
എന്റെ ഓരോ കണികകളിലും
നീ ചുംബിച്ചല്ലോ ...
അതും അത്രയും സുന്ദരമായി ..!!
നിന്റെ ദേഹത്ത് ഞാൻ പടർന്നപ്പോൾ ..
 ഒന്നായപ്പോൾ ..
ജലച്ചായമായ് നമ്മൾ മാറിയപ്പോൾ
നിറമുള്ളതായല്ലോ മോഹങ്ങൾ !!
ഇതുകൊണ്ട് വരയ് ക്കണം നമുക്ക് ...
പ്രണയത്തിന്റെ സമ്മോഹന ചിത്രങ്ങൾ..❤
ജോയ്സ് റോജ...

ഗ്യാസ് വില കൂടിക്കൂടി
രണ്ടായിരത്തിലെത്തണം.
അന്നെനിക്കെന്റെ
പുകയടുപ്പിൽ ഊതി ഊതി
ഒരു “കട്ടൻ”  ഉണ്ടാക്കണം.
പെട്രോൾ വില കൂടിക്കൂടി
ഇരുനൂറിലെത്തണം.
അന്നെനിക്കെന്റെ
പഴയ ഹെർക്കുലീസ്
സൈക്കിളിൽ നാട് ചുറ്റണം.
സിമന്റ് വില കൂടിക്കൂടി
അഞ്ഞൂറിലെത്തണം.
അന്നെനിക്കെന്റെ
ചെങ്കല്ല് വീട്ടിൽ
കുടിയിരിക്കണം.
വാട്സ് ആപ്പ്
സൗഹൃദങ്ങൾ കൂടിക്കൂടി
എന്റെ മൊബൈൽ
നിശ്ചലമാകണം.
അന്നെനിക്കെന്റെ
അയൽവാസിയെ ഒന്ന്
പരിചയപ്പെടണം.
വേനൽ  കൂടിക്കൂടി
എന്റെ ജലധാരകൾ
വരണ്ടുണങ്ങണം.
അന്നെനിക്കെന്റെ
പൊട്ടക്കിണറിലൊരു
പാള കെട്ടിയിറക്കണം.
മതചിന്തകൾ കൂടിക്കൂടി
വഴിയോരങ്ങളിൽ
ദൈവങ്ങൾ വിലപേശണം.
അന്നെനിക്കെന്റെ
ഗ്രാമത്തിൻ  തെരുവിൽ

ഒരു മനുഷ്യനായ് അലയണം..

അമൃതേത്ത്!
              ഒരു ജൻമത്തിന്റെ വിശപ്പുമായാണ് ചെക്കൻ ഹാളിലെത്തിയത്. അപ്പോഴേക്കും തീറ്റ മത്സരം തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടാമത്തെ വരിയിൽ ഇടത്തു നിന്ന് ഏഴാമത് അവൻ ചമ്രം പടിഞ്ഞിരുന്നു. ഇഡ്ഡലി ഒന്നിനു പിറകെ ഒന്നായ് അവന്റെ മുന്നിൽ നിറഞ്ഞു. വൃത്തികെട്ട ഇടതു കൈ കൊണ്ട് വലതുകാൽമുട്ട് ഇറുക്കിപ്പിടിച്ച് അവൻ പാത്രത്തിലേക്ക് കുനിഞ്ഞിരുന്നു. എന്നിട്ട് വലതു കൈയിൽ ഇഡ്ഡലിയെടുത്ത് വേഗം വിഴുങ്ങാൻ തുടങ്ങീ. അങ്ങിങ്ങ് വെള്ളക്കുപ്പായമിട്ട സംഘാടകർ എന്തെല്ലാമോ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ചെക്കൻ അതൊന്നും കാര്യമാക്കിയില്ല. നല്ല പുതിയ ഇഡ്ഡലിയാണ് മുമ്പിൽ ചിരിച്ചു നിൽക്കുന്നത്. ചൂടുള്ള പലഹാരം അവന് പുത്തരിയായിരുന്നു. ഇനിയെപ്പോഴെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാനൊന്നും അവന് അറിയില്ലായിരുന്നു. കുടിക്കാനിത്തിരി വെള്ളം കിട്ടിയാൽ പറ്റുമെന്ന് മോഹമുണ്ടായിരുന്നു.  പക്ഷേ, ചോദിക്കാൻ നാവ് പൊങ്ങിയില്ല'. പിടിച്ച് പുറത്താക്കിയാലോ എന്നായിരുന്നു ഭയം. ഓടയിൽ,തന്നെക്കാത്ത് ഒരുപാട് വെള്ളമുണ്ടല്ലോ എന്നവൻ അഭിമാനിച്ചു!

                  വയറ് നിറഞ്ഞെങ്കിലും ചെക്കന്റെ ആർത്തി മാറിയിരുന്നില്ല. അങ്ങനെയിങ്ങനെയൊന്നും മാറുന്ന ആർത്തിയായിരുന്നില്ല അത്.  കീറട്രൗസറിന്റെ കെട്ടിവെച്ചിരുന്ന നാട അയച്ചുപിടിച്ച് വീണ്ടും അങ്കത്തിൽ മുഴുകി. ഉപയോഗശൂന്യമാക്കി വെച്ചിരുന്ന ഇടത് കൈ കൂടി വലതു കൈയുടെ സഹായത്തിന് പ്രയോഗിച്ചു. സംഘാടകരിൽ ചിലർ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാങ്ങയണ്ടി കടിച്ചു പറിക്കുന്ന അണ്ണാൻകുഞ്ഞിനെ ഓർത്തിട്ടാകാം അവരിൽ ഒരാൾ അടക്കിച്ചിരിച്ചത്. അന്യന്റെ തള്ളയ്ക്ക് ഭ്രാന്ത് വന്നത് കാണാൻ കഴിയുന്നപോലുള്ള ഒരു സന്തോഷം അവരുടെയൊക്കെ മുഖത്ത് വിരിഞ്ഞ് നിന്നിരുന്നു!

            ഉണ്ണി വയറ് നിറഞ്ഞു പൊട്ടുമെന്നുറപ്പായപ്പോൾ ചെക്കൻ നിരാശയോടെ തീറ്റി നിർത്തി, കൈകുടഞ്ഞു. ഓട്ടക്കണ്ണിട്ട് ചുറ്റും നോക്കി. ആരും തന്നെ   കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ പതുക്കെ എഴുന്നേറ്റ് നിന്നു. സംഘാടകരിൽ ഒരാൾ തടിച്ചൊരു രജിസ്റ്റർ പുസ്തകവുമായ് അവനെ സമീപിച്ചു. തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളന്റെ ഭാവമായിരുന്നു, അപ്പൊഴാ മുഖത്ത്.    തല താഴ്ത്തി, കൈകൾ പിറകിൽ പിണച്ചുകെട്ടി കുറച്ചു നേരം അവൻ നിന്നു. പെട്ടെന്ന്, ശരം വിട്ട പോലെ പുറത്തേക്ക് കുതിച്ചു.ആരും തന്നെ പിന്തുടരുന്നില്ലെന്ന് ഉറപ്പാകുന്നത് വരെ ഓടിക്കൊണ്ടിരുന്നു. വാസ്തവത്തിൽ ആരും പിന്തുടർന്നിരുന്നില്ല.
   
                    പട്ടണത്തിലെ ഇരുണ്ട ഗലികളലൂടെ പടിഞ്ഞാറെ ഗെയിറ്റിനടുത്തെത്തിയ ചെക്കൻ മുകളിലെ ഊടുവഴിയിലേക്ക് ചാടിക്കയറി, കൂരകളുടെ മുമ്പിലൂടെ ഏഴാമത്തെ കുടിലിൽ നുഴഞ്ഞു കയറി..

           അവൻ അകത്ത് കടന്നയുടൻ, നിലത്തുള്ള ചാക്ക് പുതപ്പ് ഇളകാൻ തുടങ്ങി.അതിൽ നിന്ന് ഉണങ്ങിയ ഉണ്ണിക്കൈകൾ പുറത്തേക്ക് നീണ്ടു.  നിമിഷങ്ങൾക്കുള്ളിൽ തീരെ  ചെറിയൊരാൺകുട്ടി  ചാക്കിൽ  എഴുന്നേറ്റിരുന്നു. അവൻ തീർത്തും നഗ്നനായിരുന്നു. അഭ്യസിച്ചു പഠിച്ച ഏകവിദ്യ കാണിക്കുന്ന പോലെ അവൻ കൈ രണ്ടും ചെക്കന് നേരെ നീട്ടി. തികഞ്ഞ അധികാര ഭാവം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു.. കുട്ടിയെ കണ്ടപ്പോൾ ചെക്കന്റെ മുഖം വാത്സല്യനിർഭരമായി. അവനല്പനേരം മിണ്ടാതെ നിന്നു.തിക്കും പൊക്കും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി, സാവധാനം ട്രൗസറിന്റെ വലതുപോക്കറ്റിൽ കൈയിട്ട് രണ്ട് ഇഡ്ഢലിയെടുത്ത് കുട്ടിക്ക് നേരെ നീട്ടി. മറ്റാരോ തട്ടിപ്പറിക്കുമെന്ന് പേടിച്ചിട്ടെന്ന പോലെ കുട്ടി നൊടിയിടക്കുള്ളിൽ, ചവക്കാൻ പോലും മെനക്കെടാതെ രണ്ടും വയറ്റിലെത്തിച്ചു.

                       അനിയൻ കുട്ടിയെക്കൂടി ഹാളിലേക്ക് കൊണ്ടുപോവാതിരുന്ന മണ്ടത്തരമോർത്ത് ചെക്കൻ ലജ്ജിച്ചു. അവൻ ആവുന്നത്ര മാർദ്ദവത്തിൽ കുട്ടിയുടെ മൂർദ്ധാവിൽ തടവിക്കൊടുത്തു, കുട്ടിയാകട്ടെ ചെക്കനെ അടിമുടി ഒന്നുഴിഞ്ഞു നോക്കി, ഒട്ടും നാണം കൂടാതെ വീണ്ടും കൈ രണ്ടും നീട്ടി. ചെക്കൻ അത്ഭുതവിളക്കെടുക്കുന്ന അലാവുദ്ദീന്റെ  ഭാവത്തിൽ, ഇടതു പോക്കറ്റിൽ കൈകടത്തി ഒരിഡ്ഡലികൂടിയെടുത്ത് കുട്ടിക്ക് കൊടുത്തു. കുട്ടി പഴയതിലും വേഗത്തിൽ അതും അകത്താക്കി.പിന്നീടവൻ കൈനീട്ടിയില്ല; മുളച്ചുവരുന്ന മഞ്ഞപ്പല്ല് കാണിച്ച് കണിക്കൊന്ന പൂത്തപോലെ ചിരിക്കാൻ തുടങ്ങി. ചെക്കന്റെ മനസ്സ് നിറഞ്ഞു; മിഴികളും.  അവൻ കുട്ടിയെ എടുത്തുയർത്തി, വീർത്ത മത്തങ്ങവയറിൽ ഉമ്മവെച്ചു. ഒരു കുരുക്ഷേത്രം തനിയെ ജയിച്ച ഭാവം ആ മുഖത്ത് തിരതല്ലുന്നുണ്ടായിരുന്നു!!!
വേണുഗോപാൽ പേരാമ്പ്ര

രണ്ടു പേർ ചുംബിക്കുമ്പോൾ 
രണ്ടു പേർ ചുംബിക്കുമ്പോൾ
ലോകം മാറിയാലും ഇല്ലെങ്കിലും  അവരെങ്കിലും മാറുന്നുണ്ട്. ...
ചുണ്ടുകൾക്കിടയിൽ പെയ്യുന്ന മധുരത്തിന്റെ മഴ  , എത്ര ജന്മങ്ങളുടെ കയ്പ്പുകളാണ്  ഒഴുക്കി കളയുന്നത് ..
ഹൃദയത്തിലെ വേലിയേറ്റങ്ങളിൽ  ധമനികളിലെ എത്ര  പുലിമുട്ടുകളാണ് കുത്തിയൊലിച്ചു പോകുന്നത്
ഒരാൾക്കൊ രാളുടെ
 ലോകത്തോടു മുഴുവനുമുള്ള സ്നേഹമല്ലേ
നെഞ്ചടുപ്പുകളിലേക്കൊന്നിച്ച്  തിളച്ചു തൂകുന്നത്. ..
വിറയാർന്നൊരാലിംഗനത്തിന്റെ  വൈദ്യുത തരംഗങ്ങളല്ലേ മരണത്തിലും മങ്ങാത്ത നക്ഷത്രങ്ങളായി  ഉടലാകെ  മിന്നുന്നത് ..
ഉരഞ്ഞുരഞ്ഞു ചേരുന്ന പ്രാണനുകളുടെ കുറുകൽ ..
 വാടിയ മുല്ലപ്പൂക്കളെപ്പോലെ ചുവന്നു കൂമ്പുന്ന മിഴിക്കോണുകൾ ...
രണ്ട് പേർ ചുംബിക്കുമ്പോൾ  ,
അവർ സ്വർഗ്ഗത്തോളമെത്തുന്നു. ..
ദൈവം അവർക്കു വേണ്ടി ലോകത്തിന്റെ കണ്ണുകെട്ടുന്നു.
ഷീലാ റാണി

സന്ദേഹം
പുതിയ നാട്ടിലേക്കെത്തിയ നാൾ മുതൽ
പഴയ വല്ലതും കിട്ടും കണാരന്..
ദുരിതകാലത്തിനോർമ്മക്കുരിപ്പുകൾ
നിറയെ പൊങ്ങും, വിറയ്ക്കും, പനിച്ചിടും..
ഋതു കുളിക്കാനിറങ്ങി മൂന്നാംദിനം
അഴുകി നീലിച്ചു വന്ന പെണ്ണിൻ ജഡം
കുഴിയിൽ വെച്ചതും, കോരിച്ചൊരിയുന്ന
മഴയിലൊറ്റയ്ക്ക് ബീഡി കത്തിച്ചതും..
അരവയറ്റിൽക്കരച്ചിലിൽ ചാലിച്ച്
അരവയസിലേക്കെത്തുന്നതിൽ മുമ്പൊ-
രധികനോവിൻ കഷായം കുടിച്ചവൻ
പതിയെ കൈകാൽ കുടഞ്ഞു വളർന്നതും ..
പുതിയ വീട്ടിൽ കുടി പാർത്ത നാൾ മുതൽ
പഴയതെല്ലാം തികട്ടും കണാരന് ...
മതിലു കെട്ടിത്തിരിച്ചിട്ടതാകയാ -
ലതിരിനപ്പുറം ചെല്ലുന്നതെങ്ങനെ?
മിനുസമേറിത്തിളങ്ങുന്ന കാരണം
പുതിയ കക്കൂസിലേറുന്നതെങ്ങനെ?
പകലു മൊത്തം റിമോട്ടു ഞെക്കിക്കളി -
ച്ചിവിടെയിങ്ങനെ വാഴുന്നതെങ്ങനെ?
ഉഴുവതെല്ലാം പിഴയ്ക്കുന്ന ജീവിത -
ക്കരിനുകം പേറിയെത്ര നാളിങ്ങനെ
സ്മരണകൾ തൊട്ടു കൂട്ടിപ്പൊലിപ്പിച്ചു
രുചിയിലത്താഴമുണ്ണുന്നതെങ്ങനെ?
തടിയനങ്ങാതെയൊട്ടും വിയർക്കാതെ
ഉടലു പൊട്ടിക്കിടക്കുന്നതെങ്ങനെ?
ഒടുവിലാസ്പത്രി പൂകിത്തണുത്തുറ -
ഞ്ഞവളിലേക്കു മടങ്ങുന്നതെങ്ങനെ?
നിറനിലാവും കുടഞ്ഞുടുത്തന്തിയിൽ
വടിയെടുക്കാതെ വാതിലും ചാരാതെ
മൃതിയിലേക്കു പുറപ്പെട്ടു പോകുവാൻ
പ്രിയകണാരാ നിനക്കു സാധിക്കുമോ?
ശ്രീനിവാസൻ തൂണേരി

പ്രണയം ഗംഭീരമായയൊരു ക്ഷേത്രത്തിൽ
പുറംതിരിഞ്ഞേ യി രിക്കുന്ന
പിശാചിലേക്കുയർത്തുന്ന
പ്രാർത്ഥനയാണ്
(ബുദ്ധക്ഷേത്രങ്ങളിൽ ദേവനഭിമുഖമായിരിക്കുന്ന പിശാച് പ്രതിമ ഓർക്കണം )

ലേഡി കാസ