30-05

ഏറ്റവും പ്രാചീനമായ അറിവ് വ്യസിച്ചവൻ
വേദവ്യാസൻ












ലോകസാഹിത്യത്തിൽ വ്യാസനെ പരിചയപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന ചിന്ത എന്നിൽ ആശങ്കയുളവാക്കുന്നു. ആർഷ സാഹിത്യകൃതികളിൽ കർത്താവായും എഡിറ്ററായും (വേദങ്ങളെ വ്യസിച്ചവൻ) കഥാപാത്രമായും വ്യാസൻ നിറഞ്ഞു നിൽക്കുന്നു.

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

ജനനം
പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

ഐതിഹ്യം
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെവിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീര്യൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച് ഭീഷ്മർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌ നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌ നിന്നു കൗരവരും, പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും, അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ ശരീരത്തിൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

കാവ്യജീവിതം
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരതകാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിക്കപ്പെട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതംരചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ജയം
മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക്യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു.

ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്.

തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം ജയം എന്ന് വിളിയ്ക്കുന്നത്. കഥയിൽ തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിക്കുന്നു.


വ്യാസപൂർണ്ണിമ 
ഭഗവാന്‍ വേദവ്യാസന്‍ ലോകഗുരുവാണ്‌. ആഷാഢപൗര്‍ണ്ണമിയിലാണ്‌ വ്യാസന്റെ ജനനം. ഗുരുപൂര്‍ണ്ണിമ, വ്യാസപൂര്‍ണ്ണിമ എന്നും ഈ ദിനം അറിയപ്പെടുന്നു. ശിവരാത്രി, നവരാത്രി, ശ്രീരാമനവമി, കൃഷ്ണാഷ്ടമി എന്നീ ദിനങ്ങളെപ്പോലെതന്നെ പുണ്യദിനമാണ്‌ ഗുരുപൂര്‍ണ്ണിമയും.
ആഷാഢമാസത്തിലെ ശുക്ലപക്ഷദശമി മുതല്‍ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി വരെയാണ്‌ ചാതുര്‍മാസ്യം. ഇത്‌ മഴക്കാലം കൂടിയാണ്‌. ഇക്കാലത്ത്‌ ഋഷിമാരും സന്യാസിമാരും ആശ്രമം വിട്ട്‌ പുറത്തുപോകാറില്ല. ജപ-ധ്യാനാദികളില്‍ മുഴുകിയും ശിഷ്യന്മാരെ പഠിപ്പിച്ചും സ്വാദ്ധ്യായങ്ങളിലേര്‍പ്പെടുന്നു. ഗുരുകുലവാസം നിലവിലിരുന്നകാലത്ത്‌ മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ ഗുരുകുലത്തിലേക്ക്‌ പറഞ്ഞയച്ചിരുന്നത്‌ വ്യാസപൗര്‍ണമിയിലാണ്‌.

വേദവ്യാസന്‍ ചരിത്രപുരുഷന്‍തന്നെ. വ്യാസന്‍ ജനിച്ചത്‌ 'മച്ചോദരി ഘട്ടം' എന്ന ദ്വീപിലാണ്‌. 'കല്‍പി' എന്നും മച്ചോദരിക്ക്‌ പേരുണ്ട്‌. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ്‌ സ്ഥിതിചെയ്തിരുന്നത്‌. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.
'നിര്‍ണ്ണയസിന്ധു' എന്ന ഗ്രന്ഥത്തില്‍ ആഷാഢ പൗര്‍ണ്ണമി വ്യാസജയന്തിയായി ആഘോഷിക്കപ്പെടണമെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തില്‍ വ്യാസശിഷ്യനായ വൈശമ്പായനന്‍ തനിക്ക്‌ വ്യാസമഹിമ പറഞ്ഞുകേള്‍ക്കണമെന്ന്‌ നാരദനോട്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാരദന്‍ പറഞ്ഞ ഉപാഖ്യാനത്തില്‍നിന്നും ദ്വാപരയുഗത്തിന്റെ ആരംഭത്തിലെ ആഷാഢപൗര്‍ണ്ണമിയില്‍ വ്യാസഭഗവാന്‍ ജനിച്ചുവെന്ന്‌ മനസ്സിലാക്കാം. സംസ്കൃതത്തിലെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളില്‍ വ്യാസനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദനങ്ങളുണ്ട്‌.

വ്യാസഭഗവാന്റെ ശ്രേഷ്ഠകൃതികളില്‍ ഒന്നാണ്‌ ബ്രഹ്മസൂത്രം. ഹിന്ദുധര്‍മ്മത്തിന്റെ മുഖ്യമായ തത്വശാസ്ത്രഗ്രന്ഥങ്ങളില്‍ ബ്രഹ്മസൂത്രം സ്ഥാനം പിടിച്ചിരിക്കുന്നു. വിശ്വപ്രസിദ്ധമായ ഈ ശാസ്ത്രഗ്രന്ഥത്തെ വിവേകമതികളായ പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാര്‍ ഒരുപോലെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

മഹാഭാരതത്തിന്റെ ആഴവും പരപ്പും കണ്ടിട്ട്‌, ആ കൃതി വ്യാസന്‍ എന്നൊരാള്‍ തനിച്ചെഴുതിയതല്ലെന്നും പല കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ട കഥകള്‍ വ്യാസന്‍ ക്രോഡീകരിക്കുകയും വിന്യസിപ്പിക്കുകയും ചെയ്തതാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ്‌ ജര്‍മ്മന്‍ പണ്ഡിതനായ വെബ്ബര്‍, അമേരിക്കകാരനായ ഹോപ്പ്കിന്‍സ്‌, സ്കോട്ട്ലന്റുകാരനായ മാക്ഡോനല്‍, ഇംഗ്ലീഷുകാരനായ എച്ച്‌.ജി.വെല്‍സ്‌ തുടങ്ങിയവർ .
മഹാഭാരതം മലയാളത്തിലേക്ക്‌ പദാനുപദം വിവര്‍ത്തനം ചെയ്യുന്നതിന്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‌ രണ്ടരക്കൊല്ലം മാത്രമേ വേണ്ടിവന്നുള്ളൂ. ഭാരതത്തിന്റെ വിശാലബുദ്ധിയുടെ ആധുനിക തെളിവാണ്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വ്യാസന്‍ പൗരാണികമായ ഉദാഹരണങ്ങളിലൊന്നും.
നാല്‌ വേദങ്ങളിലുംകൂടി ഒരുലക്ഷം മന്ത്രങ്ങളുണ്ട്‌. വ്യാസന്‌ മുമ്പ്‌ അതെല്ലാം ക്രമദീക്ഷയില്ലാതെ ഒന്നായിക്കിടന്നിരുന്നു. വ്യാസന്‍ ആ വേദമന്ത്രങ്ങളെ പടുത്ത്‌ ചിട്ടപ്പെടുത്തി. അതിന്‌ ഇന്നുകാണും വിധമുള്ള രൂപം നല്‍കി. മാത്രമല്ല, തന്റെ ശിഷ്യന്മാരില്‍ പെയിലനെ ഋക്‌വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.
പുരാണങ്ങള്‍ പഠിപ്പിച്ചത്‌ ലോമഹര്‍ണന്‍, ഉഗ്രശ്രവസ്സ്‌, ശ്രീ ശുകന്‍ എന്നിവരെയായിരുന്നു. ശ്രീ ശുകന്‍ വ്യാസന്റെ പുത്രനാണ്‌. പുരാണ പ്രചാരകന്മാരെ സൂതന്മാര്‍ എന്നാണ്‌ വിളിക്കുന്നത്‌.
പുരാണങ്ങളും വേദങ്ങളും പഠിപ്പിക്കുന്ന 35,000ഓളം ശിഷ്യന്മാര്‍ വ്യാസന്‌ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. വ്യാസന്‍ ലോകഗുരുവാണ്‌.

   വേദം
🔱  പശ്ചാത്തലം  🔱
ഇന്തോ ആര്യന്മാരുടെ മദ്ധ്യേഷ്യയിൽ നിന്നും ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും.   വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൽ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.

🔱  വേദശാഖകൾ  🔱
കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.

 ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല.
സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം ,അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു . നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

മഹാഭാരതം 🔱🔱🔱🔱🔱🔱
⚔⚔⚔⚔⚔⚔⚔⚔⚔⚔⚔
വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു.

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.

ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതൽ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂർവ്വജന്മത്തിൽ 'കൽഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനൻ' എന്നായിരുന്നല്ലോ.

പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം.

വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.

വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.


ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ
ഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെഇലിയഡിലേയുംഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തിൽ 82136 ഉം ദക്ഷിണാഹ പാഠത്തിൽ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും
. ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നുതന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലെ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു.

പ്രധാന കഥ
മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയുംധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

കഥാഗാത്രo
ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം.

വൈദിക കഥകൾ
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്‌. വേദപാരമ്പര്യത്തിൽ നിന്നും, ബ്രാഹ്മണ സംസ്കാരത്തിൽ നിന്നും ഉയിർക്കൊണ്ടതാവണം അവ. പാതിവ്രത്യമാഹാത്മ്യത്തെ വാഴ്ത്തുന്ന സത്യവതിയുടെ കഥയും, സത്യമാഹാത്മ്യത്തെ അടിസ്ഥാനമാക്കിയിരിക്കുന്ന ഹരിശ്ചന്ദ്രന്റെ കഥയും അക്കൂട്ടത്തിൽ പെടുന്നു.

ജന്തുസാരോപദേശകഥകൾ
ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌.

ശാസനകൾ
ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും.

ധർമ്മശാസ്ത്രതത്വങ്ങൾ
മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌
വിദുരനീതി
സനത്‌സുജാതീയം
ഭഗവദ്ഗീത
അനുഗീത
എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേർക്കപ്പെട്ടത്.

ചിന്താപരതയും കലാപരതയും
ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌" എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാർത്ഥത്തിൽ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂർണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു.

മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലുംബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌"എന്നാണത്രെ.

പുരാണങ്ങൾ
പുരാ അപി നവം'' പഴയതാണെങ്കിലും പുതുമയാര്‍ന്നത് എന്നര്‍ത്ഥത്തിലാണ് പുരാണശബ്ദം ഉപയോഗിക്കുന്നത്. പുരാണങ്ങള്‍ ആകെ 18. എല്ലാം വ്യാസഭഗവാന്‍ രചിച്ചു. 1. ബ്രഹ്മപുരാണം ഗ്രന്ഥങ്ങള്‍ 10,000 2. പദ്മപുരാണം ഗ്രന്ഥങ്ങള്‍ 55,000 3. വിഷ്ണുപുരാണം ഗ്രന്ഥങ്ങള്‍ 23,000 4. ശിവപുരാണം ഗ്രന്ഥങ്ങള്‍ 24,000 5. ഭാഗവതപുരാണം ഗ്രന്ഥങ്ങള്‍ 18,000 6. നാരദപുരാണം ഗ്രന്ഥങ്ങള്‍ 25,000 7. മാര്‍ക്കണ്ഡേയ പുരാണം ഗ്രന്ഥങ്ങള്‍ 9,000 8. അഗ്നിപുരാണം ഗ്രന്ഥങ്ങള്‍ 15,400 9. ഭവിഷ്യപുരാണം ഗ്രന്ഥങ്ങള്‍ 14,500 10. ബ്രഹ്മവൈവര്‍ത്ത പുരാണം ഗ്രന്ഥങ്ങള്‍ 18,000 11. ലിംഗപുരാണം ഗ്രന്ഥങ്ങള്‍ 11,000 12. വരാഹപുരാണം ഗ്രന്ഥങ്ങള്‍ 24,000 13. സ്‌കന്ദ പുരാണം ഗ്രന്ഥങ്ങള്‍ 81,000 14. വാമനപുരാണം ഗ്രന്ഥങ്ങള്‍ 10,000 15. കൂര്‍മ്മപുരാണം ഗ്രന്ഥങ്ങള്‍ 17,000 16. മത്സ്യപുരാണം ഗ്രന്ഥങ്ങള്‍ 14,000 17. ഗരുഡപുരാണം ഗ്രന്ഥങ്ങള്‍ 19,000 18. ബ്രഹ്മാണ്ഡ പുരാണം ഗ്രന്ഥങ്ങള്‍ 12,000

വ്യാസനെപരിചയപ്പെടുത്തിയാൽ തീരില്ല .
ഏത് കൃതിയും വായിക്കപ്പെടാനായി വ്യാസന്റെ പേരിൽ ചാർത്തുന്ന സ്വഭാവവും പണ്ടുണ്ടായിരുന്നു.
ഇവയിൽ ഏത് ഏത് യഥാർത്ഥ വ്യാസൻ , ഏത് ആരോപിതൻ എന്ന് വായനയുടെ സംസ്കാരം ലഭിച്ച വായനക്കാരന്റെ ഔചിത്യത്തിനു വിട്ടു കൊണ്ട്
ഇന്നലെ ലോക സാഹിത്യ വേദിയിൽ നിന്നും വിടവാങ്ങുന്നു.

കൂട്ടിച്ചേർക്കാൻ ഇഷ്ടം പോലെയുണ്ടന്നറിയാം