30-04b


അടുത്ത നോവലിലേക്ക്
വിശുദ്ധ  ലിഖിതങ്ങൾ
               നോവൽ
       ജോണി മിറാൻഡ

പ്രസാ : സീഡ് ബുക്സ്, തൃശൂർ,
ഫോൺ : 9495503724
വില    : ₹ 119.

ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള   ഒപ്പീസ്, പുഴയുടെ പര്യായം എന്നീ നോവലുകൾക്ക്  ശേഷം  ശ്രീ ജോണി മിറാൻഡയുടെ ഏറ്റവും പുതിയ നോവലാണ്. വിശുദ്ധ ലിഖിതങ്ങൾ.

ഈ പുസ്തകത്തിൽ പപ്പാഞ്ഞിയുടെ ചിത്രം,  വിശുദ്ധ ലിഖിതങ്ങൾ,  മണൽതിട്ടിലെ കടൽകാക്കകൾ എന്നീ മൂന്നു നോവലുകളാണ് ഉള്ളത്.

മലയാള സാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത മൊഴിവഴക്കങ്ങളാണ് ആംഗ്ലോ ഇന്ത്യൻ സംസ്കാരത്തിനുള്ളത്. ആ സംസ്കാരത്തിനകത്തെ ഭാഷയും ജീവിതവുമാണ് ജോണി മിറാൻഡ ഈ മൂന്നു നോവലുകളിലൂടെ പറഞ്ഞു വെയ്ക്കുന്നത്.

എൻ  എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകളിലാണ് ഉപ്പുമണം മണക്കുന്ന ഈ ഭാഷ മുൻപ് നമ്മൾ കേട്ടത്. എന്നാൽ  അത് പൂർണ്ണവുമല്ല.

ആ ഭാഷയുടെ തനിയാവർത്തനമല്ല , ചോരപൊടിയുന്ന മുറിവുകളുടെ സങ്കീർത്തനമാണ് ഈ മൂന്നു  നോവലുകൾ.

കൊച്ചി നഗരത്തിന് തൊട്ടടുത്തായിട്ടും  ഗ്രാമ വിശുദ്ധി സൂക്ഷിച്ചിരുന്ന സ്ഥലങ്ങളാണ് പോഞ്ഞിക്കരയും കടമക്കുടിയുമൊക്കെ.
ശ്രീ. വി.  ജെ. ജയിംസിന്റെ പുറപ്പാടിന്റെ പുസ്തകത്തിൽ പരാമർശിക്കുന്ന പോട്ട തുരുത്തും ഇതേ ഭൂമികയാണ്. ഇപ്പോൾ  ഗോശ്രീ  ഐലന്റ്  എന്ന പേരിൽ പാലങ്ങളാൽ കൊച്ചി നഗരവുമായി ഈ പ്രദേശങ്ങൾ  ബന്ധിച്ചിരിക്കുന്നു.

നോവലുകളിലൂടെ യാത്ര  ചെയ്യുമ്പോൾ 👇👇👇👇👇

പപ്പാഞ്ഞിയുടെ ചിത്രം

"അങ്കിളെന്താണ് ഇതുവരെ പപ്പാഞ്ഞിട  ഒരു പോർട്രേറ്റ് വരച്ച് വെക്കാത്തത്"

ഈ ചോദ്യത്തിലാണ് അൾസോച്ച  തന്റെ പപ്പാഞ്ഞിയുടെ ( മുത്തശ്ശന്റെ)ചിത്രം വരയ്ക്കണമെന്ന  ശാഠ്യത്തിലേക്കുണരുന്നത്. ചിത്രകാരനെങ്കിലും ബാനർ എഴുത്തെന്ന  കൂലിയെഴുത്തിലേക്ക് മുഴുകി സാമാന്യം തരക്കേടില്ലാത്ത വരുമാനം  അൾസോച്ച  ഉണ്ടാക്കുന്നുണ്ട്.
ചിന്ത മുഴുവൻ പപ്പാഞ്ഞിയിലേക്കായി. നാലഞ്ചു വയസ്സിന്റെ ചെറുപ്പമുള്ള ഓർമ്മയിൽ പപ്പാഞ്ഞിയുടെ ചിത്രമില്ല. ഫോട്ടോകൾ പരിശോധിച്ചു. പപ്പാഞ്ഞിയെ നേരിൽ കണ്ടവർക്കല്ലേ പപ്പാഞ്ഞിയുടെ ഫോട്ടോ തിരിച്ചറിയാൻ പറ്റൂ. അൾസോച്ച  അതിനായി തിരിച്ചു.  പലരും  ഓർമ്മയിൽ തടയുന്നു. ചരിത്രം കിട്ടിയെങ്കിലും തിരിച്ചറിയുന്ന ഒരു ചിത്രം കിട്ടിയില്ല.  അവസാനം അയാളിലെ കലാകാരനുണർന്നു. പറഞ്ഞു കേട്ട വിവരങ്ങളിൽ നിന്ന് അയാൾ പപ്പാഞ്ഞിയെ വരയ്ക്കുന്നു.

പക്ഷാഖാതം വന്നു കിടപ്പിലായ ഭാര്യ തേക്ലയുടെ മരണവും പപ്പാഞ്ഞിയുടെ ചിത്രം  പൂർത്തിയായതും ഒരേ ദിവസം. .........

പിന്നീട്  കണ്ടവരൊക്കെ ചിത്രം യഥാർത്ഥ പപ്പാഞ്ഞിയുടേതെന്ന് പ്രശംസിക്കുന്നു.

കുടുംബത്തിലെ മൂത്ത കാരണവരുടെ ശവസംസ്ക്കാരത്തിനുപോയ  അൾസോച്ച,  തികച്ചും  അപരിചിതരായ  രണ്ടു പേരുടെ സംസാരത്തിൽ നിന്ന് പപ്പാഞ്ഞിയുടെ മരണകാരണം ഗ്രഹിക്കുന്നു. .........

തിരിച്ചെത്തിയ  അൾസോച്ച മറ്റൊരാളായിരുന്നു.............

വിശുദ്ധ ലിഖിതങ്ങൾ

പിതാവിന്റെ വഴിവിട്ട പോക്കും  അമ്മയുടെ തീരാദുരിതവും അവരുടെ മരണം പകർന്ന വേദനയും സഹിയാതെ അനാഥനായ് ഓടിമറയുന്ന സണ്ണി  എന്ന ബാലൻ.

അവനെ  മകനായി കരുതി ശില്പവിദ്യ പകർന്നു കൊടുക്കുന്ന  ആശാൻ.  തന്റെ പിതാവിന്റെ  അമിതമായ  ലൈംഗീക ദാഹം തന്റെ കൊച്ചു കളിക്കൂട്ടുകാരിയെക്കൂടി നഷ്ടപ്പെടുത്തിയത് അവന്റെ മനസ്സിൽ പിടയുന്ന  നൊമ്പരമാണ്. എന്നാൽ  അവനോ.......

ഏതിൽ നിന്നോടിയൊളിച്ചോ, അതേ തെറ്റിന്റെ ചാലിലൂടെ, അതും  തിരുത്താനാകാത്ത തെറ്റുകളുടെ വഴുവഴുത്ത  നിലങ്ങളിലൂടെ പ്രായ്ചിത്തം ചെയ്യാനാവാതെ അലയാൻ വിധിക്കപ്പെടുന്നു.

വിശുദ്ധ ലിഖിതങ്ങളുടെ ശാന്തതയല്ല...... തലേവരയുടെയും വിധി വിഹിതത്തിന്റെയും രൂക്ഷമായ ന്യായവിധിയായി മാറുന്നു.

മണൽതിട്ടിലെ  കടൽകാക്കകൾ

കാസ്പറച്ച, ഓർമ്മകളുടെ ഞരമ്പുകളിൽ മനോ വിഭ്രാന്തിയുടെ പുഴുക്കളരിക്കുന്ന ഒരാൾ.  അയാൾക്കാണോ ഭ്രാന്ത്  അതോ  ആ വീടിനോ അതോ  അതിലെ അംഗങ്ങൾക്കോ......

ഓർമ്മയുടെ തുരുത്തുകളിൽ ആലംബം നഷ്ടപ്പെട്ടലയുമ്പോഴും കാതരമായ  ഒരു സ്വപ്നം അയാളിലുണ്ടായിരുന്നു. ക്ലാര. ഒരിക്കലും തുറന്നു പറയാത്ത പ്രണയമായി അതയാളിൽ നീറി.

അതേ ക്ലാരയുടെ മകളെ തന്റെ മകൻ പ്രണയിച്ചപ്പോഴും വിവാഹം ചെയ്തപ്പോഴും ആ സാന്നിധ്യത്തിന്റെ മാധുര്യം അയാൾ  കൊതിച്ചു.  പക്ഷേ.........

നിഷ്കളങ്കമായ  ആംഗ്ലോ  ഇന്ത്യൻ  ജീവിതങ്ങളുടെ അരികുകൾ
ഒരു ചിത്രകാരൻ കൂടിയായ  ജോണി മിറാൻഡ ഭംഗിയായി  ഈ നോവലുകളിൽ വരച്ചിടുന്നു.

വ്യത്യസ്തമായ വായനയനുഭവം തരുന്ന മൂന്നു നോവലുകൾ  വിശുദ്ധ  ലിഖിതങ്ങളിലൂടെ വായിക്കാം.

മലയാളത്തിന്റെ പ്രിയ കഥാകാരൻ സക്കറിയയുടെ അവതാരിക ഈ നോവലിന്  പൊൻകിരീടമാകുന്നു.

തയ്യാറാക്കിയത്  :  കുരുവിള ജോൺ