30-04


ഇന്ന് നമ്മുടെ കൂട്ടിലെ ഒരു എഴുത്തുകാരനിലേക്ക്

ഒറ്റപ്പെട്ടവന്റെ സുവിശേഷം  
നോവൽ
അശോക് ഡിക്രൂസ്

   "എന്തുകൊണ്ടാണ് ന്യായത്തിന്റെ പക്ഷത്തുള്ളവന് ഇത്രയും സഹിക്കേണ്ടി വരുന്നത്.
ദൈവം ഇയ്യോബിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽക്കുന്നില്ല.
ഒരു മറു ചോദ്യമായിരുന്നു മറുപടി.
   കാട്ടാട് പെറ്റുപെരുകുന്നത് എങ്ങന്നെയാണെന്നറിയാമോ?
കൊക്കുകൾ പറക്കുന്നതും മഞ്ഞുരുകുന്നതും എങ്ങനെയാണെന്ന് നിനക്കറിയാമോ?
ഇയ്യോബ് അമ്പരന്നു പോയി;
അരിയെത്ര എന്നു ചോദിച്ചതിന് പയറഞ്ഞാഴി എന്നു മറുപടി പോലെ ".

                   ആകാശത്തിനും ഭൂമിക്കും മധ്യേ ഉപേക്ഷിക്കപ്പെട്ടവന്റെനിലവിളിയായിരുന്നു ഇയ്യോ ബിന്റേത്. അത്തരമൊരു നിലവിളി 'പച്ച മലയാളം' അജീഷ് വഴി എഴുത്തുകാരനെ തേടി എത്തുന്നു. അയാളുടെ കഥ ബൈബിളിന്റെ പച്ചപ്പിൽ പൊതിഞ്ഞവതരിപ്പിക്കുന്ന നോവലാണ് ,ഒറ്റപ്പെട്ടവന്റെ സുവിശേഷം .

   കഥയിലെ സംഭവങ്ങളൊക്കെ ആണ്ട് മാസം തീയതിയുടെ അകമ്പടിയോടെ കടന്നു വരുന്നതിനാൽ ,എഴുത്തുകാരന്റെ അവസാന തുറന്നെഴുത്തിലെത്തുന്നതിനു മുമ്പു തന്നെ ഒരു സത്യ കഥയാണിതെന്ന ധാരണ വായനക്കാരിലുറക്കും.

      ഒറ്റപ്പെടുക എന്നത് ചിലരുടെ ശാപമാണ്! ഇതിലെ പേരില്ലാത്ത നായകൻ സ്വന്തം മാതാപിതാക്കളുടെ മനസ്സിൽ നിന്ന് ഒറ്റപ്പെട്ടതി ന്റെ വേദന പങ്കുവയ്ക്കുന്നതിനിടയിൽ അയാൾ അറിയുന്നില്ല, തന്റെ മകളുടെ യുക്തിബോധത്തിന്റെ മൂശയിൽ വാർന്നു വീണ ഹൃദയത്തിൽ നിന്നും അയാൾ ഒറ്റപ്പെടുകയായിരുന്നു, എന്നത്.
     കഥ പറയലിന് ഒരു തനിമയുള്ള രീതി ഈ നോവലിലുണ്ട്. പിതാവും പുത്രിയുമായുള്ള സംവാദ രൂപത്തിനുള്ളിൽ പിതാവിന്റെ സ്വഗതങ്ങൾ അലഞ്ഞു ചേരുന്ന രീതി, അതിനോടെപ്പംഓരോ അധ്യായത്തിന്റെ കഥാ സൂചന തരുന്ന "പഴയനിയമ" ഭാഗവും ,കഥയുടെ രണ്ടാം ശ്വാസമാവുന്ന ഇസഹാക്കിന്റെയും മക്കളുടെയും കഥയും ചേർത്ത് ഉണ്ടാക്കി എടുക്കുന്ന ബൈബിൾ അന്തരീക്ഷം; ഒപ്പം ചില അധ്യായങ്ങളുടെ അവസാനത്തിൽ തുടർനോവലുകൾ സ്വീകരിക്കുന്ന ആകാംഷ നിലനിർത്തൽ തന്ത്രവും, ആദ്യം മുതൽ ഉപയോഗിക്കുന്ന അന്യാപദേശത്തിന്റെ ബിബ്ലിക്കൽ രൂപവും കൂടി ചേരുന്ന ഈ നവ രചനാ തന്ത്രം ശ്രദ്ധേയമാണ്.

   കഥാനായകൻ ഏശാവുമല്ല; യാക്കോബുമല്ല.
     ജനനം കൊണ്ട് യാക്കോബും ,ജീവിതം കൊണ്ട്  വക്രബുദ്ധിക്കടിപ്പെട്ട ഏശാവും;പിതൃസ്നേഹത്തിന്റെ കാര്യത്തിൽ യാക്കോബും, മാതൃസ്നേഹത്തിൽ ഏശാവും.
       സ്വന്തം വീട്ടുകാരാൽ വെറുക്കപ്പെട്ടതിന്റെ വേദനയും, അവരുടെ ചതിപ്രയോഗങ്ങൾ തിരിച്ചറിയുമ്പോഴുണ്ടാവുന്ന രോഷവും, നമ്മെ കൊണ്ടെത്തിക്കുന്നത് ഇതിൽ സത്യമെത്ര, നായകന്റെ സങ്കൽപ്പമെത്രഎന്ന സംശയത്തിലാണ്.
പിതാവിനെ വേദനിപ്പിക്കാതെ വേണം കഥയെഴുതാനെന്ന ആവശ്യം പൂർത്തികരിക്കപ്പെട്ടുവോ എന്നു സംശയമാണ്! അവസാനം മകൾക്ക് നൽകുന്ന കത്ത് എഴുതിയത് നായകനോ ലേഖകനോ?

          രതീഷ്



















ഇങ്ങനെയൊരു നോവലെഴുതാൻ കാരണക്കാരനായ *അജീഷ് മാഷ്ടെ*fbപോസ്റ്റിലേക്ക്....👇👇
ഒറ്റപ്പെട്ടവന്റെ സുവിശേഷം
പ്രിയ സുഹൃത്ത് അശോക് ഡിക്രൂസിന്റെ പുതിയ നോവൽ പുറത്തിറങ്ങുന്നു. 'ഒറ്റപ്പെട്ടവന്റെ സുവിശേഷം ' . രണ്ടു ദിവസം മുൻപ് അശോക് മെസേജയച്ചു. ആ അമേരിക്കക്കാരന്റെ കഥയാണ് എന്നു പറഞ്ഞു. എന്റെ ഓർമകൾ രണ്ടു മൂന്നു വർഷം പിന്നിലേയ്ക്കു പോയി.

ഒരു ദിവസം രാത്രി ഒരു ഫോൺ കോൾ. സാർ അജീഷല്ലേ... ഞാൻ അമേരിക്കയിൽ നിന്നാണ് വിളിക്കുന്നത്. സാറിന്റെ പച്ചമലയാളം ബ്ലോഗിൽ നിന്നാണ് നമ്പർ കിട്ടിയത് ...ബ്ലോഗ് നന്നായിരിക്കുന്നു എന്നു പറഞ്ഞു. എനിക്ക് സന്തോഷവും അത്ഭുതവും തോന്നി. അമേരിക്കയിൽ വരെ എന്റെ ബ്ലോഗ് വായിക്കുന്നല്ലോ...! നാട്ടിൽ നിന്ന് സംശയം ചോദിച്ച് പലരും വിളിക്കാറുണ്ട്. ഇതതു പോലല്ല.... പിറ്റേന്നും അയാൾ വിളിച്ചു. സാർ എനിക്കെന്റെ കഥയെഴുതിത്തരാമോ എന്നു ചോദിച്ചു. ഞാൻ കഥകളൊന്നും എഴുതാറില്ലെന്നും വല്ലപ്പഴും ചില കവിതകളെഴുതാറുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും അയാൾ വിട്ടില്ല. എന്റെ തിരക്ക് ആലോചിക്കാതെ കഥ പറയാൻ തുടങ്ങി.... അയാളുടെ ജീവിത കഥ.... അച്ഛനിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച്... പരിഗണന ലഭിക്കാത്തതിനെക്കുറിച്ച്, വ്യക്തിത്വം അംഗീകരിക്കപ്പെടാത്തതിനെക്കുറിച്ച്... ഞാൻ വീണ്ടും ഒഴിഞ്ഞു മാറിയപ്പോൾ അയാൾ പറഞ്ഞു. "സാർ... എനിക്ക് എന്റെ ഉള്ളിലുള്ളത് എഴുതാൻ കഴിയില്ല. പക്ഷേ... പറയാൻ കഴിയും. അത് നന്നായി എഴുതാൻ കഴിയുന്ന ഒരാളെ എനിക്കു പരിചയപ്പെടുത്തിത്തരൂ... പണം ഞാൻ ചെലവാക്കാം എങ്കിലും എഴുതിയേ പറ്റൂ.... "

പെട്ടെന്നാണ് ഞാൻ പ്രിയ സുഹൃത്ത് അശോകിനെക്കുറിച്ചോർത്തത്. മലയാളം സർവകലാശാലയിൽ അധ്യാപകനായി ജോലി ചെയ്യുന്ന അശോക് നല്ലൊരു എഴുത്തുകാരനും കലാകാരനുമാണ്. നേരത്തെ കുറച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പല പുരസ്കാരങ്ങൾ നേടിയിട്ടുമുണ്ട്....
ഒട്ടും ആലോചിച്ചില്ല... അയാൾക്ക് ഞാൻ അശോകിന്റെ നമ്പർ കൊടുത്തു. ഞാൻ പറഞ്ഞിട്ട് വിളിക്കുകയാണെന്നു പറയാൻ പറഞ്ഞു...

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അശോകിന്റെ വിളി. നീ നല്ല പണിയാ കാണിച്ചേ... എന്റെ സ്വസ്ഥത നഷ്ടപ്പെട്ടു എന്നൊക്കെപ്പറഞ്ഞു. സാരമില്ല... കഴിയുമെങ്കിൽ എഴുതിക്കൊടുക്കൂ എന്നു പറഞ്ഞു... വർഷങ്ങൾ കഴിഞ്ഞു. അമേരിക്കക്കാരനെ ഞാൻ മറന്നു തുടങ്ങി. അയാളുടെ കഥകളേയും... അപ്പോഴാണ് അശോക് സർപ്രൈസ് എന്നു പറഞ്ഞ് ഈ നോവലിനെക്കുറിച്ചു പറഞ്ഞത്...
" അതിയായ സന്തോഷം... ഇതുവരെ നേരിട്ടു കാണാത്ത അമേരിക്കക്കാരനായ സുഹൃത്തിന്റെ ജീവിതം നോവൽ രൂപത്തിൽ വരാൻ കാരണക്കാരനായതിൽ... നേരിൽ കാണാത്ത പ്രിയപ്പെട്ട കൂട്ടുകാരാ... സന്തോഷിക്കൂ.... "
വിങ്ങുന്ന കടലാണ് അയാൾ.... അതു മുഴുവൻ ഒപ്പിയെടുക്കാൻ അശോകിന്റെ തൂലികയ്ക്ക് കഴിവുണ്ട് എന്നും വിശ്വസിക്കുന്നു...
എന്റെ സുഹൃത്തുക്കൾ പുസ്തകം വാങ്ങുക... വായിക്കുക...
അഭിനന്ദനങ്ങൾ നേരുന്നു...


 ഒറ്റപ്പെട്ടവന്റെ സുവിശേഷം ശരൺകുമാർ ലിംബാളെ പ്രകാശിപ്പിക്കുന്നു.




യാദൃച്ഛികമായി കഥാകാരൻ തന്നെ തന്റെ കയ്യൊപ്പോടെ എനിക്കു തന്ന നോവലാണ് ഒറ്റപ്പെട്ടവന്റെ സുവിശേഷം.രതീഷ് മാഷ്ടെ ഗംഭീര കുറിപ്പ് കൂടി വായിച്ചപ്പോൾ ആ നോവൽ വായനയിൽ അനുഭവപ്പെട്ട കാര്യങ്ങൾ ഒന്നുകൂടി മനസ്സിലോടിയെത്തി..
    ഉടലറിവാണ് ആത്മാവിന്റെ അപ്രഖ്യാപിത ശത്രുവും ,അപ്രഖ്യാപിത യജമാനനും എന്ന തിരിച്ചറിവുള്ള....ബെെബിളിലെ ഏശാവിനെപ്പോലെ രോമാവൃത ശരീരത്തോടൊപ്പം അതേ അനുഭവം കൂടി പകർന്നു കിട്ടിയ...സാന്ത്വനസ്പർശത്തിനും സ്നേഹവചനങ്ങൾക്കും ശരീരവും മനസ്സും കൊതിച്ച... ഡാ കരിപ്പെട്ടീ...എന്ന പിതാവിന്റെ ആക്രോശത്തിനു മുമ്പിൽ പതറാതെ പിടിച്ചുനിന്ന...പേരില്ലാ നായകൻ എന്റെ മനസ്സിലുണ്ടാക്കിയ സംഘർഷം ..
   നോവലിസ്റ്റ് അശോക് സാറിനുംവായനാക്കുറിപ്പ് തയ്യാറാക്കിയ രതീഷ്മാഷിനുംസ്നേഹാഭിവാദ്യങ്ങൾ..


ജീവിതത്തിലെ സുന്ദരമായൊരു ദിവസം. എന്റെ നോവലിനെക്കുറിച്ച് നിലവാരമുള്ള വായനക്കുറിപ്പ് നമ്മുടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടുന്നു, അതിന്റെ അനുബന്ധങ്ങളും. പക്ഷേ, എനിക്ക് ഇന്നലെ അക്കൂട്ടത്തിൽ എന്തൊക്കെയോ കൂട്ടിച്ചേർണമെന്നുണ്ടായിരുന്നു നടന്നില്ല. ഇല്ല, അതിന്റെ ആവശ്യമില്ല. സ്വയം സമ്പൂർണമായിരുന്നു കുറിപ്പുകൾ. രതീഷ് മാഷിന്റെ സാഹസികതയ്ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ; ഒപ്പം പ്രജിത ടീച്ചറുടെ നല്ല വാക്കുകൾക്കും. പുസ്തകത്തെ ശ്രദ്ധിച്ച എല്ലാവർക്കും നന്ദി.🙏🏽 
അശോക് ഡിക്രൂസ്