29-11

📚📚📚📚📚📚📚📚🖋🖋🖋🖋🖋🖋🖋🖋
📖📖📖📖📖📖📖📖
       ലോകസാഹിത്യം
നെസി
📚📚📚📚📚📚📚📚
🖋🖋🖋🖋🖋🖋🖋🖋📖📖📖📖📖📖📖📖
📚📚📚📚📚📚📚📚🖋🖋🖋🖋🖋🖋🖋🖋
ജന്മാന്തര വാഗ്ദാനങ്ങൾ
🖋🖋🖋🖋🖋🖋🖋🖋📚📚📚📚📚📚📚📚
       ജയശ്രീ മിശ്ര
🖋🖋🖋🖋🖋🖋🖋🖋📚📚📚📚📚📚📚📚

ജന്മാന്തര വാഗ്‌ദാനങ്ങള്‍
📕📕📕📕📕📕📕📕
കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവുമായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്‌പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു.



കുടുംബം എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ തിരുത്തലുകൾക്ക് ഒരു സ്ഥാനവുമില്ലേ? ജീവിതത്തിലെ ചെറിയ തെറ്റുകൾ പോലും തിരുത്തുന്നവർ ജീവിതം തന്നെ തെറ്റിപ്പോയാൽ തിരുത്താൻ മടിക്കുന്നതെന്തിന്? ആർക്കു വേണ്ടിയാണ് സ്വന്തം ജീവിതം ജീവിച്ചു തീർക്കേണ്ടത്? അതു തനിക്കു വേണ്ടി കുടിയാവണം എന്നെങ്കിലും ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതില്ലേ? ഉണ്ട് എന്നു തന്നെയാണ് നോവലിലൂടെ പറഞ്ഞു പോകുന്നത്. ഈ നോവല്‍ സ്നേഹ നിധിയായ മകളുടെ , പ്രണയാതുരായായ പെണ്‍കുട്ടിയുടെ , ത്യാഗിയായ കാമുകിയുടെ , ഭര്‍തൃ വീട്ടില്‍ അധികപ്പറ്റായ ഒരു ഭാര്യയുടെ , നിസ്സഹായയായ അമ്മയുടെ , കഥയാണ്‌. ആ പരിമിതികളെ മറികടക്കുന്ന സ്ത്രീയുടെ  കഥയുമാണ് ജന്മാന്തര വാഗ്ദാനങ്ങൾ. സ്വന്തം ജീവിതം ആരുടെയൊക്കൊയോ ഔദാര്യമാണെന്ന് വിശ്വസിച്ച് അതിനെ അടിമുടി ഉടച്ചു കളയുന്ന സ്ത്രീകളിൽ നിന്ന് വ്യത്യസ്തയാണ് ജാനകി. പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങളുടെ വിഴുപ്പുഭാണ്ഡവുപേറി ഇഴഞ്ഞും വലിഞ്ഞും അവസാനിക്കുന്ന ജന്മങ്ങൾ.... അത്തരം ജീവിതങ്ങൾക്ക് അല്ല മരണങ്ങൾക്ക് ഒരുത്തരമാണ് ജന്മാന്തര വാഗ്ദാനങ്ങൾ. വായിച്ചു തീർന്നിട്ടും തീരാതെ, കെടാതെ മനസ്സിൽ കത്തിപ്പിടിച്ച വേദനയുടെ പൊരികളാണ് ഈ പുസ്തകത്തെ കുറിച്ച് നിങ്ങളോട് പറയാൻ കാരണം. താൻ തന്നെയാണ് ജാനകിയെന്ന് ഓരോ വായനക്കാരിയും തിരിച്ചറിയുന്ന ഒരു പാട് മുഹൂർത്തങ്ങൾ നോവലിലുണ്ട്. വായിച്ച അന്നു മുതൽ പരിചയപ്പെടുത്താൻ ആഗ്രഹിച്ച നോവലാണിത്. വായിച്ചവർ ധാരാളമുണ്ടാവുമെന്നറിയാം. അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമല്ലോ...   
                             നെസി

നെറ്റിൽ നിന്ന്
ജയശ്രീ മിശ്രയുടെ ആദ്യ നോവലാണ്‌ ‘Ancient Promises’. ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായിരുന്നു ഇത്. എ എസ് പ്രിയയാണ്‌ ജന്മാന്തര വാഗ്ദാനങ്ങള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഖലീല്‍ ജിബ്രാന്റെ പ്രവാചകനിലെ വരികള്‍ ആമുഖമാക്കിയാണ്നോവല്‍ തുടങ്ങുന്നത്. നോവലിന്റെ അന്ത:സത്ത മുഴുവന്‍ അടങ്ങുന്നുണ്ട് ഈ വരികളില്‍.

ജിബ്രാന്‍ എഴുതുന്നു.

‘ഇന്നലെ സ്വപ്നത്തിലാണ് നമ്മള്‍ കണ്ടുമുട്ടിയത്‌,
എന്റെ ഏകാന്തതയില്‍ നീയെനിക്ക് പാടിത്തന്നു
ഞാനോ നിന്നെക്കുറിച്ചുള്ള ആശകള്‍ കൊണ്ട്
ഒരാകാശഗോപുരം തന്നെ പടുത്തുയര്‍ത്തി.
ഉറക്കം ഓടിപ്പോയി, സ്വപ്നം തീര്‍ന്നും പോയി,
പുലരി വന്നെത്തിയിട്ടുമില്ല, നമുക്ക് മുകളില്‍ മധ്യാഹ്നം,
പാതിയില്‍ നിന്ന് മുഴുവനാകുന്ന ഉണര്‍വ്വ്
ഇനി നാം വേര്പിരിയണം.
ഓര്‍മയുടെ സായന്തന വെളിച്ചത്തില്‍
നമ്മളൊരു വട്ടം കൂടി കണ്ടു മുട്ടിയാല്‍
അന്ന് വീണ്ടും ഒന്നിച്ചിരുന്നു സംസാരിക്കാം
അന്ന് കൂടുതല്‍ സന്ദ്രമായൊരു പാട്ട്
നീയെനിക്ക് പാടിത്തരേണം.
മറ്റൊരു സ്വപ്നത്തില്‍ വച്ച് നമ്മുടെ കൈകള്‍
കണ്ടുമുട്ടിയാല്‍, അന്ന് നമുക്ക്
വീണ്ടുമൊരാകാശ ഗോപുരം പണിയേണം.

പ്രണയത്തിന്റെയും വിരഹത്തിന്റെയും നോവും അനുഭൂതിയും, ഒത്തു ചേരാത്ത ദാമ്പത്യം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍, മാതൃത്വത്തിന്റെ ആത്മഹര്‍ഷങ്ങള്‍ ഇവയൊക്കെ ഇഴയടുക്കി വയ്ക്കുന്ന സുന്ദരമായ രചന. ആത്മ കഥാംശം എന്ന പ്രത്യേകത കൂടിയുണ്ട് ജയശ്രീയുടെ ഈ രചനക്ക്. അക്ഷരങ്ങള്‍ താളുകളില്‍ നിന്നു ഇറങ്ങി, മക്കളുടെ പഠനത്തില്‍ സഹായിക്കും നേരത്ത് പഠനമേശക്കു ചുറ്റും നിന്നു ബഹളം വെച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? സ്ഥലങ്ങളും സന്ദര്‍ഭങ്ങളും എവിടെയോ കണ്ട് മറന്നവയല്ലോ എന്ന് തല പുകക്കും നേരത്ത് ഇത് ഞങ്ങളുടെ രണ്ടാം ജന്മം എന്ന് പരിഹസിച്ച് ചിരിച്ചാല്‍ എന്ത് ചെയ്യും? പാത്രങ്ങള്‍ കഥയില്‍ നിന്നു ഇറങ്ങി ഓഫീസിലെ തിരക്കേറിയ നിമിഷങ്ങളില്‍ അരികെ കസേര വലിച്ചിട്ടു ഇരുന്നു സംസാരിച്ചു തുടങ്ങിയാല്‍ എന്ത് ചെയ്യും? ഇതാണ് ‘ജന്മാന്തര വാഗ്ദാനങ്ങള്‍’ വായിച്ചു തീര്‍ന്ന എന്റെ അവസ്ഥ.

ഒരു ശരാശരി പ്രവാസി പെണ്‍കുട്ടിയുടെ അടുക്കില്ലാത്ത കൌമാര ജീവിതത്തില്‍ നിന്ന്‌, കളങ്ങളില്‍ വരച്ചിട്ട പോലത്തെ ഒരു ഹൈ ക്ലാസ്സ്‌ ജീവിതത്തിലേക്ക് ഭാര്യയെന്ന ഉദ്യോഗ കയറ്റതോടെ പറിച്ചു നടപ്പെട്ട അച്ഛനമ്മമാരുടെ പ്രിയപ്പെട്ട കുട്ടിയുടെ, കുട്ടിത്തം മാറാത്ത മനസ്സും ശരീരവും മനോഹരമായി വരച്ചു ചേര്‍ത്ത ജയശ്രീ മിശ്രയുടെ The ancient promises ഹൃദയത്തില്‍ ഒരു കനം ബാക്കിയാക്കുന്നു. ഒരു പക്ഷെ എഴുത്തുകാരിയോടൊപ്പം തന്നെ ആ ആത്മാവിനെ ഉള്ളിലേക്ക് ആവാഹിച്ചു തര്‍ജമ നടത്തിയ പ്രിയ എ എസ് ഒരു നീറ്റല്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു..

ഒരു കൃത്യമായ കാലയളവ്‌, എണ്ണി പറഞ്ഞാല്‍ 98 ദിവസങ്ങള്‍, സ്വപ്നത്തില്‍ മാത്രം പ്രാപ്യമായത് എന്ന് ധരിക്കുന്ന അത്രയും സൌഭാഗ്യങ്ങള്‍ വിധി മുന്‍പിലേക്ക് വെച്ച് നീട്ടിയാല്‍, എന്ത് ചെയ്യും നിങ്ങള്‍? കഴിഞ്ഞത് എല്ലാം മറന്നു ആര്‍ത്തിയോടെ വീണ്ടും അതിലേക്കു എടുത്തു ചാടുമോ? അതോ ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയില്‍ അതിനു പിന്‍ തിരിഞ്ഞു നടക്കുമോ? അതുമല്ല ഇത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ ആകാത്ത അവസ്ഥയില്‍ ത്രിശങ്കുവില്‍ തന്നെ നിന്ന് ആ അവസരം നഷ്ടപ്പെടുത്തുമോ? ഒരു വ്യക്തിയുടെ, സ്ത്രീയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് എഴുത്തുകാരി ഈ കഥയിലൂടെ നടത്തുന്നത് “കാലം തെറ്റി പൂത്ത കണിക്കൊന്നയെ കണ്ട് നിന്നവരൊക്കെ കളിയാക്കി. ആത്മാവില്‍ വസന്തം മുട്ടി വിളിക്കുമ്പോള്‍ പൂക്കാതിരിക്കുന്നതെങ്ങനെ?” എന്ന Dr. T.N സീമയുടെ നിസ്സഹായവും നിഷ്കളങ്കവുമായ ചോദ്യം തന്നെ ഇവിടെ ജാനു ചോദിക്കുന്നതും.

18 വയസ്സിലെ പ്രണയം അച്ഛനമ്മമാര്‍ക്ക് വേണ്ടി ഉപേക്ഷിച്ച്‌ അവര്‍ കണ്ടെത്തുന്ന വരനെ സ്വീകരിക്കുന്ന പ്രവാസി പെണ്‍കുട്ടിയാണ് കഥയില്‍ ജാനു എന്ന കേന്ദ്ര കഥാപാത്രം. പക്ഷെ വന്നു കേറിയ നിമിഷം തൊട്ട് എത്ര ശ്രമിച്ചിട്ടും ജാനുവിനെ കേരളത്തിലെ ഭര്‍തൃ വീട്ടില്‍ നിന്നു അകറ്റി നിര്‍ത്തിയ എന്തോ ഒന്ന്, ഒരുപക്ഷെ പഴയ തലമുറയ്ക്ക് മനസ്സിലാകാത്തതു, പരമ്പരാഗത മലയാളി വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തത് …ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജാനുവിനെ വീണ്ടും ആ പഴയ കൂട്ടുകാരനില്‍ തന്നെ തിരികെ എത്തിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യത്തിലേറെ തലയിടുന്ന മലയാളിയുടെ തനി സ്വഭാവമോ, കുടുംബങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരമോ ജനിച്ച്‌ വളര്‍ന്ന സാഹചര്യങ്ങളിലെ വ്യത്യസ്തതയോ അസുഖ ബാധിതയായ സ്വന്തം മകളോ എല്ലാം ആരോ വലിച്ചിട്ട ഒരു puzzle game ലെ അതതു ഭാഗങ്ങള്‍ ചേര്‍ത്ത് വെച്ചത് പോലെ സ്വന്തം ഭാഗങ്ങള്‍ ഭംഗിയായി ചേര്‍ത്ത് വെച്ച് എന്ന് മാത്രം കേരളത്തിന്‌ പുറത്തു വളര്‍ന്ന/ജീവിച്ച മലയാളി പെണ്‍കുട്ടികള്‍ ഇന്നല്ലെങ്ങില്‍ നാളെ അഭിമുഖീകരിക്കേണ്ടി വരുന്ന ‘കള്‍ച്ചറള്‍ ഷോക്ക്’ കഥയിലെ പ്രധാന ഭാഗമാണ്. ഒരു പക്ഷെ അത് കൊണ്ട് ആയിരിക്കണം , സ്വജീവിതത്തോട് ഇത്രയേറെ ചേര്‍ന്നു നില്‍ക്കുന്നത് എന്ന തോന്നലില്‍ ഒരു വായനക്കാരി എന്ന അവസ്ഥയില്‍ നിന്നു മാറി ജാനുവായോ ജാനുവിന്റെ അമ്മയായോ ഒക്കെ ഞാന്‍ താദാത്മ്യം പ്രാപിച്ചതും. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തന്നെ അച്ഛനമ്മമാരുടെ സന്തോഷത്തിനു വേണ്ടി അര്‍ജുനെ ഉപേക്ഷിക്കാന്‍ ആദ്യം തയ്യാറായതും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രത്യേകിച്ച് പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സുരേഷിനെ ഡിവോഴ്സ് ചെയ്യാന്‍ തീരുമാനിക്കുന്നതുമായ ജാനുവിന്റെ മാനസികാവസ്ഥ ഒരുപക്ഷെ സാമാന്യ ബുദ്ധിക്കു നിരക്കാത്തത് ആണ് എന്ന് വായനക്കാര്‍ക്ക്‌ തോന്നിയേക്കാം. എന്നാല്‍, തന്‍റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം എടുക്കാന്‍ ഉള്ള പക്വത ഇല്ലാത്ത ഏതു കൌമാരക്കാരിയും അനുഭവിക്കുന്ന മാനസികസംഘര്‍ഷത്തില്‍ കൂടി തന്നെയാണ് ജാനു ആദ്യം കടന്നു പോകുന്നത് . എന്നാല്‍ അത് തിരിച്ചറിയാനും അവള്‍ക്കു സ്വന്തം ജീവിതം എവിടെ ഉറപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള സാവകാശം കൊടുക്കാനും അവരുടെ ഉള്ളിലെ അവള്‍ക്കായുള്ള കരുതലും ഒരു ശരാശരി മലയാളി കുടുംബത്തിലെ വളരുന്ന മകളെ കുറിച്ചുള്ള വ്യാകുലതകളും കൊണ്ട് ജാനുവിന്റെ മാതാ പിതാക്കള്‍ക്ക് കഴിയാതെ പോവുകയും ചെയ്യുന്നു കാലത്തിന്റെ ഒഴുക്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൃത്യതോയോടെ തിരിച്ചറിയാനും തന്‍റെ ഒരേയൊരു ജീവിതത്തില്‍ തന്‍റെ സന്തോഷങ്ങള്‍ വെട്ടിപ്പിടിക്കേണ്ടത് തന്‍റെ മാത്രം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു അതിനായി പ്രവര്‍ത്തിക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ജാനു മാനസികമായി പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു വ്യക്തിയുടെ ആര്‍ജവം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ, ഒരു പക്ഷെ ബുദ്ധി മാന്ദ്യം ഇല്ലാത്ത , ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു സാധാരണ കുട്ടിയായിരുന്നു തന്‍റെ മകള്‍ എങ്കില്‍ താന്‍ ഇത്തരമൊരു തിരിച്ചു പോക്കിന് മുതിരില്ലായിരുന്നു എന്ന ആത്മ വിമര്‍ശനവും നടത്തുന്നുണ്ട്. കെയര്‍ ഫ്രീ ആയ കൌമാരക്കാരിയില്‍ നിന്ന്‌ ഉത്തരവാദിത്വം ഉള്ള, നെഞ്ച് നിറയെ സ്നേഹമുള്ള അമ്മയിലെക്കുള്ള ജാനുവിന്റെ വളര്‍ച്ച പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തിലെ, ഭാര്യ എന്ന സ്വാഭാവികമായ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാതെ ആണ് എന്നത് വളരെ സ്വാഭാവികമായി പുസ്തകത്തില്‍ വരച്ചു കാണിക്കുന്നുണ്ട്.പക്ഷെ, സ്വന്തം ഭാവിയെക്കുറിച്ച് ജാനു എടുക്കുന്ന സ്ഫോടനാത്മകമായ തീരുമാനം അച്ഛന്റെ മരണത്തിനു ശേഷമാണ്. ആ തണല്‍ ഇനി ഇല്ല എന്ന അബോധമായ തിരിച്ചറിവില്‍ നിന്നാണ് എന്നത് ഒരുപക്ഷെ എഴുത്തുകാരിയുടെ യാദൃചികത മാത്രമാകാം. എന്നാല്‍ മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളുടെ ഗതി വിഗതികളുടെ ഉത്തമ ഉദാഹരണം ആണ് അത്‌ എന്ന് വിശ്വസിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ലളിതവും മനോഹരവുമായ ഭാഷ, അതിന്റെ മനോഹാരിതയ്ക്ക് ചാരുത ചാര്‍ത്താന്‍ ഖലീല്‍ ജിബ്രാന്റെ കവിതാ ശകലങ്ങള്‍ …. സംശയലേശമെന്യേ പറയാം തകഴിയുടെ കൊച്ചു മോള്‍ക്ക്‌ പാരമ്പര്യമായി കിട്ടിയ നിധി തന്നെ ഈ അക്ഷരസൌഭഗം. . എന്നാല്‍, കഥയുടെ suspense നില നിര്‍ത്തുന്ന രിതിയില്‍, സംഭവിച്ചതെന്ത് എന്ന് തുടക്കത്തിലേ തന്നെ കൃത്യമായി പറയാതെ, കോടതിയില്‍ നിന്നു ഇറങ്ങിയത്‌ വിവാഹമോചനത്തിന് ശേഷമാണ് എന്ന് കൃത്യമായ വാക്കുകളിലൂടെ പ്രകടിപ്പിക്കാതെ തന്നെ വേണമെങ്കില്‍ കഥാകാരിക്ക് കഥയിലേക്ക്‌ കടക്കാമായിരുന്നു. എങ്കില്‍, ഇനി എന്ത് എന്ന ആകാംക്ഷ വായനക്കാരന്റെ ഹൃദയത്തില്‍ അവസാനം വരെ കാത്തു വെക്കാന്‍ എഴുത്തുകാരിക്ക് കഴിയുമായിരുന്നു.
 ഇന്നലെ സ്വപ്നത്തിലാണ് നമ്മള്‍ കണ്ട് മുട്ടിയത്‌
എന്റെ ഏകാന്തതയില്‍ നീ എനിക്ക് പാടി തന്നു.
ഞാന്‍ നിന്നെ കുറിച്ചുള്ള ആശകള്‍ കൊണ്ട്
ആകാശ ഗോപുരം പണിതുയര്‍ത്തി.

ഉറക്കം ഓടി പോയി സ്വപ്നം തീര്‍ന്നു പോയി
നമുക്ക് മുകളില്‍ മധ്യാഹ്നം – ഇനി നാം വേര്‍ പിരിയണം

ഓര്‍മയുടെ സായന്തന വെളിച്ചത്തില്‍
ഒരു വട്ടം കൂടി കണ്ട് മുട്ടിയാല്‍
അന്ന് വീണ്ടും ഒന്നിച്ചിരിക്കാം
അന്ന് കൂടുതല്‍ സാന്ദ്രമായ പാട്ട് നീ എനിക്ക് പാടി തരേണം…” എന്ന ഖലീല്‍ ജിബ്രാന്റെ പ്രശസ്തമായ വരികള്‍ ഈ കഥയുടെ സ്വത്വം മുഴുവന്‍ ആവാഹിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചു വരുമെന്ന പ്രതീക്ഷ ഇല്ലാതെ വേര്‍പിരിഞ്ഞവര്‍ വീണ്ടും കണ്ട് മുട്ടുമ്പോള്‍, അവര്‍ക്കിടയില്‍ ഒഴുകി പോയ വര്‍ഷങ്ങളിലൂടെ നഷ്ടമായതെല്ലാം തിരിച്ചു എടുക്കുമ്പോള്‍ , അതില്‍ സംഭവ്യത എത്രത്തോളം എന്ന സ്വാഭാവീകമായ സംശയം വായനക്കാരില്‍ ഉയര്‍ന്നേക്കാം. വസന്തം വീണ്ടുമൊരു ശിശിരത്തിന് വഴി തുറക്കാതിരിക്കുമോ എന്ന ഭയത്തിനു ഉത്തരം കണ്ടെത്തേണ്ട ബാധ്യത വായനക്കാരനാണ്, എഴുത്തുകാരിക്കല്ല . എന്നിട്ടും കഥയ്ക്ക് ശേഷം എന്ന ഭാഗത്ത്‌ കഥാകാരി പറയുന്നു “ഞാനും എന്റെ അര്‍ജുനും ഞങ്ങളുടെ റിയയും സന്തോഷത്തോടെ ജീവിക്കുന്നു, പാട്ടുകള്‍ ഏറെ അഗാധവും മനോഹരവും ആണ് ഇപ്പോള്.‍ വീണ്ടും ഒരിക്കല്‍ കൂടി ആകാശത്തിലേക്ക് പടികള്‍ കയറാന്‍ അവസരം ഒരുക്കി തന്നതിന് ദൈവത്തോട് നന്ദി പറയാന്‍ മറക്കാറില്ല ഒരിക്കലും ….” ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ടെന്നും അത്തരമൊരു ജന്മാന്തര വാഗ്ദാനം കൊണ്ടാണ് അവര്‍ക്ക് വീണ്ടും ഒന്നിച്ചു ചേരാന്‍ ആയത്‌ എന്നും എഴുത്തുകാരിയെ പോലെ നമുക്കും വിശ്വസിക്കാം.


📚📚📚📚📚📚📚📚
ഇന്നത്തെ ലോക സാഹിത്യം


തൊണ്ണൂറുകളിൽ ഭർത്താവും മകളുമൊത്ത് ലണ്ടനിൽ താമസിച്ചിരുന്ന ജയശ്രീ മിശ്ര എന്ന മലയാളി പെൺകുട്ടി ആദ്യം എഴുത്തുകാരിയായത് മലയാള സാഹിത്യത്തറവാട്ടിലെ വലിയകാരണവരായ തകഴിയുടെ കുടുംബാംഗം എന്ന മേൽവിലാസം ഉപയോഗിച്ചല്ല എന്നത് കൗതുകകരമായ കാര്യമാണ്. യൗവനത്തിന്റെ തുടക്കത്തിൽ ജീവിതം നൽകിയ കയപുള്ള ഒരനുഭവം എഴുതിയെഴുതി മനസ്സിൽ നിന്ന് ജയശ്രീ പുറന്തള്ളിയത് വായനാസുഖമുള്ള, ആത്മകഥാപരമായ ഒരു നോവലാവുകയായിരുന്നു. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ‘എൻഷ്യന്റ് പ്രോമിസെസ്’ ലോകമെമ്പാടും വിറ്റഴിക്കപ്പെടുകയും ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ പദവിയിൽ എത്തുകയും ചെയ്തു. നാട്യങ്ങളില്ലാത്ത രചനാശൈലി കൊണ്ട് ഒരു ദാമ്പത്യബന്ധത്തിന്റെ കഥ പറഞ്ഞ ജയശ്രീ അതോടെ വായനക്കാരുടെ പ്രിയങ്കരിയായി, പ്രത്യേകിച്ച് സ്ത്രീകളുടെ. പിന്നീട് മലയാളത്തിന്റെ പ്രിയ കഥാകാരിയും ജയശ്രീയുടെ സഹപാഠിയുമായ പ്രിയ എ.എസ്. ഈ നോവൽ മലയാളത്തിലേക്ക് ‘ജന്മാന്തര വാഗ്ദാനങ്ങൾ’ എന്ന പേരിൽ മനോഹരമായി വിവർത്തനം ചെയ്തു. ഡൽഹിയിലെ മധ്യവർത്തി മലയാളി ജീവിതം പണക്കൊഴുപ്പുള്ള പഞ്ചാബി ‘സൊസൈറ്റി’ ജീവിതത്തോട്‌ ഏറ്റുമുട്ടുന്നത് ലളിതമായ പ്രേമകഥയിലൂടെ വരച്ചുകാട്ടുന്ന ‘ആക്സിഡന്റ്‌സ് ലൈക് ലവ് ആൻഡ് മാര്യേജ്’... അതായിരുന്നു അവരുടെ അടുത്ത നോവൽ. തുടർന്ന്, ആദ്യനോവലിന്റെ തുടർച്ച എന്നു തോന്നിപ്പിക്കാവുന്ന ഒരു ലണ്ടൻ കഥ പറയുന്ന ‘ആഫ്റ്റർവേർഡ്‌സ്’. ജയശ്രീക്ക് അതു കഴിഞ്ഞപ്പോൾ അല്പം കൂടി ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് അവർ ഭാരത ചരിത്രത്തിലുള്ള ശക്തരായ സ്ത്രീകഥാപാത്രങ്ങളെ തിരക്കിപ്പോയത്. 1857-ലെ ആദ്യ സ്വാതന്ത്ര്യസമരം പശ്ചാത്തലമായി റാണി ലക്ഷ്മീഭായിയുടെ ജീവിതരേഖയെ കൽപ്പിതകഥയായി അവതരിപ്പിച്ച ‘റാണി’ എന്ന ചരിത്ര നോവലാണ് ജയശ്രീ പിന്നീട് എഴുതിയത്. 2007-ൽ ‘പെൻഗ്വിൻ’ ഈ നോവൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും ബ്രിട്ടനിലും സൂക്ഷിച്ചിട്ടുള്ള ഔദ്യോഗിക ചരിത്രരേഖകളിൽ നിന്ന് ജയശ്രീ തന്നെ നേരിട്ടു ശേഖരിച്ച ചില വിവരങ്ങൾ കഥാസന്ദർഭത്തിൽ ചേർത്തുവെച്ചത് പക്ഷേ, അന്ന് വൻ വിവാദമായി. ലക്ഷ്മിബായിയുടെ ജീവിത കഥ ‘വളച്ചൊടിച്ചു’ എന്ന് ആരോപിച്ച്‌ റാണിയുടെ ജന്മസ്ഥലമായ യു.പി.യിൽ ഈ നോവൽ അവിടത്തെ സംസ്ഥാൻ സർക്കാർ നിരോധിച്ചു. ആ നിരോധനം ഇന്നുവരെ നീക്കിയിട്ടില്ല എന്നാണറിയുന്നത്. ഈ വിവാദം ജയശ്രീയെ അസ്വസ്ഥയാക്കിയെങ്കിലും അവർ എഴുത്ത് ഉപേക്ഷിച്ചില്ല.   തുടർന്ന്, ലണ്ടനിലെ ഹാർപ്പർ കോളിൻസിന്റെ ക്ഷണം സ്വീകരിച്ച് ‘സീക്രട്‌സ്’ എന്നു തുടങ്ങുന്ന പേരിട്ട മൂന്നു നോവലുകൾ എഴുതി. ജനപ്രിയ സാഹിത്യവായനയ്ക്ക് ആക്കം വന്നുതുടങ്ങിയ 2009-ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ നോവൽ പരമ്പര ജയശ്രീയ്ക്ക് മറ്റൊരു ഗണത്തിലുള്ള ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. യുവതലമുറ, പ്രത്യേകിച്ച്‌ ലളിതവായന ഇഷ്ടപ്പെടുന്നവരും വായനയിലേക്ക് തിരിയെ വരുന്നവരുമായ പെൺകുട്ടികൾ ജയശ്രീയുടെ പുസ്തകങ്ങൾക്കായി, ജയശ്രീയുടെ വേദികളിലെ സാന്നിദ്ധ്യത്തിനായി കാത്തുനിന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന അമ്മയെക്കാണാൻ ഇടയ്ക്കൊക്കെ വരുമായിരുന്ന ജയശ്രീയെ കാമ്പസുകൾ സ്ഥിരം അതിഥിയാക്കി. അവരുടെ തകഴി മേൽവിലാസം ആയിടയ്ക്കാണ് മലയാളി കൊണ്ടാടിത്തുടങ്ങിയത്. ഇതിനിടെ ഫെമിനിസ്റ്റ് പ്രസാധകരായ ‘സുബാൻ’ പുറത്തിറക്കിയ മാതൃത്വത്തെക്കുറിച്ചുള്ള ‘ഓഫ് മദേർസ് ആൻഡ് സൺസ്’ എന്ന സമാഹാരത്തിന്റെ എഡിറ്ററായി ജയശ്രീ.   ‘നിർഭയ’ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയ നാളുകളിൽ, ‘അമ്മയും സ്ത്രീയും’ എന്ന നിലയിൽ മനസ്സിൽ ഉരുണ്ടുകൂടിയ സംഭ്രമം എഴുതി ഫലിപ്പിക്കാൻ ജയശ്രീ ശ്രമിച്ചു. പക്ഷേ, ‘റാണി’യുടെ എഴുത്തിനായുള്ള ഗവേഷണ വേളയിൽ മനസ്സിൽ തങ്ങിനിന്ന ഒരു കഥാപാത്രമായ മാർഗരറ്റ് വീലർ 1857-ലെ ലഹളക്കാലത്തെ ബ്രിട്ടീഷ് പട്ടാളമേധാവി ജനറൽ വീലരുടെ മകൾ -എഴുത്തുകാരിയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. മാർഗരറ്റിനെ ലഹളക്കാലത്ത് കാണാതായതായും പിന്നീട് അവർ മുസ്‌ലീമായി മാറുകയും ബ്രിട്ടീഷുകാരുടെ കൂടെ കൂടാതെ അവിടെത്തന്നെ ജീവിച്ചതുമായി പല കഥകളുമുണ്ട്. ‘നിർഭയയു’ടെയും മാർഗരറ്റിന്റെയും ജീവിതങ്ങൾ കോർത്തിണക്കി ഒരു ‘ദ്വന്ദ്വാഖ്യാന’മായി എഴുതിയ ‘എ ലവ് സ്റ്റോറി ഫോർ മൈ സിസ്റ്റർ’ ജയശ്രീയുടെ പുസ്തകങ്ങളെ പിന്നെയും ജനപ്രിയ സാഹിത്യത്തിന്റെ തട്ടിൽ നിന്ന് മാറ്റി വയ്പിച്ചു.   ഇതിനിടെ ജയശ്രീയും ഭർത്താവ് ആശിഷ് മിശ്രയും കൂടി തിരുവനന്തപുരത്ത് വേളി കടൽത്തീരത്ത് ഒരു ഒറ്റമുറി വീട് പണിതിരുന്നു. ജന്മംകൊണ്ട് കേരളക്കാരിയെങ്കിലും ഡൽഹിയിലും ലണ്ടനിലുമായി ജീവിതം മിക്കവാറും കഴിച്ചുപോന്ന ജയശ്രീക്ക് ഇതൊരു അനുഭവമായിരുന്നു. സ്ഥലം വാങ്ങുന്നതു മുതൽ കെട്ടിടം കെട്ടുകയും താമസമാക്കുകയും ചെയ്യുന്നതു വരെ ശരാശരി മലയാളിയുടെ ദൈനംദിന ജീവിതം എങ്ങനെ എന്ന് ജയശ്രീ മനസ്സിലാക്കുന്നതും അയൽക്കാരനോടും വസ്തു വാങ്ങാൻ വരുന്ന മറുനാട്ടുകാരോടും അവർ പെരുമാറുന്ന രീതിയും വീടുകെട്ടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന നിയമക്കുരുക്കുകളും ഒക്കെ വിശദീകരിച്ച്‌ ജയശ്രീ അടുത്ത പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ഈ പുസ്തകം ഈ എഴുത്തുകാരിയുടെ സരസമായ ജീവിതവീക്ഷണം, നിരീക്ഷണപാടവം, എന്നിവ വ്യക്തമാക്കുന്നു. ‘എ ഹൌസ് ഫോർ മിസ്റ്റർ എം’ എന്നാണ് പുസ്തകത്തിന്റെ പേര്.
Net കടപ്പാട്