ഖനനച്ഛായയില്‍ നിന്നുള്ള താക്കീതുകള്‍
ഐര് മുളച്ചു പൊങ്ങിവരില്ല,
തുരന്നെടുക്കുകതന്നെ വേണം.
ക്ഷൗരം ചെയ്യണമാദ്യം
കുന്നിന്‍ കവിള്‍ത്തടങ്ങളും
താഴ്വാരത്തിന്‍ കക്ഷക്കുഴികളും
നിബിഡവനങ്ങളാണ് അപകടമേഖലകള്‍
ഒളിഞ്ഞിരിക്കാന്‍
ബാക്കിവയ്ക്കരുത്
ഒരു പുല്‍നാമ്പു പോലും.
കൊടും വിഷമുള്ള ചേരക്കുഞ്ഞുങ്ങളെ
അരിഞ്ഞു വേണം ഇല്ലായാമ ചെയ്യാന്‍.
ഐരിനാരും കാവല്‍ നില്‍ക്കരുത്
ഒറ്റ പോത്തുപോലും
ഇനി
വെട്ടാന്‍ വരരുത്.
വേദാന്തമോതും ഞങ്ങള്‍!
ഐര് കളയാനല്ല ഞങ്ങള്‍
അധികാരികളായത്
ഐര് മുളച്ചു പൊങ്ങിവരില്ല
തുരന്നെടുക്കുകതന്നെ വേണം
വിഘ്നം നില്‍ക്കരുതാരും...
നല്ല വില കിട്ടിയാല്‍
വിഘ്നേശ്വരന്റെ
ആ
ഒറ്റക്കൊമ്പു വിറ്റും ഞങ്ങള്‍ കാശാക്കും
വ്യാസനെ
വ്യവസായമാക്കും
ആയതിനാല്‍
രമണാ..
കറുത്ത ചന്ദ്രിക
വിടര്‍ന്നു നില്‍ക്കുമ്പോള്‍
പാടേ മറന്നൊന്നും
ചെയ്തുകൂടാ
കാനനച്ഛായയില്‍
ഖനനം നടക്കുമ്പോള്‍
ആടുമേയ്ക്കാന്‍
പാടില്ല
പാടില്ല.
ബൈജു ലൈലാ രാജ്
***********
ഓട്ടം.
ബസ്സിറങ്ങുമ്പോൾ
കമിഴ്ന്നുവീണ കിഴവന്റെ
പുറത്ത് ചവിട്ടി
പിറകെയുള്ളവൻ
ഇറങ്ങിപ്പോയി.
അതിനും പിറകെയുള്ള ഞാൻ
സമയമില്ലായ്കയാൽ
മുൻവശത്തെ ഡോറിലൂടെ
പതുക്കെ ഇറങ്ങിയോടി.
ഒടുക്കത്തെ സ്റ്റോപ്പാകയാൽ
ബസ്സ് നിർത്തിയതും
ഡ്രൈവറും കണ്ടക്ടറും
മൂത്രപ്പുരയിലേക്ക്
തിരക്കിട്ട് പോയിരുന്നു.
എന്നാലും....
ഒരു പക്ഷേ
എനിക്കു പുറകെയുള്ളവൻ
അല്ലെങ്കിൽ അതിനും പുറകെയുള്ളവൻ
അയാളെയിപ്പോൾ
പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ടാകും
പുറം തടവി ആശ്വസിപ്പിച്ചിട്ടുണ്ടാകും
ഒരു ഗ്ലാസ് നാരങ്ങ വെള്ളം വാങ്ങി കുടിപ്പിച്ചിട്ടുണ്ടാകും
ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വിടാനും മതി.
ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ
ഇത്രയൊക്കെയല്ലേ
എനിക്ക് ചിന്തിക്കാനാവൂ...?
രമണൻ ഞാങ്ങാട്ടിരി.
***********
അസ്വസ്ഥത
രണ്ടുപേർ പ്രണയിക്കുമ്പോൾ
ഭൂമി അതിന്റെ ഭ്രമണം
നിർത്തിവച്ച് ചിലപ്പോഴൊക്കെ
നിശ്ചലമാകാറുണ്ട്..
അപ്പോഴെല്ലാം സൂര്യനുദിക്കാൻ മറക്കുകയും, നിലാവ്
പെയ്തുകൊണ്ടിരിക്കുകയും ചെയ്യും..
രണ്ടുപേർ പ്രണയിക്കുമ്പോൾ,
മരങ്ങൾ പൂത്തുലഞ്ഞങ്ങനെ നിൽക്കും,
(പ്രത്യേകിച്ച് മാവുകൾ )
അവർ കൈകോർത്തു നടക്കാറുള്ള
വഴികളിലെല്ലാം ഗുൽമോഹറുകൾ
ചുവന്ന പരവതാനി വിരിച്ചിട്ടുണ്ടാവും..
കിളികൾ ഉറങ്ങാതെ
അവർക്കായ്
പാടിക്കൊണ്ടേയിരിക്കും,
വസന്തം-തിരിച്ചു പോകാൻ മറന്നുപോകുന്നതിനാലും
വേനൽ-വരുന്നതിനെക്കുറിച്ച്
ചിന്തിക്കാത്തതിനാലും,
പുഴകളെപ്പോഴും
കണ്ണിൽക്കണിൽ നോക്കിയിരിക്കാൻ അവർക്കായി
കടവുകൾ ഒരുക്കിക്കൊണ്ടിരിക്കും..
നക്ഷത്രങ്ങൾ പരസ്‌പരം
കണ്ണിറുക്കുന്നത് പോലും
അവരെ
അനുകരിക്കുന്നതായേ തോന്നൂ. .
തിരകളെല്ലാം എന്തു നിശ്ശബ്ദരായിട്ടാണ്
കരയെ പുണർന്ന്
തിരിച്ചുപോകുന്നതെന്നോ... !
എന്നിട്ടും,
രണ്ടുപേർ പ്രണയിക്കുമ്പോൾ, മനുഷ്യർ മാത്രം
അസ്വസ്ഥരായി
പരക്കം പായുന്നത്
എന്തുകൊണ്ടായിരിക്കും..?
സുഹ്റ പടിപ്പുര
***********
അച്ഛനായ കഥ
മോളുടെ സംശയം ;അതല്ല !
" അച്ഛൻ ശരിക്കും ആരാണ് "??
അമ്മയ്ക്ക് എല്ലാം ആയ മോൻ !
അനിയത്തിയുടെ ജ്യേഷ്ടൻ !
ജ്യേഷ്ടന് എന്തും കല്പ്പിക്കാനുള്ള
അനിയൻ !
ഭാര്യയ്ക്ക് മറ്റൊരു ഏട്ടൻ .
നാട്ടുകാർക്ക് അങ്ങനെ പലതും ,പലതും ...
പല "റോളിൽ " അഭിനയിക്കുന്ന
ഞാനെങ്ങനെ അവളുടെ ചോദ്യത്തിന്
പെട്ടന്ന് മറുപടി പറയും ??
ചില ചോദ്യങ്ങളുടെ ഉത്തരം വരും
കാലത്തിന്റെ കൈകളിലായതു കൊണ്ട്
മറുപടി മൗനം മാത്രം .
ഈ സംശയത്തിനിടയ്ക്കാണ്
കേരളം പ്രളയ ദുരന്തത്തിൽ
മുങ്ങിയത്.
നഷ്ടങ്ങളുടെ കണ്ണീർ
ചാലുകളൊഴുക്കി കേരളം വരണ്ടു.
സഹായത്തിന്റെ പെരുമഴ നാടിനെ
ചലനാത്മകമാക്കി !
മുന്നോട്ടു കുതിക്കാൻ പരശതം
ഹസ്തങ്ങൾ ഇനിയും നീളണം.
ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം
നൽകണമെന്ന പ്രഖ്യാപനം വന്നു.
വീടു ഒലിച്ചുപോയവന്റെ മുന്നിൽ
നിന്റെ എന്ത് ഭവനവായ്പ !!.
അമ്മയുടെ ആജ്ഞ കലർന്ന
പരിഹാസം .
"ശമ്പളം നൽകാതെ നിങ്ങൾ നാടിന്റെ
ദുരന്തമാവരുത് " ഭാര്യയുടെ താക്കീത്.
മക്കൾ എതിർത്താലൊ എന്നു കരുതി അഭിപ്രായം ചോദിച്ചില്ല.
ശമ്പളം നൽകിയ വിവരം
അറിഞ്ഞ
സംശയക്കാരിയായ മോള് പറഞ്ഞു.
" അച്ഛാ ,,,,, ! ഇപ്പോഴാണ് ,,,!
അച്ഛാൻ ,,,,,ശരിക്കും ,,,,,,അച്ഛനായത് " !!!
ഈ മിഴിനീർ കണത്തിൽ നനഞ്ഞാണ്
നാളത്തേ തളിരുകൾ പൂക്കുക എന്ന
ആശ്വാസത്തോടേ ,,,,,,,,,,,
കൃഷ്ണദാസ്.കെ.
***********
ഇതാണെന്റെ കൃഷ്ണപക്ഷം
ഹേ ...കൃഷ്ണാ
നിന്റെ ശ്യാമവർണത്താൽ
നീയെന്തേ എന്നെയും പൊതിയാഞ്ഞത്?
നിന്റെ വൃന്ദാവനലീലകളിൽ
ഞാനെന്നെ - കുടിയിരുത്താനൊരിടം
തേടുകയാണിന്നും .
അകന്നു പോകുന്ന
നിന്റെ രഥചക്രത്തിൽ
അരഞ്ഞമർന്ന രാധയുടെ
മനസ് ഇന്നും കാതോർക്കുകയാണ്.
നിന്റെ ദിവ്യസംഗീതത്തോടൊപ്പം
ദേഹം വിട്ടകന്ന ആത്മാവിന്റെ
നിലവിളി....
കാലദേശങ്ങൾ
കാൽച്ചുവട്ടിലാക്കിയ
നിന്റെ തേരോട്ടത്തിൽ
ചതഞ്ഞരഞ്ഞിട്ടും
ജീവൻ നഷ്ടപ്പെടാത്ത
രാധയുടെ മനസിൽ
എന്നെ കുടിയിരുത്താൻ
ഭയമാണെനിക്ക് .
ആനന്ദവാഹിനിയായ
നിന്റെ പ്രണയപ്രവാഹത്തിൽ
ഒരു നീർത്തുള്ളിയാവാൻ
എനിക്ക് വയ്യ.
ഒരു പ്രളയത്തോളം
വളർന്ന് നിന്നെയാഴ്ത്തുന്ന
മഹാമാരിയാവാനാണെനിക്കിഷ്ടം.
അത് നിന്നെ എന്നിലേക്കാഴ്ത്തുവാനുള്ള
കൊതി കൊണ്ടാണ്
വേദന തിന്നുന്ന
വിട്ടു കൊടുക്കലുകളുടെ
ശേഷിപ്പും നായികാപട്ടവും
മറ്റാരെങ്കിലുമണിഞ്ഞോട്ടെ
അതിനു വേണ്ടി എനിക്കെന്നെ
നിന്റെ തേർചക്ര ത്താലരയ്ക്കാൻ വയ്യാ !!
നിന്നെത്തേടിയലയുന്ന
ഒരു മൗനരാഗത്തിലും
നിനക്കെന്നെ അറിയാനാവില്ല
കാരണം ഞാൻ നിന്നിലല്ല
നിന്നെ ഞാനെന്നിൽ പൊതിഞ്ഞെടുത്തു.
കൃഷ്ണാ ... എന്റെ ഉള്ളിലിരുന്ന്
നിന്റെ ശ്യാമവർണം
എന്റെയീ നേർത്തു വെളുത്ത മേനിയിൽ പടർത്തുക.
നിന്റെ ഗീതങ്ങൾ
എന്നിലൂടെ പുറത്തേക്കൊഴുക്കുക.
രാസലീലകളുടെ
അലകളെന്റെ ചേതനയിലൂടെ
ഈ ലോകം മുഴുവൻ
പരത്തുക.
എന്നിട്ട് ,അവസാനം
യുദ്ധതന്ത്രങ്ങളിൽ
വിദഗ്ദ്ധനായ നിന്റെ യാ
നിർഗുണത്വമില്ലേ ...
അത് ഒരിക്കൽക്കൂടി
നിന്റെ വിരൽത്തുമ്പിലണിയുക.
എന്നിട്ട് ഉള്ളിൽ നിന്ന്
അരിഞ്ഞു തുടങ്ങുക ...
അപ്പോഴേ എന്നിൽ നിന്ന്
മോചിതനാകുന്ന
നിന്നോടൊപ്പം എന്റെ
ആത്മയാത്രയും തുടങ്ങാനാവൂ. ....
ഒരു പ്രളയമായി
എന്നെ മാറ്റിയെടുത്ത്
കൃഷ്ണാ .. നിന്നെ
ഞാൻ കുടിയിരുത്തട്ടെ.
മഞ്ജുഷ പോർക്കുളത്ത്
***********
കാനന യാത്ര
കല്ലുകൾ മുള്ളുകളും
നരിയും പുലിയുമായ്
കാണുന്ന കാനനത്തിൻ
പാതകൾ ദുർഘടങ്ങൾ
എട്ടങ്ങു തികയുന്ന
മാത്രയിൽ കുട്ടീ നിന്നെ
പെട്ടെന്നു മാറ്റീ കാലം
യാത്രയും തുടരവേ,
കൂരമ്പിൻ കരുത്തുള്ള
കരിങ്കൽച്ചീളുകളെ
പൂവുപോൽ മൃദുലമാം
പാദങ്ങൾ സഹിക്കുമോ?
പോയിടാം പിന്നൊരിക്ക -
ലെന്നങ്ങു പറഞ്ഞപ്പോൾ
ഏങ്ങി നീ കരഞ്ഞതും
ഓർമ്മയിൽ തെളിയുന്നു.
ശക്തയായ് മാറി നീയും
കാലവും കരുതലും
ശക്തികെട്ടങ്ങു പോയി
കാനന സമ്പത്തെല്ലാം
പടികൾ ഓരോന്നായി
കയറി പഠിക്കുമ്പോൾ
പിഴയ്ക്കാതിരിക്കുവാ-
നിന്നു ഞാൻ പ്രാർത്ഥിക്കട്ടെ.
ആധുനികത അവകാശപ്പെടുന്നില്ല. എങ്കിലും വന്ന പോലൊന്നെഴുതി🙏🏻
***********
ഭാഷയുടെ
അലങ്കാരങ്ങൾ
വേണ്ടാത്ത
അവധി ദിനങ്ങളിൽ
മിണ്ടരുതെന്ന്
നീ വിലക്കിയ
ഗഹനപാതയുടെ
ഒരറ്റത്ത്
ഞാനെന്നെ
വിൽക്കാൻ വെയ്ക്കുന്നു
വസന്തകാലത്തേക്ക്
നീട്ടിവളർത്തിയമുടി
അതിന്റെ
രസവിദ്യയിൽ
ഇടംവലം
ഉലയുന്നു
മഴയും, വെയിലും വറ്റി
ബാക്കിവന്ന
നിസംഗതയിലാണാകാശം
കണ്ണുകൾ
വലിയ കള്ളങ്ങളുടെ
കിതപ്പിലാണ്
നിര്‍ദ്ദയതയുടെ
കടല്‍മുഴക്കങ്ങളിലുരച്ച്
സമയം
ദിക്കുകളിലേക്ക് നോക്കി
പച്ചയിൽ
മുങ്ങിയ ഇലകൾ
കൂമ്പുന്നു
ഉടൽ നനച്ച് ഞാൻ
എന്റെ
മണങ്ങളെ തൊടുന്നു
എന്തൊരാനന്ദം
എന്നൊരാഹ്ലാദം
ഷനിൽ കൊടുങ്ങല്ലൂർ
***********
മരണകാരണം
നാട്ടുകാരെല്ലാം കൂടി
പോസ്റ്റ്മോർട്ടം തുടങ്ങിയപ്പോഴാണ്
തൂങ്ങി മരിച്ചവൾ
ക്ഷമകെട്ട്,
എഴുന്നേറ്റ് വന്നത് .
തൊഴുതുപറഞ്ഞവൾ .
കൊന്നതല്ല,
തൂങ്ങിയതുമല്ല
ചരടിൽ കുരുങ്ങി,
ശ്വാസം മുട്ടി,
മരിച്ചതാണെന്ന് .
ചരടിന്റെയറ്റത്തൊരു
താലിയുണ്ടായിരുന്നെന്ന് .
ലാലു കെ ആർ
***********
ഏഴിമലക്കടല്‍
കാട് മറച്ച് വച്ച കടല്‍
ഏഴിമലയില്‍ നിന്നും കാണാം.
കുന്നു കയറും തോറും
കാഴ്ച വള൪ന്നു വരും.
കാടും കടന്ന് കടല്‍ വന്നു.
കയ്യൊതുക്കം കാണിക്കുന്ന
മാജിക്കുകാരനെപ്പോലെ.
കുന്നിറങ്ങിയപ്പോള്‍
കടലിനെ മായ്ചുകളഞ്ഞ കാട്
ആ൪ത്തുവരുന്ന തിരയെ
പരിഹസിക്കാ൯
ഒരു പക്ഷിപ്പരവതാനിത്തന്നെ
തീരത്ത് വിരിക്കും.
കരയിലെ ഒരനക്കം മതി
കൂട്ടത്തോടെ പറന്നുയരും
പക്ഷിപ്പട.
ഏഴിമലയിലെ പക്ഷികള്‍
സംഘംചേ൪ന്നാണ് ഇരിപ്പ്,
ജലപ്പോരാളികളെ
കാത്തെന്നപോലെ.
കടലിനെ ഒളിപ്പിച്ചു വയ്ക്കുന്ന
കാടിനെ പറന്ന് പറന്ന്
തുരത്താറുണ്ട് പക്ഷികള്‍.
ആകാശത്തേയും
കടലിനെയും
കാടിനെയും ചെന്നു കണ്ട്
സങ്കടങ്ങള്‍ പറയുന്ന
അഭയാ൪ത്ഥികളെ
പ്പോലെത്തോന്നും
ചില നേരങ്ങളിൽ.
കടല്‍ക്കിളികള്‍
ഇന്ദ്രജാലത്തിന്റെ
അതീത ത്തിരകളില്‍
കാഴ്ചകള്‍ കടന്നു
കയറുംപോലെ.
കടലും കാടും
സ്വാസ്ഥ്യമുളള
മുനിയെപ്പോലെയാകും
ചില നേരങ്ങളിൽ.
വരികൾക്കിടയിലെ
കടല്‍പോലെ
കാടും കട്ടെടുക്കുന്നു
ഒരടിയൊഴുക്ക്.
കാട് മറച്ചു വച്ച കടൽ
ഏഴിമലയില്‍ നിന്നു കാണാം.
ഗഫൂ൪ കരുവണ്ണൂർ
***********
പരോളിനിറങ്ങുന്ന പ്രതിയുടെ ആഹ്ലാദത്തോടെയാണ് ഉമ്മ വല്ലപ്പോഴും വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത്.. ഉമ്മാ യുടെ യാത്രകൾ പലപ്പോഴും ആശുപത്രികളിലേക്കായിരുന്നു.. ഇടക്ക് ആങ്ങളമാരെ സ്വപ്നം കാണാറുണ്ടത്രേ.. പിന്നെ അവരെ കാണുന്നത് വരെ ആവലാതിപ്പെട്ടി തുറന്ന് വച്ച് പിറുപിറുക്കൽ തുടങ്ങുകയായി.. "നെനക്കും നിന്റെ മക്കൾക്കും ചോറും കറീം വച്ച് വീടിന് കാവല് കിടക്കാൻ എനിക്ക് വയ്യ.. എനിക്ക് മാത്രം എവിടേം പോണ്ട..നെനക്കൊക്കെ നേരം വെളുക്കുമ്പോ ഒരുങ്ങിക്കെട്ടി പോയാൽ മതിയല്ലോ.. "
അഞ്ചാറ് വർഷം മുമ്പ് വരെ ..തനിച്ച്... 80 കിലോമീറ്ററിലേറെ തമിഴ്നാട്ടിലേക്ക് മൂത്ത മോളെ കാണാൻ കെട്ടും കിഴിയുമായി ബസിൽ പോയിരുന്ന ആളാണ് കഥാനായിക. ഉത്സവത്തിമിർപ്പോടെ ആരംഭിക്കുന്ന ഓരോ യാത്രയും ഒടുവിൽ ഛർദ്ദിച്ച് വാരി കെട്ടി കത്തിത്തീർന്ന പൂത്തിരിയുടെ കോലത്തിൽ അവസാനിക്കയാണ് പതിവ്.. അത്തരമൊരു യാത്രയിലാണ് ഉമ്മ മോൾടെ വീട്ടിൽ നിന്ന് കേരളത്തിലേക്ക് അഞ്ചാറ് സുന്ദരൻ പാണ്ടിക്കോഴികളെ കൂടി സഞ്ചിയിലാക്കി ബസിൽ പുറപ്പെട്ടത്.. ഉമ്മ എത്രയൊക്കെ പൊത്തി പൊതിഞ്ഞ് വച്ചിട്ടും സഞ്ചിയിലെ അനക്കം കണ്ടക്ടർ കണ്ടു പിടിച്ചു...
സഞ്ചിയിലുള്ളത് കാണണമെന്നായി.. സഞ്ചി തുറന്നതും കോഴികൾ തമിഴിൽ കൊക്കരിച്ച് ബസിലാകെ ഓടി നടക്കാൻ തുടങ്ങി ... പിന്നെ എല്ലാവരും കൂടി ഓടിച്ചിട്ട് പിടിച്ച് സഞ്ചിയിലാക്കി... വീണ്ടും ഇറങ്ങി ഓടാതിരിക്കാൻ ഉമ്മ അവയെ അമർത്തിപ്പിടിച്ചു.. വീട്ടിലെത്തി സഞ്ചി തുറന്നപ്പോഴേക്കും ശ്വാസം കിട്ടാതെ പാവങ്ങൾ ഇഹലോകവാസം വെടിഞ്ഞിരുന്നു.. "എന്നുടെ കോളികളെ കൊന്നു വിട്ടാരേ.. " യെന്ന് മൂത്ത മകൾ തമിഴിൽ അലമുറയിട്ടു...
ഇപ്പോഴാകട്ടെ ... ലോകത്തുള്ള സകല രോഗങ്ങളും ...വണ്ടി കണ്ടാലുടൻ ഛർദ്ദിയും ഒടുവിൽ തൊണ്ട മുറിഞ്ഞ് ചോര വരവും ഷുഗർ താഴ്ന്നും ബി.പി കൂടിയും എന്നെ വിഭ്രാന്തിയിലാക്കിയതിനാൽ ദീർഘദൂര യാത്രകൾക്ക് ഞാനീയിടെ വിലക്കേർപ്പെടുത്തി.. തമിഴ്നാട്ടിൽ മൂത്ത മോൾടെ പുത്തൻ വീട് കാണണമെന്ന ആഗ്രഹം തുടങ്ങിയിട്ട് മാസങ്ങളായി... " വീട് കാണണോ...? ജീവൻ വേണോ.. ?" എന്ന് ഞാൻ ചോദിക്കുമ്പോൾ "നീ കൊണ്ടു പോണ്ട .. ഞാനൊറ്റയ്ക്ക് ട്രെയിനിൽ എന്റെ മോളെ കാണാൻ പോകും.... "എന്നെ തവിട് കൊടുത്ത് വാങ്ങിയതിനാലും.. കൂടെയുള്ളവർക്ക് കുറ്റമേറുമെന്നതിനാലും വല്ലപ്പോഴും വരുന്നമൂത്ത മോളെ കാണുമ്പോൾ മോൾക്കിഷ്ടപ്പെട്ട കറി വക്കലും... ചക്കവറുക്കലും..ചീനി പുഴുങ്ങലും... ആകെ മേളമാണ്... പിന്നെ ചോറിന് തൊട്ടുകൂട്ടാൻ എന്റെ കുറ്റങ്ങളിട്ട സ്പെഷ്യൽ മീൻ കറി വേറെയും.. മോൾ പോകാൻ നേരം കൊടുക്കുന്ന തുക യുടെ വലിപ്പം കുറഞ്ഞാൽ.... "അവളല്ലേലും അറുത്ത കൈ ക്ക് ഉപ്പു തേക്കാത്തോളാ..." എന്ന് പറയുന്നത് കേൾക്കുമ്പോൾ ഗൂഢമായ ആനന്ദത്തോടെ " ങ്ങടെ.. മോളല്ലേ..." എന്ന് ഞാൻ തിരിച്ചടിക്കും...
ഇപ്പോൾ ആകെ 5 കിലോമീറ്റർ അപ്പുറമുള്ള ആങ്ങളമാരെ കാണാൻ പോയിരിക്കയാണ്.. പെങ്ങൾ വച്ച മീൻ കറി .... ചീരത്തോരൻ എല്ലാം പൊതിഞ്ഞെടുത്തിട്ടുണ്ട്... ഓരോ തവണ പോകമ്പോഴും "ഇനി ഒരാഴ്ച കഴിഞ്ഞേ വരു.... " എന്ന പതിവ് ഗീർവ്വാണം ഇത്തവണയും പുറപ്പെടുവിച്ചു... "ഇങ്ങോട്ട് വരണ്ട.... ഉമ്മുമ്മ അവിടങ്ങ് നിന്നോ.... " എന്ന് സുഹ്റ പരിഭവിച്ചു...
നാളെ ഉച്ച കഴിഞ്ഞ് പതിവ് പോലെ ചമ്മിയ മുഖത്തോടെ .. ഒരു മടങ്ങി വരവ്ണ്ട്... ഞാനൊന്നും ചോദിക്കില്ല.. എന്നാലും ഞാൻ കേൾക്കാൻ ഒരു പറച്ചിലുണ്ട്.. "ഓ.. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല.. അവിടുത്തെ കക്കൂസൊന്നും എനിക്ക് ശരിയാവത്തില്ല.. "
അടുത്ത സഞ്ചാരത്തിന് മോഹവുമായി ആങ്ങള സ്വപ്നത്തിൽ വരും വരെ ... ഇനി കുറച്ച് ദിവസം സ്വസ്ഥം... പക്ഷേ മൂത്തമോളുടെ തമിഴ്നാട്ടിലെ വീട് ഇടയ്ക്കിടെ ബി.പി കൂട്ടാനെത്തുന്നുണ്ട്.. ഞങ്ങൾ രണ്ടാൾടെയും..
ജസീന റഹിം