29-08-18


ജീത് തയ്യിൽ
ടി.ജെ.എസ്.ജോർജിന്റെ മകൻ
നാർക്കോപോളിസ്
എന്ന നോവലിലൂടെ ശ്രദ്ധേയനായി
മലയാളിയായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യിൽ  .
കേരളത്തിൽ ജനിച്ചിട്ടും മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ സാഹിത്യ രചന നടത്താനാണ് ജീത് ശ്രമിച്ചത് .കവി ,നോവലിസ്റ്റ് , സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരനാണദ്ദേഹം.
   

1959ൽ കേരളത്തിൽ തുമ്പമണിൽ  ജനനം . ഹോങ്കോങ്ങ് , ന്യൂയേർക്ക്, ബോംബെ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജീവിതം ഡൽഹിയിലും ബോംബേയിലുമായി.
 സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ അഭിരുചി . നല്ല ഗിറ്റാറിസ്റ്റ് .  എഴുത്തുകാരനായ ടി ജെ എസ് ജോർജിന്റെ മകനാണ് ജീത് തയ്യിൽ. നാല് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നർക്കോപോളിസ് എന്ന നോവലാണ് തയ്യിലിന്റെ മികച്ച രചനയായി കരുതപ്പെടുന്നത്.

ബാംഗ്ലൂരിലാണ് ഇപ്പോൾ താമസം.

നാർക്കോ പോളിസ് 
ഇത് വരെയും നോവലുകളിലൊന്നും പരാമര്ശിക്കപ്പെടാത്ത ബോംബെ ജീവിതത്തിന്റെ ഒരു വശം ചിത്രീകരിക്കുന്ന കൃതിയാണ് നാര്‍ക്കോപോളിസ്.  അത് കുറെയധികം എഴുത്തുകാരന്റെ തന്നെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കൃതി കൂടിയാണ്.വിശേഷിച്ചും ബോംബയിലെ കറുപ്പും കഞ്ചാവുമൊക്കെ വില്ക്കപ്പെടുന്ന സ്ഥലങ്ങള്‍, അതുമായി ബന്ധപ്പെട്ടിട്ടുള്ള ജീവിതങ്ങള്‍ പിന്നെ ഒരു തേര്‍ഡ് ജെനറില്‍ പെട്ട ഡിംബിള് എന്ന വ്യക്തി ഇത്രയുമാണ്  അതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍,അവരുടെ ജീവിതം ഇതൊക്കെ പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ഇത്.മുഖ്യധാര നോവലുകളില്‍ കാണുന്ന ഒരു ബോംബെ നഗരമല്ല ജീത്തിന്റെ കൃതിയില് ഉള്ളത്.

അതിനേക്കാളേറെ  ആകര്ഷിക്കുക അതിന്റെ അവതരണ രീതിയാണ്.ജീത്ത് ഒരു കവി കൂടി ആയതുകൊണ്ട് വളരെ കാവ്യാത്മകമാണ് അതിന്റെ ഭാഷ, വളരെ സര്‍ഗാത് മകമായി ഇംഗ്ലീഷ് ഭാഷയെ ഉപയോഗിക്കുന്ന കൃതിയാണിതെന്ന് കവി സച്ചിദാനന്ദൻ പറയുന്നുണ്ട്.

അതിന്റെ ഘടനയും വളരെയധികം ശ്രദ്ധാര്ഹമായിട്ടാണുള്ളത് .
ഒരു സംഭവം മറ്റൊരു സംഭവത്തിലേക്കു നയിക്കുകയും അങ്ങനെ ക്രമാനുഗതമായ  കഥകളെന്നപ്പോലെ ചുരുളഴിഞ്ഞു പോകുന്ന ഒരു പക്ഷെ ഒരിക്കലും അവസാനിക്കില്ലായെന്ന് നമുക്ക് തോന്നുന്ന രീതിയിലുള്ള കഥാഘടന രീതിയുണ്ട് നാര്‍ക്കോപൊളിസിന്. അത് വളരെ ഭാരതീയമായൊരു ആഖ്യാനരീതിയായി അനുഭവപ്പെടും . ഒരു സംഭവത്തില് നിന്ന് മറ്റൊരു സംഭവത്തിലേക്ക് സ്വാഭാവികമായിട്ടു നയിക്കുക,ഒന്നില് നിന്ന് മറ്റൊന്ന് വിരിഞ്ഞു സ്വാഭാവികമായിട്ടു വരിക ഇങ്ങനെയുള്ള കഥാ കഥന രീതി.

ബോംബെ നഗരത്തെ വ്യത്യസ്തമായ കഥാപാത്രമായി  അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ മനസ്സില്‍ നിരന്തരമായി തെളിഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളും ഉണ്ട്. അങ്ങനെയൊരു കഥാപാത്രം ചിത്രകാരന്‍   F.N .SOUZA യാണ്   അതിനു മാതൃകയായതെന്നു  മനസ്സിലാക്കുന്നു .ആ ചിത്രകാരന്‍  ഉള്പ്പെടെയുള്ളനിരവധി കഥാപാത്രങ്ങള്‍.

കുറെ രംഗങ്ങള് ഇന്ത്യക്ക് പുറത്താണ്.  ചൈനയിലാണ് ചില ഭാഗങ്ങള് നടക്കുന്നത്.അങ്ങനെ ഒരുവിധം അന്തര്‍ദേശീയ സ്വഭാവവും വളരെ ദേശീയമായ രീതിയിലുള്ള കഥാ ഘടന രീതിയും ബോംബെ ജീവിതത്തിന്റെ അനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത അംശം പ്രമേയമാക്കുന്ന ഒരു സമീപനവും മൊത്തം അതില്‍  കീഴാളനോട് പാര്‍ശ്വവല്ക്കരിക്കപ്പെട്ട ആളുകളും ആയുള്ള താദാത്മ്യവും എല്ലാം നോവലിനെ  ആകര്ഷകമാക്കിയ ഘടകങ്ങളാണ്.

നോവല്‍ എന്ന സാഹിത്യരൂപത്തെ മുന്നോട്ടു കൊണ്ടുപോകുന്ന തരത്തിലുള്ള ഒരു സംഭാവനയാണ് ജീത്തിന്റെ ഈ നോവല്‍..

ജീത്തിന്റെ പുസ്തകത്തിലെ ഒരു പ്രധാന ഗുണം അത് ശരിക്കും ഒരു ലിറ്ററെറി നോവല് എന്ന്  പറയുന്ന ഗണത്തില്പ്പെട്ട ഒരു കൃതിയാണ് എന്നതാണ്  ഇന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ മിക്ക കൃതികളും സിനിമാറ്റിക്കാണ്.
മറ്റു പല കൃതികളും വളരെ എളുപ്പത്തില്‍  സിനിമ ആക്കി മാറ്റാവുന്ന തരത്തിലുള്ള  കൃതികളാണ്. ഇതു അത്തരത്തിലുള്ള ഒരു കൃതിയല്ല. പ്രത്യേകിച്ചും അതിന്റെ കാവ്യാത്മകത സിനിമയിലും മറ്റും പിടിച്ചെടുക്കാന് വളരെ വിഷമമായ രീതിയിലാണ്. അപ്പൊ തികച്ചും ഒരു വായിക്കാനുള്ള നോവലാണ്‌ . റീഡര്ലി നോവല്‍ എന്ന് പറയുന്ന പോലെ വായിക്കാനുള്ള സാഹിത്യപരമായ  ഒരു കൃതിയാണ് ഇത് .അങ്ങനെയ്യാണ് അത് മറ്റ് ഇംഗ്ലീഷ് നോവലുകളില് നിന്ന് വ്യത്യസ്ഥമാകുന്നത് . ലിറ്റെററി എന്ന് പൂര്‍ണ്ണമായും പറയാവുന്ന  ഒരു കൃതിയാണ്.

ഈ ലക്കം മാധ്യമം വാർഷികപ്പതിപ്പിൽ നല്ല അഭിമുഖം👌


(കൽക്കി ബ്ലോഗിൽ നിന്നും നോവലിനെപ്പറ്റി)
ലഹരിയുടെ ലോകത്തായിരുന്നു, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ. നീലപ്പുകയുടെയും, വെളുത്ത പൊടിയുടെയും, നിറമില്ലാത്ത ദ്രാവകങ്ങളുടെയും ലോകത്ത്. കഞ്ചാവും,കറുപ്പും  മുതൽ ബ്രൌൺഷുഗറും, കൊക്കേയ്നും, ഹെറൊയ്നും, ഹഷീഷും വരെ. തെറ്റിദ്ധരിക്കരുതേ.... , ജീത് തയ്യിലിന്റെ നാർകോപോളിസ് വായിക്കുകയായിരുന്നു.ലഹരിയെപ്പറ്റി, അതിന്റെ വിനാശവഴികളെപ്പറ്റി ഇതിനു മുൻപ് ഇത്രയേറെ വായിച്ചത്, വർഷങ്ങൾക്ക് മുൻപ് കൌമാരത്തിലാണു, റ്യൂ മുറാകാമിയുടെ “സുതാര്യനീലിമ”, ലഹരിയും സെക്സും ഇടകലർന്ന പുസ്തകത്തിൽ. അതിൽ‌പ്പിന്നെ മുതിർന്നപ്പോൾ ലഹരിയെ അറിഞ്ഞു വായിച്ചും , കുറച്ചൊക്കെ സ്വന്തം അനുഭവങ്ങളിലൂടെയും . പ്ക്ഷെ എനിക്ക് എല്ലാ ലഹരിയേക്കാളും വലുത് വായനയുടെ ലഹരി തന്നെയാണു, അതിനെ കവച്ചു വയ്ക്കാൻ ഇതു വരെ അറിഞ്ഞ ലഹരികൾക്കൊന്നും കഴിഞ്ഞിട്ടില്ല. അതു പോട്ടെ, നാർകോ പോളിസ് ഒരു കാലഘട്ടത്തിലെ ബോംബെയുടെ കഥയാണു, തുടക്കവും ഒടുക്കവും അതേ പേരിലുമാണു.  ഇന്ത്യൻ ജനസമൂഹത്തിന്റെ ഒരു പരിച്ഛേദമാണു ബോബെ നഗരം, അവിടെ എല്ലാവരുമുണ്ട്, എല്ലാതരക്കാരുമുണ്ട്. ഇത് ലഹരിയുടെ വഴികളിൽ വന്നണഞ്ഞ, അതിൽ വഴിതെറ്റി വന്നവരും, അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി തേടുന്നവരും, ജീവിതത്തിനോട് യുദ്ധം പ്രഖ്യാപിച്ചവരും അങ്ങിനെ പലരും ഉണ്ട്, അവരുടെ ധൂർത്തടിക്കപ്പെട്ട അഥവാ അതിനേക്കാളുപരി ലഹരിയാൽ കൊള്ളയടിക്കപ്പെട്ട ജീവിതങ്ങളുടെ കഥ. നേരത്തെ പറഞ്ഞതു പോലെ അവരിൽ കള്ളന്മാരും, കൊലപാതകികളും, വേശ്യകളും, ഹിജഡകളും, കച്ചവടക്കാരു, കൂട്ടിക്കൊടുപ്പുകാരും അങ്ങിനെ എല്ലാവരുമുണ്ട്. ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത ഒരു പിടി കഥാപാത്രങ്ങൾ, ചില മുഹൂർത്തങ്ങൾ, സംഭാഷണങ്ങൾ, ഒപ്പം സമർത്ഥമായ ചില രാഷ്ട്രീയ നിരീക്ഷണങ്ങളും. കഥ പുരോഗമിക്കുന്നതിനനുസരിച്ച് തലമുറകളുടെ ജീവിതവീക്ഷണത്തിലും രാഷ്ട്രീയത്തിലും വരുന്ന മാറ്റങ്ങൾ വളരെ സമർത്ഥമായിത്തന്നെ നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്, കണ്ണുള്ളവനു കാണാം എന്ന രീതിയിൽ . കുറുകിയ വാക്കുകളിൽ, ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറി എന്നാൽ ഓരോ കഥാപാത്രത്തേയും അതിന്റെ ആഴങ്ങളിൽ പ്രതിഫലിപ്പിച്ച്, ഒട്ടൊക്കെ ഭ്രമാത്മകമെങ്കിലും ലളിതവുമായ ആഖ്യാനമാണു ജീത് തയ്യിലിന്റേത്. മറക്കാനാവാത്ത ഒരു വായനാനുഭവം പകരാൻ ഈ നോവലിനു കഴിയുന്നു, ചില നേരങ്ങളിൽ കഥാപാത്രങ്ങളെപ്പോലെ വായനക്കാരനും ആ ലഹരിയുടെ ലോകത്തിലേയ്ക്കിറങ്ങും, ഉന്മാ‍ദിയാകും.