29-01c

വിക്സ് മാംഗോ ട്രീ - അനീസ് സലിം

പ്രസാ : പൂർണ, കോഴിക്കോട്
വില 300 രൂപ.
വിക്സ് മാംഗോ ട്രീ
അടിയന്തിരാവസ്ഥയ്ക്ക് മുൻപും, പിൻപുമുള്ള ചില സാധാരണ, എന്നാൽ അസാധാരണ ജീവിതങ്ങളുടെ രേഖാചിത്രം. അൻപത്തി നാലുതരം മാങ്ങകൾ വിളയുന്ന മാംഗോബാഗ് എന്ന സങ്കല്പ ഭൂപ്രദേശം.  (ഇന്ത്യയുടെ പരിശ്ചേദമായി കാണാം). അവി ടെ ജനിച്ചു ജീവിച്ച, വന്നു ജീവിച്ച ചിലരുടെ ജീവിതങ്ങളുടെ നേർചിത്രം. മാംഗോ ബാഗിലെ ഇടുങ്ങിയ തെരുവിലെ മുഷിഞ്ഞതും ആദ്യത്തേതും ആകെ ഒന്നുമായ ഫ്ലാറ്റാണ് ബാവാ ഹൗസ്. അതിലെ താമസക്കാരനാണ് ഭട്ട് എന്ന ഭട്ട് സാർ.
സെന്റ് പോൾ സ്കൂളിൽ നിന്നും വളണ്ടറി റിട്ടയർമെന്റ് (എന്ന് ഭട്ട് സാറും, പറഞ്ഞു വിട്ടതെന്ന് മാനേജ്മെന്റും പറയുന്ന) എടുത്ത ഇംഗ്ലീഷ് അദ്ധ്യാപകനാണ്, ഭട്ട്. ( ഭട്ട് സാർ) മകൻ നന്നേ ചെറപ്പത്തിലും പിന്നീട് ഭാര്യയും മരിച്ചു. ഏകൻ. തന്റെ സുഹൃത്തായ സുന്ദ രയ്യരുടെ മകനും പത്രപ്രവർത്തകനുമായ രാജ് അയ്യരുമാണ് ബാച്ചിലേഴ്സ് ഫ്ലോർ എന്ന നാലാം നിലയിലെ താമസക്കാർ. ഭട്ട് സാർ " ഇംഗ്ലീഷ് ടീച്ചറുടെ ആത്മകഥ" എന്ന വിഖ്യാത പുസ്തകം രചിച്ച് പ്രസാധകർക്ക് അയക്കുകയും പ്രസാധകരുടെ നിലവാര ക്കുറവിനാൽ ( ഇത് ഭട്ട് സാറിന്റെ ഭാഷ്യം) ആയത് തിരിച്ചയക്കുകയും ചെയ്തുകൊണ്ടിരി ക്കുന്നു. ഇതിനിടയിൽ മാംഗോ ബാഗ് പണ്ട് ഭരിച്ചിരുന്ന രാജ വംശത്തിലെ തളർന്നു കിടക്കുന്ന രാജകുമാരനെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ക്ഷണം ഭട്ട് സാറിനു ലഭി ക്കുന്നു. ഭഗവാന് നന്ദിയർപ്പിക്കാനും ദിനം സുഗമമാക്കാനുമായി ആൽത്തറയിലെ ഗണ പതി വിഗ്രഹത്തിനു മുന്നിൽ തേങ്ങ ഉടയ്ക്കുന്നു. തേങ്ങ ഉടയുന്നില്ല. പകരം വിഗ്രഹത്തിന്റെ കണ്ണ് അടർന്നുപോകുന്നു. ഭയന്ന ഭട്ട് സാർ രക്ഷപെടുന്നു. പണ്ട് നടന്ന ലഹളപോലൊന്നു നടക്കാതിരിക്കാൻ പൂജാരിയായ പയ്യൻ തെറിച്ചു വീണ കഷണം ചേർത്ത് ഒട്ടിക്കുന്നു. പയ്യന്റെ കയ്യിലെ കുങ്കുമം ആ മുറിവായിൽ പറ്റുന്നു. അപ്പോൾ പെയ്ത ചാറ്റൽമഴയിൽ വിഗ്രഹ ത്തിന്റെ കണ്ണിൽ നിന്നും ചോര ഒഴുകുന്ന രീതിയിൽ കാണുന്നു. വിഗ്രഹത്തിനും അതി നോട് ചേർന്നു നില്ക്കുന്ന ആലിനും പ്രചാരം ലഭിക്കുന്നു. ഭട്ട്സാർ നിശബ്ദ സാക്ഷിയായി നില്ക്കുന്നു.
ഇതിനിടയിൽ രാജ് നാരായണന്റെ നേതൃ ത്വത്തിൽ ഇന്ദിരാഗാന്ധിക്കെതിരേ പ്രതി ഷേധ യോഗങ്ങളും പ്രകടനങ്ങളും നടക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.
സെൻഷർഷിപ്പ് കാര്യമായി ബാധിക്കാത്ത ഒരു കോളം പത്രത്തിലെ ചരമക്കോളമായതിനാൽ ഫ്രീഡം (സ്വാത ന്ത്ര്യം) മരിച്ചു എന്നും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും രാജ് അയ്യർ വാർത്ത കൊടുക്കുന്നു. പോലീസ് രാജ് അയ്യരെ തേടി യെത്തുന്നു.
അന്നുവരെ കേവലം ഒരു കയ്പൊക്കലിന്റെ (അഭിവാദ്യം) പരിചയം മാത്രമുള്ള താഴെ നിലയിലെ താമസക്കാരൻ അലാവുദ്ദീൻ, രാജിനെ സ്വദേശമായ കൽക്കത്തയിലേക്ക് പോകൂ എന്നു പറഞ്ഞ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നു.
അലാവുദീന്റെ ഭാര്യ, റാബിയ. തന്റെ കത്തു കൾ കുട്ടികൾ മോഷ്ടിക്കുന്നു എന്ന ഭട്ട്സാറി ന്റെ പരാതി അന്വേഷിക്കുന്നു. പക്ഷേ മറ്റുള്ളവ രുടെ കത്തുകൾ മോഷ്ടിച്ചു വായിക്കുന്ന ഒരു മനോനിലയിലേക്ക് അവരെത്തുന്നു. അതുവഴി, കുഞ്ഞുങ്ങളെ നോക്കി, കുടുംബം പരിപാലിച്ച് കഷ്ടപ്പെടുന്ന ഒരു സ്ത്രീയാണ് ഇന്ദിരാഗാന്ധി എന്ന അവരുടെ നിലപാടിൽ മാറ്റം വരുന്നു.
ആൽത്തറയും ഗണപതി വിഗ്രഹവും വളരുന്നു. വിശ്വാസികളുടെ ഒഴുക്ക് കൂടുന്നു. മകനെ തിരക്കി സുന്ദരയ്യർ ബാവാ ഹൗസിലെത്തുന്നു. പബ്ലിക് ലൈബ്രറി വിപ്ലവകാരികൾ തീ വെയ്ക്കുന്നു. അതിലൊരാൾ സുന്ദരയ്യർക്ക്, മകൻ രാജ് അയ്യർ ഇനി ഒരിക്കലും തിരിച്ചു വരി ല്ലെന്നും കാത്തിരിക്കേണ്ട എന്നും എഴുതുന്നു.
ഭട്ട് സാറിന്റെ " ഇംഗ്ലീഷ് ടീച്ചറുടെ ആത്മകഥ" എന്ന പുസ്തകം പ്രസാധനം ചെയ്യുന്ന കാര്യം നേരിട്ടു സംസാരിക്കാമെന്നെഴുതിയ കത്തും റാബിയ വായിക്കുന്നു. ഈ കത്തുകൾ തിരിച്ചു കൊടുക്കാനും ഇനിയൊരിക്കലും മറ്റൊരാളുടെ കത്തുകൾ വായിക്കില്ലെന്ന തീരുമാനത്തിൽ റാബിയ എത്തുന്നു. എന്നാൽ ഭട്ട് സാറിനുള്ള കത്തുമാത്രം തിരിച്ചു കൊടുക്കുന്നു. ഒരു പിതാവിന്റെ പ്രതീക്ഷ നഷ്ടപ്പെടുത്താൻ ആഗ്ര ഹിക്കാത്ത റാബിയ, സുന്ദരയ്യർക്കുള്ള കത്ത് കിറി കാറ്റിൽ പറത്തുന്നു. കണ്ണുനീർത്തുള്ളി കളെപ്പോലെ പെയ്ത മഴയിൽ ആ കത്ത് നുറു ങ്ങുകൾ അലിഞ്ഞുചേരുന്നു.
അടിയന്തരാവസ്ഥ പിൻവലിച്ചു. രാജ് അയ്യ രുടെ പ്രതിമ പാർക്കിൽ സ്ഥാപിക്കുന്നു. വളർന്നു പന്തലിച്ച ആലും ഗണപതിയും ആ തെരു വ് കീഴടക്കുന്നു. ബാവാ ഹൗസ് എന്ന ഫ്ലാറ്റ് , ഉടമസ്ഥൻ ക്ഷേത്ര ട്രസ്റ്റിനു വില്ക്കുന്നു. എല്ലാവരും പുതിയ ഇടങ്ങൾ തേടിപ്പോകുന്നു. അതുവരെ വിക്സിന്റെ ഗുണവും മണവും നല്കി ബാവാ ഹൗസിനോട് ചേർന്നുനില്ക്കുന്ന വിക്സ് മാംഗോ ട്രീ നിലംപതിക്കുന്നു.
ഒരുപാട് രചനകൾക്ക് അടിയന്തരാവസ്ഥ ഇതിവൃത്തമായിട്ടുണ്ട്. പലതും ഞാൻ വായിച്ചിട്ടുമുണ്ട്.
അടിയന്തരാവസ്ഥയുടെ ഇരകളെയും രക്തസാക്ഷികളെയുമാണ് അതിലൊക്കെ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ നോവൽ തികച്ചും വ്യത്യസ്തമാണ്. സാധാരണ ജീവിതങ്ങളി ലേക്ക്, അവയുടെ സൂക്ഷ്മ തലങ്ങളിലേക്ക് അടിയന്തരാവസ്ഥ ആഴ്ന്നിറങ്ങിയതിന്റെ സുക്ഷ്മ രാഷ്ടീയമാണ് ശ്രീ. അനീസ് സലിം, വിക്സ് മാംഗോ ട്രീയിലൂടെ പറയുന്നത്.
മകനെ തിരക്കി വരുന്ന സുന്ദരയ്യരിൽ "ഈച്ചരവാരിയരെ" മലയാളി കണ്ടെത്തി യാൽ അത്ഭുതപ്പെടാനില്ല.ഒരു പുതിയ ആഖ്യാന ശൈലിയും കഥപറച്ചിലിന്റെ പുതു പാഠവും അനീസ് സലിമിന് സ്വന്തമാണ്.
തികച്ചും അപ്രധാനമെന്നു നമ്മൾ കരുതുന്ന ചില സംഗതികളുടെ സൂക്ഷ്മവർണ്ണനയും, പരിഗണനയും, പാഠനിർമ്മിതിയും ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു. ഈ ഒരു നോവലിലൂടെ കഥ പറയാനുള്ള തന്റെ പാടവം തെളിയിച്ച എഴുത്തുകാരനാണ് ശ്രീ. അനീസ് സലിം.  
വായനയുടെ പുതിയ അഭിരുചികൾ തേടുന്നവർക്ക് നവ്യാനുഭവം ആയിരിക്കും.