28-05

🌹 തക്ഷൻകുന്നു സ്വരൂപം 🌹
 നോവൽ
യു. കെ കുമാരൻ.
 
വയലാർ  അവാർഡിന് അർഹമായ നോവൽ.
 
       
ഒറ്റപ്പെടലിന്റെ തീവ്രതയിൽ ഗ്രാമാതിർത്തിയിലെ ആഴമേറിയ തോടിനു മുകളിൽ ഇട്ടിരിക്കുന്ന മുളമ്പാലത്തിൽ കിടക്കുന്ന രാമർ എന്ന കൊച്ചു പയ്യനിൽ നോവൽ ആരംഭിക്കുന്നു.
തന്റെ കൂടെ പഠിക്കുന്ന  കുട്ടിയെ ആക്രമിച്ചു എന്നതിന്റെ പേരിൽ  സ്കൂളിൽ നിന്നും പിന്നീട്  അച്ഛനിൽ നിന്നും  ക്രൂരമായി  മർദ്ദനം ഏൽക്കേണ്ടി വന്ന പയ്യൻ.
നിരന്തരമായ  പരിഹാസമേറ്റു മടുത്തപ്പോൾ പ്രതികരിച്ചുപോയി. ഇപ്പോഴും  അതിൽ കുറ്റബോധമില്ല....

എന്നാൽ തോന്നുന്നതും മനസ്സിലേക്ക് ഇരച്ചു
കയറുന്നതും അനാഥനെന്ന തോന്നലാണ്.
അമ്മയുണ്ടായിരുന്നെങ്കിൽ........ ആ നിറ സാന്നിദ്ധ്യം  തന്നെ തലോടി ആശ്വസിപ്പിക്കുമായിരുന്നു. .....  രാമർ നക്ഷത്രങ്ങൾ പോലും കൺതുറക്കാത്ത ഇരുട്ട് കട്ടപിടിച്ച ആകാശത്തേക്ക് നോക്കി ആ പാലത്തിൽ കിടന്നു.

തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ  ചരിത്രം,  രാമർ എന്ന മനുഷ്യന്റെ ജീവിതം  അവിടെ  മാറ്റിയെഴുതപ്പെടുകയായിരുന്നു....
കല്ലുവെട്ടു പാച്ചറുടെ മകൻ രാമർ എന്നതിനപ്പുറം ചരിത്രസാക്ഷിയായി ഒരു നൂറ്റാണ്ടിന്റെ  ഇതിഹാസ ചരിത്രത്തിന്റെ  ഭാഗമായി  രാമർ മാറി.

തങ്ങളുടെ തലമുറ  എന്തൊക്കെ  തിന്മകൾ സമൂഹത്തിൽ നിന്നും  കളയണം എന്നാഗ്രഹിച്ചോ..... അതിനുവേണ്ടി  പോരാടിയോ.... അതേ തിന്മകൾ അടുത്ത തലമുറയിലൂടെ പുതിയ രൂപത്തിൽ  ഭാവത്തിൽ  തിരിച്ചു  വരുന്നത് കണ്ട് പകച്ചു നിൽക്കുകയാണ് രാമർ.....

മലബാറിന്റെ ഗ്രാമീണ ഭംഗികളും ആചാരങ്ങളും ഇതിൽ ബിംബങ്ങളാകുന്നു. തക്ഷൻകുന്നു എന്ന ഗ്രാമം തന്നെ ഈ നോവലിൽ കഥാപാത്രമാണ്. നിശബ്ദനാണെങ്കിലും ആ ഗ്രാമത്തിലുണ്ടാകുന്ന പരിവർത്തനങ്ങളിൽ  രാമറും പങ്കാളിയാകുന്നു.
തന്റെ വളർച്ചയുടെ ഒരു ഘട്ടത്തിലും ഞാനെന്ന ഭാവമില്ലാതെ സമൂഹത്തിന്റെ ഭാഗമായി മാത്രം രാമർ നില്ക്കുന്നു. മാറ്റങ്ങൾക്കും നാടിന്റെ നേട്ടങ്ങൾക്കും വേണ്ടി പണിയെടുത്ത്, തന്റെ പരിശ്രമം ഫലം കാണുന്നത് നിശബ്ദനായി മാറാനിന്നു നോക്കി കാണുന്ന കുഞ്ഞിക്കേളു ശക്തനായ കഥാപാത്രമാണ്.

  ദീപ്ത സാന്ദ്രമായ ഒരു പ്രണയം ഈ നോവലിൽ അന്തർധാരയായി ഒഴുകുന്നു.
 
കൂടാതെ ദേശീയ സമരവും അതിന്റെ ചലനങ്ങളും,
കെ. കേളപ്പനും അദ്ദേഹത്തിന്റെ പ്രണയിനി മെറ്റിൽഡയും എന്തിന്,  മഹാത്മാ ഗാന്ധി വരെ ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു.

ഇതിഹാസ സമാനരായ വീരപുരുഷന്മാരായല്ല മറിച്ച് സാധാരണക്കാരായ മനുഷ്യരായാണ് പ്രത്യക്ഷപ്പെടുന്നത്. അതാണ് ഈ നോവലിന്റെ നന്മയും സൗന്ദര്യവും.

ചോർന്നു പോകാത്ത നന്മയുടെ ഒരു നുറുങ്ങ് ഇപ്പോഴും  ബാക്കിയുണ്ട്  എന്ന് ഈ നോവൽ പറഞ്ഞു തരുന്നു.

ലളിത, സുന്ദരമായ ഭാഷ.  ആഖ്യാനശൈലി അനുപമം. അർദ്ധോക്തികളോ... ആശയക്കുഴപ്പമോ ഉണ്ടാക്കാതെ കഥയിലേക്ക് കൈപിടിച്ചു നടത്തുന്ന അനുപമമായ രചനാ രീതി.

ഒരു നൂറ്റാണ്ടിന്റെ  ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഈ നോവൽ.

1995 നു ശേഷം ഞാൻ വായിക്കുന്ന യു. കെ. കുമാരന്റെ കൃതിയാണിത്.

1980-95 കാലഘട്ടത്തിൽ ധാരാളം ചെറുകഥകൾ അദ്ദേഹത്തിന്റെ വായിച്ചിട്ടുണ്ട്.

സുന്ദരമായ,  ശാന്തമായ  ഒരു വായനയനുഭവം  ഞാൻ ഗ്യാരന്റി തരാം.  സാധിക്കുന്നവർ വാങ്ങി വായിക്കൂ.....
പ്രസാദാത്മകമായ ഒരു നോവൽ.

പ്രസാധകർ : എസ്. പി. സി. എസ്.

വിതരണം : നാഷണൽ ബുക്സ്റ്റാൾ.

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
തയ്യാറാക്കിയത്: കുരുവിള ജോൺ