27-11

📚📚📚📚📚📚📚📚📚📚📚
പുസ്തക പരിചയം
അനില്‍
📚📚📚📚📚📚📚📚📚📚📚
      🌹 ഉടൽഭൗതികം 🌹
                  നോവൽ

കാരൂർ നോവൽ  പുരസ്കാരം പ്രഥമ സ്ഥാനം ലഭിച്ച കൃതി

വി. ഷിനിലാൽ  
പ്രസാധകർ  : സാഹിത്യ പ്രവർത്തക സഹകരണ സംഘം.
വിതരണം : നാഷണൽ ബുക്ക് സ്റ്റാൾ
വില : 230/-

എഴുത്തുകാരൻ  :

തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശി. പൂവത്തൂർ ഗവ. ഹൈസ്കൂൾ,  നെടുമങ്ങാട് ഗവ. കോളേജ്,  ചാക്ക ഐ. റ്റി. ഐ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ട്രാവലിങ്ങ് ടിക്കറ്റ്  ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കഥകൾ  എഴുതുന്നു.

ഉടൽഭൗതികം

"വടക്ക് മയിലാടും പാറ, പടിഞ്ഞാറ് ചക്കിട്ടപാറ,  കിഴക്ക് കൂവക്കുടിയാറ്, തെക്ക് വെള്ളയം ദേശം വഴി നെടുമങ്ങാട്ടേക്കുള്ള റോഡ്." പാറയിൽ വരച്ചിട്ട ചിത്രം  വിശദീകരിച്ച് രാധിക ജീവനോട് പറഞ്ഞു.

"കാലുകൾ കവച്ച് തലയുയർത്തി കിടക്കുന്ന സ്ത്രീയെപ്പോലെ ഒരു കുടുസ്സ്"...... ജീവൻ ചിരിച്ചു.


**********
ഇതാണ് മയിലാടുംപാറ.

അവിടുത്തെ അമ്മുവമ്മ എന്ന ധാരാളം കഥകൾ പറയുന്ന  അമ്മൂമ്മയുടെ  കൊച്ചു മോൾ, സഖാവ് സുകുമാരന്റെയും സീതയുടെയും മകൾ, അംബരീഷണ്ണന്റെ  അനിയന്റെ മോൾ, ചന്ദ്രിക  എന്ന  നാടാരുടെകൂടെ  ഒളിച്ചോടിയ അപ്പച്ചിയുടെ  മരുമോൾ.... പ്രജിതയെന്ന നാടാരുടെ മോളുടെ (ചന്ദ്രിയുടെ മോൾ) സഹ ജീവി. സുരേഷ്  എന്ന  ആങ്ങളയുടെ പെങ്ങൾ... അവളാണ്  ഈ കഥയിലെ നായിക... പക്ഷേ  രാധികയാണോ നായിക. ???

അല്ല... ജീവിതം  ഒരു റാഡ് റാളർ പോലെയാണ്  എന്നു പറഞ്ഞ, മയിലാടുംപാറയുടെ വികസനവഴികളിൽ മുന്നിൽ നിന്ന അബൂബക്കർ എന്ന സായിപ്പ് എന്ന  മെല്ലൻ എന്ന  ഔവ്വക്കർ ആണോ.... ???

വിമാനങ്ങളുടെ  ഇരമ്പലിൽ ഭയന്നോടി കാട്ടിലൊളിക്കുന്ന  അംബരീക്ഷൻ  മാമയാണോ....???

അതോ  വിവാഹദിനം മുതൽ വേട്ടക്കാരനായി  മാറി , പിന്നെ  ഇരയായി രൂപ പരിണാമം വന്ന  രാധികയുടെ  ഭർത്താവ് അജയ്  ആണോ ..... ???

അതോ  ചാരായം വാറ്റി  ലഹരിയുടെ കയങ്ങളിൽ  നാട്ടുകാരെ  ആഴത്തുമ്പോഴും നാടിന്റെ വികസന നായകരെ കണ്ടു  എന്നലറിക്കൊണ്ട് പാതിരാവിൽ മയിലാടുംപാറയെ വിറപ്പിക്കുന്ന കാട്ടുമാക്കാനോ......???

എഴുത്തുകാരനായി രംഗത്ത് വന്നു നോവലിലെ പ്രധാന വേഷമണിയുന്ന ജീവനെന്ന  എഴുത്തുകാരനോ.....

കമ്പൗണ്ടറുടെ ഭിത്തിയിലൊട്ടിച്ചുവെച്ച രസീതിലെ വിദ്യാഭ്യാസ നിഥിയിലേക്കുള്ള തുക കണ്ടു  അപകർഷതാബോധം ബാധിച്ച  സുരേഷ്  എന്ന  സഹോദരനോ.....

അൻപത്താറുവർഷം കൊണ്ടു നടന്ന ബ്രഹ്മചര്യം,   രാധികയുടെ സ്വാമി ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിൽ വീണു തകർന്ന്  ആത്മഹത്യയിൽ അഭയം തേടിയ ജ്ഞാനചൈതന്യ  എന്ന സ്വാമിയോ.....

നാടാരുടെകൂടെയുള്ള ജീവിതം മടുത്തു... മയിലാടുംപാറയിലെ സുകുമാരണ്ണൻ എന്ന സഹോദരന്റെ വീട്ടിൽ  അഭയം തേടുകയും  ധീരമായ നിലപാടുകളിലൂടെ ആ കുടുംബത്തെ കരകയറ്റുകയും ചെയ്ത ചന്ദ്രിയോ.... ???

അതോ അവരുടെ മകൾ,  കാര്യമായ വിവരമോ വിദ്യാഭ്യാസമോ ഇല്ലാതിരുന്നിട്ടും അംബരീഷൻ മാമ തന്ന വസ്തു  പാറപൊട്ടിക്കുന്ന മാഫിയക്ക്  കൊടുക്കൂല എന്ന് തീരുമാനമെടുത്ത പ്രജിതയോ.....

സ്ഥലം  എം.  എൽ. എ യുടെ ബിനാമിയും രാധികയുടെ ബാല്യകാല സുഹൃത്തും പലതവണ  പത്താം ക്ലാസ് എഴുതിയിട്ടും പാസാകാത്ത , ഇപ്പോൾ  മയിലിടുംപാറയിലെ അംബരീഷ് മാമ രാധികയ്ക്കും പ്രജിതയ്ക്കുമായി കൊടുത്ത ഭൂമിക്ക് വില പറയാൻ വന്ന ഹാഷിമോ.........

വരവില്ലാത്ത  അമ്പലത്തിലെ ദാനം കിട്ടിയ പറയിൽ  990 എന്നതിന് പകരം AD 990 എന്നാക്കി മാറ്റി   ഇരുമൂർത്തി പ്രതിഷ്ഠയുടെ അമ്പലം ഹിന്ദു തീവ്ര വാദത്തിന്റെ തൊഴുത്താക്കിയ ശാന്തിക്കാരൻ തിരുമേനിയോ.....

അതോ  പട്ടാളക്കഥകളും കൂടെ നാടിന്റെ വികസനത്തിലും  പിന്നീട് വന്ന മതതീവ്രവാദത്തിലും അറിയാതെ പങ്കാളിയായ വീരേശൻ നായരോ.......

ഇങ്ങനെ  ഉടൽഭൗതികം
ഒരുപാട്  നായകരിലൂടെ, ഒരുപാട്  പ്രതി നായകരിലൂടെ മുന്നോട്ടു പോകുന്നു.
ഈ നോവൽ മയിലാടുംപാറ എന്ന പ്രദേശത്തിന്റെ മാത്രം കഥയല്ല. സമകാലിക കേരളത്തിന്റെ പരിശ്ചേദമാണ് മയിലാടുംപാറ.

ഓരോ പ്രദേശത്തിന്റെ വികസനവും വളർച്ചയും  അവിടുത്തെ ചില  ആദ്യകാല ജീവിതങ്ങളുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ബാക്കി പത്രമാണ്..

അതുപോലെതന്നെ തകർച്ചയും ചിലരുടെ സ്വാർത്ഥതയുടെയും കൊതിയുടെയും അവശിഷ്ടവും. പ്രകൃതിയുടെ വേരുകളായ പാറകൾ പൊട്ടിച്ച് പണം നേടാനുള്ള ശ്രമം മയിലാടുംപാറയെ തകർത്തു.  അതിനെതിരെ പ്രതികരിച്ചവരെ എല്ലാം നിശബ്ദരാക്കി.

ഇത്തിരി കൂടി വിശാലമായിപ്പറഞ്ഞാൽ നാളത്തെ പരിസ്ഥിതി ലോകമാണ്  മയിലാടും പാറ.

നോവൽ ഘടന:
മൂന്നു ഭാഗങ്ങളായി തിരിച്ചാണ് നോവൽ.
ദ്രവം, ഖരം, അഗ്നി.

ദ്രവമായി, ആദ്യജീവകണമായി നിക്ഷേപിക്കപ്പെടുന്ന ഭ്രൂണം വളർന്ന് ഖരമാകുന്നു. പരിണാമങ്ങളുടെ തുടർച്ചയായി വളരുന്നു.  അവസാനം അഗ്നിയിൽ വിലയം പ്രാപിക്കുന്നു.

ആദ്യ ഭാഗത്ത്  ഭുതകാലവും വർത്തമാനകാലവും ഇടവിട്ട് വായനക്കാരനോട് സംവദിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അത് പക്ഷേ വായനയുടെ    ഒഴുക്ക് തടസ്സപ്പെടാത്തരീതിയിൽ ഭംഗിയായി അവതരിപ്പിചചിരിക്കുന്നു.

പിന്നീടുള്ള ഭാഗങ്ങൾ  എഴുത്തുകാരനും, കഥയിലെ നായികയും നേരിട്ട്  പറയുന്നരീതിയിലും ചില കുറിപ്പുകളുടെയും ഇ മെയിലുകളുടെയും രീതിയിൽ  അവതരിപ്പിക്കുന്നു. നവ ആഖ്യാന, രചനാകൗശലങ്ങൾ ഈ നോവലിൽ കാണാം.

 നാട്ടുഭാഷയുടെ മൊഴിവഴക്കവും ചാരുതയും ഭംഗിയായി  ഇഴചേർക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചു.
ദേശപരിമിതികളെ അതിജീവിച്ച് സമൂഹത്തെ മൊത്തം പ്രതിനിധാനം ചെയ്യുന്ന തലത്തിലേക്ക്  ഈ ആഖ്യായിക ഉയരുന്നു.

വളരെ മനോഹരമായ  ഒരു നോവൽ.  വായനയനുഭവത്തിന്റെ  അഗ്രകോടിയിൽ എന്നെ എത്തിച്ച  നോവൽ.  ...

ഉടൽഭൗതികം...


💧💧💧💧💧💧💧💧💧💧💧
തയ്യാറാക്കിയത്:
കുരുവിള ജോൺ
9495161182

☘☘☘☘☘☘☘☘☘☘☘

മലയാള നോവൽ രചനയുടെ സാമ്പ്രദായിക രീതിയോട് കലഹിച്ച് പുതിയ പരീക്ഷണ രൂപത്തിൽ എഴുതുകയും ജീവിത വീക്ഷണം തികച്ചും വേറിട്ടതാവുകയും ചെയ്യുന്നു എന്ന് ഉടൽ ഭൗതികത്തിന്റെ ആമുഖം തന്നെ പറയുന്നു. ആദ്യ പരീക്ഷണം അല്ലാ ഇതെങ്കിലും അമലിന്റ കൽഹണനും വി എം ദേവദാസിന്റെ പന്നിവേട്ടയും ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ സ്വീകരിക്കപ്പെട്ട പോലെ ഉടൽ ഭൗതികവും സ്വീകരിക്കപ്പെടും. പ്രഥമ കാരൂർ പുരസ്കാരത്തിന് ഇതിനെ തെരഞ്ഞെടുത്തതെന്ത് എന്ന ഔത്സുക്യത്തോടെ വായനയിലേക്ക് കടന്ന ശേഷം കൃതിയിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് അതിന്റെ ഉത്തരവും ലഭിക്കുന്നു. നോവൽ എന്താണ് / ആകണം എന്നതിനെ പറ്റി തന്റെ വീക്ഷണം ഷിനിലാൽ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. "അജൈവ മൂലകങ്ങൾ കൂടി ചേർന്ന് ഞാൻ / നീ ജനിക്കുന്നു... എന്റെ/ നിന്റെ ഉടൽ ഒടുവിൽ വിഘടിച്ച് അജൈവ മൂലകങ്ങൾ ആയി വീണ്ടും പിരിയുന്നു. നായിൽ / നരിയിൽ പുനർജനിച്ചു. അതിനിടയിൽ ഭൂമിയിൽ ഉടൽ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ജീവിതം" ജീവിതത്തെ എത്ര കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. അതു തന്നെയത്രേ ചരിത്രം / സംസ്കാരം / നോവൽ. ജീവിതം തന്നെയാണ് നോവൽ എന്നതിനാൽ നോവൽ പുരോഗമിക്കുമ്പോൾ നോവലിസ്റ്റ് തന്നെ നോവലിലേക്ക് പ്രവേശിക്കുക സ്വാഭാവികം. അതാണ് ഉടൽ ഭൗതികത്തിൽ സംഭവിക്കുക.

                                       മലയാളനോവലിൽ ആദി മുതൽ തന്നെ രണ്ട് ധാരകൾ ഉണ്ട്. കാൽപ്പനികമായി കഥ അവതരിച്ചു മുന്നേറുന്ന ഇന്ദുലേഖാപരമായ ചന്തുമേനോൻ ധാര, ചരിത്രാഖ്യായികളുടെ തമ്പുരാൻ ആയ സി വി രാമൻപിള്ളയുടെ ധാര. 'പ്രതി പാത്രം/ഭാഷണഭേദത്തി'ലൂടെ പ്രൊഫ എൻ കൃഷ്ണപിള്ള സി വി യിലെ സൗന്ദര്യത്തെ വരച്ചു കാട്ടുന്നുണ്ട്. പ്രത്യക്ഷത്തിൽ മൂടപ്പെട്ട ഒരു സൗന്ദര്യം! ഷിനി ലാലും സി വി ധാരയോടാണ് ചേർന്ന് നിൽക്കുന്നത്. അതെ, ഉടൽ ഭൗതികം ഒരു കാലഘട്ടത്തിന്റെ കഥയാണ്. പ്രധാനമായും എൺപതുകളുടെ . 1986 ൽ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരുക്കിയ കുഴലിലൂടെ കേരളം കണ്ട ഹാലി ധൂമകേതു, ഭാരതത്തിന്റെ മതേതര യശസ്സിന് തീരാകളങ്കമായ ബാബരി മസ്ജിദ് പൊളിക്കൽ, ' എന്തിനധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം എന്ന് ആഹ്വാനിച്ച് കടന്നു വന്ന സാക്ഷരതായജ്ഞം ഇതൊക്കെ നോവലിൽ കടന്നു വരുന്നു. ഈ എം എസ്സും നായനാരും നെടുമങ്ങാടിന്റെ ആശാൻ ആയ കെ വി സുരേന്ദ്രനാഥും ഒക്കെ കഥാപാത്രങ്ങൾ ആവുന്നു. വായനയിൽ ആ കാലത്തേക്ക് നമ്മുടെ മനസ്സിനെ പറിച്ചു നടുന്നു. അത് സാദ്ധ്യമാവുന്നത് എഴുത്തിന്റെ വിജയമാണ്.
                                 
                                       അനായാസ വായനയ്ക്കു തകുന്ന രചനാരീതിയാണ് നോവലിനെന്ന് എനിക്കഭിപ്രായമില്ല. കൂടുതൽ ഗൗരവമായ വായനയാണ് ഈ കൃതി ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ എല്ലാ വിഭാഗം വായനക്കാരെയും ഇത് തൃപ്തിപ്പെടുത്തില്ല. സാമ്പ്രദായികമായ രചനാ മാർഗത്തോട് മാത്രമല്ല, ജീവിത രീതിയോടും ഇത് കലഹിക്കുന്നുണ്ട്. പ്രണയത്തിൽ കാൽപനികതയില്ലെന്ന് നോവൽ ഉദ്ഘോഷിക്കുന്നു. പ്രണയികൾക്ക് ഉടൽ ഇല്ല തന്നെ. പദാർത്ഥത്തിന്റെ പ്ലാസ്മാവസ്ഥയാ ണ് പ്രണയം എന്ന് പുന:ർ നിർവചിക്കുമ്പോൾ എല്ലാവരും അതിനോട് യോജിക്കണമെന്നില്ല. മണ്ണിൽ ചവിട്ടി നടന്ന കർഷകനിൽ നിന്ന് ശീതീകരിച്ച മുറിയിലിരുന്ന് കമ്പ്യൂട്ടർ ഗെയിം കളിച്ച് പണമുണ്ടാക്കി ഭോഗിക്കുന്നവനിലേക്കുള്ള പരിണാമം ദ്രുത വേഗത്തിലാണ് സംഭവിക്കുന്നതെന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ജീവിതത്തെ ആകെ പുനർ നിർവചിക്കേണ്ടി വരുക സ്വാഭാവികം.

                                      ഏത് രചനാ സമ്പ്രദായം സ്വീകരിച്ചാലും ഭാഷയെ പരാമർശിക്കാതെ വയ്യ. സംവേദനമാണല്ലോ മുഖ്യം? നാട്ടിന്റെ ഗ്രാമ്യഭാഷയും നിരീക്ഷണങ്ങളുടെ അച്ചടി ഭാഷയും മാറി മാറി യുക്തമായി ഉപയോഗിച്ചിരിക്കുന്നു.
പാത്രസൃഷ്ടിയിലും സൂക്ഷ്മത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പോലെ ഒരെണ്ണം മലയാള നോവലിൽ വേണ്ടതാണെന്ന് വായന പൂർത്തീകരിച്ചാൽ നാം പറയും. വിമർശനമായി പറയാൻ ഉള്ളത്, അച്ചടി പിശാചിനെ പൂർണ്ണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. (ഉദാ:- പേജ് 119, 181) 240 പേജുള്ള പുസ്തകത്തിന് 230 രൂപ ഇട്ടത് കൂടിപ്പോയെന്ന് ഞാൻ പറയും. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ. നാഷനൽ ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാണ്.