27-10-18

യാത്രയുടെ അന്ത്യം
ആ കാഴ്ച്ച ഭീതിജനകമായിരുന്നു. ഒന്നേ നോക്കിയുള്ളൂ........ , അപ്പോഴേക്കും അയാളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയിറങ്ങി. മകനെയും കൂട്ടി മെഡിക്കൽ കോളേജിന്റെ വരാന്തയിൽ തലങ്ങും വിലങ്ങും നടക്കുമ്പോഴാണ് ഉറുമ്പരിച്ച ആ വൃദ്ധയുടെ ശരീരം അയാളുടെ കണ്ണിൽപ്പെട്ടത്.  "ആ വൃദ്ധയ്ക്ക് ജീവനുണ്ട്....! " എന്ന് ആരോ പറയുന്നതു കേട്ടപ്പോൾ അയാൾക്ക് അത്ഭുതമാണുണ്ടായത്.

  ദാരുണമായ ഈ ദൃശ്യം തന്റെ മകൻ കാണേണ്ടയെന്നു കരുതി അയാൾ മെഡിക്കൽ കോളെജിന്റെ പടവുകൾ ഇറങ്ങി. ശരീരം അവിടെ നിന്നു സഞ്ചരിച്ചെങ്കിലും അയാളുടെ മനസ്സപ്പോഴും ആ വൃദ്ധയെ ചുറ്റിപ്പറ്റി നിന്നിരുന്നു.
കൂട്ടുകാരന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടേക്കാമെന്നു തീരുമാനിച്ച ആ നശിച്ച നിമിഷത്തെ പ്രാകി കൊണ്ട് അയാൾ       ബസ് സ്റ്റോപ്പിലേക്കു നടന്നു. ഒന്നുമറിയാത്ത മകൻ അപ്പോഴും അയാളുടെ കൈവിരൽത്തുമ്പിൽ  തൂങ്ങുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ആ മുഖത്തേക്കു നോക്കിയപ്പോൾ എന്തോ..... ഒരപായസൂചന അയാളുടെ മനസ്സിലെത്തി.
നാളെ ഇവനും.......?
   തിരക്കു കുറഞ്ഞ ഒരു ബസ്സ് വന്നപ്പോൾ അയാളും മകനും അതിൽ കയറി. സീറ്റിലിരുന്ന് മകൻ പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കുമ്പോഴും അയാളുടെ മനസ്സ് മെഡിക്കൽ കോളെജിൽ നിന്ന് മുക്തി നേടിയിരുന്നില്ല. ശാപ ചിന്തകളും അപായസൂചനകളും അപ്പോഴും അയാളെ നീറ്റിക്കൊണ്ടേയിരുന്നു.
    എപ്പോഴോ അയാളുടെ ചിന്ത തന്റെ ബാല്യത്തിലേക്ക് തെന്നി നീങ്ങി. അച്ഛന്റെ മരണവും, അമ്മയുടെ കഷ്ടപ്പാടുമെല്ലാം അയാൾ നേരിൽ കാണുകയായിരുന്നു. തനിക്കുവേണ്ടി മാത്രം ജീവിച്ച തന്റെ അമ്മ....., ഒടുവിൽ തന്റെ വിവാഹക്കാര്യത്തിലും അമ്മ എതിർപ്പൊന്നും പറഞ്ഞില്ല.
" ഇത്രയ്ക്കും വല്യ ബന്ധം നിനക്കു വേണോ .....വാസുവേ ...?"  എന്നോ മറ്റോ അമ്മ ചോദിച്ചു. പക്ഷെ തന്റെ മുഖം വാടുന്നതു കണ്ടപ്പോൾ അമ്മ തിരിഞ്ഞ് അടുക്കളയിലേക്ക് കയറി.
     അമ്മയുടെ നാടൻ രീതികളൊന്നും സുമതിക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. പിന്നെ ഒന്നും രണ്ടും പറഞ്ഞ് അവൾ അമ്മയുമായി വഴക്കു കൂടി.  "രണ്ടു പേരും ചേർന്നു പോവുന്നതു ശരിയാവില്ല " എന്ന് സുമതിയുടെ അച്ഛൻ പറഞ്ഞപ്പോൾ അയാൾ പുതിയ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു ....                തന്റെ ഉണ്ണി പിറന്നപ്പോൾ പോലും അമ്മയെ വിളിക്കാനോ, കൂടെ താമസിപ്പിക്കാനോ അവൾ സമ്മതിച്ചില്ല. തന്റേടത്തോടെ അമ്മയെ വിളിക്കാനുള്ള കഴിവ് തനിക്കുമുണ്ടായില്ല.തന്റെ നല്ല ജീവിതം മാത്രം സ്വപ്നം കാണുന്ന അമ്മ എല്ലാം സഹിക്കുകയാണെന്ന് അയാൾക്കറിയാമായിരുന്നു .......
   ചിന്തകൾ കൈലാസം കയറിയപ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.  "കോട്ടപ്പുറം.... കോട്ടപ്പുറം " എന്ന് കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് മകനേയും കൂട്ടി ബസ്സിൽ നിന്നിറങ്ങി. നേരെ കാണുന്ന ഇടവഴിയിലൂടെ മുന്നോട്ട് നടന്നു .ആ വഴി അയാൾക്ക് വല്ലാതെ അപരിചിതമായി തോന്നി. എങ്കിലും മുന്നോട്ടു തന്നെ യാത്ര തുടർന്നു. ഒരു പഴയ നാലുകെട്ടിന്റെ മുന്നിലായിരുന്നു അതവസാനിച്ചത്.
" ഞമ്മ എങ്ങോത്താ പോവുന്നേ ദാദീ ...." അയാളുടെ മകൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു. മനസ്സിൽ എന്തോ ദൃഢനിശ്ചയം ചെയ്തതുപോലെ, മകന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അയാൾ പടിപ്പുര കടന്ന് അകത്തേക്കു പോയി.......
അസൈനാർ .പി.യു

കാണുക
നിങ്ങൾക്ക് കാണാനാവുന്നുണ്ടോ
അകലെ മാറി
ആളൊഴിഞ്ഞൊരു
മരച്ചുവട്ടിലിരുന്ന്
മാളികപ്പുറത്തമ്മയും
അയ്യപ്പനും കൂടി
ലാത്തിച്ചാർജും
കല്ലേറും കാണുന്നത് .
ഓരോ എറിക്കും
ഓരോ അടിക്കും
മാളികപ്പുറത്തമ്മ അയ്യപ്പനോട്
ചേർന്നുചേർന്നിരിക്കുന്നത്.
കൈകോർത്ത് കോർത്ത് ചിലർ
ബ്രഹ്മചര്യത്തിന് കാവലൊരുക്കുമ്പോൾ
പ്രണയമൂറുന്നൊരു നാണവുമായി
മാളികപ്പുറത്തമ്മ
അയ്യപ്പന്റെ മുഖത്തേക്ക്
ഇടങ്കണ്ണിട്ടൊരു
നോട്ടം നോക്കുന്നത് .
കൈകോർത്തവന്മാര്
പൊത്തിപ്പിടിച്ചിരിക്കുന്നതെന്റെ
ബ്രഹ്മചര്യമൊന്നുമല്ല
കുറേ വോട്ടുകളാണെന്നു പറ-
ഞ്ഞയ്യപ്പൻ ചിരിക്കുമ്പോൾ
മാളികപ്പുറത്തമ്മ
അയ്യപ്പന്റെ തോളിലേക്ക്
തല ചായ്ക്കുന്നത്....
അയ്യപ്പനവരെ
ചേർത്തു പിടിക്കുന്നത്...
 നെറ്റിയിൽ ചുംബിക്കുന്നത്...
നമുക്കൊരു
ചായകുടിച്ചു വരാമെന്ന് പറഞ്ഞ്
സന്നിധാനത്തിന് താഴെ
ചായക്കടയിലേക്ക്
രണ്ടുപേരും ചേർന്ന്
കൈ പിടിച്ചു നടക്കുന്നത്...
ചായക്കടയിലെ ടെലിവിഷനിലിരുന്ന്
പ്രതിപക്ഷ നേതാവ്
വിശ്വാസം പറഞ്ഞ്
പൊട്ടിത്തെറിക്കുന്നത് കണ്ട്
അവര് രണ്ടുപേരും
ഞെട്ടിത്തരിച്ച് നിക്കണത്
പെട്ടെന്ന്
ടെലിവിഷനിലോട്ടൊരു
ഹരിതാ നായര് വന്ന്
സാരി പിടിച്ച് നേരേയാക്കീട്ട് നാല്
ഡയലോഗ് കാച്ചുമ്പോൾ
മാളികപ്പുറത്തമ്മ
അയ്യപ്പനേം പിടിച്ചു വലിച്ച്
ചായ പോലും കുടിക്കാതെ
ഓടിക്കളയണത് ..
നടകയറാനവർ തിരികെയെത്തവേ,
ശരണം വിളിച്ചോണ്ടൊരു
ജനക്കൂട്ടം
ഒരമ്മയേം കുഞ്ഞിനേം കൂടി
ഓടിച്ചോണ്ട് വരണത്
തപ്പിത്തടഞ്ഞാ കുഞ്ഞ്
താഴെ വീഴുന്നത്
ശരണമന്ത്രം കേട്ടു പേടിച്ചരണ്ടാ കുഞ്ഞ്
വീണിട്ടുമെഴുന്നേറ്റ്
വീണ്ടുമോടുന്നത്
ഒക്കെ കണ്ടുനിന്നു -
മാളികപ്പുറത്തമ്മ
പൊട്ടിക്കരയണത് ,
അയ്യപ്പനറിയാതൊരു
തെറി പറഞ്ഞുപോകുന്നത്...
നിങ്ങൾക്ക് കാണാനാവുന്നില്ലേ ?
ഞങ്ങൾക്ക് കാണാനാവുന്നുണ്ട്
കാരണം ,
ഞങ്ങൾക്ക് ദൈവം
മനുഷ്യസ്നേഹമാണ്
ലാലു കെ ആർ

യുക്തിയുടെ പാഠങ്ങളടർത്തി മാറ്റീടുക!
ഈഴവശിവനെ പ്രതിഷ്ഠിച്ച യുക്തിയെ!
പന്തിഭോജനത്തിന്റെ ചട്ടമ്പിത്തെളിച്ചത്തെ!ലാലു കെ ആർ
വില്ലുവണ്ടിയിലേറും കരുത്തിനെ,
തീയാളിക്കുരുത്തോരക്ഷരക്കൂട്ടത്തെ.
തീവെയിൽ ചട്ടിയായ് വെന്തൊരീ ഭൂമിയെ,
ഉൾക്കനം തിങ്ങുമിടവഴിപ്പെരുമയെ!
പൂങ്കാവനികളെ,
പൂത്ത കിനാക്കളെ l
എല്ലാം മറക്കുകീ ലോകമിരുളിന്റെ കൂട്ടിലേക്കോടുന്നു.
ബുഷ്റ . വി

യിൻ ലിച് വാൻ (ചീന, ജനനം: 1973) പരിഭാഷ: പി.രാമൻ 
1. ഗൗരവ ജീവിതം

ഞാൻ ഒന്നയാളെ നോക്കി അങ്ങനെ ഞങ്ങൾ കല്യാണം കഴിച്ചു. അങ്ങനെ ഞങ്ങൾ തകർത്തഭിനയിച്ചു. കുഞ്ഞുണ്ടായതുമില്ല. ഇടക്കൊക്കെ ഞാനൽപ്പം സൂപ്പു തിളപ്പിച്ചു. അങ്ങനെയങ്ങ് ഞങ്ങൾ കഴിഞ്ഞു. അങ്ങനെ പോകെ ചുരുക്കം ചില ചങ്ങാതിമാരെക്കിട്ടി. അങ്ങനെയങ്ങ് കാലം കടന്നു പോയി. അങ്ങനെയങ്ങനെ ഞങ്ങൾക്കു വയസ്സായി. മാറാരോഗത്തിലൂടെ മാതൃകാ ദമ്പതിമാരായി. ” എന്തൊരു പൊരുത്തമുള്ള ഭാര്യയും ഭർത്താവും “ സന്തുഷ്ട ജീവിതം. അങ്ങനെയങ്ങ് ഞങ്ങൾ മരിച്ചു പോയി. അങ്ങനെ കടന്നു പോകേ സൂര്യൻ ആളൊഴിഞ്ഞ ടെറസ്സിലേക്കു നോക്കി.

 2. അൽപ്പം കൂടി സുഖകരമാക്കാത്തതെന്ത്?... 

ആഹ്,ഒരല്പംകൂടി മേലെ, ഒരല്പംകൂടി താഴെ ഇടത്തോട്ടൊരല്പം, ഒരല്പം വലത്തോട്ട് ഇണചേരലല്ലിത്, ആണികളടിക്കൽ ഓഹ്, ഒരല്പംകൂടി വേഗം, ഒരല്പംകൂടി മെല്ലെ ഒരല്പം അയഞ്ഞ്, ഒരല്പം മുറുകി ഇണചേരലല്ലിത്, സന്മാർഗ്ഗ പാഠം നിങ്ങളുടെ ഷൂസിന്റെ ലേസു കെട്ടൽ ഊഹ്, ഒരല്പം കൂടുതൽ, ഒരല്പം കുറഞ്ഞ് ഒരല്പംകൂടി ലഘുവായ്, ഒരല്പംകൂടി കനത്തിൽ ഇണചേരലല്ലിത്, ഉഴിച്ചിൽക്കവിതാരചന നിങ്ങളുടെ മുടി കഴുകൽ, കാൽ കഴുകൽ സുഖകരമാക്കാത്തതെന്തൊരല്പം കൂടി ഹ്ഹ്, അല്പം കൂടി സുഖകരമാക്കിത്തരൂ ...
ഒരല്പംകൂടി മൃദുവായ്,അല്പംകൂടി പരുക്കനായ് അല്പംകൂടി ബുദ്ധിപരമായ്,അല്പംകൂടി ജനകീയമായ് അല്പംകൂടി സുഖകരമാക്കാത്തതെന്ത്?...
🍂🍂🍂🍂🍂🍂🍂🍂🍂🍂

നിന്നെ കേൾക്കുന്ന 24 മണിക്കൂറിന്റെ  കോശങ്ങൾ 
നിന്നെ കേൾക്കുവാൻ -
പല മനുഷ്യരിൽ,
സമയത്തിന്റെ കണികയായ്
ഞാൻ ചിതറി പോകുന്നു.
ചെറിയ പ്രകമ്പനം കൊണ്ട്
ഞാനവരെ 24 കഷണങ്ങളായി മുറിക്കുന്നു.
അവരുടെ കൈകൾ,
കാലുകൾ, കണ്ണുകൾ,
മൂക്ക്, നാക്ക്
നിന്നെ കേൾക്കുവാൻ മാത്രം
തുറന്നു വെക്കുന്നു.
നിന്നെ കേൾക്കുവാൻ വേണ്ടി
ഭൂമി അതിന്റെ ഭ്രമണത്തെ
മഞ്ഞപ്പറവകൾക്ക് കൈമാറ്റം ചെയ്യുന്നു.
പ്രപഞ്ചത്തിലാകെ പറന്നു നടക്കുന്ന
മഞ്ഞപ്പറവകൾ -
നിന്നെ കേൾക്കുവാൻ വേണ്ടി മാത്രം
എന്റെ ശ്വാസം പലർക്കുമൊപ്പം
 പൊട്ടിത്തെറിക്കുന്നു.
ആർഷ കമ്പനി

ഇലമുളച്ചി
പന്ത്രണ്ടിലന്തിപ്പഴവും എഴുപത്പൈസയും
കൊടുത്തുവാങ്ങിയ
മയിൽപ്പീലി പെറ്റില്ല.
മാനം കണ്ടുകാണുമെന്നും
സാമൂഹ്യ പാഠത്തിൽവെച്ചാൽ
പതിവുപോലെ പെറൂല്ലെന്നും
കൂട്ടുകാരി ;
ട്രൗസർ പോക്കറ്റിലെ
അണ്ണാറക്കണ്ണന്
കൊടുത്തൂ ഇത്തിരി
മാമ്പഴച്ചാർ.
പക്ഷിക്കുഞ്ഞുങ്ങൾക്ക്
വെള്ളം കൊടുക്കാൻ
കവുങ്ങിൽ വലിഞ്ഞുകേറി
കാലിൽ പ്ലാസ്‌റ്ററിട്ട ചേട്ടന്,
പെറാത്ത മയിൽപ്പീലി നൽകി
ഇരുപത്തിയഞ്ച് പൈസയും
പോക്കറ്റിലിട്ട് നടന്നു.
രണ്ടിലന്തിവടയും
അഞ്ച് ഗ്യാസുമുട്ടായീം    
നുണഞ്ഞ്  കരച്ചിൽ
ചവച്ചമർത്തി.
അവളാണിലമുളച്ചി തന്നത്
പുട്ടാൻപുളിയൊന്നവൾക്കും
കൊടുത്തു ; മൂന്നു നെല്ലിക്കയും.
ഒരിക്കലും തുറക്കാത്ത
പാഠപുസ്തകത്തിൽ
അത് കിളുർത്തു.
അവസാനമായതിന്റെ
വേരുകൾകണ്ടത്
ഒരു മഴക്കാലത്ത് ;
സ്കൂളിൽനിന്ന്
ഞങ്ങളെല്ലാരും
അവളെ കാണാൻ
പോയപ്പോഴായിരുന്നു.
എല്ലാരേയുംപോലെ
(ഞാനും) ഉറങ്ങിക്കിടന്ന
അവൾക്കൊരുമ്മ കൊടുത്തു.
പേരക്കയുടെ മണവും
തുപ്പലിന്‌ ഗ്യാസ്മുട്ടായുടെ
ചവർപ്പും.
എവിടെയാണാവോ
ഇലമുളച്ചി കിളുർത്ത
പാഠപുസ്തകം ?
തുറന്നു നോക്കണം.
ഒരു പക്ഷേ,
അതിലുണ്ടാവാം
തിരഞ്ഞു നടക്കുന്ന
എന്തോ ഒന്ന്.
രതീഷ് കൃഷ്ണ

എന്റെ കുമ്പസാരക്കൂട്
ഉള്ളേറെ വിങ്ങി
കല്ലിക്കുമ്പോഴാണ്
ഞാൻ
കടലിനെ
തേടിയിറങ്ങുന്നത്..
കാണുന്ന മാത്രയിൽ
എന്നോളമുയർന്ന്
നീലപ്പൂക്കളായവളെന്റെ
മൂർധാവിൽ
ചുംബനമഴ പെയ്യിക്കും..
ഞാനതിൽ നനഞ്ഞു
വിറച്ചെന്റെ
കല്ലിച്ച
നൊമ്പരങ്ങളെടുത്ത്
പുറത്തു വെക്കും..
കടലാണവൾ,
ചെളി പുരണ്ടയെന്റെ
പാദങ്ങളെ തഴുകിയെന്റെ
ചെറു നൊമ്പരക്കല്ലുകൾ
പുഞ്ചിരിയോടെ
ആഴങ്ങളിലൊളിപ്പിക്കും..
ഒഴിഞ്ഞ സഞ്ചിയുമെടുത്ത്
ഞാൻ
തിരികെ നടക്കും.
വീണ്ടും ഭാണ്ഡം
നിറയുമ്പോളവളോട്
കുമ്പസാരിക്കാനൊന്നു
പൊട്ടിക്കരയാൻ..
സുനിത ഗണേഷ്

പണ്ട്,
എന്തെങ്കിലും, സ്ക്കൂളിന്റെ
ഏതെങ്കിലും ക്ലാസ്സ് മുറിക്കുള്ളിൽ
ഉണ്ണിമായ, സരസ്വതി, ഭദ്ര ഇതിലേതെങ്കിലും
പേരുള്ള, ഒരു പെൺകുട്ടി ഉണ്ടായിരിക്കും,
വിജയൻ, ചന്ദ്രൻ, പുഷ്പാകരൻ
ഇതിലേതെങ്കിലും പേരുള്ള ഒരാൺകുട്ടിയും
പെൺകുട്ടി, " വീട്" എന്നു പറയുമ്പോഴെക്കും
ആൺകുട്ടി, ഓലമെടയാനും, വെള്ളത്തിലിട്ട കൊതുമ്പ് കീറി വള്ളിയുണ്ടാക്കാനും തുടങ്ങും,
അവൾ, അയ്യേ ,എന്നു പറഞ്ഞ് " ഓട്" മേഞ്ഞ
എട്ടു മുറികളുള്ള വീട്ടിലേക്ക് ഓടിക്കയറും
അവൻ, പാള മുറി, ചെറു തികട്, എന്നിവ ഓലയ്ക്കുള്ളിൽ തിരുകി,
അവന്റെ വീടിന്റെ ചോർച്ച തടയാൻ വൃഥാ ശ്രമിച്ചുക്കൊണ്ടേയിരിക്കും
അവിയൽ, സമ്പാർ, രസം, തോരൻ
അവളുടെ, വീടിന്റെ
അടുക്കള, എണ്ണമൂക്കുന്ന മണത്താൽ മുഖരിതമാവും
അവൻ, ഒരു കിഴക്കൻ മുളകും, രണ്ട് കല്ലുപ്പും
ഇളം വാളൻപുളിയും, പച്ചക്ക് കടിച്ചിത്തിരി
കഞ്ഞിക്കുടിക്കും,
മഴക്കാലത്ത്
പെൺകുട്ടി, അവളുടെ വീടിനെ, മുൻ ബെഞ്ചിലിരുത്തും
ആൺകുട്ടി, അവന്റെ വീടിനെ ക്ലാസ്സ് മുറിക്ക് പുറത്ത്, നിറുത്തും,
അവളുടെ, വീടിന് നീലം മുക്കിയ കുപ്പായം, കഞ്ഞിപ്പശയുടെ മണം,
അവന്റെ, വീട്, നനഞ്ഞ മുണ്ട് ചുറ്റിയതിന്റെ,
വയറുവേദനയാൽ, ഞെരിപിരിക്കൊള്ളും,
പണ്ട്
ഏതെങ്കിലും, സ്ക്കൂളിന്റെ,
ഏതെങ്കിലും, ക്ലാസ്സുമുറിക്കുള്ളിലെ
ഒരാൺകുട്ടിയുടെ വീട്
പെൺകുട്ടിയുടെ വീടിനെ നോക്കി ചിരിച്ചിരിക്കാം,
അന്ന്,
പെൺകുട്ടിയുടെ അച്ച്ഛൻ, മുൻ കാല ദേഷ്യത്തോടെ,
"തറ "
"ചെറ്റ "
"ചാള ''
എന്നിങ്ങനെ ആൺകുട്ടി ടെ വീടിനെ നോക്കി അലറിയിരുന്നിരിക്കണം
അന്തരീക്ഷത്തിൽ
ഭാഷയുടെ ഉച്ചിഷ്ടം പോലെ, അവന്റെ വീട്
ചിതറി പോയിട്ടുണ്ടാവണം
പിന്നീട്
ആ പെൺകുട്ടി വലുതാവുകയും,
കവിത, എഴുതുകയും, ചെയ്തപ്പോൾ
വസതി,
ഭവനം,
നാലുക്കെട്ട്,
എന്നിങ്ങനെ അവളുടെ "വീടിനെ, മാറ്റി മാറ്റിയെഴുതിയിരുന്നിരിക്കണം
ആൺക്കുട്ടിയും മുതിർന്നിരിക്കാം
കവിത, എഴുതിയിരുന്നിരിക്കാം
അവന്റെ, വീട്
"ഇന്ദിര ആവാസ് യോജന "
ജയകീയാസൂത്രണ പദ്ധതി,
ബ്ലോക്ക് / പഞ്ചായത്ത് ധനസഹായം
ഇ, എം എസ് ഭവന നിർമ്മാണം
എന്നിങ്ങനെ, മങ്ങിയും., മാഞ്ഞും മഞ്ഞയിൽ
തന്നെ എഴുതപ്പെട്ടുക്കൊണ്ടേയിരിക്കുന്നു
സജീവൻ പ്രദീപ്

ഒരു പ്യൂപ്പയുടെ സമാധിയിലെന്നപോലെ ഞാൻ നിസജീവൻ പ്രദീപ്ന്നെക്കുറിച്ചുള്ള ഓർമ്മകളിൽ തപസ്സാണ്.. എത്രകാലം വേണമെങ്കിലും ഇങ്ങനെ ഇരിക്കാം ഞാൻ..ദൂരെ നിന്നും ഒരു ശലഭമായി നീ എന്നെതേടി വരുന്ന അന്ന് പ്യൂപ്പതകർത്ത് പുറത്തിറങ്ങാം ..ചിറകുകൾ കോർത്ത് പറക്കാം നമുക്ക് ...പറന്ന് പറന്ന് തളരുന്പോൾ പൂക്കളുടെ ഇതളുകളിൽ ഒരുമിച്ച് പറന്നിരിക്കാം ...പൂന്തേനുണ്ണുന്പോൾ ചിറകുകളിൽ മുട്ടിയുരുമ്മിയിരിക്കാം...കാറ്റുവീശുന്പോൾ ചിറകുകൾകൊണ്ട് കെട്ടിപ്പിടിക്കാം...മഴപെയ്യുന്പോൾ ഇലകൾക്കടിയിൽ പതുങ്ങിയിരിക്കാം..അവിടെവെച്ച് ആ തണുപ്പിൽ നിനക്ക് ഞാൻ ഉമ്മതരും നിന്നിൽ ഞാൻ എന്നെതിരയുന്ന ആ കണ്ണുകളിൽ...നീയപ്പോൾ മനോഹരമായി ചിരിക്കും എനിക്കറിയാം അത്...മഴയപ്പോൾ നമ്മുടെ ഉള്ളിലും പെയ്യുന്നുണ്ടാവും...❤
ജോയ്സ് റോജ

തോണിക്കാരൻ  കൈവിട്ട 
തോണി കണ്ടിട്ടുണ്ടോ !
ആദ്യമാദ്യം  നിശബ്ദത
ചാലുകീറിയ വഴികളിലൂടെ...
പിന്നെയത്...
ആഴങ്ങളൊരുക്കിയ  ചതിക്കുഴികളറിയാതെ
മാഞ്ഞുപോയ
തുഴക്കൈകളെയോർത്ത്..
രാത്രിയെ നക്ഷത്രങ്ങളോട്
കടംചോദിച്ച്
പകലിനെ നെറുകയിലെരിയിച്ച്
മീനുകളോട്  വഴിചോദിച്ച്
ഓർമ്മകളിൽ തട്ടിതടഞ്ഞ്
ചോരപൊടിഞ്ഞ്.
പുഴയുടെ കടലാസിൽ
അലസമായ രേഖകൾ
വരച്ച് മായ്ച്ച്,
ഓളപ്പരപ്പിൽ ഒട്ടും
അനുസരണയില്ലാത്ത
കുട്ടിയായി ഓടിക്കിതച്ച്.
വിഷാദമുടുത്ത്
നോവ് കയറിയ ഉള്ളുടലിൽ -
നിന്നൊരു ഭയത്തിൻ്റെ തുള്ളിയെ
കോരി ഒഴിക്കാനൊരു
കരം തൊടുന്നതും
കാത്ത് മടുത്ത്.
ഹേ..ഹോയ് എന്ന്
കൂവി കൂവി ഉടലിൽ പിടിച്ച്
ഉന്തിത്തുഴഞ്ഞ് ഉമ്മ വെച്ച്
ആഴങ്ങളിൽ തുഴ തൊട്ട്
കിണുങ്ങി പോയ പകലുകളെ
ഓർത്ത് കോർത്ത്.
നിലവിട്ട  ചുഴിവേഗങ്ങളുടെ
ആർത്തലച്ച അഗാധങ്ങളിലേക്ക്
ഉടൽവെച്ചുകൊടുക്കുമ്പോൾ തോണിക്കാരന്റെ ഗന്ധം
ചുറ്റിപ്പൊതിഞ്ഞതിനെ
വീർപ്പുമുട്ടിക്കുന്നുണ്ട് .
കാറ്റ് മറന്ന...
കര മറന്ന....
കാഴ്ചകൾ  മറന്ന തോണി,
ആഴക്കടലിന്റെ
ഹുങ്കാരങ്ങളുറങ്ങുന്ന  ഇരുട്ടിലേക്ക്
വലിച്ചെറിയപ്പെടും മുമ്പേ..
തിരമാലകളോട്  കൈകൂപ്പി ചോദിക്കുമായിരിക്കാം
എന്റെ  തോണിക്കാരനെ
എങ്ങാനും
കണ്ടുവോ നിങ്ങളെന്ന്..
റൂബി നിലമ്പൂർ

ഓഫ്
കുടമുല്ലപ്പൂവിന്റ ചിരിയും
സ്നേഹത്തിന്റെ ഗന്ധവുമായി
ആദ്യരാവിൽ
കതക് പാതി ത,ുറന്ന്
സുഖം തിരക്കിയവൾ,,,
പറയാനും ചെയ്യാനുമുള്ളത്,,,,
പറഞ്ഞു തന്നു,,,,
കഴിക്കാനുള്ളവ എടുത്തു തന്നു,,,,,,
നടന്നകന്നു,,,
വെള്ള ഉടുപ്പ് ഇടയ്ക്കിടെ
വന്ന് സുഖം തിരക്കി,,,,,
കയ്പുകൾ സ്നേഹം പുരട്ടി വിഴുങ്ങാൻ പറഞ്ഞു
കുത്തിനോവിച്ചു,,,,,
സുഖമാവണ്ടേ? എന്ന് ചോദിച്ച്,,,,,
പിന്നെ അവളുടെ തലോടലിൽ വേദന മാഞ്ഞു,,,,
പോകെ പോകെ,,,,
രാത്രികളുടെ എണ്ണം കൂടുമ്പോൾ,,,,,
വാടിയ പൂവായി,,,,
എങ്കിലും ചിരിച്ചവൾ,,,,
കൃത്യമായ് ഓരോ ന്നായ് ചെയ്തുകൊണ്ടിരുന്നു
ഒരു നിമിഷം പോലുമവൾ രാത്രികളിൽ കണ്ണടച്ചില്ല,,,,
എന്നാ വിളറിയചിരി വിളിച്ചു പറഞ്ഞു,,,,
ആറാംനാൾ ,,,,
അവൾ മെല്ലെ,,, മെല്ലെ,,,,വന്ന് യാത്ര
പറഞ്ഞു,,,,
നാളെ ഞാനുണ്ടാവില്ല,,,
ആറ് നൈറ്റ് കഴിഞ്ഞാൽ ഒരോഫ്,,,,
അതാ ഇവിടെ രീതി,,,,,,
ഞാൻ ഇനി വരുമ്പോഴേക്ക്,,,,
നിങ്ങളും പോകില്ലേ?,,,,,
ആ ചിരിയൊരു
സ്നേഹം ബാക്കി വച്ചു
ശ്രീല അനിൽ,