27-09-18


1.The Road Home (1999)
ദ റോഡ് ഹോം (1999)
ഭാഷ മാൻഡറിൻ
സംവിധാനം യിമു ജാങ്
പരിഭാഷ നിഷാദ് ജെ. എൻ
Frame rate 23.97 FPS
Running time 1 മണിക്കൂ൪ 47 മിനിറ്റ്

അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്..... Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്‌....ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് .... ചൈനീസ്‌ ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു. Yimou Zhang എന്ന സംവിധായകന്റെ Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Yimou Zhang ന്റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Yimou Zhang ന്റെ ചിത്രങ്ങൾ. ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം "റിസെർച്ച്" നടത്തിയ ശേഷം, "പ്രാക്റ്റികലായി" പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. കിടയറ്റ ദൃശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.


2.The Story of Qiu Ju (1992)
ദ സ്റ്റോറി ഓഫ് ക്യൂ ജൂ (1992)
ഭാഷ മാൻഡറിൻ
സംവിധാനം യിമു ജാങ്
പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ
Frame rate 23.97 FPS
Running time 1 മണിക്കൂ൪ 50 മിനിറ്റ്
സിനിമയുടെ വിശദാംശങ്ങൾ
ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ്‌ ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി പോകുന്നത് ഗർഭിണിയായ അവൾ തന്നെയാണ്. ഭർത്താവിന്റെ മർമ്മം തന്നെ നോക്കി മർദ്ദിച്ച ഗ്രാമ പ്രമുഖൻ മാപ്പ് പറയണമെന്ന നിലപാടിലാണ് അവൾ. പക്ഷെ ഗ്രാമ പ്രമുഖൻ അവളേയും അപമാനിക്കുന്നു. നീതി തേടി ചൈനീസ്‌ സർക്കാർ സംവിധാനത്തിന്റെ ഓരോ തട്ടിലും കയറിയിറങ്ങുകയാണ് ക്യു ജു. പക്ഷെ അവളുടെ വയറും ഗ്രാമത്തിലെ എതിർപ്പും വലുതാകുകയാണ്. എന്താകും ഈ പ്രശ്നത്തിന് പരിഹാരം ?അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം.



3.Raise the Red Lantern (1991)
റെയ്സ് ദ റെഡ് ലാന്റേൺ (1991)
ഭാഷ മാൻഡറിൻ
സംവിധാനം യിമു ജാങ്,
പരിഭാഷ ശ്രീധർ
Frame rate 23.97 FPS
Running time 2 മണിക്കൂ൪ 6 മിനിറ്റ്

നീ ഷെനിൻറെ "ഭാര്യമാരും വെപ്പാട്ടിമാരും" എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്‌സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്‌ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഓരോ ദിവസവും ഭർത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന ഭാര്യക്കാണ് ആ വീട്ടിൽ അന്നത്തെ ദിവസം അധികാരവും. ഇതിനാൽ ഉണ്ടാകുന്ന മത്സരബുദ്ധിയും അസൂയയും ഭാര്യമാരെ ക്രൂരതയിലേക്ക് നയിക്കുമ്പോൾ സോങ്‌ലിയാന് സ്വന്തം മാനസികനിലയാണ് വിലയായി കൊടുക്കേണ്ടി വരുന്നത്. സോങ്‌ലിയനായി യിമുവിന്റെ സ്ഥിരം നായിക ഗോങ് ലി മികച്ച പ്രകടനം വെച്ച ചിത്രത്തിൽ പ്രധാന ആകർഷണം ഇതിന്റെ അസാമാന്യമായ വിഷ്വലുകളാണ്. നിറങ്ങളും സ്റ്റെഡി ഷോട്ടുകളാൽ തീർത്ത വിസ്മയിപ്പിക്കുന്ന ഫ്രെമുകളും മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് തീർച്ചയാണ്.
ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.



4.Ju Dou (1990) ജൂ ഡു (1990)
ഭാഷ മാൻഡേരിയൻ
സംവിധാനം യിമു ജാങ്, യാൻ ഫെൻഗ്ലിയാങ്
പരിഭാഷ അഖില പ്രേമചന്ദ്രൻ
Frame rate 23.97 FPS
Running time 1 മണിക്കൂ൪ 38 മിനിറ്റ്

1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ നിറപ്പകിട്ടാർന്ന വസ്ത്രങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. 1990ൽ ഇറങ്ങിയ ചിത്രത്തിന് രണ്ടു വർഷത്തോളം ചൈനയിൽ വിലക്കുണ്ടായിരുന്നു. പക്ഷെ വിദേശത്ത് ചിത്രം ഇറങ്ങുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷൻ കിട്ടുന്ന ആദ്യ ചൈനീസ് ചിത്രമാണ് ജൂ ഡൂ




5.Tell No One (2006)
ടെൽ നോ വൺ (2006)
ഭാഷ ഫ്രഞ്ച്
സംവിധാനം ഗുല്ലോം ക്യാനെറ്റ്
പരിഭാഷ അനൂപ് പി. സി
Frame rate 23.97 FPS
Running time 2 മണിക്കൂ൪ 11 മിനിറ്റ്സ്

ഹർലാൻ കോബന്റെ “Tell No One"എന്ന നോവലിനെ അടിസ്ഥാനമാക്കിയിറങ്ങിയ ഫ്രഞ്ച് ത്രില്ലെർ.. 2006ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ആ വർഷത്തെ മികച്ച സംവിധായകൻ,നടൻ തുടങ്ങിയവയടക്കം നാല് ഫ്രാൻസ് ദേശീയ അവാർഡുകളാണ് കരസ്ഥമാക്കിയത്..8 വർഷങ്ങൾക്ക് മുൻപ് ഒരു പരമ്പര കൊലയാളിയാൽ കൊല്ലപ്പെട്ട തന്റെ ഭാര്യ മാർഗരറ്റിന്റെ ഓർമയിൽ ജീവിതം തള്ളി നീക്കുന്ന ഡോക്ടർ അലക്സാണ്ടർ ബേക്കിന്റെ(francois cluzet) ജീവിതം മാറിമറിയുന്നത് ഒരൊറ്റ ദിവസംകൊണ്ടാണ്... തന്റെ ഭാര്യ കൊല്ലപ്പെട്ട അതേ തടാകക്കരയിൽവെച്ചുതന്നെ പോലീസിന് 8 വർഷം മുൻപ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്ന രണ്ടു ശവശരീരങ്ങൾകൂടി ലഭിക്കുന്നു.ബേക്ക് ആണ് ആ കൊലപാതകങ്ങൾ ചെയ്തതെന്ന് സംശയിക്കാൻ പോലീസിന് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. അതേ ദിവസംതന്നെ ഡോക്ടർ ബേക്കിന് കൊല്ലപ്പെട്ട തന്റെ ഭാര്യയുടെ വീഡിയോ ഉള്ള ഒരു ഇമെയിൽ സന്ദേശം ലഭിക്കുന്നു..നമ്മൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മാർഗരറ്റ് പറയുന്ന ആ വീഡിയോയുടെ നിജസ്ഥിതി തേടിയിറങ്ങുന്ന ഡോക്ടർ ബേക്കിന് അഭിമുഖീകരിക്കാനുള്ള പ്രശ്നങ്ങൾ വളരെ വലുതായിരുന്നു. തന്റെ മറ്റൊരു കുടുംബസുഹൃത്തായ സ്ത്രീകൂടി കൊല്ലപ്പെടുന്നതോടെ ബേക്കിന്റെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലാകുന്നു.ആരാണ് ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ?മാർഗരറ്റ് ജീവനോടെയുണ്ടോ?ബേക്കിന് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു.


https://youtu.be/lTRdX6joyaA