27-08-18c


📚📚📚📚📚
'പെഡ്രോ പരാമോ'
ഹുവാൻ റൂൾഫോ
മെക്സിക്കൻ ഗ്രാമീണത
തോമസ്  കേയൽ

"...ആ രാത്രി നോവൽ രണ്ട്‌ പ്രാവശ്യം വായിച്ചുതീരും വരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല...പുസ്തകം മുഴുവൻ കാര്യമായ തെറ്റൊന്നും വരുത്താതെ ഓർമ്മയിൽ നിന്നുദ്ധരിക്കാൻ എനിക്ക്‌ കഴിയുമായിരുന്നു..."
(പെഡ്രോ പരാമോയെക്കുറിച്ച്‌ ഗബ്രിയേൽ ഗാഴ്സ്യ മാർക്കേസ്‌)

ആധുനിക സ്പാനിഷ്‌ അമേരിക്കൻ നോവലിന്റെ വികാസത്തിന്‌ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള കൃതിയാണ്‌ 'പെഡ്രൊ പരാമോ'. മെക്സിക്കൻ സാഹിത്യകാരനായ ഹുവാൻ റൂൾഫോയുടെ ഈ നോവലിന്‌ അസ്തൂറിയാസിന്റെ 'രാഷ്ടപതി' മാർക്കേസിന്റെ 'ഏകാന്തതയുടെ നൂറ്‌ വർഷങ്ങൾ' എന്നീ കൃതികൾക്കൊപ്പമാണ്‌ നിരൂപകർ സ്ഥാനം നൽകിയിട്ടുള്ളത്‌.

നോവൽ ആരംഭിക്കുന്നത്‌, ഹുവാൻ പ്രേസിയാദോ എന്ന യുവാവ്‌ തന്റെ പിതാവായ പെഡ്രോ പരാമോയെത്തേടി കൊമാല എന്ന ഗ്രാമത്തിലെത്തുന്നതോടെയാണ്‌. മരിക്കാൻ നേരത്ത്‌ അമ്മ കൊടുത്ത നിർദ്ദേശമനുസരിച്ചാണയാൾ യാത്ര പുറപ്പെടുന്നത്‌. എങ്ങും പച്ചപുതച്ച, സൗഭാഗ്യം തികഞ്ഞ ഗ്രാമമാണ്‌ കൊമാല എന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും അയാൾ കാണുന്നത്‌ ചുട്ടുപഴുത്ത മരുപ്രദേശമാണ്‌. വഴികാട്ടിയായ അബുൺദിയോ പറയുന്നത്‌ നരകത്തിന്റെ വായാണ്‌ കൊമാല എന്നാണ്‌. കൊമാലയിലുള്ളവർക്ക്‌ നരകംപോലും തണുപ്പുള്ളതായി തോന്നുമത്രെ!

കൊമാലയിൽ ആരും ജീവിച്ചിരിപ്പില്ലെന്ന് അവിടെയെത്തി കുറേക്കഴിയുമ്പോഴേ പ്രേസിയാദോക്ക്‌ മനസ്സിലാവുന്നുള്ളൂ. പെഡ്രോ പരമോ പണ്ടേ മരിച്ചിരിക്കുന്നു! വഴികാട്ടിയായ അബുൺദിയോയും രാപാർക്കാൻ ഇടംകൊടുത്ത ഡോണ്യാ എദുവിഹേസും അവിടെ അയാളെ കൂട്ടിക്കൊണ്ട്‌ പോകാനെത്തിയ ദാമിയാന സിസ്നെ റോസുമെല്ലാം മരിച്ചവരാണ്‌. നിനച്ചിരിക്കാത്ത നേരങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്യുന്ന പ്രേതങ്ങളാണവർ.

കൊമാലയിലെത്തി ഏറെ താമസിയാതെ പ്രേസിയാദോയും മരിക്കുന്നു. അയാൾ പങ്കിടുന്ന ശവക്കുഴി സന്താനഭാഗ്യമില്ലാതെ മരിച്ച ഡൊറോത്തിയുടേത്‌. അവിടെക്കിടന്ന് അയാൾ മറ്റു ശവക്കുഴികളിലെ പ്രേതങ്ങളുടെ ആത്മഭാഷണങ്ങൾ കേട്ടും ഡൊറോത്തിയുമായി സംസാരിച്ചും കൊമാലയുടെ ചരിത്രമറിയുന്നു. അത്‌ പെഡ്രോ പരമോവിന്റെ ചരിത്രമാണ്‌.

കൊടുത്ത്‌ വീട്ടാനാവാത്ത കടം മാത്രമാണ്‌ പെഡ്രോക്ക്‌ പൈതൃകമായി ലഭിച്ചത്‌. ബുദ്ധിചാതുര്യവും കയ്യൂക്കും കൊടുംക്രൂരതകളും കൊണ്ട്‌ സമ്പന്നനാകുന്ന അയാൾ അയൽ പ്രദേശങ്ങളെക്കൂടി അടക്കിഭരിക്കുന്നു. താൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്റെ പിതാവിനെ കൊലപ്പെടുത്തിയവരോടുള്ള പകയാണ്‌ പെഡ്രോയുടെ ചാലക ശക്തി. സുന്ദരിയും സമ്പന്നയുമായ ഡോളറസ്സിനെ വിവാഹം കഴിച്ച്‌ സ്വന്തം അടിത്തറയുറപ്പിക്കുന്ന ആദ്യനീക്കത്തിലെ ബുദ്ധിചാതുര്യം തന്റെ ജീവിതാവസാനം വരെ നിലനിർത്തുന്നുണ്ട്‌ പെഡ്രോ. തന്നെ നശിപ്പിക്കാൻ വന്ന വിപ്ലവകാരികളുടെ കൂട്ടത്തിലേക്ക്‌ തന്റെയാളുകളെ കയറ്റിവിട്ട്‌ സ്വന്തം താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിൽ കാണിക്കുന്ന മിടുക്ക്‌ അസാമാന്യമാണ്‌.

ക്രൂരതയിലും പെഡ്രോ പുറകിലായിരുന്നില്ല. പിതാവിനെ കൊന്നവരേയും തന്നെ എതിർത്തവരേയും നിഷ്കരുണം വകവരുത്തുന്നുണ്ടയാൾ. ആവശ്യം കഴിഞ്ഞ്‌ ഡോളാറസ്സിനെ ഉപേക്ഷിക്കാനും അവളിൽ ജനിച്ച പ്രേസിയാദോ തന്റെയല്ല എന്ന് പറയാനുമയാൾ മടികാണിച്ചില്ല. നാടുനീളെ മക്കളുണ്ടായിട്ടും മീഗേലിനെ മാത്രം പുത്രനായി വളർത്തി. ദുർമ്മാർഗ്ഗിയായ മിഗേലിന്റെ അപകടമരണമാണ്‌ പെഡ്രോയുടെ ജീവിതത്തിലെ ആദ്യ തിരിച്ചടി.

കൊമാലയിൽ പെഡ്രോവിന്‌ വിധേയയാകാത്ത സ്ത്രീകൾ വിരളമായിരുന്നു. പക്ഷെ പഴയ കളിക്കൂട്ടുകാരി സുസാന മാത്രം അയാളുടെ മോഹങ്ങൾക്ക്‌ പിടികൊടുക്കാതെ നിന്നു. മറ്റു സ്ത്രീകളുമായി രമിക്കുമ്പോഴും പെഡ്രോയുടെ മനസ്സിൽ സുസാനയായിരുന്നു. അവസാനം പെഡ്രോ സുസാനയെ ഭാര്യയാക്കുന്നുണ്ട്‌, ബുദ്ധിസ്ഥിരത നശിച്ച വൃദ്ധയും രോഗിണിയുമായ സുസാനയെ.
സുസനയുടെ മരണശേഷം അവളുടെ ജഢം കൊണ്ടുപോയ വഴിയിലേക്ക്‌ നോക്കിയിരുന്ന് പെഡ്രോ തന്റെ ശിഷ്ടജീവിതം തള്ളിനീക്കി. ഇതിനിടയിൽ സംഭവിക്കുന്നതൊന്നും അയാൾ അറിയുന്നില്ല. കൃഷിനിലങ്ങൾ തരിശായി യുവാക്കൾ കൂട്ടത്തോടെ നാടുവിട്ടു അവശേഷിച്ചവർ ഓരോരുത്തരായി മരിക്കുകയും ചെയ്തു. സുസാനയെ കൊണ്ടുപോയ വഴിയിലേക്ക്‌ നോക്കിയിരിക്കുന്ന പെഡ്രോയെ മദ്യലഹരിയിൽ അബുൺദിയോ വധിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.

ഒരു നൂറ്റാണ്ട്‌ മുമ്പുള്ള മെക്സിക്കോയുടെ ഗ്രാമജീവിതമാണ്‌ റൂൾഫോ തന്റെ നോവലിന്‌ ആധാരമായെടുത്തത്‌. ആ ജീവിതം അതേപടി പകർത്താനൊന്നും റൂൾഫോ ശ്രമിച്ചില്ല. പഴങ്കഥകളും നിലനിന്നുപോന്ന വിശ്വാസങ്ങളും കോർത്തിണക്കി യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള ഒരു അനുഭവമൺധലം അദ്ദേഹം സൃഷ്ടിച്ചെടുത്തു. ലാറ്റിനമേരിക്കൻ നോവലുകളിൽ സർവ്വസാധാരണമായ സ്വേഛാധിപതികളുടെ കിരാതവാഴ്ചയല്ല പെഡ്രോ പരാമോയിൽ, അതുവരെയുള്ള കാൽപനിക നോവലുകളിലെ വെറുക്കപ്പെട്ട കഥാപാത്രങ്ങളുടെ ഛായയുമില്ല പെഡ്രോവിന്‌.  കൊമാലയിലെ അറിവില്ലാത്തവരും ദരിദ്രരുമായ ജനങ്ങളുടെ മാനസികമായ ഒരാവശ്യം നിറവേറ്റുന്ന അവരുടെ രക്ഷകനാണയാൾ എന്നവർ വിശ്വസിക്കുന്നു. ക്രൂരനും ബുദ്ധിശാലിയും ശക്തനുമായ പെഡ്രോയെ ജനങ്ങൾ ഭയപ്പെടുന്നു എന്നത്‌ സത്യമാണെങ്കിലും അയാളെ തള്ളിപ്പറയാൻ അവർക്ക്‌ കഴിയുന്നുമില്ല. അവർ കരുതുന്നത്‌ അയാളുടെ നിഴലിൽ തങ്ങൾ സുരക്ഷിതരാണെന്നാണ്‌.

ആവിഷ്കാരരീതിയുടെ മൗലിമത നോവലിനെ അസുലഭമായ വായനാനുഭവമാക്കുന്നു. ക്രമാനുഗതമായി പറഞ്ഞുപോകുന്ന കഥയോ സാധാരണ നോവലുകളിലെപ്പോലെ അദ്ധ്യായങ്ങളോ ഇതിലില്ല. തമ്മിൽ ദൃഢമായ പൂർവ്വാപരബന്ധങ്ങളില്ലാത്ത ചെറിയ ഖൺധങ്ങളുടെ ഉള്ളടക്കം സ്മരണകളോ സംഭാഷണങ്ങളോ ആണ്‌. ആരുടേതാണിതെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടും. ആദ്യവായനയിൽ അമ്പരപ്പുളവാക്കുന്ന രൂപശൈഥില്യം. നോവലിലെ പല സംഭവങ്ങളും ഒന്നിലധികം പേരുടെ വീക്ഷണ കോണുകളിലൂടെയാണ്‌ അനാവൃതമാകുന്നത്‌. അവ പരസ്പര ബന്ധമുള്ളതാണെങ്കിലും വ്യക്തതയുള്ളതല്ല. ഈ അവ്യക്തത നോവലിന്‌ അതിൽ ആവിഷ്‌കരിക്കപ്പെടുന്ന അനുഭവങ്ങളെ കടുത്തതാക്കാൻ സഹായിക്കുന്നുണ്ട്‌. കാലാനുക്രമം പാലിക്കാത്ത രചനാരീതിയാണ്‌ നോവലിന്‌. പെഡ്രോ പരാമോ മരിച്ച്‌ കാലമേറെ ചെന്നാണ്‌ പ്രേസിയാദോ കൊമാലയിലെത്തുന്നത്‌. ഇത്‌ പറഞ്ഞയുടനെ റൂൾഫോ പെഡ്രോയെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു- സുസാന മരിച്ച ശേഷം അവളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ടിരിക്കുന്ന നിലയിൽ. തുടർന്ന് ബാല്യകാലത്തിലേക്ക്‌. വീണ്ടും പ്രേസിയാദോവിലേക്ക്‌ ഇങ്ങനെ അടുക്കും ചിട്ടയുമില്ലെന്ന് തോന്നുന്ന വിധത്തിൽ കോർത്തിണക്കിയ സംഭവങ്ങൾ നോവലിന്‌ ഭ്രമാത്മകാന്തരീക്ഷം നൽകുകയും അനുഭൂതിയുടെ തീക്ഷ്ണത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വാസ്തവിക ജീവിതം കാലാനുക്രമമല്ല, ഒന്നും സംഭവിക്കാതെ വർഷങ്ങൾതന്നെ കഴിഞ്ഞുവെന്ന് വരാം. ചിലപ്പോൾ ഒരു നിമിഷത്തിൽ ഏറെ കാര്യങ്ങൾ സംഭവിച്ചെന്നും വരാം. ആരുടെ കാര്യത്തിലും ക്രമബദ്ധമായി കാര്യങ്ങൾ സംഭവിക്കാറുമില്ല. സംഭവങ്ങൾക്കിടയിൽ കാലത്തിന്റെയും സ്ഥലത്തിന്റെയും നീണ്ടവിടവുകളോടുകൂടിയ ഒരു ചരിത്രമാണ്‌ റൂൾഫോ അവതരിപ്പിച്ചത്‌. ഇതിനായി കാലത്തിന്റെയും സ്ഥലത്തിന്റേയും പരിമിതികൾക്ക്‌ വിധേയരല്ലാത്ത മരിച്ചുപോയ വ്യക്തികളെ റൂൾഫോ തെരഞ്ഞുപിടിച്ചു. ( ഹാലിസ്കോവിലെ-റൂൾഫോയുടെ ജന്മസ്ഥലം- സെമിത്തേരിയിലെ സ്മാരകശിലകളിൽ നിന്നെടുത്ത പേരുകളാണ്‌ താൻ കഥാപാത്രങ്ങൾക്ക്‌ കൊടുക്കാറുള്ളതെന്ന് റൂൾഫോ പറഞ്ഞതായി മാർക്കേസ്‌ അനുസ്മരിക്കുന്നു.)

റൂൾഫോയുടെ കഥാപാത്രങ്ങൾ ഒരു പ്രത്യേക ദേശത്തിന്റെയോ അല്ലെങ്കിൽ ലാറ്റിനമേരിക്കയുടെയോ മാത്രം പ്രതിനിധികളല്ല. ഇന്ത്യയിലെ പിന്നോക്കപ്രദേശങ്ങളുമായി പരിചയമുള്ളവർക്ക്‌ ഈ കൃതിയിലെ പശ്ചാത്തലം അപരിചിതമായി തോന്നാനിടയില്ല.

റൂൾഫോവിന്‌ ലോകപ്രശസ്തി നേടിക്കൊടുത്ത പെഡ്രോ പരാമോ എന്ന നോവലിന്റെ സൃഷ്ടിക്ക്‌ പിന്നിൽ ഗഹനമായ പഠനവും അതിതീവ്രമായ പരിശ്രമവും ഒളിഞ്ഞുകിടപ്പുണ്ട്‌.
1955ൽ പെഡ്രോ പരാമോ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കാലത്ത്‌ ഒട്ടേറെ വിവാദങ്ങൾ ഉയർത്തപ്പെട്ടുവെങ്കിലും പിന്നീട്‌ ഈ കൃതി മഹത്തായ ക്ലാസിക്ക്‌ ആയി അംഗീകരിക്കപ്പെട്ടു.
പെഡ്രോ പരാമോക്ക്‌ പുറമെ പതിനഞ്ചോളം ചെറുകഥകളും ഒരു ലഘുനോവലും മാത്രമേ അറുപതിലേറെ വർഷം നീണ്ട ജീവിതത്തിനിടയിൽ റൂൾഫോയുടേതായി പുറത്ത് വന്നിട്ടുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തേയും കൃതികളേയും കുറിച്ചുള്ള പഠനങ്ങളുടെ അനേകം വാല്യങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്‌.

(വിലാസിനി മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത പെഡ്രോ പരാമോ 1987ൽ മലയാളം പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ചു.)

🌾🌾🌾🌾🌾