27-08-18b



തോമസ് കെയാൽ
തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി സ്വദേശി. 1961 മെയ്‌ 14ന്‌ ജനനം.
ഖത്തറിൽ BHGE യിൽ ടർബൈൻ റോട്ടർ ഡിവിഷനിൽ സൂപ്പർ വൈസർ- പത്ത്‌ വർഷമായി ജോലിചെയ്യുന്നു.
ഭാര്യ സജി അഗളി ഗവ: സ്കൂൾ അദ്ധ്യാപിക. രണ്ട്‌ മക്കളിൽ മകൻ BHGE യിൽ പ്ലാനിംഗ്‌ എഞ്ചിനിയർ, മകൾ Pharm.Dക്ക്‌ പഠിക്കുന്നു.
ഒരു നോവൽ എഴുതിത്തീർന്നു. ഒരു പക്ഷെ എഫ്‌ ബിയിൽ ആദ്യമായി ആഴ്ചതോറും പ്രസിദ്ധീകരിച്ച 'പാമ്പ്‌ വേലായ്തൻ' നിലമ്പൂരിലെ പെൻഡുലം ബുക്സ്‌ പ്രസിദ്ധീകരിക്കാൻ പോകുന്നു.

പ്രിയപുസ്തകം
📚📚📚📚📚
റെഡ് സോൺ
📚📚📚📚📚📚
എം പി സുരേന്ദ്രൻ
📚📚📚📚📚
വിതരണം ഡിസി
📚📚📚📚📚📚
'റെഡ്‌സോൺ'
📕📕📕📕📕
 കാൽപ്പന്ത്‌ കളിയുടെ സുവിശേഷങ്ങൾ...
📕📕📕📕📕
തോമസ് കെയാൽ
📕📕📕📕📕📕
പുതിയ തലമുറയുടെ കളിക്കമ്പമേറെയും ക്രിക്കറ്റിലും ടെന്നീസിലും ഒതുങ്ങിനിൽക്കുമ്പോൾ കളിയെഴുത്തുകാരനും അവരോടൊപ്പം നിന്ന് അവർക്ക്‌ വേണ്ടത്‌ മാത്രമെഴുതി പത്രത്തിന്റെ 'കളിപ്പുറം' നിറക്കുന്നു. വാർത്തകളുടെ അൽപായുസ്സ്‌ ഇത്തരം കളിയെഴുത്തിനും ബാധകം. നാലു വർഷത്തിലൊരിക്കൽ ഇവർ ഫുട്ബോൾ പ്രേമം പൊടിതട്ടിയെടുക്കും പിന്നെ എഴുത്തോടെഴുത്ത്‌. കാൽപ്പന്ത്‌ കളിയുടെ നാൾവഴിക്കണക്കുകൾ നിരത്തിയുള്ള ഇത്തരം ദൃക് സാക്ഷി വിവരണ ലിഖിതമല്ല കളിയെഴുത്തെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്ന ലേഖന സമാഹാരമാണു എം. പി. സുരേന്ദ്രന്റെ 'റെഡ് സോൺ' . ഒരു കളിയെഴുത്തുകാരൻ അല്ലാതിരുന്നിട്ടും കളിയെക്കുറിച്ച്‌ എഴുതേണ്ടിവരുമ്പോൾ അത്‌ പ്രജ്ഞാപൂർവ്വം നിർവഹിക്കുന്ന ഒരാളാണു താനെന്നു സുരേന്ദ്രൻ ഏറ്റുപറയുന്നു.
ഫുട്‌ ബോൾകളിയുടെ ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പ്രതിഭകളുടെ കളിക്കളത്തിനകത്തും പുറത്തുമുള്ള ജീവിതത്തെ തികച്ചും തന്റേതുമാത്രമായ ശൈലിയിൽ ആവിഷ്കരിക്കുന്ന 'റെഡ് സോൺ' കളിയെഴുത്തിനു മലയാളത്തിലെ മാതൃക കൂടിയാണു.
ഫുട്ബോൾ ഒരു കളിയെന്നതിനപ്പുറം അതിന്റെ രക്തത്തിൽ രാഷ്ട്രീയവും ജീവിതവും പ്രകൃതിയും സംസ്കാരവും വിശ്വാസങ്ങളും ഒത്തുചേരുന്നുണ്ട്‌. ജീവിതത്തോട് ചേർത്തുവയ്കാവുന്ന കളി എന്ന വിശേഷണം ഫുട്ബോളിനു മാത്രമുള്ളതാണ്‌. അതിജീവനത്തിന്റെ അധോതലങ്ങളിൽ നിന്ന് പോരടിച്ച്‌ മുന്നേറുന്നവരെന്ന നിലക്ക്‌ ലാറ്റിൻ അമേരിക്കയാണു കാൽപ്പന്തുകളിയെ നെഞ്ചോട്‌ ചേർത്തുവച്ചത്‌. ഇവരിൽ ബ്രസീലിന്‌ കളി ഉയിരായി. രാജ്യങ്ങളേയും ജനങ്ങളേയും പോരാട്ടങ്ങളുടെ തീമുനയിൽ നിർത്തിയ കാൽപ്പന്തുകളിയിലെ രാജസിംഹാസനം പെലെക്കുള്ളതാണെന്നു പറയുമ്പോൾതന്നെ,പെലെയുടെ സമകാലിയകരായതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ നിഴലിൽ വീണുപോയ ഗാരിഞ്ച,ദിദി,വാവ എന്നീ ബ്രസീലിന്റെ കളിക്കാരെ ഈ കൃതിയിൽ പരിചയപ്പെടുത്തുന്നുണ്ട്‌.
റെഡ്‌ സോണിൽ നിറഞ്ഞുനിൽക്കുന്നത്‌ ഗാരിഞ്ചയാണ്‌.കളിയേയും ശരീരത്തേയും ആപൽക്കരമായ അനുപാദത്തിൽ കലർത്തി എതിരാളികളുടെ കാലുകൾക്കപ്പുറത്തേക്ക്‌ സാംബാനൃത്തച്ചുവടുകൾവച്ച്‌ പന്തെത്തിക്കുന്ന ഗാരിഞ്ച. ക്ലോഡാൾഡോ നദിയുടെ തെളിഞ്ഞ വെള്ളത്തിൽനിന്നു മീനുകളെ വടികൊണ്ട്‌ കൊരുത്തെടുക്കുന്ന വൈദഗ്ദ്യത്തോടെ പന്ത്‌ ട്രാപ്‌ ചെയ്യുന്ന ഗാരിഞ്ച. 1958 ലും 62ലും 66ലും ഗാരിഞ്ച തന്റെ കളിയുടെ സൗന്ദര്യം അതിന്റെ മുഴുവൻ തീക്ഷണതയോടെ പുറത്തെടുത്തിട്ടും വാർത്തകളിൽ പെലെ നിഞ്ഞുനിന്നു!'ഗാരിഞ്ച പെലെയല്ല' എന്ന് മാത്രമാണു ഫുട്ബോൾ നിരൂപകർ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. പെലെ സാമൂഹ്യനിയമങ്ങളുടെ കാണാചരടുകളിൽ കെട്ടിയിടപ്പെട്ടവനാണെങ്കിൽ,ഗാരിഞ്ച എപ്പോഴും സാഹചര്യങ്ങളുടെ ഉപചാരത്തിനു കീഴടങ്ങിക്കൊണ്ട്‌ ഫുട്ബോളിനേയും ആരാധകരേയും സൗന്ദര്യപൂർവ്വം കീഴ്പ്പെടുത്തിയവനും. ഫുട്ബോൾ ഗാരിഞ്ചക്ക്‌ ഭക്തിയും രതിയുമാണു. ബ്രസീലിയൻ കവി ഫെലിപ്പൊ ഫോർച്യുണ പറഞ്ഞു'ഗാരിഞ്ചയുടെ കളിയും കാവ്യരചനയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നുന്നില്ല.കളിയെ സർഗ്ഗാത്മകമായ നിർമ്മാണമായി അയാൾ കരുതുന്നുണ്ട്‌. രണ്ടിന്റെയും പൊതുവായതലം ലാവണ്യമോ ആനന്ദമോ ആണ്‌. അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗ്‌ കവിതയയിലേക്കുള്ള ഒരു വിളിയായാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌. അതിൽ നമ്മൾ അകപ്പെട്ടു പോകുന്നുമുണ്ട്‌.
ഫുട്ബോളിന്റെ കണിശത,മാരകമായ ആക്രമണസ്വഭാവം എന്നിവയൊന്നുമല്ല ഗാരിഞ്ചയുടെ ഒരു നീക്കത്തിൽനിന്നു ഞാൻ അനുഭവിക്കുന്നത്‌. ഒരുപക്ഷേ ഭാവകവിതപോലെ അതിന്റെ താളത്തിനു വെള്ളവും വളവും കിട്ടുന്നത്‌ പാവുഗ്രാന്റയിലെ കാടുകളിലെ ഉള്ളിൽനിന്നും അവിടത്തെ കുഴമണ്ണിൽ നിന്നുമായിരിക്കണം'.
ഗാരിഞ്ചയെപ്പോലെ ഒരു റൈറ്റ്‌ വിങ്ങറെ ലോകം കണ്ടിട്ടില്ല.ജന്മനാ വികലമായ കാലുകൾകൊണ്ട്‌ കളിക്കളത്തിലും ഡാൻസ്‌ ബാറിലും അയാൾ നൃത്തം ചെയ്തു. കളിയിലും രതിയിലും വെമ്പലോടെ ആഴ്‌ന്നിറങ്ങി. പാവുഗ്രാന്റയിലെ കറുത്ത ചാരായത്തിലും അവബെലോ ഹോറിസോണ്ടയിലെ ആയിരം ഡോളർ വിലയുള്ള ലഹരിയിലും മദിച്ചു. മൈതാനങ്ങളെ കീഴ്പ്പെടുത്തിയ ആ
കാലുകൾ അങ്ങനെയാണു തളർന്നുപോയത്‌. ഗാരിഞ്ചയിലെ പ്രതിഭയേയും അദ്ദേഹത്തിന്റെ ജീവിതത്തേയും അഗാധമായി ഉൾക്കൊണ്ട ഒരു വായനാനുഭവം ആദ്യത്തേതാണ്‌.

അഞ്ചരയടി തികച്ച്‌ ഉയരമില്ലാത്ത വാവ 1958ലും 62ലുമായി ലോകകപ്പിൽ 9 ഗോളുകൾ നേടി. ബ്രസീലിയൻ ഫുട്ബോളിലെ ക്രുത്യതയുടെ പര്യായമായിരുന്നു വാവ. ശൂന്യതയിൽനിന്ന് അപ്രതീക്ഷിതമായി പെനാൽറ്റിബോക്സിൽ കയറി ഗോളടിക്കുന്ന വാവയായിരുന്നു 58ലെ യഥാർത്‌ഥ ഫോർവേർഡ്‌. എന്നിട്ടും ഫൈനലിൽ പെലെ മാന്ത്രിക ഗോൾ നേടി വാവയെ അതിശയിച്ചുനിന്നു. രാജാവിന്റെ വഴികളിൽ തടസ്സമാവാൻ പെലെ ആരെയും അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.

ഫുട്ബോളിലെ ദാർശ്ശനികനും മിഡ്ഫീൽഡിലെ പ്രജാപതിയുമായിരുന്നു ദിദി. പെലെയും വാവയും ദിദിയുടെ അളന്നുമുറിച്ച പാസ്സുകളിൽ നിന്നാണു ഗോളുകൾ നേടിയത്‌. 'ഫോൾഹാസിക്ക'(ഇലപൊഴിയും കിക്ക്‌) എന്ന് വിളിക്കപ്പെട്ട മഴവില്ല് പോലെയുള്ള ഫ്രീകിക്കുകൾ,ദിദി കാലിന്റെ മടമ്പുകൾകൊണ്ട്‌ തൊടുക്കുന്ന പന്തുകൾ കൊണ്ടായിരുന്നു ഗോളുകളാക്കിയത്‌. വിചിത്രവും അപൂർവ്വവുമായ ഗോളുകൾ. പ്രണയഭംഗങ്ങൾ അയാൾ രോഷത്തോടെ പന്തിലേക്ക്‌ ആവാഹിച്ചു. ലോലവും ശാലീനവുമായ സ്ത്രീയുടെ കീഴടങ്ങൽ പോലെ പന്ത്‌ നാണത്തോടെ ഗോൾവര കടക്കുന്നത്‌ കാണുമ്പോൾ,ഒരു സുന്ദരി തന്റെ സ്വപ്നങ്ങൾ തകർത്തുവെന്നു ഗോളി വിലപിക്കും.
പെലെക്ക്‌ മുൻപ്‌ യൂറോപ്പിലെത്തിയത്‌ ദിദിയാണു. റയൽ മാഡ്രിഡിലെ ഡിസ്റ്റിഫാനോയുമായി കലഹിച്ച്‌ ദിദി പലകളികളിലും കാഴ്ചക്കാരനായി. ഫോൾഹാസിക്കയും പാസ്സുകളും ലോബുകളും ഒരുപിടി ഓർമ്മകളും.

ഹാവായ്‌ ദ്വീപിൽ പെലെ അഗ്നിപർവ്വതങ്ങളുടെ ദേവതയാണു. തീയും മിന്നലും വർഷിച്ചുകൊണ്ട്‌ അവൾ സഹോദരിയായ ഹായ്ക്കയെ കാണാൻ പോകുന്നതിന്റെ അദൃശ്യാകർഷണത്തിൽ പർവ്വതങ്ങൾ പുകയും ലാവയും ഒഴുക്കും. പെലെ കളിക്കുമ്പോൾ മൈതാനങ്ങളിൽ മായികമായൊരു മന്ത്രണമുയരും അതിന്റെ പ്രവേഗങ്ങളിൽ നിന്നാണു പെലെ ഗോളുകൾക്കുള്ള വേട്ടയാരംഭിക്കുക. പെലെ ഒരു കംപ്ലീറ്റ്‌ പ്ലെയറാണ്‌. ആധുനിക ലോകത്തിനുവേണ്ട പ്രദർശ്ശനപരത പെലെയുടെ കളിയിലുണ്ട്‌. സാമൂഹികനിയമങ്ങളുടെ അദൃശ്യകൽപ്പനകൾ ശിരസ്സാവഹിച്ചുകൊണ്ട്‌ അയാൾ അഭിലാഷങ്ങളെ അമർത്തിവച്ചു. ഓരോ ഗോളുകളും കാമുകിക്ക്‌ സമർപ്പിക്കുന്ന ഉപഹാരമായി അയാൾ കണ്ടു.

സുരേന്ദ്രൻ പരിചയപ്പെടുത്തുന്ന ഓരോ കളിക്കാരനെക്കുറിച്ചും വായനയിലൂടെ മനസ്സിൽകോറിയിട്ട ബിംബങ്ങളിൽ നിന്ന് ഏറ്റവും മികച്ചത്‌ എന്ന ചോദ്യത്തിനു മുമ്പിൽ നമ്മൾ കുഴഞ്ഞുപോകും. കാൽപ്പന്തുകളിയിലെ നൈസർഗ്ഗികത ഇഷ്ടപ്പെടുന്ന കളിയെഴുത്തുകാരന്റെ വിജയമാണത്‌.
ലോകം കണ്ട അതുല്യ പ്രതിഭകളെക്കുറിച്ച്‌ എഴുതുന്നതോടൊപ്പം ചില കളികളെക്കുറിച്ചും സുരേന്ദ്രൻ എഴുതുന്നുണ്ട്‌. അതിലേറ്റവും ഹ്രുദയസ്പർശിയായത്‌-ഒരുപക്ഷേ റെഡ്‌ സോണിലെ ഏറ്റവും മികച്ചത്‌ 'കളിയുടെ ശ്രാദ്ധപ്പെരുന്നാൾ'എന്ന ലേഖനമാണ്‌. ഉക്രൈനിലെ കീവ്‌ സിറ്റി സ്റ്റാർട്‌ ടീം ഹിറ്റ്‌ലറുടെ പട്ടാള ടീമിനോട്‌ ഏറ്റുമുട്ടിയ ചരിത്രഗാഥ. റെഡ്‌സോൺ വായിച്ചുതീന്നാലും ഒരു നൊമ്പരമായി ഈ ലേഖനം മനസ്സിൽ തുടരും.
ഹോളണ്ടിന്റെ യോഹാൻ ക്രൈഫ്‌ ജർമ്മനിയുടെ ബെക്കൻ ബോവർ ഹങ്കറിയുടെ ഫ്രങ്ക്‌ പുഷ്കാസ്‌ അർജന്റീനയുടെ ഡിസ്റ്റിഫാനോ,മറഡോണ സോവിയറ്റ്‌ യൂണിയന്റെ ഗോളി-ലെവ്‌ യാഷിൻ -(1963ലെ മികച്ച ഫുട്ബോളർ,1989ൽ രാഷ്ട്രം അദ്ദേഹത്തിനു പരമോന്നത ബഹുമതി നൽകി ആദരിച്ചു. 2000ൽ ആ നൂറ്റാണ്ടിലെ മഹാനായ ഗോളിയായി പ്രഖ്യാപിക്കപ്പെട്ടു.1990ൽ യാഷിനെന്ന, ഗോൾവലക്കുമുന്നിലെ 'കറുത്ത നീരാളി' അന്തരിച്ചപ്പോൾ സോവിയറ്റ്‌ യൂണിയൻ ദു:ഖം ആചരിച്ചു എന്നു പറയുമ്പോൾ ഈ കളിക്കാരന്റെ മഹത്വം ഊഹിക്കാനാവും.'ഗോൾ വലക്ക്‌ മുമ്പിൽ ഒരവദൂതൻ' എന്ന ലേഖനം ഗോളികളെക്കുറച്ചാണെങ്കിലും സ്വാഭാവികമായും ലെവ്‌ യാഷിനാണു നിറഞ്ഞു നിൽക്കുന്നത്‌.)
ലൈബീരിയയുടെ ജോർജ്ജ്‌ വിയ,പുതിയ തലമുറയിലെ ബ്രസീലുകാരൻ റോബിന്യോ...
റെഡ്‌ സോണിൽ എല്ലാകളിക്കാരേയും അവതരിക്കപ്പെട്ടിട്ടില്ല എന്നാൽ പ്രധാനപ്പെട്ട എല്ലാ പ്രതിഭകളും അവരുടെ കളിയും ജീവിത ചിത്രങ്ങളും തീർച്ചയായുമുണ്ട്‌.
പോയകാലത്തെ ഫുട്‌ബോൾ പ്രതിഭകളുടെ സംഭാവനകളെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തുന്നതോടൊപ്പം ഒരോർമ്മപ്പെടുത്തലും കൂടിയാണു റെഡ്‌സോൺ.
(മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എം.പി.സുരേന്ദ്രന്റെ ലേഖന പരമ്പര ഡി സി ബുക്ക്‌സ് ‌'റെഡ്‌സോൺ' എന്ന പേരിൽ പുസ്തകമാക്കി)