27-08-18

കൂട്ടരേ,
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
ഡോഷ്യൽ മീഡിയയിലൂടെ വായനക്കാരുടെ മനം കവർന്ന
ഉടനേ പ്രസിദ്ധീകരിക്കുന്ന ഒരു നോവലാണ് ഇന്നാദ്യം
 

📚📚📚📚📚
പാമ്പ്  വേലായുധൻ
📚📚📚📚📚
തോമസ് കെയാൽ
📚📚📚📚📚
പാമ്പ് വേലായ്തന് ഒരാമുഖം
📕📕📕📕📕
പി.എസ് സുമേഷ്
📕📕📕📕📕
ഒരു ഗ്രാമത്തിന്റെ തനത് വാമൊഴിയില്‍ എഴുതപ്പെട്ട ഒരു ചെറു നോവല്‍... ഇങ്ങനെയാവും മലയാള സാഹിത്യത്തില്‍ പാമ്പ് വേലായുധന്‍ അടയാളപ്പെടുക.. മലയാള സാഹിത്യ ശാഖയില്‍ ഇത്തരം പരീക്ഷണ രീതി പിന്തുടരുന്ന ആദ്യ സാഹിത്യകാരനായി തോമസ് കേയല്‍ മാറുകയും ചെയ്യും.
 കഥാപാത്രങ്ങള്‍ ദേശത്തിന്റെ തനത് ഭാഷയില്‍ പരസ്പരം സംസാരിക്കുന്ന രീതി നിരവധി സാഹിത്യ മഹാരഥന്മാര്‍ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും സംഭവങ്ങളും സാഹചര്യവുമെല്ലാം അതേ ഗ്രാമ്യ ശൈലിയില്‍ പിന്തുടരുന്ന കൃതികള്‍ മലയാളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുക തന്നെ വേണം.
 പാമ്പിന്റെ ആദ്യ ലക്കം മുതല്‍ പരിശോധിച്ചാല്‍ ഇന്നത്തെ സോഷ്യല്‍ മീഡിയ വായനക്കാരനെ  രണ്ടാം തവണയും വായിക്കാന്‍ പാമ്പ് നിര്ബന്ധിക്കുന്നുണ്ട്. പാമ്പിനൊടുള്ള പ്രതിപത്തിയും ഭാഷയുടെ കുഴപ്പിക്കലുകളും ഒരേ അളവില്‍ വായനക്കാരനെ രണ്ടാം വായനയ്ക്ക് നിര്‍ബന്ധിക്കുന്നു എന്നതാണ് സത്യം.
ഭാഷയ്ക്ക് പച്ച മലയാളം എന്നൊരു ക്ലാസിഫിക്കേഷന്‍ ഉണ്ട്. ഇങ്ങനെ നോക്കിയാല്‍ ഓരോ പ്രദേശവും  വ്യത്യസ്ത പ്രയോഗങ്ങള്‍ മലയാളത്തിന് സമ്മാനിക്കുന്നുണ്ട്. മലയാള ഭാഷയുടെ സംസ്‌കൃതീകരണത്തിന് മുന്‍പ് അതാത് ദേശങ്ങളില്‍ പ്രയോഗത്തിലിരുന്ന വിനിമയ ഭാഷ... പച്ച മലയാളത്തിന് അങ്ങനെ ഒരു നിര്‍വചനം കൊടുക്കുന്നതാണ് ഉചിതം.
അങ്ങനെ നോക്കിയാല്‍ തൃശ്ശിവപേരൂര്‍ എന്ന ത്രിശൂരിനോട് ചേര്‍ന്നു കിടക്കുകയും എന്നാല്‍ ത്രിശ്ശൂരില്‍ നിന്നും വ്യത്യസ്തമായ നീട്ടല്‍ കുറുക്കലുകളോടെ സ്വന്തം ഭാഷ സംസാരിക്കുകയും ചെയ്യുന്ന പ്രദേശമാണ് ആമ്പല്ലൂര്‍ മുതല്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ എത്തുന്ന വരന്തരപ്പിള്ളി ഉള്‍പ്പടെയുള്ള ദേശങ്ങള്‍.
നോവലില്‍ കടന്നു വരുന്ന എല്ലാ കഥാപാത്രങ്ങളും മേല്‍ പറഞ്ഞ വരന്തരപ്പിള്ളിയിലും ചുറ്റുപാടുമായി ജീവിച്ചു മരിച്ചവരോ ഇന്നും ജീവിക്കുന്നവരോ ആണ് എന്നതാണ് പാമ്പ് വേലായുധനന്ന സാഹിത്യ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത....
'പൊട്ടന്‍പാടത്തിന്റെ നടുക്കുള്ള തുരുത്തില്‍ കൊപ്രമ്പുകാരുടെ വീടെത്തുംമുമ്പ്, കാടക്കണ്ണന്‍ കല്ല് നിറഞ്ഞ വെളിമ്പറമ്പിന്റെ  ഒത്ത നടുക്കാണ് വേലായ്‌തേട്ടന്റെ ചെറ്റക്കുടില്‍. കത്തിവായപോലെ ചെത്തിക്കൂര്‍പ്പിച്ച് നിര്‍ത്തിയിരിക്കുന്ന പാടവരമ്പിലൂടെ കുഞ്ഞിത്തോടും കടന്നു വേണം വീട്ടിലെത്താന്‍.'
ഒരു നോവല്‍ തുടങ്ങുകയാണ്....
വായനക്കാരനെ നോവലിലേക്ക് എത്താന്‍ ക്ഷണിക്കുകയല്ല, മറിച്ച് നോവലിനൊപ്പം വായനക്കാരനെ  ബലമായി ചേര്‍ക്കുകയാണ് പാമ്പ് ചെയ്യുന്നത്.... ആദ്യ അധ്യായത്തില്‍ ഒരു കോമാളിയുടെയോ, പ്രതി നായകന്റെയോ, ഭീരുവിന്റെയോ ഒക്കെ രൂപത്തില്‍ എത്തുന്ന വേലായുധന്‍ 23 അധ്യായങ്ങള്‍ കഴിയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വിപ്ലവ നേതാവായി മാറുകയാണ്....
ഇതിനിടയില്‍ വായനക്കാരനെ ത്രസിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ പാമ്പ് നമുക്കായി കാത്തു വെച്ചു...
'കുഞ്ഞോന്‍കുമാരന്റമ്മ കുറുമ്പ കോന്ത്യലമ്പാടത്ത് കൊയ്യാമ്പോയപ്പഴാണ് കോതേനെ ആദ്യായിട്ട് കണ്ടത്. കുനിഞ്ഞുനിന്നു കൊയ്യണ കോതേടെ ചന്തിമ്മെ അരിവാള്‍പ്പിട്യോണ്ട് കുത്തി കുറുമ്പ പതിവ് കുനിഷ്ട് ചോദ്യം ചോയ്ച്ചു '..എന്താണ്ടീ നെനക്കിങ്ങനെ നിന്നാ മത്യാ..ആടത്തെ പൂപ്പായ്യൊക്ക്യൊന്ന് കളേണ്ടേ..' നോവലിലെ നായിക കോതയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്....
'എനക്ക് കോതേനെ മാത്രം മതി ഓളെ കെട്ടിച്ച് തരോ' എന്ന് ചോയ്ച്ച വേലായ്തന്‍ കോതേടെ മനസ്സില് കൈതോലത്തടുക്കെടുത്തിട്ടതിലിരിപ്പൊറപ്പിച്ചു.
കോതയെന്ന തനി നാടന്‍ പെണ്ണിന്റെ മനസ്സില്‍ മാത്രമല്ല വേലായ്തന്‍ നായകനായി ഇരിപ്പുറപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ നിമിഷവും വായനക്കാരന്റെ മനസ്സിലേക്ക് വേലായ്തന്‍ എന്ന പച്ച മനുഷ്യന്‍ നായകനായി ലബ്ധപ്രതിഷ്ഠ നേടുകയായിരുന്നു.
എന്നാല്‍ കൊച്ചവ എന്ന അനാഥക്കുഞ്ഞിനെ മകളായി വളര്‍ത്താന്‍ തീരുമാനിക്കുന്നിടത്തു വേലായുധന്‍ നായകനില്‍ നിന്നും ഉയര്‍ന്ന് അസാധാരണ വ്യക്തിപ്രഭാവമുള്ള ആളായി രൂപാന്തരം പ്രാപിക്കുന്നു... 
ജന്മി മനോഭാവത്തോടുള്ള കീഴാളന്റെ സമരസപ്പെടലോ കീഴടങ്ങലോ അല്ല വേലായുധന്റെ മനോഭാവം. 
ഒരു കാലത്ത് കേരളത്തില്‍ കമ്യൂണിസം അതിന്റെ വിത്തുകള്‍ പാകിയത് ജന്മി കൂടിയാന്‍ ബന്ധത്തിന്റെ അസ്വാരസ്യങ്ങള്‍ മുതലെടുത്തു തന്നെയായിരുന്നു.
 കോവിലകത്തെ തമ്പുരാട്ടിയോട് വേലായുധനുള്ള മനോഭാവവും ഒട്ടും വ്യത്യസ്ഥമല്ല.... കുളത്തിലുള്ള കരിയോയില്‍ പ്രയോഗം തമ്പുരാട്ടിയോട് മാത്രമുള്ള യുദ്ധമായിരുന്നില്ല... പിന്നീട് വന്ന കൊക്കര എന്ന ഇടിയന്‍ പോലീസിനോടും വേലായ്തന്‍ യുദ്ധം ചെയ്തു. എന്നാല്‍ വേലായ്തന്റെ യുദ്ധം ഒരു സാമൂഹ്യ വിപ്ലവമായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ച നമുക്ക് കാട്ടിത്തന്നത് ഇരുപത്തി മൂന്നാം അദ്ധ്യായമാണ്. ഒരു നാടിനെ മുഴുവന്‍ വെല്ലുവിളിച്ച് സ്വന്തം പാടത്ത് കൊയ്ത്തിനായി നന്ദിക്കരയില്‍ നിന്നും ആളെ ഇറക്കിയ തമ്പുരാട്ടിയോടുള്ള വേലായ്തന്റെ എതിരിടല്‍ ഒരു പക്ഷെ നമ്മുടെ തൊഴിലാളി വര്‍ഗ്ഗസമരങ്ങളുടെ ചരിത്രം തന്നെയാണ്. 
സമരത്തിന്റെ വിജയത്തിന് ശേഷമുള്ള വേലായ്തന്റെ വാക്കുകള്‍ കേള്‍ക്കൂ..... 
'.ങ്ങള് ന്തായാലും കൊയ്യണ്ട..' 
വേലയ്തന്‍ പറേണ കേട്ട്  'ദെ ന്താ പ്പിങ്ങനെ' ന്ന് ആലോയ്ച്ച് അന്തം വിട്ടോരോട് വേലായ്തന്‍ ഇങ്ങനേം കൂടിപ്പറഞ്ഞു 'ഞാള് കൊയ്‌തോളാം ങ്ങള്ക്ക് കറ്റചോക്കലും മെതിക്കലും, പതളക്കണത് രണ്ടൂട്ടര്‍ക്കും വിത്യാസില്ല്യാണ്ടും..ന്തേ പോരെ'  ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന് തീരെ പരിചിതമല്ലാത്ത തൊഴിലാളിയെ തൊഴിലാളിയായി തന്നെ അംഗീകരിക്കാനുള്ള അസാമാന്യ വര്‍ഗ്ഗബോധം തുളുമ്പുന്ന ഈ കാഴ്ചപ്പാടാണ് വേലായ്തനെ ഏറെ വ്യത്യസ്തനാക്കുന്നതും....
വേലായ്തന്‍ എന്ന സാധാരണ ഒരു ചാരായ ഷാപ്പ് വാസിയില്‍ നിന്നും 23 അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ ആകാശത്തോളം വളര്‍ന്നു നില്‍ക്കുകയാണ് പാമ്പ് എന്ന വേലായ്‌തേട്ടന്‍.... 
ജഗദീഷ് നാരായണന്റെ വരകള്‍ കൂടി ചേര്‍ന്ന് പുസ്തക രൂപത്തിലേക്ക് വേലായുധന്‍ വരുമ്പോള്‍ സമ്പൂര്‍ണ്ണമായ ഒരു വായനയെ ആയിരിക്കും അത് സമ്മാനിക്കുക എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട....
 🌾🌾🌾🌾🌾

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി സ്വദേശി. 1961 മെയ്‌ 14ന്‌ ജനനം.
ഖത്തറിൽ BHGE യിൽ ടർബൈൻ റോട്ടർ ഡിവിഷനിൽ സൂപ്പർ വൈസർ- പത്ത്‌ വർഷമായി ജോലിചെയ്യുന്നു.
ഭാര്യ സജി അഗളി ഗവ: സ്കൂൾ അദ്ധ്യാപിക. രണ്ട്‌ മക്കളിൽ മകൻ BHGE യിൽ പ്ലാനിംഗ്‌ എഞ്ചിനിയർ, മകൾ Pharm.Dക്ക്‌ പഠിക്കുന്നു.
ഒരു നോവൽ എഴുതിത്തീർന്നു. ഒരു പക്ഷെ എഫ്‌ ബിയിൽ ആദ്യമായി ആഴ്ചതോറും പ്രസിദ്ധീകരിച്ച 'പാമ്പ്‌ വേലായ്തൻ' നിലമ്പൂരിലെ പെൻഡുലം ബുക്സ്‌ പ്രസിദ്ധീകരിക്കാൻ പോകുന്നു.


പാമ്പ് വേലായ്തനിലെ ഒരു ഭാഗം
പൊട്ടൻപാടത്തിന്റെ നടുക്കുള്ള തുരുത്തിൽ കൊപ്രമ്പുകാരുടെ വീടെത്തുംമുമ്പ്‌, കാടക്കണ്ണൻ കല്ല് നിറഞ്ഞ വെളിമ്പറമ്പിന്റെ ഒത്ത നടുക്കാണ്‌ വേലായ്തേട്ടന്റെ ചെറ്റക്കുടിൽ. കത്തിവായ‌പോലെ ചെത്തിക്കൂർപ്പിച്ച്‌ നിർത്തിയിരിക്കുന്ന പാടവരമ്പിലൂടെ കുഞ്ഞിത്‌തോടും കടന്നു വേണം വീട്ടിലെത്താൻ. പതിവിലധികം ചാരായം അകത്ത്‌ ചെന്നിട്ടുണ്ടെങ്കിൽ വേലായ്തേട്ടൻ രാത്രി വീടെത്തുന്നകാര്യം ബുദ്ധിമുട്ടാണ്‌. അപ്പോൾ ശങ്കുണ്ണിയേട്ടന്റെ ചായപ്പീടികത്തിണ്ണയിൽ ഉടുമുണ്ടഴിച്ച്‌ പുതച്ചുറങ്ങും. രാവിലെ ഒരു ചായയും കുടിച്ച്‌ പാലാംബ്രത്തോട്ടിൽ മുങ്ങിക്കുളിച്ച്‌ ചാരായക്കെട്ടും‌ കളഞ്ഞേ വീട്ടിലെത്തൂ. രാത്രിയെന്തേ വരാഞ്ഞൂ എന്നെങ്ങാൻ ഭാര്യ ചോദിച്ചാൽ, പൊട്ടൻ പാടത്ത്‌ മുക്കാലനെക്കണ്ട്‌ പേടിച്ച്‌ ചത്ത കുഞ്ഞിക്കോരന്റെ ഗതി എനിക്കും വരണോടീ കോതെ‌ എന്ന മറുചോദ്യം കൊണ്ട്‌ അവളുടെ വായടപ്പിക്കും.
ജീവിതത്തിൽ ഒരിക്കലും ഒരു പാമ്പിനെപ്പോലും പിടിക്കാത്ത വേലായ്തേട്ടന്‌ പേരിനോട്‌ ചേർക്കാൻ പാമ്പിനെയെങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ, എച്ചിപ്പാറ കൂപ്പിൽ വച്ച്‌ കരിമൂർഖനെയും രാജവെമ്പാലയെയും കൈകൊണ്ട്‌ വീശിയെറിഞ്ഞ കഥയൊക്കെ പറയും. പക്ഷെ ചരിതമതല്ല, പിള്ളത്തോട്ടിൽ ഞണ്ടളകൾക്കുള്ളിൽ മീൻ പിടിക്കുമ്പോൾ ആരലാണെന്ന് കരുതി കയ്യിട്ട്‌ പിടിച്ചത്‌ നീർക്കോലിയെ. രക്ഷപ്പെടാനുള്ള തത്രപ്പാടിൽ പാമ്പ്‌ വിരലിൽ കടിച്ചു. കടു കുത്തിയതാണെന്ന് വിചാരിച്ച്‌‌ വേലായ്തേട്ടൻ പിടിമുറുക്കിയപ്പോൾ പാമ്പ്‌ കടിമുറുക്കി. പൊത്തിൽ നിന്ന് കൈ വലിച്ചെടുക്കുമ്പോഴും നീർക്കോലി വിരലിൽ കടിച്ചുതൂങ്ങി. വളഞ്ഞുപുളഞ്ഞ മാളത്തിൽ നിന്ന് നീർക്കോലിയെ പുറത്തെടുക്കാനുള്ള പിടിവലിയിൽ വിരലിന്റെ ഒരു ഭാഗവുമെടുത്ത്‌ പാമ്പവിടെയിരുന്നു. ചോരയിറ്റുവീഴുന്ന വിരലിൽ‌ വേലായ്തേട്ടൻ കണ്ടത്തിലെ മാങ്ങനാറിയില പിഴിഞ്ഞ്‌ കെട്ടി കുറെനാൾ കൊണ്ടുനടന്നു. അങ്ങനെ കിട്ടിയതാണ്‌ പാമ്പ്‌ വേലായ്തൻ എന്ന പേര്‌.പിന്നെയതും ലോപിച്ച്‌ പാമ്പ്‌ എന്ന് പറഞ്ഞാൽ വേലായ്തേട്ടൻ എന്നായി.
ജഗജീവൻ റാം ചിമ്മിനി ഡാം ഉത്ഘാടനം ചെയ്യും മുമ്പുള്ള കാലം, അന്നൊക്കെ പെരുമഴയിൽ പൊട്ടമ്പാടത്ത്‌ മലവെള്ളം നിറഞ്ഞ്‌ ഇങ്ങ്‌ പൂവത്‌തിങ്ങയുടെ കടമുതൽ കണ്ടേശ്വരം അമ്പലത്തിന്റെ കുളവും മൂടി അക്കരെ‌ എച്ചിപ്പാറക്കുള്ള റോഡ്‌ വരെയെത്‌തിയിട്ടുണ്ടാവും. അവിടെയുള്ള പുളിമരം മാത്രം തണുത്ത്‌ വിറച്ച്‌ കൂനിക്കൂടി നിൽക്കുന്നത്‌ ഇക്കരെനിന്നാൽ കാണാം.
വിശാലമായ തടാകം പോലെ കിടക്കുന്ന ചായ ചോപ്പാർന്ന മലവെള്ളത്തിൽ പിണ്ടിച്ചങ്ങാടം ഇറക്കുന്നത്‌ ചർച്ച ചെയ്യുന്നതിനിടയിൽ പാമ്പ്‌ വേലായ്തൻ കേറിപ്പറഞ്ഞത്‌ ലോനക്കുട്ട്യേട്ടനും ശങ്കുണ്ണിയേട്ടനും തീരെ ഇഷ്ടപ്പെട്ടില്ല. ‘ടാ പാമ്പെ’ എന്ന വിളിയിൽ ലോനക്കുട്ട്യേട്ടൻ അതിന്റെ സൂചനയും കൊടുത്തു.’ ന്നാ നീയങ്ക്ട്‌ നീന്തട പാമ്പെ’ എന്ന് ശങ്കുണ്ണ്യേട്ടനും.
‘ഇത്‌പ്പ നീന്താനാ ഇത്ര പാട്‌’ എന്ന പാമ്പിന്റെ മറുപടി രണ്ടുപേരെയും ഞെട്ടിച്ചു.
അങ്ങനെയാണ്‌ അങ്ങോട്ടുമിങ്ങോട്ടും നീന്തിയാൽ പാമ്പിന്‌ 10 രൂപ എന്ന് ബെറ്റ്‌ വച്ചത്‌. പത്തുർപ്പ്യേം അരക്കുപ്പി ചാരായവും ഇപ്പൊത്തന്നെ കിട്ട്യാൽ ഞാൻ നീന്താന്ന് വേലായ്‌തേട്ടനും.
ടാ ശങ്കുണ്യേ ഇപ്പ നമ്മള്‌ കാശ്‌ കൊട്ത്താല്‌ അവൻ നീന്താണ്ട്‌ പൂവ്വോ? ലോനക്കുട്ട്യേട്ടന്റെ
സംശയം ന്യായമാണെങ്കിലും അങ്ങനൊന്നും ഉണ്ടാവില്യാ എന്ന ശങ്കുണ്ണിയുടെ ഉറപ്പിൽ ചാരായത്തിന്‌ ശശ്യേട്ടന്റെ ഷാപ്പിലേക്ക്‌ ആളെ വിട്ടു.
പുള്ളിഡ്രോയറിനു പുറത്തെ കള്ളിമുണ്ടഴിച്ച്‌ തലയിൽകെട്ടി കാജാബീഡിയും തീപ്പെട്ടിയും നാലായ്‌ നടക്കിയ പത്തുരൂപാനോട്ടും മോഡേൺ ബ്രഡ്‌ പൊതിയുടെ മെഴുകുകടലാസിൽ പൊതിഞ്ഞ്‌ തലേക്കെട്ടിന്റെ ഇടതുഭാഗത്ത്‌ ചെവിക്ക്‌ പുറകിലൂടെ തിരുകിവച്ചു. പൂവത്തിങ്ങേടെ കടയിൽ നിന്ന് അഞ്ച്‌ പൈസക്ക്‌ ഒരുകൂട്‌ അച്ചാർ വാങ്ങിയപ്പോഴേക്കും ചാരായമെത്തി. അതൊരുവലിക്ക്‌ അകത്താക്കി അച്ചാറും കടിച്ചീമ്പി പാമ്പ്‌ മലവെള്ളത്തിലേക്കിറങ്ങി.
കുറെ ദൂരം വരെ പാമ്പിന്റെ തലയിലെ കള്ളിമുണ്ട്കെട്ട്‌‌ പതിയെപ്പതിയെ നീങ്ങുന്നത്‌ കരയിലെ ആൾക്കൂട്ടം കയ്യടിച്ചും കൂകിയും പ്രോത്സാപ്പിച്ചുകൊണ്ടിരുന്നു. പോകപ്പോകെ തലേക്കെട്ട്‌ ഒരു കറുത്തനിഴലായി പിന്നെയാ നിഴലും കാണാമറയത്തായി.
ആൾക്കൂട്ടം വേലായ്തേട്ടന്റെ തിരിച്ച്‌ വരവും
കാത്ത്‌ അക്ഷമരായി നിൽപ്പ്‌ തുടങ്ങിയിട്ട്‌ നേരമേറെയായി. ഉച്ചയായിട്ടും ആളെകാണാതായപ്പോൾ ശങ്കുണ്ണിയും ലോനക്കുട്ടിയും പരസ്പരം നോക്കി. അതുവരെയുണ്ടായിരുന്ന വീറും വാശിയും ചില സംശയങ്ങൾക്കായി വഴിമാറി. ആൾക്കൂട്ടം പിരിഞ്ഞുപോയിട്ടും രണ്ടുപേരും ഏറെനേരമവിടെ വേലായുധനായി കാത്തുനിന്നു, പിന്നെ അവരും സ്ഥലംവിട്ടു.
ഒരാഴ്ച കഴിഞ്ഞ്‌ മലവെള്ളമിറങ്ങിയപ്പോൾ ലോനക്കുട്ടിയും ശങ്കുണ്ണിയും പരസ്പരം പറയാതെ പാമ്പ്‌ നീന്തിയ വഴിയിലൂടെ പുളിഞ്ചോട്‌ വരെ നടന്നു. അവിടെയെവിടെയും അവർ കരുതിയപോലെ ചെളിയിൽ പുതഞ്ഞു വീർത്ത പാമ്പിനെക്കണ്ടില്ല.
ചാരായമടിച്ച്‌ നീന്തിക്കുഴഞ്ഞ്‌ വെള്ളത്തിൽ മുങ്ങി പുളിഞ്ചോട്ടിലെ പാലം കടന്ന് പാടം വഴി ആറ്റപ്പിള്ളി കടവിലെ ചെളിയിലെവിടെയെങ്കിലും വേലായ്തൻ പൂണ്ട്‌ കിടക്കുന്നുണ്ടാവും എന്ന് ശങ്കുണ്ണ്യേട്ടൻ തന്റെ സംശയം പങ്കുവച്ചത്‌ ചായക്കടയിലിരുന്ന് കേട്ട, എച്ചിപ്പാറക്കൂപ്പിൽ ചായക്കട നടത്തുന്ന ചന്ദ്രേട്ടൻ വല്യശബ്ദത്തിൽ ചിരിച്ചു. ചിരി നിർത്താൻ പെടാപാട്‌ പെട്ട ചന്ദ്രേട്ടനെ നോക്കി ഇവനെന്തു പറ്റിയെന്ന് എല്ലാരും അമ്പരന്നു. ആ ചിരിക്കിടയിൽ
‘പാമ്പൊന്നും‌ ചത്തിട്ടില്ല്യ, അവൻ കൂപ്പില്‌ എന്റെ ചായക്കടേല്‌ പണിയെട്ക്കണണ്ട്‌’
എന്ന് പറഞ്ഞത്‌ അപ്പോഴവിടെയാരും വിശ്വസിച്ചില്ലെങ്കിലും ആ വാർത്ത തെല്ലൊരാശ്വാസമായെല്ലാവർക്കും.
തണുത്ത്‌ വിറച്ച്‌ പുളിഞ്ചോട്ടിലെ കലുങ്കിലേക്ക്‌ വലിഞ്ഞുകയറി ഇരിപ്പുറപ്പിക്കുമ്പോഴേക്കും, മലവെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ സംഘം ചേർന്ന് ഉരുണ്ടുകൂടിയ ചോന്നുറുമ്പുകൾ ശരീരത്തിൽ പടർന്നുകയറി കടിച്ചുതുടങ്ങി.
തലയിൽക്കെട്ടിയ ഉടുമുണ്ടഴിച്ച്‌ മേലെല്ലാം തുടച്ച്‌‌ നനഞ്ഞതെല്ലാം ഊരിപ്പിഴിഞ്ഞുടുത്ത്‌‌ നേരെ പൗണ്ട്‌ കവലയിൽനിന്ന് പുഴയിലേക്ക്‌ തിരിയുന്നിടത്തെ ചാരായ ഷാപ്പിലേക്ക്‌ നടന്നു.
മുൻകൂർ കാശ്‌കൊടുത്ത്‌ നിന്നനിൽപ്പിൽത്തന്നെ കാക്കുപ്പിയുടെ അലൂമിനിയമടപ്പ്‌ കടിച്ചൂരി റാക്ക്‌ വായിലേക്കൊഴിച്ച്‌ ഒന്ന് കുൽക്കുഴിഞ്ഞ്‌ ഇറക്കിയപ്പോൾ ഒരാശ്വാസം. പനമ്പുതട്ടിയിൽ ഞാത്തിയ, നിത്യോപയോഗം ‌ തിടംവപ്പിച്ച നൂലുകൊണ്ട്‌ താറാമുട്ട പകുത്ത്‌
ചില്ലുകുപ്പിയിലെ കുരുമുളകുപൊടിയും ഉപ്പും തൂകി വായിലിട്ടൊന്ന് ഒതുക്കി വിഴുങ്ങി എല്ലാരും കേൾക്കെ ഒരേമ്പക്കവും പിന്നാലെയൊരു വളിയുമിട്ട്‌ നീറിക്കത്തുന്ന ചാക്കുനൂലിൽ നിന്ന് ആപ്പിൾ ബീഡിക്ക്‌ തീകൊളുത്തി ആഞ്ഞുവലിച്ചൂതി പാമ്പ്‌ കവലയിലേക്ക്‌ നടന്നു.
തിരികെയിനി നീന്തിക്കേറൽ അത്ര എളുപ്പമല്ല തന്നെയുമല്ല കാശും ചാരായവും മുൻകൂർ കിട്ടിയതുകൊണ്ട്‌ അതിനൊരുത്സാഹവുമില്ല. ലോനുട്ട്യേട്ടനും ശങ്കുണ്യേട്ടനും അവടെ കോറേനേരം നിന്ന് കാലുകഴക്കുമ്പോൾ വീട്ടീപ്പൊക്കോളും. അവരാരും അടുത്തില്ലാത്തതുകൊണ്ട്‌ പാമ്പിന്‌ പതിവില്ലാത്തൊരു ധൈര്യം. പൗണ്ടിന്റെയവിടന്നു പാലപ്പിള്ളിക്കുള്ള വഴിക്ക്‌ നടന്ന് മഠത്തിന്റയവിടെ ഇടത്തോട്ട്‌ താഴോട്ടിറങ്ങി ഊടുവഴിതാണ്ടി പാലാംബ്രത്തോട്‌ നീന്തിക്കടന്നാൽ കൈമളുടെ വളപ്പിനടുത്തെത്താം പിന്നെ വീട്ടിലേക്ക്‌ വിളിപ്പാട്‌ ദൂരം മാത്രം. പൊട്ടമ്പാടത്ത്‌ മലവെള്ളം കേറിയതുകൊണ്ട്‌ ആരും അന്വേഷിച്ചെത്തില്ല. ആകെയുള്ള പ്രശ്നം കൊപ്രമ്പുകാര്‌ കണ്ടാൽ മഴക്ക്മുമ്പ്‌ വാങ്ങിയ നെല്ലിന്റെ കാശ്‌ ചോദിക്കും. കാശ്‌ കൊടുത്തില്ലെങ്കിൽ പറമ്പിൽ തെങ്ങിന്‌ തടമെടുത്ത്‌ കൊടുക്കണം. കൈക്കോട്ടെടുത്ത്‌ കിളക്കാൻ വയ്യാത്തത്കൊണ്ട്‌ അതും ശര്യാവില്ല. അത്‌ പോട്ടെ മഴ മാറ്യാൽ കോത കണ്ടത്തിൽ പണിയെടുത്ത്‌ കടം വീട്ടിക്കൊള്ളും.
‘ടാ പാമ്പേ..’ മൊയലന്റെ പലചരക്ക്‌കടയിൽനിന്നൊരു വിളി പാമ്പിനെയൊന്ന് ഞെട്ടിച്ചു. അതുവരെ ആലോചിച്ചതെല്ലാം ഞൊടിയിടയിൽ പേടിച്ചെവിടെയോ പതുങ്ങിയൊളിച്ചു. ഹോ..ചന്ദ്രേട്ടനാണ്‌, കൂപ്പിലെ ചായക്കടയിലേക്ക്‌ സാമാനം വേടിക്കാൻ വന്നതാണ്‌. മലവെള്ളം കാരണം വരന്തരപ്പിള്ളിയിൽ പോകാൻ പറ്റാത്തതുകൊണ്ടാണ്‌‌ ഇവിടന്ന് വാങ്ങണത്‌‌. അല്ലെങ്കിൽ കൊവേന്തപ്പള്ളിക്ക്‌ മുമ്പിലെ ഉമ്പാവുന്റെ കടയിൽ നിന്നേ‌ ചന്ദ്രേട്ടൻ സാമാനം വാങ്ങൂ.
ജീപ്പിലേക്ക്‌ സാധങ്ങൾ എടുത്ത്‌ വക്കുമ്പോൾ പാമ്പ്‌ ചിരിക്കുന്നകണ്ട്‌ ചന്ദ്രേട്ടൻ ചോദിച്ചു ‘എന്താണ്ടാ നെനക്കൊരു ഇളി’ ചന്ദ്രേട്ടന്‌ കാര്യം മനസ്സിലായി, പട്ടയും പൂവും ഉണ്ടശർക്കരയും കണ്ടാണവന്റെ ഇളി. ഈ തണുപ്പത്ത്‌ അട്ടകടിയും കൊണ്ട്‌ എച്ചിപ്പാറ കൂപ്പിൽ കഴിയണമെങ്കിൽ വാറ്റ്‌ ചാരായം തന്നെ വേണം. കയ്യാളായി പാമ്പുണ്ടെങ്കിൽ അവൻ കാര്യങ്ങളൊക്കെ നോക്കിക്കോളും.

ജീപ്പിന്റെ പുറകിൽ ആപ്പിൾ ബീഡി വലിച്ച്‌ ചാടിത്തുള്ളിയിരിക്കുമ്പോൾ പാമ്പ്‌ വീട്ടിൽ ഒറ്റക്കിരിക്കുന്ന കോതയെ ഓർത്തു. ഈ തണുപ്പത്ത്‌ കോതേം കൂടി വേണ്ടതാർന്നു.....