27-06-18


ദണ്ഡി

ഭാരതിയ സാഹിത്യ ചിന്തയുടെ അടിത്തറ പണിത മഹാരഥന്മാരിൽ ഒരാളാണ് ദണ്ഡി

 സംസ്കൃത കവിയും ഗദ്യകാരനും അലങ്കാരശാസ്ത്രകാരനുമായിരുന്നു ദണ്ഡി. 7-ആം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജീവിച്ചിരുന്നതായാണ് കൂടുതൽ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. 6-ആം നൂറ്റാണ്ട് എന്നും 8-ആം നൂറ്റാണ്ട് എന്നും ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അലങ്കാരശാസ്ത്രകാരനായ ഭാമഹനു ശേഷമാണ് ഇദ്ദേഹത്തിന്റെ കാലഘട്ടം എന്നും ഭാമഹനു മുമ്പാണ് എന്നും ഭിന്നമതവുമുണ്ട്. ഭാമഹൻ അവതരിപ്പിക്കുന്ന ചില തത്ത്വങ്ങളെ ദണ്ഡി വിമർശിക്കുന്നുണ്ടെങ്കിലും ഇവർ പരസ്പരം അറിഞ്ഞിരുന്നില്ല എന്നാണ് അഭിജ്ഞമതം. അന്നു നിലവിലിരുന്ന വിഭിന്ന കാവ്യതത്ത്വങ്ങളിൽ ചിലതിന് അനുകൂലമായും ചിലതിനെ വിമർശിച്ചും ഇവർ കൃതികൾ രചിച്ചതാകാം എന്നും ഇവർ സമകാലികരാകാൻ സാധ്യതയുണ്ടെന്നും പണ്ഡിതന്മാർ വിലയിരുത്തുന്നു. ഭാമഹൻ ഉത്തരേന്ത്യയിലും ദണ്ഡി തമിഴ്നാട്ടിലും ജീവിച്ചിരുന്നതും പരസ്പരം കൃതിയിൽ പരാമർശിക്കപ്പെടാതിരിക്കാൻ കാരണമായി കരുതപ്പെടുന്നു.

ദണ്ഡി ദേശസഞ്ചാരപ്രിയനായിരുന്നതായും ഭാരതത്തിലെ വിഭിന്ന ദേശങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളും സാമൂഹികാവസ്ഥയും മനസ്സിലാക്കിയിരുന്നതായും നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മിത്രങ്ങളായി കേരളീയരായ മാതൃദത്തൻ, ദേവശർമാവ്, ജയന്തൻ, നാരായണൻ, ഭജനാനന്ദൻ, വിമതൻ തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കപ്പെടുന്നുണ്ട്.

അലങ്കാരശാസ്ത്രം
കാവ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രധാനമായി അവതരിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികളിൽ ഗുണപദ്ധതിയുടെ വക്താവായാണ് ദണ്ഡി അറിയപ്പെടുന്നത്.

 അലങ്കാരപദ്ധതി, രീതിപദ്ധതി, ധ്വനിസിദ്ധാന്തം, അനുമാനപദ്ധതി, വക്രോക്തിപദ്ധതി, ഔചിത്യപദ്ധതി തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികൾ.

 ഭരതൻ നാട്യശാസ്ത്രത്തിൽ അവതരിപ്പിച്ച പത്ത് കാവ്യഗുണങ്ങളെത്തന്നെ കാവ്യത്തിന്റെ ഏറ്റവും പ്രധാന തത്ത്വമായി അവതരിപ്പിച്ചു വിശദീകരിക്കുകയാണ് ദണ്ഡി ചെയ്തത്. ഈ പത്ത് ഗുണങ്ങൾ വൈദർഭീമാർഗ്ഗത്തിന്റെ പ്രാണങ്ങളാണ് (ഇതിവൈദർഭമാർഗസ്യപ്രാണാദശഗുണാഃസ്മൃതാഃ) എന്ന് ഗുണങ്ങളുടെ പ്രാഥമ്യം അവതരിപ്പിച്ചതോടൊപ്പം വൈദർഭി തുടങ്ങിയ രീതികളുടെ പ്രാധാന്യവും ദണ്ഡി സൂചിപ്പിച്ചിരുന്നു.

 കാവ്യത്തിന് സൌന്ദര്യം പ്രദാനം ചെയ്യുന്ന ഘടകങ്ങളെയെല്ലാം അലങ്കാരം എന്ന പദംകൊണ്ടു വ്യവഹരിക്കാം എന്നാണ് ദണ്ഡി അഭിപ്രായപ്പെടുന്നത് (കാവ്യശോഭാകരാൻ ധർമാൻ അലങ്കാരാൻ പ്രചക്ഷതേ). രസാവിഷ്കരണവും ഈ നിലയിൽ ദണ്ഡിയുടെ ദൃഷ്ടിയിൽ അലങ്കാരമാണ്. ഇതേസമയം ഗുണങ്ങൾക്കും ഗുണസന്നിവേശംമൂലം നിഷ്പന്നമാകുന്ന വൈദർഭമാർഗ്ഗത്തിനും ദണ്ഡി പ്രത്യേക പ്രാധാന്യം നൽകുന്നു. ഈ തത്ത്വമാണ് വാമനൻ രീതിപദ്ധതിയുടെ അടിസ്ഥാനമായി സ്വീകരിച്ച് വിശദീകരിച്ചത്.

 അലങ്കാരപദ്ധതിയിലെ പ്രമുഖ അലങ്കാരമായ സ്വഭാവോക്തി ആദ്യം നിർവചിച്ച് വിശദീകരിച്ചത് ദണ്ഡിയാണ്.

 അലങ്കാരപദ്ധതിയുടെ പ്രഥമ പ്രവക്താവായി ഭാമഹൻ അറിയപ്പെടുമ്പോഴും സ്വഭാവോക്തിയുടെ നിർവചന വിശദീകരണത്തിലൂടെ അലങ്കാരപദ്ധതിയിലും ദണ്ഡിയുടെ സ്ഥാനം അദ്വിതീയം തന്നെയാണെന്ന് പണ്ഡിതന്മാർ കരുതുന്നു. ശബ്ദവൃത്തിക്ക് കാവ്യത്തിൽ അർഥവൃത്തിക്കു സമാനമായ സ്ഥാനമുണ്ടെന്ന് ദണ്ഡി കരുതി. 

മൂന്ന് പരിച്ഛേദങ്ങളായി തിരിച്ച കാവ്യാദർശത്തിൽ രണ്ടാം പരിച്ഛേദത്തിൽ 33 അർഥാലങ്കാരവും മൂന്നാം പരിച്ഛേദത്തിൽ ശബ്ദാലങ്കാരവും വിശദീകരിക്കുന്നു.

 കാവ്യലക്ഷണം, കാവ്യവർഗീകരണം, കാവ്യഗുണങ്ങൾ, കാവ്യഹേതു തുടങ്ങിയവയാണ് ഒന്നാം പരിച്ഛേദത്തിലെ പ്രധാന വിഷയങ്ങൾ. മൂന്നാം പരിച്ഛേദത്തിൽ ശബ്ദാലങ്കാരത്തോടൊപ്പം കാവ്യദോഷങ്ങളും കാവ്യപ്രയോജനവും വിശദീകരിക്കുന്നു.

കാവ്യകാരണം അഥവാ കാവ്യഹേതുവിനെപ്പറ്റി മറ്റ് ആലങ്കാരികന്മാരിൽനിന്നു വ്യത്യസ്തമായ അഭിപ്രായം ദണ്ഡി പ്രകടിപ്പിച്ചിട്ടുണ്ട്. ജന്മനാ ലഭിക്കുന്ന കവിപ്രതിഭയ്ക്കാണ് മിക്ക ആലങ്കാരികന്മാരും പ്രമുഖ സ്ഥാനം നല്കിയിട്ടുള്ളത്. വ്യുത്പത്തി (പാണ്ഡിത്യം), അഭ്യാസം (കാവ്യാനുശീലനം) ഇവ പ്രതിഭ ഉണ്ടെങ്കിൽ മാത്രം പ്രയോജപ്പെടുന്നവയാണ് എന്ന് ഇവർ കരുതുന്നു. എന്നാൽ ദണ്ഡിയുടെ അഭിപ്രായത്തിൽ അങ്ങനെയൊരു പ്രതിഭ ഇല്ലെങ്കിൽക്കൂടി നിരന്തരം താത്പര്യപൂർവം വാഗ്ദേവതയെ ഉപാസിച്ചാൽ വാഗ്ദേവത അനുഗ്രഹിക്കുകതന്നെ ചെയ്യും.

“നവിദ്യതേയദ്യപി പൂർവവാസനാഗുണാനുബന്ധി പ്രതിഭാനമദ്ഭുതം
ശ്രുതേന യത്നേചവാഗുപാസിതാ ധ്രുവം കരോ ത്യേവ കമപ്യനുഗ്രഹം 1-104”
അതിനാൽ യശസ്സ് ആഗ്രഹിക്കുന്നവരും സാഹിത്യസദസ്സുകളിൽ അഭിമതരാകാൻ ഇഷ്ടപ്പെടുന്നവരും അനവരതം കാവ്യാനുശാസനമെന്ന വാഗ്ദേവതാപൂജ ചെയ്യണം എന്നു ദണ്ഡി നിഷ്കർഷിക്കുന്നു.
പ്രയത്നിച്ചാൽ കവിയാവാം എന്നർത്ഥം .
“തദസ്തതന്ദ്രൈരനിശം സരസ്വതീ
ശ്രമാദുപാസ്യാ ഖലു കീർത്തിമീപ്സുഭിഃ
കൃശേകവിത്വേപി ജനാഃ കൃതശ്രമാഃ
വിദഗ്ദ്ധഗോഷ്ഠീഷുവിഹർത്തുമീശതേ (1-105).”
“ശ്ളേഷഃപ്രസാദഃസമതാ മാധുര്യം സുകുമാരതാ
അർഥവ്യക്തിരുദാരത്വമോജഃകാന്തിസമാധയഃ”
എന്ന് പത്ത് കാവ്യഗുണങ്ങളെ പരിചയപ്പെടുത്തുന്ന പദ്യവും
“ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ”
എന്ന് ചമ്പൂകാവ്യത്തെ നിർവചിക്കുന്ന വരികളും
“ഇദമന്ധം തമഃകൃത്സ്നം ജായേത ഭുവനത്രയം
യദിശബ്ദാഹ്വയം ജ്യോതിരാസംസാരം ന ദീപ്യതേ”
(ശബ്ദാഭിധാനമായ ഈ തേജസ്സ് എന്നും പ്രകാശിച്ചിരുന്നില്ലെങ്കിൽ മൂന്നുലോകവും പൂർണമായും കൂരിരുൾ നിറഞ്ഞതായേനേ) എന്ന ശബ്ദാർഥതത്ത്വനിരൂപണവും മറ്റും ശാസ്ത്രവിഷയം അത്യന്തം ലളിതവും സുഗ്രഹവുമായ ശൈലിയിൽ അവതരിപ്പിക്കുവാനുള്ള ദണ്ഡിയുടെ കഴിവിനെ വെളിപ്പെടുത്തുന്നു.

ക്രിസ്ത്വബ്ദാരംഭകാലത്ത് ഭരതമുനി നാട്യശാസ്ത്രം രചിച്ചതിനുശേഷം ദണ്ഡിയുടെയും ഭാമഹന്റെയും വരെയുള്ള ദീർഘമായ കാലഘട്ടത്തിൽ കാവ്യശാസ്ത്രപരവും നാട്യശാസ്ത്രപരവുമായ അനേകം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ലഭ്യമായിട്ടില്ല. ഈ കാലഘട്ടത്തിൽ നാട്യശാസ്ത്രത്തിലെ ഒരു പഠനവിഭാഗം മാത്രമായിരുന്ന കാവ്യശാസ്ത്രം ഒരു പ്രത്യേക പഠനശാഖയായി വികാസം പ്രാപിച്ചതായി കരുതാം.

ദണ്ഡിയുടെ കാവ്യാദർശത്തിന് മറ്റു സംസ്കൃത അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ അപേക്ഷിച്ച് സിംഹളം, കന്നഡ, തമിഴ് ഭാഷകളിലെ അലങ്കാരശാസ്ത്ര പഠനമേഖലയിൽ കൂടുതൽ സ്വാധീനം ഉണ്ടായി. ശ്രീലമേഘവർണസേനന്റെ സിയബലകര എന്ന സിംഹളിഗ്രന്ഥവും അമോഘവർഷനൃപതുംഗൻ ഒന്നാമന്റെ കവിരാജമാർഗ എന്ന കന്നഡ കൃതിയും തമിഴിലെ വീരചോഴിയത്തിന്റെ അലങ്കാരപ്രകരണവും ദണ്ഡിയലങ്കാരവും പാലിയിലെ സുബോധാലങ്കാരവും കാവ്യാദർശവിവർത്തനവും മറ്റും കാവ്യാദർശത്തിന് ഭാരതത്തിൽ എല്ലായിടത്തും, ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും, പ്രചാരവും ആദരവും ലഭിച്ചിരുന്നു എന്നതിനു ദൃഷ്ടാന്തമാണ്.

ദശകുമാര ചരിതം
സംസ്കൃത ഗദ്യകാവ്യമാണ് ദശകുമാരചരിതം. ദണ്ഡിയാണ് (7-ആം ശതകം) ദശകുമാരചരിതത്തിന്റെ രചയിതാവ്.
 സംസ്കൃത ഗദ്യവിഭാഗത്തിൽ സുബന്ധുവിന്റെ വാസവദത്ത, ബാണഭട്ടന്റെ കാദംബരി, ഹർഷചരിതം എന്നിവയാണ് ഉപലബ്ധമായ മറ്റു പ്രധാന കൃതികൾ. ദണ്ഡിയുടെ പൂർവികർ ഗുജറാത്തിൽനിന്ന് ദക്ഷിണദേശത്തെ പല്ലവ രാജധാനിയായ കാഞ്ചിയിൽ എത്തിയവരാണ്. മഹേന്ദ്രവിക്രമപല്ലവന്റെ പിൻഗാമികളായ പരമേശ്വരവർമൻ ഒന്നാമൻ, നരസിംഹവർമൻ രണ്ടാമൻ എന്നിവരുടെ ആസ്ഥാനപണ്ഡിതനായിരുന്നു ദണ്ഡി. 'ത്രയോ ദണ്ഡിപ്രബന്ധാഃ' എന്ന ചൊല്ലനുസരിച്ച് ദണ്ഡി മൂന്ന് കൃതികൾ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കാവ്യാദർശം, ഛന്ദോവിചിതി, ദശകുമാരചരിതം എന്നിവയാണ് അവ. ദശകുമാരചരിതം പേര് സൂചിപ്പിക്കുന്നതുപോലെ രാജഹംസ മഹാരാജാവിന്റെയും മന്ത്രിമാരുടെയും മക്കളായ പത്ത് കുമാരന്മാരുടെ കഥകളാണ്. ദശകുമാരചരിതം പൂർണരൂപത്തിൽ ലഭിച്ചിട്ടില്ല. തന്മൂലം ഗ്രന്ഥത്തിന്റെ മുമ്പും പിമ്പുമായി പൂർവപീഠികയും ഉത്തരപീഠികയും ചേർത്ത രൂപത്തിലാണ്. അവ പില്ക്കാലത്ത് എഴുതിച്ചേർത്തതാകാനാണ് സാധ്യത. അവന്തിസുന്ദരീകഥ എന്ന പേരിൽ പ്രസിദ്ധമായ കഥയുടെ സംഗൃഹീതരൂപമാണ് ദശകുമാരചരിതം എന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

മാളവരാജാവുമായുണ്ടായ യുദ്ധത്തിൽ പരിക്കേറ്റ് വനത്തിൽ വസിക്കുന്ന രാജാവിന് വസുമതിയെന്ന രാജ്ഞിയിൽ രാജവാഹനനെന്ന പുത്രൻ ജനിക്കുന്നു. മന്ത്രിമാരായ സുമതി, സുമന്ത്രൻ, സുമിത്രൻ, സുശ്രുതൻ എന്നിവർക്കും യഥാക്രമം പ്രമതി, മിത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്നീ കുമാരന്മാർ ജനിച്ചു. കൂടാതെ രാജഹംസന്റെ സുഹൃത്തും മിഥിലയിലെ രാജാവുമായ പ്രഹാരവർമന്റെ പുത്രന്മാരായ അപഹാരവർമൻ, ഉപഹാരവർമൻ എന്നിവരും രത്നോദ്ഭവൻ, കാമപാലൻ, സത്യവർമൻ എന്നിവരുടെ പുത്രന്മാരായ പുഷ്പോദ്ഭവനും അർഥപാലനും സോമദത്തനും ആണ് പത്ത് കുമാരന്മാർ. വാമദേവമഹർഷിയുടെ നിർദ്ദേശാനുസാരം ഈ പത്ത് കുമാരന്മാരും ദിഗ്വിജയത്തിനു പുറപ്പെടുന്നു. പാതാളവിജയത്തിനായി കൂട്ടുകാരെ വിട്ടുപോയ രാജവാഹനൻ കർത്തവ്യനിർവഹണത്തിനുശേഷം തിരിച്ചെത്തുമ്പോഴേക്കും മറ്റ് ഒമ്പത് കുമാരന്മാരും അദ്ദേഹത്തെ തിരഞ്ഞ് ഓരോ ദിക്കിലേക്കു പോയിക്കഴിഞ്ഞിരുന്നു. നടന്നലഞ്ഞ് ഉജ്ജയിനിയിലെത്തിയ രാജവാഹനൻ സുഹൃത്തുക്കളായ സോമദത്തനെയും പുഷ്പോദ്ഭവനെയും കണ്ടെത്തി. അവരുടെ കഥകൾ കേട്ട് ഉജ്ജയിനിയിൽത്തന്നെ താമസവും തുടങ്ങി. രാജവാഹനൻ പിതാവിന്റെ ശത്രുവായ മാനസാരന്റെ പുത്രിയും അതീവസുന്ദരിയുമായ അവന്തിസുന്ദരിയിൽ അനുരക്തനാകുന്നു. ഒരു ഇന്ദ്രജാലക്കാരന്റെ സഹായത്തോടെ അവന്തിസുന്ദരിയെ സ്വന്തമാക്കി. മാനസാരന്റെ സഹോദരീപുത്രനായ ചണ്ഡവർമൻ രാജവാഹനനെ തടവിലാക്കി ആനയെക്കൊണ്ട് ചവിട്ടിക്കൊല്ലിക്കാൻ തുടങ്ങുമ്പോൾ രാജവാഹനനെ ബന്ധിച്ചിരുന്ന വെള്ളിച്ചങ്ങല സ്വയമേവ അഴിഞ്ഞുവീണ് രാജവാഹനൻ രക്ഷപെടുന്നു. അതിനിടയിൽ അപഹാരവർമനെന്ന തോഴൻ ചണ്ഡവർമനെ കൊന്ന് സുഹൃത്തിനെ രക്ഷിക്കാൻ എത്തിയിരുന്നു. തുടർന്ന് എല്ലാ സുഹൃത്തുക്കളും ഒത്തുചേരുന്നു. അപഹാരവർമൻ, ഉപഹാരവർമൻ, അർഥപാലൻ, പ്രമതി, മിത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്നിവരും സ്വന്തം സാഹസകഥകൾ വർണിക്കുന്നു. പിതാവായ രാജഹംസന്റെ നിർദ്ദേശാനുസാരം രാജവാഹനൻ മാളവദേശം കീഴടക്കുകയും പുഷ്പപുരത്തിന്റെയും ഉജ്ജയിനിയുടെയും അധികാരമേല്ക്കുകയും ചെയ്യുന്നു. മറ്റു കുമാരന്മാരും ഓരോ നാടിന്റെ ആധിപത്യം ഏറ്റെടുക്കുന്നു.

ഈ കഥയിൽ ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങൾ രംഗത്തു വരുന്നുണ്ട്. കന്യാഹരണം, രാജ്യവിപ്ളവം, ആഭിചാരം, ഗണികാവൃത്തി മുതലായവയുടെ ചിത്രീകരണത്തിലൂടെ പ്രാചീനഭാരതത്തിലെ യഥാർഥജീവിതം ദശകുമാരചരിതം അനാവരണം ചെയ്യുന്നു. വിധിക്കും ഈശ്വരഹിതത്തിനും പരമപ്രാധാന്യം നല്കുന്നതാണ് ദണ്ഡിയുടെ ജീവിതദർശനം. യാദൃച്ഛിക സംഭവങ്ങളിൽ കഥ വളരുകയും വിസ്മയകരമായ രീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു.

ദശകുമാരചരിതം ഡൽഹിയിൽനിന്ന് മുൻഷീ റാം മനോഹർ ലാൽ പബ്ലിഷേഴ്സ് 1982-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുണ്ടൂർ സുകുമാരൻ രചിച്ച മലയാള കൃതി കേരള സാഹിത്യ അക്കാദമി 1980-ൽ പ്രസിദ്ധീകരിച്ചു.

( കാവ്യാദർശം എന്ന അലങ്കാരശാസ്ത്രഗ്രന്ഥവും ദശകുമാരചരിതം എന്ന ഗദ്യകാവ്യവുമാണ് ദണ്ഡിയുടെ പ്രശസ്ത കൃതികൾ. അവന്തിസുന്ദരീകഥ എന്ന ഗദ്യകാവ്യവും മൃച്ഛകടികം, ഛന്ദോവിചിതി, കലാപരിച്ഛേദം, ദ്വിസന്ധാനകാവ്യം എന്നീ കൃതികളും ദണ്ഡി രചിച്ചതായി പരാമർശമുണ്ടെങ്കിലും ഇവയുടെ കർതൃത്വത്തെപ്പറ്റി നിശ്ചിതമായ തെളിവില്ല. ദശകുമാരചരിതത്തിൽത്തന്നെ കാവ്യാദർശത്തിൽ അവതരിപ്പിച്ച തത്ത്വങ്ങളിൽനിന്ന് വ്യതിയാനം കാണുന്നുണ്ടെന്നും അതിനാൽ ദശകുമാരചരിതം ദണ്ഡി രചിച്ചതല്ല എന്നു കരുതാം എന്നും ചിലർ നിരൂപണം ചെയ്തിട്ടുണ്ട്. ദണ്ഡി എന്ന പേര് ഇദ്ദേഹത്തിന്റെ യഥാർഥനാമം ആകണമെന്നില്ല എന്നും ദശകുമാരചരിതത്തിലെ മംഗളശ്ലോകത്തിൽ ദണ്ഡ എന്ന പദം അനേകം തവണ പ്രയോഗിച്ചതിനാൽ ദണ്ഡി എന്ന പേരിൽ ഇദ്ദേഹം പ്രശസ്തനായതാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.)