27-04


ഇന്ന് സംഗീത സാഗരത്തിൽ
പുള്ളുവൻപാട്ട്...
കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്.കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായകാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നത്

പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ.

മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്.

നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം. ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു.

കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം.

👇പുള്ളുവർ
കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ്‌ ഇവർ‍. കേരളത്തിൽ നിലനിന്നുപോരുന്നനാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ്‌ ഇവർ. ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽഗായകരുടെ സ്ഥാനം ഇവർക്കാണ്‌. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്നകദ്രുവിന്റേയും‍ വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ്‌ ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾപുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു. സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്.

സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരുവില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌. ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്.

അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്. പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു. വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു. വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്.















https://youtu.be/RkbHvwGfGUg

https://youtu.be/_LWFpeJ0zew

https://youtu.be/bky3BM9DLAg

https://youtu.be/VL8kYPtNGq8

പുള്ളുവന്‍പാട്ട്‌
ഭാരതീയ പുരാണങ്ങളില്‍ കേരളത്തെ അഹിഭൂമി എന്നാണ്‌ വിളിച്ചുകാണുന്നത്‌. പാമ്പുകളുടെ വാസസ്ഥാനം എന്നര്‍ത്ഥം.
``സര്‍പ്പാധി വാസത്തിനു യോഗ്യമാമ്മാ-
റിപ്പാരിടം പണ്ട്‌ പെരുത്തുകാലം
മുല്‍പ്പാടു വള്ളിച്ചെടി മാരമങ്ങള്‍
നില്‍പ്പായ്‌ നെടുങ്കാടുപിടിച്ചിരുന്നു''
എന്ന്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ വര്‍ണിക്കുന്നു. സഹ്യാദ്രി എന്ന പേരുപോലും ഇങ്ങനെ ഉണ്ടായതാണത്രെ. സ അഹി അദ്രി അതാണത്രെ സഹ്യാദ്രി. പാമ്പുകളുടെ പര്‍വ്വതം എന്നര്‍ത്ഥം. ഈ സര്‍പ്പാധിവാസത്തിന്റെ അനാദിയായ ഭൂതകാലമാണത്രെ പുള്ളുവര്‍ എന്ന ജനവിഭാഗത്തിന്റെയും പുള്ളുവന്‍പാട്ട്‌ എന്ന സര്‍പ്പപ്പാട്ടിന്റെയും ഉല്‍പ്പത്തിക്കുപിന്നില്‍.
ഐന്തിണകളിലൊന്നായ പാലത്തിണയില്‍ വസിച്ചതുകൊണ്ടാണ്‌ പുള്ളുവര്‍ക്ക്‌ ആ പേരു വന്നതെന്ന്‌ ഒരു വാദമുണ്ട്‌. അതല്ല, നിമിത്തപ്പക്ഷിയായ പുള്ളിന്റെ ശബ്‌ദത്തില്‍ നിന്ന്‌ ഫലപ്രവചനം നടത്തുന്നതുകൊണ്ടാണ്‌ പുള്ളുവര്‍ എന്ന പേരുണ്ടായതെന്ന്‌ മറ്റൊരുവാദം. അതുമല്ല, പുല്ലുവര്‍ അഥവാ പുല്ലില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ്‌ പുള്ളവര്‍ എന്നു പറഞ്ഞത്‌ എന്നുംവാദമുണ്ട്‌. വാദങ്ങള്‍ എന്തായാലും പുള്ളുവ ജനത ഇവിടെത്തെ നാഗാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. പുള്ളുവരുടെ ഈ നാഗാരാധനയുമായി ബന്ധപ്പെട്ടാണ്‌ സര്‍പ്പം തുള്ളല്‍, സര്‍പ്പംപാട്ട്‌, പാമ്പുംതുള്ളല്‍ എന്നൊക്കെ വിളിക്കുന്ന പുള്ളുവന്‍പാട്ടിന്റെ ഉല്‍പ്പത്തി. അവര്‍, പുള്ളുവര്‍ നാഗംപാടികളായി നമ്മുടെ അനുഷ്‌ഠാനകലാചരിത്രത്തില്‍ ഇടംപിടിക്കുന്നു.
പുള്ളുവന്‍പാട്ട്‌ ഒരനുഷ്‌ഠാന കലാരൂപമാണ്‌. നാഗാരാധനയുമായി ബന്ധപ്പെട്ട ഒരനുഷ്‌ഠാനകലാരൂപം. സര്‍പ്പക്കളങ്ങള്‍ എഴുതിയാണ്‌ സാധാരണയായി പുള്ളുവന്‍പാട്ട്‌ നടത്താറുള്ളത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി വീടുകളിലും ഇവര്‍ പാടിവരുന്നു. എങ്കിലും പ്രധാനപ്പെട്ട അനുഷ്‌ഠാനം കളമെഴുതി പാടുന്നതു തന്നെയാണ്‌. അഞ്ച്‌, ഏഴ്‌, ഒന്‍പത്‌, പതിനൊന്ന്‌ എന്നിങ്ങനെയാണ്‌ പുള്ളുവന്‍പാട്ടിന്റെ കാലദൈര്‍ഘ്യം. 5 ദിവസം മുതല്‍ 11 ദിവസം വരെ ഇത്‌ നീണ്ടുനില്‍ക്കുന്നു.
പ്രഭാതത്തില്‍ ഭസ്‌മക്കളമെഴുതുമ്പോള്‍ മധ്യാഹ്നത്തിലും സായാഹ്നത്തിലുമെഴുതുന്നത്‌ പഞ്ചവര്‍ണക്കളമാണ്‌. സര്‍പ്പയക്ഷിക്കളവും നാഗയക്ഷിക്കളവും എഴുതാറുണ്ട്‌. കളമെഴുത്തുപാട്ടിന്റെ അവസാനദിവസത്തിന്റെ തലേന്ന്‌ നാഗരാജക്കളമിടുന്നു. കളമെഴുതുന്ന ഓരോ സന്ദര്‍ഭത്തിലും പാട്ടുകള്‍ വ്യത്യസ്‌തമാണ്‌. എങ്കിലും തുടക്കം ഒരു വന്ദനഗാനത്തോടെയായിരിക്കും. അനന്തരം വീണയില്‍ താളം വായിച്ച്‌ ഗണപതി വന്ദനം ചൊല്ലുന്നു. അതുകഴിഞ്ഞാല്‍ നാഗോല്‍പ്പത്തി സംബന്ധിച്ച പാട്ടാരംഭിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതി സര്‍പ്പാധിവാസത്തിനനുയോജ്യമായ ഒന്നാണ്‌. മലയും കല്ലിടുക്കുകളും പൊത്തുകളും കുറ്റിക്കാടുകളുമെല്ലാം സര്‍പ്പങ്ങള്‍ക്ക്‌ സുഖകരമായ വാസഗേഹങ്ങളാണ്‌. വിഷം മുറ്റിയ ഈ നാഗത്താന്മാരോടുള്ള ഭയം അനുഷ്‌ഠാനമായും പിന്നെ നാഗാരാധനയായും വികസിച്ചതായിരിക്കണം. സര്‍പ്പക്കാവുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരു പ്രതിഭാസമാണ്‌. ഇവ നാഗാരാധനാ കേന്ദ്രങ്ങളായാണ്‌ രൂപപ്പെട്ടിട്ടുള്ളതെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പച്ചത്തുരുത്തുകളായും കുളിരിടങ്ങളായും പ്രാധാന്യം നേടുന്ന ഈ ഹരിതകുഞ്‌ജങ്ങളിലെ കാവുകളിലരങ്ങേറുന്ന കളംപാട്ടുകളില്‍ പുള്ളുവന്‍പാട്ട്‌ ഒരു മുഖ്യഇനമാണ്‌. നാഗങ്ങളുടെ ഉല്‍പ്പത്തി വികാസപരിണാമങ്ങളാണ്‌ പുള്ളുവന്‍പാട്ടിലെ പ്രധാന വിഷയങ്ങള്‍. കഥകളും ഉപകഥകളുമായി വികസിക്കുന്ന അനുഷ്‌ഠാനപരമായ ഈ ആലാപനം അതുകൊണ്ടുതന്നെ ഏറെ ആസ്വാദ്യകരമാണ്‌.
പാട്ട്‌ ഹൃദ്യമാണ്‌, ആസ്വാദ്യകരമാണ്‌. എന്നാല്‍ അതിലേറെ കൗതുകകരമാണ്‌ ഇതിനുള്ള വാദ്യോപകരണങ്ങള്‍. തനത്‌ എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ഈ വാദ്യോപകരണങ്ങള്‍ പുള്ളുവന്‍പാട്ടിനുവേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്‌. പുള്ളുവക്കുടവും പുള്ളുവ വീണയുമാണ്‌ പുള്ളുവന്‍പാട്ടിന്റെ മുഖ്യ സംഗീതോപകരണങ്ങള്‍. ഇവയ്‌ക്കൊപ്പം ഇലത്താളവും ഉപയോഗിച്ചുവരുന്നു
തികച്ചും സാധാരണമായ, ഗ്രാമീണമായ ഒരുപകരണമാണെങ്കില്‍പ്പോലും പുള്ളുവ വീണയും പുള്ളുവക്കുടവും ഉയര്‍ത്തുന്ന നാദത്തിന്‌, താളത്തിന്‌ സവിശേഷമായ ഒരു വശ്യതയുണ്ട്‌. നാവേറുപാടി നാഗത്താന്മാരെ ഉണര്‍ത്തിപ്രാസാദിപ്പിക്കുന്ന ഈ പാട്ടിനുമുണ്ട്‌ അതേ വശ്യത. നാഗങ്ങളുടെ വിസ്‌മയാവഹമായ ഒരു ലോകമാണ്‌ ഈ പാട്ടില്‍ ആവിഷ്‌കൃതമാകുന്നത്‌. നട്ടെല്ലിലുയര്‍ന്ന്‌ നില്‍ക്കാന്‍ കഴിയാതെ ഉരസ്സുകൊണ്ടിഴഞ്ഞുനീങ്ങി സഞ്ചരിക്കുന്ന വെറും ഉരഗങ്ങളല്ല ഈ പാട്ടുകളില്‍ തെളിയുന്ന നാഗത്താന്മാര്‍. മറിച്ച്‌ വീര്യത്തിന്റെയും ധൈര്യത്തിന്റെയും കരുത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രതാപൈശ്വര്യങ്ങളുള്ള നാഗപ്രവരന്മാരെയാണ്‌ ഇവിടെ പാടിതോറ്റുന്നത്‌. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, അനന്തന്‍, പത്മന്‍, മഹാപത്മന്‍ അങ്ങനെ നീളുന്ന മഹാരഥന്മാരയ നാഗശ്രേഷ്‌ഠന്മാരുടെ കഥകള്‍ ഇമ്പത്തോടെ, ഈണത്തോടെ പാടുമ്പോള്‍ അത്‌ കേള്‍ക്കുന്നവന്‍ ഏതോ ഒരന്യലോകത്തില്‍ ചെന്നുപെട്ട മട്ടില്‍ വിസ്‌മയാധീനനായിപ്പോകുന്നു.
പരിഷ്‌കൃതരെന്നഭിമാനിക്കുന്ന നാഗരികസമുഹം ഭയംകലര്‍ന്ന അറപ്പോടെ വീക്ഷിക്കുന്ന ഒരു ജന്തുവിഭാഗമാണ്‌ നാഗങ്ങള്‍. വിഷനാഗങ്ങളുടെ വിസ്‌മയലോകം കേട്ടെങ്കിലും ഭയംകൊണ്ടിട്ടുണ്ട്‌ നമ്മള്‍. വിഷംതീണ്ടി മരിച്ചവരുടെ നിരവധി കഥകളും നമ്മുടെ മുമ്പിലുണ്ട്‌. അങ്ങനെ സര്‍പ്പങ്ങള്‍, നാഗങ്ങള്‍ ഒരു ഭയാകുലതയായി നമ്മെ ചൂഴുമ്പോഴാണ്‌ പുള്ളുവന്‍പാട്ടിന്റെ ഈ വിസ്‌മയ ഗീതികള്‍ നമുക്ക്‌ രോമാഞ്ചം പകരുന്നത്‌. നാഗങ്ങളുടെ ഒരു നാഗരികത നമുക്കിതില്‍ തെളിഞ്ഞുകാണാം. വാസുകി എന്ന മഹാനാഗത്തിനു കീഴില്‍ എല്ലാ സൗഭാഗ്യങ്ങളോടെയും സമൃദ്ധിയോടെയും പുലരുന്ന ഒരു നാഗലോകം. ഭാവനയുടെ തീക്ഷ്‌ണസത്യങ്ങള്‍ അതിലുണ്ട്‌. പക്ഷേ അതിനുമപ്പുറം വിശ്വാസത്തിന്റെ, അനുഷ്‌ഠാനത്തിന്റെ, അനുഭവസാക്ഷ്യങ്ങളുടെ ഒരു നൂറുകഥകള്‍ അതിനു പറയാനുണ്ടാകും. നാഗങ്ങളും ഗരുഡനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ കഥ. അമൃതുകടയാന്‍ കടകോലായ വാസുകിയുടെ കഥ. ആയിരം ഫണമെഴുന്ന ആദിശേഷനായ അനന്തന്റെ കഥ...... ഭാരതീയ പുരാണങ്ങളില്‍ ചിതറിക്കിടക്കുന്ന ഈ കഥകള്‍ ചികഞ്ഞെടുത്ത്‌ തനിമചാലിച്ച്‌, പുതുമ പൂജിച്ച്‌ നാഗക്കളങ്ങള്‍ക്കു മുന്നിലിരുന്നു പാടുമ്പോള്‍ അവര്‍ അതൊരു ഭക്തിസാധനയായാണ്‌, ജന്മദൗത്യമായാണ്‌ ഏറ്റെടുക്കുന്നത്‌. നാഗംപാടികളായ ആ ജനതയുടെ ഈ അനുഷ്‌ഠാനകര്‍മ്മം കണ്‍പാര്‍ത്ത്‌, ചെവിയോര്‍ത്ത്‌ എത്രയോ പേര്‍ സ്വയം ആനന്ദസാഗരത്തിലെത്തുന്നു. പ്രകൃതിപ്രതിഭാസങ്ങളെയും പീഢനശക്തികളെയും സ്‌തുതിച്ച്‌, ആരാധിച്ച്‌ വശപ്പെടുത്തുന്ന പ്രാചീനമനുഷ്യന്റെ തന്ത്രപരമായ സമീപനമായിരുന്നു ഈ നാഗാരാധനയും എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
അഹിയുടെ, സര്‍പ്പത്തിന്റെ വിളഭൂമിയായിരുന്ന ഈ മണ്ണില്‍ രൂപപ്പെട്ട നാഗാരാധന ഒരത്ഭുതമല്ല. ചരിത്രമറിയാത്ത ഏതോ ഒരു വിദൂരഭൂതത്തിലാരംഭിച്ച ആ നാഗാരാധന ഇന്നും അനവരതം തുടരുന്നു. അതിന്റെ നാവേറായി ഈ പുള്ളുവന്‍പാട്ടും നിലനില്‍ക്കുന്നു. അതിനെ ഒരനുഷ്‌ഠാനമായി എണ്ണുന്നവര്‍ക്ക്‌ അങ്ങനെ എണ്ണാം. അതൊരാരാധനയായി കൊണ്ടുനടക്കുന്നവര്‍ക്ക്‌ അങ്ങനെതന്നെ കൊണ്ടു നടക്കാം. അതിനെ ഒരു കലാവിശേഷമായി ആസ്വദിക്കുന്നവര്‍ക്ക്‌ കണ്‍നിറയെ, മനസ്സുനിറയെ അതാസ്വദിക്കുകയുമാവാം. ഇങ്ങനെ ബഹുസ്വരിതമാകുന്ന പുള്ളുവന്‍പാട്ടിന്റെ വന്യമായ, വശ്യമായ താളപ്പെരുക്കങ്ങളില്‍ ഒരു പൂവിരിയുന്നതുപോലെ ഇതള്‍വിടര്‍ത്തുന്ന കഥാതന്തുക്കള്‍ കേട്ട്‌ നമുക്ക്‌ വിസ്‌മിതരാകാം.