26-03b

📚📚📚📚📚📚📚📚📚📚📚

   📙  പുസ്തക പരിചയം 📙

രാവണൻ
പരാജിതരുടെ ഗാഥ
 നോവൽ

ആനന്ദ്നീലകണ്ഠൻ
പ്രസാ : മാതൃഭൂമി ബുക്സ്
വില : 450/-
പരിഭാഷ : എൻ. ശ്രീകുമാർ.

എഴുത്തുകാരൻ  :
ആനന്ദ് നീലകണ്ഠൻ.
തൃപ്പൂണിത്തുറ സ്വദേശി. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം. ഇന്ത്യൻ  ഓയിൽ കോർപറേഷൻ  ഉദ്യോഗസ്ഥൻ. ചിത്രകല,  കാർട്ടൂൺ  എന്നിവയിൽ തത്പരൻ. പ്രമുഖ  ഇംഗ്ലീഷ് ആനുകാലികങ്ങളിൽ പംക്തികൾ എഴുതുന്നു.
വ്യത്യസ്തമായ  വീക്ഷണരീതികളിലൂടെ പുരാണങ്ങളെ അവതരിപ്പിച്ച ആഖ്യാതാവെന്ന നിലയിൽ  ശ്രദ്ധേയനാണ്.

കൃതികൾ:
Asura: Tale of the Vanquished , Ajaya : Epic of Kaurava Clan, Rise of Kali.

പരിഭാഷകൻ:
എൻ. ശ്രീകുമാർ:  കോട്ടയം ജില്ലയിലെ കുമാരനെല്ലൂർ സ്വദേശി. കൊൽക്കത്ത,  നിഗൂഢശാസ്ത്രങ്ങൾ, ആയുർവേദം എല്ലാവർക്കും,   രാവണൻ:  പരാജിതരുടെ ഗാഥ  എന്നിവ മുഖ്യ വിവർത്തനങ്ങൾ. മാതൃഭൂമി ബുക്സിൽ  സീനിയർ പ്രൂഫ് റീഡറാണ്.

രാവണൻ പരാജിതനോ ???
👇👇👇👇👇👇👇👇

മലയാളിയുടെ ഇംഗ്ലീഷ് നോവലിന്റെ പരിഭാഷയാണ് രാവണൻ

ഇത് രാവണായനം. രാമകഥ രാമായണമായി പുകഴ്പെറ്റപ്പോൾ രാവണായനം രചിക്കാൻ പലരും മറന്നു. അസുര രാജാവിനെ പാടിപുകഴ്ത്തുക എന്നത്  അത്രനല്ല കാര്യമായി ആരും കരുതിയിട്ടില്ല.

അർദ്ധസഹോദരനും ലങ്കേശനും വണിക്കും ധനികനുമായ കുബേരന്റെ  ആശ്രിതത്വത്തിൽ ദാരിദ്ര്യം  കുടിച്ചു വളർന്ന  ബാല്യം.  ജനിപ്പിക്കുന്ന കർമ്മത്തിനപ്പുറം പരിപാലന കർമ്മമറിയാത്ത പിതാവ്  എന്നും,  രാവണന് ശത്രുപക്ഷം.

ദാരിദ്ര്യം നീക്കാൻ  അമ്മയും സഹോദരങ്ങളുമായി കുബേരനെറിഞ്ഞു തരുന്ന  നാണയങ്ങൾക്ക് കാത്തു നില്ക്കുന്ന  ബാലന് കാലം കരുത്ത് നല്കി.

കുബേരന്റെ കനിവിനപ്പുറമൊരു ലോകം തേടി അഭയാർത്ഥികളായി അവർ ഇറങ്ങി.


ദേവകുലവുമായി തൊടുത്തു നിന്ന  അസുരകുലത്തിന് ശക്തനായ  ഒരു നേതാവ്  വേണമായിരുന്നു.

എഴുതിവെച്ച നീതിശാസ്ത്രങ്ങളല്ല രാവണൻ സ്വീകരിച്ചത്.  അപ്പഴപ്പോൾ തോന്നുന്ന യുക്തിയും ശക്തിയും ഉപയോഗിച്ചു. കുബേരനെ പുറത്താക്കി അധികാരം കയ്യിലാക്കാൻ അധികം താമസം വന്നില്ല. രാവണൻ ലങ്കേശനായി.

കൊണ്ടും കൊടുത്തും വളർന്നു.  ബാലിയോട് സന്ധിചെയ്തു. സൗഹൃദം കാത്തു.  ക്രമേണ  അധികാരം  ലഹരിയായി.

എന്നാലും നീതിരഹിതമായി എന്തെങ്കിലും ചെയ്യുമ്പോൾ  പിടയുന്ന  ഒരു  മനസ്  സൂക്ഷിച്ചു.

തനിക്ക് പിറന്ന പൊന്നോമനയുമായി ഒരു യാത്ര. കളിക്കൊഞ്ചലും കുരുന്നുമ്മയുമായി ഭരണത്തിന്റെ ചെടിപ്പ് തീർക്കാം  എന്ന ചിന്ത.

എങ്ങനെയോ ഭദ്രാവതി എന്ന ദേവകുല സ്ത്രീയിൽ കണ്ണുടക്കി..... അവളോ കരൾ നീട്ടിയതായി ഭാവിച്ചു. നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ നീന്താൻ  പറയുമ്പോൾ മറ്റൊന്നും ഓർക്കാതെ രാവണൻ  എടുത്തു ചാടി..........

 അതൊരു നീണ്ട കാരാഗൃഹ വാസമാണ്  സമ്മാനിച്ചത്.

തിരിച്ച്  എല്ലാം നഷ്ടപ്പെട്ടവനായി വന്നു. വരുണനെന്ന സമുദ്രവ്യാപാരിയുമായി ചങ്ങാത്തം.  അത്  ലങ്കയുടെ സുവർണ കാലം.  നാളുകൾ കടന്നുപോയി.

പുഴുത്ത പട്ടിയെപ്പോലെ അറപ്പിക്കുന്ന  ഭദ്രനിൽ നിന്ന് സീത തന്റെ മകളാണ് എന്നറിയും വരെ. അറിഞ്ഞു കഴിഞ്ഞപ്പോൾ  സീതയെ കാണണം... അവളെന്താണ്... എങ്ങനെ  ജീവിക്കുന്നു.... ചിന്തകൾ കടന്നലുകളെപ്പോലെ പൊരുതി. അത്  സീതയെ കാണുന്നതിലും ദേവവംശജനായ രാമൻ സീതയെ കഷ്ടപ്പെടുത്തുന്നതും കണ്ടപ്പോൾ സഹിച്ചില്ല.

പുഷ്പകത്തിൽ  കയറ്റി കൊണ്ടു പോന്നു.
ശേഷം എല്ലാ  വായനക്കാർക്കും അറിയാവുന്നത് തന്നെ.

എന്റെ വീക്ഷണം  :

ചില  എഴുത്തുകാർ എം. ടിക്ക് പഠിക്കും. അത്തരം ഒരു പഠനത്തിന്റെ ബാക്കി പത്രമാണ് ഈ നോവൽ.  ചുരുക്കി എഴുതാൻ  എന്നാണോ ഈ നോവലിസ്റ്റ്  പഠിക്കുന്നത്.

രണ്ടാമൂഴം, വാനപ്രസ്ഥത്തിന്  പോകുന്ന  ഭീമൻ തിരിച്ചു നടക്കുന്നതിൽ ആരംഭിക്കുന്നു. ഈ നോവൽ  രാമ ബാണമേറ്റ് മരണം കാത്തുകിടക്കുന്ന രാവണന്റെ മനോഗതത്തിൽ ആരംഭിക്കുന്നു. നല്ല തുടക്കം  നല്കി.... പക്ഷേ... ....

കേരളം   റബ്ബറിന്റെ നാടാണ്. എന്നുകരുതി  നോവലും കഥയും റബറുപോലെ വല്ലാതെ വലിച്ചു നീട്ടിയാൽ ആരും പൊറുക്കില്ല.

വീക്ഷണം നല്ലത്.  പക്ഷേ  അത്  ഭംഗിയായി ചുരുക്കി പറയാൻ പഠിക്കണം .

രാവണന്  തന്റെ ന്യായം  ഉണ്ട്.  രാമനും.

എന്നാൽ,   ഭദ്രൻ  എന്ന  ഒരു സാധാരണ  ദൈന്യ ജീവിതം നയിക്കുന്നവനെ ഭംഗിയായി  അവതരിപ്പിച്ചു.  അത്  ഈ കഥയിൽ  വേറിട്ട  ഒരനുഭവമായി വന്നു.  അധികാര കേന്ദ്രങ്ങൾ  ആവശ്യങ്ങൾക്ക്  ഉപയോഗിക്കുമ്പോഴും തന്റെ കൂട്ടുകാരിയിൽ  രാവണന്  ഒരു മകൻ പിറന്നിട്ടും നിസംഗനായി ലോകത്തിലെ ദാരിദ്ര്യം.... പീഡനം എന്നിവ  അനുഭവിച്ച ഒരാൾ.  അതാണ്  ഭദ്രൻ.

അമീഷിന്റെ ശിവപുരാണത്തിന്റെ വിജയം കണ്ട് ചില പുതിയ  എഴുത്തുകാർ  നല്ല  വിളവ് കൊയ്യാൻ  ഇറങ്ങി.
നന്നായി കൊയ്യട്ടേ....

കാര്യമായ പാരായണക്ഷമത തരാത്ത  ഒരു പുസ്തകം  എന്ന്  പറയേണ്ടിവരുന്നു.

ഇത്  എന്റെ വീക്ഷണം മാത്രമാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

തയ്യാറാക്കിയത്:  കുരുവിള  ജോൺ

മൂല്യബോധത്തിന്റെ പരാജയം
    ആനന്ദ് നീലകണ്ഠൻ Aടura Tale of the vanquished എന്ന നോവലിൽ ആദ്യം കടപ്പാട് രേഖപ്പെടുത്തുന്നത് സ്വന്തം മാതാപിതാക്കൾക്കാണ് ! അതങ്ങനെ തന്നെ വേണമെന്ന് നോവൽ വായിക്കുമ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു.
        ഈ നോവൽ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കണം. രാമായണത്തിൽ എവിടെ എങ്കിലും എന്തെങ്കിലുമൊരു മഹത്വവും കാണാത്ത , ഓരുകഥാപാത്രത്തിലും ഗുരുത്വം  ദർശിക്കാനാവാത്ത ആനന്ദ് നീലകണ്ഠൻ ഇത്തരമൊരു നോവലുമായി  ഇറങ്ങിപ്പുറപ്പെടാൻ എന്താണ് കാരണമെന്ന് അന്വേഷിക്കേണ്ടതില്ല എന്ന് തോന്നുന്നു .രാവണനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുകയ;ല്ല  ഈ നോവലിൽ ചെയ്യുന്നത്. നായകൻ ഭദ്രനാണ് രാവണന്റെ ബലാത്സംഗ ജാത യുടെ വേശ്യയായ അമ്മയുടെ ജാരനാണ് ഈ നോവലിന്റെ ആഖ്യാതാവ്. തുല്യ പ്രാധാന്യം രാവണനും കിട്ടുന്നുണ്ടെന്ന് തോന്നിയേക്കാം പക്ഷേ  രാവണൻ വീരനല്ല, ശക്തനല്ല ,നന്മയുടെ കണികയെങ്കിലും ഉള്ളവനല്ല ;രാവണന്റെ കൂട്ടത്തിൽ ഒരാളുമില്ല ഈ ഗുണങ്ങൾ എന്തെങ്കിലും ഉള്ളവരായി രാമൻറെ ഭാഗത്തും  അങ്ങനെയുള്ളവർ ആരുമില്ല .അതി ദുർബലനും തന്റെ ആഗ്രഹങ്ങളൊന്നും  പ്രാവർത്തികമാക്കാൻ കഴിയാത്തവനും ആയ രാമനാണ്  ഉള്ളതിൽ ഭേദം ലക്ഷ്മണൻ പലപ്പോഴും ക്രൂരനും തിന്മയുടെ മൂർത്തിയുമാണ്  ഒരിക്കൽ നന്നാവു മുണ്ട് !സ്വന്തം മരണം രാമന്റെ  യുക്തിബോധ മില്ലായ്മയിൽനിന്ന് ഉണ്ടായതാണെന്ന് വിശ്വസിപ്പിക്കാൻ വേണ്ടി മാത്രം അവസാനം ലക്ഷ്മണനെ  നല്ലവനായി അവതരിപ്പിക്കുന്നു! രാക്ഷസ കുലത്തെ അപ്പാടെ ഇത്ര മ്ലേച്ഛമായി ചിത്രീകരിക്കാൻ എന്താണ് കാരണമെന്ന് കണ്ടെത്താനാവുന്നില്ല സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണമാണ് ഏറ്റവും അപഹാസ്യം!  സീതയുടെ അമ്മയാണ് മണ്ഡോദരി. പക്ഷേ ആ കുട്ടിയെ, യുവതിയായ സീതയെ, തൊട്ടടുത്ത  അശോകവനികയിൽ കിട്ടിയിട്ടും ഒന്ന് കാണണമെന്ന് വിചാരിക്കാത്ത മാതൃത്വം ഏതൊരു സ്ത്രീക്കാണ് ( രചയിതാവിനാണ് )  ഭൂഷണമാവുക! -രാവണൻ തന്റെ പിതാവാണെന്ന് തിരിച്ചറിഞ്ഞിട്ടും സീതയ്ക്ക് മനസ്സുകൊണ്ട് യാതൊരു ചാഞ്ചല്യവും ഉണ്ടാവുന്നില്ല , രാമനാണെൻെറ  ഭർത്താവ്, താനെന്നെ  ഉപേക്ഷിച്ചവർ എന്നാണ് സീതയുടെ നിലപാട്. അന്ത്യരംഗത്തിൽ  വാല്മീകിയുടെ ആശ്രമത്തിൽ ജീവിച്ചതിന്റെ പാപം കഴുകിക്കളയാൻ  രണ്ടാമത്തെ  അഗ്നിപ്രവേശതിന്  ജ്വലിപ്പിച്ച അഗ്നിയുടെ   മുമ്പിൽനിന്ന് ഓടി നദിയിൽ ആത്മഹത്യ ചെയ്യുന്ന സീത എന്തൊരു കഥാപാത്രമാണ്! ഒരുവ്യക്തിയിലും ഒരു സംഭവത്തിലും മഹത്വം കാണാനാവാത്ത  ആനന്ദ് നീലകണ്ഠൻ ഈ നോവൽ അച്ഛനെയും അമ്മയും സ്മരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഉചിതമായി എന്നേപറയേണ്ടൂ. ആനന്ദിന്റെ ആദ്യകൃതിയായ  ഈ നോവൽ രണ്ടായിരത്തി പന്ത്രണ്ടിൽ പ്രസിദ്ധീകരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ ബെസ്റ്റ് സെല്ലറായി ഈ പുസ്തകത്തിന്റെ പരിഭാഷ ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ,ഗുജറാത്തി, മറാത്തി ,ഇറ്റാലിയൻ ഭാഷകൾകളിൽ പ്രസിദ്ധീകരിച്ചു. 2012 സിഎൻഎൻ-ഐബിഎൻ ക്രോസ്സ് വേർഡ് ലിസ്റ്റിൽ നമ്പർ വൺ ബെസ്റ്റ് സെല്ലർ ആയി .അതേവർഷം  ഡിഎൻഎ ഏറ്റവും ശ്രദ്ധേയരായ 6 എഴുത്തുകാരിലൊരാളായ ആയും, ഇന്ത്യൻ എക്സ്പ്രസ് ഭാവി വാഗ്ദാനമായ എഴുത്തുകാരനായും ,ഫിനാൻഷ്യൽ എക്സ്പ്രസ് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന രണ്ടാമത്തെ എഴുത്തുകാരനായും ,ആനന്ദ് നീലകണ്ഠനെ തെരഞ്ഞെടുത്തു. എന്നുമാത്രമല്ല ക്രോസ് വേഡ് പോപ്പുലർ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ 2013 ൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് സമകാലിക വായന അവസ്ഥകളിലേക്ക് നമ്മുടെ ശ്രദ്ധ പതിയണമെന്നാണ്. മഹത്വം  അവതരിപ്പിക്കാൻ ജനിക്കപ്പെട്ട രചനകളിൽ തന്നെ യാതൊരു മഹത്വവും ഇല്ല എന്ന് പ്രഖ്യാപിക്കുന്ന രചനകൾ വല്ലാതെ വായിക്കപ്പെടുന്നു . അവാർഡുകൾക്ക് തിരഞ്ഞെടുക്കപ്പെടുന്നു .ഇത് ചൂണ്ടിക്കാണിക്കുന്നത് ആനന്ദ് നീലകണ്ഠന്  ഒപ്പം ലോക വായനക്കാരും നിസ്സാരതയും ലഘുത്വത്തെയും എത്രകണ്ട് വിലമതിക്കുന്നു എന്നതാണ് .നായക  കഥാപാത്രമായ ഭദ്രനെ കുറിച്ച് ഒന്നും പറയാത്തത് ആ കഥാപാത്രസൃഷ്ടിയുടെ ലഘുത്വം അത്ര ഗുരുതരമായതുകൊണ്ടാണ്. താൻ ചെയ്തത് തിന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നതും അത് തന്നെ.ഏറ്റവും അവിശ്വസനീയമായി തോന്നുന്നത്, രാവണൻ തന്റെ കാമുകിയെ ബലാത്സംഗം ചെയ്തു സൃഷ്ടിച്ച മകനുവേണ്ടി  ഭദ്രൻ അനുഭവിക്കുന്ന അമിതമായ വികാരമാണ്. ആകെ കൃത്രിമത്വം നിറഞ്ഞതാണ് ഈ നോവൽ അതിലേറെ കൃത്രിമമാണ്  ഭദ്രൻ എന്ന കഥാപാത്രവും. ഒരു കഥാപാത്രവും സ്വാഭാവികമായി  പെരുമാറുന്നവർ അല്ല. ഒരു മുത്തശ്ശിക്കഥപോലെ  അല്ലെങ്കിൽ പ്രിയദർശന്റെ തമാശപ്പടം പോലെ  വായിച്ചു മറക്കാവുന്ന നോവൽ .പക്ഷേ  ഈ നോവൽ എഴുതിയിട്ടും എന്തുകൊണ്ടാണ്  ആളുകൾ ഈ നോവലിന് എതിർക്കാത്തത്! അതിനേക്കാൾ സങ്കടകരം എന്തുകൊണ്ടാണ് നോവൽ കൊണ്ടാടപ്പെടുന്നത് ? എന്റെ കാലത്ത് ജീവിക്കുന്ന നോവൽ ആസ്വാദകരോടും ആനന്ദ് നീലകണ്ഠനോടും ഒടുങ്ങാത്ത വ്യസനത്തോടെ
 രതീഷ്