26-03

📚📚📚📚📚📚📚📚📚📚📚

🌹📙 പുസ്തക പരിചയം 📙 🌹

           ശയ്യാനുകമ്പ      
   
                  നോവൽ
         രവിവർമ്മതമ്പുരാൻ

പ്രസാ : ഡി. സി. ബുക്സ്
വില    : 130/-

രവിവർമ്മതമ്പുരാൻ
 ആലപ്പുഴ ജില്ലയിലെ വെണ്മണി കിഴക്കേമഠത്തിൽ ജനനം.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം.  കേരള പ്രസ്  അക്കാദമിയിൽ നിന്ന്  പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. 1989 മുതൽ മനോരമയിൽ.  ഇപ്പോൾ കോട്ടയം ഔട്ട് സൈഡ് കേരള ഡെസ്കിൽ  അസിസ്റ്റന്റ് എഡിറ്റർ.

പുരസ്കാരങ്ങൾ

ഏറ്റുമാനൂർ കാവ്യ വേദി പുരസ്കാരം,  എൻ. എൻ. പിള്ള  അവാർഡ്,  നോവലിന്  മാധവിക്കുട്ടി,  കാനം. ഈ. ജെ. അവാർഡ്.  പരിസ്ഥിതി റിപ്പോർട്ടിംഗിന് കേരള പ്രസ്  അക്കാദമിയുടെ കെ  സി. സെബാസ്റ്റ്യൻ  അവാർഡ്  എന്നിവ ലഭിച്ചു.

രചനകൾ

പുന്നപ്ര വയലാർ -  അപ്രിയ സത്യങ്ങൾ , കുട്ടനാട് കണ്ണീർത്തടം, തുരങ്കത്തിനുള്ളിൽ ജീവിതം,  റിയാലിറ്റിഷോ, ചെന്താമരക്കൊക്ക, ഒൻപതു പെൺകഥകൾ, ഭയങ്കരാമുടി, ശയ്യാനുകമ്പ, പൂജ്യം  എന്നിവ.

ശയ്യാനുകമ്പയിലെ ശയ്യയിലേക്ക് :

നാട്ടിൽ മുഴുവൻ ചുംബന സമരം നടക്കുന്നു. പത്രങ്ങളായ പത്രങ്ങളും മാധ്യമങ്ങളായ മാധ്യമങ്ങൾ  മുഴുവൻ കൊട്ടഘോഷിക്കുകയും ആളകളായ  ആളുകൾ മുഴുവൻ പല സ്ഥലങ്ങളിലായി സാക്ഷിയാവുകയും ചെയ്ത  സംഗതി എന്തെന്നറിയാനാണ് ആനന്ദ് വർഗീസ്  കോഴിക്കോട്  എത്തിയതും അക്ഷര നായർ എന്ന പെൺകുട്ടിയുടെ വെളുത്തു തുടുത്ത കാലിന്റെ സ്നിഗ്ദത അയാളെ ആകർഷിക്കുന്നതും. ഒട്ടും മടിച്ചില്ല..... ആനന്ദ്  ആ കാലിൽ കെട്ടിയങ്ങ് വീണു.
കാഴ്ചക്കാർക്ക് അലോസരമായി.... അവർക്ക് കിട്ടാതെ പോയത്  നാല്പെത്തെട്ടോളം വയസ്  പ്രായമുള്ള തൈക്കിളവൻ അനുഭവിക്കുന്നത് കണ്ടപ്പോൾ സ്വാഭാവികമായുണ്ടായ  അസൂയ മർദ്ദനമായി മാറി.

അപ്രതീക്ഷിതമാണെന്നാലും തന്റെ കാലിൽ ലഭിച്ച  ചുംബനത്തിന്റെ ചൂട് സിരകളിൽ പടർന്നതിനാൽ കൂട്ടത്തല്ലിൽ നിന്ന്  എന്റെ  അച്ഛനാണ് എന്നു പറഞ്ഞ്, അക്ഷരാ നായർ  ആനന്ദിനെ രക്ഷിക്കുന്നു.

തുടർന്ന്  ഗാഢമായ  ഒരാലിംഗനത്തിലൂടെ ആനന്ദിന്റെ  മദ്ധ്യാഹ്നക്കരുത്ത് അവൾ തൊട്ടറിയുന്നു.


പിന്നീട്  ഫേസ് ബുക്കിലെ  പേജിലെ കവിതയിലൂടെ ആനന്ദിനെ പ്രകോപിപ്പിച്ച് അവൾ സ്നേഹം  അവതരിപ്പിക്കുന്നു.

നാല്പത്തിയെട്ടിലെത്തിയ മദ്ധ്യവയസ്കന്റെ സഫലമാകാത്ത രതികാമനകൾ ഇരുപത്തിനാലുകാരിയായ അക്ഷരയിലൂടെ പൂർത്തിയാക്കാം എന്നയാൾ കരുതി.

അവർ പരസ്പരം  ചേരുന്നു.... പലയിടങ്ങളിൾ, പലവട്ടം.....

ആനന്ദ് വർഗീസ്  കർക്കശക്കാരനും സത്യസന്ധനും നീതിമാനുമായ ഒരു വില്ലേജ്  ഓഫീസർ  ആയിരുന്നു. മേലധികാരികൾ
 വരെ ആദരവോടെ എന്നാൽ  അല്പം ഭയത്തോടെയും , കൈക്കൂലിക്കാരും അഴിമതിക്കാരും അറപ്പോടെയും കണ്ടിരുന്ന വ്യക്തി.

ആൻസി എന്ന  ടീച്ചറുടെ ഭർത്താവ്, അലൻ ആനന്ദ് എന്ന മകന്റെ  പിതാവ്.  അതിലുപരി സ്വതന്ത്ര  ചിന്തയിൽ  ജീവിച്ചിരുന്ന കരുത്തനായ മനുഷ്യൻ.

കന്യാസ്ത്രി മഠത്തിൽ പോകണമെന്നാഗ്രഹിച്ച്   അതിനായി  ഒരുങ്ങിയിരുന്ന  ആൻസിയെ ആനന്ദിന് വിവാഹം ചെയ്തു കൊടുത്തത് ആൻസിയുടെ പിതാവിന്റെ വാശിയും തന്റേടവും കൊണ്ടു മാത്രമാണ്.

ശാരീരിക ബന്ധം പാപമെന്നുകരുതുന്ന ഒരു മനസ്സായിരുന്നു ആൻസിയുടേത്. അതുകൊണ്ട് തന്നെ  വിരസമായ ദാമ്പത്യമാണ് അവർക്കിടയിലുണ്ടായിരുന്നത്.

ഇതുമായി പൊരുത്തപ്പെട്ടുപോകുന്നതിനിടയിലാണ് അമേരിക്കൻ മാതാപിതാക്കളുടെ മകളായ  അക്ഷരയുടെ യൗവ്വനത്തിൽ ആനന്ദ് താത്പര്യപ്പെടുന്നത്.

പക്ഷെ,  അക്ഷരാ നായർ.... ഒരു തീപ്പൊരിയോ..... അതോ  അഗ്നികുണ്ഠമോ......

സാമ്പത്തിക മേഖലയടക്കം ആനന്ദിന്റെ  സമസ്തമേഖലകളും തകരുന്നു. അതുവരെ  ആദർശധീരനായിരുന്നയാൾ അക്ഷരയുടെ അമേരിക്കൻ ടിക്കറ്റിനുവേണ്ടി ഒരാളോട് കൈക്കൂലി ചോദിക്കുന്നു. പക്ഷേ വിജിലൻസ് ഒരുക്കിയ കെണിയിൽ  ആനന്ദ് കുരുങ്ങി.  സസ്പെൻഷനിലായി......
എന്നാലും  നീരാളിക്കൈകളുമായി അക്ഷര  പിറകെ. 

തന്റെ പിതാവിന്റെ നീക്കങ്ങളിൽ സംശയാലുവായ മകൻ ആനന്ദിനെ പിന്തുടരുന്നു. 

സൗത്ത്  റെയിൽവേ സ്റ്റേഷനിൽ  ആലിംഗനത്തിൽ മുഴുകി നില്ക്കുന്ന  അക്ഷരയെയും ആനന്ദിനെയും അലൻ നേരിട്ട് കാണുന്നു......

അലറിക്കരഞ്ഞുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് അക്ഷര  ഓടി മറയുന്നു......

സർവ്വവും തകർന്ന  ആനന്ദ്  വീട്ടിൽ  തന്റെ മുറിയിലൊതുങ്ങുന്നു. 
പക്ഷാഘാതം ബാധിച്ച് മരണത്തിന്റെ വക്കിൽ നിന്നും  ജീവനുള്ള ശവമായി, ശയ്യാവലംബിയായി മാറുന്നു. 

അതുവരെ കുടുംബം  കൃത്യമായി നടത്തിയിരുന്ന  അമ്മ മനോവ്യഥയാൽ മരിക്കുന്നു.

ഈയവസ്ഥയിൽ എന്താ വേണ്ടത്  എന്ന്  ആനന്ദിന്റെ സുഹൃത്തായ  ജയപാലിനോട് മകൻ അലൻ ചോദിക്കുന്നു.  

ദയാവധം ...... ( Mercy  killing)  അതിന്റെ സാധ്യതകൾ  ജയപാൽ അവരുമായി   പങ്കുവെയ്ക്കുന്നു.......

തണുത്ത  ജഢസമാനമായ  ശരീരത്തെ ആൻസി ടീച്ചർ  തഴുകിയിരിക്കുമ്പോൾ ദയാവധത്തിന്റെ വഴികൾ തേടി അലൻ യാത്രയാകുന്നു........ 

എന്റെ വീക്ഷണം: 

ശയ്യാനുകമ്പയിൽ അനുകമ്പ കാണുന്നില്ല......

മധ്യവയസ്സിന്റെ തൃഷ്ണകൾ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന  ഒരാൾ......

സമപ്രായക്കാരോടുള്ള ബന്ധത്തിലുപരി  തനിക്ക്  ഒരിക്കലും ഭീഷണിയാവാത്തതും എന്നാൽ  അധികം ബുദ്ധിമുട്ടില്ലാതെ ലഭിക്കാവുന്നതുമായ സുഖം തേടിയ  ഒരുവൾ.....

എന്നാൽ  ആര്  ആരെ വിഴുങ്ങി....... മകൻ  അലനുമായിപ്പോലും അക്ഷരയ്ക്ക് ബന്ധമുണ്ടെന്നു മനസ്സിലായിട്ടുപോലും മടങ്ങിപ്പോകാതെ കുരുക്കിലേക്ക് കഴുത്തു നീട്ടിയ ആനന്ദിനോട് യാതൊരു സഹതാപവും  തോന്നില്ല..... 

അക്ഷരയോ.... അസ്ഥിത്വമില്ലാത്ത കഥാപാത്രമായ  ആൻസിയുടെ വിടവ് നികത്താനായി കഥാകൃത്ത്  നിരത്തിയ മാദക വേഷം മാത്രം.....

ഭാഷയുടെ  ലയവിന്യാസം ഈ നോവലിൽ ഉണ്ട്.  
പക്ഷേ  പൂജ്യം  എന്ന നോവലിന് ലഭിക്കാത്ത  സ്വീകാര്യതയും ചർച്ചാ സാധ്യതയും ഈ നോവലിന് ലഭിച്ചു എന്നത് എന്നെ  അത്ഭുതപ്പെടുത്തി.  

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

തയ്യാറാക്കിയത്  : കുരുവിള ജോൺ