25-08-18


ഓണം
ഓണമേ ! വിഷാദത്തെ -
ദ്ധിക്കരിച്ചൂർജ്ജസ്വല -
പ്രാണരായിതാ നിന്നെ -
യെതിരേല്ക്കുന്നൂ ഞങ്ങൾ.
നിറവേറുവാൻ കൊതി-
കൊണ്ടിടും സ്വപ്നങ്ങളാൽ,
പുറവേലികൾ കടം -
തന്ന സൗന്ദര്യങ്ങളാൽ ,
ഓമനേ! കുളുർകാറ്റിൽ
പൂനിലാവുലയുമാ-
റീ മണൽമുറ്റത്തു നീ
നൃത്തമാടുമ്പോൾ ഞങ്ങൾ
ഒരു വർഷത്തെ ക്ഷീണ-
മൊരു ഗാനത്താൽ മായ്ക്കു -
മൊരു വർഷത്തെദ്ദാഹ-
മൊരു തുള്ളിയാൽ മാറ്റും.
കാലത്തിൻ സഹജാവ -
ബോധമാധുരിപോലെ
ലീലയാ യഥാപൂർവം
നീ വരാതിരുന്നെങ്കിൽ
പാടുവാൻ, സ്വപ്നം കാണാ,-
നാശിക്കാൻ കഴിയാത്ത
പാഴ്നിഴലുകൾ മാത്ര-
മാകുമായിരുന്നെങ്ങൾ.
സങ്കല്പ വിലാസമായ്,
മധുര വികാരമായ്,
മംഗല പ്രകാശമായ്
മുൻപിൽ നീ മരുവുമ്പോൾ
നിന്നെയീ മുറ്റങ്ങളിൽ
പൂക്കളങ്ങളിലെങ്ങു-
മെന്നുമിങ്ങനെ നിർത്താ -
നാഗ്രഹിക്കുന്നൂ ഞങ്ങൾ.
തിരുനല്ലൂർ കരുണാകരൻ
***********
കവിത.
താഴ് വരയ്ക്കിരുപുറം
ധ്യാന ശില്പങ്ങൾ പോലെ
പരസ്പരം മുഴുകിയിരിക്കുന്ന
പർവ്വതങ്ങളിലൊന്നാണ്
ആദ്യം അപ്രത്യക്ഷമായത്.
(ആ മനോജ്ഞ താഴ് വരയായിരുന്നു
അവർക്കിടയിലെ
 ടേബിൾ )
പൊടുന്നനെ ഒരു പർവ്വതം
കണ്ടു കൊണ്ടിരിക്കെ കാണാനാവാതാകുന്നതു കണ്ട്
അൻവർ എന്ന ആട്ടിടയൻ
മോഹാലസ്യപ്പെട്ടു പോയി.
ഒരു ലോങ്ങ്  മാർച്ചിനിടെ
ഏതോ മാന്ത്രികനായ
ഛായാഗ്രാഹകന്റെ
ക്ലിക്കിൽ
 ഉറഞ്ഞു പോയ
 മഞ്ഞുടുത്ത
പൈൻ മരങ്ങളിലൊന്ന്
അമർത്തി വച്ച നിലവിളിയോടെ
അന്തർധാനം ചെയ്യുന്നതിനു
സാക്ഷികളായ
തടാകത്തിൽ മീൻ പിടിക്കുന്ന
മൂന്നു കുട്ടികൾ
ചൂണ്ടലിൽ കുരുങ്ങിയ
മീനുകളെപ്പോലെ പിടച്ചു പോയി.
പള്ളി മിനാരത്തിൻമേൽ എപ്പോഴും കാണപ്പെടാറുള്ള
ആ ദേശാടനപ്പക്ഷി
(ആ താഴ് വരയിൽ എത്തിയതോടെ
 സ്വധർമ്മം മറന്നു പോയ
ആ ദേശാനപ്പക്ഷി)
ഇനിയൊരിക്കലും മടങ്ങി വരില്ലെന്നു
പിറുപിറുത്തു
പറന്നു പോയി.
ചിട്ടയിലുംതാളത്തിലും
മാർച്ച് ചെയ്യുന്ന
അച്ചടക്കമുള്ള ഭ്രാന്താണ്
സൈന്യം എന്നു
കൂടെക്കൂടെ വിളംബരം
ചെയ്യാറുണ്ടായിരുന്ന
കഞ്ചാവു വിൽപ്പനക്കാരനായ വ്യദ്ധനെ
കാണാതാവുന്നത്
ആ കുഞ്ഞിന്റെ മൃതദേഹത്തിനു
മുമ്പിൽ വച്ചാണ്.
കുന്നിറങ്ങി വരുന്ന
ചെമ്മരിയാടിൻ പ്രവാഹം
ഒരു നദി അപ്രത്യക്ഷമാകുന്ന വിധം
എന്ന കവിത പോലെ
ഇല്ലാതാവുന്നതു കണ്ടപ്പോൾ
ഹസീനയെന്ന പെൺകുട്ടി
തന്റെ കാഴ്ച നഷ്ടമായതാണെന്ന
ഭീതിയിൽ നിലവിളിച്ചു.
ആളുകൾ, മരങ്ങൾ, കിളികൾ,
എന്നും ആ താഴ് വാരത്തിനു മുകളിൽ
പൂത്തു നിൽക്കാറുള്ള
വളർത്തു മൃഗത്തിന്റെ
മെരുക്കമുള്ള നക്ഷത്രം,
പട്ടണങ്ങൾ, വാഹനം, പുരങ്ങൾ, ജനപദങ്ങൾ
ഹിമക്കരടികൾ,
 ആശയങ്ങൾ,
 ഓർമ്മ ,
സ്വപ്നങ്ങൾ,
ഗന്ധങ്ങൾ, രുചികൾ
സി രാപടലം പോലുള്ള പാതകൾ,
മനുഷ്യർ ഉച്ചരിക്കുന്ന വാക്കുകൾ,
എഴുതപ്പെട്ട
ഗ്രന്ഥങ്ങളിലെ അക്ഷരങ്ങൾ, വിഷാദച്ഛായയുള്ള സായാഹ്നങ്ങൾ,
ചരിത്രമായിത്തീർന്ന വ്യഥകൾ
ഇങ്ങനെ ആ ദേശത്തിൽ നിന്നും
നാൾക്കുനാൾ
പലരായി ,
പലതായി
അപ്രത്യക്ഷമായി.
ഭൂപടങ്ങളായ ഭൂപടങ്ങളിലെല്ലാം
ആ ദേശം അഴുകി
പുഴുവരിക്കുന്ന നിലയിൽ കാണപ്പെട്ടു.
ഏറ്റവും പ്രിയമായതിനെ
ഉപേക്ഷിക്കുന്നതിന്റെ വേദന
താഴ് വരയിലാകെ തളം കെട്ടി.
എങ്ങോട്ടാണിവർ ഇല്ലാതാവുന്നതെന്ന്
ഉള്ളവർ വിസ്മയച്ചു.
വൈകാതെ ഉള്ളവരും
ഇല്ലാതായി.
എങ്ങോട്ടും പോവാനായല്ലാതെ
എങ്ങും അടയാളങ്ങൾ
 അവശേഷിപ്പിക്കാതെ
അപ്രത്യക്ഷരാകുന്നവരെ
അഭയാർത്ഥികൾ എന്നു
വിളിക്കുവതെങ്ങനെ?
പിൽക്കാലത്തു സൈന്യവും
അതിനെ മേയ്ക്കുന്ന
അജപാലകരും മാത്രമുള്ള
മരുഭൂമിയായി മാറിയ
ആ ദേശം
സ്വർഗ്ഗത്തിന്റെ അഴുകിയ
മൃതദേഹം എന്നറിയപ്പെട്ടു..
ഷാജു.വി.വി
***********
കവിത മനസ്സിലാവാത്തവരോട്
നിങ്ങള്‍ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയില്‍ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാന്‍ അയല്‍ക്കാരിയെയും വിളിക്കുക
വസന്തത്തില്‍ മല കയറുക
വെളുത്ത പക്ഷത്തില്‍ മുക്കുവരോടോത്ത് കടലില്‍ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
കൂട്ടുകാരന്റെ മരണം കഴികെ
പെരുമഴയിലൊറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയില്‍ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മുകനായി ഊരുചുറ്റുക
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നത് നോക്കു
ഡി.വിനയചന്ദ്രന്‍
***********
പോയ് വരിക
നിലാവേ ,
മടങ്ങുക
കാത്തുനിൽക്കേണ്ട
വഴികളിൽ
തേങ്ങലാണെങ്ങും.
ഉയരില്ല പൂവിളികൾ .
പൂവേ,
കൺതുറക്കണ്ട,
ചിരിക്കേണ്ട
കാണില്ല നിൻചിരി
കണ്ണുനീരാണെങ്ങും .
പോയ് വരിക നീ
കൈകോർത്തുഞങ്ങളീ
നോവിന്റെ കയമൊന്നു
നീന്തിക്കയറട്ടെ ,
ചുടുചുംബനങ്ങളാൽ
ഓരോരോ കവിളിലെ
മിഴിനീരുണക്കട്ടെ .
വരുമാണ്ടു പൂത്തു -
തളിർത്തു നീ
വരിക നിലാവുമായ്
ലാലു.കെ ആർ
***********
പകരം
പ്രളയത്തിൽ
വീട്ടിലേക്കു
ഒഴുകിയെത്തിയ
ഇല പറഞ്ഞു...
മലമുകളിൽ തന്നെ
മരിച്ചു മണ്ണാവാൻ
കഴിഞ്ഞില്ല
ഈ വീടിനെ
തൊട്ടതിന് മാപ്പ്
പകരം എന്നെ
മുറ്റത്തു അടക്കൂ
ഇലകളും മുളക്കും
മാമരമായി
ചിലപ്പോൾ.....
കലവൂർ രവികുമാർ
***********
ദേശീയതയുടെ
രണ്ട് അറ്റത്തേക്ക്
പുറപ്പെട്ട
ഒരു വണ്ടി നിറയെ സ്വർഗ്ഗങ്ങളാണ്
അത് ഇറക്കി വെക്കാൻ
ഉടമകളുടെ വീട്ടിൽ
ദൈവം കാത്തിരിക്കുന്നുണ്ട്.
പലതവണ
മരിച്ചവരുടെ വീട്ടിലേക്ക്
പുറപ്പെട്ട ദുരന്തങ്ങൾ
ഇറക്കി വെക്കാൻ
ദൈവംപോലും മില്ലാതെ
റേഷൻ കാർഡ് ലിങ്ക് ആകതെ
അലഞ്ഞ അലഞ്ഞ
പട്ടിണി വണ്ടിയിലിരുന്ന്
ഒരാൾ പറയുന്നു.
ഞാൻ മരിച്ചിട്ട്
അമ്പത് ദിവസമായി
ആധാർ കാർഡ് ലിങ്ക്
ആകാത്തതുകൊണ്ട്
അവർ മറ്റൊരാളെ
ജീവനോടെ കുഴിച്ചിട്ടു.
എന്റെ ശരീരം നാറുകയാണ് . അവസാനത്തെ സീറ്റിലിരുന്ന
ഒരു വൃദ്ധൻ പറഞ്ഞു
ഈ വണ്ടി നിറയെ
മരിച്ചവരാണ്.
ഇന്ധന വില കൂടിയതുകൊണ്ട് എവിടെങ്കിലും ഈ വണ്ടി നിന്നു പോയാൽ
എല്ലാ ശവങ്ങളും ഇറങ്ങിവന്ന് വണ്ടി തള്ളണം ശ്മശാനത്തിലേക്ക്
സലീം ചെനാം