28-05b

🌹 പുസ്തകക്കുറിപ്പ്🌹

           സ്വാഗതം  മുക്ക്
                  ( നോവൽ )
എം ടി. രഘുനാഥ്
പ്രസാ : പൂർണ്ണ, കോഴിക്കോട് 
വില    : 185 രൂപ.

എഴുത്തുകാരൻ  :

1959-ൽ കൊല്ലത്ത് ജനനം. ഇന്ത്യൻ ആർമിയിലും, സൗദി അറേബ്യയിലും ജോലി ചെയ്തു. ഇപ്പോൾ കോഴിക്കോട് താമസം.  2005-ൽ ചെറുകഥയ്ക്ക്   അറ്റ്ലസ്-കൈരളി പുരസ്കാരം ലഭിച്ചു. 
ആദ്യ നോവൽ ആണ്. സ്വാഗതം മുക്ക്.

നോവലിൽ

ബി. പി. എൽ ലിസ്റ്റിലോ, വോട്ടർ പട്ടികയിലോ, പേരില്ലാത്ത, റേഷൻ കാർഡില്ലാത്ത, സ്വന്തമായി പേരുപോലുമില്ലാത്ത എന്നാൽ വട്ടപ്പേരിൽ മാത്രമറിയപ്പെടുന്ന, മുഖംപോലുമില്ലാത്ത ചില ജീവിതങ്ങൾ. പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്വാഗതം മുക്ക്.  സ്വാഗതം മുക്കിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണിത്.

ആസ്ഥാന കള്ളൻ കാട്ടുകുളം, ( സഥാനി നായർ, പ്രമുഖ കുടുംബാംഗം), മുച്ചീട്ടുകളിക്കാരൻ ചെതൽ, (ചിതൽ) , പോർട്ടർ കം, സ്വീപ്പർ  കം, ചിന്തകനുമായ എം. ഏ. ക്കാരൻ, ചവറു സുന്ദരി, അന്ധനായ പിച്ചക്കാരൻ ഇരുട്ട് കുട്ടപ്പൻ,  അവനവൻ ചട്ടമ്പി, ചായക്കടക്കാരൻ വാൽമാക്രി പൂക്കുഞ്ഞ്, സൈക്കിളു മറിയം, പാതിരാ പതിവ്രത, സഖാത്തി ഖദീജ, പളുങ്ക്, അലക്കുകാരൻ മാതു, ഭാര്യ  മീനാശി (മീനാക്ഷി).

എസ്. കെ. പൊറ്റെക്കാട്, വർഷങ്ങൾക്കു മുൻപ് തെരുവിന്റെ കഥയിലും, ദേശത്തിന്റെ കഥയിലും മെടഞ്ഞിട്ട ജീവിതങ്ങളുടെ തുടർച്ചയാണ്  "സ്വാഗതം മുക്ക്"

കാട്ടുകുളം

കള്ളനാണ്, കാട്ടുകുളം. തന്നെപ്പിടിച്ച് പൊലീസിലേല്പിച്ച പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടിൽ മോഷ്ടിച്ചു പ്രതികാരം ചെയ്യുവാൻ എത്തുന്നു.  
എന്നാൽ അയാളുടെ ഭാര്യയുടെ ജാര സംസർഗം കാണുന്നു. തന്നിലും എത്രയോ താഴെയാണ് അയാളുടെ അവസ്ഥ എന്ന് മനസ്സിലാക്കി നാണം കെടുത്താതെ തിരിച്ചു പോരുന്നു. 
ദൈന്യതമുറ്റിയ ജീവിതത്തിന് മുതൽക്കൂട്ടായി  തന്റെ അവസാനത്തെ  ( പ്രേരണമൂലം) കളവുമുതൽ ദരിദ്രനായ പൊലീസുകാരനു കൊടുത്ത് കാശിയിലെ ഗംഗയിൽ മുങ്ങി സന്യാസം സ്വീകരിക്കുന്ന കാട്ടുകുളം. എം. ഏ. ക്കാരനുള്ള അടി പോകുന്നതിനുമുൻപ് കൊടുക്കാൻ മറക്കുന്നില്ല. 

_ചിതൽ _ ( ചെതൽ)

ചീട്ടുകളിയിൽ കൂടെക്കൂടി, പതം പറഞ്ഞ് ജീവിച്ചിരുന്ന ചെതൽ, ഒരു ദിവസം കാശു കൂടുതൽ കിട്ടിയപ്പോൾ നൈമിഷിക സുഖം തേടി വിളിച്ചതാണ് പാതിരാ പതിവ്രതയെ. പക്ഷേ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു. ( പാതിരാ പതിവ്രതയുടെ സ്വപ്നമായിരുന്നു, വിവാഹം. )
കാട്ടുകുളത്തിന്റെ വലിയ കളവിനു തെളിവുണ്ടാക്കാൻ ചെതലിനെ പൊലീസ് കൊണ്ടു പോയി.  പൊലീസ് സ്റ്റേഷനിലെ കിണറ്റിൽ ചാടി, ആത്മഹത്യാ ഭീഷണി  ഉയർത്തി,  ആൾക്കൂട്ടത്തെ കൂടെ നിറുത്തി  അവൾ ചെതലിനെ മോചിപ്പിക്കുന്നു.  (ഇവളാണോ ലൈംഗിക തൊഴിലാളി ആയിരുന്നവൾ???)

തൊഴിലിൽ നിന്ന് വിരമിച്ചെങ്കിലും പാതിരായ്ക്കും, പളുങ്കിനും, സഖാത്തിക്കും പകൽ നേരങ്ങളിൽ തലചായ്ക്കാനിടം കൊടുത്ത് , അതിൽ നിന്ന് കിട്ടുന്ന നിസാര വരുമാനത്തിൽ ജീവിക്കുകയും ചെയ്യുന്ന സൈക്കിൾ മറിയം. പുതിയ ജീവിതം തുടങ്ങിയ പാതിരയെ, മകളെ അനുഗ്രഹിച്ച് അയക്കുന്നപോലെ ചെതലിനു കൂടെ അയക്കുന്ന മറിയം. സൈക്കിൾ മറിയം. !!

ആകെ കാണുന്ന നിറം കറുപ്പാണ് . കാരണം അന്ധനാണ്. കണ്ണിലിരുട്ടാണ്. എന്നാൽ ഒരു നിശബ്ദ പ്രണയം ഇരുട്ടു കുട്ടപ്പന്റെ മനസ്സിലുണ്ടായിരുന്നു. 
പിച്ചയാചിക്കുമ്പോഴും, പാതിരാ പതിവ്രതയുടെ മണവും, വസ്ത്രചലനശബ്ദവും ഇരുട്ടിനറിയാം. പാതിരാ പതിവ്രത, ചെതലിനൊപ്പം പോയപ്പോൾ തകർന്നത് ഇരുട്ടു കുട്ടപ്പന്റെ സ്വപ്നങ്ങളായിരുന്നു. 

ദൈന്യത മുറ്റിയ നിസ്സഹായരെന്നു തോന്നിക്കുന്ന ഒരുപിടി ജീവിതങ്ങൾ. എന്നാൽ അവർ ദൈന്യരാണോ?. നിസ്സഹായരാണോ?. അവർ അവരുടെ സമൂഹത്തിൽ കരുത്തരാണ്. 

ആദ്യാവസാനം വായനക്കാരെ കൂടെകൂട്ടാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. 
ഭാഷാ പ്രയോഗങ്ങളിൽ, ശൈലിയിൽ , ഒക്കെ ഇരുത്തം വന്ന എഴുത്തുകാരന്റെ പാടവം പ്രകടിപ്പിക്കുന്നു. മനോഹരമായ, സുന്ദരമായ ഒരുപിടി ജീവിതങ്ങൾ ( നോവൽ). 

ഒരു പ്രത്യേക അറിയിപ്പ്: 

ദയവായി  സാഹിത്യ സദാചാരവാദികൾ ഈ നോവൽ വായിക്കരുത്. 

ഉന്നതകുലജാത സാഹിത്യ പ്രേമികളും ഈ നോവൽ വായിക്കരുതേ....

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കുറിപ്പ് തയ്യാറാക്കിയത് : കുരുവിള ജോൺ