24-09-18b

മഥുരാപുരി
കൃഷ്ണാവതാരം - 2
കുലപതി കെ.എം.മുൻഷി (1887- 1971)
വിവ: ശത്രുഘ്നൻ
പ്രസാ: ഡി.സി.ബുക്സ്
പേജ് 418
വില 395

📚📚📚📚📚

 കുലപതി കെ എം മുൻഷി അഭിഭാഷകനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളുമാണ്. നോവൽ നാടകം എന്നീ വിഭാഗങ്ങളിൽ ഗുജറാത്തി യിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് 

📕📕📕📕📕

മാന്ത്രിക സത്യങ്ങൾ

📕📕📕📕📕

രതീഷ് കുമാർ

📕📕📕📕📕

  കുലപതി കെ എം മുൻഷിയുടെ കൃഷ്ണാവതാര കഥകളിൽ രണ്ടാം പുസ്തകമാണ് മഥുരാപുരി .ഇതിഹാസ അവിശ്വസനീയതയെ സത്യത്തിന്റെ സമതലത്തിലേക്കിറക്കി കൊണ്ടുവരാനുള്ള ഗ്രന്ഥകാരന്റെ ശ്രമങ്ങളെ ഏറ്റം വെല്ലുവിളിക്കുന്ന ഭാഗം ഈ നോവലിന്റെ തുടക്കത്തിലാണുള്ളത്.
     കംസവധാനന്തരം  യാദവകലഹം ഒഴിവാക്കി ഉഗ്രസേനനെ രാജാവാക്കുന്നത്‌, പഞ്ചപാണ്ഡവരുടെ മഥുരാ സന്ദർശനം, രാമകൃഷ്ണൻമാർ സാന്ദീപനിയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്, പുണ്യജന രാക്ഷസനിൽ നിന്നും കപ്പൽയാനതന്ത്രം മനസ്സിലാക്കുന്നത്, പഞ്ചജന്റെ ശംഖം നേടുന്നത്, നാഗറാണിമാരിൽനിന്നും സാന്ദീപനീ പുത്രനായ പുനർദത്തനെ രക്ഷിക്കുന്നത്,ജരാസന്ധനിൽ നിന്നും രക്ഷ നേടാൻ രാമകൃഷ്ണന്മാരുടെ (പലായനവും പരശുരാമ വൈതന്നേയ സൗഹൃദവും) ഗോമന്ദക വാസം,ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് ഗോമന്ദകത്തെയും, ബലരാമനിൽനിന്ന് ജരാസന്ധനെയും രക്ഷിക്കുന്നത്,കരവീരപുരത്തെ നരകക്കുഴിയിൽ നിന്നും പുനർദത്തനെ ഉദ്ധവൻ രക്ഷിക്കുന്നത് കൃഷ്ണൻ ശ്രീഗാലവവാസുദേവനെ കൊന്ന് ശൈബ്യയെ മഥുരക്കു കൊണ്ടു വരുന്നത്,രുക്മിണീസ്വയംവരം മാറ്റിവയ്പ്പിക്കുന്നത്, ഉജ്ജയിക്കുടുത്തുള്ള സാന്ദീപനി ആശ്രമത്തിൽ വച്ച് പ്രഭാസ തീർത്ഥത്തിനടുത്തുള്ള കുശസ്ഥലി രാജ്യത്തിലെ പുണ്യജനരാക്ഷസരാൽ പരാജയപ്പെട്ട രേവതനേയും (കുകുദ്മി) മകൾ രേവതിയേയും കണ്ടത്, ബലരാമൻ കുശസ്ഥലി വീണ്ടെടുക്കുന്നത്,കംസയുടെ രണ്ടാമത്തെ പുത്രൻ ബ്രഹത്ബലന്റെ രാജ്യലോഭം,ശൈബ്യക്കായി ശ്വതകേതുവും ഉദ്ധവനും മോഹിക്കുന്നതും ശ്വതകേതു ബ്രാഹ്മണൻ പിന്മാറുന്നത്,കാലയവനന്റെ മഥുരാക്രമണത്തെ അറിയിക്കാൻ വിദുരൻ ഭീമനെ അയക്കുന്നത്, ജരാസന്ധനിൽനിന്നും രക്ഷ നേടാൻ യാദവർ കുശസ്ഥലിയിലേക്ക് പാലായനം ചെയ്യുന്നത്, കാലയവനാന്ത്യം, മഥുര എരിഞ്ഞാെടങ്ങുന്നത്,രുഗ്മിണി പരിണയം എന്നിവയാണ് മഥുരാപുരിയിലെ സംഭവങ്ങൾ. പ്രസേന ജിത്ത് തുടങ്ങിയ മാഥുരന്മാരെയെല്ലാം നാമിവിടെ കണ്ടുമുട്ടും.ഒപ്പംനാമറിയാത്ത അനേകരേയും.

        കൃഷ്ണകഥ ആദ്യമായി വായിക്കാൻ ഒരുഭാരതീയനുമാവില്ല. കാരണം ആ ഇതിഹാസ കഥയറിഞ്ഞതിനു ശേഷമാണ് നാമോരുരുത്തരും വായനാ ലോകത്തിലേക്കെത്തുന്നത്. ഭാരതത്തിലൂടെയും ഭാഗവതത്തിലൂടെയും കൃഷ്ണനെ അടുത്തറിഞ്ഞ വർക്കും അവശ്യംവേണ്ട അത്ഭുതങ്ങൾ ഒരുക്കി വച്ചിട്ടുണ്ടിവിടെ! 
ഒരു നോവൽ വായിക്കുന്ന താൽപ്പര്യത്തോടെ, കഥാ ബാക്കി അറിയാനുളള കൗതുകത്തോടെ, ഈ പുരാണ പുനരാഖ്യാനം വായിച്ചു തീർക്കാം.

      നാഗലോകത്തെത്തുന്ന കൃഷ്ണൻ കാട്ടുന്ന പ്രവൃത്തികൾ വിശ്വസനീയമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നാഗിനിമാരുടെ ലോകം മാന്ത്രികചാരുതയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത് .രതിയുടെ കാണാച്ചരടിലൂടെ പുരുഷനെ ബന്ധനസ്ഥനാക്കുന്ന സുന്ദരികൾ, മരണം മുന്നിൽകാണുമ്പോഴുംആബന്ധമുപേക്ഷിക്കാനാവാത്തപുരുഷന്മാരും, തകർന്ന കപ്പലിനെ കാറ്റിനോടാ ജ്ഞാപിച്ച് തീരത്തടുപ്പിക്കുന്ന കൃഷ്ണനും, സത്യത്തിന്റെസമതലത്തിൽ വ്യാപരിക്കുന്നവരല്ല. 

        ഗരുഢനെ പക്ഷിമുഖം അണിഞ്ഞ സാധാരണ മനുഷ്യരാക്കുന്നതിലും നാഗകന്യകമാരെ നാഗ കിരീടമണിഞ്ഞ സുന്ദരികളായി കൽപ്പിക്കുന്നതിലും, പുരാണത്തിലെ സങ്കൽപ്പലോകത്തെ സത്യത്തിന്റെ സമതലത്തിലേക്കിറക്കുന്നതിന്റെ സൗന്ദര്യം നാം ആസ്വദിക്കുന്നു.

    കാലയവനനെ ഭയക്കുന്ന കൃഷണ്ണനെയാണ് നാം കാണുന്നത്.ഒരിക്കൽ പോലും ആ ഭീകരനു മുന്നിൽനിന്ന് കൃഷ്ണൻ യുദ്ധം ചെയ്യുന്നില്ല. യാദവരെ രക്ഷിക്കാനൊരു കപടനാടകം ,പിന്നെ നിൽക്കാത്തഓട്ടം.ഒടുവിൽ മുനിമാരുടെ കരബലത്താലാണയാൾ കൊല്ലപ്പെടുന്നത്.കൃഷ്നാട്ടംകഥ കേട്ടുവളർന്നവർക്ക് ഈ കൃഷ്ണൻ പുതിയ ആളാണ്;തന്ത്രക്കാരനായ ദുർബലൻ.കൃഷ്ണന്റെ ദേവത്വത്തെ പലപ്പോഴും അംഗീകരിക്കുന്ന നോവലിലാണ് യവനരുമായുള്ളയുദ്ധം ഇത്തരത്തിൽ അവതരിപ്പിക്കുന്നതെന്നോർക്കണം. അതും  മരണത്തിനുശേഷവും യവനപോരാളികളുടെ മുന്നിൽപ്പെടാതെ സന്യാസിമാരോടൊപ്പം അവരുടെ വൃത്തിയിലും വേഷത്തിലും ഗുഹയിൽത്തന്നെ താമസിക്കുകയാണദ്ദേഹം. രുഗ്മിണീസ്വയംവരത്തിലും ഭാഗവതത്തിനു പരിചിതനായ കൃഷ്ണനല്ല മഥുരാപുരിയിലുള്ളത്. യാദവന്മാരിലെ അധികാര മത്സരവും കൃഷ്ണവിരോധികളായ രാജത്വമോഹികളുടെ പ്രവൃത്തികളും നോവലിനെ സുന്ദരമാക്കുന്നതും സാധാരണീകരിക്കുന്നതുമാണ്.

       കെ.എം.മുൻഷിയുടെദൃഷ്ടിയിൽ കൃഷ്ണൻ ദൈവമാണ്. പക്ഷെ ചെയ്തികളിലൊക്കെ പൂർണ്ണ മനുഷ്യത്വം കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പക്ഷെ ചില രംഗങ്ങളിൽ, പ്രത്യേകിച്ചും നാഗപുരി വർണ്ണനയിൽ അതല്ല നാമനുഭവിക്കുന്നത്. മാജിക്കൽറിയലിസം ലാറ്റിനമേരിക്കയിൽ രൂപപ്പെടുന്ന കാലത്ത് രചിക്കപ്പെട്ട ഈ നോവലിൽ മാർവലസ് റിയലിസത്തിന്റെ സൗന്ദര്യമാണ് നാം അനുഭവിക്കുക. അലയോ കാർപ്പൻറിയറാണ് മാജിക്കൽ റിയലിസത്തെ മാർവലിസമെന്നു വിളിച്ചത്.
നമുക്കു പക്ഷെ ഇതിലെ മാന്ത്രിക യാഥാർത്ഥ്യത്തെ അങ്ങനെ വിളിക്കാമെന്ന് അന്ന് (ഇന്നും) മനസ്സിലായില്ലെന്നു മാത്രം.

രതീഷ്‌