24-08-18


ഇന്ന് സംഗീത സാഗരത്തിൽ പരിചയപ്പെടാം
ഇസ്ലാമിക് ഗാനങ്ങൾ... എന്ന ശാഖയെ

ഇസ്‌ലാം മലയാളത്തില്‍ പാടുന്നു ജമീല്‍ അഹ്മദ്‌
മുഹമ്മദ് നബിക്കു മുമ്പുള്ള അറേബ്യ പാട്ടിന്റെകൂടി ജാഹിലിയ്യാ കാലമായിരുന്നു. ലഹരിക്കും അരാജക ലൈംഗികജീവിതത്തിനുമിടയില്‍ മുറുക്കിക്കെട്ടിയ കമ്പിയായിരുന്നു അന്ന് പാട്ട്. അതിന്റെ നാദത്തില്‍ കവികളും അഭിസാരികമാരും...

ഇസ്‌ലാം മലയാളത്തില്‍ പാടുന്നു
വ്യാപാര വായ്പകള്‍
തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്?
സരയാവോയുടെ കഥ ഒരു ഗ്രാഫിക് നോവല്‍
ആത്മീയ ബിസിനസ് എന്ന യൂറോപ്യന്‍ കച്ചവട പാഠങ്ങള്‍
ആര്‍ത്തി രാഷ്ട്രീയത്തില്‍നിന്ന് ഹരിത രാഷ്ട്രീയത്തിലേക്ക്‌
എന്നില്‍ ഇസ്‌ലാം ജീവിച്ച വിധങ്ങള്‍
ആസാം അഭയാര്‍ഥി ക്യാമ്പില്‍നിന്ന്‌
ഇസ്‌ലാമിക പ്രസ്ഥാനം പുതിയ അജണ്ടകള്‍ തേടണം
ക്ഷോഭിക്കുന്ന തെരുവുകള്‍ ആവശ്യപ്പെട്ടതായിരുന്നു ആ മാറ്റങ്ങള്‍

ഓരോ കൃതിയും കലയും അതുരുവംകൊണ്ട സമുദായത്തിന്റെ വര്‍ത്തമാനമാണ്. പാട്ടുകലയ്ക്ക് അങ്ങനെ സ്വസമുദായത്തെക്കുറിച്ച് സംസാരിക്കാനുള്ള കഴിവ് കൂടും. കാരണം, വളരെ ജനകീയമായ സാംസ്‌കാരിക പ്രതലം അത് ആവശ്യപ്പെടുന്നുണ്ട്. ലിഖിതസാഹിത്യം ഉപരിവര്‍ഗത്തിന്റെ കാമനകളെ താലോലിക്കുമ്പോള്‍ ഗാനങ്ങള്‍ സമുദായത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ലാളനകൊണ്ടാണ് നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും. പാട്ടിന് ഹൃദയങ്ങളെ പാട്ടിലാക്കാന്‍ വേഗം കഴിയും. ഹൃദയമിടിപ്പിനോട് ഇണങ്ങിനില്‍ക്കുന്നതിനാല്‍ താളം മനുഷ്യന്റെ ജൈവികമായ ചോദനകളെ ഉണര്‍ത്തുന്നു. അക്കാരണംകൊണ്ടുതന്നെ മനുഷ്യ ചരിത്രത്തിലെ ഏതാണ്ടെല്ലാ സമുദായങ്ങളുടെയും ആവിഷ്‌കാരത്തിന്റെയും ആസ്വാദനത്തിന്റെയും ഭാഗമായി

കൊട്ടും പാട്ടുമുണ്ടായിരുന്നു. ആകര്‍ഷിക്കാനും ആവേശപ്പെടുത്താനും മയക്കാനും മയപ്പെടുത്താനും ആരാധന ചെയ്യാനും അടരാടാനും പാട്ടിന്റെ വിവിധ രൂപങ്ങള്‍ ചരിത്രത്തിലെങ്ങും ഉപയോഗിക്കപ്പെട്ടു. ഹൃദയമിടിപ്പിന്റെ താളം ആത്മാവിനോട് ചേരുമ്പോഴാണ് പാട്ട് മനുഷ്യതയുടെ ഭാഗമാകുന്നത്. ദീനിന്റെ ഭാഷയില്‍ ആലപിക്കുമ്പോള്‍ സംഗീതം ചേതനയുടെയും ഈമാനിന്റെയും സത്തയെ വെളിപ്പെടുത്തുന്നു.

മുഹമ്മദ് നബിക്കു മുമ്പുള്ള അറേബ്യ പാട്ടിന്റെകൂടി ജാഹിലിയ്യാ കാലമായിരുന്നു. ലഹരിക്കും അരാജക ലൈംഗികജീവിതത്തിനുമിടയില്‍ മുറുക്കിക്കെട്ടിയ കമ്പിയായിരുന്നു അന്ന് പാട്ട്. അതിന്റെ നാദത്തില്‍ കവികളും അഭിസാരികമാരും തൊഴുത്തു. അവര്‍ ജീവിതത്തിന്റെ എല്ലാ താഴ്‌വരകളിലും കവിതപാടി സ്വഛരായി അലഞ്ഞു നടന്നു. നിസ്സന്ദേഹമായ വെളിപാടുകൊണ്ട് ഖുര്‍ആന്‍ ആദ്യമായി ശുദ്ധീകരിക്കുന്നത് അതിനാല്‍ പാട്ടിനെത്തന്നെയാണ്. അര്‍ഥത്തെ ചൂഴ്ന്നു നില്‍ക്കുന്ന അതിന്റെ ആലാപനചൈതന്യത്തിലകപ്പെട്ടാണല്ലോ പല ഖുറൈശി പ്രമുഖരും ഇസ്‌ലാമിന്റെ ദാറുല്‍ അര്‍ഖമിലേക്ക് ഓടിയെത്തിയത്. അവാഖ്യേയമായ ഏതോ ചൈതന്യത്തിലേക്കുള്ള മാസ്മരികമായ വീചികളാണ് ബാങ്കുവിളിയെന്നും അറേബ്യന്‍ ആലാപന പാരമ്പര്യത്തില്‍ അതിന് വേരുകളുണ്ടെന്നും സംഗീത നിരൂപകനായ ഡോ. മധു വാസുദേവന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ഈണത്തോട് അര്‍ഥം ചേരുന്നതിന്റെ ആഹ്ലാദത്തിലേക്കുള്ള ക്ഷണമാണ് ബാങ്ക്. ആദ്യത്തെ ബാങ്കുവിളിക്കാരനായ ബിലാലുബ്‌നു റബാഹായിരുന്നു മുത്തുനബിയുടെ പാളയത്തിലെ മുന്തിയ പാട്ടുകാരനും. മക്കയില്‍ ഇസ്‌ലാം വരുന്നതിനുമുമ്പ് അബൂബക്ര്‍ എന്ന മുതലാളിപോലും ബിലാല്‍ എന്ന അടിമയുടെ കറുത്ത ശബ്ദസൗന്ദര്യത്തില്‍ ആകൃഷ്ടനായിപ്പോയിട്ടുണ്ട്. എന്നിട്ടും മദീനത്തുന്നബിയിലെ പെരുന്നാളിന് പ്രവാചക സന്നിധിയില്‍ പാട്ടുപാടിയ പെണ്‍കുട്ടികള്‍ക്കുനേരെ ക്ഷുഭിതനായിപ്പോയി സിദ്ദീഖുല്‍ അക്ബര്‍. പാട്ടുകേട്ട് പുതച്ചുകിടക്കുകയായിരുന്ന നബിതിരുമേനി പക്ഷേ, പാടട്ടെ എന്നനുവദിക്കുകയായിരുന്നു. അടരാടുന്നവരെ ആവേശംകൊള്ളിക്കാനും ആക്ഷേപക്കാര്‍ക്ക് ചുട്ട മറുപടി കൊടുക്കാനും ഇസ്‌ലാം പാട്ടുകാരെ തയാറാക്കി നിറുത്തി.

അക്കാലത്ത് ദഫ്ഫുപോലുള്ള സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിലാണ് 'ഗസല്‍' എന്ന് ഹദീസുകളില്‍ പരാമര്‍ശിക്കുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഗോത്രാപദാന ഗീതികള്‍ റസൂലുല്ലാഹി അനുവദിക്കുകയും മരണാനന്തര വിലാപഗാന പരിപാടികള്‍ നിരോധിക്കുകയും ചെയ്തു. സാമുദായികാഘോഷങ്ങള്‍, വിവാഹം, സുന്നത്തുകല്യാണം തുടങ്ങിയ ചടങ്ങുകളില്‍ നബിയുടെ അനുവാദത്തോടെത്തന്നെ ഗാനമേളകള്‍ നടന്നു. പ്രവാചക ചര്യയിലും വചനങ്ങളിലും കാണുന്ന ഇത്തരം പരാമര്‍ശങ്ങളെല്ലാം അക്കാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രത്തെ മുന്‍നിര്‍ത്തി വിശദമായി വിശകലനം ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഇക്കാര്യത്തിലെ അന്വേഷണങ്ങളെല്ലാം പാട്ടിനോട് ഇസ്‌ലാമിനുള്ള അകലത്തെക്കാളേറെ അടുപ്പത്തെയാണ് വരച്ചുകാണിക്കുന്നത്. എന്നാല്‍, ഏതൊരു കാര്യത്തിന്റെയും സാമൂഹികമായ ഫലങ്ങളില്‍ അല്ലാഹു വെച്ച എല്ലാ അതിരും അളവും ഗാനത്തിന്റെ കാര്യത്തിലും ബാധകമാണ്. ആസ്വാദനത്തിന് മുന്‍തൂക്കമുള്ള കലാരൂപം എന്ന നിലക്ക് പാട്ട് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നു എന്നുമാത്രം.

ഇസ്‌ലാമില്‍ സംഗീതത്തിന്റെ അനുവാദവും നിരോധവും, അതിന്റെ രചന, ഈണം, അവതരണം, ആസ്വാദനം തുടങ്ങിയ വിവിധ ഘടകങ്ങളെയെല്ലാം കൂട്ടിക്കലര്‍ത്തി അതിനെ സംഗീതം എന്ന ഒറ്റ ഏകകമായെടുത്താണ് പല കര്‍മശാസ്ത്ര പണ്ഡിതന്മാരും വ്യക്തമാക്കിയത്. എന്നാല്‍, ഇവ ഓരോന്നും വെവ്വേറെ അനുഭവവും ഫലവും ഉണ്ടാക്കുന്ന, സ്വയം പര്യാപ്തമായ കലാവസ്ഥകളാണുതാനും. ഹദീസുകളില്‍ നിരോധിച്ചതെന്ത്, അനുവദിച്ചതെന്ത് എന്ന ഗവേഷണം അറബിഭാഷയുടെയും ഹദീസ് വിജ്ഞാനീയത്തിന്റെയും പുതുക്കിയ  ബോധങ്ങളുടെ വെളിച്ചത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അത്തരം ഹദീസുകളെ വാക്കര്‍ഥത്തിന്റെ പരിമിത ധാരണകളില്‍ തളച്ച്, മാപ്പിളപ്പാട്ടടക്കമുള്ള എല്ലാ ഗാനപാരമ്പര്യങ്ങളെയും ഹറാമിന്റെ നരകത്തില്‍ തള്ളി, കേള്‍വിക്കാരെ മുഴുവന്‍ പാപികളാക്കി ആവേശത്തോടെ പ്രസംഗിക്കുന്ന മലയാളിയായ സലഫി പണ്ഡിതന്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഈയിടെ കണ്ടു. ഹദീസിന്റെ ആശയത്തിനു പകരം മലയാളത്തിലുള്ള അതിന്റെ അര്‍ഥത്തെ അന്തംകെട്ട് ആശ്രയിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ പാട്ട് സുന്നത്താണെന്നും ആണുങ്ങള്‍ പാടുന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും വരെ അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു. തന്റെ മുന്നില്‍ നാട്ടിയ വീഡിയോ ക്യാമറയുടെ ലെന്‍സിലേക്കു നോക്കി എങ്ങനെ ഇത്രയും അന്ധമായി സ്വയം വഞ്ചിക്കാനാവും.

ചിത്രകലയെക്കുറിച്ച് ഹദീസുകളിലുള്ള വിലക്കുകളെ വീഡിയോ ക്യാമറയിലേക്ക് വിശാലമാക്കാനുള്ള കാലികമായ ഔചിത്യബോധം, മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള ഇസ്‌ലാമിക വ്യവഹാരങ്ങളെ പുതിയ കാലത്തിന്റെ ധാരണകളോടെ വായിച്ചെടുക്കാനുള്ള ശ്രമം, മദീനയിലെ പ്രവാചകനേതൃത്വത്തില്‍നിന്ന് ഇസ്‌ലാമിന്റെ രാഷ്ട്രീയമാനത്തെ ഉരുത്തിരിച്ചെടുക്കാനുള്ള ധീരത തുടങ്ങിയവയില്‍ ആധുനിക ഇസ്‌ലാമിക ചിന്തകര്‍ കാണിച്ച ആവേശം സംഗീതത്തിന്റെയും പാട്ടിന്റെയും സാംസ്‌കാരിക മാനം അന്വേഷിക്കുന്നതില്‍ ഉണ്ടായില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തോളം പ്രാധാന്യമുള്ളതാണ് പാട്ട് എന്ന അതിവാദമല്ല, ഇസ്‌ലാമിക ചിന്തകര്‍ കാണിച്ച ആവേശം സംഗീതത്തിന്റെയും പാട്ടിന്റെയും സാംസ്‌കാരിക മാനം അന്വേഷിക്കുന്നതില്‍ ഉണ്ടായില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തോളം പ്രാധാന്യമുള്ളതാണ് പാട്ട് എന്ന അതിവാദമല്ല, ഇസ്‌ലാമിക ഗവേഷണങ്ങളില്‍ പാട്ടിന് അര്‍ഹമായ പ്രാധാന്യംപോലും ലഭിച്ചില്ല എന്നതുകൊണ്ടു മാത്രമാണീ വിശകലനം. ഇക്കാര്യം പക്ഷേ ഈയൊരു പ്രബന്ധത്തിന്റെ വിഷയമല്ല, ഫിഖ്ഹില്‍ അവഗാഹമുള്ളവരുടെ ശ്രദ്ധയുടേതാണ്.

ഇസ്‌ലാമികമായ ചിട്ടവട്ടങ്ങള്‍ പ്രാദേശികമായ തനിമകളോടെ നിലനിറുത്തിക്കൊണ്ട് സ്വന്തമായി ആവിഷ്‌കരിച്ച ഗാനപാരമ്പര്യത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും ഇസ്‌ലാമികസമുദായത്തിന്റെ ഓരോ ചരിത്രഘട്ടത്തിലും പ്രകടമാണ്. പാട്ടിനെ ക്യാബറെ ഡാന്‍സും സിനിമാറ്റിക് ഒപ്പനയുമായി കോലം കെടുത്തിയ ചരിത്രത്തെക്കുറിച്ചല്ല പറയുന്നത്. ഈ ലേഖനവും അത്തരമൊരു മുന്‍വിധിയോടെ വായിക്കേണ്ടതല്ല. ഉദാത്തമായ തൗഹീദുപോലും സമുദായത്തിന്റെ ജാഹിലിയ്യത്തിനാല്‍ വികൃതമാക്കപ്പെട്ടിരിക്കുന്നുവല്ലോ. പാട്ട് മുസ്‌ലിം സമുദായത്തിന്റെ ഓരോരോ കാലത്തുമുള്ള സ്വത്വപ്രകാശനത്തെയും സൗന്ദര്യത്തെയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലാവണ്യസങ്കല്‍പങ്ങളുടെ അര്‍ഥവത്തായ പ്രകടനങ്ങള്‍ എല്ലാ മുസ്‌ലിം സമുദായങ്ങളുടെയും പാരമ്പര്യഗാനശീലുകളിലും ഗാനാവതരണ രീതികളിലും കാണാനാവും. യസ്‌രിബിന്റെ ചുടുമണലിലേക്ക് ഇസ്‌ലാമിന്റെ ഈര്‍പ്പവുംകൊണ്ട് വരുന്ന റസൂലിനും കൂട്ടുകാരനും സ്വാഗതമോതിക്കൊണ്ട് മദീനയിലെ പെണ്‍കുട്ടികള്‍ ദഫ്ഫുമുട്ടി പാടിയ ആ പ്രസിദ്ധ ഗാനമായിരിക്കണം മുസ്‌ലിം സമുദായത്തിലെ ആദ്യത്തെ പാട്ടരങ്ങ്. മുത്തുനബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍തന്നെയാണ് ഇസ്‌ലാമിക ഗാനപാരമ്പര്യത്തിലെ പ്രധാന ഇനം. നഅ്ത് എന്നറിയപ്പെടുന്ന ഈ ഗാനങ്ങള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നതിനുമുമ്പ് അവ നിര്‍മിച്ചെടുത്ത സാംസ്‌കാരിക സുകൃതങ്ങളെ വരവു വെക്കേണ്ടതുണ്ട്.

ഇസ്‌ലാമിക ഗാനശാഖകളിലെ ഭക്തിയുടെയും പ്രവാചക പ്രകീര്‍ത്തനത്തിന്റെയും പാരമ്പര്യം പുലര്‍ത്തിയത് സൂഫികളാണ്. സൂഫികളുടെ ഗാനലോകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇസ്‌ലാമിന്റെ ഗാനപാരമ്പര്യത്തിന്റെ ചരിത്രം എഴുതാനാവില്ല. തസ്വവ്വുഫിനെത്തന്നെ ഇസ്‌ലാമിക സ്റ്റേറ്റില്‍നിന്ന് പുറത്തു നിര്‍ത്തിയ സലഫി ചിന്താധാര അതോടൊപ്പം സംഗീതത്തെയും പാട്ടുകളെയും അനിസ്‌ലാമികമായിത്തന്നെ പരിചയപ്പെടുത്തി. അനാചാരങ്ങളോടുള്ള കഠിനമായ എതിര്‍പ്പ് അതിന്റെ കലര്‍പ്പുള്ള സുകൃതങ്ങളെ വരെ സംശയത്തോടെ കാണാനിടയാക്കി. ഒട്ടേറെ ഗൂഢാര്‍ഥ ധ്വനികളടങ്ങുന്ന മുഹ്‌യിദ്ദീന്‍ മാലയെപ്പോലെയുള്ള രചനകള്‍ ശിര്‍ക്കും ബിദ്അത്തുമായി മാറി. അങ്ങനെ ഇസ്‌ലാമിനെ ശുദ്ധീകരിച്ചെടുക്കാനുള്ള ഒരു പ്രക്രിയയില്‍ പലപ്പോഴും പാട്ടും പാട്ടരങ്ങും ഇസ്‌ലാമിക സാസ്‌കാരിക മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ തസ്വവ്വുഫിന്റെയും പാരമ്പര്യ ഇസ്‌ലാമിക രീതിശാസ്ത്രത്തിന്റെയും പക്ഷത്ത് പാട്ടും പാട്ടവതരണങ്ങളും എപ്പോഴും സജീവമായി നിലനിന്നിരുന്നു. ഇന്ത്യയിലെ മിസ്റ്റിക് (യോഗാത്മക) ഗസലുകളായും ഖവാലികളായും അവ ഇന്നും മുസ്‌ലിം സംസ്‌കാരത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍ ഖവാലികളായും തമിഴ്‌നാട്ടില്‍ നാഗൂര്‍ഹനീഫ മുതലായവര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഗാനസദസ്സുകളായും അവ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട, ഇച്ചമസ്താനെപ്പോലുള്ള സൂഫി കവികളുടെ മലയാളം രചനകളെ ശേഖരിക്കാനും പഠനഗവേഷണങ്ങള്‍ നടത്താനുമുണ്ടായ ശ്രമങ്ങള്‍ വളരെ പരിമിതമാണ്. ഒ ആബു സാഹിബിന്റെ സേവനങ്ങളാണ് അവയില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത്.

കേരളത്തിലെ മുസ്‌ലിം സമുദായം മാപ്പിളപ്പാട്ടുകളായാണ് ഈ ഗാനപാരമ്പര്യത്തെ ആദ്യകാലത്ത് നെഞ്ചേറ്റിയത്. പാട്ടും താളവും ആഴത്തില്‍ വേരോടിയ മണ്ണില്‍ നിന്ന് ഇസ്‌ലാമിനെ കണ്ടെത്തിയ ഒരു സമുദായത്തിന് അതിനെ ഹറാമാക്കി മാറ്റിനിര്‍ത്തല്‍ എളുപ്പമായിരുന്നില്ല. വെറുമൊരു പാട്ടല്ല, മുസ്‌ലിം ജനകീയ സംസ്‌കാരത്തിന്റെ ഓരോ കണത്തെയും തൊട്ടറിഞ്ഞ ആവിഷ്‌കാരമായിരുന്നു മാപ്പിളപ്പാട്ട്. കല്യാണത്തിനും കാതുകുത്തിനും ചേലാകര്‍മത്തിനും കാളപൂട്ടിനും ഇശലും കെസ്സും അകമ്പടിയുണ്ട്. കേട്ടു പഠിച്ച കഥകളും ചരിത്രങ്ങളും വീരാപദാനങ്ങളും കിസ്സകളായി ഒഴുകിയൊഴുകി ജനസമുദ്രത്തിലലിഞ്ഞു. ആദം നബിയുടെ കഥ മുതല്‍ മലപ്പുറംപട വരെയുള്ള ഇസ്‌ലാമികചരിത്രം ഈ സമുദായം പഠിച്ചത് കിസ്സപ്പാട്ടിലൂടെയായിരുന്നു. പ്രവാചക സ്‌നേഹം മുതല്‍ ഔലിയാക്കളുടെ അപദാനങ്ങള്‍ വരെ മദ്ഹ് നൂലായും മാലയായും ഇവര്‍ ഹൃദിസ്ഥമാക്കി. അവയുടെ നിരന്തരമായ ആലാപനം പുണ്യംനേടിത്തരുമെന്നു വിശ്വസിക്കുകയും ഗാനാലാപനം ഇബാദത്തായി പ്രചരിക്കപ്പെടുകയും പരിചരിക്കപ്പെടുകയും വരെ ചെയ്തു. പൂര്‍വികരുടെ ചരിത്രത്തിലെ വീരകഥകള്‍ അവരുടെ രക്തത്തില്‍ സാമ്രാജ്യത്വത്തിനെതിരെയും കുഫ്‌റിനെതിരെയുമുള്ള സമരത്തിന് ഊര്‍ജപാനീയങ്ങളായി. പടപ്പാട്ടുകളുടെയെല്ലാം രചനക്കുപിന്നില്‍ വിദേശികള്‍ക്കെതിരെ സമരംചെയ്യാനുള്ള മതപരമായ ആഹ്വാനം ഒളിഞ്ഞിരിക്കുന്നത് കാണാനാകും.

മോയിന്‍കുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിന്റെ മൂല്യം ആധുനിക കാലത്ത് ഇസ്‌ലാമികമായി പുനര്‍നിര്‍ണയിച്ചത്. ദീര്‍ഘ കാവ്യങ്ങളില്‍ നിന്ന് പാട്ടിന്റെ ചെറുരൂപത്തിലേക്ക് മാപ്പിളപ്പാട്ട് പരിവര്‍ത്തിക്കപ്പെടുന്നത് രൂപപരമായും ആശയപരമായുമുള്ള ആധുനീകരണംതന്നെയായിരുന്നു. അദ്ദേഹം 1876-ല്‍ ബദര്‍ പടപ്പാട്ടും 1883-ല്‍ മലപ്പുറം പടപ്പാട്ടും എഴുതുമ്പോള്‍ സവര്‍ണ മലയാള കവിത ആട്ടക്കഥകളുടെ ശൃംഗാരാലസ്യത്തിലായിരുന്നു. വെണ്‍മണിക്കവികള്‍ മണിപ്രവാളക്കവിതാവിനോദങ്ങള്‍ക്ക് പുത്തന്‍ ഭാഷ്യങ്ങള്‍ ചമയ്ക്കുകയായിരുന്നു. പച്ചമലയാളപ്രസ്ഥാനം പോലും അക്കാലത്ത് വ്യാപകമായത് ഭാഷയുടെ രാഷ്ട്രീയ പ്രതിരോധം എന്ന നിലക്കായിരുന്നില്ല, കളിപറയാനും വെടിവട്ടം കൂടാനുമുള്ള പുതിയ മാധ്യമം എന്ന നിലക്കായിരുന്നു. ഇന്ന് മലയാള കാവ്യപാരമ്പര്യം എന്ന് പുകഴ്ത്തപ്പെടുന്നതെല്ലാം അക്കാലത്തെ സവര്‍ണരുടെ അലസഭാഷാവിനോദങ്ങളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, മലബാറില്‍ മോയിന്‍ കുട്ടി വൈദ്യരുടെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ട് മലയാളത്തിലെ നാടോടി ഗാനപാരമ്പര്യത്തെ കവിതയുടെ ലിഖിതപാരമ്പര്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. മുസ്‌ലിംകളുടെ സാമുദായികവും ജനകീയവുമായ കലാവര്‍ണങ്ങള്‍ക്ക് അകത്തളങ്ങളെക്കാള്‍ പുറംലോകമായിരുന്നു എന്നും പ്രിയം.

കേരളീയ മുസ്‌ലിം സമുദായത്തിലുണ്ടായ എല്ലാ ഓളങ്ങളും മാപ്പിളപ്പാട്ടിനെക്കൂടി ചലിപ്പിച്ചു. ചരിത്രരചനപോലും മാപ്പിളപ്പാട്ടിലൂടെയാണ് മുസ്‌ലിം സമുദായം ശീലിച്ചത്. മലപ്പുറം പടപ്പാട്ടിന്റെ രാഷ്ട്രീയമായ തുടര്‍ച്ചയായി ചേറൂര്‍ പടപ്പാട്ടിനെ വായിക്കാം. ബദര്‍ പടയെക്കുറിച്ചുള്ള കഥകള്‍ പോലെ ഖിലാഫത്തു സമരകാലത്തെ സംഭവങ്ങളും ഒട്ടേറെ പാട്ടുകളില്‍ വിവരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരമുള്ള മലബാറിലെ മുസ്‌ലിം സമൂഹം കൈവരിച്ച ആധുനികതയിലേക്കുള്ള കുതിപ്പ് പാട്ടിന്റെ അവതരണത്തിലും സ്വീകരണത്തിലുമുള്ള പുത്തന്‍ കൈവഴികള്‍ തീര്‍ത്തു. ഗള്‍ഫ് സ്വാധീനം പാട്ട് യന്ത്രത്തില്‍ നിന്ന് കേള്‍ക്കുന്നതിന് വഴിയൊരുക്കി. പണ്ടു കാലത്തെ ബദര്‍ പാടിപ്പറയല്‍ എന്ന സാമൂഹിക ഗാനാവതരണ രീതികള്‍ കഥാപ്രസംഗങ്ങളിലേക്ക് വഴിമാറി. യുവതികള്‍ മേടയില്‍ കയറിനിന്ന് ഇക്കിളികലര്‍ത്തി ഇസ്‌ലാമിക ചരിത്രം പറയുന്ന പുതിയ ആസ്വാദന സംസ്‌കാരം വളര്‍ന്നു. സമുദായത്തിന്റെ മൊത്തം സാംസ്‌കാരിക ജീര്‍ണത പാട്ടിനെയും ബാധിച്ച കാലം. കേരളത്തിലെ നവ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അനാചാരങ്ങളെ മാത്രമല്ല കലാചാരങ്ങളിലെ അനിസ്‌ലാമികതയെയും ശക്തിയായെതിര്‍ത്തു.

കലയെ മാറ്റിപ്പണിയുക എന്ന ആശയത്തെ പ്രായോഗികമായി സമൂഹത്തിനു മുന്നില്‍ വെക്കേണ്ട ഉത്തരവാദിത്വം ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ടായിരുന്നു. അന്ന് വിദ്യാഭ്യാസത്തിന് അവര്‍ നല്‍കിയ പുത്തന്‍ പതിപ്പ് ആ കലാലയങ്ങളിലെ വാര്‍ഷികാഘോഷങ്ങളിലൂടെ കലയുടെ പുത്തന്‍ പതിപ്പിനുകൂടി സാക്ഷിയായി. നാടകം, സംഗീത ശില്‍പം, ഒപ്പന തുടങ്ങി മലീമസമായ എല്ലാം സംസ്‌കരിച്ച് സമൂഹത്തിനു മുന്നില്‍ വെക്കുക എന്നത് ഒരാവേശമായി ഇസ്‌ലാമിക പ്രസ്ഥാനം ഏറ്റെടുത്തു. ഒരളവുവരെ കേരളത്തിലെ ഇടതുപക്ഷ കലാമേഖലകളായിരുന്നു അവര്‍ക്കു മാതൃക. നാടകത്തെപ്പോലുള്ള അവതരണ കലകളില്‍ ആ മാതൃക പിന്നീട് മറ്റൊരു ബാധ്യതയായി മാറിയപ്പോള്‍ പാട്ട് തനതായ ഒരു വഴി മലയാള പാട്ടു പാരമ്പര്യത്തില്‍ നിര്‍മിച്ചു. ഇസ്‌ലാമിക ഗാനം എന്ന പുതിയ ഗാനശാഖ അങ്ങനെ ഉരുവം കൊണ്ടു. യു.കെ അബൂസഹ്‌ലയാണ് ആ ഗാനശാഖയുടെ കൊടിവാഹകന്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പാട്ടിലൊതുക്കി മലബാറിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ പാട്ടരങ്ങുകള്‍ സംഘടിപ്പിച്ച ഗാനരചയിതാവും ഗായകനുമായിരുന്നു യു.കെ. മൂസാനബിയും ഫിര്‍ഔനും, നൂഹ് നബിയും സമുദായവും, വിഹായസ്സിന്റെ വിരിമാറില്‍ തുടങ്ങിയ പാട്ടുകെട്ടുകള്‍ ദീനിന്റെ ആധുനികമായ അതിജീവനത്തിന്റെകൂടി മാനിഫെസ്റ്റോ ആയിരുന്നു.

ആ വഴിയിലേക്ക് യു.കെയെ നയിച്ച ചില സാംസ്‌കാരിക പശ്ചാത്തലങ്ങളുണ്ട്. അന്ന് കേരളത്തിലെ ജനകീയ ഗാനാസ്വാദന വേദികളില്‍ ഉറച്ചുപോയ സിനിമാ പാട്ടുകളുടെ രൂപഘടനയിലാണ് ആദ്യകാല ഇസ്‌ലാമിക ഗാനങ്ങള്‍ എഴുതപ്പെട്ടത്. സിനിമയില്‍ പോലും വയലാറും പി. ഭാസ്‌കരനും ഇസ്‌ലാമിക സന്ദേശം നല്‍കുന്ന ഗാനങ്ങള്‍ അക്കാലത്ത് എഴുതിയിരുന്നു. പക്ഷേ പലപ്പോഴും അവ മതേതരഭാവനയുടെ സഹജമായ ദൗര്‍ബല്യങ്ങള്‍ പേറിയിരുന്നു എന്നു മാത്രം. എ.വിയും ബാബുരാജും ചേര്‍ന്ന്ചിട്ടപ്പെടുത്തിയ പാട്ടുകള്‍ മുഴുവന്‍ ഹിന്ദി - മലയാളം സിനിമാഗാനങ്ങളുടെ ഈണത്തിലും രൂപത്തിലുമായിരുന്നു. പലപ്പോഴും വിചിത്രമായ കാവ്യഭാഷയില്‍ മാപ്പിളപ്പാട്ടുകളുടെ തുടര്‍ച്ചയായി എഴുതപ്പെട്ട ആ ഗാനങ്ങളെ ഭാഷാപരമായും ആശയപരമായും പരിഷ്‌കരിക്കുകയാണ് യു.കെ ചെയ്തത്. അവയെ അങ്ങനെ രചനയിലും ആശയത്തിലും ആവിഷ്‌കാരത്തിലും തികച്ചും തനതും പുതുതും ആയ പാട്ടുകളുടെ കാലംവന്നു. രൂപത്തില്‍ മാത്രം അത് ആധുനിക സിനിമാ ഗാനങ്ങളെ പിന്തുടര്‍ന്നു. പല്ലവി, അനുപല്ലവി, രണ്ടോ അതിലധികമോ ചരണങ്ങള്‍ എന്ന രൂപത്തില്‍ നിന്ന് ആധുനികാനന്തര സിനിമാ ഗാനങ്ങള്‍പോലും രക്ഷപ്പെട്ടിട്ടില്ലല്ലോ. യഥാര്‍ഥത്തില്‍ ആ രൂപഘടന ഭാരതീയ ഗാനങ്ങളുടെ പൊതു ഘടനയാണ്. ഗസലുകളും ഖവാലികളും കീര്‍ത്തനങ്ങളുമെല്ലാം അവ്വിധമാണ് രചിക്കപ്പെട്ടത്. അങ്ങനെ മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തിലൂന്നി സിനിമാഗാനങ്ങളുടെ ഘടനയില്‍ ഇസ്‌ലാമിക സന്ദേശം നല്‍കുന്ന പുതിയൊരു ഗാനശൈലി മലയാളത്തിനു ലഭിച്ചു.

തനതു മാപ്പിളപ്പാട്ടുകളില്‍നിന്ന് ഈ ഗാനങ്ങള്‍ക്കുള്ള പ്രധാന വ്യത്യാസം അവയുടെ ഭാഷാരീതിതന്നെയാണ്
 ആധുനിക ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സവിശേഷമായ മലയാളഭാഷയെ കാവ്യാത്മകമായി പുനരാവിഷ്‌കരിക്കാന്‍ ഈ രചനകള്‍ ശ്രമിച്ചു. അറബി പദാവലി ഗണ്യമായി കുറച്ചും സമകാല മലയാളകാവ്യഭാഷയെ പുനരാവിഷ്‌കരിച്ചും നടത്തിയ ഈ പരീക്ഷണങ്ങള്‍ മാപ്പിളപ്പാട്ടിനു സമാന്തരമായ മറ്റൊരു സാമുദായിക കാവ്യഭാഷയെ നിര്‍മിച്ചു. മോയിന്‍ കുട്ടിവൈദ്യരുടെ 'ഹിജ്‌റ' എന്ന കാവ്യത്തില്‍ നിന്ന് യു.കെയുടെ 'ഹിജ്‌റത്തുന്നബി' വ്യത്യസ്തമാകുന്നത് ഒരുദാഹരണത്തിന് ഇവിടെ വിന്യസിക്കുന്നു:

വൈദ്യരുടെ ഹിജ്‌റ(1892)യിലെ ആദ്യ പാട്ട് തുടങ്ങുന്നതിങ്ങനെയാണ്:
 ആദീ അഹദത്തു ബഹാഉ
 സനാ മില്‍ കാര്‍ത്തച്ചദുരച്ചര
 അല്‍ ഇലാഹു വ ഹാഹുനാ ഫര്‍ഹായുളൈ
 സ്വുല്‍ത്താനുല്‍ അസ്മായെ ബിസ്മില്ലാഹ്
 യു.കെയുടെ ഹിജ്‌റത്തുന്നബി(1967)യിലെ ആദ്യ ഗാനത്തിന്റെ പല്ലവി ഇങ്ങനെയും:
 പുതുശതകത്തിന്‍ പുലരിയിതാ പതിനഞ്ചാം നൂറ്റാണ്ടിന്റെ
 കതകിലിരുന്നൊരു ഗീതം ഞങ്ങള്‍ പാടുന്നേ
 പുതിയ ശതാബ്ദം ഇസ്‌ലാമിന്റേതായി കതിരണിയട്ടേ
 ശതകമിതിന്ന് ഞങ്ങള്‍ സ്വാഗതമോതുന്നേ..........
 ഇസ്‌ലാമിന്റെ വിമോചനമൂല്യത്തെക്കുറിച്ച ഈ ആത്മവിശ്വാസമാണ് രണ്ടാമതായി ആധുനിക ഇസ്‌ലാമിക ഗാനശാഖ മുന്നോട്ടുവെച്ച വ്യത്യസ്തത. ബാഹ്യ രൂപത്തെക്കാളേറെ ആശയപരവും ആന്തരികവുമായ വ്യതിരിക്തതയാണിത്. വിമോചനത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ലോകം ചര്‍ച്ചചെയ്ത ജ്ഞാനോദയകാലത്ത് ഇസ്‌ലാമികവിമോചനപദ്ധതി ആവിഷ്‌കരിച്ചു എന്നതാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ സാധുത. ആ പ്രത്യയശാസ്ത്രത്തെ കലാപരമായി ആവിഷ്‌കരിക്കാന്‍ ഈ ഗാനങ്ങള്‍ ഉത്സാഹിച്ചു. മാപ്പിളപ്പാട്ടുകള്‍ സ്വീകരിച്ച തനത് വിഷയങ്ങളുടെ ഗതാനുഗതിഗത്വമുപേക്ഷിച്ച് പുതിയ വിഷയങ്ങള്‍ ഇസ്‌ലാമിക ഗാന രചയിതാക്കള്‍ കണ്ടെത്തി. സാമൂഹിക വിപ്ലവവും ശാന്തിസന്ദേശങ്ങളും സ്ത്രീപക്ഷ ആഹ്വാനങ്ങളും ആധുനിക ഇസ്‌ലാമിക ചരിത്രവും നവോത്ഥാന പ്രചാരണവും ഇസ്‌ലാമിക തത്ത്വശാസ്ത്രവും ഗാനങ്ങള്‍ക്കു വിഷയമായി. നബി മദ്ഹുകളില്‍ നിന്ന് മുഹമ്മദ്‌നബിയുടെ വിമോചനദൗത്യത്തിലേക്ക് വിഷയം മാറി. മുഹമ്മദ് നബി അന്ന് സജ്ജമാക്കിയതുപോലെ പാട്ടുകൊണ്ട് പ്രതിരോധിക്കാനും പോരാടാനും കഴിയുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. 'മിന്നിതിളങ്ങും...' എന്നു തുടങ്ങുന്ന യു.കെയുടെ ഗാനം അതിന്റെ ഈണത്തെക്കാള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത് അനിതരസാധാരണമായ ആശയഭംഗി കൊണ്ടായിരുന്നു.

ഈ ആധുനിക ഇസ്‌ലാമിക ഗാന പ്രസ്ഥാനത്തിന് രചനകളിലൂടെ സംഭാവനയര്‍പ്പിച്ചവര്‍ വേറെയുമുണ്ട്. എം.എ കല്‍പ്പറ്റ, പി.ടി അബ്ദുര്‍റഹ്മാന്‍, പ്രേം സൂറത്ത്, ചെറിയമുണ്ടം അബ്ദുര്‍റസാഖ്, വി.എം കുട്ടി, ഒ. ആബു, കെ.ടി മൊയ്തീന്‍, എസ്.എ ജമീല്‍ തുടങ്ങിയവരുടെ രചനകളില്‍ പലതും ഇക്കൂട്ടത്തില്‍ പെടും. അവതരണകലയെന്ന നിലയില്‍ അവയുടെ പശ്ചാത്തല സംഗീതവും പ്രധാനമായിരുന്നു. ബാബുരാജ്, ചാന്ദ് പാഷ, ഹാജി എസ്.എം ഇസ്മാഈല്‍ എന്നിവര്‍ അതിനു ചെയ്ത സേവനങ്ങള്‍ മറക്കാവതല്ല. സിനിമാഗാനങ്ങളുടെ ആലാപനശൈലിയും ഇസ്‌ലാമിക ഗാനാവതരണ വേദികള്‍ പിന്നീട് കടംകൊണ്ടു. യേശുദാസിനെയും ചിത്രയെയും പോലെ നിര്‍ണീതമായ ശാരീരഭംഗി അവയെയും ബാധിച്ചു സതീഷ്ബാബു, മാര്‍ക്കോസ്, ശരീഫ് കൊച്ചിന്‍, സിബല തുടങ്ങിയ ഗായകരുടെ ശബ്ദംകൊണ്ടാണ് അവര്‍ അത് സഫലമാക്കിയത്. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പല സരിത്തുകളിലിലെയും സര്‍ഗാത്മക കൂട്ടായ്മകള്‍ ഈ ഗാനധാരക്ക് മാറ്റും മാറ്റൊലിയും നല്‍കി. സരണി സര്‍ഗവേദി, സര്‍ഗസംഗമം തുടങ്ങിയ യുവ കലാസംഘങ്ങളായിരുന്നു അവയുടെ മുന്‍നിരയിലുണ്ടായിരുന്നത്.

ഇന്ന് എല്ലാ ഇസ്‌ലാമിക - മുസ്‌ലിം സംഘടനകള്‍ക്കും ഈ ഗാനശാഖയില്‍ സ്വന്തമായ ഇടങ്ങളുണ്ട്. സമഗ്രവും സമ്പൂര്‍ണവുമായ ഇസ്‌ലാമിനെ ഇന്ന് ഏവരും അംഗീകരിച്ചു കഴിഞ്ഞുവെന്ന വിജയം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അഭിമാനിക്കാമെന്നതുപോലെ, അവര്‍ ചരിത്രത്തിലെ ഏറ്റവും ശരിയായ സന്ദര്‍ഭത്തില്‍ മുന്നോട്ടുവെച്ച ഇസ്‌ലാമിക ഗാനശാഖയെയും ഇപ്പോള്‍ ഏവരും അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അവയോരോന്നും കൂടുതല്‍ കേള്‍വിക്കാരിലേക്ക് കൂടുതല്‍ ആസ്വാദ്യകരമായി ഇസ്‌ലാമിനെ എത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. മലയാളത്തിലെ ഇസ്‌ലാമിന്റെ സാംസ്‌കാരിക സംഭാവനകളെക്കുറിച്ച് ആലോചിക്കുന്ന ഏതൊരവസരത്തിലും വിട്ടുകളയാന്‍ പാടില്ലാത്ത കലാ - സാഹിത്യ വ്യവഹാരമായി ഇസ്‌ലാമിക ഗാനങ്ങളെ പരിചയപ്പെടുത്താന്‍ പക്ഷേ, ഇത്രയും വൈകിപ്പോയി എന്നു മാത്രം.

jameelahmednk@gmail.com

https://youtu.be/N4n1XN6_M9I

https://youtu.be/wU916j0dEnE

https://youtu.be/G2k80x6LPWg