23-10-2017b


📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനിൽ
📢📢📢📢📢


🔹🔹🔹🔹🔹🔹
എന്റെ ഹൃദയത്തിന്റെ ഉടമ !                          •
പെരുമ്പടവം ശ്രീധര
പെരുമ്പടവം ശ്രീധരന്റെ അതീവ ചാരുതയുള്ള നോവലാണ്‌ 'എന്റെ ഹൃദയത്തിന്റെ ഉടമ'. ടാക്‌സി വിളിച്ച്‌ ശ്‌മശാനത്തിലേക്ക്‌ പോകുന്ന ഒരു പെൺകുട്ടി. ഒരു കല്ലറയ്‌ക്കരികിൽ അലപ്പനേരം ഹൃദയഭാരത്തോടെ‌ നിന്ന് തിരിച്ചുവന്ന അവളോട്‌  ഡ്രൈവർ‌ ചോദിക്കുന്നുണ്ട്‌; 'ആരുടെ കല്ലറയാ?'. അവളൊന്നും മിണ്ടുന്നില്ല. അയാളെനിക്ക്‌ ആരായിരുന്നു എന്നൊരു ചോദ്യം അവൾ സ്വയം ചോദിക്കുകയായിരുന്നു. ഒടുവിൽ അവൾക്കൊരുത്തരം കിട്ടി,എന്റെ ഹൃദയത്തിന്റെ ഉടമ!

തലശ്ശേരി റയിൽവേ സ്റ്റേഷനിലേക്ക്‌ കഴിഞ്ഞ ദിവസം ഓട്ടോയിൽ വരികയാണ്‌. ആവശ്യത്തിലേറെ സംസാരിക്കുന്നുണ്ട്‌ ഓട്ടോ ഡ്രൈവർ. തിരിച്ച്‌ വല്ലതും ചോദിക്കാമെന്ന് കരുതി വെറുതെ അന്വേഷിച്ചു, 'മുന്നിൽ എഴുതിവെച്ച പേരുകൾ ആരുടേയാ?' സന്തോഷത്തോടെ അയാൾ പറഞ്ഞു; 'അതെന്റെ മക്കളാ;ധ്രുപതും ശിവന്യയും' ഓട്ടോയുടെ പിറകിലുമുണ്ടൊരു പേര്‌,ശാലിനി. അതാരാണെന്ന ചോദ്യം അയാളെ കൂടുതൽ ആവേശഭരിതനാക്കി; 'അതെന്റെ ഭാര്യേടെ പേരാ' ഭാര്യയുടെ പേര്‌ വാഹനത്തിൽ എഴുതിയത്‌ ആദ്യമായി കണ്ട കൗതുകം പറഞ്ഞപ്പോൾ,ഓട്ടോയുടെ വേഗത കുറഞ്ഞു. നെഞ്ചിൽ കൈ അമർത്തി സ്നേഹാർദ്രമായി ആ പാവം മനുഷ്യൻ പറഞ്ഞു; 'അവളെന്റെ ഹൃദയമാണ്‌ സാറേ,അവളെന്റെ കൂടെ ഉള്ളതുകൊണ്ടാ ഞാനിങ്ങനെ ജീവിക്കുന്നത്‌..' എത്ര പെട്ടെന്നാണ്‌ ആ ചെറിയ വാഹനം പ്രണയത്തിന്റെ വലിയൊരു പൂന്തോപ്പായി മാറിയത്‌ !

ജീവിതം വിചിത്രമായൊരു തെരുവീഥിയാണെന്ന് പറഞ്ഞാണ്‌ 'ഒരു ദേശത്തിന്റെ കഥ' എസ്‌ കെ പൊറ്റെക്കാട്‌ അവസാനിപ്പിക്കുന്നത്‌. കൂടിച്ചേരലുകളേക്കാൾ വേർപ്പിരിയലുകളാണ്‌ ഈ തെരുവിൽ നിറയെ. ജീവിതത്തിലേക്ക്‌ പല കാലങ്ങളിൽ പലരും വരുന്നു. അപൂർവ്വം ചിലർ എക്കാലവും തങ്ങിനിൽക്കാൻ യോഗ്യത നേടുന്നു. അല്ലാത്തവർ പല വഴികളിലേക്കായി ഇറങ്ങിപ്പോകുന്നു. വെറുമൊരു സുഹൃത്തായും ഉള്ളറിഞ്ഞ ആത്മബന്ധുവായും ഇണയായും കുടുംബമായുമൊക്കെ ഓരോ മനുഷ്യർ ഈ ജീവിതയാത്രയിൽ കൂട്ടുചേരുന്നു. അവരിലെത്രപേർ നമ്മുടെ ഹൃദയത്തിന്റെ ഉടമയാകുന്നുണ്ട്‌ എന്നതിലാണ്‌ കാര്യം. കൂടെ ജീവിക്കുമ്പോഴും എത്ര പൊക്കമുള്ള മതിലുകളാണ്‌ നമുക്കിടയിലുയരുന്നത്‌ ! എത്ര വലിയ ദൂരമാണ്‌ ഓരോ ദിവസവും നമുക്കിടയിൽ പെരുകുന്നത്‌ !

ഹൃദയത്തിന്റെ ഉടമയാകുന്ന ചങ്ങാത്തങ്ങൾ വലിയൊരു ഭാഗ്യമാണ്‌. അങ്ങനെയുള്ളവരെ അധികം കിട്ടാനില്ലാത്ത കാലമാണിത്‌. ചങ്ങാത്തം തന്നെയാണ്‌ ഏതൊരു ബന്ധത്തേയും ചന്തമുള്ളതാക്കുന്നത്‌. ഹൃദയത്തിന്റെ ഉടമയാക്കാൻ ഏറ്റവും നല്ലതവനാണ്‌.


ഇന്ത്യൻ നാടോടി കഥകളിൽ 'ഛായാമുഖി' എന്നൊരു കണ്ണാടിയുണ്ട്‌. ഒരു സങ്കൽപ്പമാണ്‌. ആ കണ്ണാടിയുടെ മുന്നിൽ നിന്നാൽ നമ്മളെ കാണില്ല. നമ്മുടെയുള്ളിൽ ഏറ്റവുമിഷ്ടത്തോടെ സൂക്ഷിക്കുന്ന ഒരാളുടെ മുഖം തെളിയും. എന്റെ,നിങ്ങളുടെ ഹൃദയഭിത്തിയിൽ നിന്ന് തെളിയുന്ന ആ മുഖം ആരുടേതായിരിക്കും?