പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ.. ചിത്രസാഗരം പംക്തിയുടെ 12 ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
ഈ ചിത്രം കണ്ടു നല്ല പരിചയമുണ്ടല്ലേ...നമുക്കിന്ന് പരിചയപ്പെടാം വെറും 34 ചിത്രങ്ങളിലൂടെ ലോകോത്തര ചിത്രകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ജോഹന്നാസ് വെർമീർ എന്ന ഡച്ച് ചിത്രപ്രതിഭയെ...
ജോഹന്നാസ് വെർമീർ/യോഹാൻ വെർമീർ/യാൻ വെർമീർ__(1632_1675)
വെർമീറിന്റെ ജീവചരിത്രം കൃത്യമായി എഴുതപ്പെട്ടില്ല...എങ്കിലും ലഭ്യമായ ലഘു ജീവചരിത്രക്കുറിപ്പ്👇👇👇
17-ആം നൂറ്റാണ്ടിലെ മഹാനായ ഡച്ച് ചിത്രകാരൻ. വലിയ കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത്, ഡച്ചുകാർക്ക് പൊതുവെ ദുരിതകാലമായിരുന്നു. സ്വന്തം നാടിന്റെ മിക്കവാറും ഭാഗങ്ങൾ ഫ്രഞ്ച് അധീനതയിൽ. 21-ആം വയസ്സിലെ വിവാഹവും, വെറും 22 കൊല്ലത്തെ ദാമ്പത്യവും, ആ ബന്ധത്തിൽ ജനിച്ച 15 കുട്ടികളും, അതിൽത്തന്നെ 4 കുട്ടികളുടെ പിഞ്ചുപ്രായത്തിലേയുള്ള മരണവും, തീരാത്ത കടക്കെണിയും, വെർമീറിനെ തകർത്തുകളഞ്ഞുവെന്നു പറഞ്ഞാൽ മതിയല്ലോ. ഫ്രഞ്ചുകാരുമായുള്ള യുദ്ധം കാരണം തന്റെ ചിത്രങ്ങൾ വിൽക്കാനും വെർമീറിന് സാധിച്ചില്ല. ആ ദുരവസ്ഥകൾക്കൊടുവിൽ 43-ആം വയസ്സിൽ അദ്ദേഹം നിര്യാതനുമായി.
ജീവചരിത്രം കൃത്യമായി ഇല്ലാത്തതുകൊണ്ടു തന്നെ ആരിൽ നിന്നുമാണ് ചിത്രകല അഭ്യസിച്ചത് എന്ന് വ്യക്തമല്ല
അതിനാൽ വെർമീറിനെക്കുറിച്ച് കൂടുതലറിയാൻ ഞാൻ സമീപിച്ചത് ഡൽഹി JNUവിൽ ചിത്രകലയിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന സുധീഷ് കോട്ടേമ്പ്രം എന്ന സുധീഷ് സാറെയാണ്.അദ്ദേഹം എനിക്ക് പറഞ്ഞുതന്ന വിവരങ്ങൾ നിങ്ങൾക്കായി ഇതാ👇👇👇👇
വെർമീർ ചിത്രങ്ങളിലെ പൊതു പ്രത്യേകതകൾ👇👇👇
വീട്ടകരംഗങ്ങളായിരുന്നു വെർമീർ അധികവും ചിത്രീകരിച്ചിരുന്നത്. ചിത്രങ്ങളിലെ അതിനിഷ്‌കർഷയും, വിലയേറിയ ചായങ്ങൾ ഉപയോഗിച്ചിരുന്നതിലെ നിർബ്ബന്ധബുദ്ധിയൂം, ഒടുവിൽ അദ്ദേഹത്തിനുതന്നെ വിനയായി ഭവിച്ചിട്ടുണ്ട്. സ്ത്രീകളെ വരയ്ക്കുന്നതിൽ പ്രത്യേക മിടുക്കും താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഡച്ചുകലയുടെ സുവർണ്ണദശ എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന 17-ആം നൂറ്റാണ്ടുകാലത്തെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായിട്ടാണ് വെർമീറിനെ പൊതുവെ കണക്കാക്കുന്നത്.
റിയലിസമായിരുന്നു വെർമീർ ഇഷ്ടപ്പെട്ടിരുന്നത്. റിയലിസം ഒരു ത്രിമാനതലത്തിൽപ്പോലും വികസിക്കുന്നുണ്ട് പലപ്പോഴും വെർമീറിന്റെ ചായങ്ങളിലൂടെ. കാഴ്ചക്കാർ ആ ചിത്രങ്ങൾ നോക്കി വർത്തമാനകാലത്തിൽ മുഴുകുന്നതും അതിലൂടെ അവരുടെ മനസ്സിൽ ഒരു കഥ ജനിക്കുന്നതുമായിരുന്നു ഫെർമീറിന് താല്പര്യം. ആ വരയ്ക്കാത്ത, പറയാത്ത കഥയുടെ നേർത്ത സൂചനകളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ നിഗൂഢത.വർണ്ണശുഷ്‌കാന്തിയിലും വെളിച്ചത്തിന്റെ പ്രയോഗത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്റെ സൗന്ദര്യാവബോധം സമാനതകളില്ലാത്തതുമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, ഈ ആധുനികകാലപഠനങ്ങളിലും വെർമീർ ചിത്രങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്.
ഇതിലെ അവസാന വരി ശ്രദ്ധിച്ചില്ലേ....ഈ ആധുനികകാലപഠനങ്ങൾ ചില വിവാദങ്ങളിലേക്കാണ് വെർമീറിനെ എത്തിച്ചത്.ആ വിവാദങ്ങളിൽ ചിലത് ഇതാ👇👇👇
ഛായാഗ്രഹണചിത്രത്തോട് കിടപിടിക്കുന്നതരത്തിലുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വെർമീറിൻ്റെ ചിത്രകലാരീതികൾ ഏറെക്കാലം സംവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചിത്രകലയിൽ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല എന്നതും ചിത്രങ്ങൾ വരക്കുന്നതിന് മുന്നോടിയായുള്ള സ്കെച്ചുകളോ ട്രേസുകളോ ചെയ്തതായി കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ അടിസ്ഥാനമാക്കി, അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഏതെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്താൽ നിർമ്മിച്ചതായിരിക്കാമെന്ന സംശയങ്ങളാണ് സംവാദങ്ങൾക്ക് കാരണം.
2001-ൽ ഫിലിപ് സ്റ്റെഡ്മാൻപുറത്തിറക്കിയ വെർമീർസ് ക്യാമറ: അൺകവറിങ് ദ ട്രൂത്ത് ബിഹൈൻഡ് ദ മാസ്റ്റർപീസസ് എന്ന പുസ്തകത്തിലും വെർമീർ തൻറെ ചിത്രങ്ങൾ വരക്കുന്നതിന് ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ചിരുന്നതായി സ്ഥാപിക്കുന്നു. വെർമീറിൻ്റെ ഒട്ടേറെ ചിത്രങ്ങൾ ഒരേ മുറിയിലെ ദൃശ്യങ്ങളാണെന്നത് സ്റ്റെഡ്മാൻ ഇതിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതിനുപുറമേ വെർമീറിൻ്റെ അത്തരം ആറ് പെയിൻ്റിങ്ങുകളുടെ വലിപ്പം, ഒരു ക്യാമറ ഒബ്സ്ക്യുറ ഉപയോഗിച്ചാൽ എതിർവശത്തെ മുറിയുടെ ചുവരിലുണ്ടാകുന്ന ദൃശ്യത്തിൻ്റെ അതേ വലിപ്പത്തിലുള്ളതാണെന്നും സ്റ്റെഡ്മാൻ കണ്ടെത്തി.
വെർമീറിൻ്റെ പെയിൻ്റിങ്ങുകളിൽ കാണുന്ന മുത്തുപോലെ തിളങ്ങുന്ന ഭാഗങ്ങൾ ക്യാമറ ഒബ്സ്ക്യൂറയിൽ ഉപയോഗിച്ച ആദ്യകാല ലെൻസുകൾ മൂലം ഉണ്ടായ പ്രഭാവലയങ്ങളാണെന്നാണ് ഈ സിദ്ധാന്തക്കാരുടെ അഭിപ്രായം. ബ്രിട്ടീഷ് രാജശേഖരത്തിലുള്ള എ ലേഡി അറ്റ് ദ വെർജിനൽസ് വിത്ത് എ ജെൻ്റിൽമാൻ(ഇംഗ്ലീഷ്: Lady at the Virginals with a Gentleman) അല്ലെങ്കിൽ ദ മ്യൂസിക് ലെസൺ (ഇംഗ്ലീഷ്: The Music Lesson) എന്നീ പേരുകളിലറിയപ്പെടുന്ന പെയിൻ്റിങ്ങിൻ്റെ പെരുപ്പിച്ച വീക്ഷണവും ക്യാമറ ഒബ്സ്ക്യൂറയുടെ ഉപയോഗത്താലുണ്ടായതാണെന്നും അവകാശപ്പെടുന്നു.
ഈ വിവാദത്തിനു തെളിവായി നിരൂപകർ ചൂണ്ടിക്കാണിക്കുന്ന വെർമീർ ചിത്രം👇👇👇👇
A music lesson/A lady at the verginals with a gentleman (1662_65)
ക്യാമറ ഒബ്സ്ക്യുറയോടൊപ്പം ഒരുകമ്പരേറ്റർ ദർപ്പണവും (comparator mirror) ഉൾക്കൊള്ളുന്ന ഒരു സംവിധാനമുപയോഗിച്ചാണ് വെർമീർ തൻ്റെ ചിത്രങ്ങൾ വരച്ചിരുന്നതെന്ന് 2008-ൽ അമേരിക്കൻ വ്യവസായിയും ആവിഷ്കർത്താവുമായ ടിം ജെനിസൺഒരു സിദ്ധാന്തമവതരിപ്പിച്ചു. ഈ സംവിധാനം ക്യാമറ ല്യൂസിഡയോട്താരതമ്യപ്പെടുത്താമെങ്കിലും അതിനെ അപേക്ഷിച്ച് വളരെ ലളിതവും, രംഗത്തിലെയും പെയിൻ്റിങ്ങിലെയും നിറങ്ങൾ സൂക്ഷ്മമായി താരതമ്യപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ളതുമായിരുന്നു. പിന്നീട് ഈ സംവിധാനത്തിൽ ഒരു കോൺകേവ് ദർപ്പണം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജെനിസൺ തൻ്റെ സിദ്ധാന്തത്തിൽ അൽപം പരിഷ്കാരം വരുത്തി. 2008 മുതലുള്ള അഞ്ചുവർഷം അദ്ദേഹം തൻ്റെ സിദ്ധാന്തം പരീക്ഷിച്ച് ഈ ഉപാധികൾ ഉപയോഗിച്ച് ദ മ്യൂസിക് ലെസൺ എന്ന ചിത്രം പുനർനിർമ്മിച്ചു. ജെനിസൻ്റെ ഈ പ്രയത്നം ടിംസ് വെർമീർ എന്ന പേരിൽ 2013-ൽ പുറത്തിറക്കിയ ഡോക്യുമെൻ്റിയിൽ വിശദീകരിക്കുന്നു
ജെന്നിസൺ പുറത്തിറക്കിയ ടിംസ് വെർമീർ ചിത്രത്തിന്റെ ലിങ്ക്👇👇👇
https://youtu.be/94pCNUu6qFY
https://youtu.be/XoqWwuRnj3o
ഇത്തരം വിവാദങ്ങളുണ്ടാകാൻ ഒരുകാരണമായി തോന്നുന്നത് വെർമീർ, അക്കാലത്തെ പ്രശസ്തനായ ലെൻസ്, സൂക്ഷ്മദർശിനി നിർമ്മാതാവും ഈ മേഖലയിൽ അക്കാലത്തെ അതികായനുമായിരുന്ന ആൻ്റൺ വാൻ ല്യൂവനൂക്കുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മാത്രമല്ല മരണശേഷം വെർമീറിൻ്റെ വിൽപ്പത്രനടത്തിപ്പുകാരനും ല്യൂവനൂക്കായിരുന്നു.
ഇനി വെർമീറിന്റെ ഏറ്റവും പ്രശസ്തമായ ചിത്രത്തെക്കുറിച്ച്....👇👇👇
🌠 The girl with pearl earrings🌠
ഈ ചിത്രത്തെക്കുറിച്ച് ഡോ.ഹരികൃഷ്ണൻ എഴുതിയ ലേഖനത്തിൽ നിന്നും കുറച്ചു ഭാഗമിതാ..👇👇👇
വിവരിച്ചുതുടങ്ങിയാൽ തീരാത്തത്രയും പ്രത്യേകതകളുണ്ടീ ചിത്രത്തിന്. മനോഹരിയായ തരുണീമണി. വശ്യവും നിർമ്മലവുമാണ് മുഖഭാവം. അറിയാതെടുക്കുന്ന ഫോട്ടോകളിൽ കാണുന്ന അതേ യാദൃശ്ചികത, സുന്ദരിയുടെ നിഷ്‌കളങ്കതയ്ക്ക് മാറ്റുകൂട്ടുന്നു. കണ്ണിണകൾ നമ്മിലേക്കാഴ്ന്നിറങ്ങുന്നുണ്ട്. കൂടുതൽ നോക്കിയിരുന്നാൽ ഹൃദയകമ്പനം ഒട്ടൊന്നു ഉച്ചസ്ഥായിയിലായതുപോലെ തോന്നും. ആരേയും തരളിതനാക്കുന്നത് ആ ചുണ്ടിണകളാണ്. അല്പം വിടർന്ന്, ഈർപ്പത്തോടുകൂടിയ അധരങ്ങൾ ഗോപ്യമായ എന്തോ ഒന്നിനെ സൂചിപ്പിക്കുന്നു. പിടികിട്ടാത്ത ഏതോ വാക്കുകൾ അവിടെ തത്തിക്കളിക്കുന്നുണ്ട്. നേരത്തെപ്പറഞ്ഞ ഫെർമീർ ഗൂഡാത്മകതയുടെ ആദ്യബിംബം തന്നെയിത്. ആ വാക്കെന്തെന്നോർത്ത്, ആകാംക്ഷപരവശചേതസാ നെടുവീർപ്പിടുന്നു കാമുകന്മാർ. ഇനിയാ മൂക്കൊന്നു നോക്കൂ. നാസികയെ കുറിക്കുന്ന ഒരു വര പോലുമില്ലവിടെ. ഇടതുവശത്തുള്ള നിഴൽ മാത്രം. വലതുകവിളുമായി അതിനു നിറഭേദവുമില്ല. എന്നിട്ടും ഒരപൂർവ്വസുന്ദരനാസിക ഫെർമീർ ഇവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. അക്കാലത്ത് മുഖഭാവത്തിന് അമിതപ്രാധാന്യം കൊടുത്തുകൊണ്ടുവരയ്ക്കുന്ന ചിത്രങ്ങളെ പൊതുവെ ട്രോനീ(Tronie) ശൈലി എന്നുപറയാറുണ്ട്. ഡച്ചുഭാഷയിൽ ട്രോനീ എന്നാൽ മുഖം എന്നർത്ഥം. വെണ്മണിക്കമ്മലിട്ട പെൺകുട്ടി അത്തരമൊരു ചിത്രമെന്നു കരുതാം.
ആ ശിരോവസ്ത്രത്തിന്റെ നീലോപലവർണ്ണത്തിളക്കം സുന്ദരിക്കു പകർന്നുകൊടുക്കുന്ന ഗാംഭീര്യമാകട്ടെ മൃദുചിന്തകളുമായി ഇവളെ സമീപിക്കുന്ന ആരേയും ഒരു നിമിഷം സംശയത്തിലാഴ്ത്തും. അള്‍ട്രാമരീൻ എന്നൊരുതരം ചായക്കൂട്ടാണത്രെ ഫെർമീർ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള കല്ലുകളിൽപ്പെട്ട ‘ലാപിസ് ലാസുലി’യാണതിലെ പ്രധാനചേരുവ.അതിനുമുകളിലെ മഞ്ഞയും പച്ചയും കലർന്ന വസ്ത്രം ഒതുക്കിക്കെട്ടിയുയർത്തി, അറ്റം നീണ്ട്, ഞൊറിതീർത്ത്, പുറംതോളിലേക്കു വീണൂകിടക്കുന്നു. ഇത്തരമൊരു ശിരോവസ്ത്രം ഫെർമീറിന്റെ കാലത്ത് യൂറോപ്പിലെങ്ങും കണികാണാൻപോലും കിട്ടാത്തതാണെന്ന് വിദഗ്ധർ പറയുന്നു. അപ്പോൾ പിന്നെ ഇതെങ്ങനെ? ഫെർമീറിന്റെ ഒരു മായാഭാവനയായി മാത്രം തല്ക്കാലം ഇതിനെ കണക്കാക്കുകതന്നെ. അതിന്റെ താഴത്തേക്കുള്ള തൊങ്ങലിന്റെയറ്റത്ത് ഒരു നീലക്കലർപ്പ് കാണാം. വസ്ത്രം ഇത്തിരി പഴയതാണെന്നുള്ള സൂചന അതു തരുന്നുണ്ട്. ഒരു പക്ഷെ, ഫെർമീർ പരിസരത്തെങ്ങാനും കിടന്നിരുന്ന തുണിയുപയോഗിച്ച്, ഒരു ഭംഗിക്ക് മോഡലിന് തല്ക്കാലത്തേക്ക് കെട്ടിക്കൊടുത്തതാവാനും മതി.
അടുത്തതായി, പ്രധാനപ്പെട്ട ആ കർണ്ണാഭരണത്തിലേക്കു വരാം. മുത്താണതെന്നാണ് ചിത്രകാരന്റെ പക്ഷം. പക്ഷെ, ഇത്രയും വലിയ മുത്തോ? മാത്രവുമല്ല, കണ്ടാൽ ഏതോ മിന്നുന്ന ലോഹഗോളമാണെന്നേ തോന്നൂ. അതിൽത്തട്ടി പ്രതിഫലിക്കുന്ന വെള്ളിത്തിളക്കം, ആ വദനചാരുതയിൽ നിന്നോ, തൊട്ടുതാഴെക്കാണുന്ന അതിശുഭ്രവസ്ത്രക്കീറിൽനിന്നോ, അതോ ഈ ലാവണ്യാംഗിയെ കണ്ടുനില്ക്കുന്ന നമ്മളിലോരോരുത്തരുടേയും മനോവെളിച്ചത്തിൽ നിന്നോ? ആലോചിച്ചുതീരുന്നില്ല. ആ അശ്രുകർണ്ണികയുടെ വെള്ളിത്തിളക്കമാകട്ടെ, പെൺകുട്ടിയുടെ ഇരുൾക്കോണിൽനിന്നും നമ്മുടേ ഹൃദയത്തിലേക്കൊരു വെളിച്ചം വീശുന്നു. ആ പ്രതിഫലനമോ, ഒരു ഉൾപ്പുളകമായി മനസ്സാകെ നിറയുകയും.
പെൺകുട്ടി ധരിച്ചിരിക്കുന്ന മഞ്ഞയും പച്ചയും കലർന്ന വസ്ത്രത്തിനു പ്രത്യേകതകളൊന്നുമില്ല. അതിന്റെ കനത്ത ചുളിവുകൾ അതൊരു കട്ടിവസ്ത്രമാണെന്ന പ്രതീതിയാണുണ്ടാക്കുന്നത്. ഒരു സാധാരണജീവിതപശ്ചാത്തലത്തിന്റെ സൂചനയാവാം. അതിനുതൊട്ടുമുകളിൽ കാണുന്ന ഉൾവസ്ത്രത്തിന്റെ മേൽഭാഗമാകട്ടെ, ഒരു വെള്ളിനാടക്കീറെന്നോണം, വെണ്മണിക്കമ്മലിനോട് ചേർന്നും നില്ക്കുന്നു.
ഈ കൊച്ചുസുന്ദരിയെ വരച്ചിരിക്കുന്ന ശ്യാമനിബിഡമായ പശ്ചാത്തലവും അപൂർവ്വമാണ്. അവളുടെ സൗന്ദര്യവും, മുഖത്തെ തെളിച്ചവും ഇരട്ടിപ്പിക്കാനായി ചിത്രകാരൻ മന:പൂർവ്വം ഉപയോഗിച്ചതാവാനും മതി. പക്ഷെ, ഈയിടെ നടത്തിയ സൂക്ഷ്മപരിശോധനകളിൽ, ഫെർമീർ ഇവിടെ ഇരുണ്ട പച്ചനിറം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്തിൽ ആ ഹരിതാഭ ചോർന്നുപോയതാണത്രെ.
(ഡോ.ഹരികൃഷ്ണൻ)
ഈ ഒരു ചിത്രം ഒരു നോവലായും പിന്നീട് ഒരു സിനിമയുമായി മാറി...ആ വിശേഷങ്ങളിലേക്ക് പോകാം...👇👇👇👇
1999-ൽ ടേസി ഷെവലിയർ ഈ പേരിൽ ഒരു ചരിത്രനോവൽ എഴുതുകയുണ്ടായി. വെർമീറിന്റെ ചിത്രവും അതുവരയ്ക്കാനുണ്ടായ സാഹചര്യവും തന്നേയായിരുന്നു പ്രതിപാദ്യം. പക്ഷെ, അതിൽ പറഞ്ഞ പലകാര്യങ്ങളും യാഥാർത്ഥ്യത്തിനു നിരക്കുന്നതാണോ എന്നു സംശയമാണ്.വെർമീറിന് ഗ്രീറ്റ് എന്ന പേരിൽ ഒരു വീട്ടുജോലിക്കാരി ഉണ്ടായിരുന്നുവെന്നും തന്റെ ചിത്രങ്ങൾക്കു മോഡലായി അവരോട് നിൽക്കാൻ വെർമീർ പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നുമെന്നാണ് ഇതിലെ കഥ.ഒരിക്കൽ, തന്റെ ഭാര്യയുടെ കർണ്ണാഭരണമണിഞ്ഞ് ഇരിക്കാൻ അവരോട് ആവശ്യപ്പെട്ടുവത്രെ. അങ്ങനെ പിറന്ന ചിത്രമായിരുന്നു വെണ്മണിക്കമ്മലിട്ട പെൺകുട്ടി. പിന്നീടത് 2003-ൽ ചലച്ചിത്രവുമായി.
സിനിമയുടെ പോസ്റ്റർ
https://youtu.be/8awflTA4QYEഇനി നമുക്ക് വെർമീർ വരച്ച ചില ചിത്രങ്ങൾ കൂടി പരിചയപ്പെടാം👇👇
The Procuress(1656)_വെർമീർ വരച്ച ഈ ചിത്രം അദ്ദേഹത്തിന്റേതു തന്നെ എന്നു കരുതപ്പെടുന്നു
https://youtu.be/pM_IzEAv5d4
ദ മിൽക്ക് മെയ്ഡ്..
The geographer
Man with guitar
Girl with red hat
A lady and two gentlemen
Love letter
ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലൂടെ ഒബ്സ്ക്യുറ കടന്നുവരട്ടെ ല്ലേ...
👇👇👇
ഫോട്ടോഗ്രഫി വെളിച്ചം കാണുന്നു
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
ഇറ്റാലിയൻ ഭൗതികശാസ്‌ത്രജ്ഞനായ ജാമ്പാറ്റിസ്റ്റാ ഡെലാ പൊർറ്റായുടെ (1535?-1615) അതിഥികളെ ആ കാഴ്‌ച ഭയപ്പെടുത്തിക്കളഞ്ഞു. മുറിക്കുള്ളിലെ ഭിത്തിയിൽ, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങൾ തലകീഴായി നടക്കുന്നു! പേടിച്ചരണ്ടുപോയ അവർ അപ്പോൾത്തന്നെ മുറിയിൽനിന്നു പുറത്തുചാടി. മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഡെലാ പൊർറ്റായെ കോടതി കയറ്റുകയും ചെയ്‌തു! ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ നടന്നതായി പറയപ്പെടുന്ന രസകരമായ ഒരു സംഭവമാണിത്.
ക്യാമറ ഒബ്‌സ്‌ക്യുറ പരിചയപ്പെടുത്തി അതിഥികളെ രസിപ്പിക്കാൻ ശ്രമിച്ചതിന് ഡെലാ പൊർറ്റായ്‌ക്കു ലഭിച്ച പ്രതിഫലം അതായിരുന്നു. (ലത്തീനിൽ ക്യാമറ ഒബ്‌സ്‌ക്യുറയുടെ അക്ഷരാർഥം “ഇരുട്ടറ” എന്നാണ്.) പ്രവർത്തനതത്ത്വം ലളിതമാണെങ്കിലും നിരവധി വർണക്കാഴ്‌ചകൾ നമുക്കു സമ്മാനിക്കാൻ ക്യാമറയ്‌ക്കു കഴിയും. എന്താണ് ഒരു ക്യാമറയുടെ രഹസ്യം?
ഇരുട്ടു നിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക് ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോൾ എതിർദിശയിലുള്ള പ്രതലത്തിൽ പുറത്തുള്ള വസ്‌തുവിന്റെ തലകീഴായ പ്രതിബിംബം തെളിയുന്നു. യഥാർഥത്തിൽ, ഡെലാ പൊർറ്റായുടെ അതിഥികൾ കണ്ടത് മുറിക്കു വെളിയിൽ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന വ്യക്തികളെയായിരുന്നു. ആധുനിക ക്യാമറയുടെ മുന്നോടിയായിരുന്നു ക്യാമറ ഒബ്‌സ്‌ക്യുറ. ഇന്ന് സ്വന്തമായിട്ട് ഒരു ക്യാമറയുള്ള കോടിക്കണക്കിനാളുകളുണ്ട്. ഒറ്റത്തവണമാത്രം ഉപയോഗിച്ച് കളയുന്ന തരത്തിലുള്ള വിലകുറഞ്ഞ ക്യാമറയും സർവസാധാരണമാണ്.
ഡെലാ പൊർറ്റായുടെ നാളിൽ, ക്യാമറ ഒബ്‌സ്‌ക്യുറ ഒരു പുതിയ കണ്ടുപിടിത്തമൊന്നും ആയിരുന്നില്ല. ഏറെക്കാലം മുമ്പുതന്നെ അരിസ്റ്റോട്ടിൽ അതിന്റെ പ്രവർത്തനതത്ത്വം (പൊതുയുഗത്തിനുമുമ്പ് 384-322) തിരിച്ചറിഞ്ഞിരുന്നു. പത്താം നൂറ്റാണ്ടിൽ, അറേബ്യൻ പണ്ഡിതനായ അൽഹെസൻ ആ തത്ത്വം വളരെ വ്യക്തമായി വിവരിച്ചിരുന്നു. 15-ാം നൂറ്റാണ്ടിലെ ചിത്രകാരനായ ലിയൊണാർഡോ ഡാവിഞ്ചി തന്റെ കുറിപ്പുകളിൽ ഒബ്‌സ്‌ക്യുറ പ്രവർത്തിക്കുന്ന വിധം പരാമർശിക്കുകയും ചെയ്‌തിരുന്നു. 16-ാം നൂറ്റാണ്ടിൽ ലെൻസ് കണ്ടുപിടിച്ചതോടെ ക്യാമറയുടെ ചരിത്രം കൂടുതൽ പ്രഭാപൂരിതമായിത്തീർന്നു. കൃത്യമായ അനുപാതത്തിലുള്ള ത്രിമാന പ്രതിച്ഛായകൾ സൃഷ്ടിക്കാൻ അനേകം ചിത്രകാരന്മാരും ലെൻസ് ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ അത്തരം ചിത്രങ്ങൾക്കുപോലും അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മായാത്ത ഓർമകൾ അവശേഷിപ്പിക്കുന്ന സ്ഥിരമായ ഫോട്ടോകൾ എടുക്കുന്നതിനായുള്ള പരീക്ഷണങ്ങൾ 19-ാം നൂറ്റാണ്ടുവരെ വെളിച്ചംകണ്ടില്ല.
ആദ്യത്തെ ഫോട്ടോഗ്രഫർ
മായാത്ത ഫോട്ടോപ്രിന്റുകൾക്കു ജന്മം നൽകാൻ ശ്രമിച്ച ഫ്രഞ്ച് ഭൗതികശാസ്‌ത്രജ്ഞനായിരുന്നു ഷോസെഫ് നിസേഫർ നിയെപ്‌സ്. സാധ്യതയനുസരിച്ച്, 1816-ന്റെ ആദ്യഘട്ടത്തിൽത്തന്നെ അദ്ദേഹം പരീക്ഷണം ആരംഭിച്ചു. ലിത്തോഗ്രഫി മാതൃകയിലുള്ള അച്ചടി സംബന്ധമായി നടത്തിയ ഗവേഷണങ്ങൾക്കിടയിൽ, പ്രകാശസംവേദകത്വമുള്ള ഒരു പദാർഥമായ ‘ബിറ്റുമിൻ ഓഫ് ജുഡിയ’ അതിനു യോജിച്ചതാണെന്നു യാദൃച്ഛികമായി കണ്ടെത്തിയപ്പോഴായിരുന്നു ആ ഗവേഷണം യഥാർഥ വിജയം കൈവരിച്ചത്. 1820-കളുടെ മധ്യത്തോടെയാണു സംഭവം. അദ്ദേഹം തന്റെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ജനാലയിൽ സ്ഥാപിച്ച ക്യാമറ ഒബ്‌സ്‌ക്യുറയക്കുള്ളിൽ, ബിറ്റുമിൻ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ് വെക്കുകയും എട്ടു മണിക്കൂർ നേരം അതിൽ പ്രകാശം വീഴാൻ അനുവദിക്കുകയും ചെയ്‌തു. ഒരു കെട്ടിടവും മരവും കളപ്പുരയും ഉൾപ്പെട്ട അവ്യക്തമായ ഒരു ചിത്രം അതിൽ പതിഞ്ഞു. ഇന്നു ക്യാമറ ഉപയോഗിക്കുന്നവരിൽ തീരെ വൈദഗ്‌ധ്യമില്ലാത്ത ഒരു വ്യക്തിക്കുപോലും ആ ചിത്രം മതിപ്പുളവാക്കുന്നതായിരുന്നില്ല. എന്നാൽ നിയെപ്‌സിന് അഭിമാനിക്കാൻ വകയുണ്ടായിരുന്നു. സാധ്യതയനുസരിച്ച് ഇതായിരുന്നു ലോകത്തിൽ ആദ്യമായി എടുത്ത സ്ഥിരസ്വഭാവമുള്ള ഫോട്ടോ!
ഈ രംഗത്തു കൂടുതൽ പുരോഗതി കൈവരിക്കാൻ നിയെപ്‌സ് 1829-ൽ ലൂയി ഡഗെർ എന്ന സമർഥനായ ഒരു ബിസിനസ് സംരംഭകനെ കൂട്ടുപിടിച്ചു. 1833-ൽ നിയെപ്‌സ് മരണമടഞ്ഞെങ്കിലും തുടർന്നുവന്ന വർഷങ്ങളിൽ ഡഗെർ നിർണായക പുരോഗതി കൈവരിച്ചു. ചെമ്പു പ്ലേറ്റിൽ സിൽവർ അയൊഡൈഡ് പൂശുമ്പോൾ, ബിറ്റുമിൻ പൂശിയ പ്രതലത്തെക്കാൾ അതു കൂടുതൽ പ്രകാശ സംവേദകത്വമുള്ളതായിത്തീരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. തികച്ചും യാദൃച്ഛികമായി അദ്ദേഹം മറ്റൊരു സംഗതിയും മനസ്സിലാക്കി. ശരിയായ രീതിയിൽ ഡെവലപ്പ് ചെയ്യപ്പെടാത്ത ഒരു പ്ലേറ്റിൽ മെർക്കുറി ബാഷ്‌പം തട്ടിയപ്പോൾ അതിലെ ചിത്രം വ്യക്തമായി തെളിയുന്നത് അദ്ദേഹം നിരീക്ഷിച്ചു. ഈ രീതി പിൻപറ്റുന്നെങ്കിൽ പ്ലേറ്റ് അധികസമയം പ്രകാശവുമായി സമ്പർക്കത്തിൽ ആയിരിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഫോട്ടോപ്ലേറ്റ് ഒരു ലവണലായനിയിൽ (salt solution) കഴുകുന്നത് ചിത്രം കാലക്രമത്തിൽ കറുത്തുപോകാതിരിക്കാൻ സഹായിക്കുമെന്ന് ഡഗെർ പിന്നീടു കണ്ടെത്തി. പെട്ടെന്നുതന്നെ, ഫോട്ടോഗ്രഫിയുടെ മായികപ്രഭ ലോകത്തെ കീഴടക്കാൻ പോകുകയായിരുന്നു.
ലോകവേദിയിൽ
1839-ൽ, ഡഗെറിന്റെ കണ്ടുപിടിത്തം—ഡഗെറോടൈപ്പ്—ലോകവേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണം വിസ്‌മയാവഹമായിരുന്നു. “ഡഗെറോടൈപ്പിനെപ്പോലെ മിന്നൽ വേഗത്തിൽ ലോകത്തെ കീഴടക്കുകയും ജനങ്ങൾക്കുമുമ്പാകെ ഒരു സ്വപ്‌നലോകം തുറന്നുകൊടുക്കുകയും ചെയ്‌ത മറ്റൊരു കണ്ടുപിടിത്തവും സാധ്യതയനുസരിച്ച് ഉണ്ടായിട്ടില്ല” എന്ന് ഫോട്ടോഗ്രഫിയുടെ ചരിത്രം എന്ന തന്റെ പുസ്‌തകത്തിൽ പണ്ഡിതനായ ഹെൽമൂട്ട് ഗേൺസ്‌ഹൈം എഴുതുന്നു. പ്രസിദ്ധീകരണച്ചടങ്ങിൽ സന്നിഹിതനായിരുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: “ഒറ്റ മണിക്കൂറിനുള്ളിൽ ലെൻസ് കടകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞു. ഡഗെറോടൈപ്പ് രീതിയുപയോഗിച്ച് സ്വന്തമായി ഫോട്ടോയെടുക്കാനുള്ള ആവേശത്തിലായിരുന്നു അവർ. തുടർച്ചയായി എത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന് ആവശ്യമായ സാമഗ്രികൾ സംഘടിപ്പിച്ചുകൊടുക്കാൻ കടയുടമകൾക്കു കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാരീസിന്റെ മുക്കിലും മൂലയിലുമുള്ള പള്ളികളുടെയും കൊട്ടാരങ്ങളുടെയും മുമ്പിൽ മുക്കാലികളിൽ നിലയുറപ്പിച്ച പെട്ടിക്ക്യാമറകൾ കാണാമായിരുന്നു. ആസ്ഥാനത്തെ ഭൗതിക-രസതന്ത്ര ശാസ്‌ത്രജ്ഞന്മാരും പണ്ഡിതന്മാരുമെല്ലാം സിൽവർ പ്ലേറ്റുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. നല്ല സാമ്പത്തിക നിലയിലുള്ള പലചരക്കു കച്ചവടക്കാർപോലും ഈ പുരോഗതിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ട് അതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ തങ്ങളുടെ ആസ്‌തികൾ കൈവിട്ടു ചെലവഴിച്ചു.” പാരീസ് വാർത്താമാധ്യമങ്ങൾ അത്തരം ആവേശത്തെ ഡഗെറോടൈപ്പോ ഭ്രമം എന്നാണു വിശേഷിപ്പിച്ചത്.
ഡഗെറോടൈപ്പ് ഫോട്ടോകളുടെ അനിതരസാധാരണമായ സവിശേഷത നിമിത്തം ബ്രിട്ടീഷ് ശാസ്‌ത്രജ്ഞനായ ജോൺ ഹെർഷെൽ ഇങ്ങനെ എഴുതി: “അത്തരം ഫോട്ടോകൾ ഒരു അത്ഭുതം തന്നെയായിരുന്നു എന്നു പറയുന്നത് ഒട്ടും അതിശയോക്തിയല്ല.” ആ കണ്ടുപിടിത്തത്തിന്റെ പിന്നിൽ മന്ത്രവിദ്യയാണെന്നുപോലും ചിലർ ആരോപിക്കുകയുണ്ടായി.
ഈ പുതിയ കണ്ടുപിടിത്തം പക്ഷേ എല്ലാവർക്കും അത്ര പ്രിയങ്കരമായിരുന്നില്ല. 1856-ൽ നേപ്പിൾസിലെ രാജാവ് ഫോട്ടോഗ്രഫിക്കു വിലക്കു കൽപ്പിച്ചു. അതൊരു ‘ദുശ്ശകുനമായി’ വീക്ഷിക്കപ്പെട്ടതായിരുന്നു കാരണമെന്നു തോന്നുന്നു. ഒരു ഡഗെറോടൈപ്പ് ക്യാമറ കണ്ടപ്പോൾ ഫ്രഞ്ച് ചിത്രകാരനായ പോൾ ഡെലറോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഇനി പെയിന്റർമാർക്കെല്ലാം വെറുതെയിരിക്കാം!” പുതിയ കണ്ടുപിടിത്തം ഉപജീവനമാർഗത്തിന് ഒരു ഭീഷണിയാണെന്നു മനസ്സിലാക്കിയ ചിത്രകാരന്മാർ അങ്ങേയറ്റം ഉത്‌കണ്‌ഠാകുലർ ആയിത്തീർന്നു. മറ്റു പലരുടെയും ചിന്താഗതി പ്രതിഫലിപ്പിച്ചുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “പ്രതിച്ഛായകൾ കൃത്യമായി ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രഫി ഒരുവന്റെ സൗന്ദര്യബോധത്തെ നിഷ്‌പ്രഭമാക്കുന്നു.” സൗന്ദര്യത്തെക്കുറിച്ച് അന്നുവരെ നിലനിന്നിരുന്ന സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഫോട്ടോഗ്രഫിയുടെ ജൈത്രയാത്ര അനേകരുടെയും വിമർശനത്തിനു കളമൊരുക്കി.
ഡഗെറും ടോൾബറ്റും
ഫോട്ടോഗ്രഫി കണ്ടുപിടിച്ചത് താനാണെന്നു വിശ്വസിച്ചിരുന്ന ഇംഗ്ലീഷ് ഭൗതികശാസ്‌ത്രജ്ഞനായ വില്യം ഹെൻറി ഫോക്‌സ് ടോൾബറ്റ്, ഡഗെറിന്റെ കണ്ടുപിടിത്തം കൊട്ടിഘോഷിക്കപ്പെടുന്നതു കണ്ടപ്പോൾ അന്തംവിട്ടുപോയി. സിൽവർ ക്ലോറൈഡ് പൂശിയ പേപ്പർ ഷീറ്റുകൾ ക്യാമറ ഒബ്‌സ്‌ക്യുറയിൽ ഉപയോഗിക്കുന്ന രീതി ടോൾബറ്റ് മുമ്പുതന്നെ അനുവർത്തിച്ചിരുന്നു. ഫോട്ടോയെടുത്തശേഷം നെഗറ്റീവിൽ മെഴുകു പുരട്ടി അദ്ദേഹം അതു സുതാര്യമാക്കി. തുടർന്ന് അത് സിൽവർ ക്ലോറൈഡ് പൂശിയ മറ്റൊരു പേപ്പറിൽ വെച്ചശേഷം അതിൽ സൂര്യപ്രകാശം വീഴാൻ അനുവദിച്ചുകൊണ്ട് യഥാർഥ ഫോട്ടോ തയ്യാറാക്കുകയും ചെയ്‌തിരുന്നു.
തുടക്കത്തിൽ വലിയ പ്രചാരമോ ഗുണമേന്മയോ ഉണ്ടായിരുന്നില്ലെങ്കിലും ടോൾബറ്റിന്റെ സാങ്കേതികവിദ്യയ്‌ക്കു കൂടുതൽ ശോഭനമായ ഭാവിയുള്ളതായി തെളിഞ്ഞു. ഒരു നെഗറ്റീവിൽനിന്നുതന്നെ പല കോപ്പികൾ എടുക്കാൻ കഴിയുമായിരുന്നു. കൂടാതെ, ദുർബലമായ ഡഗെറോടൈപ്പിനെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും വിലകുറഞ്ഞതുമായിരുന്നു ആ പേപ്പർ കോപ്പികൾ. ടോൾബറ്റ് ഉപയോഗിച്ച സാങ്കേതികവിദ്യയാണ് ഫോട്ടോഗ്രഫി ഇന്നും പിൻപറ്റുന്നത്. പ്രാരംഭത്തിൽ പ്രചുരപ്രചാരം നേടിയെങ്കിലും ഡഗെറോടൈപ്പിന്റെ ഭാവി ഇരുളടഞ്ഞുപോയി.
ഫോട്ടോഗ്രഫിയുടെ പിതാവ് എന്ന ബഹുമതിക്കായി മത്സരിച്ചവർ നിയെപ്‌സും ഡഗെറും ടോൾബറ്റും മാത്രമായിരുന്നില്ല. 1839-ൽ ഡഗെറിന്റെ കണ്ടുപിടിത്തം അംഗീകാരം നേടിയശേഷം വടക്കുള്ള നോർവേ മുതൽ തെക്കുള്ള ബ്രസീൽ വരെ കുറഞ്ഞത് 24 പേരെങ്കിലും ഫോട്ടോഗ്രഫി കണ്ടുപിടിച്ചതു തങ്ങളാണെന്ന അവകാശവാദവുമായി രംഗത്തെത്തി.
ഫോട്ടോഗ്രഫിയുടെ ശ്രദ്ധേയമായ സ്വാധീനം
ഒരു സാമൂഹിക പരിഷ്‌കർത്താവായ ജേക്കബ് ഓഗസ്റ്റ് റിസ് ഫോട്ടോഗ്രഫിയുടെ ചരിത്രത്തിന്റെ തുടക്കംമുതൽതന്നെ, ദാരിദ്ര്യവും കഷ്ടപ്പാടും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു സുവർണാവസരമായി അതിനെ വീക്ഷിച്ചു. 1880-ൽ, അദ്ദേഹം ന്യൂയോർക് നഗരത്തിലെ ചേരിപ്രദേശങ്ങളുടെ ഫോട്ടോയെടുക്കാൻ തുടങ്ങി. രാത്രിയുടെ പശ്ചാത്തലത്തിൽ, വെളിച്ചത്തിനായി ഒരു ചീനച്ചട്ടിയിൽ മഗ്നീഷ്യംപൊടി കത്തിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങളെടുത്തത്. അതത്ര സുരക്ഷിതമായ ഒരു മാർഗമായിരുന്നില്ല. അദ്ദേഹം താമസിച്ചിരുന്ന വീടിന് രണ്ടു പ്രാവശ്യം തീപിടിച്ചു—ഒരിക്കൽ, ഉടുത്തിരുന്ന വസ്‌ത്രത്തിനും. പ്രസിഡന്റായി അധികാരമേറ്റശേഷം അനേകം സാമൂഹിക പരിഷ്‌കാരങ്ങൾ നടപ്പിൽവരുത്താൻ തിയോഡർ റൂസ്‌വെൽറ്റിനെ പ്രചോദിപ്പിച്ചത് റിസ്സിന്റെ ഫോട്ടോകൾ ആയിരുന്നെന്നു പറയപ്പെടുന്നു. 1872-ൽ വില്യം ഹെൻറി ജാക്‌സൺ പകർത്തിയ സുന്ദരമായ പ്രകൃതിദൃശ്യങ്ങളുടെ വശ്യത, ഐക്യനാടുകളിലെ യെല്ലോസ്റ്റോണിനെ ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കാൻ യു.എസ്. കോൺഗ്രസിനെ സ്വാധീനിച്ചു.
ഏവരുടെയും കൈപ്പിടിയിൽ
1880-കളുടെ ഒടുവിൽപ്പോലും, സ്വന്തമായി ക്യാമറ ഉപയോഗിക്കാൻ ആഗ്രഹിച്ച അനേകരും ഫോട്ടോഗ്രഫിയുടെ ചെലവും സങ്കീർണതകളും നിമിത്തം മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ 1888-ൽ ജോർജ് ഈസ്റ്റ്‌മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഒരു ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക് പെട്ടിക്ക്യാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രഫർമാർ ആയിത്തീരാമെന്ന സ്ഥിതി സംജാതമായി.
(കടപ്പാട് നെറ്റ്ലോകത്തോട്)
ഇതാണ് സുധീഷ് സാർ