23-08-18


16. Eyes Without a Face (1960) 
ഐസ് വിതൗട് എ ഫേസ് (1960)
ഭാഷ ഫ്രഞ്ച്
സംവിധാനം ജോർജ് ഫ്രാൻജു
Running time 90 മിനിറ്റ്

ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി തന്റെ മകളുമായി രൂപസാമ്യമുള്ള ചെറുപ്പക്കാരികളെ തട്ടിക്കൊണ്ടു വരുകയും അതിൽ പലരും പരീക്ഷണങ്ങൾക്കിടെ മരണപ്പെടുകയും ചെയ്യുന്നു. പൊലീസിന് സംശയം ഉണ്ടാകുകയും കൈയ്യോടെ പിടികൂടാൻ കെണി ഒരുക്കുകയും ചെയ്യുന്നതോടൊപ്പം മകൾക്ക് തന്റെ അവസ്ഥക്ക് കാരണക്കാരനായ അച്ഛനോട് വർധിച്ചുവരുന്ന ദേഷ്യവും കാര്യങ്ങളെ പ്രശ്നത്തിലേക്ക് നയിക്കുന്നു. ആ കാലഘട്ടത്തിൽ യൂറോപ്പിലെ കർശനമായ സെൻസർ ബോർഡുകളെ തൃപ്ത്തിപ്പെടുത്താൻ, അനാവശ്യമായ വയലൻസ് ഒഴിവാക്കി, പൂർണമായും ഹൊറർ എന്ന ചട്ടക്കൂടിൽ നിന്നും മാറി ചിത്രീകരിച്ച ഈ സിനിമ ഒരു പക്ഷെ ഇന്നത്തെ ഹൊറർ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ഭീതി ജനിപ്പിക്കുന്ന ഒരു ഹൊറർ പടമായി തോന്നാൻ സാധ്യതയില്ല. പക്ഷെ പെഡ്രോ അൽമൊഡോവർ, ജോൺ കാർപെന്റെർ എന്നിങ്ങനെ അനേകം സംവിധായകർ തങ്ങളുടെ ചിത്രങ്ങൾക്ക് പ്രചോദനമായി ചൂണ്ടിക്കാണിക്കുന്നത് ഈ ചിത്രത്തെയാണ്. 2010ൽ പ്രമുഖ ഹൊറർ സിനിമാ സംവിധായകരും കഥാകൃത്തുക്കളും നിരൂപകരും പങ്കെടുത്ത Time Out മാസികയുടെ എക്കാലത്തെയും മികച്ച 100 ഹൊറർ സിനിമകൾക്കായുള്ള സർവേയിൽ 34ആം സ്ഥാനത്താണ് ഈ ചിത്രം

17. Lolita (1962)
ലോലിത (1962)
ഭാഷ ഇംഗ്ലീഷ്
സംവിധാനം സ്റ്റാൻലി കുബ്രിക്ക് 
Running time 152 മിനിറ്റ്

വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്.ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകനും ലോലിതയെന്ന കൗമാരക്കാരിയും തമ്മിലുള്ള പ്രണയാതുരമായ ലൈംഗിക ജീവിതത്തേക്കറിച്ചാണ് സിനിമ. അവധിക്കാലം ചിലവഴിക്കാനായി റാംസ് ഡേയ്ൽ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ഹംബർട്ട് അവിടെ വച്ച് ലോലിതയെ കണ്ടുമുട്ടുകയും പ്രഥമ ദർശനത്തിൽ തന്നെ അവളിൽ അനുരക്തനാവുകയും ചെയ്യുന്നു.എന്നാൽ അയാളിൽ താല്പര്യം തോന്നിയ വിധവയായ അവളുടെ അമ്മക്കിത് ഇഷ്ടമാവുന്നില്ല. ലോലിതയുമായി കലഹിച്ച് പുറത്ത് പോകുന്ന അവർ വാഹനാപകടത്തിൽ മരണമടയുന്നു.എന്നാൽ ഇത് ഹംബർട്ട് ലോലിതയെ അറിയിക്കുന്നില്ല. അവധിക്കാലം കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചു പോകുന്ന അയാൾ ലോലിതയെ അടുത്തുള്ള സ്കൂളിൽ ചേർക്കുന്നു പുറമേക്ക് പിതാവും പുത്രിയുമെന്ന വ്യാജേന അവരുടെ വിചിത്ര ജീവിതം മുന്നേറുന്നു.ഇതിനിടക്ക് ലോലിതക്ക് ഡോ: സെംഫ് എന്ന വ്യക്തിയുമായുണ്ടാവുന്ന സൗഹൃദം ഹംബർട്ടിന് ഉൾക്കൊള്ളാനാവുന്നില്ല. നിൽക്കകള്ളിയില്ലാതെ അയാൾ ലോലിതുമായി നിരന്തരം യാത്ര ചെയ്യുന്നു. യാത്രയിലുടനീളം ഒരജ്ഞാത വാഹനം അവരെ പിന്തുടരുന്നുണ്ട്.ഒരു രാത്രി ലോലിത അപ്രത്യക്ഷമാകുന്നു. എവിടേക്കാണ് ലോ ലിത അപ്രത്യക്ഷമായത്.? ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണിത്.ബ്രിട്ടണിൽ പതിനാറ് വയസിന് താഴെയുള്ളവരുടെ കാഴ്ചയെ വിലക്കുന്ന x സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. നോവലിനെ അതേ പാതയിലൂടെ പിന്തുടരുന്നതിന് പകരം ചലച്ചിത്രഭാഷയിലൂടെ പുതിയൊരു വ്യാഖ്യാനം നൽകാനാണ് കൂബ്രിക് ശ്രമിച്ചത്.അത് കൊണ്ടു തന്നെ മൂലകൃതിയിൽ നിന്നുള്ള ഒട്ടേറെ വഴി മാറി യാത്ര കൂബ്രിക് നടത്തിയിട്ടുണ്ട്. നോവലിലെ കുപ്രസിദ്ധമായ പല രതി തരംഗങ്ങളും കൂബ്രിക് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽപ്രേക്ഷകന് വ്യാഖ്യാനിച്ച് പൊലിപ്പിക്കാനുള്ള ഒട്ടേറെ വിടവുകൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. നിരവധി അന്താരാഷ്ട്ര നോമിനേഷനു കളും പുരസ്ക്കാരങ്ങളും നേടിയതാണീ ചിത്രം .

18. One Flew Over the Cuckoo's Nest (1975) 
വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)
ഭാഷ ഇംഗ്ലീഷ്
സംവിധാനം മിലോസ് ഫോർമാന്‍
Running time 133 മിനിറ്റ്

താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ്  ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് . മികച്ച ചിത്രം, സംവിധായകൻ നടൻ, നടി, തിരക്കഥ എന്നീ വിഭാഗങ്ങളിൽ നേടിയ പുരസ്‌കാരം എല്ലാ അർത്ഥത്തിലും സിനിമ അർഹിക്കുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലാണ് കഥ നടക്കുന്നത്. ജോലി ചെയ്യാൻ മടിയുള്ള ഒരു ചെറു കുറ്റവാളി ഭ്രാന്ത്‌ അഭിനയിച്ച് ജയിലിൽനിന്ന് ഈ കേന്ദ്രത്തിലെത്തുന്നതാണ് കഥയുടെ തുടക്കം. എല്ലാ രോഗികളെയും അടുത്തറിയുന്ന അടുത്തറിയുന്ന അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന നഴ്‌സ്‌ റാചെഡ് (ലൂയിസ് ഫ്ലെച്ചർ) എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി മാറുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുമായി ചങ്ങാത്തത്തിലാകുന്ന നായകൻ മക്മർഫി അവർക്കായി സ്വാതന്ത്ര്യത്തിന്റെ ലോകവും തുറന്നിടുന്നു. നഴ്‌സ്‌ റാച്ചഡിന്റെ നിയമങ്ങളെ ചോദ്യം ചെയ്യാൻ പോലും മറ്റുള്ളവർ ഒരു ഘട്ടത്തിൽ തയാറാകുന്നു. മികച്ച സംവിധാനവും ഉറപ്പുള്ള തിരക്കഥയും മാത്രമല്ല അതുല്യരായ ഒരുപറ്റം അഭിനേതാക്കളും ചിത്രത്തെ മികവുറ്റതാക്കുന്നു. യഥാർത്ഥ മനോരോഗ ആശുപത്രിയിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ പലപ്പോഴും അവിടുത്തെ ശരിക്കുള്ള അന്തേവാസികൾ സിനിമയുടെ ഭാഗമായിട്ടുണ്ട്. അക്കാലത്ത് സംവിധായകൻ എടുത്ത വലിയ റിസ്ക് തന്നെ ആയിരുന്നു അത്. ചിത്രത്തിലെ പല അഭിനേതാക്കളും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവരായിരുന്നു. എന്നാൽ അങ്ങനെ നമുക്ക് ഒരിക്കലും തോന്നുകയുമില്ല. തമാശകളും കളിചിരികളും നിറഞ്ഞ ഹൃദയസ്പർശിയായ ചിത്രം ഇതേ പേരിൽ കെൻ കെസി എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

19. Papillon (1973) 
പാപ്പിയോൺ (1973)
ഭാഷ ഇംഗ്ലീഷ്
സംവിധാനം ഫ്രാങ്ക്‌ലിന്‍ ജെ. ഷാഫ്‌നര്‍
Running time 150 മിനിറ്റ്

സ്സ്വാതന്ത്യത്തിന്റെ വില എന്തായിരിക്കും !!!! ഒരു ജയില്‍വാസിയോടു ചോദിച്ചാല്‍ അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്യത്തിന്റെ വില എന്താണെന്ന്....അതും പ്രത്യേകിച്ച് ഓരോ നിമിഷവും അതിനു വേണ്ടി ആഗ്രഹിക്കുന്ന ഒരാളായാല്‍ .... ഇ സിനിമയുടെ കഥ ഇങ്ങനെ..:  പാപ്പിയോൺ   എന്ന് പേരുള്ള ഒരു തടവുകാരന്‍ ഫ്രെഞ്ച് ഗയാനയിലേക്ക് നീക്കപെടുകയും അവിടെ വെച്ച് ലൂയി ദേഗനെ പരിചയപ്പെടുകയും ചെയ്യുന്നു.. അവര്‍ അവിടെ നിന്ന് രക്ഷപെടാനുള്ള പ്ലാന്‍ തയാറാക്കുന്നു...അവര്‍ അത് എങ്ങനെ നടപ്പാക്കുന്നു   , എന്നിട്ട് അവര്‍ക്ക് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ആകെ ഇ സിനിമ. പാപ്പിയോൺ  ആയി സ്റ്റീവ് മക്‌ക്വീനും ലൂയി ദേഗ ആയി ഡസ്റ്റിൻ ഹോഫ്മാനും അഭിനയിച്ചിരിക്കുന്ന ഇ സിനിമ അവരുടെ പ്രകടനം കൊണ്ട് തന്നെ മികച്ച് നില്‍ക്കുന്നു.. ഹെൻറി ഷാരിയർ. എന്ന വ്യക്തിയുടെ ആതമകഥയായ പാപ്പിയോൺ എന്ന ബുക്കിനെ ആസ്പദമായി എടുത്ത ഇ സിനിമ ഒരു ക്ലാസിക് ആയി ആണ് ഇപ്പോള്‍ കണക്കാക്കുന്നത്..(കടപ്പാട്:Clint Thomas Muriyaickal)

20. Zorba the Greek (1964)
സോർബ ദ ഗ്രീക്ക് (1964)
ഭാഷ ഗ്രീക്ക്
സംവിധാനം മൈക്കെല്‍ കാക്കോയാനിസ്
Running time 97  മിനിറ്റ്
ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്നു മൈക്കിള്‍ കകോയാനിസ്. 1964ല്‍ കസാന്‍ദ് സാക്കിസിന്റെ നോവലായ സോര്‍ബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. യൂറിപ്പിഡിസിന്റെ ദുരന്ത നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്ര കൃതികളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഓസ്‌കാര്‍ പുരസ്‌കാരത്തിനു അഞ്ച് തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള കകോയാനിസ്, ഗ്രീക്ക് സൈപ്രസ് മേഖലകളില്‍ നിന്ന് ഏറ്റവുമധികം തവണ ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. മികച്ച സംവിധായകന്‍, ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയ മികച്ച തിരക്കഥ, മികച്ച ചലച്ചിത്രം എന്നീ നാമനിര്‍ദ്ദേശങ്ങള്‍ സോര്‍ബ ദ ഗ്രീക്ക് എന്ന ചലച്ചിത്രവും, ഇലക്ട്ര, ഐഫിജെനിയ എന്നീ ചിത്രങ്ങള്‍ മികച്ച വിദേശ ചിത്രത്തിനുമുള്ള നാമനിര്‍ദ്ദേശങ്ങളും നേടുകയുണ്ടായി.

യുവാവും ഇംഗ്ലണ്ടിലെഎഴുത്തുകാരനുമായ ബേസില്‍ എന്ന ഒരു ബുദ്ധിജീവി സ്വന്തം ലിഗ്‌നൈറ്റ് ഖനി നടത്തിപ്പിനായി  ഗ്രീസിന്റെ ദ്വീപായ ക്രീറ്റിലേക്ക് കപ്പല്‍ കയറുമ്പോള്‍ യാദൃച്ചികമായി അലെക്‌സിസ് സോര്‍ബയെ കണ്ടുമുട്ടുകയാണ്. സദാ ഉല്ലാസ ഭരിതനും ഊര്ജസ്വലനുമായ ഇദ്ദേഹവുമായുള്ള ബന്ധം കേവലം പുസ്തകപ്പുഴുവായിരുന്ന ബേസിലിന്റെ ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനം അമ്പരപ്പിക്കുന്നതാണ്. സുദീര്‍ഘമായ ഒരു ആയുഷ്‌കാല സൌഹൃദത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കരണമാണ്  ദാര്‍ശനികമായ മാനങ്ങളുള്ള ഈ ചിത്രം . ആന്തണി ക്വിന്‍ എന്ന മഹാനടന്റെ ഉജ്ജ്വലമായ ഭാവാഭിനയത്താല്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് സോര്‍ബ. മൂന്നു ഓസ്‌കാറുകള്‍ ഉള്‍പ്പെടെ ഏഴു അവാര്‍ഡുകളും പതിനാറു നാമനിര്‍ദ്ദേശങ്ങളും ഈ ചിത്രത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു; ലോകത്തെ എക്കാലത്തെയും മികച്ച നൂറു ചിത്രങ്ങളിലൊന്നായി ഇതിനെ അമേരിക്കന്‍ ഫിലിം അക്കാദമി തിരഞ്ഞെടുത്ത്, അവരുടെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കുന്നു.