23-07-18


 ദൈവാവിഷ്ടർ
                 നോവൽ
                 ലിജി  മാത്യു
പ്രസാ   : ഡി. സി. ബുക്സ്
വില      : ₹ 199.

✍ എഴുത്തുകാരി

ലിജി മാത്യു. ഇടുക്കി  മേരിഗിരി  സ്വദേശിനി. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ  ബിരുദ,  ബിരുദാനന്തര പഠനം. ആദ്യ കവിതാ സമാഹാരം  ഡിസംബർ.
ഇപ്പോൾ  കോട്ടയത്ത് മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ  ജീവനക്കാരി.

✍ ആവിഷ്ടരാകുന്ന ദൈവങ്ങൾ.

മറ്റു ദൈവസങ്കല്പങ്ങളെ അപേക്ഷിച്ച്  ജനനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരാമർശിച്ച് ഇത്ര മാത്രം വ്യത്യസ്തമായ  വീക്ഷണങ്ങളും സങ്കല്പങ്ങളും പ്രചരിക്കുകയും പുസ്തകങ്ങൾ  രചിക്കപ്പെടുകയും ചെയ്ത ദൈവപുത്രൻ യേശുവാണ്.

മറിയം, ജറുസലെം ദേവാലയത്തിലെ പ്രധാന പുരോഹിതസ്ഥാനം അലങ്കരിച്ചിരുന്ന  യോഷുവാ മൂന്നാമന്റെ മൂന്നു പെൺമക്കളിൽ ഒരുവളായ  ഹന്നയുടെയും  ജൂദയാ  അടക്കിവാണിരുന്ന ഹാസ്മൊണിയ രാജവംശത്തിൽ പിറന്ന അല്ക്സാണ്ടർ ഹേലിയോസ്  മൂന്നാമന്റെയും ഏക മകൾ.

ദാവീദിന്റെ വംശത്തിലെ ആണുങ്ങളെയെല്ലാം ഉന്മൂലനം ചെയ്ത് ഹെറോദ് രാജവംശം അഴിഞ്ഞാട്ടം നടത്തുന്നു.

രാജകുമാരിയുടെ പ്രൗഢിപോയിട്ട്  സാധാരണ കന്യകയുടെ അവകാശങ്ങൾ  എങ്കിലും കിട്ടിയാൽ മതിയെന്ന് മറിയം ആഗ്രഹിച്ചിരുന്ന കാലം.

അമ്മ, ഹന്നയാണെങ്കിൽ ഏതു സമയവും ദൈവ സങ്കീർത്തനങ്ങൾ ഉരുവിട്ട് , ഉപവാസവും പ്രാർത്ഥനയുമായി ഒരു പ്രവാചകയുടെ പരിവേഷവുമായി മൂലയിൽ  ഒതുങ്ങുന്നു.......

ഹെറോദ് രാജാവിന്റെ കാരാഗൃഹത്തിൽ വാളിനിരയായെന്നും അതല്ല..... അവിടുന്ന് രക്ഷപ്പെട്ട് ഏകാന്തവാസം നയിക്കുന്നു  എന്നു പറയപ്പെടുന്ന  അബ്ബായെ   ഓർമ്മകളിൽ പടർന്ന മാറാല തുടച്ചു നീക്കി കാണാൻ മറിയം ശ്രമം നടത്തുന്നു.....    പിതൃവാത്സല്യമെന്നത് നാവിലിറ്റിയ മുലപ്പാലല്ല  കരുതലിന്റെ കരുത്താണെന്ന് മറിയം തിരിച്ചറിയുന്നു..... പക്ഷേ  ... അബ്ബ .... എവിടെ......

കൗമാരം കഴിഞ്ഞവരെ ദേവാലയാനുബന്ധ വസതിയിൽ  താമസിപ്പിക്കില്ല...... അതാണ് നിയമം...... മറിയത്തിനും ഹന്നായ്ക്കും വേറെ പോക്കിടമില്ലാത്തതിനാൽ മറിയത്തിന്റെ കൗമാര വളർച്ചയും തുടിപ്പും മിനിപ്പും സഹജീവികൾ പരുപരുത്ത ചാക്കു വസ്ത്രത്തിൽ പൊതിഞ്ഞൊളിപ്പിക്കുന്നു.....

എന്നാൽ കാണേണ്ടവർ എല്ലാം കണ്ടിരുന്നു..... അറിയേണ്ടതൊക്കെ അറിഞ്ഞിരുന്നു.....

ഉറക്കത്തിൽ സ്വപ്നാടനം നടത്തുന്ന സ്വഭാവമുള്ള മറിയം ഒരു രാത്രി  ബോധമില്ലാതെ നടക്കുന്നത് നഥാനിയേൽ കാണുന്നു....... പക്ഷേ  അവൻ നിസ്സഹായനാണ്..... ജൂത നിയമങ്ങൾ  അപ്രകാരമാണ്..... എന്തായാലും മറിയം , ഒരു ദിവസത്തേക്ക് അപ്രത്യക്ഷയാകുന്നു.

ഇവരുടെ ചാർച്ചക്കാരനായ സഖറിയാസ് ജറുസലേം ദേവാലയത്തിൽ  വരുന്നു.
ഹന്നയെയും മറിയത്തെയും തന്റെ ദുരിതങ്ങളിലേക്കും കഷ്ടപ്പാടകളിലേക്കും കൂട്ടാനാണ് പുരോഹിതൻ കൂടിയായ സഖറിയായുടെ വരവ്.....

ജറുസലേം ദേവാലയത്തിൽ ബലിയർപ്പിക്കാനുള്ള നറുക്ക് സഖറിയാക്ക് ലഭിക്കുന്നു. അതിവിശുദ്ധ സ്ഥലത്ത്  അതിഭക്തിയോടെ കയറിയ സഖറിയ മുഖ്യപുരോഹിതന്റെ ഭാര്യാപിതാവും  അധികാര പ്രമത്തനുമായ ഹന്നാസിനെ കണ്ടു  ഞെട്ടുന്നു.

ഹന്നാസ് വെളിപ്പെടുത്തിയ ചില സംഗതികളുടെ കാഠിന്യത്താൽ സഖറിയായുടെ ശബ്ദശേഷി നശിക്കുന്നു.......

അരിമഥ്യാക്കാരൻ ജോസഫിന്റെ തന്ത്രപരമായ  ഇടപെടലാൽ മറിയവും സഖറിയയും എലിസബത്തും അവരുടെ ഗ്രാമത്തിൽ  എത്തുന്നു.

അവിടെ പടർന്നിരുന്ന  ഒരു  കിംവദന്തി  അവർക്ക് സഹായകമാകുന്നു.

മറിയം വേദനയോടെ ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു.

ഒരാളെ സഖറിയാ ദമ്പതികൾ യോഹന്നാൻ  എന്ന് പേരു വിളിച്ച് മകനാക്കുന്നു.  അടുത്തയാൾ യേശു  എന്ന പേരിൽ  ജോസഫ്  എന്നയാളുടെ വളർത്തുമകനായി മാറുന്നു.....

വളർന്നു വന്ന  യോഹന്നാനും യേശുവും നസ്രീൻ സന്യാസികളുടെ ശിക്ഷണത്തിൽ എല്ലാം  അഭ്യസിക്കുന്നു.

യോഹന്നാൻ,  കരുത്തൻ  ഉപവാസത്തിന്റയും സ്വയം പീഡനത്തിന്റെയും കഠിനമായ പാതയിലൂടെ നടക്കുന്നു.

യേശുവകട്ടെ , പന്ത്രണ്ടാം വയസ്സിൽ പുരോഹിത  ഗണത്തിനെ ദൈവശാസ്ത്രത്തിലും യക്തിയിലും തോൽപ്പിച്ചതിനുശേഷം, പേർഷ്യ,  ചൈന,  ഹിമാലയം, സൈന്ധവ തടങ്ങൾ എന്നിവയിലുടെ തന്റെ പഠനവും യാത്രയും നടത്തുന്നു.

തിരിച്ചെത്തിയ യേശു യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിക്കുന്നു......

തുടർന്ന് പൊതു ജീവിതം, കുരിശുമരണം......
തുടർന്ന്  മൂന്നാം ദിവസം ഉത്ഥാനം........

ഇതിലെല്ലാം അന്ന് നിലനിന്നിരുന്ന വംശീയ ഗോത്ര രാജകീയ താത്പര്യങ്ങൾ  അന്തർലീനമായിരുന്നു.

എന്റെ വീക്ഷണം:

ലിജി മാത്യുവിന് കഥ പറയാൻ  അറിയാം.  ചേരുംപടി ചേർത്ത് കഥാ ഘടനയിൽ  അയവില്ലാതെ പറയുമ്പോൾ  നല്ല കഥ ജനിക്കുന്നു.

ഇതൊരു നല്ല കഥയാണ്.  നന്നായി പറഞ്ഞിരിക്കുന്നു.  പലരും പിന്തുടർന്ന സരണിയിലൂടെ അല്പം വ്യത്യാസത്തോടെ നടക്കാനും ആദ്യ നോവലിലൂടെ പൗരാണികമായ  ഒരു വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട്  മാധ്യമ,  സഹൃദയ ശ്രദ്ധ പിടിച്ചു പറ്റാനും കഥാകാരി ശ്രമിക്കുന്നത് നമുക്ക് വരികൾക്കിടയിൽ വ്യക്തമാകും.

മികച്ച വായനയനുഭവം തരുന്ന  നോവൽ.
ചിലയിടങ്ങളിൽ മനോഹരമായ കവിതപോലെ.... നേർത്ത വിഷാദാർദ്രമായ ഗാനം പോലെ നമ്മുടെ മനസ്സിനോട് സംവദിക്കുന്ന നോവൽ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

തയ്യാറാക്കിയത്:  കുരുവിള ജോൺ






































ആത്മാവിന്റെ ചരിത്രപുസ്തകം

യോഹന്നാനും യേശുവും ഇരട്ടപെറ്റ സഹോദരന്മാർ. യൂദാസിന്റെ ഉറ്റസൗഹൃദവും ലാസറിന്റെ സഹോദരി മറിയത്തിന്റെ തീവ്രപ്രണയവും ക്രിസ്തുവിനെ സമ്പൂർണ മനുഷ്യനാക്കി. യഹൂദരുടെ രാജാവും രക്ഷകനും നായകനുമായി മാറിയ ക്രിസ്തുവിനെ റോമാക്കാരും യഹൂദപുരോഹിതരും ചേർന്ന് കുരിശിൽ തറച്ചത് യഹൂദപ്രമാണിയായ അരിമഥ്യക്കാരൻ ജോസഫിന്റെ തന്ത്രം. കുരിശിൽ മരിക്കാത്ത ക്രിസ്തുവിനെ സുഖപ്പെടുത്തി നാടുകടത്തി, ഉയിർത്തെഴുന്നേല്പ് നാടകം കളിച്ചതും ജോസഫാണെന്ന് ഭാവനയിലൂടെ വിവരിക്കുകയാണ് ലിജി മാത്യു. യേശുവിന്റെ ജീവിതം മറ്റൊരു വിധമായിരുന്നുവെന്ന് ഭാവനചെയ്യുന്ന നോവൽ അതുകൊണ്ട് തന്നെയാണ് വിവാദമാകുന്നത്. ക്രൈസ്തവരുടെ മനസ്സിലെ ദൈവ ബിംബങ്ങളെ തച്ചുടയ്ക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഉയരുന്ന പ്രതികരണം. നോവൽ പുറത്തിറങ്ങിയതേ ഉള്ളൂ. മതവിരുദ്ധമായവ സഭകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സാമ്പ്രദായികമായ ക്രിസ്തുമതവിശ്വാസങ്ങളെയും യാഥാസ്ഥിതികമായ ക്രിസ്തുവിഗ്രഹങ്ങളെയും തച്ചുടയ്ക്കുന്ന വിസ്മയകരമായ ഒരു ഭാവനാസൃഷ്ടിയാണ് നോവലെന്നാണ് വിലയിരുത്തൽ. യേശുവിന് കന്യകയിലുണ്ടായ പിറപ്പും മരണത്തിൽനിന്നുണ്ടായ ഉയിർപ്പുമാണല്ലോ ദൈവപുത്രൻ എന്ന നിലയിൽ അദ്ദേഹത്തെ മനുഷ്യാതീതനാക്കുന്നത്. ഇതുരണ്ടും അപനിർമ്മിക്കുന്ന ഭാവനയുടെ വിപ്ലവവും വിസ്മയവും വഴിമാറിനടപ്പുമാണ് ദൈവാവിഷ്ടർ. അതുമാത്രമല്ല, അത്ഭുതങ്ങളിലും മായികഘടകങ്ങളിലും നിന്ന് ക്രിസ്തുവിനെ സ്വതന്ത്രനാക്കി പച്ചമനുഷ്യനായി ചരിത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും ലിജി നടത്തുന്നു. രാജകുമാരിയായി ജീവിക്കേണ്ട മറിയം ജറുസലേമിലെ മുഖ്യപുരോഹിതൻ ഹന്നാസിന്റെ ബലാൽക്കാരത്തിനിരയായി ഗർഭിണിയാകുന്നു. ബന്ധുക്കൾ രക്ഷപെടുത്തി നാടുകടത്തിയ മറിയം ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു. പല രചനകളിലും കണ്ടിട്ടുള്ളതുപോലെ മഗ്ദ്ദലനമറിയമല്ല ഈ നോവലിൽ യേശുവിന്റെ പ്രണയിനി; ബഥാന്യയിലെ മറിയമാണ്. യൂദാസ് അവന്റെ ഉറ്റതോഴനും സംരക്ഷകനുമാണ്-ഇങ്ങനെ ക്രൈസ്തവ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന പലതുമുണ്ട് നോവലിൽ.

ഒറ്റുകാരനല്ല. അത്ഭുതങ്ങളെ പരിഹസിക്കലാണ് യേശുവിന്റെ രീതി; ആവർത്തിക്കലല്ല. യോഹന്നാന്റെയും യേശുവിന്റെയും സാഹോദര്യം, ജോസഫിന്റെ ഗൂഢനീക്കങ്ങൾ, മറിയത്തിന്റെ സ്വപ്നാടനവും ഗർഭധാരണവും, കുരിശുമരണത്തിലെ നാടകീയത... ദൈവാവിഷ്ടർ ഗ്രീക്കോ-റോമൻ ചരിത്രത്തിലും യഹൂദവംശപുരാണങ്ങളിലും നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്. അപൂർവസുന്ദരമായ ഒരു ഗദ്യകാവ്യംപോലെ ലാവണ്യാത്മകമാണ് ഈ നോവലിന്റെ ആഖ്യാനകല. യാഥാസ്ഥിതിക മതവിശ്വാസികളെയും ക്രിസ്തുഭക്തരെയും സ്വതന്ത്രരായ ബൈബിൾവായനക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് വേറിട്ടുനിൽക്കുന്ന നോവൽ. അതുകൊണ്ട ്തന്നെയാണ് ഇത് വിവാദമാകുന്നതും. സാമാന്യ യുക്തി അനുസരിച്ച് യേശുവിന്റെ പിതൃത്വത്തെപ്പറ്റി ഉണ്ടാകാവുന്ന നിഗമനങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും യുക്തമെന്നു തോന്നിയതൊന്ന് അവതരിപ്പിച്ചു എന്നു മാത്രമാണ് ചെയ്തതെന്ന് എഴുത്തുകാരി പറയുന്നു. എന്നാൽ അതു കൊണ്ട് മാത്രം വിവാദങ്ങൾ തീരില്ല.

ആദിമ മനുഷ്യസ്ത്രീയെന്നു ബൈബിൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ള ഹവ്വ മുതൽക്കിങ്ങോട്ടു മരിച്ചു മൺമറഞ്ഞു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഭാവിയിൽ ജീവിക്കാൻ പോകുന്നവരുമായ സർവ സ്ത്രീകളെയും സങ്കൽപ്പിച്ച് അവരിലൊരുവൾ വന്ന് പുരുഷ സംസർഗമില്ലാതെ താൻ ഗർഭവവതിയായി എന്ന് വാദിച്ചാൽ നിങ്ങൾക്കോ എനിക്കോ എന്തു കാരണം കൊണ്ടാണോ ആ വാദം ശുദ്ധനുണയായി അനുഭവപ്പെടാനിടയുള്ളത് അതേ കാരണത്താൽ ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല. സന്താനോൽപാദത്തിനു നിദാനമായ ശാരീരിക കാരണങ്ങളെപ്പറ്റി ലഭിച്ചിട്ടുള്ള അറിവ് യുക്തിഭദ്രമായി തോന്നുന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ നോവൽ എഴുതേണ്ടി വന്നതെന്ന് എഴുത്തുകാരിയും വിശദീകരിക്കുന്നു. ഡിസി ബുക്‌സാണ് ഈ പുസ്തകം വിപണയിലെത്തിച്ചത്.
(മറുനാടൻ മലയാളി)