23-06-18


നഗ്നനർത്തകി
മരുതുപൂത്ത
സുഗന്ധസന്ധ്യയിത്,
ചാറ്റൽമഴയു -
മൊരു ലഹരിയായ്
മതിമറന്നു ഞാൻ
കാട്ടിൽ നിൽക്കവേ
പാട്ടുകേൾക്കുന്നു
ദൂരെയെവിടെയോ
ഒരു കാട്ടുപെണ്ണിന്റെ
മധുരസ്വരധാര
ഒഴുകിവന്നെന്റെ
കൈപിടിക്കുന്നു
മെല്ലെയൊഴുകുന്നു
പുഴയിലൊഴുകുമൊരു
പൂവുപോലെ ഞാൻ
തേടിപ്പോകുന്നാ-
പ്പാട്ടുകാരിയെ.
കണ്ടു ഞാനവളെ
ഉൾവനത്തിലായ്
പൂത്തുനിൽക്കുമൊരു
സ്വർണവാകപോൽ.
പാടുകല്ലവൾ,
പാമ്പിനെപ്പോലെ
മെയ്വഴക്കത്തിൽ
നർത്തനം ചെയ്കയാണവൾ.
മഴത്തുള്ളികൾ
നഗ്നമേനിയിൽ
വീണുചിന്നിച്ചിതറവേ,
ലാസ്യഭാവങ്ങൾ
മിന്നിമിന്നിമറയുന്നുവോ?
പൂത്തുനിൽക്കുന്നു
കണ്ണിൽ രണ്ടിലും
കാമമൊരു
മലർവള്ളിയായ്
മാടിയെന്നെ വിളിച്ചവൾ
കൂടെച്ചേരുവാനാടുവാൻ -
മതിമറന്നു ഞാൻ
ചുവടുവെച്ചുപോയ്.
ഭ്രാന്തമായ് ഞങ്ങൾ
നർത്തനമാടി
തളർന്നുവീഴ്കയായ്
മലയിടുക്കിലായ്.
കോരിച്ചൊരിയുമെൻ
സ്നേഹമഴനന-
ഞ്ഞെത്രവേഗമവൾ
നിദ്രപുൽകുന്നു.
ചുണ്ടിണയിലൊരു
കുസൃതിച്ചിരിയുമായ്
നർത്തകിയിവൾ
ചായുറങ്ങുന്നെൻ
മേനിയിൽ നനു -
സ്പർശമായ് .
രാത്രിയേറുന്നു
മഴനിലച്ചു -
നിലാവുവീഴുന്നു
മെല്ലെയവളൊന്ന്
തേങ്ങിയോ,
കാൽച്ചിലങ്ക വിതുമ്പിയോ?
കാട്ടുചോലേ, നിൻ
കരളുചീന്തുന്ന
വികസനം, പേടി -
സ്വപ്നമായ് വന്നതോ ..?
ലാലു കെ ആർ

നഷ്ടസന്ധ്യകൾ
അമ്പലക്കുളമിതിൽ
സന്ധ്യ മയങ്ങുന്നു
ആമ്പലുകൾക്കിടയി
ലൂടക്കരെയിക്കരെ
നീളുന്ന ജലവഴിയിൽ
നീന്തിത്തുടിക്കുന്നു
കുസൃതിക്കുരുന്നുകൾ
ഓളപ്പരപ്പിൽ
കുരുന്നുകൾക്കൊപ്പം
പൂപിടിച്ചാടിയീ -
യാമ്പൽച്ചെടികളും .
കരകളിൽ
കാട്ടുചെത്തിപ്പടർപ്പിന്നു
താഴെക്കുളക്കോഴി
മക്കളേയുംകൂട്ടി -
ക്കീർത്തനം ചൊല്ലുന്നു
കുളക്കടവിൽ
ഞാവലുമിലഞ്ഞിയും
പൂക്കുന്നു കായ്ക്കുന്നു
ചില്ലയിൽ  പാടുന്നു
കുയിലുകൾ
അണ്ണാറക്കണ്ണന്മാർ
നൃത്തംചവിട്ടുന്നു
ചാഞ്ഞഞാവൽമര
ക്കൊമ്പുകുലുങ്ങുന്നു
മുങ്ങാംകുഴിയിട്ട്
കുഞ്ഞുങ്ങൾ
ഞാവൽക്കാ തെരയുന്നു.
തിര്യെ നടക്കുക
ഓർമ്മകൾ തേങ്ങലുകൾ
കണ്ണേ...., മടങ്ങുക
ഇന്നുകാതോർത്തു
നിന്നാൽ കേൾക്കാ-
മൊരാമ്പൽക്കുളത്തിന്റെ  തേങ്ങലുകൾ,
രണ്ടുനിലക്കമ്മറ്റി
യാപ്പീസിനുള്ളിൽ
ലാലു കെ ആർ

ദയാവധം
ലക്ഷ്മി
ഞങ്ങൾ
മാത്രമുള്ള രാത്രികളിൽ
എനിക്ക് എന്ത് പേടിയാണെന്നോ,
വാതിലടച്ചു കുറ്റിയിട്ടും
ജനലടച്ചില്ലേയെന്ന് തപ്പിയും
സന്ധ്യതൊട്ടേ ഞാൻ
മുറിയാകെ പരുങ്ങിപ്പരുങ്ങി നടക്കും.
നാളെ
രാത്രിയാവാൻ പോകാണല്ലോയെന്ന്
തലേന്ന് കിടക്കുമ്പോഴേ ഓർക്കും.
ടോർച്ച് കൈയെത്താത്തിടത്ത്
ഒളിപ്പിക്കും
വിളക്കെല്ലാം കെടുത്തും
ഉറങ്ങാൻ കിടക്കും.
ഇന്ന്
രാത്രിയാവാൻ പോവാണല്ലോയെന്ന്
ഓർത്തുകൊണ്ട് ഉണരും.
അരിവാർക്കുമ്പോൾ
കൈപൊള്ളിക്കും,
കഞ്ഞിവെള്ളം ചുടുന്നനെ
വയറ്റത്ത് വീഴും,
വേണ്ട തീ കൊണ്ട് വേണ്ട-
എന്ന് ഉറപ്പിക്കും.
ടെറസ്സിൽ കേറി
കൊണ്ടാട്ടമുണക്കാനിടുമ്പോൾ
താഴേക്ക് നോക്കിപ്പോവും
ഒറ്റവീഴ്ചക്ക് തീരുമെന്ന് ഉറപ്പിക്കും,
കൈവഴുക്കിയതിന്
കാരണം തിരയും
ഓരോന്നോരോന്നായി സങ്കൽപ്പിക്കും,
സങ്കൽപ്പത്തിൽ
ഏഴ് തവണ മരിപ്പ് കാണും,
നെഞ്ച് വിങ്ങും,
വെപ്രാളപ്പെട്ട് പടിയിറങ്ങുമ്പോൾ
കാലുതെന്നിപ്പോവും -
താഴെവീഴരുത് എന്നുറപ്പിക്കും.
രാത്രി
ചപ്പാത്തിപ്പരത്തുമ്പോൾ
വട്ടത്തിൽ വരണമെന്ന്
വാശിതോന്നും,
എന്നത്തേയും പോലെയാണിന്നുമെന്ന്
പിറുപിറുക്കും
ഉള്ളിയരിഞ്ഞ്
കൈമുറിക്കും -
വയ്യ, കത്തികൊണ്ട് വയ്യെന്ന്
കണ്ണ് നീറും.
ഞങ്ങൾ
മാത്രമുള്ള രാത്രികളിൽ
വല്ലാത്ത തിടുക്കം തോന്നും.
പാത്രമൊക്കെ കഴുകിയെന്ന്
വരുത്തും
കമിഴ്ത്തിവെയ്ക്കും
അടുക്കള തൂക്കും,
മുറിയിൽ കടക്കാനറയ്ക്കും,
വെള്ളമെടുത്ത് വെക്കാൻ
മറന്നതിൽ ദേഷ്യംവരും
കുടിച്ചതൊന്നും മതിയായില്ലേയെന്ന്
സ്വയം പ്രാകും,
അടുത്ത് പോയി കിടക്കും.
ഇരുട്ടത്ത്
കിടക്കുമ്പോൾ
സന്ധ്യയ്ക്ക് പൂശിക്കൊടുത്ത
ക്യൂട്ടിക്കൂറയുടെ മണം വരും,
കൈനീട്ടിനോക്കുമ്പോൾ
തലേന്നിടീച്ച വളയിൽ തൊടും,
ഉയർത്തിവെക്കുമ്പോൾ
നെഞ്ചിൽ തട്ടും
ബട്ടണിട്ടില്ലെങ്കിൽ കഫംകെട്ടുമല്ലോയെന്ന്
ഓർക്കും,
മഞ്ഞപ്പൂമ്പാറ്റയെ തുന്നിയ
വെള്ളക്കോളറിൽ വെച്ച് ഇടറും,
കൈവലിക്കും.
-വയ്യ കൈകൊണ്ടമ്മയ്ക്ക് വയ്യയെന്ന്
തലയ്ക്കടിക്കും.

മൗനം
മൗനം നമ്മളിൽ
പെയ്തിറങ്ങിയ നേരം ,
ഇടകളും വിടവുകളുമില്ലാത്തൊരു
ലയനം.
ആത്മാവ് ആത്മാവിൽ
ലയിച്ച ശാന്തത .
അദൃശ്യമായൊരു മേഘത്തേരിൽ
അകലങ്ങളിലിരുന്ന്
ഒന്നായി യാത്ര ചെയ്യുന്നവർ .
കാലവും ദേശവും
ദൂരവും സമയവും
ജീവൻ നിലനിർത്താൻ
പാനം ചെയ്യുന്നത്
നമ്മുടെ മൗനമാണ് .
ആത്മാവുകൾ ഒന്നിച്ച
മൗന വാരിധി.
അവ പ്രാണവായുവാക്കുന്നത്
നമ്മുടെ മൗന നിശ്വാസങ്ങളാണ് .
അല്ലയോ ... പ്രിയനേ ..
എന്റെ മൗനം
എന്റെ വാക്കുകൾ
നിന്നിൽ സമാധിയടഞ്ഞതാണ്.
ഉടഞ്ഞുപോകാത്തൊരാ
വത്മീകത്തിൽ
നമ്മുടെ ആത്മാവുകൾ
രാപാർക്കട്ടെ ...
ഉദയങ്ങളും അസ്തമനങ്ങളും
തീർക്കുന്ന വർണരാജികളാൽ
രാപകലുകൾ ബന്ധിതമാകുമ്പോഴും
നമുക്കവിടെ നിന്നൊരുമിച്ച്
മൗനം ചിറകുകൾ
മുളപ്പിച്ച തേരിലേറി
പ്രപഞ്ചത്തിന്റെ അപാരതകൾ താണ്ടാം .
മഞ്ജുഷ പോർക്കുളത്ത്

ഹവ്വ ടെയിലേഴ്സ്
കടയുടെ വാതിൽ തുറക്കുന്നേരം
വിലക്കപ്പെട്ട കനികളുമായി
ഒരു പാണ്ടി ലോറി
ബ്രേക്കിട്ടു കഴിഞ്ഞിട്ടുണ്ടാകും.
അല്ലെങ്കിൽ, പാണ്ടിലോറിയുടെ
ശബ്ദം കാതുകളിൽ വല്ലാത്ത
ആസക്തിയോടെ ചൊറിച്ചിൽ
ഉണ്ടാക്കുമ്പോഴാണ്‌ ഹവ്വ
കട തുറക്കുന്നതെന്നും
മറിച്ചു ചിന്തിക്കാം.
ഹവ്വ ടെയിലേഴ്സ് ഒരു
ജനാധിപത്യസ്ഥാപനമാണ്‌.
.പാണ്ടിലോറിയിൽ നിന്ന്
വിലക്കപ്പെടലുകൾ
അണ്‍ ലോഡ് ചെയ്യുമ്പോഴേക്കും
കടയ്ക്കു മുന്നിൽ നഗ്നരുടെ
തിരക്കാവും.
ക്യൂ പാലിക്കുക എന്ന ബോർഡ്
ആരും ശ്രദ്ധിക്കാത്തതിൽ
ഹവ്വയ്ക്ക് പരിഭവമില്ല.
വിലക്കപ്പെട്ട കനിയാണ്
തിന്നരുത് എന്ന ബോർഡ്
വായിക്കാത്തതാണ്
ടെയിലേഴ്സ് ആൻഡ്‌ ബൊത്തീക്
തുടങ്ങാൻ നിമിത്തമായത്.
അതും സ്വർഗത്തിൽ നിന്നും
ഈഡൻ ഗാർഡൻസിലെക്കുള്ള
നാലുവരിപ്പാതയിൽ തന്നെ.
.എന്നും ലാത്തിച്ചാർജുണ്ടാകാനുള്ള
സാധ്യത കണക്കിലെടുത്ത് കട
തുറന്നാലാദ്യം ഹവ്വ
പോലീസുകാർക്കുള്ള യൂണിഫോം
ആദ്യമേ തയ്ച്ചുവയ്ക്കും.
ജലപീരങ്കിക്കുള്ള ഉറയും.
ലാത്തിച്ചാർജ്  ചെയ്യപ്പെടാനുള്ളവരെയും
ആരും കുറ്റപ്പെടുത്തുന്നില്ല.
അവരെ അസാന്മാർഗികളായോ
സംസ്കാരഹീനരായൊ
ബ്രാൻഡ്‌ ചെയ്യുന്നില്ല.
.അല്ലെങ്കിലും കടയ്ക്കു ചുറ്റും
തടിച്ചുകൂടി വിലക്കപ്പെടലുകൾക്കായി
മരണവെപ്രാളം കാണിക്കുന്നവർക്ക്
ഓരോ കനി വച്ച് നീട്ടുന്നതിൽപ്പരം
സംതൃപ്തി വേറൊന്നുമില്ലെന്നു
ഈയിടെ തോന്നിത്തുടങ്ങിയിട്ടുണ്ട്.
നാണം വന്നുകഴിയുമ്പോൾ
ഓരോരിടം മറച്ചുപിടിച്ചു
കടയ്ക്കകത്തേക്ക്  ഒരു
അലറിപ്പെയ്ത്തുണ്ട്.
.ഉവ്വ്,  മഴയ്ക്ക്‌ ഇത്രയും
സുതാര്യമായ പാവാട
തുന്നിയുടുപ്പിക്കാൻ
മറ്റാർക്ക് പറ്റും.
വി.ജയദേവ്

ഇന്നലെയെഴുതിയ 
ഒറ്റവരി പ്രളയം
മുങ്ങിത്താഴുന്ന താളിൽ
ഒഴുകിയകലുന്ന
രണ്ടു നെടുവീർപ്പുകൾ
എന്തൊരാഴമാണ്‌
നീലമഷിക്കുപ്പികൾ
പൊട്ടിക്കരയുമ്പോൾ
ഇതെന്തൊരകലമാണ്
മൗനമെടുത്തിട്ട്
തുഴകൾ തിരയുമ്പോൾ

വെള്ളമിറങ്ങുമ്പോൾ
ചത്തു പോയ വാക്കുകൾ
അടിഞ്ഞ് കൂടുമ്പോൾ
ആരൊക്കെയോ വന്ന്‌
കുഴി വെട്ടിമൂടും
ഒന്ന്  വന്നു നോക്കിയതാണ്
എന്ന് പറഞ്ഞു തീരും മുൻപേ
അസീസ് ഇബ്രാഹിം

ഇരകളുടെ വംശീയചിഹ്നങ്ങൾ
മഴയുടെ
സൈബർ കയറ്റങ്ങൾ
താണ്ടി
വിസമ്മതങ്ങളുടെ
അവധി
പ്രഖ്യാപിക്കുന്ന
ഞായ്യറിൽ
കുറ്റബോധത്താൽ
ഒരിക്കലും
ജനിച്ചിരുന്നില്ലങ്കിലോയെണ്
ഞാൻ
എന്നെത്തന്നെ
ചാരിവെച്ച്
ഒതുക്കത്തോടെ
പ്രാർത്ഥിക്കുന്നു
കരാറുകൾ തെറ്റിച്ച്
ഭംഗിയോടെ പകൽ
പിറക്കുന്നു
ഞാനിപ്പോൾ
വെയിലിന്റെ
മർദ്ദനമേറ്റ പാടുകൾ
അഴിച്ചിടുന്നു
ഇണചേർക്കപ്പെട്ട
ഒച്ചകളിലേക്ക്‌
കനമുള്ള
ചാട്ടകോണ്ടൊരു ഇടി
പിന്നെപ്പിന്നെ
ഒരലങ്കാരവുമില്ലാതെ
ജീവിതത്തിന്റെ
ശിരോവസ്ത്രമഴിക്കൽ
ഏതെങ്കിലുമൊരു
മുറിയിലേക്ക്
കൂടുമാറ്റം
ദഹിക്കപ്പെടാത്ത
സെക്കന്റുകൾ
കോടി നനച്ചിട്ട രാത്രികൾ
മലർന്നു കിടക്കണമെന്നും,
തിരിഞ്ഞു കിടക്കുണമെന്നും
അവർക്കൊന്ന്
കുളിക്കണമെന്നും
ഒരാൾകൂട്ടം
ആവർത്തിക്കുന്നു
ഞാൻ മാത്രം

കുളിക്കില്ലന്നറിഞ്ഞിട്ടും
ഷനിൽ

പെയ്തൊഴിയുമ്പോൾ
പെയ്തൊഴിഞ്ഞ മഴയിൽ
മരയഴികളിട്ട
ജനാലത്തിട്ടിലെ
ചാറൽ പരപ്പിൽ
വിരൽ ചിത്രം വരച്ച് ...
കാറ്റു കൊണ്ടെത്തന്ന
തൊടിയിലെ
നനഞ്ഞ പച്ചപ്പിന്റെ ഗന്ധം
ഹൃദയത്തിലേക്കെടുത്ത്
ഇറയത്തെ ഉരുളിയിൽ
ഇറ്റുവീഴും മഴതുള്ളിയുടെ
താളം മിടിപ്പായ് അറിഞ്ഞ്
ആടിയുലയും വൃക്ഷത്തലപ്പുകളെ
കണ്ണിമയ്ക്കാതെ നോക്കി
ചനു പിനു ബാക്കി വയ്ക്കും
ചെറു -ശബ്ദ നിശബ്ദതയെ
അബോധബോധത്തിലാക്കി
ഒടുവിൽ,,,
അടച്ചിട്ട
എന്റെ ഗ്രന്ഥശാല
തുറക്കുമ്പോൾ..
കാലാകാലങ്ങളായ്
തുറന്നു നോക്കാത്ത
പെരുത്ത പുസ്തകങ്ങളിൽ
അടിഞ്ഞുകൂടിയ പൊടി
മഴയിൽ കുതിർന്ന മണം.....
മഴ പെയ്തു പോയെങ്കിലെന്ത്?
ഒരിടത്തുമില്ലാത്ത
ഈ ഒരുമണത്തിനായ് മാത്രം
ഞാൻ തുറന്നടക്കുമെന്റെ
ഗ്രന്ധശാല: ......
അപ്പോഴേക്കും
വീണ്ടും എന്നിൽ
ഒരു മഴ
തുടങ്ങിക്കഴിഞ്ഞിരിക്കും .....
ശാന്തി പാട്ടത്തിൽ

ഗാന്ധിയുടെ ദുര്യോഗം(short story )
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണിപ്പുരയിൽ പുനർജ്ജനിച്ചതിന് ശേഷം ആദ്യമെങ്ങോട്ട് പോയി എന്നുള്ള കാര്യം ഗാന്ധിക്ക് അറിയില്ലായിരുന്നു. ചെറിയൊരു മയക്കത്തിന് ശേഷം  കണ്ണ് തുറന്നപ്പോൾ ധാരാവിയിലെ ഒരു തെരുവിൽ ആയിരുന്നു. നിശബ്ദത മാത്രം സ്നേഹിച്ചിരുന്ന ഗാന്ധിയുടെ കർണപടങ്ങളെ , തെരുവിന്റെ കലപില ശബ്ദം കുത്തി നോവിച്ചു. സുഗന്ധവ്യഞ്ജന വില്പനക്കാരൻ, ബാക്കി കൊടുത്തതിന്റെ കൂട്ടത്തിൽ ഗാന്ധിയും പെട്ടു. ആ നാറുന്ന ഷർട്ടിന്റെ നാറുന്ന കീശയിൽ അദ്ദേഹം വിശ്രമിച്ചു, വിയർപ്പിന്റെയും പാനിന്റെയും കൂടി കലർന്ന മണം, ഇന്ത്യൻ ട്രെയിനിലെ  സെക്കന്റ് ക്ലാസ് ബോഗികളിൽ തുപ്പി നിറക്കുന്ന  സാമാന്യമര്യാദ പോലും ഇല്ലാത്തവരെ  കുറിച്ച് എന്റെ സത്യന്യേഷണ പരീക്ഷണങ്ങളിൽ എഴുതിപിടിപ്പിച്ചതാണ് അദ്ദേഹത്തിന് ഓർമ്മ വന്നത്. ആഞൊന്ന് ശ്വാസമെടുക്കണം എന്ന് തോന്നിയെങ്കിലും ശ്രമിച്ചില്ല, ഗാന്ധിയുടെ ഉടമസ്ഥൻ നേരെ പോയത് പുണ്യവതികൾ കൂട്ടമായി താമസിക്കുന്ന റെഡ് സ്ട്രീറ്റിലേക്കാണ്. ജീവിച്ചിരിക്കുമ്പോൾ  ഒരിക്കലും എത്തിപ്പെടാൻ  ആഗ്രഹിക്കാത്ത സ്ഥലത്താണ് താൻ ഇപ്പോൾ വന്ന്ചേർന്നത് എന്നദ്ദേഹം  ചിന്തിച്ചു. തിളങ്ങുന്ന വസ്ത്രങ്ങളിൽ ആ തിളങ്ങാത്ത കണ്ണുകളെ ഗാന്ധി കണ്ടു, ഋതുഭേദങ്ങളില്ലാതെ കാമം ആളികത്തിക്കുന്ന  ദൈവത്തിന്റെ സ്വന്തം സൃഷ്ടികളെ അദ്ദേഹം പുച്ഛത്തോടെ സ്മരിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ, ആ കർമ്മത്തിന്റെ പ്രതിഫലത്തിൽ താൻ ഉൾപെടാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഗാന്ധി കീശയുടെ ഉള്ളിലേക്ക് വലിഞ്ഞു. വിധി അന്നും എതിരായിരുന്നു. ഇപ്പോൾ നമ്മുടെ മഹാത്മാവ് അവളുടെ വിയർപ്പു നാറിയ ബ്ലൗസിനുള്ളിളാണ്. വരും ദിനങ്ങളിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് കൊള്ളിവെപ്പുകാരന്റെയും കള്ളകടത്തുകാരന്റെയും കൈകാളാണ്.അതെ  ദുര്യോഗം, ഗാന്ധിയുടെ ദുര്യോഗം.

സുരjith