23-05

ലോക സാഹിത്യത്തിൽ   ഇന്ന്
കാളിദാസൻ

പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായകാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.

🔆ജീവിതകാലം🔆
കാളിദാസൻ ജീവിച്ചിരുന്ന കാലം ക്രിസ്തുവിനു മുൻപ്‌ രണ്ടാം നൂറ്റാണ്ടുമുതൽ ക്രിസ്തുവിനു പിൻപ് ആറാം നൂറ്റാണ്ടുവരെ ആരോപിക്കപ്പെട്ടിരിക്കുന്നു. കൃത്യമായ കാലം ഏതെന്ന കാര്യത്തിൽ പലപണ്ഡിതന്മാർക്കും പല അഭിപ്രായമാണുള്ളത്‌. അക്കാലത്തെ ലിഖിത ചരിത്രത്തിൽ ഏറിയ പങ്കും ഇന്ന് അവശേഷിക്കാത്തതു വിക്രമാദിത്യ മഹാരാജാവിന്റെ സഭാംഗമായിരുന്നു കാളിദാസൻ എന്ന ഐതിഹ്യത്തെ മുഖവിലക്കെടുത്താൽ തന്നെ, ഇരുവരുടേയും കാലശേഷം വിക്രമാദിത്യൻ എന്നും കാളിദാസൻ എന്നുo പറയുന്നത്‌ ഒരു ബിരുദമോ, വിശേഷണമോ എന്ന നിലയിലേക്കുയർന്നിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ ശരിയായ കാലം കണ്ടെത്താനും കഴിയുകയില്ല.

പ്രസിദ്ധ പണ്ഡിതനായ ഹിപ്പോലിട്ട്‌ ഫെനജ്‌ കാളിദാസൻ ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതുന്നു. ലേസൽ എന്ന മറ്റൊരു പാശ്ചാത്യ പണ്ഡിതനാകട്ടെ കാളിദാസൻ ക്രി. പി. മൂന്നാം നൂറ്റാണ്ടാണ്‌ കാളിദാസന്റെ കാലഘട്ടം എന്നാരോപിക്കപ്പെട്ടിരിക്കുന്നു. ശ്രീ കെ. ബി. പാഠക്‌ പറയുന്നതനുസരിച്ച്‌ ക്രി. പി. അഞ്ചാം നൂറ്റാണ്ടിൽ കാളിദാസൻ ജീവിച്ചിരുന്നു. ഫെർഗൂസൻ, മാക്സ്‌മുള്ളർ മുതലായവരുടെ അഭിപ്രായത്തിൽ കാളിദാസൻ ക്രി. പി. ആറാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌.

ബഹു ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായപ്രകാരം കാളിദാസൻ വിക്രമാദിത്യന്റെ സദസ്യനാണ്‌. വിക്രമാദിത്യൻ ശാകന്മാരെ തോൽപ്പിച്ച്‌ ക്രി. മു അമ്പത്തേഴിൽ വിക്രമവർഷം ആരംഭിച്ചു. വിക്രമാദിത്യൻ ഒരു കാവ്യമർമ്മജ്ഞൻ ആയതുകൊണ്ട്‌ കാളിദാസൻ വിക്രമാദിത്യ സദസ്സിലുണ്ടാകാൻ വഴിയുണ്ട്‌. ശൈവ മതക്കാരനായ രാജാവായ വിക്രമാദിത്യന്റെ സദസ്യനായതുകൊണ്ടാകണം കാളിദാസൻ തന്റെ കൃതികളിൽ ശിവനെ ആരാധിക്കുന്നത്‌. മാളവികാഗ്നിമിത്രം എന്ന തന്റെ കൃതിയിൽ ക്രി.മു ഒന്നാം നൂറ്റാണ്ടിലെ പല തത്ത്വങ്ങളും ഭരതനെ കൊണ്ടു പറയിക്കുന്നുണ്ട്‌. അക്കാലത്തെ രാജാവായിരുന്ന അഗ്നിമിത്രനെ നായകനാക്കിയതുകൊണ്ടും കാളിദാസനും സമ കാലികനായിരുന്നു എന്നു അനുമാനിക്കാം.

എന്തായാലും ക്രി. പി ആറാം നൂറ്റാണ്ടിനു ശേഷമല്ല കാളിദാസൻ ജീവിച്ചിരുന്നത്‌, കാരണം ആറാം നൂറ്റാണ്ടിലെ ഐഹോളയിലെ ശിലാലേഖനത്തിൽ കാളിദാസനെ വ്യക്തമായി പരാമർശിക്കുന്നുണ്ട്‌.

🔆ജീവിത സ്ഥലം🔆
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള പല സ്ഥലങ്ങളും കാളിദാസന്റെ സ്വദേശങ്ങളായി പലരും അഭിപ്രായപ്പെടുന്നു. എങ്കിലും പൊതുവേയുള്ള നിഗമനം ഉജ്ജയിനി(അവന്തി) ആണ്‌ കാളിദാസന്റെ ജീവിതസ്ഥലം എന്നാണ്‌. കാശ്മീരും കവിയുടെ സ്വദേശമായി ചില പണ്ഡിതർ ആരോപിക്കുന്നുണ്ടെങ്കിലും ഉജ്ജയിനിക്കായി ശ്ലോകങ്ങൾ തന്നെ മാറ്റിവച്ച കവി കാശ്മീരിനെ അപൂർവ്വമായി പരാമർശിക്കുന്നതെന്ത്‌ എന്ന ചോദ്യമുയരുന്നു. അദ്ദേഹം വർണ്ണിക്കുന്ന ഭൂപ്രകൃതിയും അന്തരീക്ഷവുമെല്ലാം ഉജ്ജയിനിക്കു സമാനമാണ്‌. കാളിദാസകൃതികളിൽ ഉജ്ജയിനീ പക്ഷപാതം സുവ്യക്തമാണ്‌. ഉജ്ജയിനിയിലേയും സമീപപ്രദേശങ്ങളിലേയും ഐതിഹ്യങ്ങളും പർവ്വതങ്ങളുടെ പേരുകളുമെല്ലാം കവിക്കറിയാം. മേഘസന്ദേശത്തിലുംഋതുസംഹാരത്തിലും കവി വിന്ധ്യനിലെ പല പ്രദേശങ്ങളും വർണ്ണിച്ചിരിക്കുന്നു. കാളിദാസൻ വിക്രമാദിത്യസദസ്യനായിരുന്നു എന്നും വിക്രമാദിത്യന്റെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു എന്നും ഉജ്ജയിനിയിൽ വിക്രമാദിത്യൻ ഒരു കാളീക്ഷേത്രം പണികഴിപ്പിച്ചിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്‌.

🔆ആസ്വാദനo🔆
പണ്ഡിത-പാമര ഭേദമില്ലാതെ ആർക്കും ആസ്വദിക്കാവുന്നവയാണ്‌ കാളിദാസകൃതികൾ. തത്ത്വവിചാരങ്ങൾക്കും, ശാസനകൾക്കുമപ്പുറം കവിയുടെ ഭാവനാവിലാസമാണ്‌ അവയിൽ കാണാൻ കഴിയുക. തനിക്കു ദേശാടനത്തിലൂടെയും ലോകനിരീക്ഷണത്തിലൂടെയും ലഭിച്ച അറിവാണ്‌ കവി തന്റെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ്‌ നിരൂപകരുടെ അഭിപ്രായം.

🔆ശാസ്ത്രാവബോധം🔆
വേദം, വേദാന്തം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, നീതിശാസ്ത്രം, തർക്കശാസ്ത്രം എന്നിവയിൽ കാളിദാസനു വ്യക്തമായ അവബോധമുണ്ടായിരുന്നു. അഭിജ്ഞാനശാകുന്തളം വേദം, വേദാന്തം, രാഷ്ട്രീയം, നീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ സ്പർശിക്കുന്നു. മേഘസന്ദേശത്തിൽ ഭൂമിശാസ്ത്രജ്ഞാനവും, പ്രകൃതിനിരീക്ഷണവും പ്രകടമാകുന്നു. കുമാരസംഭവം കവിക്കു പുരാണങ്ങളോടുള്ള പ്രതിപത്തി പ്രതിഫലിക്കുന്നു.

ദേശാടനത്തിലൂടെ ലഭിച്ച അറിവുകൊണ്ടാകണം കവി തന്റെ കാവ്യങ്ങളിലെല്ലാം ഭൂവർണ്ണന നടത്തിയിട്ടുള്ളത് . കുമാരസംഭവത്തിലും രഘുവംശത്തിലും കവി ഹിമാലയത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു. മേഘസന്ദേശത്തിലാകട്ടെ രാമഗിരി മുതൽ അളകാനഗരി വരെയുള്ള വഴി യക്ഷൻ മേഘത്തിനു വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്‌.

തർക്കശാസ്ത്രസംബന്ധമായ വിഷയങ്ങളും കവി മേഘസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്‌.

🔆പ്രകൃത്യാവബോധം🔆
പ്രകൃത്യുപാസകനായ കാളിദാസൻ, തന്റെ കൃതികളിൽ വലിയൊരു ഭാഗം പ്രകൃതി വർണ്ണനക്കായി നീക്കിവച്ചിരിക്കുന്നു. മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തിൽ ഉൾക്കൊണ്ടിരുന്ന കവിയാണ്‌ കാളിദാസൻ എന്നാണ്‌ കാളിദാസകൃതികളെ ആഴത്തിൽ പഠിച്ചവരുടെ അഭിപ്രായം. മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം എന്നിവയിൽ കവിയുടെ പ്രകൃതി വർണ്ണന കൂടുതൽ കാണാം.

പ്രകൃതിവർണ്ണനയിൽ കാളിദാസനെ അതിശയിക്കുന്നത് മാഘൻ എന്ന കവി മാത്രമാണെന്ന് പറയപ്പെടുന്നത്‌.

🔆സൗന്ദര്യാവബോധo🔆
സുന്ദരമായ എന്തിനേയും വർണ്ണിക്കുക എന്നതായിരുന്നു കാളിദാസന്റെ ശൈലി. യുവതികളെ വർണ്ണിക്കുന്നതിൽ കാളിദാസൻ അദ്വിതീയനാണ്‌. മേഘസന്ദേശം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം മുതലായവയിൽ കവി തന്റെ ഈ കഴിവു പ്രകടിപ്പിച്ചിരിക്കുന്നതായി കാണാം. അലൗകിക സൗന്ദര്യത്തെ വർണ്ണിക്കാനുള്ള കാളിദാസന്റെ കഴിവിനെ നിരൂപകർ ഏറെ പ്രശംസിച്ചിട്ടുണ്ട്‌. സൗന്ദര്യസാക്ഷാത്കാരം അനുവാചകന്റെ ഹൃദയത്തിലാണ്‌ എന്നതാണത്രെ കാളിദാസന്റെ പക്ഷം.

💓പ്രേമാവബോധം💓
പ്രേമാദർശത്തെ വളരെ ശ്രേഷ്ഠമായി കണക്കാക്കുന്ന കവിയാണ് കാളിദാസൻ. മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതിൽ കാളിദാസന്റെ പങ്കു ചെറുതല്ല. പൂർവ്വകഥയേക്കാളും പ്രസിദ്ധി പുതിയ കഥയ്ക്കു ലഭിക്കുകയും ചെയ്തിരിക്കുന്നു.

🍬വർണ്ണനാപാടവം🍬
കാളിദാസകൃതികൾ മുഴുവനും തന്നെ വർണ്ണനകളാൽ നിറഞ്ഞിരിക്കുന്നു. പ്രധാനമായും ഉപമയാണ്‌ കവി വർണ്ണനക്കുപയോഗിക്കുന്നത്‌. "ഉപമാ കാളിദാസസ്യ" എന്നാണല്ലോ പുരാതന കാലം മുതലേ പറഞ്ഞു വരുന്നത്‌. വിവിധ തരത്തിലുള്ള ഉപമാന ഉപമേയങ്ങൾ കൊണ്ട്‌ തന്റെ കൃതികളെ വളരെ ഉയർന്ന ഒരു തലത്തിലേക്കുയർത്താൻ കവിക്കു കഴിയുന്നുണ്ടെന്നതാണ് വലിയ സവിശേഷത.


മേഘസന്ദേശം  
☁🌥☁☁🌥🌥🌈
കാളിദാസന്റെ ഒരു കാവ്യമാണ് മേഘദൂതം. മേഘസന്ദേശം എന്ന് പരക്കെ അറിയപ്പെടുന്ന ഇത് സന്ദേശകാവ്യം എന്ന വിഭാഗത്തിൽപ്പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേർപെട്ടു കഴിയേണ്ടി വരുന്ന കാമുകീ-കാമുകന്മാരുടെ വിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയും.

🔆കഥ🔆
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ.   ആഷാഢമാസത്തിലെ ആദ്യദിവസം അയാൾ താഴ്വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി.("കൊമ്പു കുത്തിക്കളിക്കാനൊരുമ്പെടും,കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു. മലകൾ അയാൾക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും, വേനലിൽ വരണ്ട നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു.

ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

'ജ്ഞാനപീo'ജേതാവായ മലയാളകവി ജി ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നൽകിയിട്ടുണ്ട്.ദ്രാവിഡ വൃത്തത്തിലുള്ള തിരുനല്ലൂർകരുണാകരൻറെ പരിഭാഷ
 സുപ്രസിദ്ധമാണ്...മേഘസന്ദേശം എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയും തർജ്ജമ ചെയ്തിട്ടുണ്ട്


അഭിജ്ഞാനശാകുന്തളം
മഹാഭാരതം ആദിപര്‍വത്തിന്റെ ഒരു ഉപവിഭാഗമായ സംഭവപര്‍വത്തില്‍ പ്രതിപാദിതമായ ശുകുന്തളോപാഖ്യാനത്തിലെ ഇതിവൃത്തത്തെ ആധാരമാക്കി കാളിദാസന്‍ രചിച്ച സംസ്കൃതനാടകം. സംഭവപര്‍വത്തിലെ 68 മുതല്‍ 74 വരെയുള്ള ഏഴധ്യായങ്ങളില്‍ 326 ശ്ളോകങ്ങളിലായാണ് വ്യാസന്‍ ശകുന്തളാ-ദുഷ്യന്ത കഥ വിവരിച്ചിട്ടുള്ളത്. പദ്മപുരാണത്തിലും ഈ കഥ കാണുന്നുണ്ട്. അഭിജ്ഞാനശാകുന്തളത്തിലും പദ്മപുരാണത്തിലുമുള്ള കഥാഘടന ഏതാണ്ട് സമാനരീതിയില്‍ ആയിരിക്കുന്നതിനാല്‍, കാളിദാസന്‍ ഈ സംവിധാനം പുരാണത്തില്‍ നിന്ന് സ്വീകരിച്ചോ, അതോ പുരാണം കാളിദാസനെ അനുകരിക്കയായിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ചില സംശയങ്ങള്‍ വച്ചുപുലര്‍ത്തുന്നു (രഘുവംശാന്തര്‍ഗതമായ ശ്രീരാമകഥയ്ക്കും പദ്മപുരാണത്തിലെ രാമായണാഖ്യാനത്തിനും പ്രകടമായ ചില സാമ്യങ്ങളുണ്ട്). ഇതിന്റെ പരമാര്‍ഥം എങ്ങനെയിരുന്നാലും വ്യാസപ്രണീതമായ ബൃഹത്തായ ഇതിഹാസത്തില്‍, കേവലം അസംസ്കൃത ലോഹമായി കിടന്ന ഈ പ്രാചീനേതിവൃത്തം കാളിദാസന്റെ ഊര്‍ജസ്വലമായ കല്പനാമൂശയില്‍ക്കൂടി പുടപാകം ചെയ്യപ്പെട്ട് പുറത്തുവന്നപ്പോള്‍ കാന്തിയും മൂല്യവുമിയന്ന മികച്ച ഒരു കനകശലാകയായിത്തീര്‍ന്നു.

ഭാരതകഥ
ശകുന്തളാ-ദുഷ്യന്തന്‍മാരുടെ പുത്രനായ ഭരതന്‍മൂലം രാജ്യത്തിന് 'ഭാരതം' എന്ന പേരു കിട്ടിയതും, 'മേലും കീഴുമെഴും ഭൂപര്‍ ഭാരതന്‍മാര്‍' എന്നറിയപ്പെടാന്‍ ഇടയായതും ആയ പൂര്‍വകഥ വൈശമ്പായനന്‍ ജനമേജയന് വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് വ്യാസഭാരതത്തില്‍ ഈ ആഖ്യാനത്തിന്റെ സംവിധാനം. പൌരവന്‍മാരുടെ വംശകരനും വീരനുമായ ദുഷ്യന്തമന്നവന്‍ 'പാരാവാരം ചൂഴുവോരു പാരാകെ' കാത്തകാലത്താണ് ഈ കഥ നടന്നതെന്നല്ലാതെ, അന്ന് ഈ രാജ്യത്തിന് 'ഭാരതവര്‍ഷം' എന്ന പേരുണ്ടായിരുന്നില്ല എന്ന് ഈ ആമുഖ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.

ദുഷ്യന്തരാജാവ് ഒരിക്കല്‍ ആനപ്പുറത്തു കയറി നായാട്ടിനായി തിരിക്കുകയും പൈദാഹശ്രമമാര്‍ന്ന് ഒരു പുണ്യാശ്രമസ്ഥലത്തെത്തിച്ചേരുകയും ചെയ്യുന്നു. അവിടെ കാശ്യപാശ്രമമാണെന്നു കണ്ട് അദ്ദേഹം സേനകളെ പുറകില്‍ നിര്‍ത്തി, തനിയെ ഉടജാങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ മുനി അവിടെ ഇല്ലായിരുന്നു; പക്ഷേ, 'പൊല്‍ത്താര്‍മാതൊത്ത' ഒരു കന്യക അവിടെ എത്തി രാജകീയാതിഥിയെ അര്‍ഘ്യപാദ്യാദികള്‍കൊണ്ടു സല്ക്കരിച്ച് സ്വീകരിച്ചു. താതകണ്വന്‍, കായ്കനികള്‍ ശേഖരിക്കാന്‍ പുറത്തു പോയിരിക്കുകയാണെന്ന് അവള്‍ രാജാവിനെ അറിയിച്ചപ്പോള്‍ ഊര്‍ധ്വരേതസ്സായ (നൈഷ്ഠിക ബ്രഹ്മചാരിയായ) കണ്വമുനിക്ക് പുത്രി ഉണ്ടോ എന്നറിയാനുള്ള കൌതുകം രാജാവിനുണ്ടായി. വിശ്വാമിത്രമഹര്‍ഷിയുടെ തപോഭംഗത്തിന് നിയുക്തയായ മേനകയ്ക്ക് അദ്ദേഹത്തില്‍ ജനിച്ച പുത്രിയാണ് താനെന്നും, മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് 'വിജനാടവിയില്‍ ചുറ്റും ശകുന്തങ്ങള്‍' കാത്തതുകൊണ്ട് തനിക്ക് 'ശകുന്തള' എന്നു പേരുകിട്ടിയെന്നും ഉള്ള വസ്തുത ആ ആശ്രമകന്യക രാജാവിനെ അറിയിച്ചു 'സിംഹവ്യാഘ്രാകുലമായ മഹാവന'ത്തില്‍ നിന്നും തന്നെ കണ്വന്‍ കണ്ടെടുത്തു വളര്‍ത്തുകയാല്‍ താന്‍ അദ്ദേഹത്തെ അച്ഛനായി കരുതിവരികയാണെന്നും അവള്‍ തുടര്‍ന്നു പറഞ്ഞു.

പ്രഥമദര്‍ശനത്തില്‍തന്നെ ശകുന്തളയില്‍ പ്രേമാധീനനായ ദുഷ്യന്തന്‍, അവളെ ഗാന്ധര്‍വവിവാഹം ചെയ്യുകയും അവളോടൊത്ത് ഏതാനും നാള്‍ ആശ്രമത്തില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. എന്നാല്‍ തനിക്കുണ്ടാകുന്ന പുത്രനെ ദുഷ്യന്തനുശേഷം രാജാവായി വാഴിക്കാമെന്ന് ഒരു വാഗ്ദാനം അദ്ദേഹത്തില്‍നിന്ന് വാങ്ങിയതിനുശേഷമേ ശകുന്തള അദ്ദേഹത്തിനു വിധേയയായുളളു. താന്‍ തിരിച്ചുചെന്ന്, അവളെ രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ചതുരംഗപ്പടയെ അയ്ക്കാമെന്ന് ഏറ്റതിനുശേഷം, മഹര്‍ഷി ഈ കഥകളറിയുമ്പോള്‍ എന്തുവിചാരിക്കുമോ എന്ന ആശങ്കപൂണ്ട്, ദുഷ്യന്തന്‍ നാട്ടിലേക്കു മടങ്ങി.

ആശ്രമത്തില്‍ തിരിച്ചെത്തി വിവരങ്ങളെല്ലാം ഗ്രഹിച്ച കണ്വമുനി, പുത്രിയെ അനുഗ്രഹിച്ചതേയുള്ളു. ഇതിനകം ഗര്‍ഭിണിയായിത്തീര്‍ന്നിരുന്ന ശകുന്തള യഥാകാലം ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ വന്യമൃഗങ്ങളെ പിടിച്ചിണക്കുന്നതില്‍ അസാധാരണ വിക്രമം കാണിച്ച ആ കുമാരന് നല്കപ്പെട്ട പേര് സര്‍വദമനന്‍ എന്നായിരുന്നു. കുട്ടിക്ക് ആറു വയസ്സാകുംവരെ ആശ്രമത്തില്‍ തന്നെ വളര്‍ന്നു. രാജാവിന്റെ പക്കല്‍ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതിനാല്‍ പുത്രിയേയും ദൌഹിത്രനേയും ദുഷ്യന്തസന്നിധിയിലേക്കയയ്ക്കാന്‍ മഹര്‍ഷി തീരുമാനിച്ചു. യൌവരാജാഭിഷേകത്തിന് കുട്ടിക്ക് കാലമായി എന്നറിഞ്ഞ് കണ്വന്‍ ഏതാനും ശിഷ്യന്‍മാരുടെ അകമ്പടിയോടുകൂടി അമ്മയേയും മകനേയും രാജധാനിയിലേക്കയച്ചു. അവരെ അവിടെ വിട്ടിട്ട് മുനികുമാരന്‍മാര്‍ ആശ്രമത്തിലേക്കു തിരിച്ചുപോന്നു.

നേരത്തെ തന്നോടു ചെയ്തിരുന്ന പ്രതിജ്ഞ ഓര്‍മിപ്പിച്ചുകൊണ്ട്, പുത്രനെ ദുഷ്യന്തന്റെ മുന്നില്‍ ശകുന്തള സമര്‍പ്പിച്ചു. ദുഷ്യന്തനാകട്ടെ, പഴയ സ്മരണകളെ മറച്ചുവച്ചുകൊണ്ട്, 'ദുഷ്ടതാപസി' എന്നു വിളിച്ച് അവളെയും കുട്ടിയേയും ആട്ടിപ്പായിക്കാനാണ് ഒരുമ്പെട്ടത്. 'നാണവും ദുഃഖവുംകൊണ്ട് ചൊടിച്ച്, കണ്ണുചുവന്ന്, ചൊടിയും വിറച്ച് ചഞ്ചലചിത്തയായിനിന്ന് അവള്‍ പല പരുഷവാക്കുകളും അവിടെവച്ചു പറഞ്ഞു. പക്ഷേ, 'അറിയുന്നീല ഞാന്‍ നിന്നില്‍ പുത്രോത്പത്തി, ശകുന്തളേ' എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയതേയുള്ളു. ശകുന്തള മാത്രമല്ല, അവളുടെ അമ്മയായ മേനകയും വ്യഭിചാരിണിയാണെന്ന് ഭര്‍ത്സിച്ചുകൊണ്ട് അവളെ പുറത്താക്കാന്‍ ഒരുങ്ങിയ ദുഷ്യന്തന്റെ നേര്‍ക്ക് ആ മുനികന്യക ക്രുദ്ധയായി; 'നീ കൈവിട്ടാലും ആഴിചുറ്റിയ ഈ ഊഴിയെ എന്റെ മകന്‍ കാത്തുകൊള്ളും' എന്ന് ആക്രോശിച്ചുകൊണ്ട് സ്ഥലംവിടാന്‍ തീരുമാനിച്ച് അവര്‍ പുറത്തേക്ക് നീങ്ങി.

ശകുന്തള അകളങ്കയും പരിശുദ്ധയുമാണെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു അശരീരിവാക്യം, ഉടന്‍തന്നെ ആകാശത്തില്‍ മുഴങ്ങിക്കേട്ടു. സര്‍വദമനന്‍ ദുഷ്യന്തപുത്രനാണെന്നും അവനെ സ്വീകരിച്ച് യുവരാജാവാക്കണമെന്നും അവന്‍ ഭരതനെന്ന പേരില്‍ പ്രസിദ്ധന്‍ ആകുമെന്നും ഉള്ള ദിവ്യോക്തികേട്ട പൌരവന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകുന്നതിനുമുമ്പ്, തന്റെ പെരുമാറ്റത്തെ ഇങ്ങനെ നീതികരിച്ചു: 'ഇവന്‍ എന്റെ പുത്രനാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; ശകുന്തള പത്നിയാണെന്നും; പക്ഷേ, ഇക്കാര്യം അപരിചിതയായ ഒരു സ്ത്രീവന്ന് പരസ്യമായി രാജസഭയില്‍ പ്രസ്താവിക്കുന്ന ഉടനെ ഞാന്‍ ഇവരെ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വല്ലാത്ത സംശയം ഉണ്ടാകും; ഇവന് ശുദ്ധി കുറയുകയും ചെയ്യും.'

ഭരതനെ ദുഷ്യന്തന്‍ യൌവരാജാഭിഷേകം ചെയ്യുന്നതോടുകൂടി മഹാഭാരത്തിലെ ശകുന്തളോപാഖ്യാനം അവസാനിക്കുന്നു.

അഭിജ്ഞാനശാകുന്തള സംവിധാനം
💓💓💓💓💓💓💓💓💓💓💓💓
ഏഴങ്കങ്ങളിലായി കാളിദാസന്‍ നാടകരൂപത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുന്ന ശകുന്തളാ-ദുഷ്യന്ത കഥയെ അതിന്റെ അനുക്രമമായ അനാവരണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം. കണ്വാശ്രമം പശ്ചാത്തലമാക്കിയ ആദ്യത്തെ നാലങ്കങ്ങള്‍; രാജധാനിയില്‍ നടക്കുന്ന സംഭവങ്ങളടങ്ങിയ അഞ്ചും ആറും അങ്കങ്ങള്‍: കാശ്യപാശ്രമം സ്ഥിതി ചെയ്യുന്ന യക്ഷകിന്നരകിംപുരുഷാവാസമായ ഹേമകുടത്തില്‍ വച്ചുളള സുഖപര്യവസാനം വിവരിക്കുന്ന ഏഴാമങ്കം. ടാഗോര്‍ പറയുന്നതുപോലെ കാളിദാസ ശാകുന്തളത്തില്‍ രണ്ടു പ്രിയ സമാഗമങ്ങളുണ്ട്: ചേതോഹരമായ നവതാരുണ്യങ്ങളുടെ പ്രേമോദ്ദീപ്തമായ ആദ്യസംയോഗം കണ്വാശ്രമത്തില്‍; വിരഹത്തിനുശേഷം കാശ്യപാശ്രമത്തിലെ അഭൌമാന്തരീക്ഷത്തില്‍ വച്ചുള്ള വിധുരപുനസ്സമാഗമം രണ്ടാമത്തേത്. ഭൂമിയേയും സ്വര്‍ഗത്തേയും കൂട്ടിയിണക്കുന്ന പവിത്രമായ ഒരു കണ്ണിയാണ് ശാകുന്തളമെന്ന് ഗൊയ്ഥേ പറഞ്ഞതിന്റെ പ്രസക്തി രമണീയമായ ഈ കഥാഗുംഫനത്തില്‍ കാണാം.

നാടകത്തിലെ അങ്കംപ്രതിയുള്ള സംഭവഘടനയെ ഇങ്ങനെ സംക്ഷേപിക്കാം:

(1) കണ്വാശ്രമം. ശകുന്തളാ-ദുഷ്യന്തന്‍മാരുടെ പ്രഥമ ദര്‍ശനവും പ്രേമോദയവും; 
(2) രാജാവും മാഢവ്യ (വിദൂഷക)നും. രാജധാനിയില്‍നിന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് ദുഷ്യന്തന്‍ മാഢവ്യനെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നു;
 (3) ദുഷ്യന്തനും ശകുന്തളയും സ്വൈരമായി കണ്ട് കൂടുതല്‍ അടുക്കുന്നു; 
(4) ദുര്‍വാസശാപം. ഇതറിയാത്ത ശകുന്തളയെ കണ്വന്‍ പരിവാരങ്ങളോടുകൂടി രാജധാനിയിലേക്കയയ്ക്കുന്നു; 
(5) ദുഷ്യന്തന്റെ ശകുന്തളാനിരാസം;
 (6) ശകുന്തളയ്ക്ക് നഷ്ടപ്പെട്ട അഭിജ്ഞാനാംഗുലീയകം ദുഷ്യന്തന് തിരിച്ചുകിട്ടുന്നു. പൂര്‍വസ്മരണകളില്‍ മുഴുകിയ രാജാവിന്റെ വിലാപം; മാതലി വന്ന് അദ്ദേഹത്തെ ശത്രുനിഗ്രഹാര്‍ഥം സ്വര്‍ലോകത്തേക്ക് കൊണ്ടുപോകുന്നു; (7) സ്വര്‍ഗത്തില്‍ നിന്നും മടങ്ങുന്ന ദുഷ്യന്തന് ഹേമകൂടത്തില്‍വച്ച് ശകുന്തളയുമായി-പുത്രനുമായും-പുനസ്സമാഗമം ഉണ്ടാകുന്നു.

🔆മൂലകഥയില്‍ നിന്നുമുള്ള വ്യതിയാനങ്ങള്‍🔆
🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌
സാധാരണരീതിയിലുള്ള ഒരു പുരാണേതിവൃത്തത്തില്‍ നിന്നും സാമാന്യബുദ്ധിക്കും ലോകമര്യാദയ്ക്കും നിരക്കുന്ന ഒരു ഉത്കൃഷ്ടപ്രേമനാടകം മെനഞ്ഞെടുക്കുന്നതില്‍ കാളിദാസന്‍ പ്രകടിപ്പിച്ച കവിധര്‍മമര്‍മജ്ഞതയും ത്യാജ്യഗ്രാഹ്യ വിവേകവും സകല സാഹിത്യരസികന്‍മാരുടേയും ശ്ളാഘ ആര്‍ജിച്ചിട്ടുണ്ട്. ഇതിഹാസത്തിലെ വാചാലയെങ്കിലും ഋജുബുദ്ധിയായ ആ തപോവനകന്യക ലജ്ജാവതിയെങ്കിലും അന്തസ്സുറ്റ ഒരു പ്രൌഢനായികയായി പുനര്‍ജന്മം കൊള്ളുന്ന ചിത്രം അത്യന്തം നാടകീയതയോടും മനഃശാസ്ത്രാവബോധത്തോടുംകൂടി അഭിജ്ഞാനശാകുന്തളത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. പരിണീതയായ സ്വന്തം പ്രിയതമയെ തിരിച്ചറിയാന്‍, നയതന്ത്രപരമായ സമ്മര്‍ദംകൊണ്ട് മനഃപൂര്‍വം വിസമ്മതിക്കുന്ന നായകന്റെ സ്വാര്‍ഥപ്രവൃത്തിയെ കാളിദാസന്‍ ദുര്‍വാസശാപകഥകൊണ്ടു ലഘൂകരിക്കാന്‍ ശ്രമിച്ച് അദ്ദേഹത്തെ ആരോപണാതീതനായി ഉയര്‍ത്തുകയും ചെയ്യുന്നു. ബാഹ്യാവലോകനത്തില്‍ ശുഷ്കമെന്നു തോന്നുന്ന ഒരു പുരാണകഥയെ വിവിധ രസഭാവാകലിതമായ ഒരു നാടകമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയില്‍ വിശദാംശങ്ങളില്‍ പല വ്യതിയാനങ്ങളും വന്നുപോവുക സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ ജീവനില്‍ത്തന്നെ വരുത്തിയ ഏറ്റവും ശക്തമായ പ്രകാരഭേദമാണ് ദുര്‍വാസാവ് മഹര്‍ഷിയുടെ സന്ദര്‍ഭോചിതമായ സന്നിവേശം. തന്നില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച ദിവ്യമായ നിരപരാധിത്വത്തെ ക്രൂരമായി കുരുതി കൊടുക്കാനുള്ള നായകന്റെ ഉദ്യമം ഗുരുതരമായ കൃത്യവിലോപാരോപണത്തിന് ഇടകൊടുക്കാത്ത ദുരന്തമായ ഒരു വീഴ്ചയായി കാട്ടി, നായകസങ്കല്പത്തെ അന്യൂനമായി നിലനിര്‍ത്തുകയാണ് കാളിദാസന്‍ ഈ മുനിശാപംകൊണ്ട് ചെയ്തിട്ടുള്ളത്.

ഈ ശാപകഥയാകുന്ന തീക്ഷ്ണമഹസ്സിന്റെ ഉപഗ്രഹസ്ഥാനങ്ങളില്‍ ചില ലഘു വ്യതിയാനങ്ങള്‍ ശാകുന്തളത്തിന്റെ നാടകീയാവിഷ്കരണത്തില്‍ യഥാസ്ഥാനം അനൌചിത്യസ്പര്‍ശംകൂടാതെ കവി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ശാപത്തിനും ശാപമോക്ഷത്തിനുമെല്ലാം പശ്ചാത്തലമായി വര്‍ത്തിക്കുന്ന അഭിജ്ഞാനാംഗുലീയകം ശാകുന്തളത്തിലെ വെറുമൊരു അചേതന പദാര്‍ഥമല്ലതന്നെ. അഭിജ്ഞാന ശാകുന്തളം എന്ന പേരില്‍ക്കൂടി ശകുന്തളാകഥയ്ക്ക് താന്‍ നല്കിയ പുതിയ പരിവേഷത്തെക്കുറിച്ച് കാളിദാസന്‍ അനുവാചകരെ ഓര്‍മിപ്പിക്കുന്നു. അഭിജ്ഞാനത്തിന്-അടയാളം, തിരിച്ചറിവ്, ഓര്‍മ തുടങ്ങിയ അര്‍ഥങ്ങളെല്ലാം ഇതിന് യോജിക്കും-ആധാരമായ അംഗുലീയകമാണ് നാടകത്തിലെ പ്രതിസന്ധികള്‍ക്കും സംഘട്ടനങ്ങള്‍ക്കും നിര്‍വഹണത്തിനുമൊക്കെ വഴിതെളിക്കുന്നത്. കാളിദാസ ശാകുന്തളത്തിന്റെ മാറ്റുരച്ചു കാണിക്കുന്നതും ഈ മുദ്രാമോതിരംതന്നെയാണ്. ശക്രാവതാരതീര്‍ഥത്തില്‍വച്ച് ശകുന്തളയ്ക്ക് അതു നഷ്ടപ്പെടുന്നതും, ഒരു മത്സ്യത്തിന്റെ ഉള്ളില്‍ ഒരു മുക്കുവന്‍ അത് കണ്ടെടുക്കുന്നതും, ഒടുവില്‍ അത്, വിസ്മൃതിവശഗനായ രാജാവിന്റെ അന്തരംഗത്തില്‍ പൂര്‍വസ്മരണകളുടെ കൊള്ളിമീന്‍ പായിക്കാനിടയാക്കുന്നതുമെല്ലാം അനുപമനാടക കലാസിദ്ധികളുടെ ഉത്തമ നിദര്‍ശങ്ങളാണ്.

മഹാഭാരതത്തില്‍ യൌവരാജ്യാവകാശിയായ പുത്രനോടുകൂടിയാണ് ശകുന്തള ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുന്നതെങ്കില്‍, അഭിജ്ഞാനശാകുന്തളത്തില്‍ ഗര്‍ഭിണിയായ ഒരു ശാലീനതരുണിയാണ് താതകണ്വന്റെ അനുഗ്രഹാശിസ്സുകളും വാങ്ങിക്കൊണ്ട് ഹസ്തിനപുരത്തിലേക്ക് പുറപ്പെടുന്നത്. വിവാഹത്തിനുശേഷം ഏറെനാള്‍ ഒരു യുവതിയെ പിതൃഗൃഹത്തില്‍ പിടിച്ചുനിര്‍ത്തേണ്ട എന്നു കരുതിയായാലും അല്ലെങ്കിലും ഗര്‍ഭഭാരക്ളിന്നയായ നായികയെ, ഭാവസ്ഥിരങ്ങളായ ജനനാന്തരസൌഹൃദങ്ങളെ അബോധപൂര്‍വം സ്മരിച്ചുകൊണ്ടിരിക്കുന്ന നായകന്റെ മുമ്പിലേക്ക് ആനയിക്കുന്നതിലുള്ള ഔചിത്യം അനന്യദൃശ്യമാണ്.

ഒടുവില്‍ ദാനവഗണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ദ്രസാരഥിയായ മാതലി വന്ന് ദുഷ്യന്തനെ സ്വര്‍ഗലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും മടക്കയാത്രയില്‍ മന്ദാരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രാജാപത്യാശ്രമത്തില്‍വച്ച് അത്യന്തം വികാരോഷ്മളമായ പശ്ചാത്തലത്തില്‍ നായികാനായക പുനസ്സമാഗമം കൈവരുത്തുന്നതും നാടകീയതയെ ഒന്നിനൊന്ന് വര്‍ധിപ്പിച്ചുകൊണ്ട് കാളിദാസന്‍ നിബന്ധിച്ചിരിക്കുന്നു.

ചുരുക്കത്തില്‍, മഹാഭാരതം വരച്ചുകാട്ടുന്ന ശകുന്തളാകഥ വലിയ വ്യത്യാസമൊന്നും കൂടാതെ നാടകത്തില്‍ പ്രതിബിംബിക്കുന്നത് ഒന്നും അഞ്ചും ഏഴും (ചില ഭാഗങ്ങള്‍ മാത്രം) അങ്കങ്ങളില്‍ മാത്രമാണ്; രണ്ടും മൂന്നും നാലും അങ്കങ്ങളും ഏഴിന്റെ മിക്കഭാഗവും കാളിദാസസൃഷ്ടമാണ്. ദുഷ്യന്തനും ശകുന്തളയും കണ്വനും അണിയറയില്‍ മാത്രമുള്ള സര്‍വദമനകുമാരനും മാത്രമാണ് വ്യാസന്റെ കഥാപാത്രങ്ങള്‍; കാളിദാസനാകട്ടെ, മറ്റു നിരവധി സ്ത്രീപുരുഷപാത്രങ്ങളോടൊപ്പം ദീര്‍ഘാപാംഗന്‍ എന്ന മാന്‍കിടാവിനേയും വനജ്യോത്സന എന്ന മുല്ലവള്ളിയേയും സഹകാരതരുവിനെയും മാലിനീതീരത്തേയും വള്ളിക്കുടിലുകളേയും മറ്റു സചേതനാചേതനപദാര്‍ഥങ്ങളേയും കൂടി ഉള്‍പ്പെടുത്തി അവയ്ക്കെല്ലാം മാനുഷിക വികാരങ്ങള്‍ നല്കി നിത്യഭാസുരവും ചലനോജ്ജ്വലവുമായ ഒരു പ്രേമനാടകം നെയ്തെടുത്തിരിക്കുന്നു.

കാവ്യശില്പം🐴
'കവിതാകാളിദാസസ്യ തത്രശാകുന്തളം മതം' എന്ന സര്‍വസാധാരണമായ ആഭാണകം മുതല്‍ ഈ പ്രകൃഷ്ട കൃതിക്ക് ലോകത്തിന്റെ എല്ലാ കോണുകളിലും നിന്ന് ലഭിച്ചിട്ടുള്ള പ്രശംസയ്ക്ക് അതിരില്ല. ഇന്ത്യയിലെ വിവിധ പ്രാദേശികഭാഷകളിലെന്നല്ല വിദേശഭാഷകളില്‍പോലും ഇത്രമേല്‍ പ്രചരിച്ചിട്ടുള്ള മറ്റൊരു സാഹിത്യസൃഷ്ടി ഇല്ല. പ്രാചീനഭാരതത്തില്‍ രാജാക്കന്‍മാരുടെ ഇടയില്‍ നിലനിന്നുവന്ന വിവിധ വിവാഹസമ്പ്രദായങ്ങളെയും, സാമാന്യജനങ്ങള്‍ അനുവര്‍ത്തിച്ചുവന്ന സമകാലിക പിന്തുടര്‍ച്ചാക്രമങ്ങളേയും, മോഷ്ടാവിനുള്ള ശിക്ഷാവിധിയേയും മറ്റും പറ്റി കാളിദാസന്‍ തരുന്ന സൂചനകള്‍ അന്നത്തെ സാമൂഹികസ്ഥിതികളുടെ പ്രതിഫലനം എന്ന നിലയിലും വിലപ്പെട്ടവതന്നെ. പക്ഷേ, അഭിജ്ഞാനശാകുന്തളത്തിന്റെ ശാശ്വതമൂല്യം, അതൊരു മാനുഷിക നാടകമാണെന്നുള്ളതാണ്. 'നവവത്സരാരംഭത്തിലെ പുഷ്പമഞ്ജരികളേയും വര്‍ഷാപചയകാലത്തെ ഫലങ്ങളേയും' ശാകുന്തളം സമന്വയിപ്പിക്കുന്നു എന്നും, 'സ്വര്‍ഗത്തേയും ഭൂമിയേയും കൂട്ടിയിണക്കുകയാണ്' അത് ചെയ്യുന്നതെന്നും ജര്‍മന്‍ സാഹിത്യവല്ലഭനും ദാര്‍ശനികനുമായ ഗൊയ്ഥേയും, 'ഉദ്ഭ്രാന്തവികാരങ്ങളുടെ ആഗ്നേയജ്വാലകളെ, പശ്ചാത്താപവിവശയായ ഹൃദയബാഷ്പകണങ്ങള്‍കൊണ്ട് ഈ നാടകത്തില്‍ കാളിദാസന്‍ കെടുത്തുന്നു' എന്ന് ടാഗോറും പറഞ്ഞതില്‍ ശാകുന്തളത്തിലെ പ്രതിക്ഷണ നവീനങ്ങളായ സകല ഭാവങ്ങളും അടങ്ങിയിരിക്കുന്നു. ഏതുകാലത്തും ഏതുദേശത്തും സാധുവായി വര്‍ത്തിക്കുന്ന നാടകീയമൂല്യങ്ങളും, ഉദാത്തവും ബഹിരന്തഃസ്ഫുരദ്രസവുമായ കാവ്യചൈതന്യവും ഓരോ വാക്കിലും വരിയിലും ഇണങ്ങിക്കാണുന്നു എന്നതാണ് അഭിജ്ഞാനശാകുന്തളത്തിന്റെ മേന്‍മ. കവികളുടെ ഗണനാപ്രസംഗത്തില്‍ കാളിദാസന് കനിഷ്ഠികാധിഷ്ഠിതത്വം നല്കിയതും ബ്രഹ്മാസ്വാദസഹോദരമായ ഈ അഭൌമകാവ്യശില്പം തന്നെ.

🔆കുമാരസംഭവം🔆
കാളിദാസവിരചിതമായ ‘കുമാരസംഭവം ‘ പേരുപോലെ തന്നെ കുമാരന്റെ (സുബ്രഹ്മണ്യൻ) ജനനത്തെ കുറിച്ചുള്ള കഥ പറയുന്നു. പതിനേഴ് സർഗ്ഗങ്ങൾ. അതിമനോഹരമായ വർണ്ണനകളാൽ ആസ്വാദകരെ ആകർഷിക്കുന്നു. കഥ ഇങ്ങനെ: താരകാസുരൻ ചെയ്യുന്ന ദ്രോഹങ്ങളാൽ വിഷമിക്കുന്ന ദേവന്മാർ ശ്രീപരമേശ്വരപുത്രനുമാത്രമേ അവനെ വധിക്കാൻ സാധിക്കൂ എന്നറിഞ്ഞ് ശ്രീപരമേശ്വരനെ പ്രലോഭിപ്പിക്കാൻ കാമദേവനെ നിയോഗിക്കുന്നു. എന്നാൽ ശിവകോപാഗ്നിയിൽ കാമദഹനം സംഭവിക്കുന്നു. ഇതേതുടർന്ന് ശിവനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്ന ശ്രീപാർവതി സാഫല്യത്തിന്നായി തപസ്സാരംഭിക്കുന്നു.തപസിന്നിടയിൽ പരമശിവൻ ബ്രഹ്മചാരീവേഷത്തിൽ പാർവതിയെ പരീക്ഷിക്കുകയും അവളിൽ പ്രീതനകുകയും ചെയ്യുന്നു.വിവാഹാനന്തരമുള്ള കാമകേളികൾ വർണ്ണിച്ചുകൊണ്ട് കാവ്യം സമാപിക്കുന്നു; കുമാരജനനം വർണ്ണിക്കാതെ തന്നെ.

ഉപമാകാളിദാസസ്യ!
ഭാരതീയ കവികളില്‍ ഏറ്റവും പ്രതിഭാശാലിയായ കവിയാണ് കാളിദാസന്‍. വാല്മീകിയും വ്യാസനും ഭാസനും പരിപോഷിപ്പിച്ച സംസ്‌കൃതകവിതയ്ക്ക് സര്‍വാംഗ സുന്ദരമായ നവയൗവനം കാഴ്ചവെച്ചത് കാളിദാസനാണ്. അദ്ദേഹത്തിന്റെ ജീവിതകാലം സംബന്ധിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ഇല്ല. ''ധന്വന്തരീ ക്ഷപണകാമരസിംഹശങ്കുവേതാളഭട്ട ഘടകര്‍പ്പര കാളിദാസഖ്യാതോ വരാഹമിഹിരോ നൃപതേ സഭായാംരത്‌നാനി വൈ വരരുചിര്‍നവ വിക്രമസ്യ!''എന്ന് വിക്രമചക്രവര്‍ത്തിയുടെ ആസ്ഥാനകവികളായ നവരത്‌നങ്ങളെക്കുറിച്ച് ഒരു പ്രസ്താവം ഉണ്ട്. അതില്‍നിന്ന് നവരത്‌നങ്ങളില്‍ ഒരാളായിരുന്നു കാളിദാസന്‍ എന്ന് സൂചന ലഭിക്കുന്നു. ആര്‍ഷപാരമ്പര്യത്തില്‍ വിശ്വമഹാകവി കാളിദാസനുള്ള മതിപ്പ് അളവറ്റതായിരുന്നു. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ദര്‍ശനങ്ങള്‍, ഗോളശാസ്ത്രം ജ്യോതിഷം, വൈദ്യം തുടങ്ങിയവയിലെല്ലാം കനത്ത അവഗാഹം നേടിയിരുന്നു എന്നതിന് കാളിദാസ കൃതികള്‍ തന്നെ സാക്ഷ്യംപറയുന്നു.

സാമ്യമൂലകാലങ്കാരങ്ങളുടെ പ്രയോഗത്തില്‍ ഏറ്റവുമധികം കൃതഹസ്തത കാണിച്ച കവിയാണ് കാളിദാസന്‍. അതില്‍ത്തന്നെ ഉപമാലങ്കാരത്തെ തന്റെ കാവ്യങ്ങളിലുടനീളം അര്‍ഥവത്തായി പ്രയോഗിച്ചിട്ടുണ്ട്. കാളിദാസന്റെ ഉപമകള്‍ വെറും സാദൃശ്യകല്പനകള്‍ മാത്രമല്ല, ആശയവും അര്‍ഥവും കാവ്യാസ്വാദകന്റെ മനസ്സില്‍ നിവേദനം ചെയ്യാനും സമര്‍ഥങ്ങളാണ്. ഉദാഹരണത്തിന് ചില ഉപമകള്‍ പരിശോധിക്കാം.സഞ്ചാരിണീ ദീപശിഖേവരാത്രൗയംയം വ്യതീയായ പതിംവരാ,സാനരേന്ദ്ര മാര്‍ഗ്ഗാട്ട ഇവ പ്രപേദേവിവര്‍ണ്ണഭാവം സസ ഭൂമിപാലഃ(രഘുവംശം 6-67)

രഘുവംശത്തിലെ ഇന്ദുമതീസ്വയംവരമാണ് സന്ദര്‍ഭം. സ്വയംവരവേദിയിലെത്തിയ ഇന്ദുമതി രാത്രിയില്‍ രാജവീഥിയിലൂടെ കൊണ്ടുപോകുന്ന ദീപശിഖപോലെയായി. രാത്രിസമയത്തു രാജവീഥിയിലൂടെ കൊണ്ടുപോകുന്ന ദീപശിഖ അടുത്തുവരുമ്പോള്‍ മാളികകളെ പ്രകാശമാനമാക്കുകയും കടന്നുപോയിക്കഴിയുമ്പോള്‍ ഇരുട്ടിലാഴ്ത്തുകയും ചെയ്യും. അതുപോലെ ഇന്ദുമതി തങ്ങളുടെ മുന്നിലെത്തുമ്പോള്‍ തങ്ങളെ വരിക്കുമെന്നു കരുതി മുഖം പ്രസാദപൂര്‍ണമാകും. വരണമാല്യം ചാര്‍ത്താതെ കടന്നുപോകുമ്പോള്‍ വിവര്‍ണമാകും. ആശയസമ്പന്നമായ ഈ ഉപമാപ്രയോഗം കാളിദാസന് 'ദീപശിഖാ കാളിദാസന്‍' എന്നൊരു വിശേഷണം ചാര്‍ത്തിക്കൊടുത്തു.അദ്ദേവനെസ്സപദിപാര്‍ത്തു വിയര്‍ത്തുകൊണ്ടുനീങ്ങാനെടുത്തൊരടിയൂഴിയിലൂന്നിടാതെകുന്നില്‍ത്തടഞ്ഞ പുഴപോലെ കുഴങ്ങി മധ്യേനിന്നില്ല കന്നല്‍മിഴിയൊട്ടു നടന്നുമില്ല (കുമാരസംഭവം).പാര്‍വതിയുടെ കഠിനമായ തപസ്സില്‍ സംപ്രീതനായ ശിവന്‍ അവളെ പരീക്ഷിക്കാനായി ഒരു ബ്രഹ്മചാരിയുടെ വേഷത്തിലെത്തി. അയാള്‍ ശിവനെ പരിഹസിച്ച് സംസാരിച്ചു തുടങ്ങി. അയാളുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ പാര്‍വതി പിന്തിരിഞ്ഞു പോകാനൊരുങ്ങി. ബ്രഹ്മചാരീവേഷം വെടിഞ്ഞ് ശിവന്‍ പ്രത്യക്ഷനായി. ആ ദേവനെ കണ്ടിട്ട് വിറച്ചുകൊണ്ട് ദേഹമാകെ വിയര്‍ത്തുനനഞ്ഞ് എടുത്തുവെക്കാനുയര്‍ത്തിയ കാല്‍ ആ നിലയില്‍ത്തന്നെ പിടിച്ചുകൊണ്ടുനിന്ന പര്‍വത രാജപുത്രി വഴിമധ്യത്തില്‍ കുന്നില്‍ത്തടഞ്ഞ പുഴപോലെ കുഴങ്ങി. അവിടെ നിന്നുമില്ല നടന്നുമില്ല എന്ന അവസ്ഥയിലായി.പാര്‍വതിയെ കുന്നില്‍ത്തടഞ്ഞ പുഴയോട് സാദൃശ്യപ്പെടുത്തുന്നു. ശിവനെക്കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയും അതിഥിപൂജ ചെയ്യേണ്ടതെങ്ങനെയെന്ന വിചാരവും അവഗണിച്ചുപോയാലുള്ള ഭവിഷ്യത്തുകളുമൊക്കെ ഈ ഉപമയില്‍ സൂചിപ്പിക്കുന്നു.തളിരുപോലധരം സുമനോഹരംലളിതശാഖകള്‍പോലെ ഭുജദ്വയംകിളിമൊഴിക്കു തനൗ കുസുമോപമംമിളിതമുജ്ജ്വലമാം നവയൗവനംകണ്വാശ്രമത്തിലെത്തിയ ദുഷ്യന്തന്‍ ആശ്രമകന്യകയായ ശകുന്തളയെ നോക്കിക്കാണുന്നതാണ് സന്ദര്‍ഭം. തളിരുപോലെ മനോഹരമാണ് അധരങ്ങള്‍. കൈകള്‍ ഇളംശാഖ പോലെയാണ്. കൊതിതോന്നിപ്പിക്കുന്ന യൗവനം പൂക്കളെപ്പോലെ ദേഹമാകെ മുറ്റിനില്ക്കുന്നു. ശകുന്തളയ്ക്ക് വള്ളിയോട് സാദൃശ്യം കല്പിക്കുന്നു. ഓരോ ഉപമയുടെയും ആശയം നോക്കുക. ഇവിടെ മാലോപമയാണ് കവി പ്രയോഗിച്ചിരിക്കുന്നത്.

കാളിദാസ കവിത

ജീവിതത്തെ സ്വാഭാവികതയോടും സൗന്ദര്യത്തോടും ചിത്രീകരിക്കുന്നവയാണ് കാളിദാസ കവിതകള്‍. മനുഷ്യമനസ്സിലെ ഭാവങ്ങളെല്ലാം സൂക്ഷ്മമായി കണ്ടെത്താനും ഹൃദയാവര്‍ജകമാം വിധം ആവിഷ്‌കരിക്കാനും ഉള്ള അദ്ഭുതസിദ്ധിയാണ് കാളിദാസന്റെ കവിത്വശക്തി. പുരാണങ്ങളിലും മറ്റും കാണുന്ന വിവരണരീതിയില്‍നിന്ന് വളരെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ കാവ്യശൈലി. മാധുര്യവും ശുദ്ധിയും ലാളിത്യവും കാളിദാസ കവിതയുടെ മുഖമുദ്രകളാണ്. ശബ്ദമായാലും അര്‍ഥമായാലും കവിതാസന്ദര്‍ഭമായാലും വളരെ ഔചിത്യപൂര്‍ണമായേ ആ കവിതയില്‍ കണ്ടെത്താനാകൂ. ജീവിതത്തെ പ്രകൃതിയുമായി കൂട്ടിയിണക്കാന്‍ ഓരോ കൃതിയിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. നിത്യജീവിതത്തില്‍ സുപരിചിതങ്ങളായ സാദൃശ്യ കല്പനകള്‍ (ഉപമകള്‍) മാത്രമേ കാളിദാസ കവിതയിലുള്ളൂ. 'ഉപമാകാളിദാസസ്യ' എന്ന ചൊല്ലിനെ അര്‍ഥവത്താക്കുന്ന ഉപമകള്‍ കാളിദാസ കവിതയിലുടനീളം നമുക്കു കാണാം

⚔ രഘുവംശത്തെപ്പറ്റിയും നുണ്ട്.

കാളിദാസൻ രചിച്ച രണ്ടാമത്തെ (?) മഹാകാവ്യമണ് രഘുവംശം.ഇതിലെ പത്തൊമ്പത് സർഗ്ഗങ്ങളിൽ സൂര്യവംശരാജാക്കന്മാരായ 27 പേരുടെ കഥ വർണ്ണിക്കുന്നു. രാജചരിത്രമായതുകൊണ്ട് വീരരസം നിറഞ്ഞു നിൽക്കുന്നു. കാവ്യത്തിലെ ഭൂരിഭാഗവും ദിലീപൻ, രഘു, അജൻ,ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി തുടങ്ങി അഗ്നിവർണ്ണൻ വരെ 27 മഹാരാജാക്കന്മർ. സൂര്യവംശത്തിലെ അവസാന രാജാവായ അഗ്നിവർണ്ണൻ രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതെ കാമസുഖങ്ങളിൽ മുഴുകിക്കഴിഞ്ഞു. അകാലത്തിൽ രോഗബാധിതനായി ചരമമടയുന്നു. അദ്ദേഹത്തിന്റെ ഗർഭിണിയായ പത്നി രാജ്യഭാരമേറ്റ് മന്ത്രിമാരൊടുകൂടി ഭരണം നടത്തി. ഇപ്രകാരം മഹപ്രതാപിയായ രഘുവിന്റെ വംശം അവസനിക്കുന്ന വിവരണത്തോടെ കാവ്യം സമാപിക്കുന്നു. വർണ്ണനകൾ അതിമനോഹരങ്ങളാണ്. പ്രകൃതിവർണ്ണനകൾ ഇത്രയധികമുള്ള മറ്റൊരു കാവ്യമില്ല.വർണ്ണനകളിൽ കാവ്യാലങ്കാരങ്ങൾ നിറഞ്ഞുകിടക്കുന്നു. അതും പ്രസിദ്ധമായ ഉപമാലങ്കാരം. കാളിദാസന്റെ ഏറ്റവും പ്രിയപ്പെട്ട അലങ്കാരം. ‘ഉപമാകാളിദാസസ്യ’ എന്നാണ് പണ്ഡിതർ പറയുക.ഏറ്റവും പ്രസിദ്ധമായ ഉപമ ഇന്ദുമതീസ്വയംവരത്തിലെ (രഘുവംശം) ‘സഞ്ചാരിണീ ദീപശിഖേവ രാത്രൌ’ എന്ന പ്രയോഗമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ‘ദീപശിഖാ കാളിദാസൻ ‘ എന്ന സ്തുതി/ സമ്മാനം കവിക്ക് ലഭിച്ചത്!


കാളിദാസകവിയുടെ ആദ്യകാലത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലേക്ക് പ്രവേശിക്കാം.
കാളിദാസൻ ജന്മനാ ഒരു ബ്രാമണൻതന്നെയായിരുന്നു. അദ്ദേഹം ബാല്യം മുതൽക്കുതന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും യവൗനാരംഭമായപ്പോഴേക്കും വലിയ വിദ്വാനായിത്തീരുകയും ചെയ്തു. അദ്ദേഹം ബാല്യത്തിൽത്തന്നെ വലിയ ശിവഭക്തനായിത്തീർന്നു. ശിവദർശനം കഴിക്കാതെ ഭക്ഷണം കഴിക്കുകയില്ലെന്ന ഒരു നിഷ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ദിവസം കാളിദാസൻ ദേവദർശനത്തിനായി ഒരു ശിവക്ഷേത്രത്തിൽ ചെന്നപ്പോൽ അവിടെ ദിവ്യനായ ഒരു യോഗീശ്വരൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാ‌ഷണത്തിൽ ഏന്തോ അപശബ്ദമുണ്ടെന്നു തോന്നുകയാൽ കാളിദാസൻ ആ യോഗിയെ പരിഹസിച്ചു. അതിനാൽ ആ ദിവ്യൻ കോപിച്ചു, "നീ പഠിച്ചതെല്ലാം മറന്നു മൂഢനും മന്ദബുദ്ധിയുമായി ത്തീരട്ടെ" എന്നു ശപിച്ചു. ആ ശാപവചനം കേട്ടു കാളിദാസൻ ഏറ്റവും വി‌ഷണ്ണനായിത്തീരുകയും ആ യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ ദിവ്യൻ "ഒരു കാലത്തു നിനക്കു ഭദ്രകാളീപ്രസാദം സിദ്ധിക്കുന്നതിന് സംഗതിയാകും. അപ്പോൾ നിന്റെ ബുദ്ധിമാന്ദ്യം നീങ്ങി പൂർവ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. എങ്കിലും അക്കാലം മുതൽ കാളിദാസൻ കേവലം മൂഢനും മന്ദബുദ്ധിയുമായിത്തീരുകയും സ്വകുലാചാരങ്ങളെല്ലാം വിട്ടു ഒരു കൂട്ടം അജപാലന്മാരുടെ കൂട്ടത്തിൽ കൂടി നടന്നു തുടങ്ങുകയും ചെയ്തു.

അക്കാലത്ത് അവിടെ ഒരു പ്രഭുവിന്റെ പുത്രിയും സർവ്വാംഗസുന്ദരിയും വലിയ വിദു‌ഷിയുമായ ഒരു കന്യകയുണ്ടായിരുന്നു. അവളുടെ യോഗ്യതകൾ കേട്ട് അനേകം യോഗ്യന്മർ അവളെ വിവാഹം ചെയ്വാനായിചെന്നു. എന്നാൽ ആ കന്യക ശസ്ത്രവാദത്തിൽ തന്നെ ജയിക്കുന്നവനെ മാത്രമേ താൻ ഭർത്താവായി വരിക്കുകയുള്ളൂ എന്നു നിശ്ചയം ചെയ്തിരുന്നതിനാൽ വിവാഹത്തിനായിച്ചെന്നവരെയെല്ലാം അവൾ വാദത്തിൽ തോല്പ്പിച്ചയച്ചു. അവളെ ജയിക്കാൻ കഴിയായ്കയാൽ ഏറ്റവും ഇച്ഛാഭംഗത്തോടൂക്കൂടിയാണ് എല്ലാവരും മടങ്ങിപ്പോയത്. അതിനാൽ പിന്നെ ആരും വരാതെയായി. കന്യകയ്ക്കു യൗവ്വനദശ അതിക്രമിച്ചു തുടങ്ങിയപ്പോൾ അവളുടെ അച്ഛൻ "ഇനി ശാസ്ത്രവാദവും മറ്റും വേണ്ട. യോഗ്യനായ ഒരാളെ ക്ഷണിച്ചുവരുത്തി കന്യകയെ വിവാഹം ചെയ്തുകൊടുക്കണം" എന്നു നിശ്ചയിച്ചു ഏഴുത്തും കൊടുത്ത് ഓരോരുത്തരുടെ അടുക്കൽ തന്റെ ഭൃത്യന്മാരെ അയച്ചു. ആരും വന്നില്ല. ഒടുക്കം പ്രഭു ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്നു കന്യകയുടെ വിവാഹം ഉടനെ നടത്തിക്കണമെന്നു നിർബ്ബന്ധിച്ചു തുടങ്ങിയതിനാൽ ഭൃത്യന്മാർക്കു വലിയ ബുദ്ധിമുട്ടായിത്തീർന്നു. "യോഗ്യന്മാരും വിദ്വാന്മാരുമായ അനേകമാളുകൾ വന്നിട്ട് അവരെയൊക്കെ മടക്കിയയച്ച ഈ കന്യകയെ ഒരൊന്നാന്തരം മൂഢനെക്കൊണ്ട് തന്നെ വിവാഹം ചെയ്യിക്കണം" എന്ന് ആ ഭൃത്യന്മാരെലാവരുംകൂടി ആലോചിച്ച് നിശ്ചയിച്ചു. പിന്നെ അവർ ഒരു മൂഢനെക്കിട്ടാനായിട്ട് അന്വേ‌ഷിച്ചു പുറപ്പെട്ടു. അങ്ങനെ ചെന്നപ്പോൾ കാഴ്ചയിൽ നല്ല സുന്ദരനായ ഒരാൾ ഒരു വൃക്ഷശാഖയിന്മേൽക്കയറിയിരുന്നുകൊണ്ട് അയാൾ ഇരിക്കുന്ന ശാഖ യുടെ കട തന്നെ മുറിക്കാൻ വെട്ടിത്തുടങ്ങിയിരിക്കുന്നതായിക്കണ്ട് അവർ ഈ മനു‌ഷ്യൻ മൂഢൻ തന്നെയെന്നു തീർച്ചപ്പെടുത്തി അയാളെ കുളിപ്പിച്ചു നല്ല വസ്ത്രങ്ങളും മറ്റും ധരിപ്പിച്ചു പ്രഭുഗൃഹത്തിലേക്കു കൊണ്ടുപോയി. ആ മനു‌ഷ്യൻ നമ്മുടെ കഥാനായകൻ തന്നെയായിരുന്നു. ആടുകൾക്കു തിന്നാൻ കൊടുക്കാനായിട്ടായിരുന്നു അയൾ വൃക്ഷശാഖ മുറിക്കാൻ ശ്രമിച്ചത്.

ആ മനു‌ഷ്യനേയും കൊണ്ടു ഭൃത്യന്മാർ പ്രഭുഗൃഹത്തിൽ ചെന്നു ചേർന്നു. അവിടെ വിവാഹമണ്ഡപത്തിലിരുന്ന അനേകം ചിത്രങ്ങളുടെ കൂട്ടത്തിൽ രാവണന്റെ ചിത്രപടം കണ്ടിട്ടു കാളിദാസൻ "അംഭംഭടാ രാഭണാ" എന്നു പറഞ്ഞു. അതുകേട്ട കന്യക "ഈ മനു‌ഷ്യൻ അക്ഷരജ്ഞാനമില്ലാത്ത മൂഢനാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞപ്പോൾ ആ ഭൃത്യന്മാരിൽ വിദ്വാനായ ഒരാൾ,

"കുംഭകർണ്ണേ ഭകാരോസ്തി ഭകാരോസ്തി വിഭീ‌ഷണേരാക്ഷസാനാം കുലശ്ര‌ഷ്ഠോ രാഭണോ നൈവ രാവണഃ"

എന്നൊരു ശോകം കൊണ്ടു കാളിദാസൻ പറഞ്ഞതിനെ സാധൂകരിച്ചു. അതിൽ കന്യക തോറ്റു. ഉടനെ വിവാഹവും നടത്തി. വധൂവരന്മാർ

അത്താഴം കഴിച്ചു ശയനഗൃഹത്തെ പ്രാപിച്ചതിന്റെ ശേ‌ഷം കാളിദാസന്റെ ഓരോ ചേഷ്ടിതങ്ങൾ കൊണ്ട് അദ്ദേഹം കേവലം മൂഢൻ തന്നെ എന്നു തീർച്ചപ്പെടുത്തി, "ഈ പുരു‌ഷനോടുകൂടി ജീവിക്കുന്ന കാര്യം പ്രയാസം തന്നെ" എന്നു നിശ്ചയിച്ചു കന്യക അദ്ദേഹത്തെ നിരാകരിക്കുകയും ബഹി‌ഷ്കരിക്കുകയും ചെയ്തു. കാളിദാസന് അപ്പോൾ ബുദ്ധിക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെങ്കിലും പ്രഭുകന്യകയുടെ ഈ ധിക്കാരം അദ്ദേഹത്തിന് ഒട്ടുംതന്നെ സഹ്യമായില്ല. അദ്ദേഹം അപ്പോൾതന്നെ അവിടെനിന്നിറങ്ങി വനാന്തരത്തിലുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രത്തിലേക്കു പോയി. രാത്രികാലങ്ങളിൽ മനു‌ഷ്യരാരെങ്കിലും അവിടെ ചെന്നാൽ ദേവിയുടേ ഭൂതഗണങ്ങൾ പിടിച്ചു ചീന്തി ചോരകുടിച്ചു കൊല്ലുകയോ ദേവി പ്രസാദിച്ച് അനുഗ്രഹിക്കുകയോ രണ്ടിലൊന്നു സംഭവിക്കണമെന്നുള്ള കാര്യം തീർച്ചയായിരുന്നു. എന്തെങ്കിലും വരട്ടെയെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് കാളിദാസൻ അങ്ങോട്ടു പോയത്. അദ്ദേഹം അവിടെച്ചെന്നപ്പോൾ ദേവി പുറത്തിറങ്ങി എവിടെയോ പോയിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കിടന്നിരുന്നു. കാളിദാസൻ അകത്തു കടന്നു വാതിലടച്ചു സാക്ഷയിട്ടുകൊണ്ട് അവിടെയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവി മടങ്ങി വന്നു. അപ്പോൾ ക്ഷേത്രം അടച്ചു സാക്ഷയിട്ടിരിക്കുന്നതായിക്കണ്ടിട്ടു ദേവി "അകത്താര്?" എന്നു ചോദിച്ചു.അപ്പോൾ കാളിദാസൻ വാതിൽ തുറക്കാതെ ധൈര്യസമേതം "പുറത്താര്?" എന്നു ചോദിച്ചു. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനുമുമ്പ് അകത്തു കടക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ ദേവി ബദ്ധപ്പെട്ട് "പുറത്ത് കാളി" എന്നു പറഞ്ഞു. അപ്പോൾ കാളിദാസൻ "എന്നാൽ അകത്തു ദാസൻ" എന്നു പറഞ്ഞു. അതു കേട്ടു ദേവി പ്രസാദിച്ചു. "കാളിദാസ! നിനക്കെന്തു വേണം? വാതിൽ തുറക്കുക" എന്നു വീണ്ടും പറഞ്ഞു. അതുകേട്ട് കാളിദാസൻ "എനിക്കു വിദ്യയാണൂ വേണ്ടത്. അതു തന്നല്ലാതെ ഞാൻവാതിൽ തുറക്കുകയില്ല" എന്നു പറാഞ്ഞു. ഉടനെ ദേവി "എന്നാൽ നിന്റെ നാവു ഈ വാതിലിന്റെ ഇടയിൽ കൂടി പുറത്തേക്കു കാട്ടുക" എന്നു പറയുകയും കാളിദാസൻ നാവു പുറത്തേക്ക് കാട്ടിക്കൊടുക്കുകയും ദേവി ഉടനെ തന്റെ ശുലാഗ്രംകൊണ്ട് ആ നാവിൽ വിദ്യാപ്രദമായ ചിന്താമണിമന്ത്രം എഴുതുകയും തത്ക്ഷണം കാളിദാസന്റെ ബുദ്ധി കാർമേഘം നീങ്ങി ചന്ദ്രികയെന്നപോലെ മാലിന്യം നീങ്ങിത്തെളിയുകയും അദ്ദേഹം വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. ഉടനെ കാളിദാസൻ വാതിൽതുറന്നു ദേവിയുടെ മുമ്പിൽച്ചെന്നു. അപ്പോൾ പെട്ടെന്നുണ്ടാക്കിയ ഏതാനും സ്തോത്രപദ്യങ്ങൾ ചൊല്ലി ദേവിയുടെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഉടനെ ദേവി ക്ഷേത്രത്തിനകത്തു കടന്നു യഥാപൂർവ്വം ഇളകൊണ്ടു. കാളിദാസൻ ദേവിയെ വീണ്ടും വന്ദിച്ചു പുറത്തേക്കും പോയി. ദേവി പ്രസാദിച്ചു "കാളിദാസാ!" എന്നു വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് ആ നാമധേയം സിദ്ധിച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പേരു വേറെ എന്തോ ആയിരുന്നു.

നേരം വെളുത്തപ്പോൾ കാളിദാസമഹാകവി ആ പ്രഭുപുത്രിയുടെ അടുക്കൽത്തനെ ചെന്നുചേർന്നു. അപ്പോൽ അദ്ദേഹത്തിന്റെ സംഭാ‌ഷണം കേട്ട് ആ വിദു‌ഷി "അസ്തി, കഞ്ചിദ്വാഗ്വിലാസഃ" എന്ന് അത്യത്ഭുതത്തോടു കൂടിപ്പറഞ്ഞു. മുമ്പേതന്നെ ഏറ്റവും സുന്ദരനയിരുന്ന അദ്ദേഹം ഒരു വിദ്വാനും കവിയുമായിത്തീർന്നിരിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ആ സ്ത്രീ അദ്ദേഹത്തിൽ ഏറ്റവും ആസക്തചിത്തയായിത്തീർന്നു. എങ്കിലും തന്നെ ധിക്കരിച്ചു ബഹി‌ഷ്കരിച്ചവളെ താൻ ഭാര്യയാക്കി സ്വീകരിക്കുന്നതു വിഹിതമല്ലെന്നു തോന്നുകയാൽ കാളിദാസൻ അവിടേ നിന്നു പൊയ്ക്കളഞ്ഞു. എന്നാൽ ആ സ്ത്രീരത്നത്തെ അദ്ദേഹം ബഹുമാനിക്കാതെയിരുന്നില്ല. അദ്ദേഹം രണ്ടാമത് ചെന്നപ്പോൾ ആ വിദു‌ഷി ആദ്യം പറഞ്ഞ വാക്യത്തിലെ മൂന്നു പദങ്ങളും എടുത്ത് ആദ്യം ചേർത്ത് അദ്ദേഹം മൂന്നു കാവ്യങ്ങളുണ്ടാക്കി. അവ, "അസ്ത്യുത്തരസ്യാം ദിശി, ദേവതാത്മാ" എന്നു തുടങ്ങിയിരിക്കുന്ന "കുമാരസംഭവ"വും, "കശ്ചിൽ കാന്താ വിരഹഗുരുണാ" എന്നു തുടങ്ങിയിരിക്കുന്ന "മേഘസന്ദേശ"വും, "വാഗർത്ഥാവിവ സംപൃക്തൗ" എന്നു തുടങ്ങിയിരിക്കുന്ന "രഘുവംശ"വുമാണെന്നു വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. ഈ കാവ്യത്രയം കാളിദാസരുണ്ടാക്കിയത് ആ വിദു‌ഷിയുടെ സ്മാരകമായിട്ടാണെന്നാണു വിദ്വജ്ജനങ്ങൾ പറയുന്നത്.

അനന്തരം കാളിദാസകവിശ്രഷ്ഠൻ "വികമോർവശീയം", "മാളവികാഗ്നിമിത്രം", "ശാകുന്തളം" ഇങ്ങനെ മൂന്നു നാടകങ്ങളുണ്ടാക്കി. ഈ കാവ്യത്രയവും നാടകത്രയവും കൊണ്ട് അദ്ദേഹം വിശ്വവിശ്രുതനായിത്തീർന്നു. ഈ കാവ്യത്രയത്തിൽ മേഘസന്ദേശവും നാടകത്രയത്തിൽ മാളവികാഗ്നിമിത്രവും കല്പിതകഥകളും ശേ‌ഷമുള്ളവ പുരാണകഥകളുമാണല്ലോ. എന്നാൽ, കാളിദാസൻ എന്തെങ്കിലും പറഞ്ഞാൽ അതു സത്യമായിപ്പരിണമിക്കുമെന്ന് അദ്ദേഹത്തിന് ഒരനുഗ്രഹമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം കല്പിതകഥ പറഞ്ഞാലും വാസ്തവമായിത്തീരുമെന്നുള്ളതിനു ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളതു താഴെപ്പറയുന്നു.

മേഘസന്ദേശം കല്പിതകഥയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു യക്ഷൻ വൈശ്രവണന്റെ ശാപം നിമിത്തം ഒരു വർ‌ഷം ഭാര്യയെ വിട്ടുപിരിഞ്ഞു വിരഹദുഃഖം അനുഭവിച്ചുകൊണ്ട് താമസിക്കേണ്ടതായി വന്നുവെന്നും അക്കാലത്തു തന്റെ വർത്തമാനമറിയിക്കുന്നതിനായി ഭാര്യയുടെ അടുക്കലേക്കു ഒരു മേഘത്തെപ്പറഞ്ഞയച്ചുവെന്നുമാണല്ലോ അതിലെ കഥയുടെ ചുരുക്കം. കാളിദാസൻ, ഈ കാവ്യമുണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു യക്ഷൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു "ഈ കാവ്യത്തിൽ പറയുന്ന സംഗതികളെല്ലാം പരമാർത്ഥമായിട്ട് ഉണ്ടായതു തന്നെയാണ്. ഈ സംഗതികളെല്ലാം അവിടുന്ന് എങ്ങനെയറിഞ്ഞു? ആ യക്ഷൻ ഞാൻ തന്നെയാണ്" എന്നു പറഞ്ഞു. ഇതാണു ആ ഐതിഹ്യത്തിന്റെ ചുരുക്കം.

കാളിദാസമഹകവി മേൽപ്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കൂടാതെ "സ്മൃതിചന്ദ്രിക", "ജോതിർവിദാഭരണം", "നളോദയം" മുതലായ പല ഗ്രന്ഥങ്ങൾ ചമച്ചിട്ടുള്ളതായി ചില പുസ്തകങ്ങളിൽക്കാണുന്നുണ്ട്. എന്നാൽ, അതു സഹൃദയന്മാർ പരക്കെ സമ്മതിക്കുന്നില്ല. മേല്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കാളിദാസകൃതികളാണെന്നുള്ളതു പക്ഷാന്തരം കൂടാതെ ഏവരും സമ്മതിക്കുന്നതുകൊണ്ട് അതു മാത്രമേ നിശ്ശംശയമായി വിശ്വസിക്കാൻ തരംകാണുന്നുള്ളൂ. കാളിദാസനെക്കുറിച്ചു ഇനി പ്രധാനമായി പറയാനുള്ളത് അദ്ദേഹം ഭോജരാജസദസ്സിൽ ചെന്നു ചേർന്നതിന്റെ ശേ‌ഷമുള്ള സംഗതികളാണ്. അവയെക്കുറിച്ചും സഹൃദയന്മാരുടെയിടയിൽ ചില പക്ഷാന്തരങ്ങളും സശയങ്ങളും ഇല്ലായ്കയില്ല. എങ്കിലും ഭോജചരിത്രം എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ചില സംഗതികൾ താഴെപ്പറഞ്ഞുകൊള്ളുന്നു.

ഭോജരാജാവ് വിദ്വാന്മാരെയും കവികളെയും യഥായോഗ്യം ബഹുമാനിക്കുകയും സംഭാവനാദികൾ കൊണ്ടു സന്തോ‌ഷിപ്പിക്കുകയും ചെയ്യുന്ന ഉദാരശീലനാണെന്നുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര വ്യാപിച്ചതിനാൽ വിദ്വാന്മാരെന്നും കവികളെന്നും മറ്റും പറഞ്ഞ് അസംഖ്യമാളുകൾ പ്രതിദിനം അദ്ദേഹത്തിന്റെ അടുക്കൽ വന്നുതുടങ്ങി. അവരിൽ ചിലർ ഒരു യോഗ്യതയുമില്ലാത്ത മൂഢന്മാരുമായിരികും അങ്ങനെയുള്ളവരുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ഭോജരാജാവ് "സായണൻ" എന്നും "മായണൻ" എന്നും പേരായ രണ്ടു വിദ്വാന്മാരെ ദ്വാരപാലകന്മാരായി നിയമിച്ചു. അവർ സദാ ഗോപുരദ്വാരത്തിൽ നിൽക്കണമെന്നും രാജാവിനെക്കാണാനായിട്ട് ആരെങ്കിലും വന്നാൽ ചില ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിച്ചു യോഗ്യന്മാരാണെന്നു തോന്നുന്നവരെ മാത്രമേ രാജസന്നിധിയിലേക്കു കടത്തി വിടാവൂ എന്നും ചട്ടംകെട്ടുകയും ചെയ്തു.

ഈ ഏർപ്പാടിനു ശേ‌ഷമാണ് കാളിദാസകവി ഭോജരാജാവിന്റെ യോഗ്യതകളെക്കുറിച്ച് കേട്ട് അവിടെച്ചെന്നുചേർന്നത്. അദ്ദേഹം ഗോപുര ദ്വാരത്തിങ്കൽ ചെന്നു ദ്വാരപാലകന്മാരായ സായണമായണന്മാരോട് തനിക്ക് രാജാവിനെക്കാണണമെന്ന് ആവശ്യപ്പെട്ടു. ഉടനെ സായണമായണന്മാർ കാളിദാസനോട് "സൃഷ്ടിസ്ഥിതി സംഹാരകർത്താക്കന്മാരായിരിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരിൽ വിഷ്ണുവിനെയും ശിവനെയും എല്ലാവരും പൂജിക്കുന്നു. സൃഷ്ടികർത്താവായ ബ്രഹ്മാവിനെ ഭൂലോകത്തിൽ ആരും പൂജിക്കാത്തതെന്താണ്?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളി ദാസൻ:

"അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠംനാസാന്തരേ ലോമ തഥാണ്ഡയുഗ്മംവൃഥാ സൃജൻ സായണമായണൌ ചപൂജാം ന ലേഭേ ഭൂവി പത്മജന്മാ"

(പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ കഴുത്തും മൂക്കിനകത്തു രോമവും അണ്ഡയുഗ്മവും അപ്രകാരംതന്നെ വെറുതെ സായണമായണന്മാരെയും സൃഷ്ടിച്ചതുകൊണ്ടാണ് ഭൂമിയിൽ ബ്രഹ്മാവിനെ ആരും പൂജിക്കാതെ ആയത്) എന്നൊരു ശ്ലോകം ചൊല്ലി. അതുകേട്ട് അവർ ലജ്ജാവനതമുഖന്മരായി മാറിനിന്നു. ആ തരത്തിന് കാളിദാസൻ അകത്തു കടന്നു രാജസദസ്സിലേക്കു പോയി. അദ്ദേഹം ചെന്നപോൾ രാജാവു സഭാ മണ്ഡപത്തിൽനിന്നു മറ്റൊരു മാളികയിലേക്കു പോയിരിക്കുകയായിരുന്നു. സഭയിൽച്ചെന്നിരുന്ന കവികളിൽ ശങ്കരകവി അന്നൊരാൾക്കുമാത്രം പന്ത്രണ്ടുലക്ഷവും ശേ‌ഷമെല്ലാവർക്കും ഒരു ലക്ഷവും വീതം നാണയം സമ്മാനം കൊടുത്തിട്ടാണ് രാജാവു പോയത്. രാജാവ് അങ്ങനെ ചെയ്തത് ന്യായമായില്ലെന്നും ശങ്കരകവിക്കു തങ്ങളേക്കാൾ കൂടുതലായി എന്തു യോഗ്യതയാണുള്ളതെന്നും മറ്റും പറഞ്ഞു ശേ‌ഷമുണ്ടായിരുന്ന കവികൾ ലഹള കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് കാളിദാസൻ സഭാസ്ഥലത്തു ചെന്നു ചേർന്നത്. കാളിദാസൻ കവികളുടെ വഴക്കുകേട്ടിട്ട് "രാജാവിന്റെ അഭിപ്രായ മെന്താണെന്നറിയാതെ നിങ്ങൾ ലഹളയുണ്ടാക്കുന്നതു ശാരിയല്ല. ശങ്കരൻ രുദ്രനാണല്ലോ. ഏകാദശരുദ്രന്മാർക്ക് ഒരു ലക്ഷം വീതം കണക്കാക്കിയൽ പിന്നെ ശങ്കരകവിക്കു നിങ്ങളോടൊപ്പം ഒരു ലക്ഷമല്ലേയുള്ളൂ. ഇതായി രിക്കും രാജാവിന്റെ അഭിപ്രായം" എന്നു പറഞ്ഞു. കാളിദാസന്റെ യുക്തി കേട്ട് എല്ലാവരും സന്തോ‌ഷിച്ചു. അപ്പോൾ രാജാവു താഴെയിറങ്ങിവന്ന് കാളിദാസനെ പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ടു കൈയ്ക്കു പിടിച്ചു മാളികയിലേക്ക് കൊണ്ടുപോയി. ആസനസൽക്കാരംചെയ്തിരുത്തി കുശല പ്രശ്നം ചെയ്തു. കാളിദാസൻ സന്തോ‌ഷിച്ചു രാജാവിനെ സ്തുതിച്ചു;

"മഹാരാജ! ശ്രീമൻ! ജഗതി യശസാ തേ ധവളിതേപയഃപാരാവാരം പരമപുരു‌ഷോയം മൃഗയതേകപർദ്ദീ കൈലാസം കുലിശഭൃതഭെമൗം കരിവരംകലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ"

(അല്ലയോ ശ്രീമാനായ മഹാരാജാവേ! ഭവാന്റെ യശസ്സിനാൽ ജഗത്ത് ധവളീകൃതമായിരിക്കുനതിനാൽ ഇപ്പോൾ മഹാവിഷ്ണു പാൽക്കടലും ശിവൻ കൈലാസപർവ്വത്വും ദേവേന്ദ്രൻ ഐരാവതവും രാഹു ചന്ദ്രനും ബ്രഹ്മാവു തന്റെ വാഹനവുമായ അരയന്നവും ഏതെന്നു തിരിച്ചറിയാൻ വയ്യാതെ അന്വേ‌ഷിച്ച് നടക്കുന്നു) എന്നൊരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ കിഴക്കോട്ടു തിരിഞ്ഞിരുന്ന രാജാവ് എഴുന്നേറ്റ് തെക്കോട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ,

"നിരക്ഷീരേ ഗൃഹീത്വാ നിഖിലഖഗതതീ-ര്യാതി നാളീകജന്മാതക്രം ധൃത്വാ തു സർവ്വാനടതി ജലനിധിംശ്ചക്ര-പാണിർമ്മുകുന്ദഃസർവ്വാനുത്തുംഗശൈലാൻ ദഹതി പശുപതിഃഫാലനേത്രണ പശ്യൻവ്യാപ്താ ത്വൽകീർത്തികാന്താ ത്രിജഗതി നൃപതേ!ഭോജരാജ! ക്ഷിതീന്ദ്ര!"

(അല്ലയോ ഭൂമീന്ദ്രനായിരിക്കുന്ന ഭോജരാജാവേ! ഭവാന്റെ കീർത്തി കാന്താ തെലോക്യത്തെ വ്യാപിച്ചിരിക്കുന്നതിനാൽ ബ്രഹ്മാവു വെള്ളവും പാലും കൂട്ടിച്ചേർത്തെടുത്തുകൊണ്ടു സകല പക്ഷിഗണങ്ങളുടെയും അടുക്കൽ പോകുന്നു. മഹാവിഷ്ണു മോരെടുത്തുകൊണ്ടും സകല സമുദ്രങ്ങളെയും പ്രാപിക്കുന്നു. ശിവൻ വലിയ പർവ്വതങ്ങളെയെല്ലാം നെറ്റിക്കണ്ണുകൊണ്ടു ദഹിപ്പികുന്നു) എന്നു രണ്ടാമതും ഒരു ശ്ലോകം ചൊല്ലി. (വെള്ളവും പാലും കൂട്ടിച്ചേർത്തുകൊടുത്താൽ അതിൽ നിന്നു പാൽമാത്രം കുടിക്കാനുള്ള ദിവ്യശക്തി ഹംസത്തിനുണ്ടല്ലോ. അപ്രകാരം തന്നെ മോരൊഴിച്ചാൽ പാൽ തൈരാകുമല്ലോ. കൈലാസപർവ്വതം വെള്ളിയാകയാൽ അഗ്നിജ്വാല തട്ടിയാൽ അത് ഉരുകുമല്ലോ. അതിനാൽ അപ്രകാരമെല്ലാം പരീക്ഷിച്ച് ഹംസം, പാൽക്കടൽ, കൈലാസപർവ്വതം ഇവയെ കണ്ടുപിടിക്കാമെന്നു വിചാരിച്ചു ബ്രഹ്മാദികൾ മേൽപ്പറഞ്ഞ പ്രകാരം ചെയ്യുന്നു എന്നു സാരം) ഇതു കേട്ടപ്പോൾ രാജാവു പടിഞ്ഞാട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ.

"വിദ്വദ്രാജശിഖാമണേ! തുലയിതുംധാതാ ത്വദീയം യശഃകൈലാസഞ്ച നിരീക്ഷ്യ തത്ര ലഘുതാംനിക്ഷിപ്തവാൻ പൂർത്തയേഉക്ഷാണം തദുപര്യുമാസഹചരംതന്മുർദ്ധ്നി ഗംഗാജലംതസ്യാഗ്ര ഫണിപുംഗവം തദുപരിസ്ഫാരം സുധാദീധിതിം"

(അല്ലയോ വിദ്വാനായ രാജശേഖരാ! ബ്രഹ്മാവു ഭവാന്റെ കീർത്തിയെ തൂക്കിനോക്കാനായിട്ട് ഇടവെയ്ക്കുവാൻ കൈലാസത്തെ നോക്കിയപ്പോൾ അതിനു കനം പോരെന്നു കാണുകയാൽ കനം ശരിയാക്കാനായിട്ട് അതിന്റെ മുകളിൽ ഒരു കാളയേയും അതിന്റെ മുകളിൽ ശ്രീപാർവ്വതിയോടുകൂടിയ ശിവനേയും ആ ശിവന്റെ ശിരസ്സിൽ ഗംഗാജലത്തേയും അതിന്റെ മേൽ സർപ്പരാജാവിനെയും അതിനുമുകളിൽ ചന്ദ്രനേയും വെച്ചു) എന്നു മൂന്നാമതും ഒരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ രാജാവു വടക്കോട്ട് തിരിഞ്ഞിരുന്നു. കാളിദാസൻ പിന്നെയും

"സ്വർഗ്ഗാൽ ഗോപാല! കുത്ര വ്രജസി? സുരമുനേ!ഭൂതലേ കാമധേനോവത്സസ്യാനേതുകാമസ്തൃണചയമധുനാമുഗ്ദ്ധദുഗ്ദ്ധം ന തസ്യാഃ?ശ്രുത്വാ ശ്രീഭോജരാജപ്രചുരവിതരണംവ്രീഡശു‌ഷ്കസ്തനീ സാവ്യർത്ഥോ ഹി സ്യാൽ പ്രയാസസ്തദപി തദരിഭി-ശ്ചർവ്വിതം സർവ്വമുർവ്വ്യാം"

(എടോ ഗോപാലാ! താൻ സ്വർഗ്ഗത്തിൽനിന്ന് എവിടെപ്പോകുന്നു? അല്ലയോ ദേവമുനേ! കാമധേനുവിന്റെ കിടാവിനു പുല്ലു കൊണ്ടുവരുവാനായിട്ടു ഞാനിപ്പോൾ ഭൂമിയിലേക്കു പോവുകയാണ്. ആ പശുവിനു നല്ല പാലില്ലയോ? ശ്രീമാനായ ഭോജരാജാവിന്റെ അത്യധികമായ ദാനത്തെക്കുറിച്ചു കേട്ടു ലജ്ജിച്ചിട്ട് ആ പശുവിന്റെ അകിടു വറ്റിപ്പോയി. എന്നാൽ, നിന്റെ ഈ ശ്രമം നി‌ഷ്ഫലം തന്നെയാകും. ഭൂമിയിലുണ്ടായിരുന്ന പുല്ലെലാം ഭോജരാജാവിന്റെ ശാത്രുകൾ തിന്നു തീർത്തിരിക്കുന്നു). ഇങ്ങനെ നാലമത് ഒരു ശ്ലോകംകൂടിച്ചൊല്ലി. ഉടനെ രാജാവെഴുന്നേറ്റ് അവിടേനിന്നു പോകാൻ ഭാവിച്ചു. അപ്പോൾ കാളിദാസൻ രാജാവിന്റെ കൈയ്ക്കു പിടിച്ച് അവിടെയിരുത്തീട്ട്, "അല്ലയോ അത്യെദൗാര്യനിധിയായ മഹാരാജാവേ, ഭവാന്റെ വിചാരം എനിക്കു മനസ്സിലായി. ഇതൊരു സാഹസമാണ്. ഈ നാലു ശ്ലോകങ്ങൾക്കായിട്ടു രാജ്യത്തിന്റെ നാലു ഭാഗങ്ങളും എനിക്കു തന്നിരിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണല്ലോ ഭവാൻ എഴുന്നേറ്റു പോകാൻ ഭാവിച്ചത്. രാജ്യം രാജാവിന് ഇരിക്കേണ്ടതാണ്. അതിനാൽ ഈ രാജ്യം അവിടേയ്ക്കുതന്നെ ഇതാ ഞാൻ തിരിച്ചു തന്നിരിക്കുന്നു. അവിടുന്ന് അവിടെ ഇരുന്നാലും" എന്നു പറഞ്ഞു.

പിന്നെ അവർ രണ്ടുപേരുംകൂടി സ്വൈര്യസലാപം ചെയ്തുകൊണ്ടു കുറച്ചുനേരമിരുന്നപ്പോഴേക്കും നേരം സന്ധ്യയായി. അപ്പോൾ രാജാവ് "സുകവേ! ഈ സന്ധ്യയെ വർണ്ണിച്ചാലും " എന്നു പറഞ്ഞു. ഉടനെ കാളിദാസൻ,

"വ്യസനിന ഇവ വിദ്യാ ക്ഷീയതേ പങ്കജശ്രീഗുണിന ഇവ വിദേശേ ദൈന്യമായാന്തി ഭൃംഗാഃകുനൃപതിരിവ ലോകം പീഡയത്യന്ധകാരോധനമിവ കൃപണസ്യ വ്യർത്ഥതാമേതി ചക്ഷുഃ"

(താമരപ്പൂവിന്റെ ശോഭ വ്യസനാക്രാന്തന്റെ വിദ്യ എന്നപോലെ ക്ഷയിക്കുന്നു. ഗുണികൾ വിദേശത്തെന്നപോലെ വണ്ടുകൾ ദീനതയെ പ്രാപിക്കുന്നു. ദുഷ്ടനായ രജാവെന്നപോലെ അന്ധകാരം ലോകത്തെ ദുഃഖിപ്പിക്കുന്നു. കണ്ണു ലുബ്ധന്റെ ധനമെന്നപോലെ നി‌ഷ്ഫലമായിത്തീരുന്നു) എന്നൊരു ശ്ലോകം ചൊല്ലി. രാജവു സന്തോ‌ഷിച്ച് അതിനു കാളിദാസന് പ്രത്യക്ഷരലക്ഷം ധനം (അവിടെ നടപ്പായിരുന്ന നാണയം) കൊടുത്തു. കാളിദാസൻ സന്തോ‌ഷിച്ച് വീണ്ടും.

"സുകവേശ്ശബ്ദസെഭൗാഗ്യം സത്കവിർവേത്തി നാപരഃവന്ധ്യാ നഹി വിജാനാതി പരാം ദെഹൗൃദസമ്പദം"

(സത്കവിയുടെ വാക്കുകളുടെ ഭംഗി സത്കവിയല്ലാതെ അന്യൻ അറിയുന്നില്ല. ഗർഭസമ്പത്തിനെക്കുറിച്ചു വന്ധ്യ (മച്ചി) അറിയുന്നില്ലല്ലോ) ഇങ്ങനെ രാജാവിനെ സ്തുതിച്ചു. പിന്നെ ക്രമേണേ ഭോജരാജാവും കാളിദാസനും തമ്മിൽ സന്തോ‌ഷം വർദ്ധിച്ചു പ്രാണസ്നേഹിതന്മാരായിത്തീർന്നു.

വിട്ട് പോയത് ചേർക്കാനുണ്ട്

അനന്തരം എലാവരും കൂടി ആലോചിച്ച് ഒരു കെശൗലം ചെയ്തു. രാജാവിന്റെ താംബൂലവാഹിനി മുറുക്കാനുണ്ടാക്കിക്കൊടുക്കുന്നവളായ തരംഗവതി എന്ന ദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്ത് അവളെ സ്വാധീനപ്പെടുത്തീട്ട്, "അല്ലയോ സുഭഗേ! ഈ കാളിദാസൻ നിമിത്തം ഞങ്ങളുടെ യോഗ്യതകൾ ഇവിടെ പ്രകാശിക്കാതെയായിരിക്കുന്നു. അതിനാൽ രജാവു കാളിദാസനെ ഈ ദിക്കിൽനിന്നു പറഞ്ഞയക്കുവാൻ തക്കവിധത്തിൽ നീയെന്തെങ്കിലും ഒരു കെശൗലമുണ്ടാക്കണം" എന്നു പറയുകയും അവൽ അതു സമ്മതിക്കുകയും ചെയ്തു.

അതിനുശേ‌ഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാജാവ് അത്താഴം കഴിഞ്ഞു തനിച്ചു കിടന്നിരുന്ന സമയത്ത് ആ ദാസി അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് മുറുക്കാനുണ്ടാക്കിക്കൊടുത്തിട്ടു കാൽ തലോടിക്കൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ അവൾ നിദ്ര ബാധിച്ചതായി നടിച്ചു അവിടെത്തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കത്തിൽ പറയുന്ന വിധത്തിൽ "സഖീ കനകമാലിനീ! ആ കാളിദാസൻ മഹാദുർബുദ്ധിതന്നെയാണ്. അയാൾ ദാസീവേ‌ഷം ധരിച്ച് അന്തഃപുരത്തിൽ കടന്നു രാജാവിന്റെ പത്നിയായ ലീലാദേവിയോടുകൂടി രമിക്കുന്നു. ഇതു കഷ്ടമല്ലേ?" എന്നു പറഞ്ഞു. രാജാവ് ഇതു കേട്ട് എഴുന്നേറ്റു ദാസിയോട്. "എടീ തരംഗവതീ! നീ ഉറങ്ങിക്കിടാക്കുന്നുവോ അതോ ഉണർന്നു കിടക്കുന്നുവോ?" എന്നു ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഉറക്കം നടിച്ചു തന്നെ കിടന്നു. അപ്പോൾ രാജാവ്, "ഇത് ഇവളുടെ മനസ്സിലിരുന്നത് ഉറക്കത്തിൽപ്പറഞ്ഞതാണ്. സംഗതി വാസ്തവം തന്നെയായിരിക്കണം. സ്ത്രീലമ്പടനായ കാളിദാസന്റെ സ്ഥിതിക്ക് ഇങ്ങനെ വരാവുന്നതാണ്. പിന്നെ ലീലാദേവി ഇങ്ങിനെ ചെയ്യുമോ? എന്നാണെങ്കിൽ

"സ്ത്രീണാം ച ചിത്തം പുരു‌ഷസ്യ ഭാഗ്യംദേവോ ന ജാനാതി കുതോ മനു‌ഷ്യഃ"

എന്നുണ്ടല്ലോ. എല്ലാംകൊണ്ടും ഇതു വിശ്വസിക്കാതെയിരിക്കാൻ തരമില്ല എന്നു വിചാരിച്ച് അങ്ങനെ ഉറച്ചു.

പിറ്റേ ദിവസം കാളിദാസൻ രാജസന്നിധിയിൽ ചെന്നപ്പോൾ രാജാവ്, "അല്ലയോ കവേ! പലതുകൊണ്ടും നിങ്ങൾ ഈ ദേശത്തു താമസിക്കാൻ യോഗ്യനല്ലെന്നു നമുക്കു തോന്നിയിരിക്കുന്നു. അതിനാൽ ക്ഷണത്തിൽ ഈ ദേശം വിട്ടു പൊയ്ക്കൊള്ളണം. കാരണമൊന്നും നാം വിസ്തരിക്കുന്നില്ല. അതു ചോദിക്കാൻ നിങ്ങൾക്ക് അവകാശവുമില്ല" എന്നു പറഞ്ഞു. ഉടനെ കാളിദാസൻ അവിടെനിന്ന് ഇറങ്ങിപ്പോയി വേശ്യാഗൃഹത്തിൽച്ചെന്ന് ആ സ്ത്രീയോട്, "അല്ലയോ പ്രിയതമേ! ഞാൻ ഈ ദേശത്തു താമസിക്കരുതെന്നു രാജവു കൽപ്പിച്ചിരിക്കുന്നു. അതിനാൽ ഞാനിതാ പോകുന്നു" എന്നു പറഞ്ഞു. അപ്പോൾ വേശ്യ, "അലയോ പ്രിയതമ! നമുക്കു നിത്യവൃത്തിക്കു രാജാവു വല്ലതും തന്നിട്ടു വേണമെന്നില്ല. നമുക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. അതിനൽ ഭവാൻ ആരുമറിയാതെ ഗൂഢമായി സസുഖം ഇവിടെത്തന്നെ താമസിച്ചുകൊള്ളണം. ഭവാനെ ഞാൻ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു. കാളിദാസൻ അതു കേട്ടു ഗൂഢമായി അവിടെത്തന്നെ താമസമുറപ്പിച്ചു.

കാളിദാസൻ പിരിഞ്ഞുപോയതിന്റെശേ‌ഷം രാജാവ് തന്റെ പ്രാണസ്നേഹിതനായിരുന്ന ആ മഹാകവിയെ പറഞ്ഞയയ്ക്കേണ്ടതായി വന്നതിനേയും തന്റെ പ്രാണപ്രിയയായ ലീലാദേവിയുടെ ദുശ്ചേഷ്ടിതത്തെയും കുറിച്ചു വിചാരിച്ചു ഏറ്റവും ഖിന്നനായിത്തീർന്നു. അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ആരോടുമൊന്നും മിണ്ടാതെയുമിരിപ്പായി. രാജാവിന്റെ ആ ഇരിപ്പു കണ്ടിട്ട് ലീലാദേവി വി‌ഷാദത്തോടുകൂടി അടുത്തു ചെന്നു, "അല്ലയോ പ്രാണനാഥ! സർവ്വജ്ഞനായ ഭവാൻ ഈ അവസ്ഥാന്തരത്തെ പ്രാപിക്കുന്നതിനുണ്ടായ കാരണമെന്ത്? ഇതിന്റെ വാസ്തവ കാരണം അനന്യശരണയായ എന്നോടു പറയണം. ഭവാനെ ഈ സ്ഥിതിയിൽ കണ്ടുകൊണ്ട് ക്ഷണനേരം പോലും ജീവിക്കാൻ ഞാൻ ശക്തയല്ല. ഭവാൻ പരമാർത്ഥം പറയാതെയിരുന്നൽ ഇപ്പോൾത്തന്നെ ഏതു വിധവും ഞാൻപ്രാണത്യാഗം ചെയ്യും. ഭവാൻ എന്റെ പ്രാണനാഥനാണെങ്കിൽ എന്റെ പ്രാണനെ രക്ഷിക്കണം" എന്നു പറഞ്ഞുകൊണ്ടു കാല്പിടിച്ചു കരഞ്ഞു.

ലീലാദേവിയുടെ പാരവശ്യം കണ്ട് ആർദ്രമാനസനായി ഭവിക്കുകയാൽ രാജാവ് ദാസി ഉറക്കത്തിൽപ്പറഞ്ഞതും താൻ കാളിദാസനെപ്പറഞ്ഞയതും മറ്റും വിവരിച്ചു പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ ലീലാദേവി "ഇത്രയും കാലം പരിചയിച്ചിട്ടും അവിടേക്ക് എന്റെ സത്യസ്ഥിതി അറിയാൻ വയ്യാതെപോയതു കഷ്ടം തന്നെ. ആട്ടെ, ആദ്യം എന്റെ പരമാർത്ഥതയെത്തന്നെ ഞാൻ ബോധ്യപ്പെടുത്താം. മറ്റുള്ള സംഗതികളെക്കുറിച്ചു പിന്നെപ്പറയാം" എന്നു പറഞ്ഞു വിറകുതടികൾ വരുത്തി കൂട്ടിച്ച് അതിനു തീകൊളുത്തി കത്തിക്കാളി ജ്വലിച്ചു തുടങ്ങിയപ്പോൾ പോയി കുളിച്ചുവന്ന് ആദിത്യദേവനെ നോക്കിത്തൊഴുതുകൊണ്ട് "അല്ലയോ ലോകസാക്ഷിയായ ഭഗവാനേ! ഞാൻഎന്റെ ഭർത്താവായ ഈ രാജാവിനെയല്ലാതെ മറ്റൊരു പുരു‌ഷനെ സ്വപ്നേപി സ്മരിക്കുകപോലും ചെയ്തിട്ടുണ്ടെങ്കിൽ എന്റെ ദേഹം ഈ അഗ്നിയിൽ വെന്തു വെണ്ണീറാകട്ടെ. അലെങ്കിൽ എന്റെ ചാരിത്രശുദ്ധിയെ പ്രത്യക്ഷപ്പെടുത്തുക" എന്നു പറഞ്ഞിട്ട് അഗ്നിയിലേക്കു ചാടി. ലീലാദേവി ഒരു രോമം പോലും കരിയാതെ അഗ്നിശുദ്ധയയി അവിടെനിന്നിറങ്ങി അന്തഃപുരത്തിലേക്കു പോയി. അതു കണ്ടു രാജവു വിസ്മയം കൊണ്ടും പശ്ചാത്താപം കൊണ്ടും വിഹ്വലമനസനായിട്ടു ലജ്ജാവനതമുഖനായി ദേവിയുടെ അടുക്കൽച്ചെന്ന് "പ്രാണപ്രിയേ! എന്റെ സമസ്താപരാധങ്ങളും ദേവി ക്ഷമിക്കണം. ഞാനിതാ ക്ഷമായാചനം ചെയ്തുകൊള്ളുന്നു" എന്നു പറഞ്ഞു. അതു കണ്ട് ലീലാദേവി "അല്ലയോ പ്രാണനാഥാ! അവിടേക്ക് ഈ ദുശ്ശങ്കയുണ്ടായതിൽ പ്രധാന കാരണം എന്നെക്കുറിച്ചുള്ള സ്നേഹത്തിന്റെ ആധിക്യം തന്നെയാണെന്ന് എനിക്കറിയാം. അതിനാൽ ഇതിനെക്കുറിച്ച് ഇത്രയൊന്നും പറയണമെന്നില്ല. എന്നാൽ അവിടുന്ന് പ്രാണാധികസ്നേഹത്തോടും ബഹുമാനത്തോടുംകൂടി പൂജിച്ചിരുന്ന കവികുലശിരോമണിയായ കാളിദാസനെ ഇവിടെനിന്നു നി‌ഷ്കരുണം നി‌ഷ്കാസനം ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇതെല്ലാം ഉണ്ടാക്കിത്തീർത്തത് ഇവിടെ സഭയിലുള്ള ശേ‌ഷം കവികളാണ്. കാളിദാസൻ ഇവിടെയുള്ളപ്പോൾ അവരുടെ യോഗ്യത ഇവിടെ പ്രകാശിക്കുകയില്ല. ഖദ്യോതനനുള്ളപ്പോൾ ഖദ്യോതങ്ങൾ പ്രദ്യോതിക്കുകയില്ലല്ലോ. അതിനാൽ അദ്ദേഹത്തെ ഇവിടെ നിന്ന് ഓടിക്കാനായി അവർ ആ ദുഷ്ടദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്തു വശീകരിച്ചതിനാൽ അവൾ ഉറക്കം നടിച്ചു കിടന്നുകൊണ്ട് അങ്ങനെ പറഞ്ഞതാണെന്നുള്ളതിനു സംശയമില്ല. സർവ്വജ്ഞനായ അവിടുന്ന് ഈ പരമാർത്ഥം അറിയാത്തത് അത്ഭുതം തന്നെ" എന്നു പറഞ്ഞു. ഉടനെ രാജാവ്, "പ്രിയേ! ഇതെല്ലാം സത്യം തന്നെ എന്നു ഞാൻ സമ്മതിക്കുന്നു. ഞാൻഅധികം താമസിക്കാതെ ഈ ദുഷ്ടകവികളെയെല്ലാം ഇവിടെനിന്നു ഓടിക്കുകയും കാളിദാസമഹാകവിയെ യഥാപൂർവ്വം ഇവിടെ വരുത്തി സൽക്കരിച്ചു താമസിപ്പിക്കുകയും ചെയ്യാം" എന്നു പറഞ്ഞു.

അനന്തരം ഏതാനും ദിവസങ്ങൾക്കുശേ‌ഷം രാജാവ് ഒരു സമസ്യ ഉണ്ടാക്കിക്കൊണ്ട് ഒരു ദിവസം സഭാമണ്ഡപത്തിൽ ചെന്നു. അപ്പോൾ കാളിദാസനൊഴിച്ചുള്ള സകല കവികളും അവിടെച്ചെന്നുകൂടി. ഉടനെ രാജാവ് താനുണ്ടാക്കിയ സമസ്യ ചൊല്ലിക്കേൾപ്പിച്ചിട്ട് എല്ലാവരോടുംകൂടി "ഈ സമസ്യ വേണ്ടതുപോലെ നിങ്ങൾ പൂരിപ്പിക്കണം. അതു നിങ്ങളാൽ സാധ്യമല്ലെങ്കിൽ നിങ്ങളെല്ലാവരും ഈ ദേശം വിട്ടു പോയ്ക്കൊള്ളണം. ഈ ദിക്കിൽ ആരെയും കണ്ടുകൂടാ" ഏന്നു പറഞ്ഞു. അതു പ്രാകൃതത്തിലുള്ള ശ്ലോകാർദ്ധസമസ്യയായിരുന്നു. അതു കേട്ടപ്പോൾത്തന്നെ പൂരിപ്പിക്കുന്ന കാര്യം അസാദ്ധ്യമെന്ന് അവർക്കൊക്കെത്തോന്നി. എങ്കിലും ഇതു പൂരിപ്പിക്കുന്നതിന് എട്ടു ദിവസത്തെ അവധി കിട്ടണമെന്ന് അവർ അപേക്ഷിക്കുകയും രാജാവ് അതു സമ്മതിക്കുകയും ചെയ്തു.

എട്ടാം ദിവസം രാത്രിയായിട്ടും ആ കവികൾക്ക് ആ സമസ്യ പുരിപ്പിക്കാൻ കഴിഞ്ഞില്ല. രാത്രിയിൽ അവരെലാവരുംകൂടി, "നമുക്ക് ഇപ്പോൾതന്നെ ഈ ദേശം വിട്ടു പോകാം. വെളുത്താൽ രാജഭടന്മാർ നമ്മെപ്പിടിച്ചു നാടുകടത്തും. അതിനുമുമ്പു പോവുകയാണല്ലോ നല്ലത്. നല്ല നിലാവുണ്ട്" എന്നു പറഞ്ഞു നിശ്ചയിച്ചു അവർ അവരുടെ സാമാനങ്ങളെല്ലാം കെട്ടിയെടുത്തുകൊണ്ടുപോയി.

അവർ പോയത് കാളിദാസന്റെ പ്രിയതമയായ വിലാസവതി എന്ന വേശ്യയുടെ ക്രീഡോദ്യാനത്തിനടുത്തുള്ള വഴിയിൽക്കൂടിയായിരുന്നു. ആ സമയത്ത് കാളിദാസനും വിലാസവതിയും ഉദ്യാനത്തിലുണ്ടായിരുന്നു. ഈ കവികളുടെ പരസ്പര സംഭാ‌ഷണസംഗതി ഒരുവിധം മനസ്സിലാക്കീട്ടു വേശ്യയോട്, "പ്രിയേ! ഈ പോകുന്നത് ഭോജസദസ്സിലെ കവികളാണ്. ഇവരും എന്നെപ്പോലെ രാജവു പറഞ്ഞയച്ചു പോവുകയാണ്. ഇവർ എന്നെ ദ്രോഹിച്ചവരാണെങ്കിലും ഇവരെ രക്ഷിക്കണം. "ഉപകാരപ്രധാനഃ സ്യാദപകാരപരേപ്യരൌ "എന്നുണ്ടല്ലോ. നമുക്കു ഗൃഹത്തിലേക്കു പോകാം. എനിക്കു വേ‌ഷമൊന്നു മാറണം" എന്നു പറഞ്ഞ് അവർ ഗൃഹത്തിലേക്ക് പോയി. കാളിദാസൻ ഉടനെ ഒരു ചാരന്റെ വേ‌ഷം ധരിച്ചുകൊണ്ടു ക്ഷണത്തിൽ മറ്റൊരു വഴിയേ കുറച്ചു ദൂരം പോയിട്ടു മറ്റൊരു സ്ഥലത്തുനിന്നു വരുന്ന ഭാവത്തിൽ ആ കവികളുടെ നേരെ വന്നു. അടുത്ത് എത്തിയപ്പോൾ കാളിദാസൻ (ചാരഭാ‌ഷയിൽ) "മഹാബ്രാഹ്മണർക്കു നമസ്കാരം" എന്നു പറഞ്ഞിട്ട് "ഭവാന്മാർ എവിടേ നിന്നു വരുന്നു? എവിടെ പോകുന്നു? എന്നു ചോദിച്ചു. കവികൾ പരമാർത്ഥമെല്ലാം പറഞ്ഞതിന്റെ ശേ‌ഷം "ഭവാൻ എവിടെനിന്നു വരുന്നു? എവിടെപ്പോകുന്നു?" എന്ന് അങ്ങോട്ടും ചോദിച്ചു. അതിനുത്തരമായിട്ട് ചാരൻ "ഞാൻകാശീദേശവാസിയാണ്. ധനാഗ്രഹം നിമിത്തം ഭോജരാജാവിനെ കാണാൻ പോവുകയാണ്. രാജാവുണ്ടാക്കിയെന്നു പറഞ്ഞ ആ സമസ്യ കേട്ടാൽക്കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. കവികൾ സമസ്യ ചൊല്ലിക്കേൾപ്പിച്ച ക്ഷണത്തിൽ ചാരൻ "ഇതിന്റെ പൂരണം ഇങ്ങനെയായിരിക്കേണ്ടതാണ്" എന്നു പറഞ്ഞിട്ട് ആ അർദ്ധശ്ലോകത്തിന്റെ ഉത്തരാർദ്ധം പ്രാകൃതത്തിൽത്തന്നെ ചൊല്ലിപ്പൂരിപ്പിച്ചു. കവികൾ അതു കേട്ടു സമ്മതിക്കുകയും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഉടനെ ചാരൻ വന്ദനം പറഞ്ഞ് അവിടെനിന്നു പോയി.

ചാരൻ പൊയ്ക്കഴിഞ്ഞപ്പോൾ കവികൾ "ഇനി നമുക്ക് ഈ ദേശം വിട്ടു പോകണമെന്നില്ല. കാലത്തേതന്നെ രാജസന്നിധിയിലെത്തി സമസ്യാപുരണം കേൾപ്പിക്കണം. ഈ ചാരൻ അവിടെയെത്തുന്നതിനുമുമ്പു നമുക്കെത്തണം. നമുക്കിപ്പോൾ നമ്മുടെ വാസസ്ഥലങ്ങളിലേക്കു തന്നെ പോകാം" എന്നു പറഞ്ഞ് അവർ മടങ്ങിപ്പോയി അവരുടെ വാസസ്ഥലങ്ങളിലെത്തി കിടന്നുറങ്ങി.

പ്രഭാതസമയത്തുതന്നെ അവരെല്ലാവരും എഴുന്നേറ്റു രാജസന്നിധിയിലേക്കു പുറപ്പെട്ടു. ബാണകവി മുമ്പിൽക്കടന്നു രാജസന്നിധിയിലെത്തി സമസ്യാപൂരണം ചൊല്ലിക്കേൾപ്പിചു. പൂരണം കേട്ടപ്പോൾതന്നെ അത് കാളിദാസൻ "ഉണ്ടാക്കിയതാണെന്നു രാജാവിനു മനസ്സിലായി. എങ്കിലും അതൊന്നും ഭാവിക്കാതെ സന്തോ‌ഷഭാവത്തോടുകൂടി ബാണകവിക്കു പതിനഞ്ച് ലക്ഷം സ്വർണ്ണനാണയം കൊടുത്തു. അപ്പോഴേക്കും ശേ‌ഷം കവികളും അവിടെ വന്നുകൂടി. രാജാവ് കൊടുത്തതു വാങ്ങിക്കൊണ്ട് ബാണകവി സന്തോ‌ഷസമേതം ശേ‌ഷമുള്ള കവികളോടുകൂടി പോയി. ബാണകവിയെ ഒഴിച്ചുള്ളവർ ഉടനെ മടങ്ങിവരുമെന്നും അപ്പോൾ സത്യം വെളിപ്പെടുമെന്നും വിചാരിച്ചുകൊണ്ട് രാജാവ് സഭാമണ്ഡപത്തിൽത്തന്നെ ഇരുന്നു.

അപ്രകാരം തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ശേ‌ഷം കവികളെല്ലാവരും രാജസന്നിധിയിലെത്തി, "അല്ലയോ മഹാരാജാവേ! ഇവിടെനിന്ന് കൊടുത്ത ദാനത്തിനു ഞങ്ങളെല്ലാവരും ഒരുപോലെ അവകാശികളാണ്. ബാണകവി ആ ധനം വിഭജിച്ചു ഞങ്ങൾക്കുകൂടി തരുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ അദ്ദേഹം ഞങ്ങൾക്കൊന്നും തന്നില്ല. സമസ്യ പൂരിപ്പിച്ചത് ഞങ്ങളാരുമല്ല. ഞങ്ങളാൽ അത് അസാദ്ധ്യ വുമാവുകയാൽ ഞങ്ങളെല്ലാവരുംകൂടി ഈ ദേശം വിട്ടു പോയപ്പോൾ കാളിദാസന്റെ പ്രിയതമയായ വേശ്യയുടെ ക്രീഡോദ്യാനത്തിന്റെ സമീപത്തുകൂടിയുള്ള വഴിയിൽ വെച്ച് കാശിദേശവാസിയായ ഒരു ചാരനെ കണ്ടു. ആ ചാരനാണു സമസ്യ പൂരിപ്പിച്ചു തന്നത്. അതിനു കിട്ടിയ സമ്മാനം ബാണകവി തനിച്ചെടുത്തതു ന്യായമായില്ലല്ലോ. അതിനാൽ ബാണകവിയെ ഇവിടെ വരുത്തി ഞങ്ങളുടെ വീതം തരുവിക്കണം" എന്നു പറഞ്ഞു. ഉടാനെ രാജാവ് "ബാണകവി കൊണ്ടുപോയത് പോകട്ടെ. നിങ്ങൾ സത്യം പറഞ്ഞല്ലോ. അതിനാൽ നിങ്ങൾക്കു ധനം ഞാൻ വേറെ തരാം" എന്നു പറഞ്ഞ് അവർക്കു ലക്ഷം വീതം കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

പിന്നെ രാജാവ്, "കാളിദാസൻ ഈ ദേശം വിട്ടു പോയിട്ടില്ല. അദ്ദേഹം വേശ്യാഗൃഹത്തിൽത്തന്നെയുണ്ട്. എന്നെ ഭപ്പെട്ടു ചാരവേ‌ഷം ധരിച്ചു സഞ്ചരിക്കുകയാണ്. ആ വേശ്യാഗൃഹത്തിൽച്ചെന്നാൽ അദ്ദേഹത്തെ കണ്ടുപിടിക്കാം" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് പട്ടാളക്കാരെ അയച്ച് ആദ്യംതന്നെ വേശ്യാഗൃഹത്തെ രോധിപ്പിച്ചു. അനന്തരം രാജാവ് പൗരപ്രധാനന്മാർ, അമാത്യന്മാർ മുതലായവരോടുകൂടി വേശ്യാഗൃഹത്തിലെത്തി കാളിദാസനെ കണ്ടു. അപ്പോൾ കാളിദാസൻ രാജാവ് തന്നെ കഠിനമായി ശിക്ഷിക്കുമെന്നു വിചാരിച്ചു വിഹ്വലനായിത്തീർന്നു. രാജാവ് അശ്രുക്കൾ പൊഴിച്ചുകൊണ്ട് കാളിദാസനെപ്പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ട് "സഖേ! ഭവാനെന്റെ അവിവേകത്തെ ക്ഷമിച്ച് എന്നോടു കൂടിപ്പോന്ന് യഥാപുർവ്വം താമസിക്കണമെന്നു ഞാൻഅപേക്ഷിക്കുന്നു" എന്നു പറഞ്ഞു. അതുകേട്ടപ്പോൾ കാളിദാസന്റെ വിഹ്വലത തീർന്നു. പിന്നെ രാജാവ് കാളിദാസനെ ഒരു കുതിരപ്പുറത്തുകയറ്റി വാദ്യഘോ‌ഷങ്ങളോടുകൂടി എതിരേറ്റു രാജമന്ദിരത്തിൽ കൊണ്ടുപോവുകയും യഥാപൂർവ്വം സ്നേഹത്തോടും ബഹുമാനത്തോടും കൂടി താമസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഭോജരാജാവു ചില ദുശ്ശങ്കകൾ നിമിത്തം കാളിദാസനെ ബഹി‌ഷ്കരിക്കുകയും വീണ്ടും സമീപത്ത് വരുത്തി താമസിപ്പിക്കുകയും ചെയ്യുക സാധാരണമായിരുന്നു.

ഒരിക്കൽ ഭോജരാജാവ് ഒരു ചിത്രകാരനെ വരുത്തി അദ്ദേഹത്തിന്റെ പ്രിയതമയായ ലീലാദേവിയുടെ ഒരു ചിത്രപടമെഴുതിച്ചു. ചിത്രം എഴുതിത്തീർന്നപ്പോൾ തൂലികയുടെ അറ്റത്തുനിന്ന് അല്പം മഷി അബദ്ധത്തിൽ ആ ചിത്രപടത്തിന്റെ ഊരുമൂലത്തിൽ വീണു. ചിത്രകാരൻ അതു തുടച്ചു കളയാനായി ഭാവിച്ചപ്പോൾ അതു കണ്ടുകൊണ്ടു നിന്ന കാളിദാസൻ, "അതു കളയണമെന്നില്ല. ദേവിക്ക് ആ സ്ഥലത്ത് ഒരു മറുകു വാസ്തവത്തിലുള്ളതാണ്" എന്നു പറഞ്ഞു. അതിനാൽ ചിത്രകാരൻ അതു കളഞ്ഞില്ല. രാജാവു ചിത്രപടം കണ്ടപ്പോൾ "ചിത്രം വളരെ നന്നായി; എങ്കിലും തുടയ്ക്ക് ആ മ‌ഷി വീണതു വൃത്തികേടായി" എന്നു പറഞ്ഞു. ഉടനെ ചിത്രകാരൻ "ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടല്ലോ, അതുകൊണ്ടാണ് അത് കളയാത്തത്" എന്നു പറഞ്ഞു. അപ്പോൾ രാജാവ്, "ഞാൻതന്നെ കണ്ടിട്ടില്ലാത്തതും സാധാരണജനങ്ങൾക്കു കാണ്മാൻ സാധിക്കാത്തതുമായ ആ മറുകിനെക്കുറിച്ചു നിങ്ങൾ അറിഞ്ഞതെങ്ങിനെയാണ്? നിങ്ങൾക്കു ദിവ്യദൃഷ്ടിയുണ്ടോ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് ചിത്രകാരൻ, "എനിക്കു ദിവ്യദൃഷ്ടിയും മറ്റുമില്ല. ആ മറുകു ഞാൻ കണ്ടിട്ടുമില്ല. ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടെന്ന് കാളിദാസകവി പറഞ്ഞതാണ്". എന്നു പറഞ്ഞു. രാജാവു പിന്നെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചിത്രകാരനു സമ്മാനങ്ങളും മറ്റും കൊടുത്തയച്ചതിന്റെ ശേ‌ഷം അദ്ദേഹം, "ഇത് ദാസി വ്യാജനിദ്രയിൽപ്പറഞ്ഞതു പോലെയും മറ്റുമല്ല. ഇതിലധികം സൂക്ഷ്മമായ തെളിവ് ഇനി എന്താണു വേണ്ടത്? ഈ ദ്രാഹി ഒരു ബ്രാഹ്മണനാണല്ലോ. അതിനാലിവനെ നിഗ്രഹിക്കുന്നത് കഷ്ടമാണ്. ഏതായാലും ഇനി മാത്രനേരം പോലും ഈ ദുഷ്ടനെ നമ്മുടെ ദേശത്തു താമസിപ്പിക്കാൻ പാടില്ല. അതു നിശ്ചയം തന്നെ" എന്നു വിചാരിച്ചു രാജഭടന്മാരെ അയച്ച് കാളിദാസനെപ്പിടിച്ച് അപ്പോൾ തന്നെ നാടുകടത്തിവിട്ടു.

അനന്തരം ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം ഭോജ രാജാവിന്റെ സീമന്തപുത്രൻ പരിവാരങ്ങളോടുകൂടി നായാട്ടിനു പോയി. ഓരോ മൃഗങ്ങളൂടെ പിന്നാലെ പാഞ്ഞുപോയിപ്പോയി ഒടുവിൽ രാജ കുമാരൻ തനിച്ച് ഒരു കൊടുങ്കാട്ടിലകപ്പെട്ടു. നേരവും സന്ധ്യയായി. അപ്പോൾ ഏറ്റവും ഭയങ്കരമൂർത്തിയായ ഒരു വ്യാഘ്രം രാജകുമാരന്റെ നേരെ പാഞ്ഞു ചെന്നു. കുമാരൻ വ്യാഘ്രത്തെ കണ്ടു ഭയപ്പെട്ട് ഒരു മരത്തിന്മേൽ കയറി. വ്യാഘ്രം മരത്തിന്റെ ചുവട്ടിലും ചെന്നിരിപ്പായി.

രാജകുമാരൻ ആ മരത്തിന്റെ മുകളിൽ ചെന്നപ്പോൾ അവിടെ ഒരു കരടി ഇരിക്കുന്നുണ്ടായിരുന്നു. കുശലപ്രശ്നാനന്തരം അവർ തമ്മിൽ കുറച്ചുനേരം സംഭാ‌ഷണം ചെയ്തുകഴിഞ്ഞപ്പോഴേക്കും അവർ പരസ്പരം വിശ്വസ്തമിത്രങ്ങളായിത്തീർന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ നിദ്രാബാധിതനായി ഉറക്കംതൂങ്ങിത്തുടങ്ങി. അതു കണ്ട് കരടി "അലയോ കുമാര! ഉറക്കം വരുന്നെങ്കിൽ എന്റെ മടിയിൽ തലവെച്ചുകിടന്ന് ഉറങ്ങിക്കൊള്ളൂ. ഞാൻസൂക്ഷിച്ചുകൊള്ളാം." എന്നു പറഞ്ഞു. അതുകേട്ട് രാജകുമാരൻ അങ്ങനെ കിടന്നുറങ്ങി. കുമാരൻ നല്ല ഉറക്കമായപ്പോൾ വ്യാഘ്രം കരടിയോട്, "ആ കുമാരനെ താഴത്തേക്കു തള്ളിയിട്ടേക്കൂ; ഞാൻതിന്ന് എന്റെ വിശപ്പു തീർക്കട്ടെ. നിനക്ക് അദ്ദേഹത്തെക്കൊണ്ട് എന്തു കാര്യമാണുള്ളത്? ഞാൻപറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ എന്നെങ്കിലും നീ താഴെയിറങ്ങുമ്പോൾ നിന്റെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ടു കരടി, "എന്നെ കൊന്നാലും വിശ്വാസപാതകം ഞാൻചെയുകയില്ല. " എന്നു മറുപടി പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ ഉറക്കം കഴിഞ്ഞുണർന്നു. പിന്നെ അദ്ദേഹം കരടിയോട്, "അല്ലയോ സ്നേഹിത! ഇനി എന്റെ മടിയിൽ തലവെച്ചു കിടന്ന് നിനക്കും കുറച്ചുറങ്ങാം. ഞാൻസൂക്ഷിച്ചു കൊള്ളാം എനു പറഞ്ഞു. അതു സമ്മതിച്ചു കരടിയും അപ്രകാരം കിടന്നു. എന്നാൽ രാജകുമാരൻ ഒരു സമയം തന്നെ ചതിച്ചേക്കുമെന്നുള്ള സംശയമുണ്ടായിരുന്നതുകൊണ്ട് കരടി ഉറങ്ങിയില്ല. എങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ കരടി ഉറങ്ങിയിരിക്കുമെന്നു വിചാരിച്ചു വ്യാഘ്രം രാജകുമാരനോട്, "അല്ലയോ രാജകുമാര! അവിടേക്ക് ഈ കരടിയെക്കൊണ്ട് യാതൊരുപയോഗവുമില്ലല്ലോ. അവനെ താഴത്തേക്കു തട്ടിയിട്ടേച്ചാൽ ഞാനവനെത്തിന്ന് എന്റെ ക്ഷുത്തു ശമിപ്പിച്ചുകൊള്ളാമായിരുന്നു. പിന്നെ ഞാൻഭവാനെ ഉപദ്രവിക്കുകയുമില്ല. ഭവാനു നിർഭയം താഴെയിറങ്ങിപ്പോകാം" എന്നു പറഞ്ഞു. ഇതു കേട്ട് രാജകുമാരൻ "ഇതു കൊള്ളാം നല്ല കെശൗലമാണ്" എന്നു വിചാരിച്ചു കരടിയുടേ കഴുത്തിൽപ്പിടിച്ചു താഴത്തേക്കു ഒരു തള്ളു കൊടുത്തു. കരടി കരുതലോടുകൂടിയായിരുന്നുവല്ലോ കിടന്നിരുന്നത്. അതിനാൽ താഴത്തു വീണില്ല മരത്തിന്റെ ഒരു കൊമ്പിന്മേൽ പിടിച്ച് എഴുന്നേറ്റിരുന്നുകൊണ്ട് " എടാ! മിത്രദ്വേ‌ഷി! ഞാൻനിന്നെ സൂക്ഷിച്ചു രക്ഷിച്ചതിന്റെ പ്രതിഫലം ഇതാണോ? ഇതിന്റെ ഫലം നീയും അനുഭവിക്കണം" എന്നു പറഞ്ഞിട്ട് കരടി രാജകുമാരന്റെ നാക്കുപിടിച്ച് അതിന്മേൽ "സ,സേ,മി,ര" എന്നു നാലക്ഷരമെഴുതി. അപ്പോഴേക്കും നേരം വെളുത്തു. ഉടനെ വ്യാഘ്രം അവിടെനിന്നു പോയി. കരടിയും താഴെച്ചാടിയിറങ്ങിപ്പോയി. അപ്പോഴേക്കും രാജകുമാരന്റെ കൂട്ടുകാർ അദ്ദേഹത്തെ അന്വേ‌ഷിച്ചു മരച്ചുവട്ടിലെത്തി. കുമാരൻ മരത്തിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് "ഇതെന്താ മരത്തിന്മേലെഴുന്നള്ളിയിരിക്കുന്നത്?" എന്നവർ ചോദിച്ചതിനു രാജകുമാരന്റെ ഉത്തരം "സസേമിര" എന്നായിരുന്നു. പിന്നെയും അവർ ചോദിച്ചതിനെല്ലാം രാജകുമാരന്റെ ഉത്തരം ഇതുതന്നെയായി. ഇതിന്റെ കാരണവും അർത്ഥവുമറിയാതെ അവർ വല്ലാതെ അന്ധന്മാരായിത്തീർന്നു. അവർ പിന്നെ ഒരുവിധത്തിൽ രാജകുമാരനെ താഴെയിറക്കി രാജസന്നിധിയിൽ കൊണ്ടുപോയി. രാജാവു പുത്രനെക്കണ്ടപ്പോൾ നായാട്ടിനു പോയിട്ടുണ്ടായ വർത്തമാനങ്ങലെല്ലാം ചോദിച്ചു. എല്ലാ ത്തിനും കുമാരന്റെ ഉത്തരം "സസേമിര" എന്നുതന്നെയായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താൽ ഇങ്ങനെ മാത്രം മറുപടി പറഞ്ഞുകൊണ്ടിരിപ്പായി. അതിനാൽ രാജാവിനും രാജ്ഞിക്കും അമാത്യന്മാർ മുതലായവർക്കും മാത്രമല്ല രാജ്യവാസികൾക്ക് ആകപ്പാടെ ദുസ്സഹമായ ദുഃഖം ഉണ്ടായിത്തീർന്നു.

പിന്നെ രാജാവ് അനേക മാന്ത്രികന്മാരെയും വൈദ്യന്മാരെയും വരുത്തി കുമാരനെ പൂർവ്വസ്ഥിതിയിലാക്കുന്നതിനായി പലവിധത്തിലുള്ള മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചു. ഒന്നിനും ഒരു ഫലവുമുണ്ടായില്ല.

അങ്ങനെയിരുന്നപ്പോൾ ജനങ്ങൾക്കുണ്ടാകുന്ന സകലവിധ പീഢകളും നി‌ഷ്പ്രയാസം ക്ഷണത്തിൽ ഭേദപ്പെടുത്തിക്കൊണ്ട് ഒരു യോഗിനി പട്ടണത്തിൽ സഞ്ചരിക്കുന്നതായി ചിലർ പറഞ്ഞുകേൾക്കുകയാൽ രാജാവ് ആളയച്ച് ആ യോഗിനിയെ വരുത്തി കുമാരന്റെ സ്ഥിതി പറഞ്ഞു മനസ്സിലാക്കി. ഉടനെ യോഗിനി കുമാരനെ സഭയിൽ കൊണ്ടു വന്നു. അവിടെ രാജാവും അമാത്യന്മാരും പെരൗന്മാരും മറ്റും കൂടിയിരുന്നു. അവിടേവച്ചു യോഗിനി കുമാരന്റെ മുഖത്ത് നോക്കിക്കൊണ്ട്,

"സൽഭാവപ്രതിപന്നാനാംവഞ്ചനേ കാ വിചാരണാ?അങ്കമാരുഹ്യ സുപ്തം തംഹന്തു കിം നാമ പൌരു‌ഷം?"
എന്നൊരു ശോകം ചൊല്ലി. അപ്പോൾ രാജകുമാരൻ "സേമിര" എന്നു പറഞ്ഞുതുടങ്ങി. യോഗിനി പിന്നെ
"സേതും ദൃഷ്ട്വാ സമുദ്രസ്യഗംഗാസാഗരസംഗമംബ്രഹ്മത്യാദിപാപഘ്നംമിത്രദ്രാഹീ ന മുച്യതേ"
എന്ന് ഒരു ശോകം കൂടി ചൊല്ലി. അപ്പോൾ കുമാരൻ "മിര" എന്നു പറഞ്ഞുതുടങ്ങി. ഉടനെ യോഗിനി
"മിത്രദ്രാഹി ഗുരുദ്രാഹി യശ്ച വിശ്വാസപാതകീത്രയസ്തേ നരകം യാന്തി യാവച്ചന്ദ്രദിവാകരെ"
എന്ന് ഒരു ശോകം കൂടിചൊല്ലി. അപ്പോൾ കുമാരൻ "ര" എന്നുമാത്രം പറഞ്ഞുതുടങ്ങി. യോഗിനി പിന്നെയും,
"രാജംസ്തവ കുമാരസ്യ യദി കല്യാണമിച്ഛസിബ്രഹ്മണേഭ്യോ ധനം ദദ്യാഃ വർണ്ണാനാം ബ്രാഹ്മണോ ഗുരുഃ"
എന്ന് ഒരു ശോകം കൂടിചൊല്ലി. രാജകുമാരൻ ഉടാനെ എഴുന്നേറ്റ് ആ സഭയിൽ നിന്നുകൊണ്ട് കാട്ടിൽവെച്ചുണ്ടായ സകല സംഗതികളും വിസ്തരിച്ചു പറഞ്ഞു. ഇതെല്ലാം കേട്ടു സഭാവാസികൾ ഏറ്റവും വിസ്മയിക്കുകയും സന്തോ‌ഷിക്കുകയും യോഗിനിയെ സ്തുതിക്കുകയും ചെയ്തു. ഉടനെ രാജാവ് യോഗിനിയോട്, "ആ കൊടുംകാട്ടിൽവെച്ചു രാത്രിയിലുണ്ടായ ഈ സംഗതികളെല്ലാം ഭവതി എങ്ങനെ അറിഞ്ഞു?" എന്നു ചോദിച്ചു. അതിനുത്തരമായിട്ടു യോഗിനി, "ദിവ്യജ്ഞാനമുള്ളവർക്കു ലോകകാര്യങ്ങളെല്ലാമറിയാം. അതു കണ്ടിട്ടും കേട്ടിട്ടും വേണമെന്നില്ല. ഭോജരാജാവിന്റെ ഭാര്യയുടെ തുടയിൽ ഒരു മറുകുണ്ടെന്നു കാളിദാസനറിഞ്ഞത് അതു കണ്ടിട്ടല്ലെന്നുള്ളതു നിശ്ചയമാണല്ലോ. അതു പോലെ ഇതും എന്നു വിചാരിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു രാജാവും സഭാവാസികളും വിസ്മയവിഹ്വലരും വിചാരമഗ്നരുമായി ഒന്നും മിണ്ടാതെ സ്വല്പനേരം നിന്നുപോയി.

പിന്നെ രാജാവ് "കഷ്ടം! ദോ‌ഷരഹിതനും ദിവ്യജ്ഞാനിയും കവികുലശിരോമണിയും സരസ്വതീദേവിയുടെ ഒരവതാരപുരു‌ഷനുമായ കാളിദാസനെ യാതൊരു കാരണവും കൂടാതെ ഞാൻനി‌ഷ്കാസനം ചെയ്തുവല്ലോ. ഉടാനെ അദ്ദേഹത്തെ വരുത്തി യഥാപൂർവ്വം ഇവിടെത്താമസിപ്പിക്കണം. അദ്ദേഹമിപ്പോൾ എവിടെയുണ്ടെന്ന് ഈ യോഗിനിയോടുതന്നെ ചോദിച്ചാലറിയാമായിരിക്കാം" എന്നു വിചാരിച്ച് യോഗിനിയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. ഉടനെ ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചിട്ടും ആ ദിവ്യയെ ആ ദേശത്തെങ്ങും കണ്ടുകിട്ടിയില്ല.

പിന്നെ രാജാവു സ്വല്പം ആലോചിച്ചതിന്റെ ശേ‌ഷം "ഭ്രഷ്ടസ്യ കന്യാഗതിഃ" എന്നൊരു സമസ്യയുണ്ടാക്കി അതും "ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കുന്ന ആൾക്കു ഞാനെന്നും അടിമയായി ഇരുന്നുകൊള്ളാം" എന്നും എഴുതി പേരുവെച്ചു പ്രസിദ്ധപ്പെടുത്തി. ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കാൻ കാളിദാസൻ വിചാരിചല്ലാതെ സാധിക്കുകയില്ലെന്നും ഇതിന്റെ പൂരണം വന്നാൽ അദ്ദേഹത്തെ കണ്ടുപിടിച്ചുകൊള്ളാമെന്നും വിചാരിച്ചാണ് രജാവ് ഇപ്രകാരം ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞതിന്റെശേ‌ഷം ഒരു ദിവസം രാജാവ് ഒരു കുതിരവണ്ടിയിൽ കയറി ഒരു തെരുവിൽക്കൂടി സവാരി പോയപ്പോൾ മാംസം വിൽക്കുന്ന ഒരു പീടികയുടെ വാതിൽക്കൽ ഒരു സന്യാസി മാംസം വാങ്ങിക്കൊണ്ടു നിൽക്കുന്നതായിക്കണ്ടു. ഉടനെ രാജാവ് വണ്ടിനിറുത്തി താഴെയിറാങ്ങി. പിന്നെ രാജാവും സന്യാസിയും തമ്മിൽ താഴെ കുറിക്കുന്ന പ്രകാരം ഒരു സംഭാ‌ഷണം നടന്നു.

രാജാ: ഭിക്ഷോ! മാംസനി‌ഷേവണം കിമുചിതം?
സന്യാസി: കിം തേന മദ്യം വിനാ?
രാജാ: മദ്യഞ്ചാപി തവ പ്രിയം?
സന്യാസി: പ്രിയമഹോ; വാരാംഗനാഭിസ്സമം
രാജാ: വാരസ്ത്രീരതയേ കുതസ്തവ ധനം?
സന്യാസി: ദ്യൂതേന ചെര്യേണ വാ
രാജാ: ചെര്യൗദ്ദ്യൂതപരിശ്രമോസ്തി ഭവതഃ?
സന്യാസി: ഭ്രഷ്ടസ്യ കാന്യാ ഗതിഃ

ഇതു കേട്ടയുടനെ രാജാവ് ഈ സന്യാസി സാക്ഷാൽ കാളിദാസൻ തന്നെയാണെന്നു തീർച്ചപ്പെടുത്തി അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചിട്ട് "അല്ലയോ മഹാകവേ! ഭവാന്റെ മാഹാത്മ്യമറിയാതെ ഞാൻ ചെയ്തുപോയ സമസ്താപരാധവും ഭവാൻ സദയം ക്ഷമിക്കണം. ഇതാ ഇപ്പോൾ ഞാൻഭവാന്റെ അടിമയായിരിക്കുന്നു. ഇനി ഞാനെന്താണ് വേണ്ടതെന്ന് അജ്ഞാപിചാലും" എന്നു പറഞ്ഞു. ഉടാനെ കാളിദാസൻ സന്യാസിവേ‌ഷത്തെ മാറ്റി സ്വന്തവേ‌ഷം ധരിച്ചുകൊണ്ട്, "അല്ലയോ മഹാരാജാവേ! ഇപ്പോൾ അവിടുന്ന് എന്റെ നിർദ്ദോ‌ഷതയെക്കുറിച്ച് അറിഞ്ഞുവെങ്കിൽ മേലാൽ ആ വിശ്വാസത്തോടുകൂടിയിരിക്കുക മാത്രം ചെയ്താൽ മതി. അല്ലാതെയൊന്നും വേണമെന്നില്ല. എന്റെ നിരപരാധതയെ വെളിപ്പെടുത്താനായി ഇതെല്ലാം ചെയ്തത് ഭക്തവത്സലയായ ഭദ്രകാളിയാണ്. വ്യാഘ്രവേ‌ഷം ധരിച്ചു കുമാരനെ ഭയപ്പെടുത്തി മരത്തിന്മേൽ കയറ്റിയതും ആ ഭുവനേശ്വരിയുടെ രണ്ടു ഭൂതങ്ങളാണ്. യോഗിനിയുടെ വേ‌ഷം ധരിച്ചു വന്നിരുന്നത് ആ ദേവിതന്നെയായിരുന്നു. ഇപ്പോഴെങ്കിലും അവിടുന്ന് എന്റെ പരമാർത്ഥമറിഞ്ഞുവെങ്കിൽ ഞാൻ കൃതാർത്ഥനായി. അവിടുന്നു അടിമയായിരിക്കണമെന്നില്ല. പൂർവ്വസ്ഥിതിയിൽ രാജാവായിത്തന്നെ ഇരുന്നാൽ മതി" എന്നു പറഞ്ഞു. ഉടനെ രാജാവ് സബഹുമാനം കാളിദാസനെയും വണ്ടിയിൽക്കയറ്റിക്കൊണ്ടു പോയി പൂർവ്വസ്ഥിതിയിൽ താമസിപ്പിച്ചു. കാളിദാസൻ രാജസന്നിധിയിൽ താമസിച്ചിരുന്ന കാലത്തും ചിലപ്പോൾ രാത്രികാലങ്ങളിൽ വേ‌ഷം മാറി തെരുവുകളിലും മറ്റും സഞ്ചരിച്ചു ഗൂഢവർത്തമാനങ്ങളറിഞ്ഞു രാജാവിനെ ഗ്രഹിപ്പിക്കുക പതിവായിരുന്നു. ഒരു ദിവസം വെളുപ്പാൻ കാലത്ത് രാജാവിനു എവിടെയോ പോകേണ്ടിയിരുന്നു. പല്ലക്കില്ലാണ് യാത്ര നിശ്ചയിച്ചത്. അപ്പോൾ പല്ലക്കു ചുമക്കുന്നതിന് ആളുകൾ മതിയാകാത്തതിനാൽ രാജഭടന്മാർ, വേ‌ഷം മാറി വഴിയിൽക്കൂടി വന്ന കാളിദാസനെക്കൂടി ആളറിയാതെ പിടിച്ചു പല്ലക്കു ചുമപ്പിച്ചുകൊണ്ടുപോയി. കാളിദാസനു പല്ലക്കും മറ്റും ചുമന്നു പരിചയമില്ലാതിരുന്നതിനാൽ കുറച്ചു നടന്നപ്പോഴേക്കും വല്ലാതെ വി‌ഷമിച്ചു തുടങ്ങി. അപ്പോൾ ദയാലുവായ ഭോജരാജാവ് "അയമാന്ദോളികാദണ്ഡസ്തവ ബാധതി വാ ന വാ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളിദാസൻ "നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ" (ഈ ആന്ദോളികാദണ്ഡം പലക്കുതണ്ട് അല്ല, ഭവാന്റെ ബാധതി എന്നുള്ള അബദ്ധപ്രയോഗം എന്നെ ബാധിക്കുന്നു) എന്നു പറഞ്ഞു. അത് രാജാവിന്റെ മനസ്സിൽ ഒരു ശരം പോലെ കൊള്ളുകയും ഇതു പറഞ്ഞത് കാളിദാസനാണെന്നു മനസ്സിലാവുകയും ചെയ്തു. ഉടനെ രാജാവ് പല്ലക്കവിടെ വയ്പിച്ചു കാളിദാസനെയും പല്ലക്കിൽ കയറ്റി വേറെ ആളുകളെക്കൊണ്ടുപല്ലക്കെടുപ്പിച്ചു കൊണ്ടു പോയി.

ഇങ്ങനെ കാളിദാസനെക്കുറിച്ചു ഇനിയും വളരെപ്പറയാനുണ്ട്. വിസ്തരഭയത്താൽ ഇനി അധികം പറയുന്നില്ല. ഒരു സംഗതികൂടി പറഞ്ഞിട്ട് ഇത് അവസാനിപ്പിച്ചേക്കാം.

ഒരിക്കൽ ഭോജരാജാവ് കാളിദാസനോട് "ഹേ സുകുവേ! നമ്മുടെ ചരമശ്ലോകമുണ്ടാക്കിയാലും" എന്നു പറഞ്ഞു. കാളിദസൻ അതു കേട്ടു കോപത്തോടും താപത്തോടും കൂടി വിലാസവതി എന്ന വേശ്യയേയും കൂട്ടിക്കൊണ്ട് ആ ദേശം വിട്ടു ക്ഷണത്തിൽ "ഏകശില" എന്ന നഗരത്തിലേക്ക് പോയി. കാളിദാസവിയോഗത്താൽ രാജാവു ഏറ്റവും ശോകാകുലനായി ഒരു യോഗിയുടെ വേ‌ഷം ധരിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേ‌ഷിച്ചു പുറപ്പെട്ടു. രാജാവ് പലസ്ഥലങ്ങളിൽ സഞ്ചരിചു ക്രമേണ ഏകശിലാനഗരത്തിൽ ചെന്നു ചേർന്നു. കാളിദാസൻ ആ യോഗിയെക്കണ്ടിട്ടു ബഹുമാനപൂർവ്വം "അല്ലയോ യോഗീശ്വര! ഭവാന്റെ വാസം എവിടെയാണ്" എന്നു ചോദിച്ചു. ഉടനെ യോഗി "എന്റെ സ്ഥിരവാസം ധാരാനഗരത്തിലാണ്" എന്നു പറഞ്ഞു. അതു കേട്ടു കാളിദാസൻ "അവിടെ ഭോജ രാജാവിനു സുഖം തന്നെയോ?" എന്നു വീണ്ടും ചോദിച്ചു. അതിനുത്തരമായിട്ട് യോഗി "എന്താ പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞു. അതു കേട്ട് കാളിദാസൻ "അവിടെ വിശേ‌ഷം വല്ലതുമുണ്ടെങ്കിൽ എന്നോടു പറയണം" എന്നു പറഞ്ഞു. അപ്പോൾ യോഗി "എന്നാൽ പറയാം. ഭോജരാജാവു സ്വർഗ്ഗാരോഹണം ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടാ ക്ഷണത്തിൽ കാളിദാസൻ നിലത്തു വീണു വിലപിച്ചു തുടങ്ങി. "അല്ലയോ മഹാരാജാവേ! ഭവാൻ എന്നെ ഉപേക്ഷിചു പൊയ്ക്കളഞ്ഞുവല്ലോ. ഭവാനോടുകൂടാതെ ക്ഷണനേരം പോലും ഭൂമിയിലിരിക്കുവാൻ ഞാൻ ശക്തനല്ല. ഞാനുമിപ്പോൾ ഭവാനെ അനുഗമിക്കും" ഇങ്ങനെ വളരെനേരം പ്രലപിച്ചതിന്റെ ശേ‌ഷം,

"അദ്യ ധാരാ നിരാധാരാ നിരാലംബാ സരസ്വതീപണ്ഡിതാ ഖണ്ഡിതാസ്സർവ്വേ ഭോജരാജേ ദിവംഗതേ"

എന്നു ചരമശ്ലോകം ചൊല്ലി. ആ ക്ഷണത്തിൽ യോഗി മൂർച്ഛിച്ചു നിലത്തു വീണു. അപ്രകാരം വീണുകിടക്കുന്ന യോഗിയെ സൂക്ഷിച്ചു നോക്കി കാളിദാസൻ അതൊരു യോഗിയല്ലെന്നും ഭോജരാജാവാണെന്നും തീർച്ചപ്പെടുത്തിയതിന്റെ ശേ‌ഷം "ഹാ! ഹാ! മഹാരാജാവേ! ഭവാൻ എന്നെ വഞ്ചിച്ചുവല്ലോ" എന്നു പറഞ്ഞിട്ട് ആ ചരമശ്ലോകം –

"അദ്യ ധാരാ സദാധാരാ സദാലംബാ സരസ്വതീപണ്ഡിതാ മണ്ഡിതാസ്സർവ്വേ ഭോജരാജേ ഭുവംഗതേ"

എന്നു ഭേദപ്പെടുത്തിച്ചൊല്ലി. ഉടനെ ഭോജരാജാവെഴുന്നേറ്റ് കാളി ദാസനെ ആലിംഗനം ചെയ്തു. പിന്നെ അവർ രണ്ടുപേരും സസന്തോ‌ഷം ധാരാനഗരത്തെ പ്രാപിച്ച് യഥാപൂർവ്വം സുഖമാകുംവണ്ണം വസിച്ചു.


ഇവയെല്ലാം കുട്ടികൾക്കും പകർന്നു കൊടുക്കണം🔆🤝🏼









കാളിദാസൻ, ദുഷ്യന്തർ ശകുന്തള ,
ചില ശാകുന്തള ചിന്തകൾ


വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിൽ പ്രധാനമാണ്‌ ശാകുന്തളോപാഖ്യാനം. ശൈശവത്തിൽ മാതാപിതാക്കളാലും യൗവ്വനത്തിൽ ഭർത്താവിനാലും പരിത്യക്തയായ ശകുന്തളയുടെ ജീവിതത്തിലെ ആവർത്തിച്ചുള്ള വിഷമതകൾ മറ്റൊരു വീക്ഷണത്തിൽ ഒരു ജനപ്രിയ ദുരന്ത നായികയുടെ പരിവേഷമാണ്‌ അവൾക്ക് പകർന്നു നല്കുന്നത്. അതുകൊണ്ടു തന്നെയാകണം പലരാൽ പലവിധത്തിൽ പറയപ്പെട്ട പലപല ശകുന്തളമാർ  ഉണ്ടാകുന്നതും. മൂലകൃതിയിൽ വ്യാസരും അഭിജ്ഞാന ശാകുന്തളത്തിൽ കാളിദാസനും ശ്രീ മഹാഭാരതം കിളിപ്പാട്ടിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്ന ശകുന്തളയുടെ ചിത്രങ്ങൾ വ്യത്യസ്തമായതുകൊണ്ടുതന്നെയായിരിക്കണം ജനമനസ്സുകളിൽ ഇവയെല്ലാമിടകലർന്ന ശാകുന്തളങ്ങൾ പ്രചാരം നേടിയിരിക്കുന്നത്.

വ്യാസഭാരതത്തിൽ ശകുന്തളോപാഖ്യാനം ആരംഭം,ദുഷ്യന്തന്റെ നായാട്ട്, കണ്വതപോവന വർണ്ണന,മേനകാപ്രേഷണം, ശകുന്തളയുടെ ജനനകഥ,ശകുന്തളയുടെ ഗാന്ധർവ്വവിവാഹം, ശകുന്തളാസ്വീകാര്യം എന്നീ ഭാഗങ്ങളായി 327 ശ്ളോകങ്ങളിലായാണ്‌ ശകുന്തളോപാഖ്യാനം വികസിക്കുന്നത്. അഭിജ്ഞാന ശാകുന്തളത്തിലാകട്ടെ ഏഴ് അങ്കങ്ങളിലായി 194ശ്ളോകങ്ങളും സംഭാഷണങ്ങളുമാണുള്ളത്. എഴുത്തച്ഛന്റെ ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ 300ഈരടികളിലായാണ്‌ ശകുന്തളയുടെ കഥ പൂർത്തിയാകുന്നു.

മേനകയുടേയും വിശ്വാമിത്രന്റേയും മകളായി പിറന്ന് ശകുന്തങ്ങൾ പരിപാലിച്ച് കണ്വൻ പോറ്റിയ ശകുന്തളയുടെ വളർച്ചയിൽ ദുഷ്യന്തന്റെ (ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ മാത്രം ദുഷ്ഷന്തൻ)രംഗപ്രവേശം വരെ ശാന്തമായ നീരൊഴുക്കുപോലെയാണ്‌. ഇവയിലെല്ലാം മൃഗയാ വിനോദത്തിനായാണ്‌ രാജാവ് വനപ്രവേശം നടത്തുന്നത്. നാഗരികലോകത്തിന്റെ ശല്യപ്പെടുത്തലുകളില്ലാത്ത സ്വൈര്യജീവിതസ്ഥാനങ്ങളായ മഹാ വനങ്ങളിലേക്കുള്ള രാജാവിന്റേയും രാജസേനയുടേയും കടന്നുകയറ്റം മറ്റൊരർഥത്തിൽ ശകുന്തളയുടെ സ്വച്ഛജീവിതത്തിന്റെ തകർച്ചകൂടിയാണ്‌. വനനിശ്ശബ്ദതയിലുയരുന്ന ശബ്ദകോലാഹലങ്ങൾ നഗരശീലങ്ങളുടെ അധിനിവേശവും ആശ്രമവിശുദ്ധിയുടെ തകർച്ചയുമാണ്‌.

ഇങ്ങനെ കാടിനെ കൊന്നുമുടിച്ച് മുന്നോട്ടു പോകുന്ന ദുഷ്യന്തൻ ശാന്തസുന്ദരമായ കണ്വാശ്രമം കണ്ട് അവിടത്തെ പ്രകൃതി മനുഷ്യ സമന്വയത്തിൽ അതിശയിക്കുന്നു. നഗരാധിപധിയായ രാജാവിനും സഹചാരികൾക്കും, അതിക്രമിച്ചുകയറാനും തകർക്കുവാനുമുള്ളതാണ്‌ ഹരിതാഭയും ജീവജാലപ്രപഞ്ചവുമെങ്കിൽ സാത്വികരായ ആശ്രമനിവാസികൾക്ക് അത് സഹജീവനത്തിന്റെ സൗഹാർദ്ദസ്ഥാനമാണ്‌.

പ്രാണഭയത്താൽ ‘കണ്ഠനാളം’ തിരിക്കുന്നത്‘അഴകുള്ള’ കാഴ്ചയായി ആസ്വദിക്കുന്ന മാനസികാവസ്ഥയ്ക്ക് ‘അതിക്രൂരം ബാണം കുസുമതതിയിൽ ചെങ്കനലുപോൽ പതിപ്പിച്ചീടൊല്ലാ‘എന്ന മുനികുമാരന്മാരുടെ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായി വരുന്നു.  അഭിജ്ഞാന ശാകുന്തളത്തിൽ ഈ തടസപ്പെടുത്തലിലൂടെയാണ്‌ വേട്ടയാടൽ അവസാനിക്കുന്നത്. ചില തടസപ്പെടുത്തലുകൾ തിരിച്ചറിവിലേക്ക് നയിക്കുന്നു.

അവിടെ കണ്വാശ്രമത്തിലെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കിക്കണ്ട രാജാവ് പർണശാലയിൽ മുനിയെ കാണാതെ ആരുണ്ടെന്ന് അന്വേഷിക്കുമ്പോൾ ശകുന്തള അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ശകുന്തള ആരാണെന്നും മറ്റുമുള്ള വിവരാന്വേഷണവും ശകുന്തളോല്പ്പത്തിയുടെ ആഖ്യാനവും നടക്കുന്നു. ശകുന്തള രാജപുത്രിയാണെന്നു തിരിച്ചറിഞ്ഞ ശേഷമാണ്‌ ദുഷ്യന്തൻ ’പുഷ്കരശരമേറ്റ്‘;എന്നെ നീ പരിഗ്രഹിക്കേണ’മെന്ന് ചൊല്ലുന്നത്.ഏട്ടു തരത്തിലുള്ള വിവാഹങ്ങളും (ബ്രാഹ്മം, ആർഷം, ദൈവം,പ്രാജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം,പൈശാചം)  അതിൽ ക്ഷത്രിയർക്ക് ധർമ്മമായ ആറെണ്ണവും (പൈശാചവും ആസുരവും ഒഴികെ) പറഞ്ഞ് ശകുന്തളയെ ഗാന്ധർവ്വവിവാഹത്തിന്‌ പ്രേരിപ്പിക്കുന്നത് രാജാവാണ്‌. ഈ അവസരത്തിൽ വ്യാസഭാരത്തിൽ ശകുന്തള

‘ഫലം കൊണ്ടുവരാനച്ഛനാശ്രമം വിട്ടിറങ്ങിനാൻ

മുഹൂർത്തം കാക്കുകദ്ദേഹമെന്നെയങ്ങേയ്ക്കു നല്കിടും.’ എന്ന് ഔചിത്യം കാട്ടുന്നുണ്ട്.


വ്യാസഭാരതത്തിൽ ശകുന്തളയുടെ പൂർവ്വവൃത്താന്തവും രാജപുത്രിയെന്ന യാഥാർഥ്യവും മനസ്സിലാക്കിയാണ്‌ രാജാവ് വിവാഹാഭ്യർത്ഥന നടത്തുന്നതെങ്കിൽ കിളിപ്പാട്ടിൽ പ്രഥമദർശനത്തിൽ തന്നെ അദ്ദേഹം ‘മാരപരവശ’നാകുകയാണ്‌. എനിക്ക് തെറ്റു പറ്റുകയില്ലെന്നും എന്റെ രാഗത്തിന്‌ ഹേതുവാകമൂലം നീ രാജപുത്രിതന്നെയായിരിക്കുമെന്നും പൂർവ്വകഥാശ്രവണത്തിനു മുൻപ് ഒരു പ്രവചനം തന്നെ നടത്തുന്നുണ്ട് ദുഷ്യന്തൻ.

ഇവിടെ എഴുത്തച്ഛൻ അല്പ്പംകൂടി കൗശലം കാട്ടുന്നു. പ്രഥമദർശനാനുരാഗിയായി സ്വയം വെളിപ്പെടുത്തിയ ദുഷ്യന്തനോട് “എനിക്ക് കണ്വനെ ഭയക്കണം, ഞാൻ സ്വതന്ത്രയല്ല, വേദവിധിയായ ധർമ്മത്തെ പാലിക്കേണ്ടതുണ്ട്, ആവശ്യപ്പെട്ടാൽ അച്ഛൻ സമ്മതിക്കാതെ വരില്ല” എന്നീ കാരണങ്ങൾ പറയുമ്പോഴാണ്‌ ‘ഊർധ്വരേതസ്സായ കണ്വന്‌ നീയെങ്ങനെ പുത്രിയാകും’ എന്ന മറുചോദ്യത്തിലൂടെ ശകുന്തളയെ ജനനകഥ പറയുവാൻ രാജാവ് പ്രേരിപ്പിക്കുന്നത്.

മുഹൂർത്തനേരമെന്നത് രണ്ടര നാഴിക. ഒരു മണിക്കൂറിൽ താഴെ മാത്രമുള്ള സമയം. അത്രപോലും കണ്വനെ കാത്തുനില്ക്കുവാൻ ക്ഷമയില്ലാത്ത കാമഭ്രാന്തിനെ കർത്തവ്യബാഹുല്യമെന്ന കണക്കിൽ ഉൾപ്പെടുത്തി ലഘൂകരിക്കുന്നതെങ്ങനെ? അല്ലെങ്കിലും മൃഗയാ വിനോദത്തിനായി കാട്ടിലെത്തിയ മഹാരാജാവിന്‌ എന്തു കൃത്യാന്തരബാഹുല്യം? ഈ അനൗചിത്യം മൂലമാണ്‌ കാളിദാസൻ കണ്വമഹർഷിയെ ദൂരയാത്രയ്ക്കയയ്ക്കുന്നത്.

രാജാധികാരത്തിന്റെ പ്രതാപത്തിനു മുന്നിൽ വിവാഹാഭ്യർത്ഥന പോലും വലിയൊരു സൗമനസ്യമായി മാറുന്ന കാലം. ഇന്നിന്റെ ലോക രീതികളിൽ പഴയൊരു കാലത്തെ അളക്കുന്നത് അനുചിതമാകും. എങ്കിലും അധികാരത്തിന്റെ ഈ അക്ഷമയെ, അഹന്തയെ കാണാതെ പോയിക്കൂടാ. റ്റി ഡി രാമകൃഷ്ണന്റെ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ ദേവനായകി ആദ്യമായി രാജസദസ്സിലെത്തിയ ദിവസം‘അവളുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തിൽ മതിമറന്നുപോയ മഹേന്ദ്രവർമ്മൻ സഭനിർത്തിവച്ച് അമൃതേത്തിനു ശേഷം ദേവനായകിയോട് കൊട്ടാരമാളികയിലേക്കെത്താൻ ഉത്തരവിടുകയാണ്‌ ചെയ്തത്’.  അധികാരം എന്തിലുമുള്ള അവകാശമായി മാറുന്നു.

കൂടുതൽ നാടകീയത ആവശ്യപ്പെടുന്നതിനാലാകണം കാളിദാസൻ പ്രണയത്തിന്റെ വളർച്ചയെ ദീർഘമായും മനോഹരമായും ചിത്രീകരിക്കുന്നത്. ശകുന്തളയേയും തോഴിമാരേയും മറഞ്ഞുനിന്നു  കാണുന്ന രാജാവ്, ശകുന്തളയും തോഴിമാരുമായുള്ള കളിപറയൽ, ശകുന്തളയെ ആക്രമിക്കുന്ന വണ്ട്, രാജാവിന്റെ രംഗപ്രവേശം,തോഴിമാർ പറയുന്ന ശകുന്തളയുടെ പൂർവ്വവൃത്താന്തം എന്നിങ്ങനെ ഒന്നാം അങ്കത്തിലും മാഢവ്യനുമായുള്ള ദുഷ്യന്തന്റെ സംഭാഷണം, യാഗരക്ഷ എന്നിങ്ങനെ രണ്ടാം അങ്കത്തിലും വീണ്ടും മറഞ്ഞുനിന്ന് ശകുന്തളയും തന്നിൽ അനുരക്തയാണെന്ന തിരിയലും താമരയിലയിൽ നഖം കൊണ്ടുള്ള ശകുന്തളയുടെ പ്രണയലേഖനവും ശകുന്തളയുമായുള്ള സംഭാഷണവും  പ്രതിബന്ധമായി ഗൗതമിയുടെ പ്രവേശനവും മൂന്നാം അങ്കത്തിലും വിസ്തരിച്ചുകൊണ്ട് പ്രണയതിന്റെ അനുക്രമമായ വികാസം കാളിദാസൻ അവതരിപ്പിക്കുന്നു. കാല്പ്പനിക ഭംഗി നിറഞ്ഞ ഈ ക്ളാസിക്കൽ  പ്രണയരംഗങ്ങൾക്കിടെ മൂന്നാം അങ്കത്തിലാണ്‌ ഗാന്ധർവ്വവിവാഹത്തെക്കുറിച്ച് ദുഷ്യന്തൻ ശകുന്തളയോട് പറയുന്നത്. നാടകനിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുക്കേണ്ടതുകൊണ്ടാകണം നാലാം അങ്കം ആരംഭിക്കുമ്പോൾ ദുഷ്യന്തൻ വിവാഹാനന്തരം രാജധാനിയിലേക്ക് പോയ്ക്കഴിഞ്ഞു. അതുകൊണ്ടു തന്നെ രണ്ടു ഭാരതങ്ങളിലും ദുഷ്യന്തനിൽ തനിക്കുണ്ടാകുന്ന പുത്രനെ രാജാവാക്കി വാഴിക്കാമെന്ന ഉറപ്പ്  നേടിയെടുക്കുന്ന ശകുന്തളയുടെ പ്രായോഗിക ബുദ്ധി കാളിദാസൻ ഉപേക്ഷിക്കുന്നു. ഉപാധികൾ പ്രണയത്തിന്റെ ശോഭ കെടുത്തുമെന്നതിനാലാകണം അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയുടേതു പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധപ്രണയമായി നിലനില്ക്കുന്നു.

എങ്കിലും ശകുന്തളയെപ്പൊലെ ഒരു ആശ്രമ കന്യകയ്ക്ക് ഇത്തരമൊരു വ്യവസ്ഥ മുന്നോട്ടുവയ്ക്കാനുള്ള ദീർഘവീക്ഷണമുണ്ടായി എന്നത് അതിശയം തന്നെ. ഇതേ ഉറപ്പുതന്നെയാണ്‌ സത്യവതിയെ വിവാഹം ചെയ്യാനാഗ്രഹിച്ച ശന്തനുവിനും നല്കേണ്ടിവന്നത്. പക്ഷേ അവിടെ സത്യവതിയുടെ പിതാവാണ്‌ ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. രാജാക്കന്മാരുടെ കഥകൾ കേട്ടറിവുള്ള ഒരു മുക്കുവന്‌ തന്റെ മകളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ അതാവശ്യമായിരുന്നിരിക്കാം. പക്ഷേ ശകുന്തളയിൽ നിന്ന് ഈ ആവശ്യം സ്വമേധയാ ഉണ്ടാകുമ്പോൾ നാം തിരിച്ചറിയണം, കണ്വാശ്രമത്തിൽ പൂജയും പ്രാർഥനയുമായി വളർന്ന ഒരു വെറും പെണ്ണല്ല, ഈ ലോകജീവിതത്തിന്റെ ആഴവും പരപ്പും ആശ്രമജീവിതത്തോടൊപ്പം അറിവായി നേടിയവളാണവളെന്ന്. അധികാരത്തിന്റെ ആജ്ഞാശക്തിക്കുമുന്നിൽ ഭാവി നരകതുല്യമായ നിരവധി കന്യകമാരുടെ ദുരിതജീവിതങ്ങളാകാം ശകുന്തളയെ ഗാന്ധർവ്വവിവാഹവും സോപാധികമാക്കുവാൻ പ്രേരിപ്പിച്ചത്. ജീവിതം പ്രശ്നസങ്കീർണമാകുമ്പോൾ നിശ്ശബ്ദയായിരുന്നു കണ്ണീർവാർക്കുകയല്ല, പറയാനുള്ളത് നേരേചൊവ്വേ പറയുകയാണ്‌ വേണ്ടതെന്ന അറിവാണ്‌ കാളിദാസന്റെ ശകുന്തളയ്ക്ക് ഇല്ലാതെപോകുന്നത്. രാജസഭയിൽനിന്ന്‌ അപമാനിതയും നിഷ്കാസിതയുമായി പുറത്തിറങ്ങുന്ന ശകുന്തളയുടെ നിസ്സഹായത ആ അറിവില്ലായ്മയുടെ അനന്തരഫലമാണ്‌.

ഗാന്ധർവ്വവിവാഹാനന്തരം

‘ചതുരംഗിണിയായ സേനയുമായ് വന്നു ഞാൻ

കുതുകമോടു നിന്നെ കൊണ്ടു പൊയ്ക്കൊൾവേ’നെന്നു പറഞ്ഞാണ്‌ ദുഷ്യന്തൻ യാത്രയാകുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരം നല്കി

ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ

പ്രതിദിനമൊരുവർണം വീതമായെണ്ണണം നീ

അതിനുടയ സമാപ്താവസ്മദീയാവരോധം

പ്രതി സുതനു! നയിപ്പാൻ നിന്നെയാളെത്തു‘മെന്നാണ്‌ ദുഷ്യന്തൻ പറയുന്നത്. പക്ഷേ കാലം കഴിയുന്നു,ആളെത്തുന്നില്ല. രാജാവിന്റെ മറവിക്കു കാരണം അഭിജ്ഞാനമായ മുദ്രമോതിരവുമാണെന്ന് കാളിദാസൻ പറയുന്നു. എന്നാൽ വ്യാസർ പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. സേന വരുന്നില്ല. കൂട്ടിക്കോണ്ടു പോകുന്നില്ല. അത്രമാത്രം.

          പുത്രനുണ്ടായി, (സർവ്വദമനൻ) വ്യാസഭാരതത്തിൽ ആറും കിളിപ്പാട്ടിൽ പന്ത്രണ്ടും വയസ്സായശേഷമാണ്‌ ശകുന്തള മകനോടും മുനികുമാരന്മാരോടുമൊപ്പം ഹസ്തിനപുരിയിൽ ദുഷ്യന്തന്റെ രാജകൊട്ടാരത്തിലെത്തുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മാത്രം അത് വളരെ നേരത്തേയാണ്‌. അവിടെ സർവ്വദമനോല്പത്തി വിൺലോകത്തുവച്ച് പിന്നീടാണ്‌. ഈ കാലവിളംബത്തിനു കാരണമെന്താണ്‌?കുമാരന്റെ പ്രഥമിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണമാവാം. അത് ആശ്രമത്തിൽ വച്ചു തന്നെ നടത്തണമെന്ന നിഷ്കർഷയാവാം. എന്തുതന്നെയായാലും ദുഷ്യന്തന്റെ വാക്കും വിശ്വസിച്ച് കാത്തിരുന്നതാവാൻ തരമില്ല. തന്നെയുമല്ല ദീർഘവും അർത്ഥശൂന്യവുമായ ഈ കാത്തിരിപ്പിന്‌ ന്യായീകരണവുമില്ല. കാളിദാസൻ കഥാഘടനയിലെ ഈ അനൗചിത്യവും മനോഹരമായി മറികടന്നിരിക്കുന്നു.

ആശ്രമത്തിൽ നിന്നുള്ള ശകുന്തളയുടെ വിടവാങ്ങൽ വ്യാസർ ഒരു പ്രസ്താവനയിൽ ഒതുക്കുന്നു. അതിൽനിന്നു ഭിന്നമായി, കാളിദാസനേപ്പോലെ എഴുത്തച്ഛൻ കണ്വമഹർഷിയോടുള്ള ശകുന്തളയുടെ വിടവാങ്ങൽ

‘മാനുഷഭാവം കൊണ്ടു മാമുനിക്കതുനേരം

മാനസേഖേദം ചെറുതുണ്ടായിതെന്നേ വേണ്ടൂ.’എന്നരീതിയിൽ വൈകാരികമായി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം കണ്വാശ്രമം മുതൽ ഹസ്തിനപുരിവരെയുള്ള കാഴ്ചകളും. കൊട്ടാരത്തിലെത്തി രാജാവിനോട്‘അങ്ങയുടെ പുത്രനായ ഇവന്‌ രാജ്യാഭിഷേകം ചെയ്യണം’എന്നാണ്‌ ശകുന്തളയുടെ ആവശ്യം.അതവൾ നേരേ ചൊവ്വേ പറയുകയും ചെയ്യുന്നു. ഇവിടെ രാജാവിന്റെ മറുപടി ‘ഓർമ്മ വരുന്നില്ല’ എന്നാണ്‌. തന്നെയുമല്ല അവളെ ‘ദുഷ്ടതാപസി’ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇതുകേട്ട് നൊടിയിട‘നാണിച്ച്, കേണുമോഹിച്ച് തൂണുപോലെ നിന്നുപോയ ആ തപസ്വിനി കടക്കൺചാച്ചരചനെ ചുടുമാറു നോക്കി ക്രുദ്ധയായി, അല്പനേരം ധ്യാനമാത്രയായി നിന്നിട്ട്’അറിഞ്ഞുംകൊണ്ടിങ്ങനെ നുണപറയുന്നതെന്തിനാണ്‌ എന്നാണ്‌ ദുഷ്യന്തനോട് ചോദിക്കുന്നത്. പുത്രജന്മത്തിന്റെ പ്രാധാന്യവും ഭാര്യാത്വത്തിന്റെ മഹിമയും വ്യക്തമാക്കി വ്യാസഭാരതത്തിൽ തന്നെ ഉപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കണമെന്ന് അവൾ ദുഷ്യന്തനോട് അപേക്ഷിക്കുന്നു. എഴുത്തച്ഛനും അവസാന അപേക്ഷയിലൊഴികെ ഇതിഹാസകാരനെ പിന്തുടരുന്നു.

തുടർന്ന് ദുഷ്യന്തൻ നടത്തുന്ന ശകുന്തളോപലംഭത്തിൽ കുലട, കാമതലപര, ക്രോധം കൊണ്ട് ചഞ്ചല, അസത്യം പറയുന്നവൾ, കണ്വന്‌ മിഥ്യാപവാദമുണ്ടാക്കിയവൾ, ഭോഗലോലുപയായ പുംശ്ചലി തുടങ്ങിയ ആക്ഷേപങ്ങൾക്കു പുറമേ വേശ്യയായ മേനകയുടെ മകൾ എന്ന് മാതാവിനെകൂടി പരിഹസിക്കുകയും സ്ഥലം വിട്ടുപോകുവാൻ സുവർണ്ണമണിമുക്താഭരണ വസ്ത്രാദികൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഈ പരിഹാസങ്ങളാണ്‌ ആദ്യസംസാരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായി രാജാവിനെതിരെ പ്രതികരിക്കുവാൻ ശകുന്തളയെ പ്രേരിപ്പിക്കുന്നത്.       ഈ ഭാഗവും വ്യാസഭാരതത്തിലും കിളിപ്പാട്ടിലും സമാനം തന്നെ.

ശകുന്തള ദുഷ്യന്തനുമേൽ ചൊരിയുന്ന ആരോപണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: “നീ മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ കാണുകയും സ്വന്തം വലിയ കുറവുകൾ കാണാതെ പോകുകയും ചെയ്യുന്നു. അങ്ങയുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ്‌ എന്റെ ജന്മം. നാം തമ്മിൽ കടുകും കുന്നും തമ്മിലുള്ള അന്തരമുണ്ട്. അങ്ങയുടെ വംശത്തിലും അപ്സരസ്ത്രീകളിലുണ്ടായ മക്കൾ പ്രശസ്തരായ രാജാക്കളായിരുന്നു. കണ്ണാടി കാണുംവരെ എല്ലാവരും തന്റെ കുറ്റങ്ങൾ അറിയാതെ മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞുകൊണ്ടിരിക്കും. സജ്ജനങ്ങളെ ദുർജ്ജനം നിന്ദിക്കുന്നു, എന്നാൽ സജ്ജനം ദുർജ്ജനത്തെ നിന്ദിക്കാറില്ല. അധർമ്മചാരികൾ ശുഭാശുഭങ്ങൾ കേട്ടാൽ അശുഭം ഗ്രഹിച്ചിടും. മറ്റേതിനേക്കാളും സത്യത്തിനാണ്‌ പ്രാധാന്യം. ആയിരം അശ്വമേധത്തേക്കാൾ തൂക്കം സത്യത്തിനാണ്‌ കൂടുതൽ. എല്ലാ വേദങ്ങളും എന്നും ജപിച്ചാലും എല്ലാ പുണ്യതീർത്ഥങ്ങളിലും എന്നും കുളിച്ചാലും സത്യത്തേക്കാൾ വലിയൊരു ധർമ്മമില്ല. അതിനാൽ അങ്ങ് സത്യം പാലിക്കാൻ തയ്യാറാവണം.

രാജസദസ്സിൽ നിരവധി പേരുടെ മുന്നിൽ മകന്റെ പിതാവുകൂടിയായ രാജാവിനാൽ ക്രൂരമായി അധിക്ഷേപിക്കപ്പെടുമ്പോൾ അഭിമാനിയായ ഒരു സ്ത്രീയുടെ തികച്ചും മാന്യമായ സ്വാഭാവിക പ്രതികരണം മാത്രമാണ്‌ ശകുന്തളയുടേത്. ആശ്രമവാസം പകർന്നു നല്കിയ അറിവിന്റേയും സംയമത്തിന്റേയും  സംസ്കാരം അവളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.

എന്നാൽ ദുഷ്യന്തനോ? തന്റെ പ്രജകൂടിയായ ഒരു സ്ത്രീയുടെ നേരെ ഇത്രയും അപഹാസ്യമായ ഭാഷയിൽ പരസ്യമായ പരിഹാസത്തിന്‌ അയാളെ പ്രേരിപ്പിക്കുന്നത് ആണധികാരത്തിന്റെ അളവില്ലാത്ത അഹങ്കാരമാണ്‌,തന്റെ തെറ്റിനെ ജനസമക്ഷം മറയ്ക്കുവാനുള്ള വ്യഗ്രതയുമാണ്‌. തന്റെ അഹങ്കാരത്തെയാണ്‌ ദുഷ്യന്തൻ ശകുന്തളയുടെ മേൽ ആരോപിക്കുന്നത്. അപ്പോൾ ചതുരംഗ സൈന്യവുമായി വന്ന് രാജകൊട്ടാരത്തിലേക്ക് ആനയിക്കുമെന്നത് ഒരു വിൺവാക്കും മറന്നുപോയത് മനപ്പൂർവ്വമാണെന്നും വരുന്നു. അപരാധിയായ രാജാവിന്‌ തെറ്റു മൂടിവയ്ക്കാനുള്ള എളുപ്പമാർഗ്ഗം അപരാധഭാരം ഇരയുടെമേൽ കെട്ടിയേല്പ്പിക്കുകയാണെന്നത് ഒരു സമകാലിക യാഥാർഥ്യമാണല്ലോ.

ഈ ഭാഗത്ത് എഴുത്തച്ഛൻ കണ്ണാടി കാണ്മോളവും,കടുകിന്മണിമാത്രമുള്ളൊരു പരദോഷം, നീരിൽനിന്നും പാൽ വേർതിരിച്ചു കുടിക്കുന്ന അന്നം തുടങ്ങിയ പ്രയോഗങ്ങൾ വ്യാസഭാരതത്തിൻ നിന്ന് മാറ്റമൊന്നും കൂടാതെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ കാളിദാസനാകട്ടെ അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരത്തിന്റേയും ദുർവ്വാസാവിന്റെ ശാപകഥയുടേയും സൃഷ്ടിയിലൂടെ ദുഷ്യന്തരാജാവിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും മോതിരം വേണ്ടവിധം സൂക്ഷിക്കാതിരുന്ന ശകുന്തള അപരാധിയാകുകയും ചെയ്യുന്നു. തന്നെയുമല്ല പിന്നീട് മോതിരം തിരികെ ലഭിക്കുമ്പോൾ ശകുന്തളയെക്കുറിച്ചോർത്ത് മന്നവേന്ദ്രൻ വിലപിക്കുകയും ചെയ്യുന്നു.

മൂലകഥയിൽനിന്നുള്ള ഈ കുതറിച്ചാട്ടമാണ്‌ ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് ‘കാലത്തിന്റെ കണ്ണാടി’യിൽ കാളിദാസനും ‘കാലത്തിന്റെ ദാസൻ’ എന്നു പറയിപ്പിച്ചത്. കാളിദാസന്റെ കാലത്തെ രാജനീതി ദുഷ്യന്തനെന്ന രാജാവിനെ കുറ്റവാളിയാക്കാൻ അനുവദിച്ചിരിക്കില്ല. കാരണം കാളിദാസൻ ഭോജരാജാവിന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്നു.

ശ്രീമഹാഭാരതം കിളിപ്പാട്ടിന്റെ അവതാരികയിൽ വടക്കുംകൂർ രാജരാജവർമ്മ വ്യാസഭാരതത്തിൽ ധർമ്മത്തിനാണ്‌ പ്രാധാന്യം എന്ന് ചൂണ്ടികാണിക്കുന്നു. അസത്യം പറഞ്ഞ രാജാവിനോട്

‘ഞാനിതാ ഹന്തപോകുന്നേൻ നിന്നോടു വേണ്ട സംഗമം.

ദുഷ്യന്ത, നീയൊഴിഞ്ഞാലുമുച്ചാദ്രിമുടിചൂടിയും

ആഴി ചുടിയുമുള്ളോരീയൂഴി കാത്തീടുമെന്മകൻ’എന്നാണ്‌ ശകുന്തള ഉപസംഹരിക്കുന്നത്. ഈ ആത്മവിശ്വാസം എഴുത്തച്ഛൻ പ്രകടിപ്പിക്കുന്നില്ല. ഇവിടെയാണ്‌ അശരീരി ദുഷ്യന്തന്റെ തെറ്റു തിരുത്താനായി എത്തുന്നത്. ഇതിഹാസങ്ങളിൽ പലയിടങ്ങളിലും അശരീരികളും ദേവന്മാരുടെ സാന്നിധ്യവും മനുഷ്യജീവിതത്തിനിടയിൽ ഉണ്ടാകുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഗ്രീക്ക് ഇതിഹാസങ്ങളും വ്യത്യസ്ഥമല്ല. അശരീരി ദേവോക്തിയാണെന്ന് വ്യാസർ സ്ഥിരീകരിക്കുന്നുമുണ്ട്. എങ്കിലും അതൊരു തിരുത്തൽ ശബ്ദമാണ്‌. ഭരണാധികാരിയുടെ പ്രവൃത്തിയുടെ ശരി തെറ്റുകളെക്കുറിച്ചുള്ള അന്തിമവിധി. ഒരു പക്ഷേ, അത് ജനഹിതവുമാകാം. ഏത് സ്വേച്ഛാധിപത്യ ഭരണത്തിലും ജനകീയ ഇടപെടലുകളുടെ സാധ്യതയെ സാധൂകരിക്കുന്ന ജനകീയ മുന്നേറ്റങ്ങൾ ഉണ്ടല്ലോ.

എന്നാൽ അങ്ങനെയൊരു എതിർശബ്ദമുണ്ടായപ്പോൾ വ്യാസഭാരതത്തിലെ ദുഷ്യന്തൻ തന്റെ മുന്നിലപാടുകളിൽ നിന്ന്‌ ഒരു മലക്കം മറിച്ചിൽ നടത്തുന്നു. മാത്രവുമല്ല

കേൾക്കുവിൻ നിങ്ങളെല്ലാമീദ്ദേവദൂതന്റെ ഭാഷിതം

എനിക്കുമറിയാമെന്റെ സൂനുവണിവനെന്നിഹ.

ഓതിക്കേൾക്കുമ്പൊഴേ ഞാനീസ്സുതനെ സ്വീകരിക്കുകിലോ

ലോകർക്കു ശങ്കാസ്പദമാ,മാകില്ലവനു ശുദ്ധിയും. എന്ന് ശകുന്തളാനിരാസത്തിന്‌ ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നു. മാത്രവുമല്ല ദുഷ്യന്തൻ പിന്നീട്, ശകുന്തളയുടെ ശുദ്ധിക്കു വേണ്ടിയാണ്‌ താൻ അവളെ നിരസിച്ചതെന്ന് വ്യാസഭാരതത്തിൽ സ്വകാര്യമായി ബോധ്യപ്പെടുത്തുന്നുമുണ്ട്.


ഓന്തിന്റെ ഈ നിറം മാറൽ പക്ഷേ, എഴുത്തച്ഛൻ സ്വീകരിക്കുന്നില്ല. ഈശ്വരഹിതം നിറവേറ്റി അവർ സുഖമായി ജീവിച്ചു എന്നു പറഞ്ഞവസാനിപ്പിക്കുകമാത്രം ചെയ്യുന്നു. കാളിദാസൻ ദേവലോകത്ത് വികാരം മുറ്റിനില്ക്കുന്ന ഒരു പുനസമാഗമത്തിലൂടെയാണ്‌  കഥ പൂർത്തീകരിക്കുന്നത്.


ഇങ്ങനെ വ്യാസനും കാളിദാസനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുഷ്യന്തനെ കുറ്റവിമുക്തനാക്കുമ്പോൾ വ്യാസരെ പിന്തുടരാൻ വിസമ്മതിച്ചുകൊണ്ട് എഴുത്തച്ഛൻ അശരീരിയോടെ ശകുന്തളോപാഖ്യാനം അവസാനിപ്പിക്കുകയാണ്‌. ഇതു കേവലം യാദൃച്ഛികതയോ സംഗ്രഹണത്തിലെ വിട്ടുപോകലോ മാത്രമായി കരുതുവാനാകില്ല. രാജാവു നഗ്നനാണെന്നു ചിലരെങ്കിലും വിളിച്ചുപറയാൻ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ അധികാരത്തിന്റെ ശക്തിയിൽ അബലയായ ഒരു ആശ്രമ കന്യകയെ വഴിപിഴപ്പിക്കാനുള്ള ശ്രമത്തിനെതിരേ സ്വയംപ്രതിരോധം തീർക്കുകയും അഭിമാനം കാക്കാനും ആക്ഷേപങ്ങൾക്കു മറുപടി പറയാനും ആരെയും കൂസാതെ തന്റെ പക്ഷം സ്ഥാപിക്കാനും തയ്യാറായ ശകുന്തളയുടെ വിജയഗാഥയായി ശാകുന്തളം മാറുന്നു. തനിക്കെതിരായ നിലവാരമില്ലാത്ത ആക്ഷേപങ്ങളിൽ അവൾ തകർന്നുവീഴുന്നില്ല. ഒരു നിമിഷനേരത്തെ നിശ്ശബ്ദതയിൽനിന്ന് നൂറു നാവുകളായി ഉയർന്ന് സംസ്കാരഭദ്രമായ ഭാഷയിൽ അധിക്ഷേപത്തിന്റെ ചാട്ടുളികളെ തച്ചുതകർത്ത് സ്വന്തം വ്യക്തിത്വം പൊതുജനസമക്ഷം അവതരിപ്പിച്ച് അംഗീകാരം നേടുന്നു അവൾ. സമൂഹമാകട്ടെ ആണധികാരത്തിന്റെ ആക്ഷേപങ്ങൾ കേട്ട് അവളെ കല്ലെറിയുന്നുമില്ല. നിലപാടുകളിൽ മാറ്റം വരുത്തുവാൻ അവളുടെ ശബ്ദം അധികാരി വർഗത്തെ നിർബന്ധിതമാക്കുന്നു.

വ്യാസന്റെ വഴികളിൽനിന്ന് ചെറിയതോതിൽ എഴുത്തച്ഛൻ വരുത്തുന്ന തെന്നിമാറലുകൾ ദുഷ്യന്തനെ കൂടുതൽ അപരാധിയും ശകുന്തളയെ കരുത്തുറ്റ കഥാപാത്രവുമാക്കി മാറ്റുന്നു.

ശകുന്തളയുടെ ദർശനമാത്രയിൽ, അവളാരെന്നോ എന്തെന്നോ അറിയുന്നതിനു മുമ്പ് കാമാതുരനാകുന്ന ദുഷ്യന്തൻ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി നല്കുന്ന വാഗ്ദാനങ്ങൾ കേവലമായ വാചാടോപം മാത്രമാണെന്ന് എഴുത്തച്ഛൻ പറയാതെ പറയുന്നുണ്ട്.ഇതേ വിഷയലമ്പടത്വമാണ്‌  രാജസഭയിൽ ശകുന്തളയോട്

സുവർണ്ണമണിമുക്താഭരണ വസ്ത്രാദിക

ളുവന്നു തരുവൻ ഞാൻ നിനക്കു വേണ്ടുവോളം.

പിന്നെ നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളേണം

നിന്നിനി കാലം കളഞ്ഞീടായ്ക വെറുതേ നീ.

എന്നു പറയുന്ന ദുഷ്യന്തന്റേയും കൈമുതൽ. പാരിതോഷികമോ നഷ്ടപരിഹാരമോ നല്കി പടിയിറക്കേണ്ടവളായി ശകുന്തളയെ ദുഷ്യന്തനു തോന്നുന്നുവെങ്കിൽ അത് അയാളുടെ അപരാധിത്വത്തെയാണ്‌ ഉറപ്പിക്കുന്നത്. എന്തിനേയും സമ്പത്തിന്റെ അളവുകോലിലാണ്‌ അയാൾ അളക്കുന്നത്. എന്നാൽ ശകുന്തളയാകട്ടെ, എന്നെയുപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കേണമെന്ന് അപേക്ഷിക്കാനോ, നീയുപേക്ഷിച്ചാലും എന്റെ മകനെ ഊഴികാക്കുന്ന ചക്രവർത്തിയാക്കുമെന്ന് വെല്ലുവിളിക്കാനോ മുതിരുന്നില്ല. അതേസമയം, തന്റെ ഭാഗം ന്യായീകരിക്കാനുള്ള എല്ലാ വാദമുഖങ്ങളും യുക്തിയുക്തം അവതരിപ്പിക്കുന്നതിൽ അവൾ പിന്നാക്കം പോകുന്നുമില്ല.

അതുകൊണ്ടുമാത്രം വ്യാസരുടേയോ എഴുത്തച്ഛന്റേയൊ ജീവിത കാലഘട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് ഇങ്ങനെ അഭിപ്രായ സ്വാതന്ത്രമോ സാമൂഹികമായ പദവിയോ ഉണ്ടായിരുന്നു എന്നു വരുന്നില്ല. സാഹിത്യകൃതികളിൽ അഭിപ്രായസ്ഥിരതയും ചങ്കൂറ്റവും വ്യക്തിത്വവുമുള്ള നിരവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. പൗരസ്ത്യലോകത്ത് ശകുന്തള, സീത, സത്യവതി തുടങ്ങി മിഴിവാർന്ന സ്ത്രീകഥാപാത്രങ്ങൾ നിരവധി. പാശ്ചാത്യ ലോകവും വ്യത്യസ്ഥമല്ല. ആന്റിഗണി, ക്ളിയോപാട്ര, ലേഡി മാക്ബത്ത്, ഡെസ്റ്റിമോണ, അന്നാകരീനീന ..... ഇങ്ങനെ പട്ടിക നീണ്ടുപോകും.

എന്നാൽ അക്കാലങ്ങളിലെ യഥാർഥജീവിത സാഹചര്യങ്ങളിൽ ഒരു സ്ത്രീയുടെ ജീവിതനില, അവൾ എത്ര ഉന്നതയായിരിന്നാലും എങ്ങനെയായിരുന്നു? അത് ഈ ഭാവനാസൃഷ്ടികളിൽ നിന്നും തികച്ചും ഭിന്നമായിരുന്നുവെന്നതിൽ തർക്കമില്ല. അവർ പുരുഷൻ അനുവദിച്ച ഇടങ്ങളിൽ ലഭ്യമായ സ്വാതന്ത്രം മാത്രം ഉപയോഗിച്ച് ജീവിച്ചു. മാനുഷികമായ അവകാശങ്ങൾക്ക് എന്നും അവൾക്കന്യമായിരുന്നു.

അതാണ്‌ വെർജീനിയ വുൾഫ് ‘എഴുത്തുകാരിയുടെ മുറി’ എന്ന കൃതിയിൽ ‘ഭാവനാപരമായി അവൾ അങ്ങേയറ്റം പ്രാധാന്യമുള്ളവളാണ്‌. എന്നാൽ പ്രായോഗികമായി അവൾ തിർത്തും നിസ്സാരയാണ്‌’ എന്നു പറയുന്നത്.


ശകുന്തളയും ഇതിൽനിന്നു ഭിന്നയല്ല. രാജസഭയിൽ അവൾ ശക്തിയുക്തം പറയുന്ന കാര്യങ്ങളിൽനിന്നുമാത്രം പൗരാണിക കാലത്തെ സ്ത്രീയുടെ പദവിയെപ്പറ്റി കാല്പ്പനികമായ നിലപാടുകളിലെത്തുന്നത് യുക്തമല്ല.