23-04b

ആളോഹരി ആനന്ദം

നോവൽ :  സാറാ ജോസഫ്.
പ്രസാധകർ : കറന്റ് ബുക്സ്, തൃശൂർ

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
     
 കൃസ്ത്യൻ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന സാറാ ജോസഫിന്റെ മറ്റൊരു നോവലാണ് ആളോഹരി ആനന്ദം.  ഒരു സ്ത്രീപക്ഷ രചന.

മാമോദീസ,  വിവാഹം,  കുരിശ്,  പറുദീസ എന്നീ നാലു ഭാഗങ്ങളായി നോവൽ പരന്നു കിടക്കുന്നു.

വ്യക്തി ബന്ധങ്ങളിലെ വിള്ളലുകൾ,  തലമുറകളുടെ അന്തരം,  സഭയും സമുദായവും വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നത്, സഭയെയും സമുദായത്തെയും മാനിക്കുന്നവർ ഒടുക്കേണ്ടിവരുന്ന വലിയ  വില,  ഇതൊക്കെ "മണ്ണിൽ " തറവാടെന്ന കുടുംബത്തിന്റെ കഥയിലൂടെ നോവലിസ്റ്റ് രേഖപ്പെടുത്തുന്നു.
   
    കൃഷി പഠിക്കാൻ പോയി എന്നാൽ  "ഭൂമിയെ നശിപ്പിക്കുന്നത് പഠിക്കാനില്ല" എന്ന് പറഞ്ഞ് പഠനം മുടക്കി, പൈതൃകമായി കിട്ടിയ ഭൂമിയിൽ കൃഷിനടത്തുന്ന പോൾ. 'ഭൂമിവാതുക്കൽ' എന്നാണയാളുടെ കൃഷിയിടത്തിനു പേര്.

കോളെജ് അദ്ധ്യാപിക, സുന്ദരി. തെരേസ, പോളിന്റെ ഭാര്യ. വിഭിന്നയാണ്. സ്വവർഗ്ഗാനുരാഗം. എന്നാൽ വീട്ടുകാരുടെ നിർബന്ധങ്ങളെ മറികടക്കാനാവാതെ പോളിനെ വിവാഹം ചെയ്യുന്നു. നീണ്ട ഇരുപതു കൊല്ലം ഒരേ മേൽക്കൂരയ്ക്കുകീഴിൽ ' പരസ്പരം അറിയാതെ,  സമൂഹത്തെ അറിയിക്കാതെ,' സഭക്കും, സമൂഹത്തിനും, സമുദായത്തിനും മുൻപിൽ മാതൃകാ ദമ്പതികളായി അവർ ജീവിച്ചു.  ആർക്കുവേണ്ടി???
     
പോളിനു ഭയമായിരുന്നു. കുടുംബത്തിന്റെ,  സർവ്വോപരി താൻ സ്നേഹിക്കുന്ന തെരേസയുടെമേൽ ചെളി തെറിക്കാതിരിക്കാൻ അയാൾ തന്റെ ജീവിതം വിട്ടുകൊടുത്തു.  അത്രമാത്രം അയാൾ തെരേസയെ സ്നേഹിച്ചിരുന്നു.
     
        തെരേസയ്ക്കും ഭയമായിരുന്നു. വീട്ടുകാരെ, സമൂഹത്തെ. എന്നാൽ അവളതെല്ലാം പോളിന്റെ തലയിൽ പഴിയായി ചുമത്തി.  സ്വകാര്യ നിമിഷങ്ങളിൽ പോളിനെ കുറ്റപ്പെടുത്തി.  പോളിനെ പുരുഷവർഗ്ഗത്തിന്റെ പ്രതിനിധിയായി മാത്രം കണ്ടു.
       
       തനിക്കിഷ്ടപ്പെട്ട ഇണയോടൊത്തു ജീവിക്കാൻ തെരേസക്ക് ധൈര്യം കൊടുക്കുന്നത് പോളാണ്. വലിയ വില അതിനായി അയാൾ ഒടുക്കേണ്ടിവന്നു. തെരേസ നേരിട്ടതിലും വലിയ ആഘാതങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ പോൾ കടന്നു പോകുന്നു.

        ഒരു പ്രണയ ലേഖനത്തിന്റെ പേരിൽ പഠനം മുടങ്ങി,  ബാങ്ക് മാനേജരുടെ ഭാര്യയാകേണ്ടിവന്നവൾ, അനു, അനു ചെറിയാൻ.  തന്റെ പ്രണയം മുഴുവൻ നോട്ടുപുസ്തകത്തിൽ പകർത്തിവച്ചു.
പകർന്നാട്ടത്തിന്റെ ഏതോ നിമിഷങ്ങളിൽ, കാലത്തിന്റെ കറക്കത്തിനൊടുവിൽ അവൾ പോളിനെ കണ്ടു മുട്ടുന്നു.  അവന്റെ കണ്ണിലെ, മനസ്സിലെ, ഹൃദയത്തിലെ ഉറവ വറ്റാത്ത പ്രണയം തിരിച്ചറിയുന്നു.
         

       പുതുതലമുറയുടെ എല്ലാ പ്രത്യേകതകളും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. മുതിർന്നവർ പ്രധാനം എന്നു കരുതുന്നതിനെ പുതുതലമുറ  കേവലമായി കാണുന്നത്, തെറ്റാണ് എന്നു  മുതിർന്നവർ പറയുന്നത് അവരുടെ വഴികളിലൂടെ നേരും നന്മയുമാക്കി മാറ്റുന്നത്. ഒക്കെ ഈ  നോവലിൽ    തെളിഞ്ഞു കാണാം.

    പ്രണയത്തിന്റെ ഉദാത്തത, ഊഷ്മളത, വൈകാരികത ഇവയൊക്കെ സാറാ ജോസഫിന്റെ വാക്കുകളിലുടെ തിടം വയ്ക്കുന്നു.

പ്രണയത്തിന് ദൈവിക പരിവേഷം ലഭിക്കുന്നത് ഈ നോവലിൽ ദർശിക്കാം.
സുന്ദരമായ ഒരു നോവൽ.
കുരുവിള ജോൺ
Image result for ആളോഹരി ആനന്ദം