23-04

കാറ്റ്
കവിതാ സമാഹാരം
ദേവി.കെ.എസ്.
ഫ്രീഡം ബുക്സ്

📚📚📚📚📚📚
മലപ്പുറം ജില്ലയിൽ വളാഞ്ചേരി, ഇരിമ്പിളിയം MES സ്കൂളിലെ മലയാളം അധ്യാപികയാണ് ദേവി.
വളാഞ്ചേരിയിൽ ജനനം
കാറ്റ് ആദ്യ കവിതാ സമാഹാരം
📕📕📕📕📕

   സ്നേഹത്തിന്റെ നേർത്ത തലോടലായ് ഒഴുകി എത്തുന്നൊരിളം കാറ്റാണ് ഈ കവിതകൾ. വിരഹത്തിലോ ,നഷ്ടപ്പെടലിലോ ആണ് ;പലപ്പോഴും സ്നേഹം അടയാളപ്പെടുത്തലുകൾ നേടുന്നത്- ഈ കവിതകളിലെന്നതുപോലെ.
          വളരെ അടുത്തിരിക്കുമ്പോഴും അവനവൻ തുരുത്തി ലൊറ്റപ്പെടുന്ന മനുഷ്യരെ ഇക്കവിതകൾ കാട്ടിത്തരും. വേർപാടിന്റെ വിമ്മിട്ടവും, പ്രണയത്തിന്റെ മുള പെട്ടലുകളും പ്രകൃതിയുടെ ജീവതാളവും ഈ കാറ്റിന്റെ വഴിയിൽ നമുക്ക് കണ്ടെടുക്കാം.
      64കവിതകൾ .അതിൽ ചിലത് ഹൈക്കുവോ, രൂപത്തിലും ഭാവത്തിലും അതിനു തൊട്ടടുത്തു നിൽക്കുന്നതോ ആണ്.

"കരളിൻ നോവറിത്തൊരീ
ഉപ്പു കല്ലുകളുരുകുമ്പോൾ
കണ്ണുനീർ തുള്ളികൾ "

"വയലേലകൾതാണ്ടിവന്ന കാറ്റ്

രാക്കിളിയോടു ചോദിക്കുന്നു

വഴിതെറ്റിയോ എനിക്ക് "

എന്നിങ്ങനെ കുറേ കവിതകൾ വരികൾക്കപ്പുറത്തേക്ക് നമ്മെ നയിക്കുന്നവയാണ്.
     
       പ്രണയത്തിന്റെ ഒരു പുതിയ നിർവ്വചനമാണ് ഈ കവിതകൾ അവതരിപ്പിക്കുന്നത്.  തുമ്പി എന്ന കവിതയിൽ "ഉർവ്വരമായ ഭൂമിയിൽ പതിച്ച

വിത്തുകളാണ്

എന്നിലെ നിന്റെഓർമ്മകൾ"

 എന്നാണ് തുടങ്ങുന്നത് ,ആയിത്തീരുന്നത്
"പെയ്യാത്ത കരിമുകിലിനു കീഴെ
വട്ടംചുറ്റിപ്പറക്കുന്ന
ഒരു തുമ്പില്ലാത്ത
തുമ്പിയായിത്തീരുന്നു." എന്ന പ്രണയത്തിന്റെ നവ ഭാഷ്യമായും.

 "കല്ലറമേൽ കണ്ണീർ വറ്റാതെ
വാടിത്തളർന്ന ചില പൂച്ചെണ്ടുകൾ
തിരഞ്ഞുമാറ്റിവച്ച്
അടിയിലുറങ്ങുന്ന ആത്മാക്കളെ
വിളിച്ചുണർത്താൻ " കൊതിക്കുന്നത്

 "തിരി കെട്ട സ്വപ്നങ്ങളുടെ അവകാശിയായി "

 ആരോടും പറയാതെ ഒരു യാത്ര പോകാനാണ്.
ഒളിച്ചു പോകാൻ കൂട്ടുവിളിക്കുന്നത്, "സ്വപ്നങ്ങളെ തൊട്ടിലാട്ടി
താരാട്ടുപാടിയുറക്കാ"നാണ്.  
    പ്രണയത്തിലെ നേട്ടങ്ങളേപ്പറ്റിയും വേറിട്ടൊരു കാഴ്ചപ്പാടാണ് ദേവി പുലർത്തുന്നത്. ആഗ്രഹിക്കുന്നതിന് അപ്പുറത്താണതിൻ നേട്ടം!
 കാറ്റെന്ന ചെറുകവിത തന്നെ അതിനു സാക്ഷ്യം.
മഴയുടെയും കാറ്റിന്റെയും കുറുമ്പൻ പ്രണയത്തിന്റെ നേട്ടം അവരറിയാതെ പൊഴിച്ച ചക്കരമാങ്ങകളാണ്. സ്നേഹത്തിന്റെ ഭാവമാണത്, സ്വയമറിയാതെ അന്യരിൽ നന്മയായ് നിറയൽ. കവിതാ സമാഹാരത്തിന് ഇക്കവിതയുടെ പേരു തന്നെ നൽകിയത് ഉചിതമായി.

      പ്രകൃതിയുടെ വിലോല ഭാവങ്ങളിലഭിരമിക്കുന്ന "യാത്രാമൊഴി" പോലെയുള്ള കവിതകളിൽ പ്രണയത്തിന്റെ പാരമ്പര്യ ഭാവവും കാണാം.
       പെട്ടന്ന് സംവേദനം ചെയ്യപ്പെടുന്ന ഇക്കവിതകൾ ആവർത്തനത്തിൽ പുതിയ ലോകത്തിലേക്ക് അനുവാചകനെ എത്തിക്കും
       കവിതക്കു നൽകിയ പേരുകൾ പലപ്പോഴും കവിതയെത്തന്നെ നിഹനിക്കുന്നത് ഒരു കല്ലുകടിയാണ്; അക്ഷരത്തെറ്റുകളും. എങ്കിലും കുറിയ വാക്കുകളിൽ വിപുല വായനയൊരുക്കുന്ന കാറ്റ് മനോരഞ്ജകമാണ്.