
കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നത് ഉല്പത്തി കാലത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത,പുരാതനകലയായി കരു തുന്ന കലാരൂപം ചോഴിക്കളി
ചോഴിക്കളി
ചോഴികള്‍ എന്നാല്‍ ഭൂതഗുണങ്ങള്‍ എന്നാണര്‍ത്ഥം. മദ്ധ്യകേരളത്തില്‍ പ്രചാര ത്തിലുള്ള വിനോദകലാരൂപമാണ് ചോഴി ക്കളി. ചോഴിക്കെട്ട് എന്നും പറയും. ചോഴികള്‍ രണ്ടു വിധത്തിലുണ്ട് - കുടച്ചോഴിയും തിരുവാ തിരച്ചോഴിയും. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്.
ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകള്‍കൊണ്ട് പ്രത്യേകിച്ചും വാഴയില കൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിര്‍ന്നവര്‍ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും.
തിരുവാതിര ആഘോഷത്തിന്‍െറ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളില്‍ വെളുപ്പിനാണ് ചോഴികള്‍ ഇറങ്ങുന്നത്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ അര്‍ദ്ധരാത്രി മുതല്‍ കളി അവതരിപ്പിക്കാറുണ്ട്. ചോഴി കള്‍ക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.
തിരുവാതിര നാളുകളിലും മററും വള്ളുവനാടന്‍ ഭവനങ്ങളില്‍ പുലര്‍കാലങ്ങളില്‍ സംഗീത സാന്ദ്രമാക്കിയിരുന്ന ചോഴിക്കളി ഇന്ന് ഏതാണ്ട് അന്യം നിന്ന അവസ്ഥയിലാണ്
എെതിഹ്യം
സ്ത്രീകള്‍ക്കു മാത്രമായി ആഘോഷം വേണമെന്ന് പാര്‍വതി പരമശിവനോ ടാവശ്യപ്പെട്ടത് അനുസരിച്ച് ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ നോമ്പു നോക്കണമെന്നും ആ സമയത്ത് തന്‍റെ ഭക്ത ഗണങ്ങള്‍ ചോഴികളെ കാണാന്‍ വരുമെന്നും അവരെ വേണ്ടപോലെ സ്വീകരിക്കണമെന്നും ശിവന്‍ പാര്‍വതിയോടാവശ്യപ്പെട്ടത്രേ
അവതരണരീതി
വാഴയുടെഉണങ്ങിയ ഇലകൾ കൊണ്ടു ശിവന്റെ ഭൂതഗണങ്ങളായി വേഷം കെട്ടിയ കുട്ടികളും, മുത്തിയമ്മ, പട്ടർ, ചിത്രഗുപ്തൻ, കാലൻ എന്നിവരായി വേഷമിട്ട മുതിർന്നവരും, ചെണ്ടക്കാർ, കൊമ്പുകാർ എന്നിവരുമാണ് ചോഴിക്കളിയിൽ പങ്കാളികൾ. തൃശൂർ ജില്ല യിലെ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി ചോഴി കളിച്ചുവരുന്നു.
മുത്തിയമ്മ കുട്ടികളുടെ നടുക്കുനിന്ന് തമാശ കലർന്ന പാട്ടുകൾ ആലപിക്കും. കുട്ടികൾ അതിനനുസരിച്ച് താളം പിടിക്കും.കാലനും ചിത്രഗുപ്തനും ഉച്ചത്തിൽ അലറിവിളിച്ച് രംഗ ത്ത് പ്രവേശിക്കുന്നു. അഭിനേതാക്കൾ വീടു വീടാന്തരം കയറിയിറങ്ങി നൃത്തം ചെയ്യുന്നു. ചോഴിയുടെ വസ്ത്രധാരണരീതി ഉണങ്ങിയ വാഴയില ദേഹത്തു മുഴുവനായി കെട്ടുകയും രണ്ട് കുഴൽവാദ്യസഹിതവും ആയിരിക്കും. കാലൻ, ചിത്രഗുപ്തൻ എന്നിവർ കറുത്ത വസ്ത്രങ്ങളും മുഖംമൂടികളും ദംഷ്ട്രകളും ധരിച്ച് ഭീകരമായ പശ്ചാത്തലം ജനിപ്പിക്കുന്നു.
ചോഴിക്കളി അവതരിപ്പിക്കാന്‍ കുട്ടികളും വലിയവരും അടക്കം 25 പേരെങ്കിലും വേണം. ചോഴി കെട്ടി നില്‍ക്കുന്ന കുട്ടികളുടെ നടുവി ലായി അവരുടെ നേതാവ് നില്ക്കും. പിന്നീട് അവരെ വട്ടത്തിലിരുത്തി അയാള്‍ പാട്ടു പാടാന്‍ തുടങ്ങും. പിന്നീട് വാദ്യത്തോടെ കളി തുടങ്ങും. ചോഴികള്‍ കൈകൊട്ടിക്കളിക്കും.
അപ്പോള്‍ കാലന്‍റെയും ചിത്രഗുപ്തന്‍റെയും വേഷം കെട്ടിനില്‍ക്കുന്ന മുതിര്‍ന്ന ആളുകള്‍ അവിടേക്ക് അലറിക്കൊണ്ട് കടന്നുവരും. അതിനു പിന്നാലെ മുത്തിയമ്മയുടെ വേഷം കെട്ടിയ ആളും എത്തുന്നു. മുത്തിയമ്മ പാട്ടുകള്‍ പാടുന്നു.
സാധാരണ നിലയില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കല അവതരിപ്പിക്കാറ്. പൊറാട്ട് അവതരിപ്പിക്കു ന്നതുപോലെ ആദ്യം ഒരു പൊതുസ്ഥലത്തും പിന്നീട് വീടുവീടാന്തരവും ചോഴിക്കളി അവത രിപ്പിക്കുന്നു. കളി തുടങ്ങുമ്പോള്‍ നാട്ടുമൂപ്പന്‍മാര്‍ അവിടെ ഉണ്ടായിരിക്കണം എന്നാണ് വയ്പ്പ്.
ചോഴിയുമായി ബന്ധപ്പെട്ട രണ്ട് അനുഭവക്കുറിപ്പുകൾ
ചോഴി... ചോഴി... ചോഴി
ഇന്നു രാത്രി ചോഴി വരൂലോ...." വളരെ പണ്ട് കുഞ്ഞോപ്പോളും രാമേട്ടനും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കയാണ്.
അതുകേട്ടുകൊണ്ട് മൂന്നോ നാലോ വയസായ ഒരു കുട്ടി അരികില്‍നില്‍പ്പുണ്ട്. "ചോഴിയോ? അതെന്താ?" കുട്ടി ചോദിച്ചു. ധനുമാസത്തില്‍ തിരുവാതിര ശ്രീപരമശിവന്റെ പിറന്നാളാണ്. അന്ന് പാര്‍വതിക്ക് നോമ്പാണ്. നെടും മംഗല്യമുള്ള സ്ത്രീകളൊക്കെ അന്ന് നോമ്പു നോല്ക്കണം. അവര്‍ വിവരിച്ചു തന്നു. നോമ്പ് നോറ്റാല്‍ മാത്രം പോര. കാലത്ത് കുളത്തില്‍ തുടിച്ച് കുളിക്കണം. നൂറ്റെട്ടുവെറ്റില തിന്നണം. രാത്രി ഉറക്കം ഒഴിയണം. പാതിരാപ്പൂ ചൂടേണം. നടുമുറ്റത്ത് കൈകൊട്ടിക്കളിക്കേണം. ഊഞ്ഞാ ലാടണം. ശിവഭൂതഗണങ്ങളാണ് ചോഴികള്‍. അവര്‍ നോമ്പ് നോല്‍ക്കുന്നില്ലേ, ഉറക്കം ഒഴിക്കുന്നില്ലേ എന്ന് അന്വേഷിക്കാനാണ് വരുന്നത്.
ചോഴിയെ കാണണം-തണുത്ത ഉറയുന്ന രാത്രിയില്‍ കുട്ടിയും കാത്തിരുന്നു. എപ്പോഴാണ് കുഞ്ഞോപ്പോളുടെ ശരീര ത്തിലേക്ക് ചാഞ്ഞത് എന്നറിയില്ല. എന്തൊ ക്കെയോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നാലിറയത്തു തൂക്കിയിരുന്ന റാന്തലിന്റെ നേരിയ പ്രകാശം കടന്നുവരുന്നു. ഇട നാഴിയില്‍ വെറും പായയിലാണ് കിടക്കുന്നത്. ഒറ്റയ്ക്കാണ്. കരഞ്ഞിരിക്കണം. അമ്മ ഓടിവന്ന് എടുത്ത് ഒക്കത്തുവെച്ച് പുറത്തളത്തില്‍ എത്തി. മര അഴികള്‍ക്ക് പുറത്ത്, മുറ്റത്ത് നല്ല നിലാവ്. അവിടെ കുറെ രൂപങ്ങള്‍ വട്ടത്തില്‍ ആടിആടി കളിക്കുന്നു.
ഒരാള്‍ പാടും. മറ്റുള്ളവര്‍ ഏറ്റുചൊല്ലും. മഞ്ഞക്കാട്ടില് കേറ്യാലോ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലോ മഞ്ഞക്കിളിയെ പിടിച്ചാലത്തെ കാരിയമെന്തെടോ ചങ്ങായീ? മഞ്ഞക്കിളിയെ പിടിച്ചാലോ പിന്നെ തൊപ്പേം തൂവലും പറിക്കാലോ തൊപ്പേം തൂവലും പറച്ചാപ്പിന്നെ കാരിയമെന്തെടോ ചങ്ങായീ? "ചോഴി.......ചോഴി.........ചോഴി........" പാട്ടുതീര്‍ന്നപ്പോള്‍ അവര്‍ ഒന്നിച്ച് ശബ്ദമുണ്ടാക്കി. അതോടെ ഇടിവെട്ടുംപോലെ ഒരു അലര്‍ച്ച. ആരോ ഇരുട്ടില്‍ നിന്ന് ഓടിവരുന്നു. കണ്ണ് ഉരുട്ടി മിഴിച്ച്, വാ തുറന്ന് കോന്ത്രന്‍ പല്ലു മുഴുവന്‍ കാട്ടി, നാവുനീട്ടി, കയ്യിലുണ്ടായിരുന്ന ഉലയ്ക്ക കൊണ്ട് നിലത്തു കുത്തി, മറുകയ്യിലെ കയര്‍ ചുഴറ്റി ആ രൂപം വീണ്ടും അലറി വിളിച്ചു. കുട്ടി അമ്മയുടെ ശരീരത്തിലേക്ക് കൂടുതല്‍ ഒട്ടി. "കുട്ടന്‍ പേടിക്കേണ്ട. അതു നമ്മുടെ മുണ്ടന്മേലില്‍ വാസുണ്ണിയല്ലേ? കാലന്‍ കെട്ടി വരണതല്ലേ?" അമ്മ പുറത്തു തട്ടി ആശ്വസിപ്പിച്ചു. മുറ്റത്തുനിന്ന് കളി ആസ്വദിച്ചുകൊണ്ടിരുന്ന പണിക്കാരി കുഞ്ചിയമ്മയുടെ നേര്‍ക്ക് കാലന്‍ അലറിക്കൊണ്ടുചെന്നു. "നിയ്യ് വെറുതെ വിളിയ്ക്കാണ്. കാലോ ഞാന്‍ പ്പൊന്നും വരാന്‍ നിശ്ചയിച്ചിട്ടില്ല. ന്റെ ചങ്കരന്‍ വലുതായിട്ട് പെണ്ണുകെട്ടി കുട്ടികളാവട്ടെ അപ്പൊ വേണമെങ്കില്‍ ആലോചിക്കാം..." കുഞ്ചിയമ്മ തുപ്പല്‍കോളാമ്പിപോലുള്ള വാ തുറന്ന് പൊട്ടിച്ചിരിച്ചു. "ചോഴികള്‍ക്ക് മുക്കണ്ണന്‍ തലേക്കെട്ട്." ചോഴികള്‍ ഒന്നിച്ചു ബഹളം വെച്ചു. ആരോ, ഒരു മുറത്തില്‍ പഴവും ഇളനീരും കൊണ്ടുവന്നു വെച്ചു. "ചോഴികള്‍ക്ക് തലേക്കെട്ടുവേണം." ചോഴികള്‍ ഒച്ച വെച്ചു. "കാലന്‍ ഒരു പാട്ടുപാടിയാല്‍ തലേക്കെട്ട് തരാം.." ആരാണ് പറഞ്ഞതെന്നറിയില്ല. കാലന്‍ പാടിക്കളിക്കാന്‍ തുടങ്ങി. ഏറ്റു ചൊല്ലിക്കൊണ്ട് ചോഴികളും. ചാടീ ഹനുമാന്‍ രാവണന്റെ മതിലിന്മേല്‍ കടന്നൂഹനുമാന്‍ രാവണന്റെ കോട്ടയില്‍ ഇരുന്നു ഹനുമാന്‍ രാവണനോടൊപ്പം പറഞ്ഞൂ ഹനുമാന്‍ രാവണ നോടിത്ഥം. എന്തടരാവണ..... അലക്കി മടക്കിവെച്ച ജഗന്നാഥന്‍ മുണ്ട് കിട്ടിയ കാലന്‍ സന്തോഷം കൊണ്ട് അലറി വിളിച്ചു. കൂക്കി വിളിച്ച് ബഹളം വെച്ചുകൊണ്ട് അവര്‍ പടിയിറങ്ങി. "ചോഴി....ചോഴി....ചോഴി...." കുട്ടി അമ്മയുടെ മാറിലേക്ക് മയക്കത്തോടെ ചായുമ്പോള്‍ ആ ശബ്ദം അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. കുട്ടി വലുതായി വന്നു.
കാലന്‍ കെട്ടുന്നത് വാസുണ്ണിനായര്‍ക്കു പകരം കുഞ്ചുനായരായി. പിന്നെ ഭാസ്കരന്‍ നായരായി. ചോഴി കെട്ടുന്നവരും മാറി. കാര്ന്നോന്മാരുടെ സമ്മതമില്ലാതെതന്നെ പുറത്തിറങ്ങാമെന്ന പ്രായമായപ്പോള്‍ പഴയ കുട്ടിയും ചോഴി കെട്ടാന്‍ പോയി. ഒരാഴ്ചമുമ്പെങ്കിലും എല്ലാവരും കൂടിച്ചേര്‍ന്ന് പരിപാടികളൊക്കെ തീരുമാനിക്കും. ആര്‍ കാലന്‍ കെട്ടണം. ഏതൊക്കെപ്പാട്ട് പാടണം. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ (പലപ്പോഴും അടുത്ത ദേശത്തെ ചോഴി അതിര്‍ത്തി അതിക്രമിച്ച് കടന്നെന്നു വരാം. അത് ഒരു വഴക്കിലാവും അവസാനിക്കുക) ആര്‍ മുന്‍കയ്യെടുക്കണം.
പിന്നെ ഒരുക്കങ്ങളാണ്. വാഴത്തോട്ട ങ്ങളില്‍പ്പോയി ഇലപഴുത്തുണങ്ങിയ വാഴക്കയ്യ് ശേഖരിക്കണം. ഉണക്കി വൃത്തിയാക്കി കെട്ടുകെട്ടാക്കി സൂക്ഷിക്കണം. വലുപ്പമുള്ള കമുങ്ങിന്‍ പാള മുറിച്ചെടുത്ത് കാലന്റെ മുഖംമൂടി ഉണ്ടാക്കണം. അത് എളുപ്പപ്പണിയല്ല. കണ്ണിന്റെ സ്ഥാനത്ത് രണ്ടു തുളകള്‍. വാപൊളിച്ച് പല്ലുപുറത്തേക്ക് തള്ളിനീക്കാന്‍ പാകത്തില്‍ കത്തികൊണ്ട് കലാപരമായി വെട്ടണം. കരികൊണ്ട് പുരികവും മീശയും വരക്കണം. മഞ്ഞളും നൂറും ചേര്‍ത്ത് ചുമന്ന നാവ് വരച്ചുണ്ടാക്കണം.
അന്നൊക്കെ ചോഴി കെട്ടിയിരുന്നത് കണ്ണന്നൂര്‍ അമ്പലപ്പറമ്പില്‍ വെച്ചായിരുന്നു. പകലൂണ് കഴിച്ച് എല്ലാവരും ഇരുട്ടുന്നതോടെ എത്തും. കടാങ്കര രാമന്‍ കുട്ടി, മുണ്ടന്മേലില്‍ വിജയന്, പയ്യൂരെ സേതും, പറങ്ങോടത്തെ മണി, ചീനിക്കോട്ടില്‍ മാധവന്‍, (ഒരുവര്‍ഷം ഇരുപത്തെട്ടു ചോഴികള്‍ വരെ ഉണ്ടായിട്ടുണ്ട്. മുറ്റങ്ങളില്‍ സ്ഥലമില്ലാത്തതുകൊണ്ട് ഊഴമിട്ട് കളിക്കേണ്ടി വന്നു അന്ന്.)
ഉണങ്ങിക്കീറിയ ഇലകളോടുകൂടിയ വാഴങ്കയ്യ് പത്തുപതിനഞ്ചെണ്ണമെടുത്ത് കട കൂട്ടിക്കെട്ടും. പിന്നെ തലയില്‍ തൊപ്പിവെക്കുന്നതുപോലെ കീഴോട്ടു തൂക്കിയിടും. മുഖത്തിന്റെ അല്‍പ്പം ഭാഗം കഴിഞ്ഞാല്‍ ബാക്കി ശരീരത്തില്‍ കെട്ടി ഉറപ്പിക്കും. കാലിലും കയ്യിലും വേറെയും വെച്ചു കെട്ടും. ചോഴിയുടെ വേഷമായി. ചോഴികള്‍ ഒന്നിച്ചുനീങ്ങുമ്പോള്‍ ഉണങ്ങിയ ചപ്പിന്റെ കലപില സംഗീതം ഉയരും. നിലാവത്ത് ആടി ഉലഞ്ഞു കളിക്കുന്ന ചോഴികളെ കാണാന്‍ നല്ല ഭംഗിയാണ്. (പക്ഷെ ഇന്ന് പലരും മുറ്റം മുഴുവന്‍ വൈദ്യുതി പ്രകാശത്തില്‍ മുക്കി ആ ഭംഗി നഷ്ടപ്പെടുത്തുന്നുമുണ്ട്.) കാലം മാറിയ പ്പോള്‍ ചോഴികള്‍ക്ക് പല പരിഷ്ക്കാരങ്ങളും വന്നിരിക്കുന്നു. ചെണ്ടയും ദഫും കടുന്തുടിയും ഒക്കെ കൊട്ടി ആകര്‍ഷകമാക്കാനുള്ള ശ്രമ മായി. ഇവ സംഘടിപ്പിക്കാനാവാത്തവര്‍ കിണ്ണത്തിന്റെ മൂട്ടിലും പാട്ടയിലും കൊട്ടിപ്പാടി കളിക്കാനും തുടങ്ങിയിരിക്കുന്നു. പണ്ട് ചോഴിയുടെ ഒപ്പം കാലന്‍ മാത്രമേ ഉണ്ടായി രുന്നുള്ളൂ. ഇന്ന് കുറവനും കുറത്തിയും സന്യാസിയും കുരങ്ങനുമൊക്കെ ചോഴി യോടൊപ്പം ചേരുന്നു. ഒരുപക്ഷെ വേണ്ടത്ര ചപ്പ് കിട്ടാത്തതുകൊണ്ടാവാം അല്ലെങ്കില്‍ അത് ശരീരത്തില്‍ കെട്ടി നടക്കാനുള്ള മടി കൊണ്ടാവാം.
പാട്ടില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പച്ചയായ മനുഷ്യന്റെ വാമൊഴി ഭാഷയില്‍ രചിക്കപ്പെട്ട ഗാനങ്ങള്‍ അതേപോലെ നില നില്ക്കുന്നു. കറുത്ത മാട പണ്ട് ഒരു പാട്ട് പാടിയിരുന്നു. അതിന്റെ തുടക്കം കോലോ സ്ത്രി... കോലോസ്ത്രി കോലോസ്ത്രി നാട്ടില്‍ എന്നായിരുന്നു. ഏതാണീ 'സ്ത്രി' എന്ന് ആദ്യ കാലത്തൊന്നും അറിയുമായിരുന്നില്ല. പിന്നീട് ഭാഷാ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങു മ്പോഴാണ് അറിയുന്നത്, 'കോലോസ്ത്രി' എന്നാല്‍ 'കോലത്തരി' ആണ് എന്ന്. മാട മരിച്ചതോടെ ആ പാട്ടും നിന്നു.
പണ്ടൊക്കെ ഓരോ ദേശത്തും ഓരോ സംഘമേ ഉണ്ടായിരുന്നുള്ളൂ. സമപ്രായക്കാര്‍ ഒന്നിച്ചുചേര്‍ന്ന് ഇന്ന് രണ്ടുംമൂന്നും സംഘ ങ്ങള്‍വരെ എത്താറുണ്ട്. ബാല്യം വിടാത്തവര്‍, ചെറുപ്പക്കാര്‍, പണ്ടത്തെ ചെറുപ്പക്കാര്‍ അങ്ങനെ. (ചോഴികളിയിലും ഗ്രൂപ്പിസം വന്നൂ എന്നു ചുരുക്കം) ഇന്നും ആ പഴയകുട്ടി തിരു വാതിര നാള്‍ ഉറക്കമൊഴിച്ച് കാത്തിരിക്കും. ചോഴി ചോഴി ചോഴി വിളികള്‍ക്ക് കാതോര്‍ ത്തുകൊണ്ട്.
( ടി.ആര്യന്, കണ്ണന്നൂര്‍)
ചോഴികെട്ടുന്നവര്‍
തിരുവാതിരയുടെ തലേന്ന് നേരമിരുട്ടാന്‍ തുടങ്ങുമ്പോള്‍ തന്നെ ചോഴിയും മക്കളും കെട്ടു ന്നതിനുള്ള ഒരുക്കത്തോടെ ഞങ്ങള്‍ വീട്ടില്‍ നിന്നും പുറത്തേയ്കിറങ്ങും .റോഡു മുറിച്ചു കടന്നാല്‍ നേരെ മുന്നില്‍ കോട്ടക്കുന്നാണ്. കുന്നിന്മുകളിലെ പഴയ അമ്പലത്തിന്റെ പിന്നില്‍ വച്ചോ ഞാവലിന്റെയും അക്കേഷ്യ യുടെയും ഇടയില്‍ വെച്ചോ ആണ് സാധാരണ വേഷം കെട്ടല്‍.മേലാകെ വാഴന്‍ ചപ്പില വെച്ചുകെട്ടി കഴുങ്ങിന്‍ പാളയില്‍ മുറിച്ചെടുത്ത മുഖം മൂടിയും ഇട്ടാല്‍ ഞങ്ങള്‍ തയ്യാറായി. കരടിയായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ തലവന്‍. രാത്രിയുടെ ഏതിരുട്ടിലും തെറ്റാത്ത വിധം നാട്ടിലെ ഊടുവഴികളൊക്കെ മന:പാഠ മായിരുന്നു അവന് ..മുതിര്‍ന്ന പിള്ളേര്‍ ക്കൊപ്പം കുറേകാലമായി ചൊഴികെട്ടിനടന്ന മുന്‍പരിചയവും കരടിക്ക് ഉണ്ടായിരുന്നു.
അത്തവണ അവരുടെ കൂട്ടത്തില്‍ എന്നെയും കൂടി ചേര്‍ക്കാന്‍ ഞാനവരെ നിര്‍ബന്ധിച്ചു. രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വീട്ടുകാര്‍ നിന്നെ സമ്മതിക്കുമോ എന്നതായി രുന്നു അവരുടെ മറുചോദ്യം. ഭേദപ്പെട്ട ഒരു നല്ല കുട്ടിയെന്ന നിലയില്‍ അച്ഛനറിയാതെ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന പ്രശ്നമേ ഉദിക്കു ന്നില്ല. ഒന്നാന്തരമൊരു ചീത്ത കേള്‍ക്കും എന്ന ഉറപ്പോടെ ഞാന്‍ വീട്ടില്‍ കാര്യം അവത രിപ്പിച്ചു. വീട്ടില്‍ നിന്നും അത്രവേഗം സമ്മതം കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പുസ്തകത്തിന്റെ മുകളില്‍ അടയിരിക്കുന്ന മകന്‍ പുറം ലോകം കാണട്ടെ എന്ന് അച്ഛന്‍ കരുതി യിരിക്കണം.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അന്നെനിക്കൊരു കോമാളിയുടെ പ്ലാസ്റ്റിക് മുഖം മൂടി ഉണ്ടായിരുന്നു. ഞാന്‍ വളരെ അഹ ങ്കാരത്തോടെ കൊണ്ടുചെന്ന ആ മുഖം മൂടി ഇടാന്‍ കരടി എന്നെ അനുവദിച്ചില്ല. ഞാന്‍ മറ്റുള്ളവരേക്കാള്‍ മിടുക്കനാവാന്‍ നോക്കുന്ന തല്ല പ്രശ്നം, മറിച്ച് എന്റേതെന്ന് പലര്‍ക്കും അറിയുന്ന ആ മുഖം മൂടി ഇട്ട് വീടുകളില്‍ ചെന്നാല്‍ ഞങ്ങളെ തിരിച്ചറിയാന്‍ വഴി കൂടു തലാണ്.
കോട്ടക്കുന്നിന്റെ മുകളില്‍ നിന്നും ഞങ്ങളാറു പേരും ആര്‍പ്പുവിളിയോടെ ഇറങ്ങാന്‍ തുടങ്ങി. കരടി, പ്രകാശന്, വിജു, ശരവണന്‍, മുത്തു പിന്നെ ഈ ഞാനും.പോവുന്ന വഴി എന്നെ അത്ഭുതപ്പെടുത്തി പണപ്പെട്ടി എന്റെ കയ്യില്‍ വെയ്ക്കാന്‍ പറഞ്ഞു കരടി. കാണുമ്പോള്‍ ഒരു തൊണ്ട് പോലെ തോന്നിക്കുന്ന മട്ടില്‍ ഒരു പ്ലാസ്റ്റിക് ഡബ്ബയുടെ അടപ്പ് തുളച്ച് ഒരുക്കിയതായിരുന്നു അത്. തകരപ്പാട്ടയുടെ മോളില്‍ നല്ല ചെണ്ടക്കോലുകോണ്ട് ശരവ ണന്‍ വൈകുന്നേരം പതിവില്ലാതെ തൊഴാന്‍ പോയത് ഇതിനാണല്ലേ എന്ന് ഞാന്‍ അതി ശയിച്ചു. ആഞ്ഞടിച്ച് ഒച്ചയും ബഹളവുമു ണ്ടാക്കി ഞങ്ങള്‍ ആദ്യത്തെ വീട്ടിലേയ്ക്ക് ചെന്നു.
തിരുവാതിരയുടെ തലേന്നുള്ള ഈ ആര്‍പ്പും ബഹളവും നേരിടാന്‍ വീട്ടുകാര്‍ നാണയ ത്തുട്ടുകളും കൊണ്ട് തയ്യാറായിരുന്നു.ആര്‍പ്പും കൊട്ടും അല്പനേരം പിന്നിട്ടപ്പോള്‍ ഞാന്‍ തൊണ്ട് വീട്ടുകാരുടെ മുന്നിലേയ്ക്ക് നീട്ടി. നാണയം തൊണ്ടിനുള്ളിലേയ്ക്ക് വീഴുന്ന മനം കുളിര്‍ക്കുന്ന ഒച്ച ഞങ്ങള്‍ കേട്ടു. ആര്‍പ്പു വിളിച്ച് മടങ്ങിയ സംഘം വഴിയിലെ ഇരുട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നിശബ്ദരായി. കരടി എന്റെ കയ്യില്‍ നിന്നും തോണ്ട് വാങ്ങി തുറന്നു. രണ്ട് രൂപ കണ്ടു തൃപ്തിയില്‍ കുഴപ്പ മില്ലെന്ന് പറഞ്ഞ് ആ നാണയങ്ങള്‍ സ്വന്തം കയ്യിലെ മറ്റൊരു തൊണ്ടിലേയ്ക്ക് മൂപ്പര്‍ മാറ്റി. എളുപ്പം തുറക്കാന്‍ പറ്റാത്ത മട്ടില്‍ ഒരു ചരട് കൊണ്ട് വരിഞ്ഞു കെട്ടിയിരുന്നു അത്. ഓരോ വീട്ടില്‍ നിന്നും കിട്ടിയ നാണയവും ഇങ്ങനെ ഇരുട്ടിന്റെ മറവില്‍ പരിശോധിക്കുകയും വിലയിരുത്തലിന്റെ അകമ്പടിയോടെ രണ്ടാ മത്തെ പണപ്പെട്ടിയിലേയ്ക് മാറ്റുകയും ചെയ്തു. തൊണ്ടിലേയ്ക്കല്ലേ , ആരുമറിയില്ലല്ലോ എന്ന ധൈര്യത്തില്‍ ചില്ലറത്തുട്ടുകളിട്ട വീട്ടുകാരെ താഴ്ന്ന ശബ്ദത്തില്‍ ചീത്ത വിളിച്ച് ഞങ്ങള്‍ നടന്നു.
തൊട്ടടുത്ത് നിരനിരയായി കിടക്കുന്ന കമ്പനി ക്വാര്‍ടേഴ്സുകളിലേക്ക് കേറിച്ചെല്ലുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം,അധികം നടക്കാതെ തന്നെ പണപ്പെട്ടിയില്‍ കനമുള്ള നാണയത്തുട്ടുകള്‍ നിറയും എന്നത് മാത്രമല്ല കാര്യം. ആ നാണയത്തുട്ടുകള്‍ തരുന്ന വിരലു കള്‍ ശില്പയുടെയോ തുഷാരയുടെയോ സിന്ധു വിന്റെയോ ജിബിതയുടെയോ ഒക്കെ ആവും. ഇങ്ങനെ കൂടുതല്‍ പണം കിട്ടുന്ന, ഇളന്നീരും പഴവും ഒക്കെ ഒരു ബോണസ്സായി കിട്ടുന്ന വീടുകളെ പറ്റി പലര്‍ക്കും പല ധാരണകളും ഉണ്ടായിരുന്നു. അമ്പത്തൊടി അത്തരമൊരു വീടാണ്. എന്നാല്‍ പ്രതീക്ഷയോടെ എത്തു മ്പോള്‍ അവര്‍ വീടും പൂട്ടി യാത്ര പോയിരിക്കുകയാണ് എന്നറിഞ്ഞ് ആകെ നിരാശരായി ഞങ്ങള്‍ മടങ്ങിയിട്ടും ഉണ്ട്.
ചോഴികെട്ടുന്നവരുടെ ജീവിതത്തിലെ ആ രാത്രി സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല , അരക്ഷി തതയുടെ കൂടിയായിരുന്നു. വഴിയില്‍ മുതിര്‍ന്ന ചോഴിച്ചെക്കന്മാരെ കാണുമ്പോള്‍ ഇരുട്ടിലേയ്ക്ക് മാറി പതുങ്ങി നില്‍ക്കുകയാവും നല്ലത്. മുന്‍പേ പോയ സംഘം തെങ്ങിന്‍ തോട്ടത്തില്‍ കയറി ഇളന്നീരിട്ട് കുടിച്ചതിന് അടി കൊള്ളേണ്ടത് പിന്നാലെ വരുന്നവരാവും. മുഖം മൂടിയുടെ മറവില്‍ ആത്യാവശ്യം മോഷണവും ദേഹോ പദ്രവവും പിടിച്ചുപറിയും അല്പം കുണ്ടന്‍ പണിയും ഒക്കെ ആ രാത്രി പ്രതീക്ഷിക്കണ മായിരുന്നു. എന്നാല്‍ ഈ അപകടം പുറമേ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നും ഇല്ല. സംഘത്തില്‍ തന്നെ ചിലര്‍ക്ക് ചോഴി കെട്ടലിനേക്കാള്‍ താല്പര്യം കുണ്ടന്‍ കെട്ടലില്‍ ആയിരുന്നു. പരമാവധി വാഴച്ചപ്പില ദേഹത്ത് വെച്ച് കെട്ടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ ആദ്യ യാത്രയില്‍ തന്നെ ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ അച്ഛനോ ഹെഡ് മാഷോ അടുത്തൊന്നും ഇല്ലെന്നിരിക്കെ, കൂരിരുട്ടില്‍ അറിയാത്ത വഴികളില്‍ ഒരൊറ്റ ഓട്ടത്തിന് വീടെത്താന്‍ പറ്റില്ലെന്ന് അറിയുന്നതിനാല്‍ അല്പം തഞ്ചത്തില്‍ നില്‍ക്കുകയായിരിക്കും ആരോഗ്യത്തിന് നല്ലത്..
പ്രധാനസ്ഥലങ്ങളിലൊക്കെ പോയെന്ന് വരുമ്പോള്‍ , ഓരോരുത്തനും മുപ്പതോ നാല്പതോ രൂപ കിട്ടുമെന്ന് തോന്നിയാല്‍ ഞങ്ങള്‍ പരിപാടി മെല്ലെ നിര്‍ത്തും. കാലടി എല്‍ പി സ്കൂള്‍ മതിലോ വാതിലോ ഇല്ലാതെ മലര്‍ക്കെ തുറന്ന് കിടക്കുമ്പോള്‍ വീതം വെയ്ക്കാന്‍ വേറൊരു സ്ഥലം തേടേണ്ട ആവശ്യമേയില്ല. പണം വിലപ്പെട്ട വസ്തുവായി രുന്നു. മിക്കവാറും തൊട്ടടുത്ത് വരുന്ന കല്യാ ണിക്കാവ് പൂരത്തിന് ചെലവാക്കാന്‍ വേണ്ടി യുള്ളവ. ഒരിക്കല്‍ പൂരത്തിന്റെ രാത്രിയും ചോഴികളുടെ രാത്രിയും ഒന്നിച്ച് വന്നു. വന്നപോലെ ശൂന്യമായ പോക്കറ്റുമായി പുലര്‍ച്ചെ എല്ലാവരും വീട്ടിലേയ്ക് മടങ്ങി !ഒരിക്കല്‍ പാതിര കഴിഞ്ഞ നേരത്ത് ഞങ്ങള്‍ പുതുതായി പാലുകാച്ചിയ ഒരു വീട്ടിലേയ്ക്ക് കയറിച്ചെന്നു. കുറെ അധികം നേരം ഞങ്ങള്‍ ആര്‍ത്തിട്ടും കൊട്ടിയിട്ടും ഫലമൊന്നും ഉണ്ടാ യില്ല.വാശി കൂടിയ ഞങ്ങള്‍ തകരപ്പാട്ട തകരും വിധം കൊട്ടാനും തൊണ്ട പൊട്ടും മട്ട് ആര്‍ ക്കാനും തുടങ്ങി, അങ്ങനത്തെ ബഹളത്തില്‍ ചുറ്റുവട്ടത്ത് ആര്‍ക്കും ഉറങ്ങാനേ പറ്റുമായിരുന്നില്ല. വാതില്‍ രൂക്ഷമായിതുറന്ന് ഗര്‍ജിച്ചുകൊണ്ട് അമല്‍ മാഷ് പുറത്ത് വന്നു.
എന്ത് തോന്നിവാസമാണിത് ?
ആള്‍ക്കാരെ ഉറങ്ങാന്‍ സമ്മതിക്കില്ലേ നിങ്ങളൊന്നും ?
മൂപ്പര്‍ ഭയാനകമായി അലറി.
നിര്‍ത്ത് ഇതൊക്കെ”
ഞങ്ങള്‍ മെല്ലെ കൊട്ടും ബഹളവും നിര്‍ത്തി.
ആരാ നിങ്ങളൊക്കെ ? ആ മുഖം മൂടി ഒക്കെ മാറ്റിയേ
മൂപ്പര്‍ ആജ്ഞാപിച്ചു.
ഞങ്ങള്‍ മെല്ലെ മുഖം മൂടികള്‍ മാറ്റി .
(എല്ലാ അനോണിത്വവും അധികാരത്തിനു മുന്നില്‍ തകരും !)
ഞങ്ങളുടെ മുഖങ്ങള്‍ ഏറെ നേരം നോക്കി ഓരോരുത്തരെയും മനസ്സിലാക്കിയ ശേഷം
വീണ്ടും ചോദ്യം
എന്താ ഇതിന്റെ ഒക്കെ അര്‍ഥം ?
രാത്രി ഇങ്ങനെ ബഹളമുണ്ടാക്കു ന്നതിന്റെ കാര്യമെന്താ ?
ശരവണന്‍ മെല്ലെ പറഞ്ഞു
തിരുവാതിരയുടെ തലേന്ന് ആരും ഉറങ്ങാന്‍ പാടില്ല..
അതൊക്കെ വെറും അന്ധവിശ്വാസമാണ്.”
ശരവണനെ മുഴുമിക്കാന്‍ മാഷ് അനുവദിച്ചില്ല .
മനുഷ്യരെ മേലാല്‍ ഇതു പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് ”
അല്പം കൂടി ഞങ്ങളെ ഉപദേശിച്ച ശേഷം മൂപ്പര്‍ ഭാര്യയെ നോക്കി പുരികം വെട്ടിച്ചു. ടീച്ചര്‍ കൊണ്ടുവന്ന അഞ്ചുരൂപാ നോട്ട് ഞങ്ങളുടെ തൊണ്ടിലേയ്ക്ക് ഇട്ടു.അങ്ങനെ ആദ്യമായി എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് ഒരു യുക്തിവാദിയെ ഞാന്‍ ജീവനോടെ കണ്ടു.
(അനു ഭാസ്ക്കർ)
തിരുവാതിരച്ചോഴി വീഡിയോ ലിങ്കുകളിലൂടെ...
ശിവൻ പാർവതിക്ക് അനുഗ്രഹിച്ചു നൽകിയ ചോഴി
Thiruvathira Chozhi
Thiruvathira chozhi varavu
Kudachozhi, a folk dance of Kerala
ഇനി കുടച്ചോഴിയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വെച്ച് കുറച്ച് വിശദീകരണം
ഓണസമയത്താണ് ചോഴിക്കളിയുടെ ഒരു തരംതിരിവായ കുടച്ചോഴി അവതരിപ്പിക്കുക. കളിക്കാർ തന്നെ പാടുന്നു.കയ്യിൽ പനയോല കൊണ്ട് നിർമിച്ച വിശറി പോലുള്ള ഒരു സാധനം ഉണ്ടാകും.അതാണ് കുട.തുടി വാദ്യോ പകരണമായി ഉപയോഗിക്കാറുണ്ട്.